ജീവിതം: സിനിമ: ട്വിസ്റ്റ്; നിർമാണം: ഷാജി മാത്യു

film joe
ഷാജി മാത്യു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
SHARE

ഒൻപതാം ക്ലാസ്  തോറ്റപ്പോൾ വീടുവിട്ട  ഇരിങ്ങാലക്കുടക്കാരന്റെ സിനിമയെ  വെല്ലുന്ന ജീവിതം..

പരാജയത്തിന്റെ മേശപ്പുറത്ത് പതിനാലുകാരനായ ഷാജി ഇന്ത്യയുടെ ഭൂപടം നിവർത്തിയിട്ടു; അലച്ചിലുകളുടെ വഴി തിരഞ്ഞെടുക്കാൻ. കണ്ണടച്ചു തൊട്ടപ്പോൾ ചൂണ്ടുവിരൽ പതിഞ്ഞതു ഡൽഹിക്കു മീതെ. ബെംഗളൂരുവിലേക്കു പോകുന്നു എന്നൊരു കത്തുമെഴുതി വച്ച്, 9–ാം ക്ലാസിൽ തോറ്റതിന്റെ ധൈര്യവുമായി അവൻ ഡൽഹിക്കു വണ്ടികയറി. മുഹമ്മദ്പുരിലെ പപ്പടനിർമാണ ശാലയിൽനിന്നു രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരവേദി വരെയുള്ള ഷാജി മാത്യു എന്ന മലയാളിയുടെ ജീവിതത്തിന്റെ ആദ്യ ഷോട്ട് ഇങ്ങനെ.

രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട എസ്.ദുർഗ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമാതാവ്. രണ്ടു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനുടമ. യുപിയിലെ നോയിഡയിൽ പാവപ്പെട്ട വിദ്യാർഥികൾക്കായി സ്കൂൾ നടത്തുന്നു. ഇരിങ്ങാലക്കുടയിൽനിന്നു ഡൽഹി വരെ എത്തിച്ച ചരിത്രം വർണച്ചിത്രങ്ങൾ നിറഞ്ഞ ഫ്ലാറ്റിലിരുന്നു ഷാജി മാത്യു പറയുന്നു.

ഫ്ലാഷ് ബാക്ക്

നാലു പതിറ്റാണ്ടുകൾക്കിടയിൽ തൃശൂർ ഇരിങ്ങാലക്കുട പൊട്ടത്തുപറമ്പിൽ ഷാജി മാത്യുവിന്റെ (56) ജീവിതത്തിൽ പലതും സംഭവിച്ചു. അതു സിനിമയെ വെല്ലുന്ന കഥയും സമാനതകളില്ലാത്ത ജീവചരിത്രവുമായി.

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്‌കൂളിലായിരുന്നു പഠനം. ശരാശരി പയ്യൻ. കൊപ്രാ കച്ചവടക്കാരനായിരുന്നു പിതാവ് ലോനപ്പൻ. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതിയൊന്നുമല്ല. 9–ാം ക്ലാസിലെ റിസൽറ്റ് വന്നപ്പോൾ തോറ്റു. പിന്നെ വീട്ടിൽ നിൽക്കാൻ തോന്നിയില്ല.

മാതാപിതാക്കൾ പേടിക്കാതിരിക്കാൻ ബെംഗളൂരുവിലേക്കു പോകുന്നുവെന്നു കുറിപ്പെഴുതി മേശപ്പുറത്തുവച്ചു. അവിടെ ബന്ധുക്കളുണ്ട്. തൽക്കാലം അന്വേഷണമുണ്ടാകില്ലല്ലോ. 1979 മേയ് 10നു ട്രെയിൻ കയറി.

അനുഭവങ്ങളുടെ ഡൽഹി

കയ്യിലെ ചെറിയ നാണയത്തുട്ടുകളുമായി ഡൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. അതുവരെ കണ്ടിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങൾ. എന്തു ജോലിയും ചെയ്തു ജീവിക്കുക മാത്രമായി ലക്ഷ്യം. ആദ്യം മുഹമ്മദ്പുരിൽ പപ്പടമുണ്ടാക്കുന്ന സ്ഥാപനത്തിൽ. പിന്നീടു സുബ്രതോപാർക്കിൽ എയർഫോഴ്‌സിന്റെ കന്റീനിൽ. വയറുനിറയെ ഭക്ഷണം ലഭിക്കും. ദിവസക്കൂലി 2 രൂപ. ഇപ്പോൾ ഐടിസി മൗര്യ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു പിന്നിലെ ബാബുധാം ചേരിയിലായിരുന്നു താമസം (ആ സ്ഥലം ഇന്നില്ല).

മുന്നോട്ടു പോകണമെന്നായിരുന്നു മോഹം, വലിയ സ്വപ്നങ്ങളും. 67 മാസങ്ങളുടെ ഇടവേളയിൽ ജോലികൾ മാറി. ഇടയ്‌ക്കൊരു തയ്യൽക്കടയിൽ. അവിടെ ബട്ടൺ തുന്നുക, കോളർ വെട്ടുക തുടങ്ങിയ ജോലികൾ. പലരെയും പരിചയപ്പെട്ടു. പലരും കാരുണ്യത്തോടെ പെരുമാറി. ചില നല്ല മനുഷ്യർ വഴിനടത്തി. ഇതിനിടെ ഒരു എക്‌സ്‌പോർട്ടിങ് കമ്പനി നടത്തുന്നവരുമായി പരിചയത്തിലായി. അവരുടെ ചെറിയ സ്ഥാപനത്തിലേക്കു ജോലിക്കായി ക്ഷണിച്ചു.

കൈത്തറി ഉൽപന്നങ്ങൾ വിദേശത്തേക്കു കയറ്റി അയയ്ക്കുന്ന ചെറിയ കമ്പനി. ഇംഗ്ലിഷും ഹിന്ദിയും വശമുണ്ടായിരുന്നതു തുണയായി. ഇതിനിടെ കമ്പനി ഉടമകൾ ഓസ്‌ട്രേലിയയിലേക്കു പോയതോടെ ചുമതലയേൽപിച്ചു. മാസം 5000 രൂപയോളം ശമ്പളം. ബിജ്‌നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നു തുണിത്തരങ്ങളെത്തും. അതിന്റെ നിലവാരം ഉറപ്പാക്കണം. വിദേശത്തേക്കു കയറ്റി അയയ്ക്കാനുള്ളതാണ്. പ്രകൃതിദത്ത നിറങ്ങളും മറ്റും ഉപയോഗിച്ചു പൂർണമായി കൈത്തറിയിലാണു നിർമാണം. 45 വർഷം അവിടെ.

ജീവിതം തുന്നിത്തുടങ്ങി

കൈത്തറിരംഗത്തെ പരിചയവും മറ്റു പലരുടെയും സഹായവും കൈകോർത്തതോടെ ഒരു സ്ഥാപനം ആരംഭിച്ചു; 1988ൽ എത്‌നിക് ഇന്ത്യ എന്ന പേരിൽ. വിദേശത്തു ഗുണഭോക്താക്കൾ ചിലരുണ്ടായിരുന്നു. കൈത്തറി തന്നെ. ചെറിയ സംരംഭം. ചിരാഗ് ഡൽഹിയിലാണ് ആദ്യ പ്രവർത്തനം. ഓർഗാനിക് ഡൈയും മറ്റും ഉപയോഗിച്ചുള്ളത്.

പക്ഷേ, സാധ്യതകൾ കുറവായിരുന്നു. ഉൽപാദനം കുറവ്; ചെലവാണെങ്കിൽ കൂടുതലും. വാങ്ങാനും ആളുകൾ വളരെക്കുറവ്. 5 വർഷം  കഴിഞ്ഞു മെഷീനിലേക്കു മാറി. ചിരാഗ് ഡൽഹിയിൽത്തന്നെ 12 മെഷീനുകളുമായി മറ്റൊരു കേന്ദ്രത്തിലേക്കു പ്രവർത്തനം മാറ്റി. ബിസിനസ് മെച്ചപ്പെട്ടു. പണമുണ്ടായി. എന്നാൽ, അതൊന്നും യഥാർഥ സന്തോഷമായില്ല. ഫാക്ടറിയിലെ ജോലിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും പ്രശ്‌നങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ. ഇതിനിടെ നേബ്‌സരായിയിൽ സ്വന്തം സ്ഥലം വാങ്ങി. 60 മെഷീനുകളുമായി അവിടേക്കു പ്രവർത്തനം മാറ്റി. 2000ൽ നോയിഡയിലേക്കു കമ്പനിയുടെ പ്രവർത്തനം മാറ്റുമ്പോൾ മുന്നൂറിലേറെ ജീവനക്കാരും നാനൂറിലേറെ മെഷീനുകളും സ്വന്തമായുണ്ടായിരുന്നു എത്‌നിക് ഇന്ത്യക്ക്. മാർക് ആൻഡ് സ്‌പെൻസർ, നെസ്റ്റ് തുടങ്ങിയ വമ്പൻ ബ്രാൻഡുകൾക്കു വേണ്ടി ലേഡീസ് ഗാർമെന്റ്‌സ് തയാറാക്കി നൽകിയിരുന്നു.

കല കൈപിടിക്കുന്നു

ഇതിനിടെ നേബ്‌സരായിയിലെ പഴയ സ്ഥലം ആർട്ട് ഗാലറിയാക്കി മാറ്റി. കെട്ടിടം വെറുതേ കിടക്കുന്നു. അവിടെ കുട്ടികൾക്കു വന്നു പഠിക്കാനും കളിക്കാനുമെല്ലാമുള്ള സൗകര്യമൊരുക്കി. കലാപഠനത്തിനുള്ള അവസരവും. ഗ്രാമത്തിലെ കുട്ടികളാണ്. അവർക്ക് അത്തരമൊരു സ്ഥലം തന്നെ വലിയ കാര്യം. നീവ് ആർട്ട് സെന്ററിന്റെ തുടക്കം അങ്ങനെയാണ്.

കൃഷിയിലും മോഹമെത്തി. നോയിഡയിൽ യമുനാതീരത്ത് 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു. മുൻപ് എയർഫോഴ്‌സുകാർ ബോംബിങ് പരിശീലനം നടത്തിയിരുന്ന സ്ഥലമാണ്. അവിടെ കൃഷിയിറക്കി. ഗോതമ്പ്, കടുക്, തക്കാളി, വഴുതന അങ്ങനെ പലതും. അതു വളരെ മെച്ചമായിരുന്നു. 

അവിടെ ജോലിക്കെത്തിയിരുന്നവരുടെ കുട്ടികളുടെയും മറ്റും അവസ്ഥ കണ്ടാണ് ഒരു സ്‌കൂൾ എന്ന ചിന്ത കടന്നത്. അങ്ങനെ 2005ൽ നീവ് വിദ്യാ മന്ദിർ എന്ന സ്‌കൂൾ ആരംഭിച്ചു.

പുല്ലു മേഞ്ഞ് കുടിൽപോലുള്ള സംവിധാനമാണ് ഒരുക്കിയത്. യമുനാതീരമായതിനാൽ വലിയ നിർമാണങ്ങൾ അനുവദിക്കില്ല. ഇപ്പോഴും മേൽക്കൂര വാർക്കാത്ത ഇഷ്ടികക്കെട്ടിടത്തിലാണു പ്രവർത്തനം.

സിനിമയിലേക്കൊരു പാലം

ഇതിനിടെ ഉത്തരാഖണ്ഡിൽ പ്രളയമെത്തി. അതിനുശേഷം അവിടെയൊരു ഗ്രാമത്തിൽ തകർന്ന പാലം നിർമിച്ചു നൽകി. ഹരിദ്വാർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംവിദ് ആനന്ദ് വഴിയാണ് ആവശ്യമെത്തിയത്. ഗഡ്വാളിൽ അങ്ങനെ പാലം പൂർത്തിയായി. സംവിധായകൻ സനൽകുമാർ ശശിധരനുമായി അടുക്കുന്നതും സംവിദ് ആനന്ദ് വഴിയാണ്. ‘ഒരാൾപൊക്കം’ എന്ന സിനിമയുടെ തയാറെടുപ്പിലായിരുന്നു സനൽകുമാർ. പണത്തിന്റെ കുറവു വന്നപ്പോൾ സഹനിർമാതാവായി. അന്നു മുതൽ സനലിന്റെ ഏറ്റവും പുതിയ ചിത്രം ‘കയറ്റം’ വരെയുള്ള എല്ലാ സിനിമകളും നിർമിച്ചിരിക്കുന്നതു നീവ് പ്രൊഡക്‌ഷൻസാണ്.

പതിയെ പുതിയ വഴികൾ തുറക്കുകയായിരുന്നു. സന്തോഷം നൽകുന്ന ഇടം കണ്ടെത്തിയതോടെ 2015ൽ ബിസിനസ് പൂർണമായി ഉപേക്ഷിച്ചു.

‘എന്തുകൊണ്ട് സമാന്തര സിനിമകൾ മാത്രം? പലരും ചോദിക്കാറുണ്ട്. പക്ഷേ, ഞാൻ ചെയ്യുന്നതിന്റെ തുടർച്ചയാകണം സിനിമയെന്ന ഉറച്ച ബോധ്യമുണ്ട്. സമൂഹത്തിനു മറ്റൊരു തരത്തിൽ തിരികെ നൽകുകയാണ്. കേരളത്തിൽനിന്ന് എല്ലാം വിട്ടാണു ഡൽഹിയിലെത്തിയത്. ഇപ്പോൾ സിനിമയും അവാർഡുകളുമായി നാടു തിരികെ വിളിക്കുന്നു. നാട്ടിലേക്കു പോകാൻ കാരണമുണ്ടാകുന്നു. അതു പണത്തെക്കാൾ വലുതാണ്.

സിനിമകളുടെ കാര്യം തന്നെ നോക്കൂ. ഒരാൾപൊക്കം, ഒഴിവുദിവസത്തെ കളി തുടങ്ങിയ സിനിമകൾക്കു ശേഷം ഈ രംഗത്തേക്ക് ഒട്ടേറെപ്പേർ വരുന്നു. പലരും പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. ആ മാറ്റത്തിന്റെ ഭാഗമാകാൻ സാധിച്ചുവെന്നതാണു സന്തോഷം’.

നീവ് വിദ്യാമന്ദിർ

നേബ്‌സരായിലെ ഗാലറി പൂർണമായും സൗജന്യമായാണു നൽകുന്നത്. കലാകാരൻമാർക്ക് അവിടെ താമസിച്ചു ജോലികൾ ചെയ്യാം, പ്രദർശനം നടത്താം. ഡൽഹി പോലൊരു സ്ഥലത്ത് പ്രദർശനം നടത്താൻ ഗാലറിക്കു ലക്ഷങ്ങൾ നൽകണം. കഴിവുള്ളവർക്ക് അവസരവും സ്ഥലവും ലഭിക്കാതെ പോകരുതെന്നതാണ് ആഗ്രഹം. ഒരുപാട് ആളുകളുണ്ട് അത്തരത്തിൽ.

നോയിഡയിലെ നീവ് വിദ്യാമന്ദിറിൽ 175 കുട്ടികൾ പഠിക്കുന്നു. വൈദ്യുതിയും വെള്ളവും ടിവിയുമൊന്നുമില്ലാത്ത സ്ഥലത്തെ കുട്ടികളാണ്. പുസ്തകം, പഠനം, യൂണിഫോം എല്ലാം സൗജന്യമാണ്. അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാൻ 5 അധ്യാപകർ. ഒഡീസി പഠിപ്പിക്കാൻ കൊൽക്കത്തയിൽനിന്നു നൃത്താധ്യാപിക വരുന്നുണ്ട്. കുട്ടികളെ സ്‌കൂളിലെത്തിക്കുക എന്നതാണു പ്രധാനം. തുടർപഠനത്തിന് ഇപ്പോൾ പലയിടത്തും അവസരമുണ്ട്.

അണിയറയിലെ ആളൊരുക്കം

കലയുടെ ലോകത്തു വലിയൊരു പ്ലാറ്റ്‌ഫോം ഒരുക്കുന്ന ജോലികളിലാണ്. സിനിമ, ഡോക്യുമെന്ററി, ഡിജിറ്റൽ കണ്ടന്റ് എന്നിവയെല്ലാം ഒരുക്കാനുള്ള ശ്രമം. അരുണ വാസുദേവിനെപ്പോലെ ഈ മേഖലയിലെ ഏറ്റവും വിദഗ്ധരായ കുറച്ചുപേർ ഒപ്പമുണ്ട്. ലുപ്കത് ചാറ്റർജിയുടെ അഹൂതി എന്ന ബംഗാളി ഡോക്യുമെന്ററി നിർമിച്ചിരുന്നു. ഛത്തീസ്ഗഡിലെ കൽക്കരി ഖനികളിലെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രത്തിന്റെ ആലോചനകൾ നടക്കുന്നു. സിനിമ കൊണ്ടു മാത്രം ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിൽ യാത്ര ചെയ്തു. ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി.

സംഗീതജ്ഞർ അണിനിരക്കുന്ന ഹൗസ് കൺസേർട്ടും ചിത്രകാരന്മാർക്കുള്ള ശിൽപശാലകളുമെല്ലാം നടത്തുന്നുണ്ട്. കോവിഡ്കാലത്ത് ഇരുനൂറിലേറെ ശിൽപശാലകൾ നടത്തി. ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും പഠനം ഇപ്പോഴും തുടരുന്നു. ഡിഗ്രികൾ ഇല്ലാത്തതു കൊണ്ടാകാം ഇങ്ങനെയെല്ലാം ചിന്തിക്കാൻ സാധിക്കുന്നതെന്നു തോന്നുന്നു. പഠിച്ചൊരാൾ കണക്കുകൂട്ടി നഷ്ടങ്ങൾ മാത്രമാകും കണ്ടെത്തുക.

ലോനപ്പേട്ടൻ എന്ന അപ്പൻ

ഡൽഹിയിലെത്തി ഒരു മാസത്തിനു ശേഷമാണ് അപ്പനെയും അമ്മയെയും വിവരമറിയിക്കുന്നത്. ആദ്യം നാട്ടിൽ പോകുന്നത് ഒന്നര വർഷത്തിനു ശേഷവും. ഒരിക്കലും പിതാവ് എതിർത്തിട്ടില്ല. പിടിച്ചുവലിച്ചു കൊണ്ടുവന്നില്ല. അപ്പനോടുള്ള ഏറ്റവും വലിയ ബഹുമാനവും അതാണ്. അപ്പൻ ഏതാനും വർഷം മുൻപ് മരിച്ചു. അമ്മ കത്രീനയും സഹോദരിയും ഇപ്പോഴും നാട്ടിലുണ്ട്.

തണലായി അരുണ

ഡൽഹിയിൽ അയൽവാസിയായ അരുണ പിന്നീട് ജീവിതത്തിൽ കൂട്ടായെത്തി; 1996ൽ. ബിസിനസും മറ്റും ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആദ്യം കുടുംബത്തിന് ഉൾക്കൊള്ളാനായില്ല. എന്നാൽ, ഞാൻ അനുഭവിക്കുന്ന സന്തോഷം അവർക്കു മനസ്സിലായതോടെ അംഗീകരിക്കാൻ തുടങ്ങി. ടെക്സ്റ്റൈൽസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ അരുണയാണു സ്‌കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. മൂത്തമകൻ സാഹിൽ മാത്യു ജർമനിയിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ഉപരിപഠനം നടത്തുന്നു; മകൾ ശിവാംഗി മാത്യു യുകെയിൽ ഡിജിറ്റൽ ജേണലിസത്തിലും.

ഒഴിവുസമയത്തെ  ശിൽപങ്ങൾ

ഇതിനിടെ ശിൽപങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. വെങ്കലത്തിലും സെറാമിക്കിലുമുള്ള ശിൽപങ്ങളാണ് ഒഴിവുസമയത്തെ മറ്റൊരു വിനോദം. ഈ വർഷം സംസ്ഥാന സിനിമാ അവാർഡിൽ കുട്ടികൾക്കുള്ള മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ‘നാനി’ നിർമിച്ചതു നീവ് പ്രൊഡക്‌ഷൻസാണ്. ‘ഒഴിവു ദിവസത്തെ കളി’യിലൂടെ ആദ്യമെത്തിയ സംസ്ഥാന പുരസ്‌കാരം ഒരിക്കൽക്കൂടി ഡൽഹിയിലെ വീട്ടിലേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA