ജീവിതം കളഞ്ഞുപോയ ആ ഒന്നര മണിക്കൂർ

hridayam-thottu
SHARE

1985ൽ കോട്ടയം മെഡിക്കൽ കോളജിൽ സീനിയർ ഹൗസ് സർജനായി ജോലി ചെയ്യുന്ന അവസരത്തിലാണ് എന്റെ പിതാവ് പ്രഫ. പി.എം.ചാക്കോ, ശസ്‌ത്രക്രിയയോടുള്ള എന്റെ ആഭിമുഖ്യം മനസ്സിലാക്കിയാവണം, എന്നെ റോയൽ കോളജിൽ ശസ്ത്രക്രിയയിലെ എഫ്ആർസിഎസ് ബിരുദപഠനത്തിന് അയയ്ക്കാൻ തീരുമാനിച്ചത്. അന്ന് അയർലൻഡിൽ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന എന്റെ ജ്യേഷ്ഠസഹോദരൻ ഡോ. മാത്യുവിനെ കത്തിലൂടെ ഈ വിവരം അറിയിക്കുകയും ജ്യേഷ്ഠൻ ഡബ്ലിനിലെ റോയൽ കോളജിൽ 1986 ജനുവരിയിൽ എഫ്ആർസിഎസിനായി റജിസ്റ്റർ ചെയ്യുകയും ചെയ്തു. വിദേശത്ത് അധ്യാപികയായി ജോലി ചെയ്തിരുന്ന എന്റെ മൂത്ത സഹോദരി ആനി, ഈ ഉപരിപഠനത്തിനുള്ള സാമ്പത്തികച്ചെലവുകൾ വഹിക്കാമെന്നു പറഞ്ഞതു വലിയ പിന്തുണയായി. ആറു മാസത്തെ പഠനം, അതിനു ശേഷം ജൂണിൽ നടക്കുന്ന എഫ്ആർസിഎസിന്റെ ഒന്നാംഭാഗ പരീക്ഷ എഴുതുക എന്നതായിരുന്നു പദ്ധതി.

ഇതിനിടെ ഒന്നു രണ്ടു വർഷത്തെ ശ്രമത്തിനു ശേഷം എനിക്കു പാസ്പോർട്ട് കിട്ടി. എറണാകുളം എംജി റോഡിലെ ഒരു ഇടുങ്ങിയ മുറിയിൽ അപേക്ഷ സമർപ്പിക്കുന്നതു മുതൽ, പൊലീസ് വെരിഫിക്കേഷൻ തുടങ്ങിയ പടവുകൾ കഴിഞ്ഞ് അന്നൊക്കെ വളരെക്കാലമെടുക്കുമായിരുന്നു പാസ്പോർട്ട് കിട്ടാൻ.

1985 ഡിസംബറിൽ ജ്യേഷ്ഠൻ ഡോ. മാത്യു ഉപരിപഠനത്തിനു ശേഷം നാട്ടിൽ തിരികെയെത്തി. 1986 ജനുവരി 4ന് ഡബ്ലിനിൽ ആരംഭിക്കുന്ന എഫ്ആർസിഎസ് കോഴ്സിലേക്ക് എനിക്ക് അഡ്മിഷൻ ഉറപ്പിച്ച ശേഷമാണു ജ്യേഷ്ഠൻ എത്തിയിരിക്കുന്നത്.

ഉച്ചയ്ക്കു 12ന് എറണാകുളത്ത് ട്രാവൽ ഏജന്റിന്റെ ഓഫിസിൽ എത്താൻ എനിക്കു നിർദേശം ലഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽനിന്നു മോട്ടർ സൈക്കിളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഞാൻ, എറണാകുളത്തേക്കു ട്രെയിനിൽ യാത്ര തിരിച്ചു. അന്നത്തെ സുഹൃത്തുക്കളിലൊരാളായ തിരുവഞ്ചൂർ രാധാകൃഷ്ണനും ട്രെയിനിൽ ഉണ്ടായിരുന്നു. അദ്ദേഹവുമായി സംസാരിച്ചുകൊണ്ടായിരുന്നു യാത്ര. എന്റെ കൈവശമുള്ള ഫയലിൽ കുറെ രേഖകളും പാസ്പോർട്ടും ഹോസ്റ്റലിൽനിന്നു തന്നെ എടുത്തുവച്ചിരുന്നു.

പിറവം റോഡ് സ്റ്റേഷനിൽ ട്രെയിൻ നിർത്താറായപ്പോൾ എന്റെ യാത്രയെപ്പറ്റിയും ഉപരിപഠനത്തെപ്പറ്റിയും തിരുവഞ്ചൂരിനോടു പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഫയൽ ഉയർത്തിയപ്പോൾ അതിന്റെ ഭാരം കുറഞ്ഞതുപോലൊരു തോന്നൽ. ഫയൽ പതുക്കെ തുറന്നുനോക്കിയപ്പോൾ എന്റെ ഹൃദയം നിശ്ചലമായി. എന്റെ പാസ്പോർട്ട് അപ്രത്യക്ഷമായിരിക്കുന്നു! പരിഭ്രമം അറിയിക്കാതെ താഴെയൊക്കെയൊന്നു പരതി പതുക്കെ എഴുന്നേറ്റു. ഇപ്പോൾ വരാം എന്നു പറഞ്ഞു ട്രെയിനിന്റെ വാതിൽക്കലേക്കു നീങ്ങുമ്പോൾ ട്രെയിൻ ചലിക്കാൻ തുടങ്ങിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച മനസ്സുമായി ഞാൻ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങി.

പ്രേതങ്ങൾ കണക്കെ ട്രെയിനിന്റെ ഓരോ കോച്ചും അകന്നു പോകുന്നതു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇനിയെന്ത് എന്ന വലിയ ചോദ്യം ഉള്ളിലുയർന്നു. മാസങ്ങളായി ഊണിലും ഉറക്കത്തിലും കണ്ട സ്വപ്‌നങ്ങളും അയർലൻഡിലെ ഉപരിപഠനവുമെല്ലാം വീണുടഞ്ഞു കിടക്കുന്നു.

മെല്ലെ പ്ലാറ്റ്ഫോമിൽനിന്നു പുറത്തേക്കു കടന്നു. മെഡിക്കൽ കോളജിലേക്കു വിസിലടിച്ചു നീങ്ങാൻ തുടങ്ങുന്ന പ്രൈവറ്റ് ബസിന്റെ ഫുട്ബോർഡിലേക്കു ചാടിക്കയറി; ഏതോ ഒരു അദൃശ്യശക്തി എന്നെ പിന്നിൽനിന്നു തള്ളിയതു പോലെ. മെഡിക്കൽ കോളജിനു മുന്നിലെ ടാക്സി പാർക്കിനടുത്ത് ഇറങ്ങി നിന്നപ്പോഴും സുഹൃത്തുക്കൾ കുശലാന്വേഷണത്തിനായി അടുത്തു വന്നപ്പോഴുമെല്ലാം യാന്ത്രികമായി അവരെ നോക്കുകയും സംസാരിക്കുകയും ചെയ്തതല്ലാതെ, മനസ്സിന്റെ വിങ്ങലിൽ ആരെയും ഉൾപ്പെടുത്താൻ ഞാൻ ശ്രമിച്ചില്ല.

അൽപസമയത്തിനകം വന്ന കോട്ടയം ബസിൽ റെയിൽവേ സ്റ്റേഷനിലെത്തി. ബൈക്കെടുത്ത് ഹോസ്റ്റലിൽ പോകുക എന്നതായിരുന്നു ലക്ഷ്യം. മൊബൈൽ ഫോണും വാട്‍സാപ്പുമൊന്നും ഇല്ലാതിരുന്ന കാലം. എറണാകുളത്തു കാത്തിരിക്കുന്ന ജ്യേഷ്ഠനെ വിവരം ധരിപ്പിക്കാൻ കഴിഞ്ഞില്ല; അറിയിക്കാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല.

രാവിലെ ഒന്നോ രണ്ടോ ബൈക്ക് മാത്രം ഇരുന്ന റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ നൂറുകണക്കിനു ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. ബൈക്കിനു ചുറ്റും അതിനടുത്തുള്ള ചെറിയ കുറ്റിക്കാട്ടിലും പിന്നെ പ്ലാറ്റ്ഫോം വരെ നടന്ന വഴികളിലുമെല്ലാം സൂക്ഷ്മമായി നോക്കി. മാടക്കടകളിലും അന്വേഷിച്ചു. എല്ലാവരുടെയും മുഖഭാവം അവഹേളനത്തിന്റേതും അപരിചിതത്വത്തിന്റേതുമായിരുന്നു.

തിരികെ വന്ന് ബൈക്ക് സ്റ്റാൻഡിൽ നിന്നെടുക്കുമ്പോൾ, അൽപം ദൂരെയായി ടാക്സിക്കാരുടെ സംസാരവും കാത്തിരിപ്പും ശ്രദ്ധയിൽപെട്ടു. ബൈക്ക് വീണ്ടും തിരികെവച്ച് ഫയലുമായി അവരുടെ അരികിലേക്കു നടന്നു. പാസ്പോർട്ട് നഷ്ടപ്പെട്ടതും യാത്രാമധ്യേ തിരികെയിറങ്ങിയതും ഡോക്ടറാണെന്നുള്ള പരിചയപ്പെടുത്തലുമെല്ലാം ഒരു കമഴ്ന്ന കുടത്തിനു മുകളിൽ വെള്ളമൊഴിക്കുന്നതു പോലെ അവഗണിക്കപ്പെട്ടു.

‘ഒരു പാസ്പോർട്ട് കിട്ടിയാൽ ആരെങ്കിലും തിരികെത്തരുമോ മാഷേ, ഇരുപത്തയ്യായിരം രൂപ വരെ കിട്ടും പാസ്പോർട്ട് വിറ്റാൽ’. കംപ്യൂട്ടറുകളും ഓൺലൈൻ പരിപാടികളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പാസ്പോർട്ടിലെ ഫോട്ടോ മാറ്റിയൊട്ടിച്ചാൽ സ്വന്തം പാസ്പോർട്ടാക്കി മാറ്റാവുന്ന കാര്യം ഏവർക്കുമറിയാമായിരുന്നു.

‘ഡോക്ടർമാരൊക്കെ ഇത്ര അശ്രദ്ധമായി പാസ്പോർട്ട് കൈകാര്യം ചെയ്താൽ, ഞങ്ങളൊക്കെ രോഗികളായി വരുമ്പോൾ എന്തായിരിക്കും അവസ്ഥ’ എന്നുവരെ അവർ പറഞ്ഞുനിർത്തി. ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെയായി എന്റെ കാര്യം.

അവിടെനിന്നു പതുക്കെ മുങ്ങാംകുഴിയിടുന്നതിനിടയിലാണ് പുതിയൊരു കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. നമ്മുടെ ബേബിക്ക് എന്തോ ഒരു ബുക്ക് ഇവിടെക്കിടന്നു കിട്ടിയെന്നു പറയുന്നതു കേട്ടു. റേഷൻ ബുക്കാണെന്നാണ് അറിവ്.

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ അയാളുടെ അടുത്തേക്കു ചെന്നു. ബേബി എവിടെയെന്ന ചോദ്യത്തിനു കൈമലർത്തി അയാൾ പറഞ്ഞു: ‘ബേബി ഓട്ടം പോയി കോവളത്തേക്ക്. ഒരു സായ്പും മദാമ്മയും രണ്ടാഴ്ചത്തെ കോവളം, കന്യാകുമാരി ഓട്ടം വിളിച്ചു’.

അവസാന പ്രതീക്ഷയും പൊലിഞ്ഞു. ഇനിയതു കിട്ടിയാൽത്തന്നെ സമയത്തു കോഴ്സിന് എത്തിച്ചേരാനാവില്ല എന്ന കാര്യവും എന്റെ മനസ്സിലൂടെ കടന്നുപോയി. വിഷണ്ണനായി വീണ്ടും ബൈക്കിനടുത്തേക്കു നടന്നു. രണ്ടാം പ്രാവശ്യവും ബൈക്ക് സ്റ്റാൻഡിൽ നിന്നിറക്കി പിറകോട്ടെടുക്കുമ്പോൾ മിന്നായംപോലെ ഒരു ടാക്സിക്കാർ അതിവേഗം ഇറക്കമിറങ്ങി വരുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു, പിറകിലൊരു സായ്പും മദാമ്മയും. കാർ അതിവേഗം ടാക്സി സ്റ്റാൻഡിൽ വന്നു നിർത്തി. ഡ്രൈവർ ഡോർ തുറന്നു വേഗത്തിലോടി, മറ്റൊരു കാറിന്റെ പിറകിൽ നിന്ന് ഒരു പെട്രോൾ ടിന്നുമെടുത്തുകൊണ്ടു തിരികെ കാറിലേക്ക്...

ബൈക്ക് വച്ച് ഞാൻ ഓടിച്ചെന്ന് നേരത്തേ സംസാരിച്ചവരോടു ചോദിച്ചു, അതാണോ നിങ്ങൾ പറഞ്ഞ ബേബി? അപ്പോഴേക്കും ആ കാർ പതുക്കെ നീങ്ങാനാരംഭിച്ചിരുന്നു. അതാണല്ലോ ബേബി എന്നു പറഞ്ഞ് എല്ലാവരും കൂടി ശബ്ദമെടുത്തും കൈകൊട്ടിയും കാർ നിർത്തിച്ചു.

ഞാൻ ഡ്രൈവറുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്റെയൊരു പാസ്പോർട്ട് നഷ്ടപ്പെട്ടതു കിട്ടിയോ എന്ന ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപുതന്നെ ഗ്ലോവ് ബോക്സിൽനിന്നു പാസ്പോർട്ടെടുത്ത് എന്റെ നേരെ നീട്ടി.

ജീവിതം തിരിച്ചുകിട്ടിയ നിമിഷങ്ങൾ; എന്നെന്നേക്കുമായി നഷ്ടപ്പെട്ട സ്വപ്നങ്ങളും മോഹങ്ങളും ഒരിക്കൽകൂടി ചിറകുവിരിച്ച് എന്റെ നെഞ്ചിനുള്ളിൽ പറന്നപ്പോൾ, ഞാൻ നന്ദി എന്നൊരു വാക്ക് പറയാൻ താമസിച്ച ആ നിമിഷങ്ങൾക്കിടയിൽ ബേബി അപ്രത്യക്ഷനായി. പിന്നീടൊരിക്കലും എനിക്കു കാണാൻ കഴിയാത്ത ആ വ്യക്തി എന്റെ കാവൽമാലാഖയായിരുന്നുവെന്നു ഞാൻ കരുതുന്നു.

ഒന്നര മണിക്കൂർ താമസിച്ച് അടുത്ത ട്രെയിനിൽ എറണാകുളത്തെത്തി. ട്രാവൽ ഏജന്റിന്റെ ഓഫിസിൽ കാത്തിരുന്ന ജ്യേഷ്ഠനെ കണ്ടു. എന്താണു നീയിത്രയും താമസിച്ചതെന്ന ചോദ്യത്തിന് ട്രെയിൻ വൈകി എന്ന ചെറിയ ഉത്തരത്തിലൊതുക്കിയ എന്റെ ജീവിതകഥ, ശുഭപര്യവസായിയായില്ലായിരുന്നെങ്കിൽ എനിക്ക് ഈ വരികളെഴുതാൻ കഴിയില്ലായിരുന്നെന്ന് അറിയാം.

ചെറിയ പരാജയങ്ങളെപ്പറ്റിയും പ്രതിസന്ധികളെപ്പറ്റിയും വ്യാകുലപ്പെടാതെ പുതിയ വഴികളിലൂടെ ജീവിതം വിജയത്തിലേക്കു കൊണ്ടുപോകുക എന്ന വലിയ സന്ദേശം എനിക്കു സമ്മാനിച്ചു, ആ അനുഭവം. സമാനമായ അനുഭവങ്ങൾ പിൽക്കാല ജീവിതത്തിലും എനിക്കുണ്ടായിട്ടുണ്ട്. തുടരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA