ADVERTISEMENT

മീ കോണറി, ഷോൺ കോണറി... പ്രായം ശരീരത്തെ തളർത്തിയെങ്കിലും ആ വിരലുകളിൽ തൊട്ടപ്പോൾ, പിന്നിലെവിടെയോ ജയിംസ് ബോണ്ട് സിനിമയുടെ വിഖ്യാതമായ ആ ബിജിഎം മുഴങ്ങിയതു പോലെ തോന്നിയെന്ന് മാത്യു സെബാസ്റ്റ്യൻ പറയുമ്പോൾ, അതിൽ എഡിറ്റ് ചെയ്യാൻ ഒന്നുമില്ല! ഒന്നല്ല, പിന്നീടു പലതവണ അതു കേട്ടു. ഒപ്പമിരുന്നപ്പോൾ, മുഴങ്ങുന്ന ശബ്ദത്തിൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ, കരുത്തോടെ ചേർത്തുനിർത്തി ചിത്രങ്ങളെടുത്തപ്പോൾ, എല്ലാം...

ഹോളിവുഡിലെ എക്കാലത്തെയും ആക്‌ഷൻ ഹീറോ, ജയിംസ് ബോണ്ട് ചിത്രങ്ങളുടെ നായകൻ ഷോൺ കോണറിയെ ചികിത്സിച്ച മെഡിക്കൽ സംഘത്തിലെ മലയാളിയായ നഴ്സ് ചങ്ങനാശേരി മാടപ്പള്ളി വെണ്ണാലിൽ വലിയപറമ്പിൽ മാത്യു സെബാസ്റ്റ്യൻ, ‘ബോണ്ടിന്റെ’ അവസാനകാലം ഓർത്തെടുക്കുന്നു.

ലണ്ടനിൽ പോർട്സ്മത്ത് എൻഎച്ച്എസിൽ ജോലിചെയ്യുന്ന മാത്യു, മുൻപ് യുഎസിലെ ബഹാമസിലുള്ള ‘ബഹാമസ് ഹാർട്ട് കെയർ സെന്ററിലെ’ കാത്ത് ലാബ് കോഓർഡിനേറ്ററായിരുന്നു. ഷോൺ കോണറിക്ക് പേസ്മേക്കർ ഇംപ്ലാന്റ് ചെയ്ത ഹാർട്ട് കെയർ സെന്റർ, സർവീസിനും കോണറിയുടെ ആരോഗ്യകാര്യങ്ങൾ വിലയിരുത്താനും നിയോഗിച്ചത് മാത്യു ഉൾപ്പെട്ട മെഡിക്കൽ സംഘത്തെ. 2018 ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് മാത്യുവിന് ആ ഫോൺകോൾ എത്തുന്നത്. ബഹാമസിലെ ന്യൂ പ്രോവിഡൻസിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന ‘ലേഫോഡ് കേ’ എന്ന വില്ലയിൽ ഒരു പേഷ്യന്റിനെ അറ്റൻഡ് ചെയ്യുക എന്നായിരുന്നു സന്ദേശം. അയച്ചു കിട്ടിയ വിലാസം തേടി, ഹാർട്ട് കെയർ സെന്ററിലെ കാർഡിയോളജിസ്റ്റ് ഡോ. ഡീൻ സെറിറ്റോപ്പലസിനൊപ്പം എത്തിയത് ഒറ്റ നില മാത്രമുള്ള, കടൽ അതിരിടുന്ന വീട്ടിലേക്ക്. പക്ഷേ, മനോഹരമായ പെയിന്റിങ്ങുകൾ അലങ്കരിച്ച മുറിയിൽ കഴിഞ്ഞിരുന്ന മനുഷ്യന്റെ ചിത്രം തീർത്തും ഞെട്ടിക്കുന്നതായിരുന്നു. വെള്ളിത്തിരയിൽ കണ്ട കരുത്തന്റെ നിഴൽ. കിടക്കയിൽ ക്ഷീണിതനായി ഷോൺ കോണറി.

ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുന്നതു പതിവായതോടെ പേസ്മേക്കർ വീണ്ടും പ്രോഗ്രാം ചെയ്യുകയായിരുന്നു മെഡിക്കൽ സംഘത്തിന്റെ ദൗത്യങ്ങളിലൊന്ന്. ഷോൺ കോണറിയുടെ ആരോഗ്യം പാടേ തകർന്നിരുന്നു. കിടക്കയിലായിരുന്നു ഏറെ നേരവും. തങ്ങളെ പരിചയപ്പെടുത്തിയെങ്കിലും ചെറുചിരി മാത്രമാണു തിരികെ നൽകിയതെന്ന് മാത്യു പറയുന്നു. കോണറിയും ഭാര്യ മിഷേലും സഹായത്തിനായി ഫിലിപ്പീൻസുകാരനായ യുവാവും മാത്രമായിരുന്നു അവിടെ താമസം.

ഒരു മാസത്തിനു ശേഷം വീണ്ടും ലേഫോഡ് കേയിൽ എത്തിയപ്പോഴാണ് ഗംഭീര ട്വിസ്റ്റ്. മുൻപു കാണുമ്പോൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതിരുന്ന ആൾ  സഹായിയായ യുവാവുമൊത്ത് പ്രഭാത നടത്തത്തിനു പോയിരിക്കുന്നു! ബോണ്ട് കഥകളിലെ നായകനെപ്പോലെ, അതിഗംഭീര തിരിച്ചുവരവ്. ‘‘ഉല്ലാസവാനായി വന്ന കോണറി ഞങ്ങളുടെ മുൻപത്തെ വരവിനെക്കുറിച്ച് ഓർമിച്ചെടുത്തു. പിന്നീട് എന്നെ നോക്കിപ്പറഞ്ഞു, യു ഇന്ത്യൻ... ഐ ലവ് ദാറ്റ് പ്ലേസ്...’’ കഴിഞ്ഞ തവണത്തെക്കാൾ  ഊർജസ്വലനായെന്നു സൂചിപ്പിച്ചപ്പോൾ കോണറി ഹസ്തദാനം നൽകിപ്പറഞ്ഞു – ‘ഐ ആം സ്കോട്ടിഷ്... ആൻഡ് സ്ട്രോങ്ങർ ഓൾവേയ്സ്..’ ഹോളിവുഡിന്റെ രാജാവാണെങ്കിലും സ്കോട്‌ലൻഡിൽ ജനിച്ച കോണറിക്ക് പിറന്ന നാടിനോടു വലിയ സ്നേഹമായിരുന്നു.

രോഗവിവരവും മരുന്നുകളുടെ വിശദാംശങ്ങളുമല്ലാം ചോദിച്ചറിയുന്ന, പഴയ ജയിംസ് ബോണ്ടിനെയാണു പിന്നീടു കണ്ടതെന്ന് മാത്യു പറയുന്നു. ഇന്ത്യയിൽ കോണറിയുടെ ബോണ്ടിന് ആരാധകരേറെയുണ്ടെന്നു പറഞ്ഞപ്പോൾ ആ വിഖ്യാതമായ ഡയലോഗ് കേട്ടു– ഐ ആം ബോണ്ട്.., ദ് ബോണ്ട്..! ഒപ്പമൊരു ചിത്രമെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചിരപരിചിതനായ സുഹൃത്തിനെയെന്ന പോലെ കരുത്തോടെ ചേർത്തുനിർത്തി ഒരു ക്ലിക്.

മാസങ്ങൾക്കു ശേഷം കോണറിയുടെ ആരോഗ്യനില വീണ്ടും വഷളായെങ്കിലും കിടക്കയിൽ ഒതുങ്ങിക്കൂടാൻ കൂട്ടാക്കിയില്ല. വായനയും നടത്തവുമെല്ലാം തുടർന്നു. മരുന്നിനും ചികിത്സയ്ക്കും പിടിതരാത്ത നിലയിലേക്ക് ആരോഗ്യം പിന്നീടു ക്ഷയിച്ചു.

പിന്നീട് ജോലിസംബന്ധമായി മാത്യു, ഭാര്യ സിൽവിക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്കു താമസം മാറി. എങ്കിലും ബഹാമസ് ഹാർട്ട് സെന്ററിലെ സുഹൃത്തുക്കളുമായി ഷോൺ കോണറിയുടെ രോഗവിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു, കഴിഞ്ഞ ഒക്ടോബർ 31ന് ഇതിഹാസ നായകൻ അരങ്ങൊഴിയുന്നതിനു തൊട്ടുമുൻപു വരെയും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com