എല്ലാവരും അടുത്തറിയുന്ന ഒന്നാവും സ്വന്തം പഞ്ചായത്ത്. പക്ഷേ, പഞ്ചായത്തുകളെക്കുറിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെക്കുറിച്ചും നമുക്കറിയാത്ത കൗതുകങ്ങൾ ഏറെയുണ്ട്. പഞ്ചായത്ത് അംഗങ്ങളായവരെക്കുറിച്ചുമുണ്ട് അറിയേണ്ട ചിലത്.
സംവരണമില്ലാത്ത പഞ്ചായത്ത്
കേരളത്തിൽ 941 പഞ്ചായത്തുകളുണ്ട്. ഇതിൽ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. പട്ടികജാതി – പട്ടികവർഗ സംവരണം ഇല്ലാത്ത ഏക പഞ്ചായത്താണ് ഇതെന്നു പറഞ്ഞാലും സാങ്കേതികമായി തെറ്റില്ല. കാരണം, ഈ പഞ്ചായത്തിൽ പട്ടികവർഗ മുതുവാ സമുദായത്തിൽപെട്ടവർ മാത്രമാണു വോട്ടർമാർ. മുഴുവൻ സ്ഥാനാർഥികളും ആ സമുദായത്തിൽ നിന്നായിരിക്കും. സംവരണത്തിന്റെ ആവശ്യമില്ലെന്നു ചുരുക്കം.
മൂന്നാർ പഞ്ചായത്തിന്റെ ഒരു വാർഡിനെ 2010 നവംബർ ഒന്നിനാണ് പ്രത്യേക പഞ്ചായത്താക്കി മാറ്റിയത്. 13 വാർഡുകളുണ്ട് ഇടമലക്കുടിയിൽ. 1800 വോട്ടർമാർ മാത്രം. ഇക്കുറി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കു നീക്കിവച്ചിരിക്കുകയാണ്.
മൂന്നാറിൽനിന്നു 40 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളത്തെയും തമിഴ്നാടിനെയും വേർതിരിക്കുന്ന മണലിയാറാണ് ഇടമലക്കുടിയുടെ അതിർത്തിയിൽ.

മെംബർ വരാത്ത വാർഡ്
തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെംബറെ എല്ലാ ദിവസവും കാണുന്നവരായിരിക്കും നമ്മൾ. പക്ഷേ, വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്തേക്ക് 5 വർഷവും വന്നെത്താത്ത ഒരു മെംബർ ഉണ്ടെങ്കിലോ? മൂക്കത്തു വിരൽ വയ്ക്കാൻ വരട്ടെ. അങ്ങനെയുമൊരു വാർഡുണ്ട് കേരളത്തിൽ.
റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തിലെ 9–ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണ് ശബരിമല. 2010– 15ൽ വനിതാ സംവരണ വാർഡ് ആയിരുന്നു ഇത്. ആ സമയത്തു ശബരിമലയിൽ 10നും 50നും ഇടയ്ക്കുള്ള സ്ത്രീകൾക്ക് നിയമപരമായിത്തന്നെ വിലക്കുമുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനറൽ വാർഡായ ശബരിമല ഇക്കുറി വീണ്ടും വനിതാ സംവരണ വാർഡ് ആണ്. ളാഹ മുതൽ ശബരിമല വരെയും ഈ വാർഡിന്റെ പരിധിയിലാണ്.
ബേബി മേയർ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയി പരിഗണിക്കപ്പെടുന്നത് കൊല്ലം കോർപറേഷന്റെ പ്രഥമ മേയർ ആയിരുന്ന സബിത ബീഗം ആണ്. 2000 ഒക്ടോബർ അഞ്ചിന് ഇരുപത്തിനാലാമത്തെ വയസ്സിൽ കൊല്ലം മേയറായി ചുമതലയേറ്റ സബിത, 2005ലും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ്.
എംഎൽഎ എന്നു പറഞ്ഞിട്ട് പഞ്ചായത്ത് മെംബർ ആണല്ലോ!
ലൈസൻസ് ഇല്ലാത്ത സ്വർണക്കട അടപ്പിക്കലുമായി ബന്ധപ്പെട്ട് തർക്കം. പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഒരുഭാഗത്ത്; പ്രതിപക്ഷ മെംബറും കൂട്ടരും മറുപക്ഷത്ത്. പൊലീസ് വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയത് പഞ്ചായത്ത് പ്രസിഡന്റിനെ. അതെന്താ അങ്ങനെ? പ്രതിപക്ഷ പഞ്ചായത്ത് മെംബർ സ്ഥലം എംഎൽഎ കൂടി ആയിരുന്നു! പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വരും മുൻപ് അതിനും കഴിയുമായിരുന്നു കേരളത്തിൽ. എംഎൽഎക്ക് പഞ്ചായത്ത് മെംബറോ പഞ്ചായത്ത് പ്രസിഡന്റോ ആയി ഇരിക്കുന്നതിന് അന്നു തടസ്സമില്ല. നേരത്തേ പറഞ്ഞ കഥയിലെ പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോൾ എംഎൽഎ ആണെന്നതാണു കഥയിലെ ട്വിസ്റ്റ്; അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് അന്നത്തെ ആ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ്. അന്നത്തെ പ്രതിപക്ഷ മെംബറാവട്ടെ, ഇന്ന് അദ്ദേഹത്തിന്റെ വലിയ സുഹൃത്തു കൂടിയായ മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയും.
ആർ. ബാലകൃഷ്ണപിള്ള ഏറെക്കാലം കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ, കൊട്ടാരക്കര പഞ്ചായത്തുകളുടെ പ്രസിഡന്റ് ആയിരുന്നു. മന്ത്രി ആയിരിക്കുമ്പോഴും എംഎൽഎ ആയിരിക്കുമ്പോഴും അദ്ദേഹം പ്രസിഡന്റായും മെംബറായും ഇരുന്നിട്ടുണ്ട്. കൊട്ടാരക്കര പഞ്ചായത്തിന്റെ 1995– 2000 ഭരണ സമിതിയിലാണ് ചിറ്റയം ഗോപകുമാർ പ്രസിഡന്റും ആർ. ബാലകൃഷ്ണപിള്ള അംഗവുമായി വന്നത്.
പഞ്ചായത്തിലേക്കാണോ? സംസ്ഥാനം വിട്ടു പോകണം
സ്വന്തം പഞ്ചായത്ത് ഓഫിസിൽ പോകാൻ സംസ്ഥാനം വിട്ടു പോകേണ്ടവരുണ്ട് കേരളത്തിൽ. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ 11–ാം വാർഡായ പറമ്പിക്കുളത്തെ വോട്ടർമാർക്ക് എന്തെങ്കിലും ആവശ്യത്തിനു സ്വന്തം പഞ്ചായത്ത് ഓഫിസിൽ പോകാൻ തമിഴ്നാട്ടിലൂടെ യാത്ര ചെയ്യണം. പറമ്പിക്കുളത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് മുതലമട പഞ്ചായത്ത് ഓഫിസിലേക്കുള്ള ദൂരം 70–80 കിലോമീറ്റർ വരും. പഞ്ചായത്ത് മെംബർ ഇവിടെ നിന്നുള്ള ആളാണെങ്കിൽ, പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനായി ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുന്ന മെംബറും പറമ്പിക്കുളത്തേതായിരിക്കും. തമിഴ്നാട് റോഡ് ട്രാൻസ്പോർട്ടിന്റെയും കെഎസ്ആർടിസിയുടെയും ഓരോ ബസുകൾ മാത്രമാണ് ഇവിടുള്ളവർക്ക് ആശ്രയം. അതുകൊണ്ടു തന്നെ, പഞ്ചായത്ത് മെംബർ പഞ്ചായത്ത് യോഗത്തിനു പോയാൽ തിരിച്ചെത്തുക പിറ്റേന്നായിരിക്കും.
കൊല്ലം ജില്ലയിലെ ആര്യങ്കാവ് പഞ്ചായത്തിലെ 1, 2 വാർഡുകളിൽപെട്ട അച്ചൻകോവിൽ, അച്ചൻകോവിൽ ക്ഷേത്രം പ്രദേശങ്ങളിൽ ഉള്ളവർക്കും സ്വന്തം പഞ്ചായത്തിൽ എത്തണമെങ്കിൽ തമിഴ്നാട്ടിലൂടെ കയറിയിറങ്ങി 55 കിലോമീറ്റർ യാത്ര ചെയ്യണം. കേരള–തമിഴ്നാട് അതിർത്തി അടച്ച കോവിഡ്കാലത്ത് ഇവർ പുനലൂർ– അലിമുക്ക് വഴി 74 കിലോമീറ്റർ യാത്ര ചെയ്താണ് പഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നത്.
കാസർകോട് ജില്ലയിലെ ദേലംപാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട പഞ്ചിക്കല്ല്, മുരൂർ നിവാസികൾ പഞ്ചായത്ത് ഓഫിസിൽ എത്തണമെങ്കിൽ കർണാടകയിലൂടെ വേണം യാത്ര ചെയ്യാൻ. ഇവിടെ വോട്ടിങ് മെഷീനിൽ സ്ഥാനാർഥികളുടെ പേര് മലയാളത്തിലും കന്നഡയിലും ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്.
വിനോദസഞ്ചാരികൾക്കു പ്രിയങ്കരിയായ ഗവിയിലെ വിശേഷവും ഇതുപോലെയാണ്. സീതത്തോട് പഞ്ചായത്ത് ഓഫിസിലെത്താൻ ഇവിടത്തെ ജനപ്രതിനിധി 68 കിലോമീറ്റർ യാത്ര ചെയ്യണം.
ഇതാ എംപി (പഞ്ചായത്ത്, പാർലമെന്റ് മെംബർ)
‘പഞ്ചായത്ത് അംഗമായാൽ അവിടെ ത്തീർന്നു, പിന്നെ മറ്റൊന്നുമാവാൻ കഴിയില്ല’ എന്ന് ഉപദേശിക്കുന്നവരോട് പൊതുപ്രവർത്തകർക്കു ചൂണ്ടിക്കാണിക്കാവുന്ന മാതൃകയാണ് എൻ.െക. പ്രേമചന്ദ്രൻ എംപി. പഞ്ചായത്തിൽ നിന്നു തിരഞ്ഞെടുപ്പു രാഷ്ട്രീയം തുടങ്ങിയ അദ്ദേഹം ജില്ലാ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, നിയമസഭ, ലോക്സഭ, രാജ്യസഭ എന്നിവയിലെല്ലാം അംഗമായി. കേരള മന്ത്രിസഭയിലും ഉണ്ടായിരുന്നു.
28–ാം വയസ്സിൽ, 1988ൽ ആണു തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലേക്ക് 2–ാം വാർഡിൽ നിന്നു പ്രേമചന്ദ്രൻ തിരഞ്ഞെടുക്കപ്പെടുന്നത്. 1991ൽ അദ്ദേഹം പഞ്ചായത്ത് അംഗമായിരിക്കെത്തന്നെ ജില്ലാ കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ത്രിതല തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായി അടുത്ത തിരഞ്ഞെടുപ്പ് 1995ലേക്കു മാറ്റിയതിനാൽ, 88ൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് 2 വർഷം ബോണസായി കിട്ടി. 1995ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കാണു ജനവിധി തേടിയത്.
1996ൽ പാർലമെന്റ് തിരഞ്ഞെടുപ്പു വന്നപ്പോൾ പ്രേമചന്ദ്രൻ അവിടേക്കു മത്സരിച്ചു. ആ ജയത്തോടെ ജില്ലാ പഞ്ചായത്തിലെ അംഗത്വം രാജി വച്ചു.
2000ൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രൻ, തുടർന്ന് കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട് 2006 –11ൽ ജലവിഭവ വകുപ്പു മന്ത്രിയുമായി. 2014 മുതൽ കൊല്ലത്തു നിന്നുള്ള എംപിയാണ്. ‘‘പൊതുപ്രവർത്തകൻ എന്ന നിലയിൽ സാമൂഹിക യാഥാർഥ്യങ്ങൾ കൃത്യതയോടെ മനസ്സിലാക്കാനാവുക പഞ്ചായത്ത് അംഗമായിരിക്കുമ്പോഴാണ്. അന്നത്തെ അനുഭവങ്ങൾ എന്റെ നയങ്ങളെയും നിലപാടുകളെയും സ്വാധീനിച്ചിട്ടുണ്ട്. പൊതുപ്രവർത്തനരംഗത്ത് ആ അനുഭവം വലിയ ശക്തിയാണ്.’’– പ്രേമചന്ദ്രന്റെ വാക്കുകൾ.

തലമൂത്തവരോടു സത്യമാവാം
തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പഞ്ചായത്ത് അംഗങ്ങൾ ആർക്കു മുന്നിലാണു സത്യപ്രതിജ്ഞ ചൊല്ലുക? ഏറ്റവും മുതിർന്ന അംഗത്തിനു മുന്നിൽ. ഈ നിയമത്തിനു പക്ഷേ, അധികം പഴക്കമില്ല. നേരത്തേ, ഒന്നാം വാർഡ് അംഗത്തിനു മുന്നിലായിരുന്നു മറ്റംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലേണ്ടത്. 1995ലെ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പഞ്ചായത്തിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ നിന്നാണ് ഈ കീഴ്‌വഴക്കം കീഴ്മേൽ മറിയുന്നത്.
മലയാലപ്പുഴ പഞ്ചായത്തിൽ ആകെ 9 വാർഡുകളിൽ മൂന്നെണ്ണം യുഡിഎഫിനും ആറെണ്ണം എൽഡിഎഫിനും ആയിരുന്നു. യുഡിഎഫിനു കിട്ടിയ മൂന്നെണ്ണം ഒന്നു മുതൽ മൂന്നു വരെ വാർഡുകൾ ആയതാണ് ‘പ്രശ്ന’മായത്. നാലു മുതൽക്കുള്ള വാർഡുകളിലെ മെംബർമാർ ഒന്നാം വാർഡ് അംഗത്തിന്റെ മുൻപിൽ സത്യപ്രതിജ്ഞ ചൊല്ലാനാവില്ല എന്നു കാണിച്ച് റിട്ടേണിങ് ഓഫിസർക്കു മുന്നിൽത്തന്നെ സത്യവാചകം ചൊല്ലി. ഇവരുടെ അംഗത്വത്തിനു സാധുതയില്ലെന്നു കാണിച്ച് യുഡിഎഫ് കോടതിയിൽ പോയി. തുടർന്ന് കോടതി നിർദേശ പ്രകാരം എൽഡിഎഫ് അംഗങ്ങൾ ഒന്നാം വാർഡ് അംഗത്തിന്റെ മുന്നിൽത്തന്നെ സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ ഭരണസമിതി അധികാരത്തിൽ നിന്നൊഴിയാൻ ബാക്കിയുള്ളത് 15 ദിവസം മാത്രം!
എന്നാൽ, ഭരണസമിതിയിലെ തലമൂത്ത അംഗം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതായിരിക്കും അഭികാമ്യം എന്ന് വിചാരണയ്ക്കിടെ ഹൈക്കോടതി നടത്തിയ പരാമർശത്തെ അടിസ്ഥാനപ്പെടുത്തി സർക്കാർ പഞ്ചായത്ത് രാജ് നിയമത്തിലെ സത്യപ്രതിജ്ഞ സംബന്ധിച്ച വ്യവസ്ഥയിൽ ഭേദഗതി കൊണ്ടുവരികയായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ജനപ്രതിനിധികളിൽ തല നരച്ചവരുടെ ജനന സർട്ടിഫിക്കറ്റ് നോക്കി ശരിക്കും തലമുതിർന്നവരെ കണ്ടെത്തിയിട്ടേ റിട്ടേണിങ് ഓഫിസറുടെ പണി കഴിയുകയുള്ളൂ എന്നു ചുരുക്കം.