ADVERTISEMENT

മറഡോണയുടെ മാത്രം കാലുകളിൽ ചുറ്റിത്തിരിയാൻ കൊതിച്ച പന്തുപോലെയാണ് സുലൈമാന്റെ ഓർമകൾ. കാലുകളെ പന്തോ പന്തിനെ കാലുകളോ, ഏത് ഏതിനെയാണു സ്നേഹിച്ചിരുന്നതെന്നു തീർച്ചപ്പെടുത്താനാവാത്ത പോലെ ആ ബന്ധം. ഇംഗ്ലിഷ് അശേഷം അറിയാത്ത മറഡോണയും സ്പാനിഷ് വശമില്ലാത്ത സുലൈമാനും 8 വർഷം പരസ്പരം മനസ്സിലാക്കിയത് ‘ദൈവത്തിന്റെ കൈ’യുടെ കളിപോലെ.

അല്ലെങ്കിലും ഫുട്ബോൾ അറിയാൻ എന്തിനു ഭാഷ? എല്ലാ ഭാഷയും മനസ്സിലാകുന്ന ദൈവത്തെപ്പോലെ ഫുട്ബോളിന്റെ ദൈവം സുലൈമാനെ അറിഞ്ഞു. പകുതി താനും പകുതി സുലൈമാനും കളിച്ചപ്പോഴുണ്ടായ അദ്ഭുതമാകുമത് എന്നാവും മറഡോണയുടെ ഭാഷയിൽ ഇതിനെ വിലയിരുത്തുക. 

ദുബായ് അൽ വാസൽ ക്ലബ്ബിലെ 44 ഡ്രൈവർമാരിൽനിന്നാണ് മറഡോണയുടെ വാഹനം ഓടിക്കാൻ സുലൈമാൻ തിരഞ്ഞെടുക്കപ്പെട്ടത്. ക്ലബ്ബിലെ ഡ്രൈവർ ജോലി കിട്ടി വെറും രണ്ടുവർഷം കഴിഞ്ഞപ്പോൾ ലഭിച്ച ഭാഗ്യം. ദുബായ്  ഫുട്ബോൾ അംബാസഡറായി രണ്ടാമത് എത്തിയ മറഡോണ ഡ്രൈവറായി സുലൈമാനെ വേണമെന്ന് ആവശ്യപ്പെട്ടതു പക്ഷേ, ഭാഗ്യത്തിനൊപ്പം മനസ്സറിഞ്ഞു പെരുമാറുന്ന ആളോടുള്ള ഇഷ്ടംകൊണ്ടു കൂടിയാകണം. 

DONAFAMILY
സുലൈമാന്റെ കുടുംബാംഗങ്ങൾക്കൊപ്പം മറഡോണ

2011 ഓഗസ്റ്റ് 11 മുതൽ 2018 ജൂൺ 5 വരെ മറഡോണയുടെ സാരഥിയായും പിന്നീട് ഒരുവർഷം ദുബായ് ജുമൈറയിലുള്ള ഒ 37-ാം നമ്പർ വീട്ടിൽ അദ്ദേഹത്തിന്റെ എല്ലാ വസ്തുക്കളുടെയും സൂക്ഷിപ്പുകാരനായും സുലൈമാൻ തുടർന്നു. അംഗരക്ഷകരും വീട്ടുജോലിക്കാരും വക്കീലും സെക്രട്ടറിയും ഉൾപ്പെടെ മറഡോണയുടെ നാട്ടുകാർ എട്ടുപേർ ഈ വീട്ടിലുണ്ടായിരുന്നു. പക്ഷേ, അവരെയെല്ലാം കൂടെക്കൂടെ മാറ്റിക്കൊണ്ടിരുന്നപ്പോഴും മറഡോണ നിലനിർത്തിയതു  സുലൈമാനെ മാത്രം.

60–ാം പിറന്നാളിന് മറഡോണയെ നേരിട്ടു വിഡിയോ കോളിൽ വിളിച്ച് ആശംസ നേർന്നപ്പോൾ ‘മിസ് യൂ സുലീ’ എന്നു പറയിപ്പിക്കാൻ പോന്ന രീതിയിൽ വളർന്ന അടുപ്പമാണത്. മറഡോണയ്ക്ക് അറിയാവുന്ന ഏതാനും ഇംഗ്ലിഷ് വാക്കുകളിലൊന്നും അതായിരുന്നു. ഒല, ഒല (ഹലോ) എന്നു സ്പാനിഷിൽ പറഞ്ഞിരുന്ന മറഡോണ ഗുഡ് മോണിങ് എന്നു പറയാനും ഗോ, കം എന്നിങ്ങനെ പറയാനും പഠിച്ചു. പക്ഷേ, ഇവ തമ്മിൽ തെറ്റിച്ചും പറയുമായിരുന്നു. ഇത്തിരി സ്പാനിഷ് അറിയാനുള്ള ശ്രമം സുലൈമാനും നടത്തി. മറഡോണയുടെ മകൾ ഗീയാന്നിന ഉൾപ്പെടെയുള്ളവർ ചില വാക്കുകൾ വാട്സാപ്പിൽ അയച്ചുകൊടുത്തു സഹായിക്കുകയും ചെയ്തു. ചിലതു ശരിയായി, ചിലതു ശരിയായില്ല. 

എന്നാൽ, കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞ, ആഹ്ലാദംകൊണ്ടു തുള്ളിച്ചാടിയ, വെള്ളപ്പൂക്കൾ അർപ്പിച്ച് യേശുവിന്റെ ചിത്രത്തിനു മുന്നിൽ പ്രാർഥിച്ചിരുന്ന, കിടക്കയ്ക്ക് അരികിൽ ബൈബിൾ വച്ചു വായിച്ചിരുന്ന, സ്പാനിഷ് പാട്ട് ഉറക്കെ വച്ച് ആസ്വദിച്ചിരുന്ന, എല്ലാ ഫുട്ബോൾ കളികളും ഉറക്കമിളച്ചു കണ്ടിരുന്ന മറഡോണയെന്ന പച്ചമനുഷ്യനെ കാണാനും അറിയാനും മലപ്പുറം താനൂർ അയ്യായ നെല്ലിശേരി സുലൈമാനു (36) കഴിഞ്ഞു. സുലൈമാന്റെ ഉമ്മയുടെ അസുഖവിവരം അറിഞ്ഞ് ഫോൺ ചെയ്യാനും വീടുപണിക്കു പണം നൽകി സഹായിക്കാനും ഭാര്യയ്ക്കും മക്കൾക്കും ടിക്കറ്റെടുത്തു നൽകി ദുബായിൽ എത്തിക്കാനും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകാനും മറഡോണയ്ക്കും മലയാളമോ ഇംഗ്ലിഷ് ഗ്രാമറോ അറിയേണ്ടി വന്നില്ല. ഡ്രിബ്ലിങ്ങിന്റെ മാന്ത്രികത മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെ മർമവും അദ്ദേഹത്തിനു വശമായിരുന്നു. 

MARADONA

‌തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണക്കാരനായ, മുൻപു വാങ്ങിയിരുന്ന ശമ്പളത്തിന്റെ പത്തിരട്ടിയോളം തന്ന് തന്നെ വലുതാക്കിയ തന്റെ ‘ഡീഗോ’ ഇല്ലാതായി എന്ന സത്യം വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ലെന്നു പറഞ്ഞാണ് സുലൈമാൻ ഓർമകൾ കിക്കോഫ് ചെയ്തത്. അതിൽ വിസിൽ മുഴക്കത്തിനു മുൻപുള്ള കനത്ത നിശ്ശബ്ദതയുടെയും ഗോൾവല ചലിക്കുമ്പോഴുള്ള കാതടപ്പൻ ആരവത്തിന്റെയും നിമിഷങ്ങളുണ്ട്. ഗോൾമുഖത്തേക്കു പായുമ്പോൾ പരുക്കേറ്റു വീണതിന്റെ വേദനയും കൈകൾ ചോർന്നു ഗോളാകുമ്പോഴുള്ള ഗോളിയുടെ നിസ്സഹായ നൊമ്പരവുമുണ്ട്...

കോളറിൽ പിടിവീണ ആ ജന്മദിനം 

2011ൽ ദുബായ് അൽ വാസൽ ക്ലബ്ബിന്റെ പരിശീലകനായി ഡിയേഗോ മറഡോണ ദുബായിലെത്തിയ സമയം. ആ ഒക്ടോബർ 30ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഒന്നു ഞെട്ടിക്കാൻ തീരുമാനിച്ച് മകൾ ഡാൽമയെ അദ്ദേഹമറിയാതെ ദുബായിൽ എത്തിക്കാൻ ക്ലബ് തീരുമാനിച്ചു. അന്ന് പാം ജുമൈറയിൽ കെ13 എന്ന വില്ലയിലാണു മറഡോണ താമസിച്ചിരുന്നത്.

പരിശീലനമെല്ലാം കഴിഞ്ഞ് രാത്രി പത്തരയോടെ ‘ഡീഗോ’യുമായി പുറപ്പെട്ടെങ്കിലും മകൾ വീട്ടിലെത്താതെ അദ്ദേഹത്തെ എത്തിക്കരുതെന്ന് എല്ലാവരും ചട്ടം കെട്ടിയിരുന്നു. പരമാവധി വേഗം കുറച്ചു കാറോടിച്ചു. വേഗം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അസഹിഷ്ണുത കാണിച്ചുതുടങ്ങി. നാലുതവണ വീടിനു സമീപമുള്ള വഴിയേ പോയിട്ടും മകൾ വീട്ടിലെത്താതിരുന്നതിനാൽ ഗതിമാറ്റി ഓടിച്ചുകൊണ്ടിരുന്നു. മൊബൈലിൽ ജന്മദിനസന്ദേശങ്ങൾക്കു മറുപടി നൽകിയിരുന്ന അദ്ദേഹം പലപ്പോഴും അതറിഞ്ഞില്ല. എങ്കിലും സഹികെട്ട് എന്തൊക്കെയോ പറഞ്ഞ് അദ്ദേഹം കോളറിൽ പിടിച്ചുതള്ളി. 

ഒടുവിൽ മകൾ എത്തി വന്നോളൂ എന്ന നിർദേശം കിട്ടിയതോടെ അദ്ദേഹത്തെ വീട്ടിലെത്തിച്ചു. കാറിൽനിന്നു സാധനങ്ങൾ എടുത്തുവയ്ക്കാൻ പോലും അദ്ദേഹം ദേഷ്യം കൊണ്ടു സമ്മതിച്ചില്ല. എന്നാൽ, വാതിൽ തുറന്നു മകളെ കണ്ടതോടെ സന്തോഷത്തോടെ തുള്ളിച്ചാടി. കാർ വൈകിച്ചതിന്റെ രഹസ്യം മനസ്സിലാക്കിയപ്പോൾ എന്നെ കെട്ടിപ്പിടിച്ച് പുറത്തുതട്ടി സ്പാനിഷിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു... ഒന്നും മനസ്സിലായില്ലെങ്കിലും ക്ഷമിക്കടാ ഉവ്വേ, പോട്ടെ എന്നാണെന്നു തോന്നി...

കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ്

ലീഗ് മത്സരത്തിൽ അൽവാസൽ ക്ലബ്ബും അൽഐൻ ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ് ഡീഗോയുടെ പിതാവ് ഗുരുതരാവസ്ഥയിലാണെന്ന സന്ദേശം എത്തിയത്. കളി തീരാറായതോടെ അദ്ദേഹത്തോടു വിവരം പറഞ്ഞു. കുട്ടികളെപ്പോലെ പൊട്ടിക്കരയുന്ന ഡീഗോയെയാണു കണ്ടത്. അൽഐൻ മുതൽ ദുബായ് വരെ എങ്ങനെ കാറോടിച്ചെത്തിയെന്ന് എനിക്കും അറിയില്ല. കാരണം അദ്ദേഹവും പിതാവുമായുള്ള ബന്ധം നേരിട്ടു പലപ്പോഴും കണ്ടിട്ടുള്ളതാണ്. 

എല്ലാ ദിവസവും സ്കൈപ്പിൽ വിളിക്കുമായിരുന്നു. അദ്ദേഹം അർജന്റീനയിലെത്തി മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ പിതാവു മരിച്ചു. പെങ്ങൾ ഹെലനോടും നല്ല സ്നേഹമായിരുന്നു. പലതവണ അവരെ ദുബായിലെ വില്ലയിൽ കൊണ്ടുവന്നിട്ടുണ്ട്. അമ്മയോടും അദ്ദേഹത്തിനു നല്ല അടുപ്പമുണ്ടായിരുന്നെന്നു മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഉമ്മ വീണു കിടപ്പിലായതറിഞ്ഞ് അവധിക്കു നാട്ടിലേക്കു പോയ എന്നെ മൂന്നാം ദിവസം ഡീഗോ വിഡിയോ കോൾ ചെയ്തത്. ഉമ്മയുമായും അദ്ദേഹം എന്തൊക്കെയോ പറഞ്ഞു. ഉമ്മ തിരികെ കൈവീശിക്കാണിച്ചപ്പോൾ അദ്ദേഹത്തിനു സന്തോഷമായി. അതൊന്നും ഒരിക്കലും മറക്കാനാകില്ല. 

മത്സരമുണ്ടോ, വെള്ളപ്പൂക്കൾ വേണം

ക്ലബ്ബിനു മത്സരമുള്ള ദിവസം യേശുവിന്റെ ചിത്രത്തിനു മുന്നിൽ വെള്ളപ്പൂക്കൾ വച്ചു പ്രാർഥിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. രാവിലെ ജുമൈറയിൽ പോയി പൂക്കൾ വാങ്ങിനൽകും. മുറിയുടെ ഒരുവശത്ത് തളികയിൽ യേശുവിന്റെ ചിത്രം. അതിനു മുന്നിൽ നല്ല തടിച്ച സ്വർണമാല ഹൃദയത്തിന്റെ ആകൃതിയിൽ വച്ചിട്ടുണ്ട്.

അതിൽ വെള്ളപ്പൂക്കൾ വച്ചാണു പ്രാർഥന. വീട്ടിൽ എപ്പോഴും മെഴുകുതിരി വേണമെന്നും അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. കിടപ്പുമുറിയിൽ കട്ടിലിനരികിലെ കൊച്ചുമേശയിൽ സ്പാനിഷ് ബൈബിൾ വച്ചിരിക്കും. വായിക്കുന്ന ഭാഗത്തിന്റെ മൂല മടക്കിവയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. പള്ളിയിൽ പോയിക്കണ്ടിട്ടില്ല. മത്സരത്തിന്റെ തലേദിവസവും ‘പച്ച’മനുഷ്യനായിരിക്കും.

മൊബൈൽ ഹരം, പാട്ട് പ്രിയം

മൊബൈൽ ഫോണുകളും കാറുകളും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. ഏറ്റവും പുതിയ മൊബൈൽ ഫോൺ എമിറേറ്റ്സ് മാളിലെ മൊബൈൽ കടയിൽനിന്നു വാങ്ങിയിരിക്കും. കാറുകളുടെ നിരയും ഉണ്ടായിരുന്നു. ആദ്യം വെള്ള റോൾസ് റോയ്സായിരുന്നു. പിന്നീടു നീല വാങ്ങി. ഫെറാറി, ബിഎംഡബ്ല്യുഐ8, വെള്ളനിറത്തിലുള്ള റാംഗ്ലർ ജീപ്പ് എന്നിവ ഇവിടെയുണ്ടായിരുന്നു. നിസാൻ പെട്രോൾ കാറാണ് ഞാൻ ഓടിച്ചിരുന്നത്. മാസത്തിൽ രണ്ടു പ്രാവശ്യം എമിറേറ്റ്സ് മാളിലെ കാർഫോറിൽ സാധനങ്ങൾ വാങ്ങാനിറങ്ങുമായിരുന്നു.

കറുത്ത തൊപ്പിയും കറുത്ത ഗ്ലാസും ധരിച്ച് ആർക്കും അത്ര പെട്ടെന്നു മനസ്സിലാകാത്ത രീതിയിലാവും ഇറങ്ങുക. പക്ഷേ, നിക്കറിട്ടിരിക്കുമ്പോൾ കാലിലും മറ്റും പച്ച കുത്തിയിരിക്കുന്നതു കണ്ട് ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മകൾ ഡാൽമയുടെ മകൻ ബെഞ്ചമിന്റെ പേരും ഫിദൽ കാസ്ട്രോയുടെ ചിത്രവും പച്ച കുത്തിയിട്ടുണ്ട്. ചെ ഗവാരയുടെ ചിത്രം തോളിൽ വരച്ചിട്ടുണ്ട്. യാത്രയിലുടനീളം സ്പാനിഷ് പാട്ടുകൾ കേൾക്കുന്നതും ഇഷ്ടമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എഴുതിയ പാട്ടുകളും കേൾക്കും. പാട്ടു വച്ച് അതിനൊപ്പം നൃത്തം ചെയ്യുന്നതും കണ്ടിട്ടുണ്ട്. ഷോപ്പിങ് സമയത്ത് കൊച്ചുകുട്ടികളെപ്പോലെ ചോക്ലേറ്റ് വാങ്ങിക്കൂട്ടും.

MARADONASULAIMAN2

സ്വന്തം ചിത്രങ്ങൾ പത്രത്തിൽ അച്ചടിച്ചു വരുന്നതു കണ്ട് രസിക്കും. പലപ്പോഴും അതു പിടിച്ചു നോക്കിയിരിക്കുന്ന ചിത്രങ്ങളും മൊബൈലിൽ എടുപ്പിച്ചിട്ടുണ്ട്. നീന്തൽ ഇഷ്ടമായിരുന്നു. മാസത്തിൽ മൂന്നു തവണയെങ്കിലും ടേബിൾ ടെന്നിസ് കളിക്കാൻ മദീനത് ജുമൈറ ഹോട്ടലിലെ കോർട്ടിൽ പോകുമായിരുന്നു. ഏതു പാതിരാത്രിയിലും ഫുട്ബോൾ കാണുമായിരുന്നു. കളി കാണാൻ വിളിച്ചുണർത്തണമെന്നു പറഞ്ഞേൽപിക്കും. വലിയ സ്ക്രീനുള്ള ടിവിയിൽ കളികണ്ടു രസിക്കും. വീട്ടിലെ ജിമ്മിലായിരുന്നു അഭ്യാസങ്ങൾ. ഒരു മുറി നിറയെ ഷൂസും ടിഷർട്ടുകളും ഉണ്ടായിരുന്നു. ഷൂസിന്റെ സൈസ് ചെറുതായിരുന്നതുകൊണ്ട് സമ്മാനമായി തരുന്നത് ഉപയോഗിക്കാൻ കഴിയാതെ സുഹൃത്തുക്കൾക്കു നൽകിയിട്ടുണ്ട്. ഒലിവ് ഓയിൽ മാത്രം പുരട്ടി ഗ്രിൽ ചെയ്ത ചിക്കനും ബീഫുമായിരുന്നു പ്രിയം. സാലഡുകളും ചീസും കഴിക്കും.

കാറിന്റെ നമ്പറിന്  ശ്രമിച്ചു, കിട്ടിയില്ല

സെവൻ എസ് ഐഫോണും ഹുബ്ലോ വാച്ചും സമ്മാനമായി തന്നിട്ടുള്ള ഡീഗോ, പണമാണു കൂടുതലായി തന്നിട്ടുള്ളത്, പ്രത്യേകിച്ചു വീട്ടിലേക്കു പോകുമ്പോൾ. 2015ൽ വീടുപണി പൂർത്തിയാക്കി. അതിനു ശേഷം ഒരു കാർ വാങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഡീഗോയുടെ വക്കീൽ അർജന്റീനയിൽ നിന്നെത്തിയപ്പോൾ ഇക്കാര്യം സൂചിപ്പിച്ചു. അദ്ദേഹം അടുത്തദിവസം തന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്തോളാൻ പറഞ്ഞു. കാറിന്റെ നമ്പർ മറഡോണ 10 എന്നു വരുന്ന രീതിയിൽ എം10 എന്നതു കിട്ടുമോ എന്ന് കഴിവതും ശ്രമിക്കാനും പറഞ്ഞു. ആൾട്ടോ കാർ വാങ്ങി കെഎൽ 85 ഡബ്ല്യു 10 ആണു കിട്ടിയത്. ഭാര്യ സുമയ്യ, മക്കളായ ഷാമിലി, സാബിത്ത് എന്നിവരെ ദുബായിലെത്തിച്ച ഡീഗോ അവർക്കും സമ്മാനങ്ങൾ നൽകിയാണു യാത്രയാക്കിയത്  (ഷെമീം, ഷംന എന്നിങ്ങനെ രണ്ടു മക്കൾ കൂടിയുണ്ട് സുലൈമാന്).

പച്ചമനുഷ്യനായ മറഡോണയെ അടുത്തുകണ്ട സുലൈമാന് ഡീഗോയുടെ കുറവുകൾ പറയാൻ താൽപര്യമില്ല. ദൈവത്തെ എങ്ങനെ കുറ്റപ്പെടുത്തും എന്ന പോലെ പല ചോദ്യങ്ങൾക്കും നീണ്ട നിശ്ശബ്ദത മറുപടിയാക്കി. ഒരു മരുന്നുകമ്പനിയുടെ ഡ്രൈവറാണിപ്പോൾ സുലൈമാൻ.

വിശ്വാസം വരുന്നില്ല

ഡിയേഗോ മറഡോണ എന്ന ഇതിഹാസത്തിന്റെ മരണം മുൻപു പലതവണ കേട്ടതിനാൽ 25നു രാത്രി സമൂഹമാധ്യമങ്ങളിൽ വിവരം കണ്ടിട്ടും സുലൈമാനു വിശ്വസിക്കാനായില്ല. ഒടുവിൽ ഡിയേഗോയുടെ മകൾ ഡാൽമയ്ക്കു തന്നെ സന്ദേശം അയച്ചാണു സത്യാവസ്ഥ മനസ്സിലാക്കിയത്. മരണത്തിന്റെ ക്രോസ്ബാറിലേക്ക് പൊടുന്നനെ ഉയർന്ന് ദൈവത്തിന്റെ കൈയിലേക്കു പോയ ആ യാത്ര ഉൾക്കൊള്ളാൻ വയ്യാതെ സുലൈമാൻ ഇപ്പോഴും വേദനയോടെ പറയുന്നു: എനിക്ക് ഒട്ടും വിശ്വസിക്കാനാകുന്നില്ല...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com