ADVERTISEMENT

പതിനൊന്നാം പിറന്നാളിന് ഐശ്വര്യയ്ക്ക് അച്ഛൻ സമ്മാനിച്ചത് ഒരു ക്യാമറയാണ്. ഒരു കൗതുകത്തിന് ഓടിനടന്നു ചിത്രമെടുത്തു തുടങ്ങിയ ആ പെൺകുട്ടിക്കതു പതിയെ പാഷനായി, പിന്നെ പ്രഫഷനും. ഒടുവിൽ 12 വർഷങ്ങൾക്കിപ്പുറം ലോകമെമ്പാടും പേരെടുത്ത വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർമാരുടെ അൻപതിനായിരത്തിലേറെ എൻട്രികൾ മറികടന്ന് ‘വേൾഡ് വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്കാരം’. അവാർഡിന്റെ 56 വർഷത്തെ ചരിത്രത്തിനിടയിൽ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു ഇന്ത്യക്കാരിയാണ് മുംബൈയിൽനിന്നുള്ള ഐശ്വര്യ ശ്രീധർ – പാലക്കാട്ടുകാരായ ശ്രീധർ രംഗനാഥന്റെയും റാണി ശ്രീധറിന്റെയും മകൾ.

 ആദ്യം ഹോബി

ഐശ്വര്യയ്ക്കു നീന്തലും നൃത്തവും എഴുത്തുമൊക്കെപ്പോലെ വെറുമൊരു ഹോബി മാത്രമായിരുന്നു ഫൊട്ടോഗ്രഫി. പൻവേലിലെ വീടും ഹരിതഭംഗിയുള്ള ചുറ്റുപാടുമായിരുന്നു ലൊക്കേഷൻ. മുറ്റത്തെ പൂന്തോട്ടത്തിൽ ഇടയ്ക്കിടെ എത്തുന്ന മയിലും പൂമ്പാറ്റകളും കുയിലും കുരുവിയുമെല്ലാം ആദ്യ ‘മോഡലു’കളായി. തോട്ടത്തിൽ അന്നു കാട്ടുപന്നികളെയൊക്കെ കാണാമായിരുന്നു. ഒളിഞ്ഞിരുന്ന് അവയെയൊക്കെ ക്യാമറയിലാക്കും. അങ്ങനെയങ്ങനെയാണ് ഫൊട്ടോഗ്രഫിയിലെ ബാലപാഠങ്ങൾ പഠിച്ചത്.

aiswaryaphotographerpics
ഐശ്വര്യ ശ്രീധർ പകർത്തിയ ചിത്രങ്ങൾ.

കാടിന്റെ കാഴ്ചകളിലേക്ക്

ഏഴ് – എട്ടു വയസ്സിലൊക്കെ അച്ഛനൊപ്പം ചെറിയ വനയാത്രകൾക്കും ട്രെക്കിങ്ങിനും പോയിരുന്നു ഐശ്വര്യ. ചിത്രമെടുത്തു തുടങ്ങിയതോടെ യാത്രകളിൽ ക്യാമറയും ബാഗിലുണ്ടാകും. പല ചിത്രങ്ങളും അക്കാലത്തുതന്നെ പ്രിന്റ് ചെയ്തു വന്നു. മാസ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷമാണ് വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫിയും സിനിമാസംവിധാനവും കരിയറാക്കാൻ തീരുമാനിച്ചത്. കല്യാൺ വർമയും രാധിക രാമസ്വാമിയുമാണ് വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫിയിൽ ഐശ്വര്യയുടെ ‘റോൾ മോഡൽസ്’.

കേരളത്തിൽ കോഴിക്കോട്ടും ഗുരുവായൂരും പാലക്കാട്ടുമൊക്കെ കുടുംബക്കാരെ കാണാൻ ഇടയ്ക്ക് എത്താറുണ്ടെങ്കിലും വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫി പരീക്ഷണങ്ങൾക്ക് ഇടമായത് നമ്മുടെ സൈലന്റ്‌വാലി മാത്രം – സിംഹവാലൻ കുരങ്ങുകളെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാനാണ് ഐശ്വര്യ അന്ന് എത്തിയത്.

ഗുജറാത്ത് വനങ്ങളിലെ കഴുതപ്പുലികളുടെ ഭക്ഷണശീലങ്ങളും ആവാസവ്യവസ്ഥയും പകർത്താനുള്ള യാത്രകളാണ് മറക്കാനാവാത്ത അനുഭവമായി ഐശ്വര്യ പറയുന്നത്.

ഒരിക്കൽ മുംബൈയിലെ കടപ്പുറത്ത് കടൽക്കാക്കകളുടെ ചിത്രം പകർത്തുകയായിരുന്നു. അതിനിടെ അപകട മുന്നറിയിപ്പൊന്നും കണ്ണിൽപെട്ടില്ല, ശ്രദ്ധയത്രയും ആ പക്ഷികളിലായിരുന്നു. കൂടുതൽ കൂടുതൽ അടുത്തേക്കു പോയി ചിത്രമെടുക്കാൻ ശ്രമിക്കവേ പെട്ടെന്ന് അവ പറന്നുപോയി. പതിയെ തിരിച്ചു നടക്കാനൊരുങ്ങുമ്പോഴാണ് മണൽക്കുഴിയിലകപ്പെട്ടതായി മനസ്സിലായത്. അപകടകരമായ മരണമുഖത്തുനിന്നാണ് അന്ന് ഒരുവിധം രക്ഷപ്പെട്ടത്.

പരിസ്ഥിതി പ്രവർത്തക, ഫിലിം മേക്കർ

11–ാം വയസ്സിൽ മധ്യപ്രദേശിലെ പെൻച് നാഷനൽ പാർക്കിൽ കണ്ട ഒരു കടുവയുടെ ദൃശ്യം ഐശ്വര്യയുടെ മനസ്സിൽ പതിഞ്ഞിരുന്നു. അധികം വൈകാതെ ആ കടുവ വേട്ടയാടപ്പെട്ടതു വല്ലാതെ സങ്കടപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിനായി എഴുതാൻ ഇതു പ്രേരണയായി. എഴുത്തും ഡോക്യുമെന്ററികളും വഴി പോരാട്ടം തുടർന്നു. ഒട്ടേറെ ശിൽപശാലകളും ക്യാംപുകളും സംഘടിപ്പിച്ചുവരുന്നു. ചാനലുകളിലും ടിവി ഷോകളിലും വൈൽഡ്‌ലൈഫ് പ്രസന്ററായും എത്താറുണ്ട്.

ഈ വർഷമാദ്യം മഹാരാഷ്ട്രയിലെ ഭണ്ഡാരധര ഭാഗത്തുനിന്നെടുത്ത ‘ലൈറ്റ്സ് ഓഫ് പാഷൻ’ എന്ന ചിത്രമാണ് അവാർഡിനായി തിരഞ്ഞെടുത്തത് – ആയിരക്കണക്കിനു മിന്നാമിനുങ്ങുകൾ ചുറ്റിപ്പറക്കുന്ന ഒറ്റമരത്തിന്റെ ചിത്രം – എപ്പോഴോ കയ്യിലെത്തിയ പഴയൊരു പത്രത്താളിൽനിന്നാണ് ഐശ്വര്യ സ്ഥലത്തെപ്പറ്റി അറിയുന്നത്. പിന്നീടു പല രാത്രികളിലെ പ്രയത്നത്തിനൊടുവിലാണ് ചിത്രം പകർത്തിയത്. അങ്ങനെ 23–ാം വയസ്സിൽ വേൾഡ് വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ അഡൽറ്റ് കാറ്റഗറിയിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി ഐശ്വര്യ.

സ്വപ്നം, കുടുംബം

ഹിമാലയൻ മേഖലയിലും മറ്റും കാണപ്പെടുന്ന ഹിമപ്പുലികളുടെ ലൈഫ്സ്റ്റൈൽ പകർത്താനുള്ള ഒരുക്കത്തിലാണിപ്പോൾ ഐശ്വര്യ. ലണ്ടനിൽ നടക്കേണ്ടിയിരുന്ന അവാർഡ് സമർപ്പണച്ചടങ്ങ് കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് സംഘടിപ്പിച്ചത്. 23 വർഷം മുൻപ് ഐശ്വര്യ ജനിച്ചപ്പോൾ ജോലിയുപേക്ഷിച്ചു കൂടെനിന്ന അമ്മ റാണിക്കും ക്യാമറയിൽ ഹരിശ്രീ കുറിപ്പിച്ച അച്ഛനുമുള്ള ആദരമാണ് ഐശ്വര്യയ്ക്കീ വിജയം.

മകളുടെ അധ്വാനത്തിന് അർഹിക്കുന്ന അംഗീകാരമെന്ന് മാതാപിതാക്കൾ. അല്ലെങ്കിലും മനസ്സിൽ വരച്ചിട്ട ഒരു ഫ്രെയിമിന്റെ പൂർണതയ്ക്കായി രാപകലുകൾ മറന്ന് കൊടുങ്കാടും കുന്നും മലകളും കയറിയിറങ്ങുന്ന, വനാതിർത്തികളിൽ ഉറക്കംപോലും ഉപേക്ഷിച്ചു കാവലിരിക്കുന്ന, ഒറ്റയ്ക്കു വഴിവെട്ടിത്തെളിച്ച് ഫോട്ടോവേട്ടയ്ക്കിറങ്ങുന്ന മകളുടെ ഇഷ്ടങ്ങളും സാഹസങ്ങളും കഠിനാധ്വാനവും അവരോളം അറിയുന്ന മറ്റാരുണ്ട്?

tiger

പുരസ്കാരത്തിളക്കം

സ്കൂൾകാലത്തു തന്നെ ഫൊട്ടോഗ്രഫി മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. 14–ാം വയസ്സിൽ സാങ്ച്വറി ഏഷ്യ യങ് നാച്ചുറലിസ്റ്റ് അവാർഡ്, ഇന്റർനാഷനൽ ക്യാമറ ഫെയർ അവാർഡ്, വിമൻ ഐക്കൺ അവാർഡ്, ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പ്രിൻസസ് ഡയാന അവാർഡ്, നെക്സ്ജെൻ ഷോർട് ഫിലിം ഫെസ്റ്റിവലിൽ എക്സലൻസ് ഇൻ ഷോർട് ഫിലിം അവാർഡ്, ന്യൂയോർക്ക് വൈൽഡ്‌ലൈഫ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് അമച്വർ ഫിലിം അവാർഡ്, യങ് ഡിജിറ്റൽ ക്യാമറ ഫൊട്ടോഗ്രഫർ അവാർഡ്. ഇപ്പോൾ വേൾഡ് വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്കാരവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com