കേരളത്തിന്റെ സ്വന്തം വിജയലക്ഷ്മി

Vijayalakshmi
ഡോ. വിജയലക്ഷ്മി രമണനും ഭർത്താവ് ഡോ. കെ.വി.രമണനും മക്കളായ സുകന്യയ്ക്കും സുകുമാറിനുമൊപ്പം.
SHARE

സ്വ‌പ്രയത്നത്താൽ ഉയരങ്ങളിലെത്തി രാജ്യത്തിന്റെ മുഴുവൻ ആദരം ഏറ്റുവാങ്ങിയിട്ടും ജനിച്ച നാടിന് അന്യരായിത്തീർന്നവരിലൊരാളാണ് റിട്ട. വിങ് കമാൻഡർ ഡോ. വിജയലക്ഷ്മി രമണൻ: ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ. രാജ്യത്തിന്റെ അഭിമാനമായ ആ പ്രതിഭയെ നമ്മൾ അറിഞ്ഞത് തമിഴ്നാട്ടുകാരിയായാണ്.

ഒക്ടോബർ 18ന് 96–ാം വയസ്സിലായിരുന്നു അവരുടെ മരണം. കേരളത്തിലെ പ്രശസ്ത സംഗീതകുടുംബാംഗമായിട്ടും മരണവാർത്തകളിൽപോലും വിജയലക്ഷ്മി കേരളത്തിന്റെ മകളായില്ല. 

എറണാകുളത്തുനിന്നുള്ള യാത്ര

തിരുവിതാംകൂർ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു ത്യാഗരാജ ശിഷ്യപരമ്പരയിൽപെട്ട അപ്പു ഭാഗവതർ. അദ്ദേഹത്തിന്റെ കുടുംബത്തിലെ നാലാം തലമുറക്കാരിയാണ് വിജയലക്ഷ്മി. ഭാഗവതരുടെ മകനും പ്രശസ്ത സംഗീതജ്ഞനും അഭിഭാഷകനുമായ ടി.എ. ദൊരൈസ്വാമിയുടെ മകൻ ടി.ഡി.നാരായണ അയ്യരുടെ മകൾ. സ്വാമി വിവേകാനന്ദനെപ്പോലും തന്റെ ആരാധകനാക്കിയ അദ്ഭുതപ്രതിഭയായ ദൊരൈസ്വാമിയുടെ എറണാകുളം തൃപ്പൂണിത്തുറയിലെ വീട് എന്നുമൊരു സംഗീതസദസ്സായിരുന്നു. അതാണ് വിജയലക്ഷ്മിയുടെ അച്ഛന്റെ വീട്.

s radhakrishnan
ഡോ.വിജയലക്ഷ്മി രമണൻ മുൻ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണനോടൊപ്പം.

നാരായണ അയ്യരുടെയും പാലക്കാട് ചാത്തപുരം കാരയ്ക്കാർ കുടുംബത്തിലെ അനന്തലക്ഷ്മിയുടെയും മകളായി 1924 ഫെബ്രുവരി 27നു പാലക്കാട്ടായിരുന്നു വിജയലക്ഷ്മിയുടെ ജനനം. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തയാളാണ് നാരായണ അയ്യർ. അദ്ദേഹത്തിനു ജോലി തമിഴ്നാട്ടിലായിരുന്നതിനാൽ വിജയലക്ഷ്മി വളർന്നതും പഠിച്ചതുമെല്ലാം തമിഴ്നാട്ടിൽ. പിന്നീടു ജോലി ചെയ്തതും താമസിച്ചതും ബെംഗളൂരുവിൽ. അതുകൊണ്ടായിരിക്കാം, അവർ നമുക്കു മറുനാട്ടുകാരിയായതും. സ്കൂൾ പഠനത്തിനു ശേഷം മദ്രാസ് പ്രസിഡൻസി കോളജിൽനിന്നു ബിഎസ്‌സിയും മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസും പൂർത്തിയാക്കി. ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയിലായിരുന്നു മാസ്റ്റേഴ്സ് ബിരുദം. 

ഭർത്താവിന്റെ വഴിയേ...

പാലക്കാട് കൽപാത്തി ഗ്രാമത്തിലെ ഡോ. കെ.എസ്.വിശ്വനാഥന്റെ മകൻ ഡോ. കെ. വി.രമണനെയാണ് വിജയലക്ഷ്മി വിവാഹം ചെയ്തത്. പാലക്കാട് വിക്ടോറിയ കോളജിൽനിന്നു ഡിഗ്രി പൂർത്തിയാക്കിയ വിശ്വനാഥൻ, ഹാർവഡ് മെഡിക്കൽ സ്കൂളിൽനിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി. മദ്രാസ് പ്രസിഡൻസിയിലെ പബ്ലിക് ഹെൽത്ത് വിഭാഗം ഡയറക്ടറായിരുന്നു.

ഡോക്ടറും വ്യോമസേനയിൽ വിങ് കമാൻഡറുമായിരുന്ന രമണൻ തന്നെയാണ് ഭാര്യയ്ക്കു വേണ്ടി വ്യോമസേനയിലേക്ക് അപേക്ഷ നൽകിയത്. വീട്ടുകാരും പിന്തുണച്ചു. 1955ൽ വ്യോമസേനാ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി വിജയലക്ഷ്മി നിയമിതയായി. വ്യോമസേനയിലെ ആദ്യ ഉദ്യോഗസ്ഥ ദമ്പതികൾ കൂടിയായി വിജയലക്ഷ്മിയും രമണനും. 

Vijayalakshmi's daughter Sukanya
സുകന്യ ലക്ഷ്മി നാരായൺ

ഒരുക്കിയെടുത്ത യൂണിഫോം

ഡോക്ടറായതുകൊണ്ടും ആദ്യ വനിതാ ഉദ്യോഗസ്ഥയായതുകൊണ്ടും സേനയിൽ ചേരുന്നതിനു പ്രത്യേക കായിക പരിശീലന പരീക്ഷകളൊന്നും വിജയലക്ഷ്മിക്കു നേരിടേണ്ടി വന്നില്ലെന്നു മാത്രമല്ല, സ്വന്തം യൂണിഫോം ഡിസൈൻ ചെയ്യാനുള്ള ഭാഗ്യവും അവർക്കു ലഭിച്ചു. യൂണിഫോമിനായി നീലനിറത്തിലുള്ള കശ്മീരി സിൽക്കിന്റെ തുണിയാണ് അധികൃതർ നൽകിയത്. വളരെ കനം കുറഞ്ഞതും മങ്ങിയ നിറത്തിലുള്ളതുമായ തുണിയിൽ തൃപ്തി തോന്നാതെ വിജയലക്ഷ്മി ബാംഗ്ലൂർ സിൽക് തുണി വാങ്ങി ഡൈയിൽ മുക്കിയെടുത്തു. മേലുദ്യോഗസ്ഥരെ കാണിച്ചപ്പോൾ സമ്മതം മൂളി. സാരിയും ഷർട്ടുമായിരുന്നു യൂണിഫോം. 

ഷർട്ട് ഫുൾ സ്ലീവ് വേണമെന്ന് അധികൃതർ നിർബന്ധം പറഞ്ഞപ്പോൾ ഗൈനക്കോളജിസ്റ്റിന് അതു ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തെരുത്തുകയറ്റി വയ്ക്കാനുള്ള അനുവാദം വിജയലക്ഷ്മി ചോദിച്ചു. എന്നാൽ, കൈമുട്ടുവരെയുള്ള സ്ലീവ് ധരിച്ചോളൂ എന്നായി ഉദ്യോഗസ്ഥർ. 

വ്യോമസേനയിലെ ആദ്യ വനിതാ എയർമാഷൽ പത്മ ബാന്ദോപാധ്യായ വിജയലക്ഷ്മിയുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്. അവർ തമ്മിൽ വലിയ ആത്മബന്ധമായിരുന്നു. പത്മയുടെ കുഞ്ഞുങ്ങളും വിജയലക്ഷ്മിയുടെ കൈകളിലേക്കാണു പിറന്നുവീണത്. 

വിജയസംഗീതം

പാരമ്പര്യമായി ലഭിച്ച സംഗീതം തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും തേച്ചുമിനുക്കി കൂടെക്കൂട്ടി വിജയലക്ഷ്മി. 15 വയസ്സു മുതൽ ആകാശവാണിയിൽ പാടിത്തുടങ്ങിയ അവർ 1971 വരെ ലൈവ് ആയി പരിപാടി അവതരിപ്പിച്ചു. ജോലിയിൽ തുടരുമ്പോഴും ആകാശവാണിയിൽ പരിപാടി അവതരിപ്പിക്കാനുള്ള പ്രത്യേക അനുവാദം വ്യോമസേന നൽകിയിരുന്നു.

സ്വാതന്ത്ര്യസമര കാലത്ത് മദ്രാസിൽ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ ദേശഭക്തിഗാനം പാടുന്ന സ്ഥിരം ഗായിക കൂടിയായിരുന്നു വിജയലക്ഷ്മി. സംഗീതസഭകളിലെ സ്ഥിരസാന്നിധ്യം. കർണാടക സംഗീതത്തിൽ അതീവ തൽപരയായിരുന്ന അവർ ഓപ്പറേഷൻ തിയറ്ററിൽ പോലും പാട്ടു പാടാറുണ്ടായിരുന്നെന്ന് വിജയലക്ഷ്മിയുടെ മകൾ സുകന്യ ലക്ഷ്മി നാരായൺ ഓർക്കുന്നു. ‘‘കച്ചേരികൾക്കു പോകുമ്പോൾ ഞങ്ങളെയും അമ്മ കൊണ്ടുപോകും. ഞങ്ങളുടെ സംഗീതപഠനത്തിലും പ്രത്യേകം ശ്രദ്ധിച്ചു. സംഗീതം പഠിക്കുന്ന സമയത്ത് ഞങ്ങൾക്കൊപ്പം ഇരിക്കും. കുറെപ്പേർക്കു സംഗീതം പകർന്നുകൊടുക്കാനും അമ്മ സമയം കണ്ടെത്തി’’– സുകന്യ  പറഞ്ഞു. ആ വലിയ സംഗീതപാരമ്പര്യം വിജയലക്ഷ്മിയുടെ മകന്റെ മകനിലൂടെ ഇന്നും തുടരുന്നു. 

മനക്കരുത്തോടെ... 

1971ൽ രമണൻ മരിക്കുമ്പോൾ സുകന്യയ്ക്കു 14 വയസ്സും സഹോദരൻ സുകുമാറിനു 13 വയസ്സുമാണ് പ്രായം. ആ വലിയ ദുഃഖത്തിലും കുടുംബത്തെ താങ്ങിനിർത്തിയത് രമണന്റെ മാതാപിതാക്കളും സഹോദരിമാരും ചേർന്നാണ്. ‘‘മുത്തശ്ശനും മുത്തശ്ശിയും അച്ഛന്റെ സഹോദരിമാരുടെ മക്കളുമെല്ലാം ചേർന്ന് കൂട്ടുകുടുംബമായിട്ടായിരുന്നു ഞങ്ങളുടെ താമസം. പ്രയാസങ്ങളെ മറികടക്കാൻ ഒരു പരിധി വരെ അതു സഹായിച്ചു. 14 വയസ്സു മുതൽ സ്വന്തമായി വാഹനം ഓടിക്കുന്നയാളായിരുന്നു അമ്മ. സ്വന്തം കാലി‍ൽ നിൽക്കാനുള്ള ധൈര്യം അന്നേ ഉണ്ടായിരുന്നു. ഞങ്ങളെ വളർത്തിയതും അങ്ങനെതന്നെ. സ്വതന്ത്രരായി വളരാൻ പഠിപ്പിച്ചു.’’–‌ സുകന്യ പറഞ്ഞു. 

സങ്കടസമയത്ത് വ്യോമസേനയും സഹായഹസ്തവുമായി വിജയലക്ഷ്മിക്കൊപ്പം നിന്നു. ഷോർട് സർവീസ് കമ്മിഷനിൽനിന്ന് പെർമനന്റ് കമ്മിഷനിലേക്കു നിയമനം നൽകി, ഉയർന്ന റാങ്ക് നൽകി. മാത്രമല്ല, ബെംഗളൂരുവിൽനിന്നു പിന്നീടു സ്ഥലം മാറ്റിയതുമില്ല.

ജോലിയിലെ കാർക്കശ്യം

ജോലിയിൽ ഒരു വിട്ടുവീഴ്ചയും െചയ്യാത്ത ആളായിരുന്നു വിജയലക്ഷ്മി. രാവെന്നോ പകലെന്നോ നോക്കാതെ, ആശുപത്രിയിൽനിന്നു ഫോൺ വരുന്ന നിമിഷം പോകാൻ തയാറായിട്ടുണ്ടാകും. ആയമാർ ചെയ്യേണ്ട ജോലിപോലും ഒരു മടിയുമില്ലാതെ അമ്മ ചെയ്യുമായിരുന്നെന്ന് സുകന്യ. ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കി വിജയലക്ഷ്മിയുടെ ഭർത്താവിന്റെ അച്ഛനമ്മമാരും പൂ ർണ പിന്തുണയോടെ കൂടെനിന്നു. തികഞ്ഞ ആത്മാർപ്പണത്തോടെ ജോലി ചെയ്ത അവരെ വിശിഷ്ട സേവാമെഡൽ നൽകി സേന ആദരിച്ചു. 

1979ലാണ് വിജയലക്ഷ്മി സേനയിൽനിന്നു വിരമിക്കുന്നത്. സ്വകാര്യ പ്രാക്ടീസൊന്നും വശമില്ലാത്തതിനാൽ 80 വയസ്സുവരെ ബെംഗളൂരൂവിലെ ചില നഴ്സിങ് ഹോമുകളിൽ ഡോക്ടറായി സേവനം ചെയ്തു. അതിൽ ഭൂരിഭാഗവും സൗജന്യ സേവനമായിരുന്നു. 

കുടുംബം

35 വർഷമായി കൗൺസലിങ് രംഗത്തുള്ള സുകന്യ ബെംഗളൂരുവിലാണു താമസം. ഭർത്താവ് ഐടി ഉദ്യോഗസ്ഥനായിരുന്ന എസ്.വി.എൽ. നാരായൺ. ഇവർക്കു രണ്ട് ആൺമക്കളാണ്. 

വിജയലക്ഷ്മിയുടെ മകൻ സുകുമാർ അമേരിക്കയിൽ എൻജിനീയറാണ്. ഭാര്യ ചിത്ര. സുകുമാറിന്റെ മകൾ കുടുംബത്തിന്റെ ഡോക്ടർ പാരമ്പര്യം തുടരാനുള്ള പഠനത്തിലാണ്. മകനാകട്ടെ, സംഗീതജ്ഞനും.

ബന്ധുക്കളെ കാണാൻ ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ട് സുകന്യ. 

വിവേകാനന്ദനെ  വിസ്മയിപ്പിച്ച പാട്ടുകാരൻ

1892 ഡിസംബറിൽ കേരള സന്ദർശനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദൻ എറണാകുളത്തെത്തി. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഒരു വീട്ടിൽനിന്നു സംഗീതം കേട്ട അദ്ദേഹം ഒന്നു നിന്നു. എന്നിട്ട് ഗാനം ഒഴുകിവരുന്ന ‘സരസ്വതീവിലാസ്’ എന്ന വീട്ടിലേക്കു കയറിച്ചെന്നു. ദൊരൈസ്വാമി അയ്യരാണ് അവിടെ പാടിയിരുന്നത്. സംഗീതാസ്വാദകർ എന്നും തിങ്ങിക്കൂടിയിരുന്ന ദൊരൈസ്വാമിയുടെ വീട്ടിൽ ആ രാത്രി തങ്ങിയാണു വിവേകാനന്ദൻ മടങ്ങിയത്.

പ്രശസ്ത അഭിഭാഷകൻ കൂടിയായിരുന്ന ദൊരൈസ്വാമിയുടെ ബഹുമാനാർഥം എറണാകുളം നഗരത്തിലെ റോഡിനും അദ്ദേഹത്തിന്റെ പേരു നൽകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA