രാജ്യം കണ്ട തീപാറും സമര പട്ടികയിലേക്ക് കർഷകർ ട്രാക്ടറോടിച്ചു കയറിയതെങ്ങനെ?

farmers protest
പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡൽഹി - ഹരിയാന അതിർത്തിയിലെ സിംഘുവിൽ അണിനിരന്ന കർഷകർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നു.
SHARE

കർഷകരുടെ ജീവിതസമരം വിളഞ്ഞ കഥ...

ചീറിവന്ന ജലപീരങ്കിക്കു മുന്നിൽ അവർ നെഞ്ചുവിരിച്ചു നിന്നു. ജലപ്രവാഹത്തിനു മുന്നിൽ കൈകൾ കോർത്തുപിടിച്ചു; നിലയ്ക്കാത്ത മിസൈൽ പ്രവാഹം പോലെ ജലം തുപ്പിയ പീരങ്കികൾക്കു മുന്നിൽ തലകുനിക്കാതെ നിന്നവരിലൊരാൾ തൊണ്ടകീറി അലറി – ഇതാണു നമ്മുടെ ശക്തി – നെഞ്ചുവിരിച്ച്, കൈകൾ കോർത്ത്! ഹം ഹോംഗേ കാമ്‌യാബ് (നമ്മൾ അതിജീവിക്കും). 

കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ‘ദില്ലി ചലോ’ മുദ്രാവാക്യമുയർത്തി ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ച ലക്ഷക്കണക്കിനു കർഷകർ പുറത്തെടുത്തത് ഇതുവരെ ഇന്ത്യ കാണാത്ത സമരവീര്യം. മണ്ണിൽ ഉറച്ചുനിന്നു പോരാടിയ കർഷകന്റെ ശബ്ദം രാജ്യത്തുടനീളം അലയടിച്ചു. 

പഞ്ചാബിലെ കൃഷിയിടങ്ങളിൽ വിളഞ്ഞ പ്രക്ഷോഭമാണു ഡൽഹിയിലേക്കു പടർന്നു പന്തലിച്ചത്. കോവിഡിനെയും തണുപ്പിനെയും കേന്ദ്രത്തെയും വെല്ലുവിളിച്ച് അവർ നടത്തിയ സമരത്തിനു സമാനതകളില്ല. 3 ലക്ഷത്തിലധികം പേർ അണിനിരന്ന പ്രക്ഷോഭത്തിനായി പഞ്ചാബിലെ കർഷക സംഘടനകൾ നടത്തിയതു മാസങ്ങൾ നീണ്ട തയാറെടുപ്പ്. 

രാജ്യം കണ്ട തീപാറും സമരങ്ങളുടെ പട്ടികയിലേക്ക് പഞ്ചാബിലെ കർഷകർ ട്രാക്ടറോടിച്ചു കയറിയതെങ്ങനെയാണ്? മണ്ണിൽ വിത്തിറക്കുന്ന സൂക്ഷ്മതയോടെ അവർ നടത്തിയ തയാറെടുപ്പുകളുടെ അണിയറയിലേക്ക്...

ഒറ്റക്കെട്ടായി സംഘടനകൾ

കൃഷിമേഖലയിൽ ഭേദഗതികൾ വരുത്തി കേന്ദ്രസർക്കാർ ഓർഡിനൻസ് പാസാക്കിയത് ജൂൺ അഞ്ചിനാണ്. ഓർഡിനൻസിലെ പ്രതികൂല വ്യവസ്ഥകൾ തിരിച്ചറിഞ്ഞ കർഷക സംഘടനകൾ അതിനെതിരെ ശബ്ദമുയർത്തിയെങ്കിലും സർക്കാർ കുലുങ്ങിയില്ല. ഓർഡിനൻസിൽ പതിയിരിക്കുന്ന അപകടം ചൂണ്ടിക്കാട്ടി രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോഓർഡിനേറ്ററും മലയാളിയുമായ കെ.വി.ബിജു തയാറാക്കിയ ലേഖനം, പഞ്ചാബി ഭാഷയിലേക്കു തർജമ ചെയ്ത് കർഷകർക്കിടയിൽ സംഘടനകൾ വിതരണം ചെയ്തു. 

വിവിധ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മഹാസംഘിനു പുറമേ ഇടത് അനുകൂല സംഘടനയായ കിസാൻ സഭയും രംഗത്തിറങ്ങി. ഓർഡിനൻസിനു പകരം സെപ്റ്റംബറിൽ പാർലമെന്റിൽ നിയമങ്ങൾ പാസാക്കിയതോടെ കേന്ദ്രസർക്കാരിനെതിരെ പഞ്ചാബിൽ രോഷം ആളിക്കത്തി. നിയമങ്ങൾക്കെതിരെ പോരാടാനുറച്ച് പഞ്ചാബിലെ 31 കർഷക സംഘടനകൾ രംഗത്തിറങ്ങി. 

ആദ്യം കൃഷി,  പിന്നാലെ പ്രക്ഷോഭം

പ്രക്ഷോഭം കൃഷിയെ ബാധിക്കാതിരിക്കാൻ കർഷകർ മുൻകരുതലെടുത്തു. നവംബർ പകുതിയോടെ നെല്ലിന്റെ വിളവെടുപ്പു പൂർത്തിയാക്കി, പിന്നാലെ ഗോതമ്പു വിതച്ച ശേഷം പ്രക്ഷോഭത്തിനു തുടക്കമിടാൻ സംഘടനകളുടെ യോഗം തീരുമാനിച്ചു. കരുത്തുറ്റ കർഷകനേതാക്കളായ ബൽബീർ സിങ് രജേവാൾ, ജൊഗീന്ദർ സിങ് ഉഗ്രാഹ, ശിവ് കുമാർ കക്കാജി, ഗുർനാം സിങ് ചദുനി, ഹനൻ മൊള്ള തുടങ്ങിയവർ പ്രക്ഷോഭത്തിനുള്ള ഒരുക്കങ്ങളുടെ മുൻനിരയിൽ നിന്നു. ഇവരുൾപ്പെടെ 16 അംഗ ഏകോപന സമിതിക്കു നവംബർ ആദ്യവാരം രൂപംനൽകി. കെ.വി.ബിജു, സുൽത്താൻ ബത്തേരി മുൻ എംഎൽഎയും കിസാൻ സഭ സെക്രട്ടറിയുമായ പി.കൃഷ്ണപ്രസാദ് തുടങ്ങിയവരെയും സമിതിയിലുൾപ്പെടുത്തി. വിവിധ സംഘടനകളെ ഒരു കുടക്കീഴിൽ നിർത്താൻ നവംബർ 7നു സംയുക്ത കിസാൻ മോർച്ചയ്ക്കു രൂപംനൽകി. 

പിറ്റേന്നു യോഗം ചേർന്ന പഞ്ചാബിലെ കർഷകർ പ്രക്ഷോഭത്തിനാവശ്യമായ തയാറെടുപ്പുകൾക്കു തുടക്കമിട്ടു. ഗോതമ്പു പാകി, ഒരുവട്ടം കൃഷിയിടങ്ങൾ നനച്ച ശേഷം ട്രാക്ടറുകളുമായി ഡൽഹി ലക്ഷ്യമാക്കി നീങ്ങാൻ കർഷകരോടു നേതാക്കൾ ആഹ്വാനം ചെയ്തു. 

ഒരു ഗ്രാമത്തിൽ ആകെയുള്ള കർഷകരിൽ പകുതിപ്പേർ സമരത്തിനിറങ്ങിയാൽ മതിയെന്നു തീരുമാനിച്ചു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരുടെ കൃഷിയിടങ്ങളുടെ പരിപാലനച്ചുമതല ഗ്രാമങ്ങളിൽ തങ്ങിയവരെ ഏൽപിച്ചു.

വലിയ പ്രചാരണം നൽകാതെ നിശ്ശബ്ദം ഒരുങ്ങുക എന്ന സന്ദേശം സംഘടനകൾ ഓരോ കർഷകനിലേക്കുമെത്തിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതിന്റെ വിവിധ നടപടിക്രമങ്ങളിൽ ഭരണകൂടം മുഴുകിയപ്പോൾ ഡൽഹിയിൽ നിന്ന് 400 കിലോമീറ്റർ അകലെ പഞ്ചാബിൽ പ്രക്ഷോഭം നിശ്ശബ്ദം വിളഞ്ഞു. 

പുരുഷന്മാർ മാത്രം പ്രക്ഷോഭത്തിനിറങ്ങിയാൽ മതിയെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും സ്ത്രീകൾ സമ്മതിച്ചില്ല. ജീവിതസമരത്തിൽ അണിചേരാൻ മക്കളെയും ചേർത്തുപിടിച്ച് അവരുമിറങ്ങി. 

ട്രാക്ടർ വീട്

6 മാസം വരെ ഡൽഹിയിൽ തങ്ങാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ കരുതണമെന്നായിരുന്നു കർഷകർക്കുള്ള സംഘടനകളുടെ നിർദേശം. ധാന്യങ്ങൾ വിൽക്കുന്നതിനു പകരം, അവയിൽ വലിയൊരു ഭാഗം കർഷകർ പ്രക്ഷോഭത്തിനായി മാറ്റിവച്ചു. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സംഘടനകളുടെ നേതൃത്വത്തിൽ ധാന്യങ്ങൾ ശേഖരിച്ചു. 

നവംബർ 24ന് പഞ്ചാബിൽനിന്നു പ്രക്ഷോഭകരെയും വഹിച്ചുള്ള ട്രാക്ടറുകൾ നീങ്ങിത്തുടങ്ങി. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കഴിയാത്തവർ തങ്ങളുടെ ട്രാക്ടറുകൾ വിട്ടുനൽകി. ഓരോ ട്രാക്ടറിനു പിന്നിലും 2 ട്രോളികൾ ഘടിപ്പിച്ചു. ഒന്നിൽ നിറയെ ഭക്ഷ്യപദാർഥങ്ങൾ, വെള്ളം, പാചകവാതക സിലിണ്ടർ, സ്റ്റൗ. രണ്ടാമത്തേതിൽ  കർഷകർക്കു തങ്ങാനുള്ള സൗകര്യങ്ങൾ – കിടക്ക, കമ്പിളി തുടങ്ങിയവ. ‘അടുത്ത 6 മാസത്തേക്ക് ഓരോ ട്രോളിയും ഓരോ വീടാകണം’ – നേതാക്കളുടെ ആഹ്വാനം കർഷകർ ശിരസ്സാവഹിച്ചു. 

6 മാസത്തേക്കുള്ള ഭക്ഷ്യധാന്യം പഞ്ചാബിൽനിന്നുള്ളവർ എത്തിക്കുമെന്നും അതിനു ശേഷവും പ്രക്ഷോഭം നീണ്ടാൽ മറ്റു സംസ്ഥാനങ്ങൾ രംഗത്തിറങ്ങുമെന്നും സംഘടനകളുടെ യോഗത്തിൽ തീരുമാനമായി. 

പാഠം പഠിച്ചു; വീര്യം കൂട്ടി 

2018ൽ സമാനരീതിയിൽ നടത്തിയ പ്രക്ഷോഭം പാതിവഴിയിൽ മുടങ്ങിയതിന്റെ പാഠം മനസ്സിൽ വച്ചായിരുന്നു കർഷകരുടെ നീക്കം. കടം എഴുതിത്തള്ളണമെന്നും വിളകൾക്കു താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ലക്ഷ്യമാക്കി പുറപ്പെട്ട കർഷകരെ അന്നു പഞ്ചാബ് – ഹരിയാന അതിർത്തിയിൽത്തന്നെ പൊലീസ് തടഞ്ഞിരുന്നു. ട്രാക്ടറുകളും പിടിച്ചെടുത്തതോടെ പ്രക്ഷോഭം പൊളിഞ്ഞു. 

ഇത്തവണ എന്തു വിലകൊടുത്തും ഡൽഹിയിലെത്തണമെന്ന് ഉറപ്പിച്ച കർഷകർ അതിനായി പരമാവധി ട്രാക്ടറുകൾ സജ്ജമാക്കി. അവ ഓടിക്കാൻ യുവാക്കളെ അണിനിരത്തി. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ പ്രവേശിപ്പിക്കാതിരിക്കാൻ അവിടത്തെ പൊലീസ് ശ്രമിക്കുമെന്ന് അറിയാവുന്നതിനാൽ പല വഴികളിലൂടെ സംസ്ഥാനത്തേക്കു കടക്കാൻ തീരുമാനിച്ചു.

ഹരിയാന അതിർത്തിയിലെ പ്രധാന പാതയായ അംബാലയിൽ പൊലീസ് വൻ സന്നാഹമൊരുക്കിയപ്പോൾ മറ്റു വഴികളിലൂടെ കർഷകർ അതിർത്തി കടന്നു. അംബാലയിൽ ജലപീരങ്കിയും ഗ്രനേഡുമടക്കം ഉപയോഗിച്ചു പൊലീസ് തീർത്ത കോട്ടയ്ക്കു മുന്നിൽ ഉശിരോടെ ഉറച്ചുനിന്ന കർഷകരെ കടത്തിവിടാൻ സംസ്ഥാന സർക്കാർ ഒടുവിൽ നിർബന്ധിതരായി.

ലാത്തിക്കു പകരം പറാഠ

ഹരിയാന വഴി ഡൽഹി അതിർത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിലെത്തിയ കർഷകർ അവിടെയുള്ള ദേശീയപാതകളിൽ തമ്പടിച്ചു. ഭക്ഷണം, കമ്പിളിവിതരണം, അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കൽ എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി സമിതികൾക്കു രൂപംനൽകി. 

സമൂഹ അടുക്കളകൾ (ലംഗറുകൾ) വഴി 24 മണിക്കൂറും ഭക്ഷണം വിതരണം ചെയ്യാനുള്ള സൗകര്യമൊരുക്കി. ഒരാൾ പോലും വിശന്നിരിക്കരുതെന്നു സംഘടനാ നേതാക്കൾ കർശന നിർദേശം നൽകി. തങ്ങളെ അടിക്കാനെത്തിയ പൊലീസിനു നേർക്കും കർഷകർ ഭക്ഷണം നീട്ടി. ‘ആദ്യം വിശപ്പടക്കൂ, എന്നിട്ടാവാം അടി’; അടിക്കാനോങ്ങിയ ലാത്തികൾക്കു മുന്നിൽ അവർ പറാഠയും പരിപ്പുകറിയും പായസവുമായി നിന്നു. 

എന്തും നേരിടാൻ തയാറെടുത്ത്

പൊലീസിന്റെ ബലപ്രയോഗം തടയാനും പ്രത്യേക സംഘങ്ങൾക്കു രൂപംനൽകി. പൊലീസ് വെടിവച്ചാൽ അതു നേരിടാൻ സന്നദ്ധരായ ആത്മഹത്യാ സ്ക്വാഡുകൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. പ്രായമായവരാണ് ഇതിൽ ഭൂരിഭാഗവും. വെടിവയ്പുണ്ടായാൽ, മറ്റുള്ളവർക്കു കവചമൊരുക്കി മുന്നിൽ നിൽക്കുകയാണ് ഇവരുടെ ദൗത്യം. 

കുതിരകളിലെത്തി പൊലീസ് ലാത്തിച്ചാർജ് നടത്തിയാൽ അതിനെ നേരിടേണ്ട ചുമതല ട്രാക്ടർ ഓടിക്കുന്ന യുവാക്കൾക്കാണ്. ട്രാക്ടറിൽ വലിയ ലൗഡ് സ്പീക്കറുകൾ വച്ചുകെട്ടി, അതിൽനിന്ന് ഉറക്കെ ശബ്ദമുണ്ടാക്കി കുതിരകളെ വിരട്ടിയോടിക്കേണ്ടത് ഇവരുടെ ചുമതലയാണ്. 

ലാത്തിച്ചാർജുണ്ടായാൽ പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനുള്ള ‘ദ്രുതകർമസേനയുമുണ്ട്’. ജലപീരങ്കിക്കു മുന്നിൽ നിൽക്കാൻ നെഞ്ചുറപ്പുള്ള ചെറുപ്പക്കാരും തയാർ. 

പ്രക്ഷോഭസ്ഥലങ്ങളിലെ സുരക്ഷാച്ചുമതല നിഹാംഗുകൾക്കാണ് – സിഖ് സമുദായത്തിലെ കരുത്തുറ്റ പോരാളികൾ; വാൾ അരയിൽ ചേർത്തുവച്ച് കുതിരകളിൽ സഞ്ചരിക്കുന്ന നീലക്കുപ്പായക്കാർ. കണ്ണിമ ചിമ്മാതെ അവർ കർഷകർക്കു സുരക്ഷയൊരുക്കുന്നു. സമരസ്ഥലത്തു പലയിടത്തും നിഹാംഗുകൾക്കു കഴിയാനും ആയുധങ്ങൾ സൂക്ഷിക്കാനും പ്രത്യേക ഇടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അവിടേക്ക് ആർക്കും പ്രവേശനമില്ല. 

പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കായി ട്രാക്ടറുകളിൽ പ്രത്യേക ക്ലാസ് മുറികൾ തയാറാക്കി. ഓൺലൈൻ പഠനത്തിനായി ഇന്റർനെറ്റ് സൗകര്യം; മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സോളർ പാനലുകളും സജ്ജം.

ഒപ്പമുണ്ട് ഗുരുദ്വാരകൾ

ഇത്രയും വലിയ പ്രക്ഷോഭത്തിനു പണം കണ്ടെത്തുക വെല്ലുവിളിയായിരുന്നു. പഞ്ചാബിലുടനീളമുള്ള സിഖ് ഗുരുദ്വാരകൾ കയ്യയച്ചു സഹായിച്ചു. വരുമാനത്തിലെ 5% മതപരമായ കാര്യങ്ങൾക്കും 95% കർഷകരുടെ സേവനത്തിനുമായി ഗുരുദ്വാരകൾ മാറ്റിവച്ചതോടെ, പ്രക്ഷോഭത്തിനാവശ്യമായ പണമൊഴുകി. 

ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ഗുരുദ്വാരകളും ഒപ്പംനിന്നു. ഇതിനു പുറമേ, ഡൽഹിയിലുള്ള പഞ്ചാബികൾ ഭക്ഷണം, കമ്പിളിവസ്ത്രങ്ങൾ എന്നിവയുമായി കർഷകരെ തേടിയെത്തി.

വലിയ ട്രക്കുകളിൽ 17 ലക്ഷം രൂപ വിലമതിക്കുന്ന ജ്യൂസ് കുപ്പികളുമായാണ് അവരിലൊരാൾ എത്തിയത്. മഹാരാഷ്ട്രയിൽനിന്നു ഡൽഹിയിലെ ചന്തകളിലേക്ക് ആഴ്ചയിൽ 2 ലോറികളിലായി 22 ടൺ വീതം ഓറഞ്ചുകൾ അയച്ചിരുന്ന വ്യാപാരി, പ്രക്ഷോഭം ആരംഭിച്ച ശേഷം ലോറികളിലൊന്നു സിംഘുവിലെ കർഷകർക്കരികിലേക്കു തിരിച്ചുവിട്ടു. 

പഞ്ചാബിലെ വിവാഹച്ചടങ്ങുകളിൽ പലതിലും സമ്മാനങ്ങൾ നിരോധിച്ചു; പകരം അതു പണമായി സ്വീകരിച്ചു. വിവാഹത്തിൽ സ്വരൂപിച്ച പണവുമായി വധൂവരന്മാർ പ്രക്ഷോഭവേദിയിലേക്കെത്തി. 

കക്ഷിരാഷ്ട്രീയം വേണ്ട

പ്രക്ഷോഭസ്ഥലത്തു രാഷ്ട്രീയപ്പാർട്ടികൾക്കു കർഷകർ പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയവേഷമണിഞ്ഞ് ആരും ഇങ്ങോട്ടു വരേണ്ടെന്നാണ് അവരുടെ നിലപാട്. തങ്ങളിലൊരാളായി പ്രക്ഷോഭത്തിൽ പങ്കാളിയാകുന്നതിൽ എതിർപ്പില്ല. എന്നാൽ, സ്വന്തം പ്രതിഛായ മിനുക്കാനോ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താനോ ആരും വരേണ്ടതില്ല.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉൾപ്പെടെ കർഷകർ ഇക്കാര്യമറിയിച്ചു. രാഷ്ട്രീയനേതാക്കളുടെ സാന്നിധ്യം തങ്ങളുടെ സമരത്തിനു രാഷ്ട്രീയനിറം നൽകുമെന്നും അതു മുതലാക്കി കേന്ദ്രസർക്കാർ പ്രചാരണം നടത്തുമെന്നും വിലയിരുത്തിയാണ് ‘ഇവിടെ രാഷ്ട്രീയം പറയരുതെന്ന’ നയം സ്വീകരിച്ചത്.

ഇതു ജീവിതസമരം 

കോവിഡ്കാലത്തും കർഷകരിൽ ഭൂരിഭാഗം പേർക്കും മാസ്ക്കില്ല. പ്രാഥമിക ചികിത്സ നൽകാൻ മെഡിക്കൽ ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുള്ളവരെ പരിചരിക്കാൻ ആരോഗ്യമേഖലയിൽ വിദഗ്ധരായ സംഘമുണ്ട്. കോവിഡ് ബാധിതരെ പാർപ്പിക്കാൻ ലോറികളിൽ പ്രത്യേക ‘ഐസലേഷൻ’ സംവിധാനം സജ്ജം. അടിയന്തര ഘട്ടങ്ങളിൽ ഇവരെ അതിവേഗം പഞ്ചാബിലെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസുകളും തയാർ. 

കോവിഡിനെ ഭയമില്ലേ എന്നു ചോദിച്ചാൽ, അവർ പറയും – ‘ജീവൻ നിലനിർത്താനുള്ള സമരമാണിത്; കോവിഡിനെ ഭയന്നു വീട്ടിലിരിക്കാനാവില്ല’. 

ചുറ്റും നിലയുറപ്പിച്ചിട്ടുള്ള പൊലീസിനെ ഭയമില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ – മണ്ണിൽ പണിയെടുക്കുന്നവരാണ്; കയ്യിൽ തഴമ്പും നെഞ്ചിൽ ചങ്കൂറ്റവുമുണ്ട്.  

രാജ്യമേ കാണുക; ഇതു മണ്ണിൻ മക്കളുടെ ജീവിതസമരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA