ADVERTISEMENT

ട്രാൻസ് വുമൺ ആയുർവേദ ഡോക്ടർ പ്രിയ മുൻപ് ഡോ. ജിനു ശശിധരൻ ആയിരുന്നു. ഒളിച്ചോട്ടം, ഒളിജീവിതം, ആത്മഹത്യ– ഇവ മൂന്നും വേണ്ടെന്നു വച്ചിടത്തു നിന്നാണ് പ്രിയയുടെ ജനനം...

‘ഇനി നിങ്ങൾ എന്നെ കാണുമ്പോൾ ഞാനൊരു സ്ത്രീയായിട്ടുണ്ടാകും’ –  സീതാറാം ആയുർവേദ ആശുപത്രിയിലെ ഒപിയിൽ വന്ന രോഗിയോട് ഡോ. ജിനു ശശിധരൻ ഇതു പറഞ്ഞപ്പോൾ രോഗി സ്വാഭാവികമായും ചിരിച്ചിട്ടുണ്ടാകണം. ഇയാൾക്കു ഭ്രാന്തായതാണെന്നു കരുതിക്കാണണം. എന്നാൽ, ഒരു വർഷം കഴിഞ്ഞ് ആ രോഗി വീണ്ടും ആശുപത്രിയിലെത്തുമ്പോൾ ജിനുവിന്റെ സ്ഥാനത്തു സുന്ദരിയായ ഒരു ‍‍ഡോക്ടർ. ഡോക്ടർ പരിചയം പുതുക്കുമ്പോൾ കൗതുകം, ആശ്ചര്യം. 

കൗൺസലിങ്ങും സർജറികളുടെ വേദനയും മാത്രമല്ല, തന്റെ സ്വത്വത്തെക്കുറിച്ചു മാതാപിതാക്കളെ മുതൽ സുഹൃത്തുക്കളെ വരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണം ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക്. അതും മുപ്പതിലധികം വർഷങ്ങൾ താൻ ട്രാൻസ് വുമണാണ് എന്നു വെളിപ്പെടുത്താതെ ഇരിക്കുന്നൊരാൾ കൂടിയാകുമ്പോൾ കടമ്പകൾ വീണ്ടും മുറുകുന്നു. അതിനെയെല്ലാം തരണം ചെയ്താണ് തൃശൂർ അയ്യന്തോൾ സ്വദേശി ‍വനജവിഹാർ വീട്ടിൽ ഡോ.ജിനു ശശിധരൻ, ഡോ.പ്രിയ ആയി മാറിയത്. ‍

ഒളിജീവിതം സുന്ദരം

പ്ലസ്ടു വരെയുള്ള പഠനം കൊല്ലത്തായിരുന്നു. അതിനു ശേഷമാണ് തൃശൂരിലെത്തിയത്. ഞാനൊരു ട്രാൻസ് വുമൺ ആണെന്ന് എനിക്കു മനസ്സിലായിരുന്നതൊഴിച്ചാൽ പ്രകടമായ ഫെമിനിൻ ലക്ഷണങ്ങൾ ഇല്ലായിരുന്നു. പക്ഷേ, ചെറുപ്പത്തിലുണ്ടാകുന്ന നിഷ്കളങ്കതയുണ്ടല്ലോ, അതാണ് എനിക്കു ബുദ്ധിമുട്ടായി വന്നത്. അടുത്ത സുഹൃത്തുക്കളോടു ഞാൻ എപ്പോഴും പറയും എന്നെ ഒരു പെൺകുട്ടിയായി കണ്ടാൽ മതിയെന്ന്. അതോടെ തുടങ്ങും കളിയാക്കലുകൾ. പ്ലസ്ടു കഴി‍ഞ്ഞ് തൃശൂരിലേക്കു വന്നശേഷം ഞാൻ എന്നിലേക്കുതന്നെ ഒതുങ്ങി. 

എൻട്രൻസ് പരീക്ഷയ്ക്കൊരുങ്ങുന്ന സമയത്താണ് എന്നെക്കുറിച്ച് ആരോടും സംസാരിക്കരുതെന്നു തീരുമാനിച്ചത്. കോളജിലെത്തിയപ്പോഴേക്കും എന്റെ സ്വത്വം ആർക്കും വെളിപ്പെടാതിരിക്കാൻ, ഞാൻ വ്യത്യസ്തനാണ് എന്നു പറയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അത് ഏറെ ഉപകാരപ്പെട്ടു. കളിയാക്കലുകളോ കുറ്റപ്പെടുത്തലുകളോ പിന്നെ കേൾക്കേണ്ടി വന്നില്ല. ശരിക്കും ഒരു ഒളിച്ചുകളി. എംഡി പഠനത്തിനു ശേഷം ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തു. പിന്നീടാണ് പ്രാക്ടീസ് തുടങ്ങിയത്. അപ്പോഴും എന്റെ ട്രാൻസ് വുമൺ സ്വത്വം ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. ഒളിച്ചുകൊണ്ടുള്ള ആ ജീവിതം അത്രമേൽ ഞാൻ ആസ്വദിച്ചിട്ടുണ്ടാകണം.

ജീവിതം ശൂന്യം

‍ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയതിനു ശേഷം സുഹൃത്തുക്കളെ പലരെയും കാണുമ്പോൾ അവരെല്ലാം പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. നീ ജീവിതത്തിൽ വിജയിച്ചു എന്ന്. ശരിയാണ്. നല്ല കുടുംബം, ആഗ്രഹിച്ച ജോലി, ആവശ്യത്തിനു പണം. പുറമേ നിന്നു നോക്കുന്നവർക്ക് അതിൽ കവിഞ്ഞ ജീവിതവിജയം ഇല്ലായിരിക്കും.

ginu-sasidharan-5
ഡോ.വി.എസ്.പ്രിയ

പക്ഷേ, എനിക്ക് അപ്പോഴേക്കും ഒളിജീവിതം മടുത്തുതുടങ്ങിയിരുന്നു. ജീവിതത്തിൽ ഞാൻ പരാജയപ്പെട്ടുവെന്നു തോന്നിത്തുടങ്ങിയിരുന്നു. അങ്ങനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചു ചിന്തിക്കുന്നത്. അതിനായി പല ബ്ലോഗുകളും വായിച്ചു. സ്വയം ബോധ്യപ്പെടുത്തി. ഒടുവിൽ വീട്ടുകാരുടെ സമ്മതം വാങ്ങി. അതൊരു നീണ്ട കാലഘട്ടമായിരുന്നു. സ്വയം പാകപ്പെടുത്തലിന്റെയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന്റെയും. 

ഞാൻ മേരിക്കുട്ടി

സർജറിക്കു പോകാൻ തീരുമാനിക്കുന്ന സമയത്താണ് ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമ റിലീസ് ചെയ്തത്. പലരും ട്രാൻ‌സ്ജെൻഡർ കമ്യൂണിറ്റിയെക്കുറിച്ച് എന്നോടു സംസാരിക്കാൻ വന്നതു പോലും ആ സിനിമ റിലീസ് ആയതിനു ശേഷമാണ്. അതെന്നെ സഹായിച്ചു. ട്രാൻസ്ജെൻഡറുകൾക്കുള്ള സ്വീകാര്യതയെപ്പറ്റി മനസ്സിലാക്കുന്നതുപോലും ആ സമയങ്ങളിൽ അത്രയേറെ പ്രധാനപ്പെട്ടതായിരുന്നു.

ആദ്യ സർജറിയുടെ സമയത്ത് അനുഭവിച്ച വേദനയും മരണഭയവുമെല്ലാം മാറാൻ കുറച്ചുസമയമെടുത്തു. അതിനു ശേഷമുള്ള സർജറികളെല്ലാം എളുപ്പത്തിൽ കടന്നുപോയതുപോലെ തോന്നി. 85% ചികിത്സയും കഴി‍ഞ്ഞിട്ടുണ്ട്. ഇനി ശബ്ദമാണു ശരിയാകേണ്ടത്. അതുകൂടി കഴി‍‍ഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, പിന്നീടു തോന്നി, ഇനി കാത്തിരിക്കേണ്ടെന്ന്. 

മനസ്സു പണ്ടേ സ്ത്രീയായിക്കഴി‍ഞ്ഞിരുന്നെങ്കിലും ശരീരം മാറിയതിനോടു പൊരുത്തപ്പെടേണ്ടിയിരുന്നു. ആളുകൾ എന്തു പറയും, എങ്ങനെ ചിന്തിക്കും എന്നൊക്കെ ആലോചിച്ചിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുമെന്നു തോന്നിത്തുടങ്ങിയതോടെയാണ് ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്നു തീരുമാനിച്ചതും ജോലിയിൽ തിരികെ പ്രവേശിച്ചതും. അതു നല്ല തീരുമാനമായെന്ന് ഇപ്പോൾ തോന്നുന്നു.

ക്ഷണം, പുതിയ ജെൻഡറിലേക്ക്

സർജറി ചെയ്യാൻ  തീരുമാനിച്ച സമയത്തുതന്നെ അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തി. ചേട്ടൻ ജെയ്സിനായിരുന്നു ഏറ്റവും കൂടുതൽ പേടി. സർജറികളുടെ വേദന എനിക്കു താങ്ങാവുന്നതിലും അപ്പുറമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വീട്ടുകാരെ ബോധ്യപ്പെടുത്തിയതിനു ശേഷം കൂട്ടുകാരെയും ബന്ധുക്കളെയും അയൽക്കാരെയും അറിയിച്ചു. ചെന്നുകാണാൻ സാധിക്കാവുന്നവരെ മുഴുവൻ പോയിക്കണ്ടു സംസാരിച്ചു. മനസ്സ് എന്നേ മാറിയിട്ടുണ്ടെന്നും ശരീരം ഇപ്പോൾ മാറാൻ പോകുകയാണെന്നും പറഞ്ഞു മനസ്സിലാക്കി. ഞാൻ മറ്റൊരു ജെൻഡറിൽ ആയിരുന്നപ്പോൾ എന്റെ കൂടെയുണ്ടായിരുന്നവർ എന്റെ പുതിയ ജീവിതത്തിലും കൂടെ വേണമെന്നു നിർബന്ധമുണ്ടായിരുന്നു. സർജറികൾ കഴി‍‍‍ഞ്ഞ് ‍ഞാൻ ഡോക്ടറോടു പറ‍ഞ്ഞു, ‘പുരുഷന്റെ കൗമാരം ഞാൻ ജീവിച്ചു തീർത്തു. ഇനി സ്ത്രീയുടെ കൗമാരം എനിക്ക് ആസ്വദിക്കണം.’

വീട്ടുകാർ എന്റെ ബലം

അമ്മയുമായി വളരെ അടുപ്പമുള്ള ഒരാളാണു ഞാൻ. അതുകൊണ്ടുതന്നെ വീട്ടുകാരുടെ സമ്മതം എന്റെ മുൻഗണനയായിരുന്നു. ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. ചെറുപ്പത്തിൽ ഞാൻ വ്യത്യസ്തനാണെന്ന് ആദ്യമായി പറ‍ഞ്ഞതു ഡയറിയോടായിരിക്കണം. ആ ഡയറി യാദൃച്ഛികമായി മാതാപിതാക്കൾ വായിക്കാനിടയായി. അങ്ങനെയാണ് അവർ എന്നെക്കുറിച്ചറിയുന്നത്. മാനസികപ്രശ്നമുണ്ടെന്നു കരുതി ആദ്യം മാനസികാരോഗ്യ വിദഗ്ധന്റെ അടുക്കൽ അവർ കൊണ്ടുപോയിരുന്നു. പക്ഷേ, മാനസികപ്രശ്നമല്ല അതെന്നു മനസ്സിലാക്കിയതോടെ അമ്മ വനജയും അച്ഛൻ ശശിധരനും പിന്തുണച്ചു. അവർ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്നു ഞാൻ ആരുമല്ലാതായിത്തീർന്നേനെ.

നമ്മുടെ നാട്ടിലെ ട്രാൻസ്ജെൻഡർ കുട്ടികൾ പലപ്പോഴും വീടുവിട്ടു പോകേണ്ടി വരുന്നത് ഇതുകൊണ്ടാണ്. അവരെ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമില്ലാതാകുന്നു. പഠനം പോലും ഉപേക്ഷിച്ചു വീടുവിട്ടു പോകുന്ന അത്തരം കുട്ടികൾക്കു പിന്നീടു സംഭവിക്കുന്നത് എത്രമാത്രം ദുരിതങ്ങളാണ്. ചെറുപ്പത്തിൽത്തന്നെ സന്തോഷമില്ലാതെ, ജീവിക്കാനായി മറ്റൊരാൾക്കു മുൻപിൽ കൈ നീട്ടേണ്ട അവസ്ഥ എത്രയോ പരിതാപകരമാണ്. 

അങ്ങനെയൊന്നും എനിക്കു സംഭവിച്ചില്ലല്ലോ എന്നോർക്കുമ്പോൾ സന്തോഷവും ആശ്വാസവും തോന്നാറുണ്ട്. ഞാൻ വീടുവിട്ടിറങ്ങാൻ നിർബന്ധിക്കപ്പെട്ടിരുന്നെങ്കിൽ, എന്റെ പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നിരുന്നെങ്കിൽ ഞാൻ വെറും ശൂന്യതയിലേക്കു പോകുമായിരുന്നു. അതുണ്ടാകാതിരുന്നതിനു പ്രധാന കാരണം എന്റെ വീട്ടുകാർ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com