ADVERTISEMENT

കോവിഡ് ലോക്ഡൗണിൽ നമ്മളെല്ലാം വീട്ടിൽ അടച്ചിരുന്നപ്പോൾ സർക്കാർ ജീവനക്കാരനായ അരുൺ തഥാഗത് ശമ്പളരഹിത അവധിയും പിഎഫ് ലോണുമായി മണിയടിച്ചു മണിയടിച്ച് സൈക്കിളിൽ കറങ്ങുകയായിരുന്നു. ചവിട്ടിച്ചവിട്ടി ഏതാണ്ട് ഒരു വർഷം നീണ്ട കറക്കം. 7 രാജ്യങ്ങൾ പിന്നിട്ട് കോവിഡ് പിടിക്കാതെ തഥാഗത് തൃപ്പൂണിത്തുറയിലെ വീട്ടിൽ തിരിച്ചെത്തി, ഒരിക്കൽ പോലും ടയർ പഞ്ചറായതുമില്ല.

2019 സെപ്റ്റംബർ 19നായിരുന്നു യാത്രയുടെ തുടക്കം.(ആ തീയതി തന്നെയായിരുന്നു ആവേശം; അതു തന്നെയായിരുന്നു ആശങ്കയും)

ആ കോവിഡ് സർക്കീട്ടിന്റെ കഥയും കാര്യവും കേൾക്കാം...

അരുൺ തഥാഗതിന്റെ കഴിഞ്ഞ ക്രിസ്മസ്, തായ്‌ലൻഡിലെ ബുദ്ധവിഹാരത്തിലെ നറുമണം നിറഞ്ഞ തണുപ്പിലായിരുന്നു. ശ്രീബുദ്ധന്റെ നാട്ടിൽനിന്നു സൈക്കിളിലെത്തിയ മനുഷ്യന്റെ പേരിനൊപ്പം കേട്ട ‘തഥാഗതൻ’ അവരെ അതിശയിപ്പിച്ചു. ഇദ്ദേഹം ബുദ്ധപരമ്പരയിലെ അംഗമാണെന്നു പലരും നല്ല മനസ്സോടെ വിശ്വസിച്ചു. തായ്‌ലൻഡിലെ എല്ലാ ‘സസ്യാഹാരികളും’ കഴിക്കുന്ന മീനും മുട്ടയും ഉപേക്ഷിച്ച് ഇലക്കറികളും കായ്കനികളും തേടി അലഞ്ഞതും ഫിഷ്കറി മീൽസിനെക്കാൾ വില കൂടുതലുള്ള വെജിറ്റേറിയൻ ഊണു മാത്രം കഴിച്ചതും ആ വിശ്വാസം ഊട്ടിയുറപ്പിച്ചു.

സൈക്കിളിൽ സ്ഥാപിച്ച മരം കൊണ്ടുള്ള ബുദ്ധശിൽപവും പേരും സൈക്കിളിൽ കടന്നുപോയ മ്യാൻമർ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലുണ്ടാക്കിയ പ്രതിഛായയുടെ മഹത്വം ഓരോ ചുവടിലും അരുൺ തിരിച്ചറിഞ്ഞു. ബുദ്ധമതത്തിനു പ്രചാരം കുറവുള്ള മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ പോലും തഥാഗത് പേരുകൊണ്ടും സഞ്ചാരം കൊണ്ടും ഒരുപോലെ ശ്രദ്ധേയനായി.

ആഴ്ചകളോളം ഒപ്പം താമസിപ്പിച്ച ബുദ്ധസന്യാസി ചോദിച്ചു, എന്താണു ഗൗതമബുദ്ധന്റെ വിളിപ്പേരു തന്നെ സ്വീകരിച്ചത്? ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിക്കാനിറങ്ങിയ കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരിചയപ്പെട്ടവരെല്ലാം ‘മുഴുവൻ പേര്’ ചോദിക്കാൻ തുടങ്ങി. ജാതിയും മതവും ഊരും വീടും തിരിച്ചറിയാത്ത പേരു കണ്ടെത്താനുള്ള ശ്രമമാണു ‘തഥാഗത’നിൽ എത്തിയത്. ഇങ്ങനെ കഥകൾ പറ‍ഞ്ഞ് ആ സന്യാസിക്കൊപ്പം ആഴ്ചകളോളം താമസിച്ചു. ‍ഡിസംബർ പകുതി കഴിയുമ്പോൾ മലേഷ്യയിലേക്കു സൈക്കിൾ ചവിട്ടുമെന്ന് അദ്ദേഹത്തെ നേരത്തേ അറിയിച്ചിരുന്നതിനാൽ അരുൺ പോലും അറിയാതെ അരുണിന്റെ യാത്രയ്ക്കാവശ്യമായ മുഴുവൻ വിഭവങ്ങളും അദ്ദേഹം ഭിക്ഷയായി സ്വരൂപിച്ചു സൂക്ഷിച്ചിരുന്നു.

കേരള സർക്കാരിന്റെ റവന്യു വിഭാഗത്തിൽ സീനിയർ ക്ലാർക്കായ അരുൺ, ശമ്പളം അക്കൗണ്ടി‍ൽ സൂക്ഷിക്കാറില്ല. കിട്ടുന്നത് അതതു മാസം യാത്രയ്ക്കു ചെലവാക്കും. ബാക്കി വന്നാൽ ദാനം ചെയ്യും, വേണ്ടി വന്നാൽ കടം വാങ്ങും. ജോലിയും സൈക്കിളും വസ്ത്രങ്ങളുമല്ലാതെ മറ്റൊന്നും സ്വന്തമാക്കിയിട്ടില്ലാത്ത അരുൺ അതുകൊണ്ടു തന്നെ ഭിക്ഷാംദേഹിയുടെ ജീവിതത്തെ ആത്മാവിൽ തൊട്ടറിഞ്ഞു.

കഴിഞ്ഞ ക്രിസ്മസിനു രണ്ടു ദിവസം മുൻപാണ് അരുൺ അദ്ദേഹത്തോടു വിടപറഞ്ഞു മലേഷ്യയിലേക്കു നീങ്ങിയത്. പുറപ്പെടാൻ നേരം വലിയ രണ്ടു കെട്ടു ചാക്കുകളും ഒരു കിഴിയും ബുദ്ധസന്യാസി സമ്മാനിച്ചു. എല്ലാം അദ്ദേഹത്തിനു ഭിക്ഷ കിട്ടിയതാണ്. വസ്ത്രങ്ങൾ, രണ്ടു മാസത്തേക്കുള്ള ഭക്ഷണം എന്നിവയാണു ചാക്കുകളിൽ. കിഴിക്കു രണ്ടു കിലോഗ്രാമിലധികം തൂക്കംവരും. അദ്ദേഹത്തിനു കിട്ടിയ നാണയങ്ങളും സ്വർണം – വെള്ളിയാഭരണങ്ങളുമാണു കിഴിക്കുള്ളിൽ. എല്ലാറ്റിനും കൂടി 3 ലക്ഷം രൂപയുടെ മൂല്യമുണ്ട്.

ഇത്രയും ഭാരവുമായി സൈക്കിളിൽ നീങ്ങാൻ കഴിയില്ല, ദാനം കിട്ടിയതെല്ലാം അരുൺ ദാനം ചെയ്തു തുടങ്ങി. വഴിയരികിൽ കണ്ട ദരിദ്രർക്കു സ്വർണാഭരണങ്ങൾ ആദ്യം നൽകി; അതു തീർന്നപ്പോൾ വെള്ളി, ഒടുവിൽ നാണയങ്ങൾ... 2 കിലോഗ്രാം ഭാരം ഭാണ്ഡത്തിൽ നിന്നും അതിനെക്കാൾ ഭാരം മനസ്സിൽ നിന്നും ഒഴിച്ചു. ഒറ്റയ്ക്കുള്ള സൈക്കിൾയാത്രയല്ലേ, മടിയിൽ കനമുണ്ടെങ്കിൽ വഴിയിൽ പേടിക്കേണ്ടിവരും.

ഇങ്ങനെ ചെയ്യുമ്പോൾ അരുൺ തഥാഗത് നാട്ടിൽ 5 ലക്ഷം രൂപയുടെ കടക്കാരനായിരുന്നു. സൈക്കിൾയാത്ര തുടങ്ങുന്നതിന്റെ അന്നാണു വായ്പയ്ക്കു ജാമ്യം നിന്ന 2 സഹപ്രവർത്തകർക്കു ജപ്തി നോട്ടിസ് ലഭിച്ചത്.

ഈ യാത്രയ്ക്കു വേണ്ടി ഇറക്കുമതി ചെയ്ത രണ്ടു ലക്ഷം രൂപ വിലവരുന്ന യുഎസ് നിർമിത ‘സർലി’ സൈക്കിൾ വിറ്റു കടം വീട്ടണോ?

വേണ്ട ജോലി ചെയ്തു കടംവീട്ടാം, യാത്ര മുടക്കേണ്ട!

സ്വർണവും വെള്ളിയും നാണയങ്ങളും ദാനം ചെയ്തിട്ടും ഇനിയുമുണ്ട് 50 കിലോഗ്രാം അധിക ഭാരം. അതെല്ലാം കേടുവരാത്ത ഭക്ഷണമാണ്.

ലോകം ചുറ്റാനുള്ള സൈക്കിൾ യാത്രയുടെ ആകെ ഭാരത്തെക്കുറിച്ച് അരുണിനൊരു പ്രോട്ടോക്കോളുണ്ട്. സൈക്കിളിന്റെ തൂക്കം – 18 കിലോഗ്രാം, മുതുകി‍ൽ തൂക്കുന്ന ബാഗിൽ ഏറ്റവും കൂടിയത് 15 കിലോഗ്രാം. സ്വന്തം ശരീരഭാരം 45 കിലോഗ്രാം. കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗത്തിൽ സൈക്കിൾ ചവിട്ടി കൂടുതൽ രാജ്യങ്ങൾ പിന്നിടുന്നതല്ല അരുണിന്റെ രീതി. ചുറ്റും കണ്ടും കേട്ടുമാണു യാത്ര. ദിവസം ശരാശരി 50 കിലോമീറ്റർ ചവിട്ടും. എന്നും പുലർച്ചെ 5നു യാത്ര തുടങ്ങും. 9 മണിക്കു പ്രാതൽ. പത്തരവരെ വഴിയരികിലെ മരച്ചുവട്ടിൽ വിശ്രമിക്കും. തുടർന്ന് ഉച്ചകഴിഞ്ഞു 3 മണി വരെ വീണ്ടും ചവിട്ടും. ഏതെങ്കിലും ബുദ്ധവിഹാരത്തിൽ യാത്ര അവസാനിപ്പിച്ച് അന്നു രാത്രി അവിടെ തങ്ങും. ഉറങ്ങും വരെ നാടുകാണാൻ ഇറങ്ങി നടക്കും. രാത്രി ബുദ്ധഭിക്ഷുക്കൾ നൽകുന്ന അൽപഭക്ഷണം.

ക്രിസ്മസ് തലേന്നു തായ്‍ലൻഡിലെ പ്രൈമറി സ്കൂളിനടുത്തുകൂടി സൈക്കിൾ ചവിട്ടുമ്പോഴാണു തായ്ക്കുട്ടികളുടെ ഇമ്പമുള്ള ശബ്ദത്തിൽ ‘ജിംഗിൾ ബെൽ..... ജിംഗിൾ ബെൽ’ കേട്ടത്. ക്രിസ്മസ് എത്തിയെന്ന് അപ്പോഴാണ് അരുൺ തിരിച്ചറിഞ്ഞത്. നാട്ടിലും ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ടാകുമല്ലോ? വെറുതേ നൊസ്റ്റാൾജിയ അടിച്ചു സ്കൂളിനുള്ളിലേക്കു സൈക്കിൾ ചവിട്ടി. പിന്നാക്കക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. ഇന്ത്യയിൽനിന്നു സൈക്കിളിലെത്തിയ അങ്കിളിന്റെ വിശേഷങ്ങൾ കേൾക്കാനായി കുട്ടികൾ അരുണിനെ വളഞ്ഞു. ഒടുവിൽ അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി അരുൺ ജീവിതത്തിലാദ്യമായി ക്രിസ്മസ് പാപ്പയായി.

അങ്ങനെ ഭാണ്ഡത്തിലെ മുഴുവൻ പൊതികളും കുട്ടികൾക്കു സമ്മാനിക്കാൻ അരുണിന് ഓർക്കാപ്പുറത്ത് ഒരവസരം ലഭിച്ചു. 50 കിലോ ഭാരം കൂടി കുറയ്ക്കാൻ കഴിഞ്ഞ ആശ്വാസത്തിലും അതിനപ്പുറം സന്തോഷത്തിലുമായി തഥാഗതിന്റെ കഴിഞ്ഞ ക്രിസ്മസ്. ആഘോഷങ്ങൾ കഴിഞ്ഞപ്പോഴേക്കും കൊറോണയെന്നു കേട്ടുതുടങ്ങി.

നാലാഴ്ചകൾക്കു മുൻപ് അറസ്റ്റുണ്ടായി; മ്യാൻമർ പൊലീസാണു താക്ക് ദേശീയ പാർക്കിനുള്ളിൽനിന്ന് അരുണിനെ സൈക്കിളോടെ പൊക്കിയത്. പൊലീസ് ജീപ്പിൽ തിരികെ കൊണ്ടുപോയി ഭക്ഷണവും വെള്ളവും കൊടുത്ത് മറ്റൊരു വഴിക്ക് ഇറക്കി വിട്ടു. തായ്‍ലൻഡിലേക്കുള്ള എളുപ്പവഴി കണ്ടെത്തി പോയതാണ്. ഇനിയിപ്പോൾ 450 കിലോമീറ്റർ അധികം ചവിട്ടണം. ഇടയ്ക്കുവച്ചു കണ്ടുമുട്ടിയ ജർമൻകാരനോടു മ്യാൻമർ പൊലീസ് ചെയ്ത ചതിയെക്കുറിച്ചു പരിഭവിച്ചപ്പോൾ അദ്ദേഹം പറഞ്ഞതു കേട്ട് അരുൺ നടുങ്ങിപ്പോയി. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സേന കുഴിബോംബുകൾ പാകിയ കിലോമീറ്റർ കണക്കിനു താക്ക് മേഖലയാണു പിന്നീടു കാടുപിടിച്ചു ദേശീയ പാർക്കായത്. കഴി‍‍ഞ്ഞ വർഷം അതുവരെ 480 പേരാണു താക്ക് ദേശീയ പാർക്കിൽ കുഴിബോംബ് പൊട്ടി മരിച്ചത്. അതിലൊരാൾ ജർമൻകാരന്റെ കൂട്ടുകാരിയായിരുന്നു. ഒരു ക്രിസ്മസ് ആഘോഷം കൂടി ആസ്വദിക്കാൻ തനിക്കു വഴിയൊരുക്കിയ മ്യാൻമർ പൊലീസിന് അരുൺ മനസ്സിൽ നന്ദി പറഞ്ഞു.

എന്തായിരുന്നു സെപ്റ്റംബർ 19ന്റെ ആവേശവും ആശങ്കയും?

ആദ്യ ലോക സഞ്ചാരിയായ മഗെല്ലൻ അതിനായി ഇറങ്ങിത്തിരിച്ച ദിവസമാണത്; അതായിരുന്നു ആവേശം. അദ്ദേഹം തിരികെ നാട്ടിലെത്തിയില്ല, അതായിരുന്നു ആശങ്ക. നാഗാലാൻഡിൽ നിന്നാണു യഥാർഥ യാത്ര തുടങ്ങിയതെങ്കിലും ആ ദിവസത്തിന്റെ പ്രത്യേകത പ്രമാണിച്ച് എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിൽനിന്നു പ്രതീകാത്മകമായി അന്നു തന്നെ ചവിട്ടി ഇറങ്ങി.

തഥാഗതിന്റെ സൈക്കിൾ

കയ്യിൽ പണമില്ലാത്തതിനാൽ 10 ലക്ഷം രൂപയുടെ ടൂറിങ് ബൈക്ക് (സൈക്കിൾ) വേണ്ടന്നുവച്ചു. 2 ലക്ഷത്തിന്റെ സർലി ഡിസ്ക് ട്രെക്കർ എന്ന യുഎസ് മോഡൽ ഇറക്കുമതി ചെയ്തു. സൈക്കിൾ എൻജിനീയറിങ്ങിൽ ജർമൻ- ഇറ്റാലിയൻ കമ്പനികളുടെ മികവിനെ ടൂറിങ് സൈക്കിളുകളുടെ കാര്യത്തിൽ മാത്രം യുഎസ് കടത്തിവെട്ടിയെന്നാണ് വിഷയത്തിൽ 3 വർഷത്തെ ‘പഠനം’ പൂർത്തിയാക്കിയ അരുൺ തഥാഗതിന്റെ അഭിപ്രായം

ലോക സഞ്ചാരികളുടെ അഭിപ്രായങ്ങൾ വായിച്ചു. ഒരെണ്ണം നേരിൽ കാണാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഒരു മലയാളിയും ഇതുവരെ സർലി സ്വന്തമാക്കിയതായി അരുണിന് അറിയില്ല. ഒടുവിൽ രണ്ടും കൽപിച്ചു വാങ്ങി ഓടിച്ചു. വൻ കയറ്റവും സുഖമായി കയറാം. ലോകയാത്രയ്ക്കു മുൻപ് ഒന്നു പരീക്ഷിക്കാൻ കോഴിക്കോടു മുതൽ മണ്ണാർക്കാട് വരെ 90 കിലോമീറ്റർ കുത്തനെയുള്ള കയറ്റിറക്കങ്ങളിലൂടെ ഒറ്റയടിക്കു സഞ്ചരിച്ച് ആത്മവിശ്വാസം നേടി. നിരപ്പായ റോഡിൽ 180 കിലോമീറ്റർ പിന്നിടുന്നതിനു തുല്യമായിരുന്നു ആ യാത്ര.

ബൈക്കിലും കാറിലും സഞ്ചരിക്കുമ്പോൾ നമ്മൾ കാണുന്ന ലോകമല്ല സൈക്കിൾസവാരി സമ്മാനിക്കുന്നതെന്ന് അരുൺ സാക്ഷ്യപ്പെടുത്തുന്നു.

ഒരു കാര്യം ശ്രദ്ധിക്കണം. വിദേശ സൈക്കിളുകളുടെ ബ്രേക്ക് നമ്മുടേതിന്റെ നേരെ എതിരാണ്. പിൻചക്രം നിൽക്കാൻ വലതുവശത്തെ ബ്രേക്ക് ലീവർ പിടിക്കണം. ഇടത്തേ ബ്രേക്ക് ലീവർ പിടിച്ചാൽ മുൻചക്രം മാത്രം നിൽക്കും, വണ്ടി തലകുത്തി മറിയും.

അരുൺ തഥാഗത് പോയ വഴികൾ

മ്യാൻമർ: ഓൺ അറൈവലായോ ഇ– വീസയായോ എടുക്കാം. 28 ദിവസം സഞ്ചരിക്കാം. 

50 ഡോളറാണു ഫീസ്. 5 അതിർത്തികളിലൂടെയും വിമാനത്താവളം വഴിയും പ്രവേശിക്കാം.

തായ്‌ലൻഡ്: സമാനരീതികളിൽ 14 ദിവസത്തെ വീസ ലഭിക്കും. 

ചെന്നൈ കോൺസുലേറ്റിൽ നിന്നു മുൻകൂട്ടി 2 മാസത്തേക്കുള്ള വീസയും കിട്ടും.

ഫീസ് 2700 ബാത്ത് (6400 രൂപ) (വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ 

ഇടയ്ക്കു വീസ സൗജന്യമാക്കാറുണ്ട്)

മലേഷ്യ: 14, 30, 90 ദിവസം കാലാവധിയുള്ള വീസകൾ ഓൺ അറൈവലായും 

ഇ – വീസയായും എടുക്കാം. ഫീസ് 45 ഡോളർ.

ഇന്തൊനീഷ്യയിൽ ഒരു മാസത്തേക്ക് ഇന്ത്യക്കാർക്കു വീസ വേണ്ട. വേണ്ടി വന്നാൽ 

ഒരു മാസം കൂടി നീട്ടിക്കിട്ടും.

കംബോഡിയ: ഓൺ അറൈവലായും ഇ– വീസയായും കിട്ടും, ഫീസ് 40 ഡോളർ. 

കാലാവധി ഒരു മാസം.

വിയറ്റ്നാം: വീസ മുൻകൂട്ടി എടുക്കണം. ഫീസ് 35 മുതൽ 65 ഡോളർ വരെ.

ലാവോസ്: ഓൺ അറൈവലായും ഇ–വീസയായും എടുക്കാം. ഫീസ് 42 ഡോളർ, 

കാലാവധി ഒരു മാസം.

ഓരോ രാജ്യത്തും പ്രവേശിക്കുമ്പോൾ മടക്കയാത്ര ടിക്കറ്റും ഹോട്ടൽ ബുക്കിങ് രേഖകളും കാണിക്കേണ്ടി വരും. വീസ നിയമങ്ങളിൽ അടിക്കടി മാറ്റം വരാറുണ്ട്. കോവിഡ് കാരണം കംബോഡിയ ഒഴികെയുള്ള രാജ്യങ്ങൾ അതിർത്തി അടച്ചിരിക്കുകയാണ്. തായ്‌ലൻഡ് കടുത്ത നിബന്ധനകളോടെ സന്ദർശനം അനുവദിക്കുന്നുണ്ട്.

English Summary: Arun Thathagath cycle journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com