സർക്കസ് ടീച്ചർ

manna
മന്ന കെ.ഏബ്രഹാം
SHARE

ചെങ്ങന്നൂർക്കാരി മന്ന കെ. ഏബ്രഹാം അഭ്യാസം പഠിച്ചിട്ടില്ല. നാൽപത്തിയെട്ടാം വയസ്സുവരെ, സർക്കസുമായുണ്ടായിരുന്ന ഏക ബന്ധം ജംബോ സർക്കസ് കണ്ടതാണ്. അധ്യാപനമാണു വഴിയെന്ന് നന്നേ ചെറുപ്പത്തിലേ മനസ്സിലുറപ്പിച്ചിരുന്നു. എന്നിട്ടും ഭൂമുഖത്തെ ഏറ്റവും വലിയ പ്രദർശനമെന്നു വിശേഷണമുള്ള, യുഎസിലെ റിങ്ക്ലിങ് ബ്രദേഴ്സ് ആൻഡ്  ബർനം ആൻഡ് ബെയ്‌ലി സർക്കസിന്റെ ചരിത്രത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരി മന്നയാണ്. ഇനി ആ റെക്കോർഡ് തിരുത്താനാവില്ല.ട്രെയിനിൽ സഞ്ചരിച്ച് വിവിധയിടങ്ങളിൽ തമ്പടിച്ചു സർക്കസ് അവതരിപ്പിക്കുന്ന കമ്പനി 146 വർഷത്തെ വിജയകരമായ  പ്രദർശനത്തിനു ശേഷം 2017ൽ അടച്ചുപൂട്ടി. 

യുഎസ് നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള എല്ലാവർക്കും ദിവസം ചുരുങ്ങിയതു 3 മണിക്കൂർ സ്കൂൾ പഠനം നിർബന്ധം. സർക്കസ് കലാകാരന്മാർക്കും അവരുടെ മക്കൾക്കും ഇതു ബാധകം. ഒരു പതിറ്റാണ്ടുകാലം റി‌ങ്ക്ലിങ് ബ്രോസിലെ ട്രാവലിങ് ടീച്ചറായിരുന്നു മന്ന. രണ്ടര കിലോമീറ്റർ നീളമുള്ള ട്രെയിനിലെ ചെറിയൊരു ബോഗിയായിരുന്നു വീട്. ചെല്ലുന്നിടത്തെല്ലാം സർക്കസ് കൂടാരത്തിന്റെയൊരു ഭാഗം സ്കൂളായി. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന അലാസ്കയും ഹവായ് ദ്വീപുമൊഴികെ യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും മെക്സിക്കോയിലും സർക്കസ് കമ്പനിക്കൊപ്പം മന്ന സഞ്ചരിച്ചു. സഞ്ചരിക്കുന്ന അധ്യാപികയെന്നതായിരുന്നു ‌റി‌ങ്ക്ലിങ് ബ്രോസിലെ ഔദ്യോഗിക പദവി. സഹപ്രവർത്തകരോടു നിരന്തരം ഇന്ത്യയെക്കുറിച്ചു പറഞ്ഞ്, അവർക്ക് ഇന്ത്യൻ രുചികൾ പരിചയപ്പെടുത്തി മന്ന രാജ്യത്തിന്റെ അനൗദ്യോഗിക അംബാസഡർ കൂടിയായി. 

‘ദ് ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത് ’ 

പല അഭ്യാസങ്ങൾ ചേർന്ന് ഒറ്റ സർക്കസായി രൂപപ്പെടുന്നതുപോലെ ചരിത്രത്തിലെ പല ഘട്ടങ്ങൾ കടന്നാണു റിങ്ക്ലിങ് ബ്രോസ് ആൻഡ് ബർനം ആൻഡ് ബെയ്‌ലി സർക്കസ് രൂപപ്പെട്ടത്. 1871ൽ റിങ്ക്ലിങ് ബ്രോസാണ് ആദ്യം റിങ്ങിലേക്കിറങ്ങിയത്. ബർനം ആൻഡ് ബെയ്‌ലി പിന്നീടാണു തുടങ്ങിയത്. 1919ൽ ഒറ്റക്കമ്പനിയായി മാറി. ‘ദ് ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്’ എന്നതായിരുന്നു കമ്പനിയുടെ പരസ്യവാചകം. രണ്ടര കിലോമീറ്ററോളം നീളമുള്ള ട്രെയിനിലാണു സർക്കസ് കമ്പനിയുടെ സഞ്ചാരം. കലാകാരന്മാരും മൃഗങ്ങളും സർക്കസുമായി ബന്ധപ്പെട്ട ജീവനക്കാരുമെല്ലാം താമസവും സഞ്ചാരവും ട്രെയിനിലാണ്. രണ്ടു പ്രദർശന കേന്ദ്രങ്ങൾക്കിടയിലുള്ള യാത്ര ചിലപ്പോൾ മൂന്നു ദിവസംവരെ നീളും. പുതിയ വിനോദോപാധികൾ തുറന്നതോടെ കാണികളില്ലാതായി. മൃഗങ്ങളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ കൂടിയായതോടെ 2017 മേയിൽ അവസാന ഷോയും തീർത്തു കൂടാരമടച്ചു. 

ഫ്രം ചെന്നൈ ടു അമേരിക്ക (കുവൈത്ത് വഴി) 

കുടുംബവേരുകൾ ചെങ്ങന്നൂരാണെങ്കിലും മന്ന ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. ബിരുദം ഗണിതശാസ്ത്രത്തിൽ. ബിരുദാനന്തര ബിരുദം ഇംഗ്ലിഷ് സാഹിത്യത്തിൽ. ഫാമിലി ആൻഡ് ജനറൽ കൗൺസലിങ്ങിലും സ്പെഷൽ എജ്യുക്കേഷനിലും ഡിപ്ലോമ. വിദ്യാഭ്യാസ യോഗ്യത കേൾക്കുമ്പോൾ പലരും നെറ്റിചുളിക്കാറുണ്ടായിരുന്നു. ഒരു ചേർച്ചയുമില്ലല്ലോയെന്ന് അവർ പറഞ്ഞില്ലെങ്കിലും മന്ന അതു കേൾക്കും. പഠിച്ചതൊക്കെ പ്രയോഗിക്കാൻ അവസരം കിട്ടുമെന്നു മന്ന മനസ്സിലാക്കിയത് അമേരിക്കയിലെത്തിയപ്പോഴാണ്. 

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ അധ്യാപികയായി ജോലിചെയ്ത ശേഷം കുവൈത്തിലെത്തിയതാണു ടേണിങ് പോയിന്റ്. അവിടെ 3 വർഷം അമേരിക്കൻ സ്കൂളിൽ കൗൺസലറായി ജോലി ചെയ്തു. സ്കൂളിലെ അമേരിക്കൻ സുഹൃത്തുക്കൾ വഴിയാണു 2001ലെ അവധിക്കാലത്തു സന്ദർശക വീസയിൽ യുഎസിലെത്തിയത്. അടുത്ത വർഷത്തെ അവധിക്കാലത്തും യുഎസിലെത്തി. 45–ാം വയസ്സിൽ ജീവിതം പുതിയ വഴിത്തിരിവുകളിലേക്കു കടക്കുകയായിരുന്നു.

തലവര മാറ്റിയ പരസ്യം

വാഷിങ്ടൻ ഡിസി പബ്ലിക് സ്കൂളിലായിരുന്നു ആദ്യ ജോലി. 4 മാസത്തിനകം ഷിക്കാഗോയിലെ സ്വകാര്യ സ്കൂളിലേക്കു മാറി. സ്കൂളിൽ എല്ലാം പഠിപ്പിസ്റ്റുകൾ. ഒരു വർഷമായപ്പോഴേക്കും മടുത്തു തുടങ്ങി. ഇന്റർനെറ്റിൽ വെറുതേ പരതി നോക്കുന്നതിനിടെയാണ് ആ പരസ്യം ശ്രദ്ധയിൽപെട്ടത്. ‘ട്രാവലിങ് ടീച്ചറെ ആവശ്യമുണ്ട്’ എന്നു മാത്രമായിരുന്നു ജോലിയെക്കുറിച്ചുള്ള വിവരം. അപേക്ഷ അയച്ചു. ഏകദേശം 500 കിലോമീറ്റർ അകലെയുള്ള ഡെട്രോയ്റ്റിൽ 2 ദിവസത്തിനകം അഭിമുഖത്തിനെത്താൻ 15 മിനിറ്റിനകം മറുപടി; ഒപ്പം വിമാന ടിക്കറ്റും. 

circus
റിങ്ക്ലിങ് ബ്രദേഴ്സ് ആൻഡ് ബർനം ആൻഡ് ബെയ്‌ലി സർക്കസിൽനിന്ന്.

അധ്യാപികയെന്ന നിലയിൽ പുതിയ ജീവിതപാഠങ്ങളിലേക്കാണു യാത്രയെന്നു മന്ന അറിഞ്ഞില്ല. സർക്കസ് കമ്പനിയിൽ ടീച്ചർ എന്നു പരസ്യത്തിലുണ്ടായിരുന്നെങ്കിൽ അപേക്ഷിക്കുമായിരുന്നോ? - 16 വർഷത്തിനു ശേഷം  ചെന്നൈ കിൽപോക്കിലെ വീട്ടിലിരുന്ന് ഓർക്കുമ്പോഴും മന്നയ്ക്ക് ഉറച്ച ഉത്തരമില്ല. 

സർക്കസ് കൂടാരത്തിൽ 

അഭിമുഖത്തിനെത്തിയപ്പോൾ തന്നെ മന്നയ്ക്കു കാര്യം മനസ്സിലായി, ഇതു സാധാരണ സ്കൂളല്ല. വഴി നിറയെ മൃഗങ്ങളുടെ ഹോർഡിങ്ങുകൾ, ട്രപ്പീസ് കളിയുടെ പരസ്യങ്ങൾ. അപേക്ഷ കണ്ടപ്പോൾത്തന്നെ നിയമനം ഉറപ്പായിരുന്നുവെന്ന് അവരുടെ പെരുമാറ്റത്തിൽനിന്നു വ്യക്തമായി. 

കാര്യങ്ങൾ ഒരുവിധം വ്യക്തമായപ്പോൾ അടുത്ത സംശയം മനസ്സിലുദിച്ചു – താമസം? സർക്കസ് കൂടാരത്തിൽനിന്നു കുറച്ചു മാറി നിർത്തിയിട്ടിരിക്കുന്ന ട്രെയിനിനടുത്തേക്കു മാനേജർ കൂട്ടിക്കൊണ്ടുപോയി. കണ്ണെത്താ ദൂരത്തോളം ട്രെയിൻ ബോഗികൾ. അതിനിടയിൽ നന്നായി പെയ്ന്റ് ചെയ്ത മനോഹരമായ കുഞ്ഞു ബോഗി. അകത്ത് ചെറിയ ഫ്രിജ്, മൈക്രോവേവ് അവൻ, ഗ്യാസ്, പാത്രങ്ങൾ... അടുത്ത 10 വർഷത്തേക്ക് എന്റെ വീട്. സമ്മതമാണോ എന്നു പോലും  ചോദിച്ചില്ല. ഒരാഴ്ചയ്ക്കകം ജോയിൻ ചെയ്യാൻ പറഞ്ഞു. ടിക്കറ്റ് കയ്യിൽ തന്നു; സാഹസികതയും കാൽപനികതയും നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള ടിക്കറ്റ്.

അഭ്യാസത്തിനിടെ വിദ്യാഭ്യാസം

അങ്ങനെ 2004 ൽ 48–ാം വയസ്സിൽ മന്ന ലോകത്തിലെ ഏറ്റവും വലിയ സർക്കസ് കമ്പനികളിലൊന്നിന്റെ ഭാഗമായി. അധ്യാപികയുടെ വേഷമായിരുന്നെങ്കിലും ആദ്യ ദിവസങ്ങളിൽ പാഠം പഠിച്ചതു മന്നയായിരുന്നു. കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ. മെക്സിക്കോയിൽ നിന്നെത്തിയ അഭയാർഥിയുടെ മകൻ മുതൽ ചൈനയിൽ നിന്നുള്ള ട്രപ്പീസ് കലാകാരൻവരെയായി വിവിധ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ളവർ. ഒരേസമയം 27 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വരെ ക്ലാസിലിരുന്നിട്ടുണ്ട്.  

ഇംഗ്ലിഷ്, കണക്ക്, സയൻസ് എന്നിവയെല്ലാം പഠിപ്പിക്കണം. പ്യൂൺ മുതൽ പ്രിൻസിപ്പൽ വരെയുള്ള വേഷമണിയണം. സ്വന്തം പഠനത്തിലെ വൈവിധ്യം ഇവിടെ തുണയായി. സർക്കസ് കൂടാരത്തിന്റെ ഒരു ഭാഗത്തു തന്നെയാണു സ്കൂൾ. ഷോ നടക്കുന്ന ദിവസങ്ങളിലെല്ലാം ക്ലാസുണ്ടാകും. ദിവസം 3 മണിക്കൂർ. 12–ാം ക്ലാസ് പഠനത്തിനു ശേഷം ദേശീയ തലത്തിൽ കുട്ടികൾക്കു പരീക്ഷയുണ്ട്. ഇതിൽ വിജയിച്ചാൽ കോളജ് പഠനത്തിനു യോഗ്യതയായി. ആദ്യ ദിനങ്ങളിൽ അധ്യാപനം കഠിനമായിരുന്നുവെന്നു മന്ന. ക്ലാസിലെ വൈവിധ്യം കാരണം ഒരേ ദിവസം 64 പാഠങ്ങൾവരെ പഠിപ്പിക്കേണ്ടിവന്നിട്ടുണ്ട്. 

ക്ലാസ് കഴിഞ്ഞാൽ പിറ്റേ ദിവസത്തേക്കുള്ള തയാറെടുപ്പായി. അതിനാൽ ഷോ കാണാൻ നിൽക്കില്ല. പത്തു വർഷം സർക്കസിനൊപ്പം സഞ്ചരിച്ചെങ്കിലും കണ്ടതു വിരലിലെണ്ണാവുന്ന ഷോകൾ മാത്രം. ക്ലാസിലെ തിയറി പഠനം മാത്രമല്ല, പ്രാക്ടിക്കലായി ഫീൽഡ് ട്രിപ്പുമുണ്ട്. അറിയപ്പെടുന്ന സ്മാരകങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവ കുട്ടികൾക്കൊപ്പം സന്ദർശിച്ച് പഠനത്തിനുള്ള അവസരമാക്കും. വൻ നഗരങ്ങളിലെ മെട്രോ യാത്രയുൾപ്പെടെ ജീവിതപാഠങ്ങളും സിലബസിനു പുറത്തുനിന്നു മന്ന കുട്ടികൾക്കു പകർന്നുനൽകി. 

സാധാരണ ഒരാഴ്ചയാണ് ഒരു നഗരത്തിലെ പ്രദർശനം. വലിയ നഗരങ്ങളിൽ മൂന്നാഴ്ച വരെ നീളും. ഷോ കഴിയുന്ന ദിവസം സ്കൂൾ രണ്ടു വലിയ പെട്ടികളിൽ അടുക്കിവയ്ക്കും. കുട്ടികളുടെ നോട്ട്ബുക്ക്, ടെക്സ്റ്റ് ബുക്ക്, ക്രാഫ്റ്റ് ബുക്ക്, ലാപ്ടോപ്, പ്രിന്റർ, പെയ്ന്റിങ് ബോക്സ് എന്നിവയെല്ലാം പെട്ടിയിലാക്കി ട്രെയിനിനുള്ളിലേക്ക്. അടുത്ത കേന്ദ്രത്തിൽ ഷോ തുടങ്ങുന്നതുവരെ ക്ലാസില്ല. 

10 വർഷത്തെ ട്രാവലിങ് ടീച്ചർ അനുഭവം പഠിപ്പിച്ചതെന്ത്? കുട്ടികളെ നന്നായി പഠിപ്പിക്കാൻ ദിവസം 3 മണിക്കൂർ ക്ലാസ് തന്നെ ധാരാളം. പിന്നെ, നല്ലൊരു സ്കൂൾ നടത്താൻ രണ്ടു വലിയ പെട്ടിയിൽ കൊള്ളുന്ന വസ്തുക്കൾ മതി. 

ഇന്ത്യൻ അംബാസഡർ 

കുട്ടികൾക്ക് അധ്യാപികയായിരുന്നെങ്കിലും സർക്കസിലെ മറ്റുള്ളവർക്കു മന്ന ഇന്ത്യയെക്കുറിച്ചുള്ള പാഠപുസ്തകമായിരുന്നു. ഭൂരിഭാഗം പേർക്കും ഇന്ത്യയെന്നാൽ മുംബൈയിലെ ചേരികളും പിന്നെ താജ്‌മഹലുമായിരുന്നു. 10 വർഷം കൊണ്ട് ആ ധാരണ പൂർണമായി മാറ്റാനായെന്നു മന്ന പറയുമ്പോൾ വാക്കുകളിൽ അഭിമാനം. മൂന്നു മാസത്തെ മെക്സിക്കോ സന്ദർശനത്തിനു പോയപ്പോൾ ഇന്ത്യൻ എംബസിയിൽ ലഭിച്ച സ്വീകരണം സുഖമുള്ള ഓർമയാണ്. 

circus-train
സർക്കസ് ട്രെയിൻ

ജീവിതം അമേരിക്കയിലെ ട്രെയിനിലായിരുന്നെങ്കിലും ഭക്ഷണത്തിൽ തനി മലയാളിയായിരുന്നു മന്ന. ഇടയ്ക്കെങ്കിലും ചോറും കൂട്ടാനുമില്ലാതെ എങ്ങനെ ജീവിക്കും? ട്രാവലിങ് ടീച്ചറുടെ കുഞ്ഞു ബോഗിയിലെ അടുക്കളയിൽ ചില ദിവസങ്ങളിൽ കേരളരുചി നിറഞ്ഞു. ജീവനക്കാരിൽ ചിലർ ഇന്ത്യൻ രുചികളുടെ കടുത്ത ആരാധകരായി മാറിയത് മന്നയിലെ കുക്കിനു കിട്ടിയ സർട്ടിഫിക്കറ്റ്. 

യാത്രകൾ, അനുഭൂതികൾ 

ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമെന്നാണ് 10 വർഷത്തെ സർക്കസ് ജീവിതത്തെക്കുറിച്ചു മന്ന പറയുക. നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്കു ട്രെയിനിലുള്ള യാത്രകൾ പലതും സ്വപ്നസമാനമായിരുന്നു. പശ്ചിമ തീരത്തിന്റെ മനോഹാരിതയിലൂടെ സാൻഡിയാഗോയിൽനിന്നു വാഷിങ്ടനിലേക്ക്... കലിഫോർണിയയിലെ പച്ചവിരിച്ച മലമടക്കുകളിലൂടെ... ട്രെയിനിന്റെ ബോഗികൾക്കിടയിലെ കൊച്ചു ‘വരാന്തയിൽ’ നിന്നാസ്വദിച്ച യാത്രകളുടെ അനുഭൂതി മായാതെ മനസ്സിലുണ്ട്. മനുഷ്യനും മൃഗങ്ങളുമെല്ലാം ഒറ്റ ട്രെയിനിലാണു യാത്ര. ചില മൃഗങ്ങളുടെ യാത്ര വലിയ ട്രക്കിലാണ്. 

അമേരിക്കൻ നിയമങ്ങൾ മൃഗങ്ങൾക്കു നൽകുന്ന കരുതൽ എടുത്തു പറയണം. ഏറ്റവും മികച്ച ഭക്ഷണമാണു മൃഗങ്ങൾക്കു നൽകുന്നത്. ദീർഘദൂര ട്രെയിൻ യാത്രയാണെങ്കിൽ നിശ്ചിത സമയത്തു ട്രെയിൻ നിർത്തി അവയെ പുറത്തിറക്കി കുളിപ്പിക്കും. മൃഗാവകാശങ്ങൾ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇടയ്ക്കിടെ പരിശോധനയുണ്ടാകും. ജീവിതസാഹചര്യങ്ങളുമായി മനുഷ്യർ പൊരുത്തപ്പെടുന്നതു പലതവണ കണ്ടു. കലിഫോർണിയയിൽ ക്ലാസെടുത്തുകൊണ്ടിരിക്കെ ഭൂമിയൊന്നു കുലുങ്ങി. കുട്ടികളെയുംകൊണ്ടു പരിഭ്രാന്തിയിൽ പുറത്തേക്കോടുമ്പോൾ മുന്നിൽ കൂസലില്ലാതെ മാനേജർ. കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ വിരിഞ്ഞതു ചിരി. കലിഫോർണിയയിൽ ചെറിയ ഭൂകമ്പങ്ങൾ സാധാരണം. ജനങ്ങൾക്ക് അതു ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. 

2014ൽ മടങ്ങുമ്പോൾ മനോഹരമായ സർക്കസ് കാലത്തിന്റെ ഓർമയ്ക്കായി മൂ, പിഗ്ഗി എന്നീ രണ്ടു പൂച്ചക്കുഞ്ഞുങ്ങളും ഒപ്പമുണ്ടായിരുന്നു. സ്പോക്കൺ ഇംഗ്ലിഷ് ക്ലാസുകൾ, കൗൺസലിങ്, പിയേഴ്സൺ ഐസിഎസ് സെക്കൻഡ് ഗ്രേഡ് ഇംഗ്ലിഷ് ടെക്സ്റ്റ് ബുക് റിസോഴ്സ് പഴ്സൻ തുടങ്ങി മന്നയുടെ ചെന്നൈ ജീവിതവും സജീവം. അതിനിടെ, ബെന്റ്, യെറ്റ് അൺബ്രോക്കൺ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 

ജീവിതം പഠിപ്പിച്ചതെന്തെന്നു ചോദിച്ചാൽ മന്നയുടെ ഉത്തരം ഇങ്ങനെ – മനസ്സുവച്ചാൽ അസാധ്യമായി ഒന്നുമില്ല.  ‘ജീവിതം നാടകമാണ്, മനുഷ്യർ അതിലെ കഥാപാത്രങ്ങളു’മെന്ന ഷെയ്ക്സ്പിയർ വാചകം സ്വന്തം അനുഭവത്തിൽ മന്ന ഇങ്ങനെ തിരുത്തും – ജീവിതം ഒരു സർക്കസാണ്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും അതിലെ കഥാപാത്രങ്ങൾ...! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA