‌മുൻപേ നടന്നൊരാൾ

HIGHLIGHTS
  • എം.കെ.കെ.നായരുടെ ജന്മശതാബ്ദി ഡിസംബർ 29ന്
MKK-Nair
എം.കെ.കെ.നായർ
SHARE

What I gave, I have

What I saved, I lost

‘ഞാൻ നൽകിയതെല്ലാം എനിക്കുണ്ട്,

ഞാൻ സമ്പാദിച്ചതെല്ലാം എനിക്കു നഷ്ടപ്പെട്ടു’

ജീവിതസായന്തനത്തിൽ എം.കെ.കെ.നായർ സ്വന്തം ജീവിതം വിലയിരുത്തി കുറിച്ചതാണീ പേർഷ്യൻ ഈരടി. ജീവിതകാലം മുഴുവൻ മികച്ച സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കഴിവും ഊർജവും ചെലവഴിച്ചു. അതിന്റെ സദ്ഫലങ്ങളെല്ലാം തന്നോടൊപ്പമുണ്ട്. സമ്പാദിച്ചതെല്ലാം എതിരാളികളുടെ കള്ളക്കേസിലും മറ്റുമായി ഇല്ലാതായി.

ഇന്ത്യൻ വ്യവസായരംഗത്തു വിപ്ലവങ്ങൾ സൃഷ്ടിച്ച എം.കെ.കെ.നായർ എന്ന മേപ്പള്ളി കേശവപിള്ള മകൻ കൃഷ്ണൻ നായരുടെ ജന്മശതാബ്ദി ഡിസംബർ 29ന്. 

ഉരുക്കുമനുഷ്യൻ

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കഴിവും തന്റേടവും ഭാവനയും രാജ്യത്തിന്റെ ഉയർച്ചയിൽ എത്ര വലിയ പങ്കു വഹിക്കുമെന്നതിന്റെ ഉദാഹരണമാണ് എം.കെ.കെ.നായർ. ഭിലായ് ഉരുക്കുനിർമാണശാലയ്ക്കു പിന്നിൽ ആ കൈകളുണ്ട്. കേരളത്തിന്റെ വ്യവസായ സംസ്കാരത്തിനു വളമേകിയ ഫാക്ട് (എഫ്എസിടി) അതിന്റെ പ്രതാപത്തിന്റെ പരമോന്നതിയിലെത്തിയത് എംകെകെയുടെ കീഴിലാണ്. ഉദ്യോഗമണ്ഡലിനു പുറമേ അമ്പലമേട്ടിലും ഫാക്ടിന്റെ യൂണിറ്റ് തുറന്നത് അദ്ദേഹത്തിന്റെ പരിശ്രമഫലമാണ്. നിശ്ചയദാർഢ്യമായിരുന്നു എംകെകെ എന്ന ഉദ്യോഗസ്ഥന്റെ കരുത്ത്. ആരെയും കൂസാതെ സത്യങ്ങൾ വിളിച്ചുപറയാനുള്ള തന്റേടം ആ വിജയങ്ങൾക്കു പിന്തുണയേകി. 

mkk-nair-wife
എം.കെ.കെ.നായരും ഭാര്യ സൗദാമിനിയമ്മയും

പദ്ധതികൾ, കാഴ്ചപ്പാടുകൾ

ഔദ്യോഗിക ജീവിതത്തിലെ ആദ്യ നാളുകളിൽ എംകെകെ ഫയലിൽ എഴുതിയ കുറിപ്പാണ് പള്ളിവാസൽ പദ്ധതി യാഥാർഥ്യമാക്കിയത്. ഇന്ത്യൻ അലുമിനിയം കമ്പനിയും ഫാക്ടും ഉൾപ്പെട്ട ആലുവ, വ്യവസായനഗരമായതു പള്ളിവാസലിന്റെ തണലിലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (അന്നത്തെ മഹാരാജാസ് കോളജ്) വികസനത്തിന്റെ ഭാഗമായി ക്യാംപസിലെ ചരിത്രപ്രസിദ്ധമായ മാവു  മുറിച്ചു മാറ്റാൻ നീക്കമുണ്ടെന്നറിഞ്ഞ എം.കെ.കെ.നായർ ചീഫ് സെക്രട്ടറി വെങ്കടകൃഷ്ണയ്യർക്കു രൂക്ഷമായ ഭാഷയിൽ കത്തെഴുതി. മാവ് മുറിക്കില്ലെന്നു മാത്രമല്ല, പ്രകൃതിയോടിണങ്ങിയ നിർമാണങ്ങളേ നടത്തൂ എന്നായിരുന്നു മറുപടി. ഈ നിലപാട് താൻ ആവിഷ്കരിച്ച എല്ലാ പദ്ധതികളിലും എംകെകെ സ്വീകരിച്ചിട്ടുണ്ട്. ഐഎഎസിന്റെ മുഖമുദ്രയായ ‘യോഗഃ കർമസു കൗശലം’ എന്ന ഗീതാവാക്യം നിർദേശിച്ചത് എംകെകെയാണ്. 

കഥകളിക്കമ്പം

ബാല്യത്തിൽ ആസ്വദിച്ച, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവക്കളികളാണ് എം.കെ.കെ.നായരെ വലിയൊരു കഥകളി ആസ്വാദകനാക്കിയത്. കഥകളി കലാകാരന്മാരുടെ ജീവിതപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കഥകളിയുടെ ആഗോള സ്വീകാര്യതയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്സീമമാണ്. 1966ൽ കലാമണ്ഡലം ചെയർമാനായ ഉടൻ കലാമണ്ഡലം കഥകളി സംഘത്തിന്റെ യൂറോപ്യൻ പര്യടനം സംഘടിപ്പിച്ചു. തുടർന്ന് എല്ലാ വർഷവും ലോകപര്യടനം തുടർന്നു. 

കലാമണ്ഡലം ഗോപി അക്കാലത്തെപ്പറ്റി ഓർക്കുന്നു: ‘‘ഏതാണ്ടു നാലു മാസം നീണ്ട ആ വിദേശ പര്യടനം കഥകളിക്കു ലോകപ്രശസ്തി നേടിത്തന്നു. ദീർഘദർശിയായിരുന്ന എം.കെ.കെ.നായർ ഇന്നു കലാമണ്ഡലം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നെല്ല്, തെങ്ങ്  കൃഷിക്കു മുൻകയ്യെടുത്തു. കലാകാരന്മാരുടെ ജീവിതനിലവാരം ഉയർത്താൻ എല്ലാ വിധത്തിലുള്ള സഹായവും അദ്ദേഹത്തിൽ നിന്നുണ്ടായി. അതുകൊണ്ടാണല്ലോ, വ്യാവസായികോൽപാദന കേന്ദ്രമായ എഫ്എസിടിക്കു കഥകളി വിദ്യാലയം എന്ന സാംസ്കാരിക സ്ഥാപനം ഉണ്ടായത്.’’

ഫാക്ട് ഡപ്യൂട്ടി ജനറൽ മാനേജരും ഉദ്യോഗമണ്ഡൽ കഥകളിസംഘത്തിന്റെ വിദേശ പര്യടനങ്ങൾക്കു ചുക്കാൻ പിടിച്ചയാളുമായ ടി.ആർ.എസ്.മേനോൻ, എംകെകെ ഫാക്ടിലുണ്ടായിരുന്ന കാലത്തെ  കഥകളിയുടെ സുവർണകാലം എന്നാണു വിശേഷിപ്പിക്കുന്നത്. കലാമണ്ഡലത്തിലെ അന്തരീക്ഷം കഥകളിക്ക് അത്രയേറെ അനുകൂലമല്ലെന്നു മനസ്സിലാക്കിയ എംകെകെ, ഉദ്യോഗമണ്ഡൽ കഥകളി തിയറ്റർ രൂപീകരിച്ചു. ഫാക്ട് വിദ്യാലയങ്ങളുടെ ഭാഗമായിത്തന്നെ കഥകളി വിദ്യാലയം സ്ഥാപിച്ചതിനാൽ ഒട്ടേറെ കലാകാരന്മാരെ വളർത്താനായി. വിദേശികളെ കഥകളിയിലേക്ക് ആകർഷിക്കാൻ എല്ലാ വർഷവും ടൂറിസ്റ്റ് സീസണിൽ വ്യാഴാഴ്ചകളിൽ ഉദ്യോഗമണ്ഡൽ കളരിയിൽ കഥകളി നടത്തി. 1971ൽ കഥകളി കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. ഇതിനു പുറമേ, കഥകളിക്കോപ്പു നിർമാണ പരിശീലനകേന്ദ്രവും അദ്ദേഹം ആരംഭിച്ചു. 

എംകെകെ കേരള ക്ലബ്ബിന്റെ ഭാരവാഹി ആയിരിക്കുമ്പോഴാണു ഡൽഹിയിൽ കഥകളി മഹോത്സവം സംഘടിപ്പിച്ചത്. മൂന്നു ദിവസത്തെ മഹോത്സവം കഴിഞ്ഞു കലാകാരന്മാർ മടങ്ങിയത് നെഹ്റു സമ്മാനിച്ച സ്വർണമെ‍ഡലുകളുമായാണ്.

ഹൃദയാലുവായ മനുഷ്യൻ

പ്രധാനമന്ത്രി മുതൽ തന്റെ ഫാക്ടറിയിലെ സാധാരണ തൊഴിലാളി വരെ എംകെകെയുടെ സൗഹൃദപരിധിയിലായിരുന്നു. ജവാഹർലാൽ നെഹ്റുവും ലാൽ ബഹാദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയുമെല്ലാം അദ്ദേഹത്തിന് എന്നും സമീപിക്കാവുന്നവരായിരുന്നു. സി. രാജഗോപാലാചാരി, വി.കെ.കൃഷ്ണമേനോൻ, ഇഎംഎസ്, കാമരാജ്, എ.കെ.ഗോപാലൻ തുടങ്ങിയ സുഹൃദ് നിര നീളുന്നു. 

താൻ കണ്ട ഏറ്റവും ഹൃദയാലുവായ മനുഷ്യനാണ് എം.കെ.കെ.നായരെന്ന് കഥാകൃത്ത് ടി.പത്മനാഭൻ പറയുന്നു. ‘‘ചോദിക്കാൻ നിൽക്കാതെ സ്വയമറിഞ്ഞ് പലരെയും അദ്ദേഹം സഹായിച്ചു. പക്ഷേ, പലരും അനർഹരായിരുന്നു. അവരിൽ പലരും അദ്ദേഹത്തെ തിരിഞ്ഞുകുത്തി. തന്റെ മരണത്തിലാണു കലാശിക്കുക എന്നറിഞ്ഞിട്ടും അർഥിക്കു കവചകുണ്ഡലങ്ങൾ അറുത്തുകൊടുത്ത കർണന്റെ നാട്ടിലാണല്ലോ അദ്ദേഹവും പിറന്നത്.’’ 

ഫാക്ടിലെ ഉദ്യോഗസ്ഥനും എം.കെ.കെ.നായരുമായി ഏറെ അടുപ്പമുള്ള വ്യക്തിയുമായ ഗോപകുമാർ എം.നായർ അദ്ദേഹത്തിന്റെ ഹൃദയവിശാലതയെപ്പറ്റി പറയുന്നുണ്ട് (എം.കെ.കെ.നായരുടെ ആത്മകഥ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തതു ഗോപകുമാർ നായരാണ്). ചുമതലയേൽക്കുമ്പോൾ അഞ്ചു കോടിയുടെ കമ്പനിയായിരുന്ന ഫാക്ടിനെ 11 കൊല്ലം കൊണ്ടു 120 കോടിയിലെത്തിക്കാൻ കേന്ദ്രമന്ത്രിമാരുമായും ആഗോള നേതാക്കന്മാരുമായും ഇടപഴകുമ്പോഴും സ്വന്തം കമ്പനിയിലെ അറ്റൻഡർമാരുടെയും ഹെൽപ്പർമാരുടെയും കുടുംബപ്രശ്നങ്ങൾക്കും അദ്ദേഹം തുല്യ പ്രാധാന്യം നൽകിയിരുന്നു. 

mkk-kathakali
ജവാഹർലാൽ നെഹ്റു, ബി.സി.റോയ്, വി.കെ.കൃഷ്ണമേനോൻ, ഇന്ദിരാഗാന്ധി എന്നിവർക്കൊപ്പം കഥകളി ആസ്വദിക്കുന്ന എം.കെ.കെ.നായർ (1955ൽ ന്യൂഡൽഹിയിൽ നടന്ന കഥകളി ഫെസ്റ്റിവലിനിടെ പകർത്തിയ ചിത്രം).

അമ്പലമേട്ടിൽ കൊച്ചിൻ ഡിവിഷൻ പണിയാൻ ഏറ്റെടുത്ത 1800 ഏക്കർ ഭൂമിയിലെ താമസക്കാർക്ക് 3 സെന്റ് വീതം നൽകേണ്ടിടത്ത് 10 സെന്റ് വീതം നൽകി അദ്ദേഹം. വെള്ളം, വൈദ്യുതി, വഴി എന്നിങ്ങനെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയ കോളനിയിലേക്കാണ് അവരെ പറിച്ചുനട്ടത്. അവരിൽ യോഗ്യതയുള്ളവർക്കു ജോലിയും നൽകി. ഫാക്ടിന്റെ ഭരണസംവിധാനം സുശക്തമാക്കാൻ മികച്ച ഉദ്യോഗാർഥികളെ കണ്ടെത്താൻ ‘ഫാക്ട് ഐഎഎസ്’ പരീക്ഷ ഏർപ്പെടുത്തിയത് എംകെകെയുടെ ഭരണകാലത്താണ്.നടൻ സത്യൻ ഉദ്ഘാടനം ചെയ്ത ഫാക്ട് ലളിതകലാകേന്ദ്രം നിലവാരമുള്ള കലാപ്രകടനങ്ങൾക്കു വേദിയായി. 

തീരുമാനങ്ങൾ അതിവേഗം

എംകെകെ തീരുമാനങ്ങളെടുക്കുന്നതു വളരെ വേഗത്തിലായിരുന്നെന്ന് പ്രഫ. എം.കെ.സാനു ഓർക്കുന്നു. ‘‘അവസാനകാലത്ത് അദ്ദേഹത്തിനു കാൻസറായിരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ചികിത്സ. അസുഖവിവരം ഡോക്ടർ അറിയിച്ചത് എന്നെയാണ്. ‘കാൻസറാണ്. കൂടിയാൽ മൂന്നോ നാലോ മാസം. അമേരിക്കയിൽ പോയാൽ പ്രത്യേക ശസ്ത്രക്രിയയുണ്ട്. കുറെക്കാലം നീട്ടിക്കിട്ടും.’ ഡോക്ടറുമായി സംസാരിച്ചു തിരിച്ചു ചെന്ന ഞാൻ മൗനം പാലിച്ചു. അദ്ദേഹം ചോദിച്ചു, ‘സാനു മാഷേ... പറയൂ... എന്താ നമ്മുടെ വിധി?’ ഒന്നുമില്ല, സാരമില്ല എന്നെല്ലാം ഞാൻ തപ്പിത്തടഞ്ഞു. അദ്ദേഹം പറഞ്ഞു. ‘എനിക്കു പല തീരുമാനങ്ങളും എടുക്കേണ്ടതാണ്. അതുകൊണ്ട് ഡോക്ടർ എന്തു പറഞ്ഞുവെന്ന് കൃത്യമായി എന്നോടു പറയണം.’ അപ്പോൾ സത്യം തുറന്നു പറഞ്ഞു. ഉടനെ വന്നു തീരുമാനം. അമേരിക്കയിൽ പോകുന്നില്ല. ചികിത്സ ഹോമിയോ ആക്കാം. 

പിന്നീട് അദ്ദേഹം തിരുവനന്തപുരത്തേക്കു താമസം മാറ്റിയപ്പോഴും ഞാൻ ഇടയ്ക്കു കാണാൻ പോകുമായിരുന്നു. ഒടുവിൽ കാണുന്നതു മരണത്തിനു മൂന്നുനാൾ മുൻപ്. ഞാനും പി.കെ.ബാലകൃഷ്ണനും കൂടിയാണു പോയത്. സ്വന്തം അസുഖത്തെക്കുറിച്ചോ അവശതയെക്കുറിച്ചോ അല്ല അദ്ദേഹം സംസാരിച്ചത്; കേരളത്തിന്റെ വികസനത്തെക്കുറിച്ചായിരുന്നു. തൃക്കാക്കരയിലോ കാക്കനാട്ടോ കുറെ സ്ഥലം കണ്ടെത്തി തമിഴ്നാട്ടിലെ ചോളമണ്ഡലം പോലെ കലാകാരന്മാരുടെ കേന്ദ്രമുണ്ടാക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എം.വി.ദേവൻ, സി.എൻ.ശ്രീകണ്ഠൻ നായർ തുടങ്ങിയവരെയും എന്നെയും ഉൾപ്പെടുത്തി കേരള കലാപീഠം സ്ഥാപിച്ചത് അദ്ദേഹമാണ്.’’ 

വിദ്യാഭ്യാസരംഗത്തെ കയ്യൊപ്പുകൾ

കേരളത്തിൽ ആദ്യമായി ഭാരതീയ വിദ്യാഭവൻ സ്കൂൾ സ്ഥാപിക്കുന്നത് എംകെകെ ആണ്; 1970‍ൽ എറണാകുളത്ത്. എംകെകെ കേരളത്തിലുള്ളതിനാൽ ഭാരതീയ വിദ്യാഭവന്റെ ഒരു സ്കൂൾ ആരംഭിക്കുന്നതിനു പറ്റിയ സമയമാണ് എന്ന ഡോ. കെ.എം.മുൻഷിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അതിനുള്ള ശ്രമം തുടങ്ങുന്നത്. ഫാക്ടിലെതന്നെ ഉദ്യോഗസ്ഥനായ ടി.ആർ.എസ്.മേനോനെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. എറണാകുളത്തെ പ്രമുഖ വ്യക്തികളെ സംഘടിപ്പിച്ച് സ്കൂൾ സ്ഥാപിക്കാനായി ഒരു സമിതിയുണ്ടാക്കി. മഹാകവി ജി. ശങ്കരക്കുറുപ്പായിരുന്നു ചെയർമാൻ. തിലകൻ വാസുദേവൻ പിള്ളയായിരുന്നു സെക്രട്ടറി. ടി.ആർ.എസ്.മേനോൻ ജോയിന്റ് സെക്രട്ടറിയും. അന്നു സ്ഥാപിച്ച ഭാരതീയ വിദ്യാഭവൻ സ്കൂളും അതെത്തുടർന്നു സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെട്ട സ്കൂളുകളും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല.

മലയാളികളുടെ നന്ദികേട്

ആദർശശുദ്ധിയോടും സത്യസന്ധതയോടും പണിയെടുക്കാൻ പ്രാപ്തനായ കേരളീയനു യോജ്യമായ സ്ഥലമല്ല കേരളമെന്നു ഫാക്ടിന്റെ ചുമതലയേൽക്കുമ്പോൾ എംകെകെ ഭയന്നിരുന്നു. ആ ആശങ്ക അസ്ഥാനത്തായില്ല. റോഡുകളും ക്വാർട്ടേഴ്സുകളും നവീകരിച്ചതും കർഷകരെ രാസവള ഉപയോഗത്തെക്കുറിച്ചു ബോധവൽക്കരിച്ചതും ധൂർത്തെന്നു മുദ്ര കുത്തപ്പെട്ടു. എങ്കിലും ജീവിതാവസാന നാളുകളിൽ ആരോപണമുക്തനായി അദ്ദേഹം തിളങ്ങി.

1973ൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി പിരിയേണ്ടിയിരുന്ന എംകെകെയുടെ സൗഭാഗ്യങ്ങൾ തട്ടിയെടുക്കാൻ ഡൽഹിയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ചിലർ‌ നടത്തിയ ഹീനപ്രവൃത്തികളെക്കുറിച്ച് എംകെകെയുടെ ആത്മകഥയുടെ ആമുഖത്തിൽ എസ്.ജയചന്ദ്രൻ നായർ പറയുന്നുണ്ട്.

നിശ്ചലമായ കർമകാണ്ഡം

എംകെകെയുടെ കർക്കശമായ കൃത്യനിർവഹണം ഔദ്യോഗികരംഗത്തും രാഷ്ട്രീയരംഗത്തും ഒട്ടേറെ ശത്രുക്കളെ സൃഷ്ടിച്ചു. ഇത്തരക്കാർ ഒത്തുകൂടി അദ്ദേഹത്തിനെതിരെ ഉപജാപങ്ങൾ ആരംഭിച്ചു. 

1973 ഓഗസ്റ്റിലാണ് എം.കെ.കെ.നായരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുന്നത്. എറണാകുളം സിബിഐ കോടതിയിൽ 1974ൽ കേസിന്റെ വിചാരണ ആരംഭിച്ചു. 

ആ ദുരന്തപർവത്തെക്കുറിച്ച് എം.കെ.കെ.നായരുടെ മകൻ ഗോപിനാഥ് കൃഷ്ണൻ പറയുന്നു: ‘‘കേസ് തുടങ്ങിയതോടെ ഞങ്ങൾ കാരക്കാമുറിയിലെ ചെറിയൊരു വീട്ടിലേക്കു താമസം മാറ്റി. അമ്മാവൻ എം.എസ്.കെ.മേനോന്റെ വീടായതിനാൽ വാടക ഇല്ലാതിരുന്നത് അനുഗ്രഹമായി. 1982ൽ ഞങ്ങൾ തിരുവനന്തപുരത്തെ ‘ബിന്ദു’ എന്ന വീട്ടിലേക്കു താമസം മാറ്റി. അച്ഛൻ കേസിന്റെ ആവശ്യത്തിനായി എറണാകുളത്തു പോയി വന്നുകൊണ്ടിരുന്നു. 1984ൽ കേസ് അവസാനിച്ചതോടെ അച്ഛനും ‘ബിന്ദു’വിൽ സ്ഥിരതാമസമാക്കി. അതേ വർഷമാണ് അച്ഛനും അമ്മയും കാറപകടത്തിൽപെട്ട് ആശുപത്രിയിലായത്. രണ്ടു മാസത്തോളം നീണ്ടു ആശുപത്രിവാസം. അക്കാലത്ത് സാമ്പത്തികമായി നല്ല ഞെരുക്കമായി. മഞ്ഞപ്പിത്തത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ അച്ഛനു പാൻക്രിയാസിൽ കാൻസർ കണ്ടെത്തി. വൈകാതെ ആരോഗ്യം ക്ഷയിച്ചു. 1987 സെപ്റ്റംബർ 27ന് അദ്ദേഹം ഓർമയായി. 

കേസ് നടക്കുന്ന കാലത്തു യാത്രകൾക്കായി ഒരു കാറും ഡ്രൈവറെയും അച്ഛന്റെ സഹോദരൻ കെ.പി.നായർ തന്നിരുന്നു. അച്ഛന്റെ സുഹൃത്തുക്കളാണു പെട്രോൾ ചെലവു വഹിച്ചിരുന്നത്. ഇവർ കാര്യമായ സാമ്പത്തിക സഹായങ്ങളും ചെയ്തിരുന്നു. മെഡിക്കൽ ട്രസ്റ്റിലെ ഡോ. പി.എ.വർഗീസ് വളരെയേറെ സഹായം ചെയ്തിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബ സ്വത്തുക്കളെല്ലാം കേസിനു വേണ്ടി വിൽക്കേണ്ടിവന്നു. അച്ഛന്റെ അഭിഭാഷകരായിരുന്ന വടക്കൂട്ട് നാരായണമേനോൻ, വൈലോപ്പിള്ളി പരമേശ്വര മേനോൻ, രാധാകൃഷ്ണ മേനോൻ എന്നിവർ പണത്തിനു വേണ്ടിയായിരുന്നില്ല കേസ് വാദിച്ചത്. 

1983ൽ സിബിഐ പ്രത്യേക ജഡ്ജി അച്ഛനെ ഒരു കേസിൽ കുറ്റവിമുക്തനാക്കി. അനധികൃത സ്വത്തുസമ്പാദനക്കേസ് തള്ളിയ കോടതി കൃത്രിമരേഖകളുണ്ടാക്കിയ സിബിഐ ഉദ്യോഗസ്ഥരെ ശാസിച്ചു. 1984ൽ രണ്ടാമത്തെ കേസിലും അച്ഛനെ കുറ്റവിമുക്തനാക്കി. ഫാക്ടിലെ സിഎംഡി ആയിരിക്കെ അധികാര ദുർവിനിയോഗം നടത്തി എന്നായിരുന്നു ആരോപണം. കള്ളത്തെളിവുകളുണ്ടാക്കിയതിനു സിബിഐയെ കോടതി വിമർശിച്ചു. 

photos

രോഗത്തിനടിപ്പെട്ടു കഴിയുമ്പോൾ അച്ഛനെ ഏറെ വേദനിപ്പിച്ചത് കേസ് നടത്തിപ്പിനു ചെലവായ പണം അനുവദിച്ചുതരണമെന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷ അന്നത്തെ കേന്ദ്ര മന്ത്രിസഭ തള്ളിയതായിരുന്നു. 1986ൽ രാജീവ് മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. 1986, 87 കാലഘട്ടത്തിൽ രണ്ടുതവണ അപേക്ഷ നിരസിക്കപ്പെട്ടു. അച്ഛന്റെ മരണശേഷം അമ്മയും ഞങ്ങൾ മക്കൾ മൂവരും ചേർന്നു സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നഷ്ടപരിഹാരത്തിനു കേസ് ഫയൽ ചെയ്തു. ഞങ്ങൾക്ക് അനുകൂലമായി വിധിയുണ്ടായി. 10 വർഷം കേസ് നടത്താൻ ചെലവഴിച്ച വകയിൽ 4,74,000 രൂപ നൽകാൻ ട്രൈബ്യൂണൽ വിധിച്ചു.’’

പദവികൾ

മദിരാശി സർവകലാശാലയിൽ നിന്നു ഫിസിക്സിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ എംകെകെ, എഫ്എൽ പരീക്ഷ ജയിച്ച് തിരുവിതാംകൂർ ഗവൺമെന്റിനു കീഴിൽ ഡിവിഷനൽ അക്കൗണ്ടന്റും ടെലിഫോൺസ് മാനേജരുമായി പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ രാജ്യരക്ഷാ വകുപ്പിൽ പ്ലാനിങ് ആൻഡ് കോഓർഡിനേഷൻ ഓഫിസറായി. ഐഎഎസ് ലഭിച്ച ശേഷം സേലം, ഹൊസൂർ ജില്ലകളിൽ ഡപ്യൂട്ടി കലക്ടർ. ഡൽഹിയിൽ കേന്ദ്ര വാണിജ്യവകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറി, ഭിലായ് ഉരുക്കുനിർ‍മാണശാലയുടെ ഡപ്യൂട്ടി ജനറൽ മാനേജർ, ഫാക്ട് ജനറൽ മാനേജർ, ചെയർമാൻ, കേരള കലാമണ്ഡലം ചെയർമാൻ, അഖില ഭാരത അയ്യപ്പ സേവാസംഘം പ്രസിഡന്റ്, കേന്ദ്ര ആസൂത്രണ കമ്മിഷൻ ജോയിന്റ് സെക്രട്ടറിയും ഉപദേഷ്ടാവും. കേരള കലാപീഠത്തിന്റെയും ഗുരു ചെങ്ങന്നൂർ കഥകളി അക്കാദമിയുടെയും ചെയർമാൻ. ഗുരുവായൂർ ദേവസ്വം കമ്മിറ്റിയംഗം...... ആ ജീവിതയാത്രയിലെ ഏതാനും നാഴികക്കല്ലുകൾ മാത്രമാണിവ. 

ഭാര്യ: പരേതയായ സൗദാമിനിയമ്മ. മക്കൾ: ഗോപിനാഥ്, രവീന്ദ്രനാഥ്, രഘുനാഥ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA