നല്ലാണിക്കൽ തുരുത്തിൽനിന്നു ലണ്ടനിലെത്തി പേരെടുത്ത മലയാളി ഡോക്ടറുടെ ജീവിതകഥ

dr-ajikumar
ഡോ.അജികുമാർ കവിദാസൻ
SHARE

ലണ്ടനിൽ പേരെടുത്തൊരു മലയാളി ഡോക്ടറുടെ ജീവിതമാണിത്. ചായക്കടയിലെ ബെഞ്ചിലുറങ്ങിയ, അടുക്കളയിലെ ചിമ്മിനിവെളിച്ചത്തിരുന്നു പഠിച്ച ഒരു ആലപ്പുഴക്കാരൻ ചെന്നെത്തിയ ഉയരങ്ങളുടെ കഥ. പ്രതിസന്ധികളുടെ നിലയില്ലാക്കയത്തിൽ നിന്ന് പലർ ചേർന്നു കൈപിടിച്ചുയർത്തിയ അജിയുടെ ജീവിതം 

‘യൂ ആർ നോട്ട് ഫിറ്റ് ഫോർ യുകെ’ നീ ഞങ്ങളുടെ രാജ്യത്തിനു പറ്റിയ ആളല്ലെന്ന്  മുഖത്തടിച്ചതു പോലെ പറഞ്ഞ സായ്‌പിനെ ഇതേ കഥയിൽ നാം വീണ്ടും കണ്ടുമുട്ടും. കാൽനൂറ്റാണ്ടു മുൻപ് ഈ വാക്കുകൾ കേട്ട് ശ്വാസം നിലച്ചിരുന്നുപോയ ആലപ്പുഴയിലെ നല്ലാണിക്കൽകാരൻ അജിയെ ആദ്യം പരിചയപ്പെടാം. ഇപ്പോൾ, ഡോ.അജികുമാർ കവിദാസൻ.

ലണ്ടനിലെ അറിയപ്പെടുന്ന ശ്വാസകോശരോഗ വിദഗ്ധനും ക്രോയ്ഡൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. 3 വർഷം ഓക്സ്ഫഡിൽ റെസ്പിറേറ്ററി മെഡിസിനിൽ ഹയർ സ്പെഷലിസ്റ്റ് ട്രെയിനിങ്ങിന്റെ പ്രോഗ്രാം ഡയറക്ടറായിരുന്നു. യുകെയിലെ എംആർസിപി പരീക്ഷകളുടെ എക്സാമിനറുമാണ്.

തുടക്കത്തിൽ പറഞ്ഞ വാചകമല്ല അജിക്കു കിട്ടിയ ആദ്യ തിരിച്ചടി. അതു കേൾക്കുന്നതിനു മുൻപുള്ള അജിയുടെ ജീവിതം തന്നെ തിരിച്ചടികളുടേതായിരുന്നു. ആ നിലയില്ലാക്കയത്തിൽ വീണിട്ടും അദ്ദേഹം തുഴഞ്ഞെത്തിയ ദൂരമറിയാൻ ആറാട്ടുപുഴയിലെ നല്ലാണിക്കലെന്ന തുരുത്തിലേക്കു പോകണം.

ചായക്കടയിലെ വീട്

അറബിക്കടലും കായംകുളം കായലും അതിരിട്ട നല്ലാണിക്കലിൽ അന്നു പൊളിഞ്ഞുവീഴാറായ രണ്ടുമുറി ഓലപ്പീടികയുണ്ടായിരുന്നു; ഒടുപ്പത്ത് പുതുവൽ വീട്ടിൽ കവിദാസന്റേത്. ചായക്കടയെന്നു പേരേയുള്ളൂ. അതിലൊരു മുറിയിൽ പകൽ പുട്ടും ചായയും വിറ്റാൽ കിട്ടുന്നതാണ് കുടുംബത്തിനുള്ള ഏക വരുമാനം. രാത്രി ബെഞ്ച് വലിച്ചി‌ട്ടു കിടക്കും. രണ്ടാമത്തെ മുറി അടുക്കളയും പഠിപ്പുമുറിയുമെല്ലാമാണ്.

കവിദാസനു 3 മക്കൾ. മൂത്തവൻ അജികുമാർ. ഇളയവർ രണ്ടും പെൺമക്കൾ – ജിജിയും ശ്രീജയും. നല്ലാണിക്കലെ പ്രാഥമിക പഠനം കഴിഞ്ഞ് മംഗലം ഹൈസ്കൂളിലാണു മക്കളുടെ പഠിപ്പ്. സ്കൂളിലെത്തും മുൻപ് അജിക്കു ചെയ്തുതീർക്കാൻ ജോലികളേറെയുണ്ട്. ചായക്കടയിലേക്കു വെള്ളം കോരാൻ പോകണം, തേങ്ങ ചുരണ്ടലും മറ്റുമായി അടുക്കളയിൽ സഹായിക്കണം... അങ്ങനെയങ്ങനെ... അതിനെല്ലാം മുൻപ് അൽപം പഠിക്കണം. വൈദ്യുതിയില്ലാത്ത വീട്ടിൽ ചിമ്മിനി വിളക്കിനു കീഴിൽ പുസ്തകം നിവർത്തി മക്കൾ ഇരിക്കും. എങ്ങനെ, ഏതുവരെ പഠിപ്പിക്കുമെന്ന് ഉറപ്പില്ലെങ്കിലും മക്കൾ ഉച്ചത്തിൽ പുസ്തകം വായിക്കുന്നതു കവിദാസനും ഭാര്യ തുളസിക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടു വെളുപ്പിനു നാലിനു തന്നെ വിളിച്ചുണർത്തും.

പത്താം ക്ലാസിലെ ഫലം വരുമ്പോൾ ഡിസ്റ്റിങ്ഷനോടെ അജി സ്കൂളിൽ ഒന്നാമനായി. കണക്കു പഠിപ്പിച്ച വർമസാറിന്റെ സ്നേഹക്കിഴുക്കായിരുന്നു ആദ്യ സമ്മാനം. മാഷ് പ്രതീക്ഷിച്ചത്രയും മാർക്കു കിട്ടിയില്ലെന്നതായിരുന്നു കാര്യം!

ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സിൽ കരാർ തൊഴിലാളിയായി കവിദാസൻ കുറച്ചുകാലം  പഠാൻകോ‌ട്ടുണ്ടായിരുന്നു. പണം മാത്രമല്ല, കുടുംബത്തിലെ മറ്റു പല വല്ലായ്മകൾക്കിടയിൽ മടങ്ങിപ്പോന്നതാണ്. പഠാൻകോട്ടുകാലം ഓർമയിലുള്ളതിനാൽ മകനെ പട്ടാളക്കാരനാക്കാനായിരുന്നു അച്ഛനു മോഹം. പക്ഷേ, വഴിവിളക്കു കിട്ടുന്നതു തന്നെ അനുഗ്രഹമായി കരുതിയ നാട്ടിൽ കായംകുളത്തുനിന്നു വല്ലപ്പോഴും വരുന്ന കെഎസ്ഇബി ലൈൻമാൻ ഭരതേട്ടൻ അജിയുടെ മനസ്സിലൊരു ബൾബ് തെളിയിച്ചാണു പോയത് – നീ പഠിച്ചു ഡോക്ടറാകാൻ നോക്ക്.

അങ്ങനെ നങ്ങ്യാർകുളങ്ങര ടി.കെ.മാധവൻ മെമ്മോറിയൽ കോളജിൽ സെക്കൻഡ് ഗ്രൂപ്പെടുത്തു പഠിച്ചു. അവിടെ കിട്ടിയ കൂട്ടുകാർ മനസ്സിലെ ഡോക്ടർ മോഹത്തിനു കൂടുതൽ നിറം നൽകി. അക്കുറി മെഡിക്കൽ എൻട്രൻസ് എഴുതാൻ തീരുമാനിച്ചു. അതിനായി 2 മാസത്തെ ദ്രുതപരിശീലന ക്ലാസിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്കു പോയി. മാതൃസഹോദരിയുടെ ഭർത്താവ് ഉദയന് അന്നു പാങ്ങോട്ടെ മിലിറ്ററി ക്യാംപിൽ ജോലിയുണ്ട്. അദ്ദേഹത്തിന്റെ സഹായം കൊണ്ടാണ് തിരുവനന്തപുരത്ത് ഒരു ചെറുചായ്പ്പിൽ അഭയം കിട്ടുന്നത്. ഭക്ഷണവും കിട്ടി. സെക്രട്ടേറിയറ്റിനു പിറകിലെ പരിശീലന കേന്ദ്രത്തിലാണു ക്ലാസ്. കോളജിൽ ഇതേ സ്വപ്നം പങ്കിട്ട പലരും ക്ലാസിലുണ്ടായിരുന്നു. ഫലം വന്നപ്പോഴും അവർ പലരുമുണ്ട്. അജിയില്ല!

ajikumar-priji
ഡോ. അജികുമാർ കവിദാസനും ഭാര്യ പ്രിജിയും.

വീണ്ടും നല്ലാണിക്കലേക്കു മടക്കം. പഠിച്ച അതേ കോളജിൽ ബിഎസ‍്‍സി സുവോളജിക്കു ചേർന്നു. ഡോക്ടർ മോഹം നടക്കില്ലെന്നു വീട്ടുകാരടക്കം കരുതിയെങ്കിലും ഒരിക്കൽകൂടി എൻട്രൻസ് എഴുതാൻ അജി തീരുമാനിച്ചിരുന്നു. അപ്പോഴേക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ പഠനം തുടങ്ങിയ ഉറ്റചങ്ങാതി മധു ജി.കണ്ടത്തിൽ പഠനവിശേഷങ്ങളറിയിച്ചു കത്തെഴുതാൻ തുടങ്ങിയിരുന്നു. മധുവെഴുതിയ അക്ഷരങ്ങളിൽ തെളിഞ്ഞ ക്ലാസ്മുറിയായിരുന്നു അജിക്കു മെഡിക്കൽ എൻട്രൻസിനുള്ള പ്രധാന പ്രചോദനം. വീട്ടുകാരെപ്പോലും അറിയിക്കാതെ സ്വയം അധ്വാനിച്ചു, പരീക്ഷയെഴുതി. ചായക്കടയിലേക്കുള്ള സഹായം മുടക്കിയതുമില്ല.

അങ്ങനെ വിധിദിവസമെത്തി. നേരത്തേ എഴുന്നേറ്റു. വള്ളത്തിൽ അക്കരെയ്ക്ക്. ആദ്യം പോയതു ചെ‌‌ട്ടികുളങ്ങര അമ്പലത്തിൽ. മനസ്സുരുകി പ്രാർഥിച്ചു. കാത്തിരുന്നു പത്രം നോക്കി; റാങ്ക് പട്ടികയിൽ അജികുമാർ!

ഡോക്ടർ പഠനത്തിനു പ്രവേശനം കിട്ടിയ കാര്യം അറിയിക്കാനുള്ള ഓട്ടത്തിന്റെ കിതപ്പ് ഇപ്പോഴും മനസ്സിലുണ്ടെന്ന് അജി. കരിയും പുകയും ചേർന്ന് ഇരുണ്ടുതുടങ്ങിയ അച്ഛന്റെ മുഖത്തു കുറെ നാളിനു ശേഷം തെളിച്ചം കണ്ട ദിവസം. വീട്ടിൽ മാത്രമല്ല, അജിക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടിയതിൽ ബന്ധുക്കളും നാട്ടുകാരുമെല്ലാം സന്തോഷിച്ചു, സഹായിച്ചു. കേന്ദ്ര ക്വോട്ട കൂടി കഴിഞ്ഞാൽ സംസ്ഥാനത്ത് ആകെ 600 സീറ്റുകൾ മാത്രമുള്ള കാലത്താണെന്ന് ഓർക്കണം. ഡോക്ടറാകാൻ പഠിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോഴേ, അന്നു ഗൾഫിലുണ്ടായിരുന്ന നാട്ടുകാരൻ വട്ടച്ചാലെ അജയൻ സ്റ്റെതസ്കോപ് കൊടുത്തുവിട്ടു. മെഡിക്കൽ കോളജിൽ പോയ ദിവസമാണ് അജി ജീവിതത്തിലാദ്യമായി മുണ്ടിൽനിന്നു മാറി പാന്റ്സിട്ടത്!

‘പ്രഫസറായ’ വിദ്യാർഥി

കോളജിലെത്തിയെന്നു കരുതി അടിച്ചുപൊളിക്കാൻ അജിക്കു കഴിയുമായിരുന്നില്ല. കൂട്ടുകാരൻ മധുവിനൊപ്പമായിരുന്നു താമസം. നന്നായി പഠിക്കാൻ ശ്രദ്ധിച്ചു. പലർ സഹായിച്ചു. പുസ്തകവും മറ്റും വാങ്ങാൻ ബാങ്കിൽനിന്നു ചെറിയ വായ്പ കിട്ടി. ഇടയ്ക്കിടെ പ്രായോഗിക പരിചയത്തിനു പോസ്റ്റിങ് ഉണ്ടാകും. റൊട്ടേഷൻ പ്രകാരം ജനറൽ മെഡിസിനിലും സർജറിയിലുമെല്ലാം മാറിമാറി നിൽക്കേണ്ടി വരും. എന്നാൽ, തരംകിട്ടിയാൽ ഇഷ്ടംകൊണ്ടു മെഡിസിനിലേക്കു വരുന്നതായി അജിയുടെ ശീലം.

പാഠഭാഗങ്ങൾ മുൻകൂട്ടി പഠിച്ചു ക്ലാസിൽ പോകുന്ന സ്കൂൾകാലത്തെ രീതി മെഡിക്കൽ കോളജിലും പരീക്ഷിച്ച് കൂട്ടുകാർക്കിടയിൽ കുട്ടിപ്രഫസറായി നടക്കുന്ന കാലം. കോളജിലെ ഏറ്റവും തലയെടുപ്പുള്ള പ്രഫ. ആർ.കെ.ഷേണായി സാർ ഈ ക്ലാസെടുപ്പ് ഒരിക്കൽ കയ്യോടെ പിടിച്ചു. വാട്ട് ആർ യൂ ഡൂയിങ്? എന്ന ചോദ്യത്തിന് ആം ട്രൈയിങ് ടു ടീച്ച് എന്ന് അജി. ഗെറ്റ് ഔട്ട് എന്ന മറുപടിയുടെ കനം വർഷങ്ങളോളം അജിയുടെ മനസ്സിലുണ്ടായിരുന്നു, മാഷോടുള്ള സ്നേഹം ഒട്ടും കുറയാതെ തന്നെ. അതുകൊണ്ടാണ് ഏതാനും വർഷങ്ങൾക്കു മുൻപു കുടുംബത്തെയും കൂട്ടി ആലപ്പുഴയിലെ വീട്ടിൽ ഷേണായി സാറിനെ കാണാൻ പോയത്. പഴയ കാര്യം ഓർമിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇറ്റ് മസ്റ്റ് ബി ദ് സീനിയർ മോസ്റ്റ്് വൺ ഷുഡ് ടീച്ച് ദ് ജൂനിയർ മോസ്റ്റ്’. അറിവും പരിചയസമ്പത്തും ചേരുന്നതാണ് ശരിയായ അധ്യാപനമെന്ന ആ പാഠം അജി പിന്നീട് അനുഭവത്തിലൂടെ അറിഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ സൂപ്രണ്ടായിരുന്ന പ്രഫ. സുമ ഉൾപ്പെടെ എത്രയോ പേരുടെ സ്നേഹസഹായം കോളജിലും അജിക്കു തുണയായി.

വർഷം പാഴാക്കാതെ എംബിബിഎസ് പാസാകണമെന്നതു മാത്രമായിരുന്നു അക്കാലത്തെ ചിന്ത. അതിനുള്ള കാരണം വീടു തന്നെ. അവിടെ ഫസ്റ്റ് ക്ലാസിൽ പത്താം ക്ലാസ് പാസായിട്ടും തുടർപഠനം വേണ്ടെന്നു വയ്ക്കേണ്ടിവന്ന അനിയത്തിയുണ്ട്. 

അജി അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് രോഗിയായി അച്ഛൻ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നതും മരിക്കുന്നതും; കാൻസറായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായി മാറിയ സമയത്താണ് അജിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.

ajikumar
ഡോ.അജികുമാർ

കടൽ കടന്നൊരു ജീവിതം

മകൻ വിദേശത്തേക്കു പോകുമെന്ന് അമ്മയോട് പണ്ടൊരു കൈനോട്ടക്കാരൻ പറഞ്ഞത് അന്നുവരെ അജിക്കു നേരംപോക്കായിരുന്നു. തനിക്കായി ഒരു ജീവിതം കടൽ കടന്നു വരുമെന്ന് അപ്പോഴൊന്നും സ്വപ്നത്തിൽ പോലുമില്ല. എന്നാൽ, ഒരു ചടങ്ങിൽ ആകസ്മികമായി കണ്ടൊരു പെൺകുട്ടി അജിയുടെ ജീവിതത്തിന്റെ ഭാഗമായി. ബ്രിട്ടനിൽ ജനിച്ചുവളർന്ന മലയാളി പെൺകുട്ടി, പ്രിജി. അവധിക്കു നാട്ടിൽ വന്ന ചുരുങ്ങിയ ദിവസങ്ങൾക്കിടയിലെ പരിചയം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹമായി വളർന്നു. ബ്രിട്ടനിലേക്കു പോകാമെന്നുറപ്പിച്ച് യാത്രയ്ക്കുള്ള ശ്രമങ്ങൾ തുടങ്ങി. ആ കാത്തിരിപ്പിനിടയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽത്തന്നെ ഒരു വർഷത്തോളം ജോലിയും ചെയ്തു.

നിങ്ങൾ ബ്രിട്ടനു പറ്റിയ ആളല്ല!

വീസ കിട്ടാൻ ചെന്നൈയിലെ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷനിൽ ചില നടപടിക്രമങ്ങൾ ബാക്കിയാണ്. രേഖകൾ ഹാജരാക്കി. പക്ഷേ, കൂടിക്കാഴ്ച നടത്തിയ സായ്പിന് അജിയെ രസിച്ചില്ല. മലയാളം പോലെ പറയുന്ന ഇംഗ്ലിഷായിരുന്നു പ്രധാന പ്രശ്നം. അദ്ദേഹം വിധി കൽപിച്ചു: യൂ ആർ നോട്ട് ഫിറ്റ് ഫോർ യുകെ, അസ് എ ഡോക്ടർ. മറ്റെന്തു പറ‍‍ഞ്ഞിരുന്നെങ്കിലും സങ്കടപ്പെടില്ലായിരുന്നുവെന്നും ഡോക്ടറാകാൻ പറ്റിയ ആളല്ലെന്ന ആ വിധികൽപിക്കൽ നിരാശപ്പെടുത്തിയെന്നും അജി. പക്ഷേ, അജിയുടെ കഥയിൽ നിങ്ങൾക്കയാളെ വീണ്ടും കാണേണ്ടി വരും.

ഇന്നോളം ജീവിതത്തിൽ കരുത്തായി നിലകൊള്ളുന്ന ഭാര്യ പ്രിജി തന്നെയായിരുന്നു അന്നും വഴിതെളിച്ചത്. അപ്പീൽ നൽകിയും പേപ്പർ ജോലികൾ തീർത്തും അജിയെ പ്രിജി യുകെയിലെത്തിച്ചു. അവിടെ ഐഇഎൽടിഎസ് പരീക്ഷയായിരുന്നു ആദ്യ കടമ്പ. ബിബിസി ന്യൂസ് കേട്ടും പത്രം വായിച്ചും പരീക്ഷയ്ക്കായി പ്രത്യേക ക്ലാസിനു പോയും അതു നേടി. യുകെ ജനറൽ മെഡിസിൻ കൗൺസിലിന്റെ റജിസ്ട്രേഷനുള്ള ടെസ്റ്റ് പാസായതോടെ ഡോക്ടറായി പ്രാക്ടിസ് തുടങ്ങാമെന്നായി. 

പ്രയാസങ്ങളിൽനിന്നാണു താനുണ്ടായതെന്ന് അജി പറയും. ‘ബുദ്ധിമുട്ടുകൾക്കു മുൻപിൽ ദുർബലനാകാതെ അധ്വാനിച്ചാൽ വിജയമുണ്ടാകുമെന്നു ഞാൻ പഠിച്ചു. ആളുകൾ ചുറ്റിലും സഹായിക്കാനുണ്ടെന്നു കൂടി തിരിച്ചറിയണം. സഹായം തേടിച്ചെല്ലുമ്പോൾ 9 പേരും ചിലപ്പോൾ തിരിഞ്ഞു നടന്നേക്കാം. പക്ഷേ, പത്താമതൊരാൾ സഹായിക്കാനുണ്ടാകും. ഇല്ലായ്മകളിൽ തനിച്ചായിപ്പോയവർ പ്രതീക്ഷ കൈവിടരുത്’ – സ്വന്തം ജീവിതം ചൂണ്ടി അജി പറയുന്നു.

ലണ്ടനിലെ വിപ്സ് ക്രോസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ ഹൗസ് ഓഫിസറായിട്ടായിരുന്നു ഔദ്യോഗിക തുടക്കം. സമാന തസ്തികയിൽ യുകെയിലെ പല ആശുപത്രികളിലായി 3 വർഷം. ഇതിനിടെ എംആർസിപിയുകെ ടെസ്റ്റും വിജയിച്ച് സ്പെഷലൈസ്ഡ് ട്രെയിനിങ്ങിനുള്ള യോഗ്യത നേടി. പിന്നാലെ പല പ്രമുഖ മെഡിക്കൽ സർവകലാശാലകളിലായി റെസ്പിറേ‌റ്ററി മെഡിസിനിൽ സ്പെഷലൈസ്ഡ് ട്രെയിനിങ് പൂർത്തിയാക്കി. 2008ൽ മിൽട്ടൻ കെയ്ൻസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കൺസൽറ്റന്റായി. അടുത്ത വർഷം അമേരിക്കൻ കോളജ് ചെസ്റ്റ് ഫിസിഷ്യൻസ് ഫെലോഷിപ് (എഫ്ആർസിപി) നേടി. അമേരിക്കൻ അസോസിയേഷൻ ഓഫ് ബ്രോങ്കോളജി ആൻഡ് ഇന്റർവെൻഷൻ പൾമണോളജിയിൽ അംഗമായി. 

ലണ്ടനിൽ ഡോക്ടർമാരുടെ മികവിനുള്ള ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ഫെലോ ആയി 2012ൽ തിര‍ഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ, ഓക്സ്ഫഡിൽ റെസ്പിറേറ്ററി മെഡിസിനിൽ ഹയർ സ്പെഷലിസ്റ്റ് ട്രെയിനിങ്ങിന്റെ പ്രോഗ്രാം ഡയറക്ടറായി. യൂറോപ്പിനു പുറത്തുനിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ ആൾ. നിലവിൽ, എംആർസിപി യുകെ എക്സാമിനറാണ്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും എക്സാമിനറെന്ന നിലയിൽ യാത്ര തുടരുന്നു. വിവിധ രാജ്യങ്ങളിൽ മുപ്പതോളം പ്രബന്ധങ്ങൾ, ഇന്ത്യയിലടക്കം ഒട്ടേറെ കോൺഫറൻസുകൾ...

നേട്ടങ്ങളുടെ പടി കയറുമ്പോഴും ചുറ്റുമുള്ളവരുടെ കൈകൾ കൂടി പിടിക്കാൻ അജി ശ്രദ്ധിക്കുന്നു. ഇതിനു വേണ്ടിക്കൂടിയാണ് അജിയുടെ നേതൃത്വത്തിൽ ക്രോയ്ഡൻ ചെസ്റ്റ് ഫൗണ്ടേഷനു രൂപം നൽകിയത്. ഇപ്പോഴും അതിന്റെ ചെയർമാനാണ്. പലതരത്തിൽ അവശത അനുഭവിക്കുന്നവർക്കു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നു, ആരോഗ്യ ബോധവൽക്കരണ ക്ലാസുകളെടുക്കുന്നു. ലോക മലയാളി കൗൺസിൽ യുകെ ചാപ്റ്ററിന്റെ ചെയർമാനായും ഗ്ലോബൽ വേൾഡ് മലയാളി കൗൺസിലിന്റെ ഗുഡ്‌വിൽ അംബാസഡറായും നടത്തുന്ന പ്രവർത്തനങ്ങൾ വേറെ. വർഷത്തിൽ രണ്ടു തവണ നാട്ടിലേക്കുള്ള യാത്രയിൽ കൊച്ചി അമൃത ആശുപത്രിയിൽ സേവനം ചെയ്യുന്നു.

കഴി‍ഞ്ഞ 10 മാസത്തോളമായി കോവിഡ് ചികിത്സാ കാര്യങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. കോവിഡിനെതിരെ ലണ്ടനിൽ വാക്സീൻ സ്വീകരിക്കാൻ സഹപ്രവർത്തകർ പോലും മടിച്ചുനിന്നപ്പോൾ ആദ്യം വാക്സീൻ സ്വീകരിച്ചു വഴികാട്ടിയതും അജിയായിരുന്നു.

ajikumar-family
ഡോ.അജികുമാർ കവിദാസനും ഭാര്യ പ്രിജിയും മക്കൾക്കൊപ്പം.

ആ ആൾ

നിങ്ങൾ ബ്രിട്ടനു പറ്റിയ ആളല്ലെന്നു പറഞ്ഞ ആൾ പിന്നീട് ബ്രിട്ടനിൽ വച്ചു തന്റെ മുന്നിൽ വന്നിട്ടുണ്ടെന്ന് അജി. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സതേടി വന്നതായിരുന്നു. അദ്ദേഹം തന്നെ തിരിച്ചറിഞ്ഞില്ല. പഴയത് ഓർമിപ്പിക്കാൻ താനും പോയില്ല. ഡോക്ടറെന്ന നിലയിൽ അതു ചെയ്യരുതെന്നു മനസ്സു പറഞ്ഞു– അജി ഓർക്കുന്നു.

കിട്ടിയതും കിട്ടാതെപോയതുമായ സന്തോഷം തിരികെ എല്ലാവർക്കുമായി നൽകുന്നതാണു നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ കടംവീട്ടലെന്ന് അജിയെ കേട്ടിരിക്കുമ്പോൾ തോന്നിപ്പോകും. താറാവും കോഴിയുമൊക്കെയായി നല്ലാണിക്കലെ പഴയ വീട്ടിൽ അജിയുടെ അമ്മ ഇപ്പോഴും സന്തോഷത്തോടെയുണ്ട്, ഇടയ്ക്ക് യുകെയിൽ പോയെങ്കിലും അവിടത്തെ രീതിയൊന്നും ആ അമ്മയ്ക്കു പറ്റുന്നില്ല. അജി തമാശയ്ക്കു പറയും – അമ്മ ഈസ് നോട്ട് ഫിറ്റ് ഫോർ യുകെ! സഹോദരിമാരും സന്തോഷത്തോടെ ജീവിക്കുന്നു. ഇളയവൾ ശ്രീജ ഹരീഷ് കൊല്ലം ഇത്തിക്കര ഡിവിഷനിൽനിന്നു ജയിച്ച് ജില്ലാ പഞ്ചായത്തംഗമായി. ഭാര്യ പ്രിജിക്കും മക്കളായ ഏയ്മിക്കും അമൃതിനുമൊപ്പം അജിയും ലണ്ടനിൽ ഹാപ്പിയാണ്.

അജി ഇന്നൊരു പേരല്ല, ഒരുപാടു പേരാണ്. പലർ നീട്ടിയ കൈകളുടെ ബലത്തിലാണ് അദ്ദേഹം മുന്നിലെത്തുന്ന രോഗികളുടെ ശ്വാസവേഗമറിയുന്നത്. ശ്വാസമുള്ളിടത്തോളം അതൊന്നും മറക്കില്ലെന്നു പറയുന്നതും അതുകൊണ്ടാണ്.

Content Highlights: Dr. Ajikumar Kavidasan from London

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA