നട്ടു, തനി നാട്ടുമ്പുറത്തുകാരൻ

CRICKET-AUS-IND
ടി.നടരാജൻ (Photo by Brenton EDWARDS / AFP)
SHARE

നിങ്ങൾ ക്രിക്കറ്റിൽ താൽപര്യമില്ലാത്തവരോ ക്രിക്കറ്റിനെ വെറുക്കുന്നവരോ ആയിക്കോട്ടെ, എങ്കിലും ക്രിക്കറ്റർ ടി.നടരാജന്റെ ജീവിതകഥ അറിയുമ്പോൾ സന്തോഷിക്കാതിരിക്കാനാകില്ല. ഈ ഇരുപത്തൊൻപതുകാരൻ നടന്നുതീർത്ത വഴികളും പൊരുതി വന്ന സാഹചര്യങ്ങളും ‘നല്ല നാളെയുണ്ട്’ എന്ന് ഓർമിക്കാനും സ്വപ്നം കാണാനും പ്രേരിപ്പിക്കുന്നതാണ്.

തമിഴ്നാട്ടിലെ സേലത്തുനിന്നു 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പംപെട്ടിയെന്ന ചെറുഗ്രാമത്തിൽ തുടങ്ങി ഓസ്ട്രേലിയയിൽ വരെയെത്തി നിൽക്കുന്ന ടി.നടരാജന്റെ വിജയപാതയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ സംസാരവിഷയം. അരങ്ങേറ്റ ടൂർണമെന്റിൽത്തന്നെ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും ടീം മാനേജ്മെന്റിന്റെയും ആരാധകരുടെയും ഇഷ്ടം പിടിച്ചുവാങ്ങിയ ഈ ഇടങ്കയ്യൻ ഫാസ്റ്റ് ബോളർ ഇന്നു തമിഴ്നാടിന്റെ പോസ്റ്റർ ബോയ് ആണ്. പേരിനൊരു ഗ്രൗണ്ട് പോലുമില്ലാത്ത ഉൾഗ്രാമങ്ങളിലെ കൗമാരക്കാർക്ക് ഇപ്പോൾ വിശ്വാസമുണ്ട്, കഠിനാധ്വാനം ചെയ്താൽ നടരാജനെപ്പോലെ ഉയരങ്ങൾ കീഴടക്കാമെന്ന്. ടെന്നിസ് ബോളിൽ നാട്ടിൻപുറങ്ങളിലെ ടൂർണമെന്റുകളിൽ കളിച്ചുനടന്ന തങ്കരശ് നടരാജൻ എന്ന ‘നട്ടു’ ഇന്ത്യൻ ടീം വരെയെത്തിയ കഥ എഴുതപ്പെടേണ്ടതു തന്നെയാണ്.

natrajan-jayaprakash
ജയപ്രകാശിനൊപ്പം നടരാജൻ.

ജെപി എന്ന മാർഗദർശി

നെയ്ത്തുശാലയിലെ തൊഴിലാളിയായിരുന്ന തങ്കരശുവിനും തെരുവിൽ തട്ടുകട നടത്തിയിരുന്ന ശാന്തയ്ക്കും 5 മക്കളെ പോറ്റാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. 3 പെൺകുട്ടികളും 2 ആൺകുട്ടികളും ഉൾപ്പെട്ട കുടുംബത്തിലെ മൂത്തപുത്രനു പക്ഷേ, ടെന്നിസ് ബോളുമായി നാടുനീളെ ക്രിക്കറ്റ് കളിച്ചു നടക്കുന്നതിലായിരുന്നു കമ്പം. പാഠപുസ്തകത്തിനുള്ള പണമോ ക്ലാസിലിരിക്കാനുള്ള താൽപര്യമോ നട്ടുവിനില്ലായിരുന്നു. പക്ഷേ, അന്നും ഒന്നുണ്ടായിരുന്നു, അതിവേഗത്തിൽ കുറ്റിപിളർക്കുന്ന യോർക്കറുകൾ.

പ്രാദേശിക ടൂർണമെന്റുകളിൽ ചിന്നപ്പംപെട്ടിയിലെ ‘യോർക്കർ കിങ്’ ആയി വാണിരുന്ന പയ്യനിൽ ഭാവി കണ്ടെത്തിയത് മുൻപ് ഡിവിഷൻ ക്രിക്കറ്റ്  താരമായിരുന്ന, നടരാജൻ     ‘ജെപി  അണ്ണൻ’ എന്നു വിളിക്കുന്ന  ജയപ്രകാശാണ്. ജെപിയാണ് അന്നുമുതൽ ഇന്നുവരെ നട്ടുവിന്റെ മാർഗദർശി. ഇന്ത്യൻ ടീമിൽവരെയെത്തിയ യാത്രയിൽ കൂടെനിന്ന ജെപിയെ സഹോദരതുല്യനായാണു നടരാജൻ കാണുന്നത്. ജെപി ഇല്ലായിരുന്നെങ്കിൽ താൻ ഇവിടംവരെ എത്തില്ലായിരുന്നുവെന്നു പറയാൻ നട്ടുവിന് അഭിമാനം മാത്രം. ആ സ്നേഹവും കടപ്പാടും നടരാജന്റെ ഐപിഎൽ ജഴ്സിയിൽ ‘ജെപി നട്ടു’ എന്ന പേരായും പന്തെറിയുന്ന ഇടതുകൈത്തണ്ടയിൽ ജെപി എന്ന മുദ്രയായും തെളിഞ്ഞു കാണാം. ഇൻസ്റ്റഗ്രാം ഹാൻഡിലിലും നടരാജൻ ജയപ്രകാശ് എന്നാണ്.

natarajan-famlily
ടി.നടരാജന്റെ അമ്മ ശാന്ത, അച്ഛൻ തങ്കരശ്.

ക്രിക്കറ്റോ, അതെന്ത് ?

നടരാജന്റെ മാതാപിതാക്കൾക്കു ക്രിക്കറ്റിനെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല. പക്ഷേ, അവർക്കു ജെപിയെ വിശ്വാസമായിരുന്നു. അങ്ങനെ 12–ാം ക്ലാസ് കഴിഞ്ഞ പയ്യനെ ജെപി ഏറ്റെടുത്തു. ജെപിയുടെ സുഹൃത്തു വഴിയാണ് ചെന്നൈ നാലാം ഡിവിഷനിൽ കളിക്കാൻ നടരാജന് അവസരം ലഭിച്ചത്. ആദ്യമായി സേലത്തിനു പുറത്തേക്കു സഞ്ചരിക്കുന്നതും അപ്പോഴാണ്. യാത്രയും ചെലവുമെല്ലാം അണ്ണൻ വഹിച്ചു. അതുവരെ ടെന്നിസ് ബോളിൽ മാത്രം ക്രിക്കറ്റ് കളിച്ച നട്ടു, 20–ാം വയസ്സിലാണ് തുകൽ സ്റ്റിച്ച് ബോളിൽ എറിഞ്ഞു തുടങ്ങുന്നത്. തമിഴ്നാടിനായി കളിക്കണം എന്നതായിരുന്നു നടരാജന്റെ അക്കാലത്തെ വലിയ സ്വപ്നം. 2014– 15 സീസണിൽ നേരിട്ടു തമിഴ്നാട് രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

natarajan-school
സേലം ചിന്നപ്പംപെട്ടിയിൽ ടി.നടരാജൻ പഠിച്ച ഗവ. ഹൈസ്കൂൾ. ഈ സ്കൂൾ മൈതാനത്താണ് ആദ്യകാലങ്ങളിൽ നടരാജൻ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്.

ബോളിങ് ആക്‌ഷനും 3 കോടിയും

തമിഴ്നാട് ടീമിലെത്തിയ ഉടൻതന്നെ ബോളിങ് ആക്‌ഷന്റെ പേരിൽ തിരിച്ചടി. ബോളിങ് ആക്‌ഷനിൽ പിഴവു കണ്ടെത്തിയാൽ ഒരു തുടക്കക്കാരന്റെ കരിയർ അവിടെ അവസാനിക്കേണ്ടതാണ്. പക്ഷേ, നടരാജൻ തളർന്നില്ല. ഒരു വർഷം കൊണ്ടു പിഴവില്ലാത്ത പുതിയ ആക്‌ഷനിലേക്കു ബോളിങ് മാറ്റിയെടുത്തു. അപ്പോഴും യോർക്കറുകളുടെ തീവ്രത കുറഞ്ഞില്ല.

ആക്‌ഷൻ തിരുത്താനെടുത്ത ഒരു വർഷം അതികഠിന കാലമായാണു നടരാജൻ ഓർത്തെടുക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം കാണുംവിധമായിരുന്നു തിരിച്ചുവരവ്. 2016ൽ ആരംഭിച്ച തമിഴ്നാട് പ്രീമിയർ ലീഗിലൂടെ (ടിഎൻപിഎൽ) നട്ടുവിന്റെ യോർക്കറുകൾ തമിഴ്നാടിനു പുറത്തും ശ്രദ്ധ നേടി. ‘ഡിണ്ടിഗൽ ഡ്രാഗൺസി’നായി നടത്തിയ തകർപ്പൻ പ്രകടനം നട്ടുവിനെ 2017ലെ ഐപിഎലിൽ എത്തിച്ചു. 3 കോടി രൂപ മുടക്കി കിങ്സ് ഇലവൻ പഞ്ചാബാണു ടീമിലെടുത്തത്. എന്നാൽ, ആ സീസണിൽ 6 മത്സരങ്ങളിൽനിന്നു 2 വിക്കറ്റു നേടാനേ കഴിഞ്ഞുള്ളൂ.

ക്ഷമയില്ലാത്ത പഞ്ചാബ് അടുത്ത സീസണിൽത്തന്നെ നട്ടുവിനെ ഒഴിവാക്കി. 2018 മുതൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിൽ. 40 ലക്ഷം രൂപയായിരുന്നു ലേലത്തുക. മികച്ച പേസർമാർ ധാരാളമുള്ള ടീമിൽ ആദ്യ രണ്ടു സീസണിലും അവസരം കിട്ടിയില്ലെങ്കിലും സീനിയർ ബോളർമാരോടൊത്തുള്ള പരിശീലനം ഗുണം ചെയ്തു. കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണിലും തമിഴ്നാടിനായി മികച്ച പ്രകടനമാണു നടരാജൻ നടത്തിയത്. കഴിഞ്ഞ വർഷം ഭുവനേശ്വർ കുമാർ പരുക്കേറ്റു പുറത്തിരുന്നതോടെ നടരാജന്റെ സമയം തെളിഞ്ഞു. ഐപിഎലിൽ നടരാജന്റെ തീപാറും പന്തുകൾ സിലക്‌ടർമാരുടെ കണ്ണിൽപെട്ടു. 16 മത്സരങ്ങളിൽനിന്നു 16 വിക്കറ്റുകളാണു നടരാജൻ നേടിയത്. അതിൽ എ.ബി. ഡിവില്ലിയേഴ്സിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയുമെല്ലാം വിലയേറിയ വിക്കറ്റുകളുണ്ട്. വിക്കറ്റ് നേട്ടത്തിലുപരി ഡെത്ത് ഓവറുകളിൽ നടരാജൻ കാട്ടിയ സ്ഥിരതയാണു സിലക്ടർമാരെ ആകർഷിച്ചത്.

natarajan-ground
സേലം ചിന്നപ്പംപെട്ടി നടരാജൻ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന മൈതാനം.

നടരാജൻ ക്രിക്കറ്റ് അക്കാദമി

പഞ്ചാബ് കിങ്സ് ഇലവനിലെ കരാറിലൂടെ ലഭിച്ച 3 കോടി രൂപ നടരാജന്റെ ജീവിതം അടിമുടി മാറ്റി. കുടുംബം പുതിയ വീട്ടിലേക്കു താമസം മാറി. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. മറ്റു മൂന്നുപേരും മികച്ച രീതിയിൽ പഠിക്കുന്നു. ഇതിനൊക്കെ മുകളിൽ നിൽക്കും നടരാജൻ ക്രിക്കറ്റ് അക്കാദമി. വിരമിച്ച ക്രിക്കറ്റർമാർ മാത്രം കൈവച്ചുപോരുന്ന ക്രിക്കറ്റ് അക്കാദമിയെന്ന വലിയ ലക്ഷ്യത്തിലേക്ക് ഐപിഎലിലെ പ്രഥമ സീസണിനുശേഷം തന്നെ നട്ടു നടന്നുകയറി.

ചെന്നൈയിലോ സേലത്തോ അക്കാദമി തുടങ്ങി വലിയ ഫീസ് വാങ്ങിയെടുക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും വന്ന വഴി മറക്കാതെ താൻ കളിച്ചുവളർന്ന ചിന്നപ്പംപെട്ടി തന്നെയാണ് നട്ടു അക്കാദമിക്കായി തിരഞ്ഞെടുത്തത്. അക്കാദമിയിൽ പരിശീലനം സൗജന്യമാണ്. നടരാജന്റെ നേട്ടത്തിൽ ആവേശംകൊണ്ട് വിദൂര ഗ്രാമങ്ങളിൽനിന്നു പോലും ക്രിക്കറ്റ് സ്വപ്നവുമായി അക്കാദമിയിലേക്കു യുവാക്കളെത്തുന്നു.

‘ശിഷ്യരിൽ’ നടരാജന് ഏറ്റവും സന്തോഷം പകരുന്നത് ജി.പെരിയസാമിയുടെ വളർച്ചയാണ്. സമീപവാസിയായ പെരിയസാമി പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട് ക്രിക്കറ്റ് ഉപേക്ഷിച്ച ഘട്ടത്തിലാണ് നടരാജൻ നേരിട്ടു വീട്ടുകാരെ കണ്ട് അക്കാദമിയിലേക്കു ക്ഷണിക്കുന്നത്. ശ്രീലങ്കൻ പേസ് ബോളിങ് ഇതിഹാസം ലസിത് മലിംഗയ്ക്കു സമാനമായ ബോളിങ് ആക്‌ഷനുള്ള പെരിയസാമി പെട്ടെന്നു തന്നെ ടിഎൻപിഎൽ ടീമിൽ ഇടം പിടിച്ചു. കഴിഞ്ഞ വർഷത്തെ ടിഎൻപിഎൽ ഫൈനലിലെ താരവും പെരിയസാമിയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ തമിഴ്നാടിനായി നടരാജനും പെരിയസാമിയും ഒരുമിച്ചു കളിച്ചപ്പോൾ ഒരു നാടു മുഴുവനുമാണു രോമാഞ്ചമണിഞ്ഞത്.

ചിന്നപ്പംപെട്ടിയിൽനിന്ന് ഇനിയും ക്രിക്കറ്റർമാർ വരും; മാർഗദീപമായി നടരാജനും വഴി തെളിക്കാൻ ആ പ്രചോദന കഥയും ഉള്ളിടത്തോളം കാലം...

Content Highlights: Story of T Natarajan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA