ADVERTISEMENT

1970-71ലെ ആഷസ് പരമ്പര ഓസ്ട്രേലിയയിൽ നടക്കുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 1970 ഡിസംബർ 31ന് മെൽബണിൽ തുടങ്ങേണ്ടതായിരുന്നു. മൂന്നു ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് മത്സരം ഉപേക്ഷിച്ചതായി അറിയിപ്പു വന്നു. അതിനു പകരം മറ്റൊരു ടെസ്റ്റ് 1971 ജനുവരി 21ന് അതേ വേദിയിൽ നടത്താൻ തീരുമാനമായി. പക്ഷേ, അതു കാണികളെ തൃപ്തരാക്കിയില്ല. പോംവഴിയായി സംഘാടകർ ചരിത്രപരമായ ഒരു തീരുമാനത്തിലെത്തി: മഴ ചതിച്ച ടെസ്‌റ്റിനെ ഒരൊറ്റ ദിവസത്തിലേക്കു ചുരുക്കുക! അതു രാജ്യാന്തര ഏകദിന ക്രിക്കറ്റിന്റെ പിറവിയിലേക്കു നയിച്ചു.

1971 ജനുവരി അഞ്ചിനായിരുന്നു ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഏകദിന മത്സരം. ഓരോ ടീമിനും 40 ഓവർ വീതം; ഒരു ഓവറിൽ 8 പന്തുകൾ. മത്സരത്തിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി.

‘വിരസവും നേരംകൊല്ലികളുമായ’ ടെസ്‌റ്റ് മത്സരങ്ങൾ കണ്ടുമടുത്ത ക്രിക്കറ്റ് പ്രേമികൾക്ക് അതൊരു പുത്തൻ അനുഭവമായി. ഏകദിന ക്രിക്കറ്റ് എന്ന ആശയം ക്ലിക്കായി.

kv-kelappan
കെ.വി.കേളപ്പൻ തമ്പുരാൻ

ആശയം ബ്രാഡ്മാന്റേതോ?

1960കളിൽ ഇംഗ്ലണ്ടിൽ അനൗദ്യോഗിക ഏകദിന മത്സരങ്ങൾ നടന്നിരുന്നെങ്കിലും ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഏകദിന മത്സരത്തിനു പിന്നിലെ ബുദ്ധി, ക്രിക്കറ്റ് ഇതിഹാസം സർ ഡോണൾഡ് ബ്രാഡ്മാന്റേതാണെന്നു കരുതപ്പെടുന്നു. മഴയെത്തുടർന്ന് മെൽബൺ ടെസ്റ്റ് ഉപേക്ഷിച്ചതോടെ നഷ്പ്പെട്ട വരുമാനത്തെക്കുറിച്ചായിരുന്നു സംഘാടകരുടെ പ്രധാന സങ്കടം. ബ്രാഡ്മാനാണു പരിഹാരം നിർദേശിച്ചതെന്ന് അന്നത്തെ ഓസീസ് നായകൻ ബിൽ ലാറി പിന്നീടു വെളിപ്പെടുത്തി.

മൈതാനത്തേക്കു കാണികൾ ഒഴുകിയെത്തി. വരുമാനം 46,000 ഡോളർ. ടെസ്റ്റ് മത്സരത്തിലൂടെ 30,000 ഡോളർ വരെ കിട്ടുമെന്നു പ്രതീക്ഷ സ്ഥാനത്താണിത്. ഏകദിന ക്രിക്കറ്റിന്റെ കച്ചവടസാധ്യതയാണ് ആദ്യ മത്സരത്തിൽത്തന്നെ തെളിഞ്ഞത്.

വേദിയും എതിരാളികളും ഒന്നുതന്നെ

ചരിത്രത്തിലെ ആദ്യ ടെസ്റ്റിനും (1877) ആദ്യ രാജ്യാന്തര ഏകദിനത്തിനും (1971) വേദിയായത് ഒരേ മൈതാനമാണ്: ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്. ഏറ്റുമുട്ടിയതും ഒരേ ടീമുകൾ: ഇംഗ്ലണ്ടും ഓസ്ട്രേലിയയും. രണ്ടിലും ജയിച്ചത് ഓസ്ട്രേലിയ. ആദ്യ ഏകദിന മത്സരത്തിനിറങ്ങിയ ഇരു ടീമുകൾക്കും ഗെയിം പ്ലാനൊന്നുമില്ലായിരുന്നു. ടെസ്റ്റ് കളിക്കുന്നതു പോലെയാണ് ഇരു ടീമുകളും കളിച്ചത്. ഓസീസ് ബോളർ ഗ്രഹാം മക്കെൻസി എറിഞ്ഞ ആദ്യ പന്തു നേരിട്ട ഇംഗ്ലിഷ് ഓപ്പണർ ജെഫ് ബോയ്കോട്ട് ഏകദിന ക്രിക്കറ്റ് ‘ഉദ്ഘാടനം ചെയ്തു’. ബോയ്കോട്ടിനെ പുറത്താക്കി ഫ്രോഗി തോംസൺ ആദ്യ വിക്കറ്റു പിഴുതു. 82 റൺസ് നേടിയ ഇംഗ്ലിഷ് താരം ജോൺ എഡ്രിച്ച് ആദ്യ മാൻ ഓഫ് ദ് മാച്ചായി.

വിപ്ലവകരമായ മാറ്റങ്ങളുമായി കെറി പാക്കർ

രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇന്നു കാണുന്ന പല മാറ്റങ്ങൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ എന്ന ഓസ്ട്രേലിയൻ മാധ്യമ വ്യവസായിയോടാണ്. ആധുനിക ക്രിക്കറ്റിലെ വിപ്ലവകാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം, ക്രിക്കറ്റിനു പുതിയ രൂപവും ഭാവവും സമ്മാനിച്ചു. ഏകദിന ക്രിക്കറ്റെന്നാൽ ടെസ്റ്റ് മത്സരങ്ങളല്ലെന്ന് അദ്ദേഹമാണു ലോകത്തെ പഠിപ്പിച്ചത്. മൈതാനങ്ങളിലേക്കു കൃത്രിമ വെളിച്ചവും വെള്ളപ്പന്തുകളും നിറമുള്ള ജഴ്‌സിയും ആഘോഷങ്ങളും പരസ്യങ്ങളുമെല്ലാം എത്തിച്ചതും കച്ചവടസാധ്യതയുള്ള ഗ്ലാമർ ലോകത്തേക്കു ക്രിക്കറ്റിനെ വളർത്തിയതും അദ്ദേഹമാണ്.

pooja-cricket-team
ആദ്യ പൂജ ടൂർണമെന്റിൽ വിജയികളായ തൃപ്പൂണിത്തുറ പ്രിൻസസ് ക്ലബ്

വഴിയൊരുക്കി  തൃപ്പൂണിത്തുറ, പുജ ക്രിക്കറ്റിന് 70

ടെസ്റ്റ് ക്രിക്കറ്റും രാജ്യാന്തര ഏകദിനവും അരങ്ങേറിയതു മെൽബണിലാണെങ്കിൽ, നിയന്ത്രിത ഓവർ ക്രിക്കറ്റ് എന്ന വിനോദത്തിനു ലോകത്താദ്യമായി തുടക്കമിട്ടത് നമ്മുടെ തൃപ്പൂണിത്തുറയിലാണ്. തൃപ്പൂണിത്തുറയും അവിടത്തെ ഒട്ടോളിപ്പറമ്പും ലോക ക്രിക്കറ്റ് ഭൂപടത്തിൽ സ്ഥാനം നേടിയിട്ട് 70 വയസ്സ്. ഒട്ടോളിപ്പറമ്പ് പിന്നീട് പാലസ് ഓവലായി. ലോകം സ്വപ്നം കാണുന്നതിനു മുൻപേ, തൃപ്പൂണിത്തുറ നിയന്ത്രിത ഓവർ ടൂർണമെന്റിനു വേദിയൊരുക്കി – പൂജ നോക്കൗട്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടൂർണമെന്റ് എന്ന പേരിൽ.

കൊച്ചി രാജകുടുംബത്തിലെ യുവതലമുറ ആരംഭിച്ച പ്രിൻസസ് ക്ലബ്ബാണ് പൂജ ക്രിക്കറ്റിന്റെ തുടക്കക്കാർ. 1950ൽ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ കൊച്ചി രാജകുടുംബാംഗമായ കെ.വി.കേളപ്പൻ തമ്പുരാൻ മുന്നോട്ടുവച്ച നിർദേശമാണ് പരിമിത ഓവറിൽ ക്രിക്കറ്റ് എന്ന ആശയത്തിനു ജന്മം നൽകിയത്. 1951ലാണ് ആദ്യ പൂജ ടൂർണമെന്റ് നടന്നത്. ആതിഥേയരായ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും കോട്ടയം ക്രിക്കറ്റ് ക്ലബ്ബും ഏറ്റുമുട്ടിയ ഫൈനലിൽ ആതിഥേയർ വിജയിച്ചു.

ഗില്ലറ്റ് കപ്പ്

ഇംഗ്ലണ്ടിൽ 1960കളിൽ ആരംഭിച്ച ഗില്ലറ്റ് കപ്പാണ് ലോകത്തെ ആദ്യ നിയന്ത്രിത ഓവർ ക്രിക്കറ്റ് ടൂർണമെന്റായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, രാജ്യാന്തര മത്സരം എന്ന തിളക്കം ഗില്ലറ്റ് കപ്പിനില്ലായിരുന്നു.

Content Highlights: One day cricket match @ 50

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com