ADVERTISEMENT

കോഴിക്കോട് കോർപറേഷന്റെ  പുതിയ മേയർ ബീന ഫിലിപ് പിതാവും സിപിഎം പ്രവർത്തകനുമായിരുന്ന എം.ജെ.ഫിലിപ്പിനെ ഓർക്കുന്നു

‘‘ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ സായുധവിപ്ലവം പ്രഖ്യാപിച്ചതിനെത്തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ നിരോധനമുണ്ടായിരുന്ന കാലം. സോവിയറ്റ് യൂണിയൻ നേതാവ് ജോസഫ് സ്റ്റാലിൻ 1950ൽ ഇന്ത്യൻ പാർട്ടി നേതാക്കളുമായി അതീവ‌ രഹസ്യമായൊരു കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ രാജേശ്വര റാവു, ബസവ പുന്നയ്യ, ഡാങ്കേ, അജയഘോഷ് എന്നിവരെ റഷ്യൻ ചാരസംഘടനയുടെ സഹായത്തോടെ, ഇന്ത്യൻ സർക്കാർ സംവിധാനങ്ങളുടെ മുഴുവൻ കണ്ണുവെട്ടിച്ച് അതീവ സാഹസികമായി മോസ്കോയിലെത്തിച്ചായിരുന്നു ആ കൂടിക്കാഴ്ച. കൽക്കട്ട തീസിസിന്റെ ഭാഗമായി കേരളത്തിലടക്കം പലയിടത്തും രൂക്ഷമായ ഏറ്റുമുട്ടലുകൾ നടന്ന കാലം. എന്നാൽ, ഇന്ത്യ ഒരു സായുധവിപ്ലവത്തിനു പരുവപ്പെട്ടിട്ടില്ലെന്നും ഈ സാഹചര്യത്തിൽ വിപ്ലവത്തിനു പുറപ്പെട്ട് കേഡറുകളെയും നേതാക്കളെയും കുരുതികൊടുക്കേണ്ടതില്ലെന്നുമായിരുന്നു സ്റ്റാലിന്റെ ഉപദേശം. സോവിയറ്റ് യൂണിയനിലിരുന്ന് സ്റ്റാലിൻ നൽകിയ ആ ഉപദേശം തൃശൂരിലെ വെള്ളികുളങ്ങര എന്ന ചെറിയ ഗ്രാമത്തിലെ ചില ജീവിതങ്ങളെയും മാറ്റിമറിച്ചു.’’

കോഴിക്കോട്ടെ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ വീട്ടിലിരുന്ന് കോഴിക്കോട് മേയർ ബീന ഫിലിപ് അച്ഛൻ എം.ജെ.ഫിലിപ്പിനെക്കുറിച്ചു പറയുമ്പോൾ അത് അച്ഛനെക്കുറിച്ചുള്ള മകളുടെ ഓർമക്കുറിപ്പു മാത്രമല്ല; 80 ആണ്ടുകൾ പിന്നിട്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ആയിരക്കണക്കിനു സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ എഴുതപ്പെടാതെപോയ ജീവചരിത്രം കൂടിയാണ്.

‘‘കൂത്താട്ടുകുളത്തെ വലിയ ജന്മികുടുംബത്തിൽ 1926ലാണ് ഞാൻ ഇച്ചാച്ചനെന്നു വിളിക്കുന്ന എം.ജെ.ഫിലിപ്പിന്റെ ജനനം. കൂത്താട്ടുകുളം പാലക്കുഴ കോഴിപ്പിള്ളിക്കരയിലെ മാന്താനത്തു വീട്ടിൽ ജോസഫിന്റെയും അന്നയുടെയും 8 മക്കളിൽ നാലാമൻ. 14 മുറികളുള്ള, ഒരുപാടു ജോലിക്കാരുള്ള, പ്രദേശത്തു കൃഷിയും കച്ചവടവും നടത്തിയിരുന്ന മാന്താനത്തു തറവാട്ടിലെ മക്കളെല്ലാം തിരഞ്ഞെടുത്തതു വിപ്ലവ വഴി. ഏറ്റവും മൂത്ത സഹോദരൻ എം.ജെ.ജോൺ അക്കാലത്തു കൂത്താട്ടുകുളത്തെ തീപ്പൊരി നേതാവായിരുന്നു. ദിവാൻ സിപി രാമസ്വാമി അയ്യരെപ്പോലും വിറപ്പിച്ചിരുന്ന, കൂത്താട്ടുകുളം സഖാക്കൾ എന്നു വിളിക്കുന്ന സംഘത്തിലെ അംഗം.

കുടുംബത്തിൽ എല്ലാവരും നല്ല വിദ്യാഭ്യാസം നേടിയെങ്കിലും ഇച്ചാച്ചൻ ആറാം ക്ലാസിൽ പഠിത്തം നിർത്തി. വല്യച്ചാച്ചന്റെ കച്ചവടവും കൃഷിയുമെല്ലാം നോക്കിനടത്തേണ്ട ഉത്തരവാദിത്തം വന്നു. ഔപചാരിക വിദ്യാഭ്യാസം അവിടം കൊണ്ടു നിലച്ചെങ്കിലും ലോകത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം നല്ല അറിവുണ്ടായിരുന്നു.

മൂത്ത സഹോദരങ്ങളുടെ വഴിയേ ഇച്ചാച്ചനും വളരെപ്പെട്ടെന്നു തന്നെ പാർട്ടിയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്കു ഗറില യുദ്ധമുറയിൽ പാർട്ടി പരിശീലനം നൽകുന്ന കാലമാണ്. നല്ല പൊക്കവും ശരീരവുമുള്ള ഇച്ചാച്ചനും ഗറില പരിശീലനത്തിനു പോയി. പക്ഷേ, പ്രായം 16 തികയാത്ത ഇച്ചാച്ചനെ പാർട്ടി തിരിച്ചയച്ചു.

mj-philip
എം.ജെ.ഫിലിപ്പും ഭാര്യ അമ്മിണിയും

പാതിവഴിയിൽ നിലച്ച സായുധ വിപ്ലവം

1941. രണ്ടാം ലോകയുദ്ധ കാലം. അനാക്രമണ സന്ധി ലംഘിച്ച് ഹിറ്റ്‍ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ അതുവരെ യുദ്ധത്തിൽനിന്നു വിട്ടുനിന്ന സോവിയറ്റ് യൂണിയനും യുദ്ധത്തിന്റെ ഭാഗമായി. സോവിയറ്റ് യൂണിയൻ ബ്രിട്ടന്റെ സഖ്യകക്ഷിയായതോടെ അതുവരെ ബ്രിട്ടിഷുകാർക്കെതിരെ പോരാടിക്കൊണ്ടിരുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടനൊപ്പം നിന്നു. രാജ്യാന്തര നിലപാടിന്റെ ഭാഗമായിരുന്നു അത്. യുദ്ധവിരുദ്ധ നിലപാടിനു പകരം ജനകീയയുദ്ധമെന്ന നിലപാടിലേക്കു പാർട്ടി മാറി.

1947ൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചെങ്കിലും പൂർണാർഥത്തിലുള്ള സ്വാതന്ത്ര്യമായി അതിനെ കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നില്ല. 1948ൽ കൽക്കട്ട തീസിസിനെത്തുടർന്ന് ഇന്ത്യയിൽ സായുധ വിപ്ലവം നടത്താൻ പാർട്ടി തീരുമാനിച്ചു. ഇച്ചാച്ചൻ അടക്കമുള്ള ചെറുപ്പക്കാരായ സഖാക്കൾ ഏതു വിധേനയും സായുധ വിപ്ലവം നടപ്പാക്കാൻ വീട്ടിൽനിന്ന് ഇറങ്ങി.

മക്കൾ അടിക്കടി കേസിൽ ഉൾപ്പെട്ടതോടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വല്യച്ചാച്ചന് (എം.ജെ.ഫിലിപ്പിന്റെ പിതാവ് ജോസഫ്) സ്വത്തുക്കൾ പലതും വിൽക്കേണ്ടിവന്നു. ഒടുവിൽ കൂത്താട്ടുകുളത്തെ വലിയ വീടും വസ്തുക്കളും വിറ്റ് വല്യച്ചാച്ചൻ തൃശൂർ വെള്ളികുളങ്ങരയിലേക്കു മാറി. എം.ജെ.ജോൺ ഒഴികെയുള്ള മക്കളുമായാണ് അദ്ദേഹം വെള്ളികുളങ്ങരയിലേക്കു മാറിയത്.

അവിടെയും ഇച്ചാച്ചൻ പാർട്ടി പ്രവർത്തനത്തിൽ സജീവമായി. തൊഴിലാളികൾക്കിടയിൽ പാർട്ടി കെട്ടിപ്പടുക്കുകയായിരുന്നു പ്രധാന ചുമതല. 1948 ജൂണിൽ തൃശൂർ ജില്ലയിലെ പരിയാരത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കൃഷിയിടം അളക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ആ ഏറ്റുമുട്ടലിൽ ചാലക്കുടി ഇൻസ്പെക്ടറായിരുന്ന ശങ്കുണ്ണി കൊല്ലപ്പെട്ടു. പ്രതിയായ ഇച്ചാച്ചൻ ഒളിവിൽ പോയി.

അക്കാലത്തു കൂത്താട്ടുകുളത്ത് പാർട്ടി കെട്ടിപ്പടുക്കാൻ നിയോഗിച്ചിരുന്നത് പെരുമ്പാവൂരുകാരനായ നരസിംഹ അയ്യരെയായിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയായ അദ്ദേഹത്തിനെതിരെ വാറന്റ് നിലനിൽക്കുന്നുണ്ടായിരുന്നു. 1948 ജൂലൈയിൽ കൂത്താട്ടുകുളത്തെ ഒരു യോഗത്തിൽ നരസിംഹ അയ്യർ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ പൊലീസ് ഇരച്ചെത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ നരസിംഹ അയ്യരെ സിഐഡി റിപ്പോർട്ടറായ ഉമ്മൻ വട്ടംപിടിച്ചു. പൊരിഞ്ഞ സംഘർഷത്തിനിടെ ഉമ്മൻ കുത്തേറ്റു മരിച്ചു. ഈ കേസിൽ ഇച്ചാച്ചൻ 14–ാം പ്രതിയും ജ്യേഷ്ഠൻ എം.ജെ.ജോൺ മൂന്നാം പ്രതിയുമായി. കൂട്ടത്തിലൊരാളുടെ ജീവൻ നഷ്ടമായതോടെ പ്രദേശത്തു പൊലീസ് നരനായാട്ടു നടത്തി. പാർട്ടി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇച്ചാച്ചൻ അടക്കമുള്ളവരോടു നിർബന്ധമായും ഒളിവിൽ പോകാൻ പാർട്ടി നിർദേശിച്ചു. അന്ന് 22 വയസ്സായിരുന്നു പ്രായം.

വയനാട്ടിലും കുടകിലുമായിരുന്നു ഒളിവുജീവിതം. പിടിക്കപ്പെടുമെന്നു സംശയം തോന്നുമ്പോൾ പുതിയ സ്ഥലത്തേക്കു മാറും. ഒളിവിൽ കഴിയുന്ന വീട്ടിലെ അംഗങ്ങളെ കൂടാതെ രണ്ടോ മൂന്നോ സഖാക്കൾക്കു കൂടി ഭക്ഷണം കൊടുക്കണം. ദാരിദ്ര്യം വല്ലാതെയുള്ള കാലമാണ്. നാട്ടിൻപുറത്തെ കടകളിൽനിന്നു കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോൾ ആ കുടുംബത്തെ നാട്ടുകാർ സംശയിച്ചുതുടങ്ങും. അപ്പോൾ ഒളിത്താവളം മാറും. വയനാട്ടിൽ കുറച്ചുകാലം സോഡ വിൽക്കുന്ന പെട്ടിക്കടക്കാരൻ കൃഷ്ണൻ എന്ന പേരിലും കഴിഞ്ഞു. അവിടെ ആരോ ഒറ്റിയതിനെത്തുടർന്നു പിന്നീടു കുടകിലേക്കു പോയി. അവിടെ പലയിടങ്ങളിലായി ജീവിച്ചു.

സായുധ ചെറുത്തുനിൽപു ലക്ഷ്യമിട്ട കൽക്കട്ട തീസിസ് പാസാക്കിയതിന്റെ ആവേശത്തിലാണ് ജന്മിത്തവിരുദ്ധ സമരങ്ങളും സായുധസമരങ്ങളും ശക്തിപ്പെട്ടത്. എന്നാൽ, 1950ൽ ജോസഫ് സ്റ്റാലിൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി മോസ്കോയിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ സായുധ വിപ്ലവം പിൻവലിക്കാനാണ് ഉപദേശിച്ചത്. ഇതെത്തുടർന്ന് 1951ൽ സായുധ വിപ്ലവം എന്ന നയം പാർട്ടി തിരുത്തി. സായുധ വിപ്ലവം നടപ്പാക്കാനായി ഇറങ്ങിത്തിരിച്ച ഇച്ചാച്ചൻ അടക്കമുള്ള സഖാക്കൾ നാട്ടിലേക്കു മടങ്ങി. സായുധ വിപ്ലവം പിൻവലിക്കാൻ അന്നു തീരുമാനിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ, ഇച്ചാച്ചൻ ഒരിക്കലും മടങ്ങിവരില്ലായിരുന്നു. 

പിന്നീട് 1957ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തില്‍ എത്തിയതിനെത്തുടർന്ന്, തെളിവില്ലാത്തതിനാൽ ഉമ്മൻ കൊലക്കേസ് പിൻവലിച്ചു. ആകെ 57 പ്രതികളുണ്ടായിരുന്ന പരിയാരം കേസിൽ അൻപതോളം പേർ പല കാലങ്ങളിലായി ശിക്ഷിക്കപ്പെട്ടെങ്കിലും ഇച്ചാച്ചൻ ശിക്ഷിക്കപ്പെട്ടില്ല.

beena-philip-father
എം.ജെ.ഫിലിപ്പും മകൾ ബീനയും. ബീനയുടെ വിവാഹവേളയിലെ ചിത്രം.

ആദ്യ കുടുംബം പാർട്ടി

ഒളിവിൽനിന്നു തിരിച്ചെത്തി എന്റെ അമ്മ അമ്മിണിയെ വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങിയെങ്കിലും പാർട്ടി തന്നെയായിരുന്നു ഇച്ചാച്ചന്റെ ആദ്യ കുടുംബം. തൊഴിലാളികൾക്കിടയിൽ സാക്ഷരതാ പ്രവർത്തനങ്ങൾ സജീവമായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഞങ്ങളുടെ വീട്ടിലെത്തിച്ചാണ് എഴുത്തും വായനയും പഠിപ്പിച്ചിരുന്നത്. എഴുത്തും വായനയും പഠിക്കാനെത്തിയ സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചിരുന്നു. ചുവന്ന ബ്ലൗസ് ധരിച്ച് ജന്മിയുടെ തോട്ടത്തിൽ പണിക്കുപോയ പെൺകുട്ടിയുടെ വസ്ത്രം കീറി കമുകിൽ കെട്ടിയിട്ടു. ഇതറിഞ്ഞ് ഇച്ചാച്ചൻ അടക്കം ഒരുസംഘം സഖാക്കൾ വെട്ടുകത്തിയുമായി ജന്മിയുടെ പറമ്പിലെത്തി അവരെ മോചിപ്പിച്ചു.

കൂപ്പുതൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ചെറുകിട തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങളിലും അവ പരിഹരിക്കുന്നതിലുമായിരുന്നു ഇച്ചാച്ചന്റെ ജീവിതം. 20 വർഷത്തോളം ബ്രാഞ്ച് സെക്രട്ടറിയായും പിന്നീട് ലോക്കൽ കമ്മിറ്റിയിലും പ്രവർത്തിച്ചു. പാർട്ടി പിളർന്നപ്പോൾ ഇച്ചാച്ചൻ സിപിഎമ്മിനൊപ്പം നിന്നു. സിപിഎം നേതാക്കളുമായി വലിയ ആത്മബന്ധമായിരുന്നു. പക്ഷേ, അപ്പോഴും പാർട്ടിയിലെ മേൽക്കമ്മിറ്റികളിലേക്ക് ഉയരണമെന്നൊന്നും ആഗ്രഹിച്ചില്ല. സി.അച്യുതമേനോൻ അടക്കമുള്ള നേതാക്കൾ വീട്ടിലെ സന്ദർശകരായിരുന്നു.

കൃഷിയും നിലവും ഒരുപാടുണ്ടായിരുന്നു. എന്നാൽ, ഇച്ചാച്ചനു പാർട്ടി പ്രവർത്തനമായിരുന്നു എല്ലാം. സ്വന്തം പാടത്ത് നിലം ഉഴുതുകൊണ്ടിരിക്കുന്നതിനിടെയാകും ഏതെങ്കിലും തൊഴിലാളി കരഞ്ഞുകൊണ്ടു വരുന്നത്. ആ വിഷമം കേട്ടാൽ ജോലി നിർത്തി ഇച്ചാച്ചൻ ഇച്ചാച്ചന്റെ വഴിക്കും കാളകൾ അവയുടെ വഴിക്കും പോകും.

പാർട്ടി പ്രവർത്തനം പുരോഗമിക്കും തോറും കൃഷിയിടം കാടുമൂടി; വീട്ടിൽ ദുരിതവും. വലിയ വീട്ടിൽ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു വളർന്നയാളാണ് എന്റെ അമ്മച്ചി. ഇച്ചാച്ചനൊപ്പം ജീവിക്കുമ്പോൾ അവർക്കു കരയാനേ നേരമുണ്ടായിരുന്നുള്ളൂ. എനിക്കു താഴെയുള്ള ഇരട്ടസഹോദരങ്ങളായ സാബുവിനെയും ബാബുവിനെയും പ്രസവിച്ചു കിടക്കുമ്പോൾ അമ്മച്ചി കേൾക്കുന്നത് ഞങ്ങളുടെ വീട്ടിലെ ജോലിക്കാരനെ ഇച്ചാച്ചൻ കൊലപ്പെടുത്തിയെന്ന കഥയാണ്. മൂന്നാംപക്കം ജോലിക്കാരന്റെ മൃതദേഹം തൊട്ടടുത്ത പുഴയിൽ പൊങ്ങിയപ്പോഴാണ് ഒഴുക്കിൽപെട്ടാണു മരിച്ചതെന്നു തെളിഞ്ഞത്. ഇങ്ങനെ എപ്പോഴും ആശങ്കകൾക്കും ഭീതികൾക്കും നടുവിലായിരുന്നു ഞങ്ങളുടെ ജീവിതം.

വസ്തുവകകൾ ഓരോന്നായി വിറ്റു. അവധിക്കാലത്ത് അമ്മച്ചിയുടെ മലപ്പുറത്തെ വീട്ടിലേക്കു പോകുമ്പോൾ കരഞ്ഞു കൊണ്ട് താളിയും എണ്ണയുമായി അമ്മച്ചിയെ കുളിപ്പിക്കുന്ന വല്യമ്മച്ചിയുടെ രംഗം ഇപ്പോഴും ഓർമയുണ്ട്. കുടുംബത്തിലെ എല്ലാവരുടെയും വിലാസം കണ്ടെത്തി കത്തെഴുതിയിരുന്ന, ഒരുപാടു പേർക്കു വച്ചുവിളമ്പാൻ ഇഷ്ടപ്പെട്ടിരുന്ന അമ്മച്ചിക്ക് പിന്നെ എല്ലാവരോടും ദേഷ്യമായി. പതുക്കെ അതു മനസ്സിനെയും ബാധിച്ചു. ഞങ്ങൾ 4 മക്കളുടെയും ജീവിതത്തിൽ അതു വലിയ തിരിച്ചടികളുണ്ടാക്കി.

വഴിതിരിച്ചുവിട്ട  പ്രതിസമരം

വിമോചനസമരകാലത്ത് കോൺഗ്രസ് പ്രവർത്തകർ കള്ളുഷാപ്പ് പിക്കറ്റിങ് നടത്തി. കള്ളുഷാപ്പുകളിലേറെയും സാധാരണക്കാരായ തൊഴിലാളികളായിരുന്നല്ലോ. അവരുടെ ജീവിതം മുട്ടിക്കുന്ന സമരത്തിനെതിരെ പ്രതിസമരം നടത്തണമെന്നു പ്രാദേശികമായി വികാരമുയർന്നു. ഇതെത്തുടർന്ന് ഇച്ചാച്ചൻ അടക്കമുള്ളവർ കള്ളുഷാപ്പുകൾക്കു കാവൽ നിന്നു. അവിടം മുതൽ ഒപ്പംകൂടിയ മദ്യപാനം പിന്നീടു പതിവു ശീലങ്ങളിലൊന്നായി.

പ്രായം 40 കഴിഞ്ഞു തുടങ്ങിയപ്പോൾ ഇച്ചാച്ചനെ വിഷാദരോഗം പിടികൂടി. വീടു വേണ്ടത്ര നോക്കാൻ കഴിഞ്ഞില്ല എന്ന വിഷമം. മക്കളുടെ ഭാവിക്കുവേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന തോന്നൽ. ലഹരിയുടെ അളവു കൂടിക്കൊണ്ടിരുന്നു. അതോടെ പാർട്ടിയിലും വീട്ടിലും പ്രശ്നമായി. നിരന്തരം അച്ചടക്കനടപടിക്കു വിധേയനായി. പാർട്ടി യോഗങ്ങൾ കഴിഞ്ഞു വരുമ്പോൾ യോഗതീരുമാനങ്ങൾ എഴുതിയ ചെറിയ നോട്ട്ബുക്കിൽ കണ്ട ചില വാചകങ്ങൾ ഇപ്പോഴും ഓർമയുണ്ട്. ഫിലിപ്പേട്ടന്റെ മദ്യപാനത്തെക്കുറിച്ചു വിമർശനമുണ്ടായി... എന്നിങ്ങനെയായിരുന്നു അത്. മനസ്സിൽ വലിയ സംഘർഷങ്ങളുണ്ടായപ്പോഴും ആരോടും ഒരു പരാതിയും പറഞ്ഞില്ല. 47–ാം വയസ്സിൽ ഇച്ചാച്ചനു പക്ഷാഘാതം വന്നു. 55–ാം വയസ്സിൽ പാർക്കിൻസൺ രോഗമുണ്ടായി. 60 വയസ്സായപ്പോഴേക്കും സജീവ പ്രവർത്തനങ്ങളിൽനിന്നു പിൻമാറി. ഇച്ചാച്ചനെ വേണ്ടവിധം മനസ്സിലാക്കാൻ കുടുംബത്തിനോ പാർട്ടിക്കോ കഴിഞ്ഞില്ലെന്ന വിഷമമുണ്ടായിരുന്നു.

ഞങ്ങളൊക്കെ എസ്എസ്എൽസി പാസായപ്പോൾ മക്കൾക്കു ജോലിക്കായി പാർട്ടിവഴി ശ്രമിച്ചു കൂടേ എന്നു പലരും ചോദിച്ചിരുന്നു. എന്റെ മക്കൾ മിടുക്കരാണെന്നും അവർ സ്വയം പഠിച്ച് ഒരു വഴി കണ്ടെത്തുമെന്നുമായിരുന്നു മറുപടി. ഞങ്ങൾക്കു വേണ്ടി ആരുടെയും മുൻപിൽ ശുപാർശയ്ക്കു പോയില്ല.

പ്രീഡിഗ്രിക്കു ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ സാമ്പത്തിക പ്രയാസമായപ്പോൾ ഇച്ചാച്ചന്റെ ഇളയ സഹോദരൻ എന്നെ കോഴിക്കോട്ടേക്കു കൊണ്ടുവന്നു. അവിടെ പ്രോവിഡൻസ് കോളജിൽ പഠനം തുടങ്ങി. എസ്എഫ്ഐയിൽ തുടക്കകാലത്തു പ്രവർത്തിച്ചെങ്കിലും പിന്നീടു സജീവ രാഷ്ട്രീയം വിട്ടു. ഇച്ചാച്ചന്റെ ആഗ്രഹം പോലെ അധ്യാപികയായി, ഹയർ സെക്കൻഡറി പ്രിൻസിപ്പലായി വിരമിച്ചു. എന്റെ താഴെയുള്ള ഇരട്ട സഹോദരങ്ങളിൽ ഒരാളായ ബാബു റെയിൽവേ ജീവനക്കാരനാണ്. മറ്റൊരാൾ റെയിൽവേയിൽനിന്നു സ്വയം വിരമിച്ച് ഹൈക്കോടതി അഭിഭാഷകനായി. ഇളയവൻ ജോണി അമ്മയ്ക്കൊപ്പം നാട്ടിലുണ്ട്.

നോക്കുകൂലി പോലുള്ള പ്രശ്നങ്ങൾ തൊഴിലാളികൾക്കിടയിൽ വല്ലാതെ വ്യാപിച്ചപ്പോൾ ഞാൻ ഇച്ചാച്ചനോടു ചോദിച്ചിരുന്നു, ‘‘അന്നു തൊഴിലാളികൾക്കു വേണ്ടി ജീവിതം കളഞ്ഞുവെന്നു തോന്നുന്നുണ്ടോ?’’

‘‘ഇല്ല’’. തല അൽപം പോലും താഴ്ത്താതെ ഉറച്ചതായിരുന്നു മറുപടി. ‘‘അന്നത്തെ കേരളീയ സാഹചര്യത്തിൽ അതായിരുന്നു ശരി, അതു നടപ്പാക്കി’’.

1998 മാർച്ചിൽ ഇഎംഎസ് മരിച്ചപ്പോൾ എനിക്കു തോന്നി ഇനി ഇച്ചാച്ചൻ അധികകാലം ഉണ്ടാകില്ലെന്ന്. പാർട്ടിയുമായി ഇച്ചാച്ചന്റെ ജൈവികബന്ധം അതായിരുന്നു. അക്കൊല്ലം തന്നെ 72–ാം വയസ്സിൽ ഇച്ചാച്ചനും യാത്രയായി. ഇച്ചാച്ചന്റെ പൊതുപ്രവർത്തന ജീവിതം അടുത്തുനിന്നു നേരിട്ടുകണ്ട ആളാണു ഞാൻ. അതു കുടംബത്തിനുണ്ടാക്കിയ ആഘാതങ്ങൾ എല്ലാ അർഥത്തിലും തൊട്ടറിഞ്ഞു. എസ്എഫ്ഐ കാലത്തിനു ശേഷം രാഷ്ട്രീയത്തോടു ബോധപൂർവമായ അകലം പാലിച്ചതും അതുകൊണ്ടാണ്. എന്നാൽ, ഈ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ജയിച്ചപ്പോൾ മേയറാകണമെന്നും പാർട്ടി ആവശ്യപ്പെട്ടപ്പോൾ നിരസിക്കാതിരുന്നതിന്റെ ഒരു കാരണവും ഇച്ചാച്ചനായിരുന്നു.

കേരളത്തിൽ പാർട്ടിക്കുവേണ്ടി ജീവൻ നൽകി എവിടെയും അടയാളപ്പെടുത്തപ്പെടാതെ പോയ ഒരുപാടു സഖാക്കളുണ്ട്. വലിയൊരു സ്വപ്നത്തിനായി ജീവിതം നൽകിയിട്ടും ഒരു അംഗീകാരത്തിനും കാത്തുനിൽക്കാതെ കടന്നുപോയവർ. അവർക്കെല്ലാം ഇച്ചാച്ചന്റെ മുഖമാണ്. അവർക്കുവേണ്ടി ഈ പദവി ഏറ്റെടുക്കാൻ കഴിയുക എന്നതു കാലത്തിന്റെ കാവ്യനീതിയാകാം.

ഇച്ചാച്ചനെപ്പോലെ എത്രയോ മനുഷ്യർ സമർപ്പിച്ച ചോരയിൽനിന്നാണ് കേരളത്തിൽ ചെങ്കൊടി പാറിയത്. മേയർ പദവിയിലിരിക്കുമ്പോൾ ആ ഓർമകളാണു ബലം. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസ് സ്കൂളിൽനിന്നു പ്രിൻസിപ്പലായി വിരമിച്ചയാളാണു ഡോ.ബീന ഫിലിപ്. ഭർത്താവ് ഹൈക്കോടതി അഭിഭാഷകനായ വിക്ടർ ആന്റണി നൂൺ. മക്കളായ മഞ്ജുളയും അരവിന്ദും വിദേശത്താണ്.

Content Highlights: Kozhikode corporation new mayor Beena Philip and father MJ Philip

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com