ADVERTISEMENT

‘കാണാതായ’ ബന്ധുവിനെയും കുടുംബത്തെയും വിവരാവകാശ നിയമത്തിലൂടെ കണ്ടെത്തിയ കഥ 

കൊറോണ ബലമായി പിടിച്ചിട്ട, നിർബന്ധിത വീട്ടുതടങ്കലിൽ കഴിയവേ കുറിക്കുകയാണ്. 

പഴയൊരു സംഭവം. സംഭവകഥ.

ഏതാണ്ടു പത്തു വർഷം മുൻപ്, എന്റെ 65–ാം വയസ്സിൽ ഞാൻ കാണിച്ച ഒരു കൊച്ചു സാഹസത്തിന്റെ കഥ.

വർഷങ്ങൾക്കു മുൻപേ ഏതാണ്ടു ‘മിസ്സിങ്ങായ’, ഇനിയൊരിക്കലും കണ്ടെത്താനാവില്ലെന്ന് ഉറപ്പിച്ച എന്റെയൊരു ബന്ധുവിനെയും കുടുംബത്തെയും വിവരാവകാശ നിയമത്തിന്റെ തേരിലേറി ഞാൻ കണ്ടുപിടിച്ച കഥ.

കുടുംബസ്വത്തു വീതംവച്ചതിന്റെ പേരിൽ ഉടലെടുത്ത ചെറിയൊരു അസ്വാരസ്യം. അതൊരു ഹേതു മാത്രം. എന്റെ അടുത്ത ബന്ധുവായ ശശിധരനും (യഥാർഥ പേരല്ല) കുടുംബവും ഞങ്ങളിൽനിന്ന് അകന്നുപോയി. വാശി മൂത്തപ്പോൾ, വർഷങ്ങളോളം പരസ്പരം ബന്ധപ്പെടാതായപ്പോൾ... കാലത്തിന്റെ കുത്തൊഴുക്കിൽ അവരെക്കുറിച്ച് അറിയാമായിരുന്ന വിവരങ്ങളും മുങ്ങിമറഞ്ഞുപോയി. ബന്ധപ്പെടേണ്ട സാഹചര്യങ്ങൾ പിന്നീടു വന്നില്ലെന്നതു സത്യം. പത്തുപതിനാറു വർഷം സൂപ്പർ ഫാസ്റ്റായി കടന്നുപോയി. 

അപ്പോഴാണ് കുടുംബത്തിലൊരു വിശേഷം വന്നത് – എന്റെ മകന്റെ കല്യാണം. ശശിധരനും കുടുംബവും പങ്കെടുക്കാത്ത കല്യാണച്ചടങ്ങിനെക്കുറിച്ചു ഞങ്ങൾക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. മുൻപ് അതുപോലെ സ്നേഹിച്ചു കഴിഞ്ഞവരായിരുന്നു ഞങ്ങൾ.

‘‘ശശിയേട്ടനില്ലാതെ എങ്ങനെ?’’ ഭാര്യയുടെ കണ്ണുനനയാത്ത നേരമില്ലാതായി.

പക്ഷേ...എങ്ങനെ കക്ഷിയെ കണ്ടെത്തും?

എവിടന്ന് തുടങ്ങും?

കടൽ‌പോലെ പരന്നുകിടക്കുന്ന ബെംഗളൂരുവിലെ ഏതോ എയർഫോഴ്സ് സ്റ്റേഷനിൽ ചെറിയൊരു ജോലിയിലാണ് ശശി എന്നുമാത്രം അറിയാം. മറ്റു ചില ബന്ധുക്കൾ ശശിയെയും കുടുംബത്തെയും കണ്ടെത്താൻ കുറെ മുങ്ങിത്തപ്പി തോറ്റ കഥയും ഒരു ഭാഗത്തുണ്ട്.

ബെംഗളൂരു എനിക്കു തീർത്തും അജ്ഞാത നഗരമാണ്. ഇനിയുമൊരങ്കത്തിനു ബാല്യവുമില്ല. വാർധക്യത്തിന്റെ വലിഞ്ഞുമുറുകൽ ശരീരത്തിലെമ്പാടും. എങ്കിലും ശശിയെ കണ്ടെത്താൻ രണ്ടും കൽപിച്ച് ഞാൻ ഇറങ്ങിപ്പുറപ്പെട്ടു. 

ബെംഗളൂരുവിലേക്കു വണ്ടികയറി. ഒരു സുഹൃത്തിന്റെ സഹായത്തോടെ യെലഹങ്ക എന്ന സ്ഥലത്തെ ഒരു എയർഫോഴ്സ് സ്റ്റേഷനു പരിസരത്തു താമസിക്കുന്ന മലയാളികുടുംബങ്ങളുമായി ബന്ധപ്പെട്ടു.

മിക്കവരുടെയും മറുപടി ഇങ്ങനെ: ‘‘കണ്ടിട്ടുണ്ട്. ഇപ്പോൾ കുറെയായി കാണാറില്ല. ഇവിടം വിട്ടുപോയോ എന്നറിയില്ല.’’

ശശിയെ പരിചയമുള്ള മറ്റു പല മലയാളികളെയും കണ്ടുവെങ്കിലും വിവരമൊന്നും കിട്ടിയില്ല. എന്റെ അന്വേഷണം വഴിമുട്ടുകയാണെന്നു തോന്നി.

കൂട്ടത്തിൽ, ആരോ പറഞ്ഞതു കേട്ട് ഒരു ജ്യോത്സ്യനെ കണ്ടു. ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയുടെ വാതിൽക്കലും മുട്ടി.

‘‘കാണാമറയത്താണ്. കണ്ടുപിടിക്കാൻ കുറച്ചധികം കിളയ്ക്കേണ്ടിവരും.’’കവിടി തലോടിക്കൊണ്ട് ജ്യോത്സ്യൻ മൊഴിഞ്ഞു.

പ്രൈവറ്റ് അന്വേഷണ ഏജൻസിയിലെ ജയിംസ് ബോണ്ട്, പതിനായിരങ്ങളുടെ കണക്കു പറഞ്ഞപ്പോൾ ഞാൻ അവിടന്നു തടിതപ്പി. 

അപ്പോഴാണ് വിവരാവകാശ നിയമത്തെക്കുറിച്ചു വായിക്കാനിടയായത്. 2005ൽ പാർലമെന്റ് പാസാക്കിയ വിപ്ലവകരമായ നിയമം. നിയമപുസ്തകം സംഘടിപ്പിച്ച് ഞാൻ മിനക്കെട്ടു പഠിച്ചു. ഒരു വഴി തെളിഞ്ഞുവരികയായിരുന്നു.

ബെംഗളൂരുവിലെ ഒരു എയർഫോഴ്സ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് ഞാൻ ഇംഗ്ലിഷിൽ കത്തു തയാറാക്കി. ഏജീസ് ഓഫിസിൽ 35 വർഷത്തിലധികം ജോലി ചെയ്തു നേടിയ പരിചയസമ്പത്ത് എനിക്കു തുണയായി. 10 രൂപയുടെ പോസ്റ്റൽ ഓർഡറും വച്ച് വിവരാവകാശ നിയമപ്രകാരം ഞാൻ കത്തു വിട്ടു.

കത്തിൽ ആവശ്യപ്പെട്ടത്: 

∙ശശിധരൻ എന്നയാൾ അവിടെ ജോലി ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഇപ്പോൾ താമസിക്കുന്ന വീടിന്റെ മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ.

∙ ഇനി പ്രസ്തുത ശശിധരൻ ജോലി രാജിവയ്ക്കുകയോ സ്വയം സർവീസിൽനിന്നു വിരമിക്കുകയോ (വൊളന്ററി റിട്ടയർമെന്റ്) ചെയ്തെങ്കിൽ അയാളുടെ പുതിയ താമസസ്ഥലത്തിന്റെ വിലാസം, ഫോൺ നമ്പർ...

∙ ശശിധരൻ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ ഏതു ബാങ്കിലൂടെ എന്ന വിവരം.

വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനകം മറുപടി തന്നാൽ മതി. പക്ഷേ, 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ എനിക്കു മറുപടി കിട്ടി.

 

എന്നെ ഞെട്ടിച്ച മറുപടി ഇങ്ങനെ:

‘‘താങ്കളുടെ കത്തിൽ പൊതുതാൽപര്യമില്ല. വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)J പ്രകാരം താങ്കളാവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ കഴിയില്ല. അതു ശ്രീ ശശിധരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നതിനാൽ താങ്കളാവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ നിവൃത്തിയില്ല.’’

വഴിമുട്ടിയോ? ഞാൻ ഭയപ്പെട്ടു. 

ഇനി മറ്റു വഴികൾ നോക്കിയാലോ. 

എനിക്കു മറുപടി തന്ന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ, ഒരു അപ്പീൽ അധികാരിയുടെ വിവരങ്ങളും മറുപടിയിൽ നൽകിയിരുന്നു; മറുപടി തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ സമീപിക്കാൻ. അപ്പീൽ അധികാരിക്കു കത്തെഴുതാമെന്നു വിചാരിച്ചു. 

വിവരാവകാശ നിയമമനുസരിച്ച് എന്താവശ്യത്തിനാണു വിവരങ്ങൾ തേടുന്നതെന്നു വ്യക്തമാക്കേണ്ടതില്ല. എന്നാൽ, ഞാൻ അപ്പീൽ അധികാരിക്കു തുറന്നെഴുതി.

ശശിധരന്റെ സ്വകാര്യതയിലേക്കു കടന്നുകയറുകയല്ല എന്റെ ലക്ഷ്യമെന്നും വർഷങ്ങൾക്കു മുൻപ് ഒരു ശപ്തനിമിഷത്തിൽ ഉലഞ്ഞുപോയ കുടുംബബന്ധം വിളക്കിച്ചേർക്കുകയെന്ന സദുദ്ദേശ്യമാണ് ഉള്ളതെന്നും എഴുതി. അതു ഫലിച്ചു. അപ്പീൽ അധികാരിയിൽനിന്ന് അനുകൂല മറുപടിയുണ്ടായി.

വിവരമറിയാനുള്ള പൗരന്റെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതിനാൽ, ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോട് അപ്പീൽ അധികാരി നിർദേശിച്ചു. അതോടെ ശശിയെയും കുടുംബത്തെയും കണ്ടെത്താൻ പുതിയൊരു വഴി തന്നെ എനിക്കു തുറന്നുകിട്ടുകയായിരുന്നു.

 

കിട്ടിയ വിവരങ്ങൾ:

∙ ശശിധരൻ 15 വർഷം മുൻപ് 1996ൽ, സർവീസിൽനിന്നു സ്വയം വിരമിച്ചു.

∙ ശശിധരനു പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനായി ഫയൽ പ്രതിരോധവകുപ്പിലെ പെൻഷൻ ഡിസ്ബേഴ്സിങ് ഓഫിസർക്ക് (ഡിപിഡിഒ- Defence Pension Disbursing Officer) അയച്ചുകൊടുത്തു.

ഇന്റർനെറ്റിൽനിന്ന് അഡ്രസ് തപ്പിയെടുത്ത് ബെംഗളൂരുവിലെ ഡിപിഡിഒക്ക് വിവരാവകാശ നിയമപ്രകാരം കത്തെഴുതി. രണ്ടാഴ്ചയ്ക്കകം മറുപടി കിട്ടി. ബെംഗളൂരുവിലെ പ്രാന്തപ്രദേശമായ രാമനഗരയിലെ ദേശസാൽകൃത ബാങ്കിനെയാണ് ശശിധരനു പെൻഷൻ നൽകാൻ അധികാരപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഡിപിഡിഒ അറിയിച്ചത്.

വാർധക്യത്തിലും എന്റെ നാഡീഞരമ്പുകൾ ഉണർന്നെണീറ്റു. ശരീരത്തിൽ പുതിയൊരു ഉൗർജപ്രവാഹം.

ഞാൻ ലക്ഷ്യത്തോടടുക്കുന്നു!

ഒരിക്കൽക്കൂടി ഞാൻ ബെംഗളൂരുവിലേക്കു വണ്ടികയറി. ഒരു ധൈര്യത്തിന് ഇത്തവണ ശ്രീമതിയെയും കൂടെക്കൂട്ടി. രാമനഗരയിലെ ബാങ്കിന്റെ പടികൾ കയറുമ്പോൾ എന്റെ നെഞ്ച് പടപടാ മിടിക്കുകയായിരുന്നു. ആകാംക്ഷയുടെ സൂനാമിത്തിരയിളക്കം.

മാനേജരെ കണ്ടു. കാര്യങ്ങൾ പറഞ്ഞു. കടലാസുകൾ കാണിച്ചു.

ബാങ്കിൽ നല്ല തിരക്ക്. ഓ, ശനിയാഴ്ചയാണെന്ന് അപ്പോഴാണ് ഓർത്തത്. ബാങ്ക് രണ്ടു മണിവരെ മാത്രം. നാളെ ഞായറാഴ്ച. മറ്റന്നാൾ തിങ്കളാഴ്ച പ്രവൃത്തിദിവസമല്ല. ഏതോ പൊതു അവധി.

ഇന്ന് ഒരു ദിവസം കൊണ്ടു കാര്യം നടക്കണം. ഇല്ലെങ്കിൽ രണ്ടു ദിവസം വെറുതേ ബെംഗളൂരുവിൽ കെട്ടിക്കിടക്കേണ്ടിവരും.  

മാനേജരുടെ നിർദേശമനുസരിച്ച് ഡപ്യൂട്ടി മാനേജരുടെ മുന്നിലെത്തി. കടലാസുകൾ മറിച്ചുനോക്കി അദ്ദേഹം പറഞ്ഞു: ഇന്ന് ശനിയാഴ്ച, നടക്കുമെന്നു തോന്നുന്നില്ല. See the rush. അടുത്തയാഴ്ച വരൂ.

എനിക്കു നാളെത്തന്നെ കേരളത്തിലേക്കു തിരിച്ചു പോകേണ്ടതാണെന്ന് പറഞ്ഞു, അപേക്ഷിച്ചു. അതുകൊണ്ട് ഇന്നുതന്നെ....

മുന്നിലെ കാത്തിരിപ്പുകാർക്കുള്ള കസേരകൾ ചൂണ്ടി അദ്ദേഹം പറഞ്ഞു.

‘‘കൂത്തുക്കൊള്ളി (ഇരിക്കൂ). ലെറ്റ് മീ സീ.’’

ണിങ്. ണിങ്.

എന്നെ ഞെട്ടിച്ചുകൊണ്ട് ബാങ്കിലെ ക്ലോക്ക് അടിച്ചു. സമയം പന്ത്രണ്ടു മണി.

തിരക്കിലും, നല്ലവനായ ഡപ്യൂട്ടി മാനേജർ രണ്ട് കൗണ്ടറിനപ്പുറത്ത് ഇരിക്കുന്ന ചെറുപ്പക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനെ വിളിച്ചു; എന്നെയും.

‘‘മിസ്റ്റർ അജിത്. Please help this gentleman. He is from your State.’’

തിരുവനന്തപുരം സ്വദേശിയായ അജിത് എന്നെ നോക്കി ചിരിച്ചു. എന്റെ കയ്യിൽനിന്നു കടലാസുകൾ വാങ്ങിനോക്കി.

മുന്നിലെ കീബോർഡിൽ വിരലുകളോടിച്ചു. ഒരു അഡ്രസ് കുറിച്ചുതന്നു.

‘‘ഇതാണ് ശശിധരൻ ബാങ്കിൽ തന്ന വിലാസം.’’

ബാങ്കിന്റെ പിറകിലെ കെട്ടിടങ്ങൾ നിറഞ്ഞ കോളനി ചൂണ്ടി പറഞ്ഞു: ‘‘ഇതിലേ പോയാൽ മതി. കൃഷ്ണാ ബിൽഡിങ്ങിലെ 18–ാം നമ്പർ വീട് കാണാം. ഹനുമാൻ മന്ദിറിനു മുന്നിൽ.’’

ഞാൻ ശക്തി സംഭരിച്ചു വേഗം നടന്നു. അല്ല, ഓടി. സകല ബോർഡുകളും കന്നഡ ഭാഷയിൽ. മുറി ഇംഗ്ലിഷിലും മുറി ഹിന്ദിയിലും വഴിയിൽ കണ്ടവരോട് അന്വേഷിച്ച് അജിത് പറഞ്ഞ വീടിനു മുന്നിലെത്തി. തൊട്ടുമുന്നിലെ കടയിൽ കയറി അന്വേഷിച്ചു.

ശശിധരൻ, ഭാര്യ ടീച്ചർ.. കണ്ണട വച്ച്... ഉയരം കുറഞ്ഞയാൾ.

കടയുടമ ഒരു നിമിഷം ഓർത്തെടുത്തു.

‘‘അറിയാം അറിയാം. പക്ഷേ, അവർ മൂന്നു കൊല്ലം മുൻപ് ഇവിടന്നു പോയി. ഇപ്പോൾ എവിടെയാണെന്നറിയില്ല.’’

തളർച്ച തോന്നിയെങ്കിലും ഞാൻ തിരികെ ബാങ്കിലേക്കോടി.

കത്തുന്ന വെയിലിൽ വിയർത്തു കുളിച്ചു. കാലിൽ കുത്തിനോവുന്ന വേദന.

രണ്ടു മണിക്കു മുൻപ് കാര്യം നടക്കുമോ ഇൗശ്വരാ!

പാവം അജിത്. എന്റെ വെപ്രാളം കണ്ട് വീണ്ടും കീബോർഡിൽ പരതി. എന്നെ അടുത്തു വിളിച്ചു.

‘‘കഴിഞ്ഞ മൂന്നു വർഷമായി ഇൗ ശശിധരൻ 15 കിലോമീറ്റർ അകലെ ബിഡദി എന്ന സ്ഥലത്തെ ബാങ്ക് എടിഎമ്മിൽ നിന്നാണ് എല്ലാ മാസവും പെൻഷൻ എടുക്കുന്നത്’’.

സമയം രണ്ടാകാൻ അരമണിക്കൂർ മാത്രം.

ബിഡദിയിലെ ബാങ്കിൽ പോയി അന്വേഷിച്ച് അഡ്രസ് വാങ്ങി ശശിയെ തേടിപ്പിടിക്കാൻ സമയമില്ല. കന്ന‍ഡ അറിയാത്തത് മറ്റൊരു പ്രശ്നം.

പെട്ടെന്ന്, എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ അജിത്തിനോട് ചോദിച്ചു: ‘‘ശശിധരൻ ബാങ്കിൽ നിന്ന് ലോൺ വല്ലതും എടുത്തിട്ടുണ്ടോ? ഒന്നു നോക്കാമോ?’’

അജിത് ക്ഷമയോടെ വീണ്ടും കീബോർഡിൽ വിരലുകൾ അമർത്തി.

‘‘ഉണ്ട് സാർ.’’ – അജിത്. 

‘‘രണ്ടു വർഷം മുൻപ് പഴ്സനൽ ലോൺ എടുത്തിട്ടുണ്ട്.’’

‘‘എങ്കിൽ ലോൺ തിരിച്ചടച്ച പേ ഇൻ സ്ലിപ് ഉണ്ടാകുമല്ലോ? അതിൽ അഡ്രസോ  ഫോൺ നമ്പറോ മറ്റോ...’’

‘‘ബിഡദി ബ്രാഞ്ചിൽനിന്നാണു ലോൺ എടുത്തത്. തിരിച്ചടച്ചതും അവിടെത്തന്നെ. പേ ഇൻ സ്ലിപ് ബിഡദി ബ്രാഞ്ചിലായിരിക്കും.’’ – അജിത്.

അവിടെച്ചെന്നു നോക്കാൻ സമയമില്ല. അപ്പോഴേക്കും ബാങ്ക് അടച്ചു പോകും.

രണ്ടു മണിയാകാൻ ഇനി കഷ്ടി 20 മിനിറ്റ്.

നാട്ടിൽനിന്ന് പ്രാണൻ പിടിച്ച് ഓടിയെത്തിയത് വെറുതേയായോ? 

‘‘എന്തെങ്കിലും വഴി?’’

ഞാൻ അജിത്തിനോട് അപേക്ഷിച്ചു.

അജിത് തൊട്ടടുത്ത സീറ്റിലിരിക്കുന്ന സഹപ്രവർത്തകനോട് എന്തോ മന്ത്രിച്ചു.

പിന്നെ എന്നോടായി.

‘‘ഒരു പത്തു മിനിറ്റ് സാർ.’’

ആ സഹപ്രവർത്തകന്റെ ആരോ ബിഡദി ബ്രാഞ്ചിലുണ്ടെന്ന് അജിത് പറഞ്ഞു. അയാളെ ഫോണിൽ ബന്ധപ്പെടുകയാണ്.

പത്തു മിനിറ്റ് കഴിഞ്ഞ് അജിത് എന്റെയടുത്തേക്കു വന്നു.

‘‘ബിഡദി ബ്രാഞ്ചിൽനിന്ന് ഒരു മൊബൈൽ നമ്പർ കിട്ടിയിട്ടുണ്ട്. പഴയ നമ്പറാണ്. ഇപ്പോഴും നിലവിലുണ്ടോ എന്നറിയില്ല. ഏതായാലും വിളിച്ചുനോക്കൂ സാർ.’’

ആകാംക്ഷയുടെ മൂർധന്യത്തിൽ ഞാൻ എന്റെ മൊബൈലിൽനിന്നു വിളിച്ചു, അജിത് തന്ന നമ്പറിലേക്ക്.

ഹലോ...

ഭഗവാനേ, അങ്ങേത്തലയ്ക്കൽ അയാൾതന്നെ. ഓർമയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അതേ പതിഞ്ഞ ശബ്ദം. ശശിയുടെ ശബ്ദം! 

കാലത്തിന്റെ കുത്തൊഴുക്കിൽ എങ്ങോട്ടോ ഒലിച്ചുപോയെന്ന് ഞാൻ ഭയപ്പെട്ട ശശിയും കുടുംബവും ഇതാ എന്റെ കൈവെള്ളയിൽ.

ഇൗ ജീവിതം കത്തിയൊടുങ്ങും മുൻപു കണ്ടുമുട്ടില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച അവരെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നേരിൽ കണ്ടു. കണ്ണീരിൽ കുതിർന്ന, മനസ്സുരുകിയ സംഗമം.

ഇത് അദ്ഭുതകരമായ കാര്യമൊന്നുമല്ലെന്ന് എനിക്കറിയാം. എന്നാൽ, ജീവിതത്തിന്റെ സായംസന്ധ്യയിൽ, ഡിപ്പാർച്ചർ ലൗഞ്ചിൽ എത്തി നിൽക്കുന്ന ഞാൻ, വിവരാവകാശ നിയമത്തിന്റെ തേരിലേറി നേടിയ ഒരു കൊച്ചുവിജയമാണിത് എന്നു തോന്നുന്നു.

ജീവിതത്തിന്റെ കാണാമറയത്ത് കൈവിട്ടുപോയ പ്രിയപ്പെട്ടവരെച്ചൊല്ലി സങ്കടപ്പെടുന്നവരുടെ കഥകൾ മാധ്യമങ്ങളിൽ കാണുന്നത് നിത്യസംഭവം. 

ഒരുപക്ഷേ, വിവരാവകാശ നിയമത്തിന്റെ പിടിവള്ളിയിൽ പിടിച്ചു കയറിയാൽ, അവരിൽ ചിലർക്കെങ്കിലും അങ്ങനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയവരെ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കുമെന്ന്, എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ തോന്നുന്നു.

Content Highlights: Missing man found  after decades in kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com