കരയിലേക്ക് ചെറുദൂരം

sea-mobile
സുശീൽ ജേക്കബ് തര്യൻ, ശ്രീനിവാസ് കരണം, തോമസ് വർഗീസ് എന്നിവർ
SHARE

കേന്ദ്ര ടെലികോം വകുപ്പിന്റെ ‘ദീൻ ദയാൽ ഉപാധ്യായ ടെലികോം സ്കിൽ എക്സലൻസ്’ പുരസ്കാരം നേടിയ ‘സീ മൊബൈൽ’

2017 നവംബർ 29. ഓഖി ചുഴലിക്കാറ്റ് കേരളത്തെ വിറപ്പിച്ച രാത്രി. ചുഴലിക്കാറ്റ് കേരളതീരത്തെയും ബാധിക്കുമെന്നുള്ള മുന്നറിയിപ്പു വൈകിയാണു പൊതുജനങ്ങളിലേക്കെത്തിയത്. ഇതറിയാതെ ഒട്ടേറെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. വൈകിട്ടു വിവരം ലഭിച്ചയുടൻ കൊല്ലം നീണ്ടകരയിലെ വിവാനെറ്റ് സൊല്യൂഷൻസ് വയർലെസ് ബേസ് സ്റ്റേഷനിൽനിന്നു നാനൂറോളം ബോട്ടുകളിലേക്ക് ഉടൻ കരയിലേക്കു മടങ്ങണമെന്ന അടിയന്തര സന്ദേശം പാഞ്ഞു. തീരത്തുനിന്ന് 90 കിലോമീറ്ററോളം അകലെ ട്രോളിങ് നടത്തിയിരുന്ന ബോട്ടുകളിൽ സന്ദേശമെത്തി. ബോട്ടുകൾ കരയിലേക്കു കുതിച്ചു. രാത്രി കേരളത്തെ വിറപ്പിച്ച്, തൊട്ടരികിലൂടെ ഓഖി കടന്നുപോയി. സന്ധ്യയ്ക്കു തീരത്തു മടങ്ങിയെത്തിയ നാലായിരത്തോളം മത്സ്യത്തൊഴിലാളികൾ നന്ദി പറഞ്ഞത് ദൈവത്തോടും പിന്നെ ‘സീ മൊബൈലി’നോടുമായിരുന്നു. 

കടലിൽ 90 കിലോമീറ്റർ വരെ ദൂരത്തിൽ ആശയവിനിമയം സാധ്യമാക്കിയ ഈ സാങ്കേതികവിദ്യയ്ക്കു പിന്നിൽ രണ്ടു മലയാളികളടങ്ങുന്ന മൂന്നംഗ സംഘമാണ്. കൊല്ലം സ്വദേശികളായ തോമസ് വർഗീസ്, സുശീൽ ജേക്കബ് തര്യൻ എന്നിവരും ഒപ്പം തെലങ്കാന സ്വദേശിയായ ശ്രീനിവാസ് കരണവും. രാജ്യത്തു മത്സ്യബന്ധനമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കിയേക്കാവുന്ന ഈ കണ്ടെത്തലിനാണ് 2020 സെപ്റ്റംബറിൽ പ്രഖ്യാപിച്ച, കേന്ദ്ര ടെലികോം വകുപ്പിന്റെ ‘ദീൻ ദയാൽ ഉപാധ്യായ ടെലികോം സ്കിൽ എക്സലൻസ്’ പുരസ്കാരം. 2018ലെ അവാർഡാണ് ഇത്തവണ പ്രഖ്യാപിച്ചത്. ഡിസംബർ 18ന് ഇവർ പുരസ്കാരം ഏറ്റുവാങ്ങി.

mobile-wireless

സഹപാഠികൾ ഒന്നിച്ചപ്പോൾ

കൊല്ലത്ത് പ്രീഡിഗ്രി കാലത്തു സഹപാഠികളായിരുന്നു തോമസ് വർഗീസും സുശീൽ ജേക്കബ് തര്യനും. തോമസ് വർഗീസ് പിന്നീട് ഡിആർഡിഒയിലും റെയിൽവേയിലും സുശീൽ വിദേശത്തുൾപ്പെടെ വിവിധ ജോലികൾ ചെയ്ത ശേഷം ബിസിനസിലേക്കും തിരിഞ്ഞു. ഇരുവരും പിന്നീടു സ്വകാര്യ മേഖലയിൽ വർഷങ്ങളോളം ജോലി ചെയ്തു. 

2010ൽ ബെംഗളൂരുവിൽ തോമസ് വർഗീസും സുശീൽ ജേക്കബ് തര്യനും തെലങ്കാന സ്വദേശി ശ്രീനിവാസും ചേർന്ന് വിവാനെറ്റ് സൊല്യൂഷൻസ് എന്ന സംരംഭത്തിനു തുടക്കം കുറിച്ചു. വയർലെസ് സാങ്കേതികവിദ്യയുടെ സാധ്യതകൾ എങ്ങനെ മത്സ്യബന്ധന മേഖലയിൽ ഉപയോഗിക്കാം എന്ന ആശയം ഉയർന്നുവന്നു. 

മത്സ്യബന്ധന മേഖലയിലേക്ക്

മത്സ്യബന്ധനമേഖലയിൽ ചരിത്രം കുറിക്കുന്ന ആ നിമിഷത്തിനായി 3 പേരും അക്ഷീണം പ്രയത്നിച്ചു. വെല്ലുവിളികൾ ഏറെയായിരുന്നു. ഇവർ വികസിപ്പിച്ച ചിപ്പിന് 2011ൽ ലൈസൻസ് ലഭിച്ചു. 2014ൽ സ്പെക്ട്രം അനുവദിച്ചു. സാധാരണ ജിഎസ്എം സിം കാർഡിൽ കടലിലേക്കു  പരമാവധി 20 കിലോമീറ്ററോളം ദൂരം മാത്രമേ ആശയവിനിമയം സാധ്യമാകൂ. വയർലെസ് സംവിധാനത്തിനും പരിമിതികളുണ്ട്. മത്സ്യബന്ധന ബോട്ടിൽ സിഗ്നൽ നഷ്ടമാകാതിരിക്കാൻ പ്രത്യേക ആന്റിന നിർമിച്ചു. തുടർന്ന് ബിഎസ്എൻഎലുമായി ധാരണയുണ്ടാക്കി ബേസ് സ്റ്റേഷൻ സ്ഥാപിച്ചു. 

sea-mob
ബോട്ടിൽ സീ മൊബൈൽ സംവിധാനം ഉപയോഗിക്കുന്ന തൊഴിലാളി

സീ മൊബൈൽ

90 കിലോമീറ്ററോളം ദൂരെ കടലിൽനിന്ന് കരയുമായി ആശയവിനിമയം നടത്താനും സാധിക്കുമെന്നതു വലിയ മെച്ചമായി. പരീക്ഷണാടിസ്ഥാനത്തിൽ 2015ൽ 100 ബോട്ടുകളിൽ ഒരു മാസത്തേക്കാണ് ആദ്യം കണക്‌ഷൻ നൽകിയത്. മോശമെങ്കിൽ തിരികെ എടുത്തുകൊള്ളാം എന്ന ഉറപ്പും നൽകി. എന്നാൽ, ഒരെണ്ണം പോലും ആരും തിരികെ കൊണ്ടുവന്നില്ല. 

കൃത്യമായ ആശയവിനിമയം സാധ്യമായതു വഴി, ബോട്ടുകളുടെ ‘അനാവശ്യ ഓട്ടം’ കുറയ്ക്കാനും അതിലൂടെ ഡീസൽ ലാഭിക്കാനും കഴിയുമെന്ന് 

കമ്പനി അധികൃതർ പറയുന്നു. 

അടിയന്തര സന്ദേശങ്ങൾ കരയിലേക്കും ബോട്ടിലേക്കും അയയ്ക്കാം, വിപണിയിലെ  കാര്യങ്ങളറിയാം... തൊഴിലാളികൾക്കു വരുമാനത്തിൽ വർധനവുണ്ടാകുമെന്നും വിവാനെറ്റ് സാരഥികൾ ചൂണ്ടിക്കാട്ടുന്നു. 

ബോട്ടുകളിൽ സീ മൊബൈൽ ഘടിപ്പിക്കാൻ 35,000 രൂപയോളമാണു ചെലവ്. ടെലികോം മന്ത്രാലയത്തിന്റെ ഓപ്പറേറ്റിങ് ലൈസൻസ് ലഭിക്കുന്നതോടെ അഞ്ചോളം സംസ്ഥാനങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കും.

Content Highlights: Kerala Sea Mobile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA