ശിവാജി വാക്പയറ്റ്, എംജിആർ വാൾപയറ്റ്; ശാന്തമ്മ തമിഴ് പയറ്റ്

santhamma mani
ശാന്തമ്മ മണി. ചിത്രം: ഗിബി സാം ∙ മനോരമ
SHARE

നിലത്തെഴുത്തുപള്ളിയിൽ കളരിയാശാൻ  പഠിപ്പിച്ച എഴുത്തേ ശാന്ത പഠിച്ചിട്ടുള്ളൂ.  എന്നാൽ, എത്ര നന്നായിട്ടാണ് അവർ  മലയാളവും തമിഴും വായിക്കുന്നത്.  ഇതെങ്ങനെ സാധിക്കുന്നുവെന്നു ചോദിച്ചപ്പോൾ ലഭിച്ച മറുപടി, വിദ്യാലയങ്ങൾക്കു പുറത്ത്  നടക്കുന്ന സാക്ഷരതാധാരയിലേക്ക്  വെളിച്ചം വീശുന്നതാണ്...

ഒരിക്കൽ കവി കടമ്മനിട്ട രാമകൃഷ്ണനെ കാണാൻ അന്നാട്ടിലേക്കു ബസിൽ യാത്ര ചെയ്യുമ്പോൾ അരികിലിരുന്ന അപരിചിതനായ വയോധികൻ കാളിദാസ ശാകുന്തളത്തിലെ ഒരു ശ്ലോകത്തിന്റെ രണ്ടു മലയാള തർജമകൾ ചൊല്ലി എന്നെ ഞെട്ടിച്ചിട്ടുണ്ട്. അങ്ങനെയൊന്നാണ് ഈ വർഷാരംഭത്തിൽ എഴുപത്തിയെട്ടുകാരി ശാന്തമ്മ മണി കോട്ടയത്തുവച്ച് എന്നോടു ചെയ്തത്.

സാധാരണ വീട്ടുകാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ശാന്ത വാർധക്യത്തിലും ഉശിരു ക്ഷീണിക്കാത്ത ശബ്ദത്തിൽ എന്റെ അമ്മായിയമ്മയോടു പറയുകയായിരുന്നു: ‘‘വീടുവരെ ഉറവ്, വീഥി വരെ മനൈവി, കാടുവരെ പിള്ളൈ, കടൈശി വരെ ആരോ?’’

ഏതോ കുടുംബകാര്യത്തിൽ ഇടപെട്ട് ജീവിതഗന്ധിയായ നിലപാട് 1962ൽ ഇറങ്ങിയ ‘പാത കാണിക്കൈ’ എന്ന ജെമിനി ഗണേശൻ സിനിമയിലെ പാട്ടുവരികൾ ഉദ്ധരിച്ചു സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അവർ. ‘ബന്ധങ്ങൾ എന്നൊക്കെ പറഞ്ഞാൽ ഇത്രയൊക്കെയേയുള്ളൂ കൊച്ചമ്മേ’ എന്ന്. അതത്ര കാര്യമാക്കിയില്ല ഞാൻ.

എന്നാൽ, അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ, കല്യാണ പരിശിൽ അവസാനം പാടിയതുപോലെ ‘കാതലിലേ തോൽവിയുട്രാൽ കാളൈയൊരുവൻ, കാലം കടന്ത പിന്നൈ അമൈതി എങ്കു പെരുവാൻ’ എന്നു പറഞ്ഞ് ജീവിതസന്ദർഭത്തെ മറ്റൊരു തിരക്കഥയിൽ അവർ വീണ്ടും തളച്ചിട്ടു. അപ്പോൾ ഞാനൊന്നു ഞെട്ടി.

Sivaji Ganesan N MGR
 ശിവാജി ഗണേശനും എംജിആറും

മുഴുവൻ സമയവും അടിമുടി കോട്ടയം ഭാഷ സംസാരിക്കുന്ന ഈ സ്ത്രീ സന്ദർഭാനുസാരിയായി തമിഴ് സിനിമാവാചകങ്ങൾ പറയുകയാണ്, അതും ഒരുതരം കവിഞ്ജർ ആധികാരികതയിൽ. അവരുടെ സംഭാഷണത്തിൽ ഒരുതരത്തിലും പങ്കുചേരാതെ കുറച്ചു മാറി ഒരു കസേരയിലിരുന്ന് ഞാൻ പത്രം വായിക്കുകയായിരുന്നു.

സ്ത്രീയുടെ ജീവിതത്തിലെ തീരാദുരിതങ്ങളെക്കുറിച്ചു ചർച്ച പുരോഗമിക്കുമ്പോൾ ശാന്ത വീണ്ടും പറഞ്ഞു‌, 1952ൽ പരാശക്തി എന്ന സിനിമയിൽ മുത്തുവേൽ കരുണാനിധി എഴുതി ശിവാജി ഗണേശൻ കോടതി മുറിയിൽ അണമുറിയാത്ത വാഗ്പ്രഭാവത്തിനൊടുവിൽ പറഞ്ഞ വാചകം – ‘‘ഓടിനാൽ ഓടിനാൽ... വാഴ്‌കൈയിൻ ഓരത്തിക്കേ ഓടിനാൽ’’. അവൾ ഓടിക്കൊണ്ടേയിരുന്നു... ജീവിതത്തിന്റെയറ്റം വരെ ഓടിക്കൊണ്ടിരുന്നു.

ഇത്രയുമായപ്പോൾ കയ്യിലെ പത്രം മടക്കിവച്ച് ഞാൻ ശാന്തയിലേക്കു ശ്രദ്ധ തിരിച്ചു. ഞാൻ ചോദിച്ചു, ‘ഇത്രമാത്രം തമിഴ് സിനിമകൾ കണ്ടിട്ടുണ്ടോ?’. ശാന്തയുടെ മറുപടി ഇതായിരുന്നു: ‘‘ഞാൻ കുറഞ്ഞത് രണ്ടായിരം തമിഴ് സിനിമയെങ്കിലും കണ്ടിട്ടുണ്ട്. സത്യനും നസീറുമൊക്കെയുള്ള സിനിമകൾ പത്രത്തിലൊക്കെ വലിയ പരസ്യങ്ങളോടെ വന്നാലും ഞാൻ തമിഴ് സിനിമ കാണാനേ പോകൂ. തമിഴ് സിനിമയിൽ നേരും നെറിയുമുണ്ട്’’.

1969ൽ വിവാഹശേഷമാണു ശാന്ത കോട്ടയത്തെത്തിയത്. എന്റെ ഭാര്യ റീന പറയുന്നത് പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അവരുടെ വീട്ടിൽ ശാന്ത സഹായിക്കാൻ വരാറുണ്ടായിരുന്നു എന്നാണ്. ശാന്തയ്ക്ക് അപ്പോൾ ഏതാണ്ട് മുപ്പത്തഞ്ചു വയസ്സിനടുത്തു കാണണം. കണ്ട തമിഴ് സിനിമകളുടെ കഥകളുടെ വിവരണം അലക്കുകല്ലിൽ തുണി തിരുമ്പുമ്പോൾ ശാന്ത പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ഇത്ര മനോഹരമായി കഥ പറയുന്ന വേറൊരാളെ കണ്ടിട്ടില്ല എന്നാണ് റീന സാക്ഷ്യം പറയുന്നത്.

ശരിയായിരിക്കണം, അല്ലെങ്കിൽ ഈ എഴുപത്തിയെട്ടാം വയസ്സിലും 1967ൽ കണ്ട ‘കപ്പലോട്ടിയ തമിഴനി’ലെ വി.ഒ.ചിദംബരം പിള്ളയുടെ ജയിൽവാസത്തെ ഓർക്കുമ്പോൾ ശാന്തയുടെ കണ്ണുനിറയുന്നതെങ്ങനെ? ചരിത്രം സാധാരണ ജനങ്ങൾ ഓർക്കുന്നത് ആധികാരികമായി എഴുതപ്പെട്ട അപഗ്രഥനങ്ങളിലൂടെ ആയിരിക്കണമെന്നില്ല എന്ന് ശാന്ത ഓർത്തിരിക്കുന്ന കപ്പലോട്ടിയ തമിഴനിലൂടെ നമുക്കറിയാൻ കഴിയുന്നു. ഇന്ത്യൻ സമുദ്രത്തിനുമേലുള്ള ബ്രിട്ടിഷ് അധികാരത്തെ ചോദ്യം ചെയ്ത് വിദേശ ഭരണകാലത്ത് സ്വന്തം കപ്പൽ കമ്പനി തുടങ്ങിയ ചിദംബരം പിള്ളയുടെ വീര - ദുരന്ത ചരിത്രം ശാന്ത മനസ്സിലാക്കുന്നത് അതേകാലത്തു തന്നെ പുറത്തുവന്ന ‘കുടിയിരുന്ത കോവിലി’ലെ എംജിആർ കഥാപാത്രമായ ആനന്ദിന്റെ കണ്ണീരിനെ മനസ്സിലാക്കുന്നതു പോലെയാണ്. കൽപിത തിരക്കഥകളും ചരിത്രവും സ്വന്തം ജീവിതവും ഇടകലർന്നാണ് ശാന്തയുടെ വാഴ്‌വെന്ന മായ ഇതുവരെ ഒഴുകിയത്...‘ധർമം തലൈ കാക്കും’ അവർ എന്നോടു പറഞ്ഞു.

എന്റെ മനസ്സിലൂടെ തുറന്ന ജീപ്പിൽ എം.ജി.രാമചന്ദ്രൻ കോട്ടും സ്യൂട്ടുമിട്ട് ടി.എം.സൗന്ദരരാജന്റെ ശബ്ദത്തിൽ ‘ചെയ്ത ധർമം തലൈ കാക്കും, തക്ക സമയത്തിനുയിർ കാക്കും’ എന്ന പാട്ടുപാടി കടന്നുപോയി.

ശാന്തയുടെ അച്ഛൻ ഹാർമോണിയം വായിക്കുമായിരുന്നു. ഏലപ്പാറ, വാഗമൺ ഭാഗങ്ങളിൽ തോട്ടങ്ങളിൽ ആളെടുക്കുന്ന കാലത്ത് ആളുകളെ ഹാർമോണിയം പഠിപ്പിക്കാനും കൂടെ മണ്ണിൽ പണിയെടുക്കാനുമായി അച്ഛൻ അവിടെ പോയി. അങ്ങനെയാണ് തമിഴ് സിനിമകൾ കാണുന്ന ശീലം ബാല്യം മുതൽ ശാന്തയ്ക്കുണ്ടായത്.

ഹെൻറി ബേക്കർ എന്ന സിഎംഎസ് മിഷനറിയാണ് 19–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തെക്കുംകൂർ രാജവംശത്തിന്റെ കൈവശമുണ്ടായിരുന്ന ഏലപ്പാറ വനങ്ങൾ മനുഷ്യവാസയോഗ്യമാക്കാനും തോട്ടങ്ങൾക്കു പറ്റും വിധമുള്ള പ്രദേശങ്ങളാക്കാനും തുടക്കമിട്ടത്. 

ശാന്തയുടെ അച്ഛൻ 1930കളുടെ അവസാനമായിരിക്കണം അവിടെയെത്തുന്നത്. ശാന്തയുടെ തിരൈപ്പട നിനൈവുകൾ തുടങ്ങുന്നത് അക്കിനേനി നാഗേശ്വര റാവുവിന്റെ സിനിമകളിലൂടെയാണ്. ലൈലാ മജ്നുവും ദേവദാസും അനാർക്കലിയും തെലുങ്കിൽനിന്നു തമിഴിലേക്കു മൊഴിമാറ്റം ചെയ്തു കണ്ട ഓർമ ഇന്നും ശാന്തയിൽ സജീവമാണ്. തോളിൽ കിടന്നിരുന്ന തോർത്തുകൊണ്ട് കണ്ണുതുടച്ച് അവർ ചോദിച്ചു, നാഗേശ്വര റാവുവിന്റെ ഈ പാട്ട് കേട്ടിട്ടില്ലേ? ഉലഗേ മായം, വാഴ്‌വേ മായം, നിലയേതു ഞാൻ കാണും സുഖമേ മായം’.

നിലത്തെഴുത്തുപള്ളിയിൽ കളരിയാശാൻ പഠിപ്പിച്ച എഴുത്തേ ശാന്ത പഠിച്ചിട്ടുള്ളൂ. എന്നാൽ, എത്ര നന്നായിട്ടാണ് അവർ മലയാളവും തമിഴും വായിക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നുവെന്നു ചോദിച്ചപ്പോൾ ലഭിച്ച മറുപടി, വിദ്യാലയങ്ങൾക്കു പുറത്തു നടക്കുന്ന സാക്ഷരതാധാരയിലേക്കു വെളിച്ചം വീശുന്നതാണ്. പിടിവണ്ടികളിൽ, കാളവണ്ടികളിൽ സിനിമാ നോട്ടിസുകൾ വിതരണം ചെയ്തിരുന്ന കാലത്ത് മലയാളവും തമിഴും ഇടതും വലതും വച്ച് പരിശ്രമിച്ചു നേടിയതാണ് ഈ തമിഴ് വായനാശീലം.

അവ്വയാറിനെ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു: ‘അയ്യോ.... അവ്വയാർ ജ്ഞാനപ്പഴമല്ലേ.... സുന്ദരാംബാൾ അല്ലേ പാടി അഭിനയിച്ചത്? ജാതി ഇരണ്ടൊഴിയ വേറില്ലൈ’ (അവ്വയാർ,1959. പാട്ടെഴുതിയത് പാപനാശം ശിവൻ. പാടിയത് മഹാഗായിക കെ.ബി.സുന്ദരാംബാൾ).

ശിവാജിയോ എംജിആറോ വലിയ നടൻ? ലളിതമായ എന്റെ ചോദ്യത്തെ മനോഹരമായ മറുപടിയാൽ ശാന്ത അലങ്കരിച്ചു: ‘ശിവാജി വാക് പയറ്റ്, എംജിആർ വാൾപയറ്റ്’. ശിവാജി ഗണേശന്റെ പരാശക്തി, അൻപ്, മനോഹര, അന്ത നാൾ, തൂക്കുതൂക്കി, മങ്കൈയാർതിലകം, നാൻ പെട്ര ശെൽവം, തെന്നാലിരാമൻ, കാത്തവരായൻ, വീരപാണ്ഡ്യ കട്ടബൊമ്മൻ, അവൾ യാർ?, പാശമലർ, മരുതനാട്ടുവീരൻ, പാലും പഴവും, ചിത്തോർ റാണി പത്മിനി, രത്തതിലകം, കർണൻ, നവരാത്രി, പുതിയ പറവൈ, കന്തൻ കരുണൈ, എൻ തമ്പി, തില്ലാന മോഹനാംബാൾ, ശിവന്തമൺ, രാജരാജ ചോളൻ തുടങ്ങിയ നൂറുകണക്കിനു സിനിമകൾ ശാന്തയ്ക്കു കാണാപ്പാഠമാണ്. അവിശ്വസനീയമാണ് അവരുടെ ഇക്കാര്യത്തിലെ ഓർമശക്തി. ‘‘അങ്കെ കൊഞ്ചി വിളയാടും എൻ കുല പെൺകള്ക്ക് മഞ്ചൾ അരൈച്ച് പണി പുറന്തായ, അല്ലത് നീ മാമനാ മച്ചാനാ... മാനം കെട്ടവനേ’ എന്നു തുടങ്ങുന്ന നെടുങ്കൻ ശിവാജി വാചകം കട്ടബൊമ്മൻ പറയുമ്പോലെ ശാന്ത പറയുന്നത് ഒന്നു കേൾക്കേണ്ടതാണ്. ഞാൻ സിനിമയിലെ ജാക്സൺ സായ്‌വിനെപ്പോലെ പുളഞ്ഞുപോയി.

എന്നിട്ടു ശാന്ത പറഞ്ഞു, ‘‘അസൂയ കാരണം ആ എം.ആർ.രാധ, എംജിആറിനെ വെടിവച്ചു. ആ വെടിയുണ്ട തൊണ്ടയിൽ കൊണ്ടുനടന്നതിനാൽ പിൽക്കാലത്ത് എല്ലാ പ്രേമവും ദേഷ്യവും എംജിആർ കിണുങ്ങിക്കിണുങ്ങിയാണ് പറഞ്ഞുകൊണ്ടിരുന്നത്...’’

പി.ടി.ചാക്കോയുടെ പ്രതിമാ അനാഛാദനത്തിന് എം.ജി.രാമചന്ദ്രൻ കോട്ടയത്തു വന്നപ്പോൾ കാണാൻ പോയി ശാന്ത. ‘തീക്കനൽ പോലെയിരുന്നു അയാൾ’, ചെറിയ വാചകത്തിൽ എംജിആറിന്റെ രൂപം ഇത്രയും നന്നായി കരുണാനിധി പോലും എഴുതിക്കാണില്ല. രസികൻ സംഭാഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഞാൻ പറഞ്ഞു, ‘ആ കാതൽ മന്നനെക്കുറിച്ചു മാത്രം ഒന്നും പറഞ്ഞില്ല’. ശാന്തയുടെ കണ്ണുകളുടെ കോണിൽ നിലാവുപോലെ ഒരു ചിരി പരന്നു. എന്നിട്ട് അവർ ജെമിനി ഗണേശനും സാവിത്രിയും ഒന്നിച്ചഭിനയിച്ച മിസ്സിയമ്മ, കളത്തൂർ കണ്ണമ്മ, കപ്പലോട്ടിയ തമിഴൻ, പാശമലർ തുടങ്ങിയ സിനിമകളെക്കുറിച്ചു പറഞ്ഞു. കാതൽ മന്നന്റെ പ്രണയകാലങ്ങളെക്കുറിച്ചു പറഞ്ഞു. സാവിത്രിയിൽ ജെമിനി ഗണേശന് വിജയ ചാമുണ്ഡേശ്വരി എന്ന മകളുണ്ടായ കാലത്തെക്കുറിച്ചു പറഞ്ഞു. എന്നിട്ട് സാവിത്രിയും ജെമിനിയും പാടി അഭിനയിച്ച ഗാനത്തിന്റെ വരികൾ പറഞ്ഞു: ‘ആടാത മനവും ആടുതേ, ആനന്ദഗീതം പാടുതേ, വാടാതെ കാതൽ ഇമ്പമെല്ലാം വാ വാ കാണലാം’.

ശാന്തയോടു യാത്ര പറഞ്ഞു മടങ്ങുമ്പോൾ ഞാൻ നോക്കി, 1970കൾക്കു ശേഷം അവർ ഏറ്റവും കൂടുതൽ തമിഴ് സിനിമ കണ്ട നിർമല തിയറ്റർ കോട്ടയം നാഗമ്പടത്തുണ്ടോ എന്ന്. ഇല്ല. 1950 കളിലും 1960 കളിലും അവർ പടം കണ്ട കൊട്ടകകൾ വണ്ടിപ്പെരിയാറിൽ നിന്നും ഏലപ്പാറ നിന്നും എന്നേ മാഞ്ഞുപോയി. വെള്ളിത്തിര മാത്രം അവരുടെ മനസ്സിൽ ഇടവേളകളില്ലാതെ തുടരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA