കാലം; മാറി കഥയും... മാറാതെ ഈ അടുക്കള

great-indian-kitchen
കല്ലുംപുറത്തു തറവാട്ടിലെ അടുക്കള. ചിത്രം: അബു ഹാഷിം ∙ മനോരമ
SHARE

ഒരുപിടി സിനിമകൾ വെന്തു പാകമായ അടുക്കളയും അഭിനയരസം വിളമ്പിയ ഊണുമുറിയും... 

ഒരേ അടുക്കളയിൽ വേവുന്ന രണ്ടു സ്ത്രീകൾ. അവർക്കിടയിൽ 28 വർഷങ്ങളുടെ വ്യത്യാസമുണ്ട്. ‘മിഥുന’ത്തിൽനിന്ന് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലേക്കുള്ള 28 ‘പ്രകാശ’വർഷങ്ങളുടെ വ്യത്യാസം. പക്ഷേ, നാലു ചുമരുകൾക്കിടയിൽ ‘അടങ്ങിയൊതുങ്ങി’ക്കഴിയുന്ന ആ അടുക്കളയ്ക്ക് ഒരു മാറ്റവുമില്ല!

കോഴിക്കോട് എലത്തൂർ കോരപ്പുഴയ്ക്കു വടക്ക് കാട്ടിൽപീടികയിൽ കല്ലുംപുറത്ത് തറവാട്ടിലാണ് 1992ൽ മിഥുനവും 2019ൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ചിത്രീകരിച്ചത്. സ്വന്തം സംരംഭം തുടങ്ങാൻ നെട്ടോട്ടമോടുന്ന ഭർത്താവിന്റെ അവഗണനയിൽ ഒറ്റപ്പെടുന്ന നായികയെയാണ് ശ്രീനിവാസന്റെ തിരക്കഥയിൽ‍ പ്രിയദർശൻ പറഞ്ഞുവച്ചത്. യാഥാസ്ഥിതിക കുടുംബത്തിലേക്കു  വിവാഹിതയായെത്തുന്ന നായിക നേരിടുന്ന വ്യവസ്ഥയുടെ ചങ്ങലകളാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ സംവിധായകൻ ജിയോ ബേബി പറയുന്നത്. മിഥുനത്തിൽ 70% രംഗങ്ങളും കല്ലുംപുറത്തെ വീട്ടിലാണു ചിത്രീകരിച്ചത്; ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ ഒരു രംഗമൊഴികെ ബാക്കിയെല്ലാം. 

kitchen
കല്ലുംപുറത്തു തറവാട്ടിലെ ഊണുമുറി

28 വർഷങ്ങൾക്കു മുൻപ് വധുവായെത്തിയ സുലോചന എന്ന സുലു (ഉർവശി) ഈ വീട്ടിലെ അടുക്കളയിൽ ഉണ്ടാക്കിയ സാമ്പാർ രുചിച്ച് ഭർത്താവ് സേതുമാധവൻ പറഞ്ഞത് ‘അയ്യേ, ഇതാണോ സാമ്പാറ്’ എന്നാണ്. സേതുവിന്റെ അളിയൻ ലൈൻമാൻ കെ.ടി.കുറുപ്പ് വിയർത്തൊലിച്ച് ഒരു മടുപ്പുമില്ലാതെ ചെയ്യുന്ന ഏക ജോലി ഊൺമേശയിലിരുന്നു ഭക്ഷണം കഴിക്കുക എന്നതാണ്. ഒരുമിച്ചു പോകാൻ കഴിയില്ലെന്നു കണ്ട് വീട്ടിൽനിന്നിറങ്ങിയുള്ള യാത്രയിൽ ഭാര്യ സുലോചന മാപ്പുപറഞ്ഞ് ജീവിതത്തിലേക്കു തിരികെ വരുന്നിടത്താണ് ‘മിഥുനം’ അവസാനിക്കുന്നത്.  

എന്നാൽ, നിമിഷ സജയൻ അവതരിപ്പിച്ച ഭാര്യ, ഊൺമേശയിലെ പെരുമാറ്റച്ചട്ടം പഠിപ്പിക്കാൻ ശ്രമിക്കുന്ന ഭർത്താവിന്റെ കുടുംബത്തിൽനിന്നു സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോവുകയാണ്. 

midhunam
‘മിഥുന’ത്തിലെ രംഗം

മൂന്നു പതിറ്റാണ്ടിനിപ്പുറം ആ അടുക്കളയ്ക്ക് പറയത്തക്ക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കരിപിടിച്ച ചുമരുകളും വിറകടുപ്പും ഉറികളും അതേപോലെയുണ്ട്. ഊണുമുറിയിലെ പത്തായം പോലും അതേപടിയാണ്. പഴയ മേശ കാലപ്പഴക്കം കാരണം പുതുക്കിപ്പണിതുവെന്നു മാത്രം. പക്ഷേ, സമൂഹം മാറിയിരിക്കുന്നു. ആ മാറ്റം കാണിക്കാൻ ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ ജിയോ ബേബി തിരഞ്ഞെടുത്തത് പഴയ അതേ അടുക്കളയാണ്. 

suraj
‘ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ൽനിന്ന്.

കല്ലുംപുറത്ത് തറവാട്

നാലു തലമുറകൾക്കു മുൻപാണ് കല്ലുംപുറത്ത് തറവാട് നിർമിച്ചതെന്ന് കുടുംബാംഗമായ ഷിഗിൽ കല്ലുംപുറത്ത് പറഞ്ഞു. ഷിഗിലിന്റെ അച്ഛൻ സുരേഷ്കുമാറിന്റെ അച്ഛന്റെ അച്ഛൻ (പ്രപിതാമഹൻ – മുത്തച്ഛന്റെ അച്ഛൻ) ചാത്തുവൈദ്യരാണ് വീടുണ്ടാക്കിയത്. ചാത്തുവൈദ്യരുടെ മകൻ ഗോവിന്ദൻ വൈദ്യരാണു പിന്നീടു വീട് നോക്കി നടത്തിയിരുന്നത്. ഇപ്പോൾ പേരക്കുട്ടികളുടെ ആറു കുടുംബങ്ങളുണ്ട്. ഒരേക്കർ സ്ഥലത്താണ് മൂന്നുനില വീടു പണിതത്. ഏറ്റവും മുകളിലെ നിലയിൽ ഒരു ഹാളുണ്ട്. ബാക്കി രണ്ടു നിലകളിലായി ആറു കിടപ്പുമുറികൾ. വിശാലമായ അടുക്കളയും ഊണുമുറിയും വരാന്തയും ഇടനാഴികളുമുണ്ട്. വീടിനു പുറത്താണ് ഇരുനിലയുള്ള കളപ്പുര. അനഘ, സർഗം, മിഥുനം, ഇന്ത്യൻ റുപ്പി, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ സിനിമകളിൽ ആദ്യാവസാനം ഈ വീടുണ്ട്. മറ്റനേകം സിനിമകളിൽ വീടിന്റെ പല ഭാഗങ്ങളും കടന്നുവന്നിട്ടുമുണ്ട്.

Content Highlights: Kozhikode Kallumpurath Tharavad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA