ADVERTISEMENT

അനിശ്ചിതത്വങ്ങളുടെ കടലിൽ സാഹസികതയുടെ പുതുചരിത്രത്തിലേക്കു തുഴയെറിഞ്ഞ അഭിമാനനാവികൻ ജീവിതം പറയുന്നു. 

കമാൻഡർ അഭിലാഷ് ടോമിയെ കാണാനില്ല!

2018 സെപ്റ്റംബർ 21നാണ് ലോകം ആ വാർത്ത കേട്ടത്. അത് ഇങ്ങനെയായിരുന്നു:

‘പാരിസ് ∙ ആധുനിക വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതെ, പായ്‌വഞ്ചിയിൽ അതിവേഗം ലോകം ചുറ്റാനുള്ള ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി സമുദ്രസഞ്ചാരി കമാൻഡർ അഭിലാഷ് ടോമിക്ക് അപകടത്തിൽ പരുക്ക്. ജൂലൈ ഒന്നിനു ഫ്രാൻസിലെ ‘ലെ സാബ്‌ലെ ദെ ലോൻ’ തുറമുഖത്തുനിന്ന് ആരംഭിച്ച മത്സരത്തിന്റെ 83–ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിൽ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്‌വഞ്ചി ‘തുരീയ’ തകർന്നാണ് അപകടം. ഇതിനകം 19,446 കിലോമീറ്റർ താണ്ടിയ അഭിലാഷ് ടോമി മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു.

150 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 10 മീറ്ററോളം ഉയർന്ന തിരമാലകൾക്കിടയിൽപെട്ട് വഞ്ചിയുടെ 2 പായ്മരങ്ങളും തകർന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്തു വീണ് നടുവിനു പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യർഥിച്ച് അപായസന്ദേശം നൽകി. ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് ഏകദേശം 3704 കിലോമീറ്റർ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യൻ തീരമായ കന്യാകുമാരിയിൽനിന്ന് 5020 കിലോമീറ്റർ അകലെയാണിത്.’

തിര തല്ലിത്തകർത്ത പായ്‌വ‍ഞ്ചിയിൽ നടുവ് അനക്കാൻ വയ്യാതെ കിടക്കുകയായിരുന്നു ഞാനപ്പോൾ. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏകാന്തമായ ഭാഗം. മീൻപിടിത്തക്കപ്പലുകൾ പോലും വരാത്ത വഴി. കരയിൽ എന്റെ മാതാപിതാക്കളും ഭാര്യയും മറ്റു ബന്ധുക്കളും കാത്തിരിക്കുന്നു. തിരികെയെത്തുമെന്ന ഉറപ്പുമായി തിരയിലേക്ക് ഇറങ്ങിയതാണ്. രക്ഷപ്പെടുത്താൻ ആരെങ്കിലും വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതു ചിലപ്പോൾ ആഴ്ചകൾ കഴിഞ്ഞാവും. എത്രനേരം കഴിഞ്ഞായാലും അവർ വരുംവരെ മനസ്സു ശാന്തമാക്കി കിടക്കുക മാത്രമായിരുന്നു പോംവഴി.

ഇപ്പോൾ ഇത് എഴുതുമ്പോഴും അന്നത്തെ അപകടത്തിന്റെ മരവിപ്പ് ശരീരത്തിൽ അങ്ങിങ്ങായി ബാക്കിയുണ്ട്. പക്ഷേ, കേവലമൊരു കടൽച്ചൊരുക്കിൽ തളരുന്നതല്ലല്ലോ നാവികന്റെ മനസ്സ്.

ഇനി പറയാം, കടലിൽ ഒറ്റപ്പെട്ട ആ കിടപ്പ് എനിക്ക് ആദ്യ അനുഭവമായിരുന്നില്ല. നാവികസേനയിലെ പരിശീലനകാലത്ത് രണ്ടുതവണ എന്നെ കടലിൽ കാണാതെപോയിട്ടുണ്ട്!

abhilash
കമാൻഡർ അഭിലാഷ് ടോമി (റിട്ട.)

അഭിലാഷ് എവിടെപ്പോയി?

പതിനേഴു വർഷം മുൻപാണ്. ഗോവയിൽനിന്നു മുംബൈയിലേക്കു കാറോടിക്കുകയാണു ഞാൻ. കൂട്ടിന് നാവികസേനയിലെ ഒരു സുഹൃത്തുമുണ്ട്. മുംബൈയിൽ നാവികസേനയുടെ പായ്‌വഞ്ചി മത്സരം നടക്കുന്നു. അതിൽ പങ്കെടുക്കാനാണ് ആവേശപൂർവം ഈ യാത്ര. നാവികസേനയിലെ മുതിർന്ന ഓഫിസർമാരും സുഹൃത്തുക്കളുമെല്ലാമുണ്ട് അവിടെ. മുംബൈയിൽ നാവികസേനയുടെ സെയ്‌ലിങ് ക്ലബ്ബിനു സമീപം കാർ പാർക്ക് ചെയ്തു. നേരെ വഞ്ചിയിലേക്ക്.

ഉച്ചകഴിഞ്ഞ നേരം. തെളിഞ്ഞ ആകാശം. ജെട്ടിയിൽനിന്നു ഞങ്ങൾ യാത്ര തുടങ്ങി. കാറ്റിന്റെ ദിശയ്ക്കനുസരിച്ചു പായ വിടർത്തി. തുടക്കം വളരെ ശാന്തമായിരുന്നു. ഒരു ടെൻഷനുമില്ലാതെ നീങ്ങുന്ന നേരത്താണു വഞ്ചിക്കു ചെറിയൊരു തകരാർ ശ്രദ്ധയിൽപെട്ടത്. പെട്ടെന്നു വഞ്ചിയൊന്നുലഞ്ഞു. അടുത്ത നിമിഷം അതു കടലിലേക്കു മുഖംകുത്തി. സെന്റർ ബോർഡിൽ തൂങ്ങിക്കിടന്നു വഞ്ചി നേരെയാക്കിയാൽ പ്രശ്നം പരിഹരിക്കാമെന്ന് എനിക്കു തോന്നി. കടലിലേക്കു മൂക്കുകുത്തിയ വഞ്ചി ഉയർത്താൻ രണ്ടും കൽപിച്ചു ഞാൻ കടലിലേക്കു ചാടി. പക്ഷേ, ചാട്ടം പിഴച്ചു. തൂങ്ങിക്കിടക്കാൻ ശ്രമിച്ച സെന്റർ ബോർഡ് ഒടിഞ്ഞു; വഞ്ചി വെള്ളത്തിൽ മുങ്ങി!

കടലിലേക്കു ചാടിയ ഞാൻ തിരികെ ഒരുവിധത്തിൽ പാതിമുങ്ങിയ ബോട്ടിലേക്കു വലിഞ്ഞുകയറി. ഇനി മുന്നോട്ടില്ലെന്ന് ഉറപ്പായി. രക്ഷാപ്രവർത്തകരെത്താതെ കടലിൽനിന്നു തിരികെ കരയിലേക്കു മടങ്ങാനും സാധിക്കില്ല. ഉച്ചകഴിഞ്ഞ് 3 മണിയായിരുന്നു അപ്പോൾ. ഒപ്പമുണ്ടായിരുന്ന മറ്റു പായ്‌വഞ്ചികളൊക്കെ വേറെ വഴിയിലാണ്. ചിലർ തിരികെ കരയിലേക്കുള്ള യാത്രയും തുടങ്ങിയിരുന്നു. ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥ. രക്ഷാപ്രവർത്തനം ആവശ്യപ്പെട്ട് അടിയന്തര സന്ദേശമയച്ചു.

അപ്പോഴേക്കും കടലിൽ ഒഴുക്കു കൂടി. വഞ്ചി ഞങ്ങളുമായി ഹാർബറിന്റെ അതിർത്തി കടന്ന് ഉൾക്കടലിലേക്ക് ഒഴുകിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിനു ബോട്ടു വരുന്നത് അകലെനിന്നേ കണ്ടപ്പോൾ സമാധാനമായി. പക്ഷേ, അതു ഞങ്ങളുടെ അരികിലേക്കു വന്നില്ല. തകരാറിലായ മറ്റൊരു വഞ്ചി കണ്ടപ്പോൾ അവർ അവിടെ നിർത്തി. റെസ്ക്യു ആവശ്യപ്പെട്ടവർ അവരാകുമെന്നു കരുതി ആ പായ്‌വഞ്ചിയിൽ ഉണ്ടായിരുന്നവരുമായി ബോട്ട് കരയിലേക്കു മടങ്ങി.

ആ സമയത്ത് ഉൾക്കടലിൽനിന്നു കുറെ മീൻപിടിത്ത ബോട്ടുകൾ ഹാർബറിലേക്കു വരുന്നുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ വീണ്ടും പ്രതീക്ഷയായി. ബോട്ടിന്റെ ശേഷിക്കുന്ന ഭാഗത്ത് എഴുന്നേറ്റുനിന്ന് ഞാൻ കൈവീശി. രക്ഷിക്കാൻ അഭ്യർഥിച്ചു. മീൻപിടിത്തക്കാർ ഞങ്ങളെ കണ്ടു. അവർ കൈവീശിക്കാട്ടി. പക്ഷേ, ഞങ്ങളെ രക്ഷിക്കാൻ മെനക്കെടാതെ ആ ബോട്ടുകൾ കടന്നുപോയി. അതോടെ സകല പ്രതീക്ഷയും അസ്തമിച്ചു.

സെയ്‌ലിങ്ങിനു വന്നവർ വഞ്ചികൾ ജെട്ടിയിൽ അടുപ്പിക്കുന്ന നേരത്താണ് ആരോ എന്നെ അന്വേഷിച്ചത്. സെയ്‌ലിങ് കഴിഞ്ഞു തിരിച്ചുപോയിക്കാണും എന്നാരോ പറഞ്ഞു. അപ്പോഴാണ് ജെട്ടിക്കു സമീപം പാർക്ക് ചെയ്തിരുന്ന എന്റെ കാർ ചിലരുടെ ശ്രദ്ധയിൽപെട്ടത്. അതോടെ, ഞാൻ തിരിച്ചെത്തിയിട്ടില്ലെന്ന് എല്ലാവർക്കും ഉറപ്പായി. വളരെപ്പെട്ടെന്ന് ആ വിവരം എല്ലാവരും അറിഞ്ഞു: അഭിലാഷിനെ കടലിൽ കാണാതായിരിക്കുന്നു...

അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കണ്ണെത്താപ്പരപ്പുള്ള കടലിൽനിന്നു ചെറിയൊരു വഞ്ചി കണ്ടെത്തുക എളുപ്പമല്ല. തിരയിൽ ഇളകിയും മറിഞ്ഞും ഒഴുകിനടക്കുകയായിരുന്നു ഞങ്ങൾ. കടലിനു പുറത്തേക്കാണ് ഒഴുക്ക്. അതിനനുസരിച്ചു പുറങ്കടലിലേക്കാണു പോക്ക്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ഞങ്ങൾ കരയിൽനിന്ന് കുറെ ദൂരെയായിക്കഴിഞ്ഞിരുന്നു. ഞങ്ങളെ കണ്ടെത്താൻ അവർ അൽപം കഷ്ടപ്പെട്ടു. രാത്രി കുറച്ചു വൈകിയെങ്കിലും ഞങ്ങൾ സുരക്ഷിതരായി കരയിലെത്തി.

abhilash-ship
തകർന്ന പായ്‌വഞ്ചിയിൽനിന്ന് കമാൻഡർ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നു. (ഫയൽ ചിത്രം)

പാക്കിസ്ഥാനിൽ നിന്നാണോ?

നിങ്ങൾ പാക്കിസ്ഥാനികളാണോ? ആ ചോദ്യം ഞാൻ കേട്ടതു ഗുജറാത്തിലെ ജാംനഗറിൽവച്ചാണ്. 2000ൽ നാവികസേനയുടെ ജാംനഗറിലെ ഇലക്ട്രിക്കൽ സ്കൂളിൽ 3 മാസത്തെ പരിശീലനകാലം. ഒരു വൻകൊടുങ്കാറ്റിൽ സേനയുടെ അവിടത്തെ സെയ്‌ലിങ് ക്ലബ് നാമാവശേഷമായിരുന്നു. വഞ്ചികളെല്ലാം കേടായി. പലതും കാലഹരണപ്പെട്ടു. പക്ഷേ, അതങ്ങനെ വെറുതേ കിടക്കുന്നതു ശരിയല്ലല്ലോ എന്നായി ചിന്ത. സുഹൃത്തിനൊപ്പം ഒരു അവധിദിവസം ഞാൻ സെയ്‌ലിങ് ക്ലബ്ബിലെത്തി. തകർന്ന വഞ്ചികൾക്കിടയിൽനിന്നു വലിയ കുഴപ്പമില്ലാത്ത രണ്ടെണ്ണം കണ്ടെത്തി. ആ വഞ്ചികൾ നന്നാക്കിയെടുക്കാനായി പിന്നീടുള്ള ശ്രമം. ആഴ്ചയിൽ 2 ദിവസം വഞ്ചിയുടെ കേടുപാടുകൾ തീർക്കാൻ വേണ്ടി മാത്രം മാറ്റിവച്ചു. രണ്ടാഴ്ച കൊണ്ടു ഫലമുണ്ടായി. അത്യാവശ്യം സെയ്‌ലിങ്ങിനു പറ്റുംവിധം ഒരു വഞ്ചിയും വിൻഡ് സർഫറും റെഡി.

ഒരു ശനിയാഴ്ച ഞങ്ങൾ കടലിലിറങ്ങി. തുടക്കം വലിയ കുഴപ്പമില്ലായിരുന്നു. കടലും ശാന്തമായിരുന്നു. വൈകിട്ടായതോടെ വേലിയിറക്കം തുടങ്ങി. ജാംനഗറിൽ വേലിയിറക്ക സമയത്ത് കടൽ ഏറെദൂരം പിൻവലിയും. കരയിലേക്കു തിരിച്ചുള്ള വരവിൽ അരക്കിലോമീറ്റർ അകലെ വച്ച് സർഫിങ് ബോർഡിന്റെ നീക്കം നിലച്ചു. കാര്യമെന്താണെന്ന് അറിയാതെ ഞാൻ കടലിലേക്കു ചാടി. അത്യാവശ്യം വെള്ളമുണ്ടെന്ന ധാരണയിലുള്ള ചാട്ടമാണ്. അതു പിഴച്ചെന്നല്ലാതെ എന്തു പറയാൻ!

ആകെ അഞ്ചിഞ്ചു കനത്തിൽ വെള്ളം കാണും. അടിയിൽ കട്ടിച്ചെളി. ആ ചെളിയിൽ എന്റെ കാലുറച്ചു. അപ്പോഴാണു കാര്യം പിടികിട്ടിയത്, ഇതേ ചെളിയിൽ അടിയുറച്ചു നിൽക്കുകയാണ് സ‍ർഫിങ് ബോർഡും! വലിയ പ്രതിസന്ധിയാണ്. ഏതാണ്ട് അരക്കിലോമീറ്റർ ദൂരെയാണ് ജെട്ടി. അവിടേക്കു വഞ്ചി എത്തിക്കുക എളുപ്പമല്ല. വേലിയിറക്കം കഴിയും വരെ കാത്തിരിക്കാനും പറ്റില്ല.

രണ്ടും കൽപിച്ച് പായകൾ അഴിച്ചുമാറ്റി. അതും ചുമന്ന് ആ ചെളിയിലൂടെ കാലുകൾ വലിച്ച് അരക്കിലോമീറ്റർ നടന്നു. കരയിലെത്തിയപ്പോഴേക്കും തളർന്നുപോയിരുന്നു. കാൽമുട്ടോളം താഴുന്ന ചെളിയിലൂടെ വഞ്ചിയുടെ പായകളുമായുള്ള നടത്തം എങ്ങനെയുണ്ടാവും?!

പക്ഷേ, വിശ്രമിക്കാൻ നേരമില്ല. സെയ്‌ലിങ് ബോർഡ് കടലിലുപേക്ഷിച്ചാണു കരയിലേക്കു പോന്നത്. തിരികെച്ചെന്ന് അതും കരയിൽ എത്തിക്കണം. അരക്കിലോമീറ്റർ തിരികെ ചെളിയിലൂടെ വീണ്ടും കടലിലേക്ക്. വേലിയിറക്കം ആയതിനാൽ ബോ‍ർഡ് ഒരു കുഴപ്പവുമില്ലാതെ അവിടെത്തന്നെയുണ്ട്. പായകൾ നീക്കം ചെയ്തതോടെ ബോർഡിന്റെ ഭാരം കുറ‍ഞ്ഞിരുന്നു. അൽപം കഷ്ടപ്പെട്ടപ്പോൾ ഫലമുണ്ടായി. ചെളിയിൽനിന്ന് ഉയർത്തിയെടുത്തു. ഇനി ഇതുമായി കരയിലേക്കു നീന്തുകയല്ലാതെ വേറൊരു മാർഗവും മുന്നിലില്ല.

നേരെ ബോർഡിലേക്കു ചാടിക്കയറി. ചെറിയ നിരപ്പിൽ മാത്രമേ വെള്ളമുള്ളൂ. ബോർഡിനു മുകളിൽ കമഴ്ന്നു കിടന്ന് സർവശക്തിയുമെടുത്ത് നീന്തി. ജാംനഗറിലെ റോസി എന്ന ജെട്ടിക്കു സമീപമാണ് എത്തിയത്. ചെറിയ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ കഷ്ടപ്പെട്ട് ആ ബോർ‍ഡ് വലിച്ചുയർത്തി കരയിൽ വച്ചു. ഞങ്ങളുടെ ഈ പരാക്രമമെല്ലാം കണ്ട് കുറച്ചുപേർ കരയിൽ നിൽപുണ്ടായിരുന്നു. കഠിനമായ അധ്വാനം കഴിഞ്ഞ് ദീർഘശ്വാസമെടുക്കുന്ന ഞങ്ങളുടെ അരികിലേക്ക് അവർ വന്നിട്ടു ചോദിച്ചു: നിങ്ങൾ പാക്കിസ്ഥാനിൽനിന്നാണോ? ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരാണോ?

ആ ചോദ്യം കേട്ടപ്പോൾ ചിരിയാണു വന്നത്. അധികം ദൂരെയല്ല പാക്കിസ്ഥാൻ അതിർത്തിയും കറാച്ചി തുറമുഖവും. അവിടെനിന്ന് ഉൾക്കടലിലെത്തി കടലിൽ ചാടി ഇന്ത്യയിലേക്കു നീന്തിക്കയറിയവരാണോ എന്നാണു ചോദ്യം. നാവികസേനയുടെ കാര്യം പറഞ്ഞപ്പോൾ പിന്നെയും ചില സംശയങ്ങൾ. ജാംഗനറിലെ നാട്ടുകാരുടെ ഭാഷയല്ല. സംശയം തോന്നിയപ്പോൾ ഞാൻ തിരികെ ചോദിച്ചു.

നിങ്ങൾ മലയാളികളാണോ?

അതെ – മറുപടി പെട്ടെന്നായിരുന്നു.

ജാംനഗറിൽ ജോലി ചെയ്യുന്ന മലയാളികൾ. ആദ്യത്തെ ചോദ്യത്തിൽനിന്നു തന്നെ അവരെ ഞാൻ തിരിച്ചറിഞ്ഞിരുന്നു!

പിറ്റേദിവസം വീണ്ടും കാണാതായി!

സെയ്‌ലിങ് ബോർഡുമായുള്ള മൽപിടിത്തം എന്റെ ആവേശം വർധിപ്പിച്ചതേയുള്ളൂ. തൊട്ടടുത്ത ദിവസം ‍ഞാനും സുഹൃത്തും മറ്റു  രണ്ടു ബോട്ടുകളുമായി വീണ്ടും കടലിലേക്ക്. ഇത്തവണ വേലിയിറക്ക സമയത്തിനു മുൻപേ തിരിച്ചുവരാൻ പദ്ധതിയിട്ടാണു വഞ്ചിയിറക്കിയത്. പെട്ടെന്നു വീശിയ കാറ്റിലും തിരയിലും സുഹൃത്തിന്റെ ബോട്ടിന്റെ പായ്മരം ഒടിഞ്ഞു. അധികം വൈകാതെ എന്റെ ബോട്ടിനും ചെറിയ തകരാറുകൾ. ഞങ്ങൾക്കു രണ്ടുപേർക്കും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ. റെസ്ക്യു മെസേജ് അയച്ചു. രക്ഷാപ്രവർത്തനത്തിനു നാവികസേന ഉടൻ തന്നെ ബോട്ട് അയച്ചു.

ബോട്ട് എത്തിയാലുടൻ ഞങ്ങളുടെ കേടായ രണ്ടു വഞ്ചികളും കെട്ടിവലിച്ചു തിരികെ കരയിലെത്താം. പ്രശ്നം തീരും. പക്ഷേ, കടലിന് ഞങ്ങളെ അങ്ങനെയങ്ങു വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. ഞങ്ങളെ രക്ഷിക്കാൻ വന്ന ബോട്ട് തൊട്ടരികിലെത്തി പ്രവർത്തനം നിലച്ചു. അതും കേടായി! പിന്നാലെ ഞങ്ങളെ അന്വേഷിക്കാൻ ആരും വരുന്നില്ല. സമയം കുറെയേറെയായി. നേരമിരുട്ടി. ഏറ്റവുമൊടുവിൽ ജാംനഗർ എയർ സ്റ്റേഷനിൽനിന്ന് റെസ്ക്യു ഹെലികോപ്റ്റർ അയയ്ക്കാൻ ധാരണയായി. കടലിൽ രാത്രി ഞങ്ങളെ കണ്ടെത്തിയെങ്കിലേ മറ്റൊരു ബോട്ട് അയച്ച് രക്ഷിക്കാൻ കഴിയൂ.

രക്ഷാപ്രവർത്തനത്തിനു വന്നു കേടായ ബോട്ടിൽ ഞങ്ങളുടെ രണ്ടു വഞ്ചികൾ കെട്ടിയിട്ട് കാത്തിരുന്നു മടുത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. കടുത്ത തണുപ്പും. ഹെലികോപ്റ്റർ ആദ്യം ഞങ്ങളുടെ മുകളിലൂടെ പറന്നുപോയെങ്കിലും കണ്ടില്ല. അടുത്തവട്ടം അവർ ഞങ്ങളെ കണ്ടെത്തി. ലൊക്കേഷൻ മനസ്സിലാക്കി തിരികെപ്പോയി. വൈകാതെ ഞങ്ങളെ അന്വേഷിച്ച് നേവിയുടെ അടുത്ത ബോട്ട് വന്നു. അപ്പോഴേക്കും സമയം അർധരാത്രിയും കഴിഞ്ഞിരുന്നു. കേടായ 3 ബോട്ടുകളുമായി റെസ്ക്യു ബോട്ട് കരയെത്തുമ്പോഴേക്കും നേരം വെളുത്തുതുടങ്ങിയിരുന്നു!

എല്ലാ ശനിയാഴ്ചയും വീട്ടിലേക്കു വിളിക്കുന്ന പതിവുള്ളതാണ്. ഈ ബഹളങ്ങളെല്ലാം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രിയാണു വീട്ടിലേക്കു വിളിക്കാൻ പറ്റിയത്. നാവികസേനയിൽ ലഫ്റ്റനന്റ് കമാൻഡറായി വിരമിച്ച എന്റെ പിതാവ് വി.സി.ടോമിയാണു ഫോണെടുത്തത്.

എന്താണ് ഇത്രയും ദിവസം വിളിക്കാതിരുന്നതെന്ന ചോദ്യത്തിനു മറുപടി പറഞ്ഞു: ‘എന്നെ രണ്ടുതവണ കടലിൽ കാണാതെ പോയി.’

വെരി ഗുഡ്! – മറുപടി പെട്ടെന്നായിരുന്നു. ഒപ്പം ഒരു വിശദീകരണവും– അതിനു വേണ്ടിയാണല്ലോ നീ നേവിയിൽ ചേർന്നത്!

world-race-abhilash
ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുത്തവർ കടലിൽ വച്ച് അപകടമുണ്ടായാൽ ധരിക്കേണ്ട പ്രത്യേക വേഷത്തിൽ ഫ്രാൻസിലെ ‘ലെ സാബ്‌ലെ ദെ ലോൻ’ തുറമുഖത്ത്.

കടലല്ലോ സുഖപ്രദം!

കടലിനെ പൂർണമായി മനസ്സിലാക്കാൻ ലോകത്ത് ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല. നമ്മുടെ ചോദ്യങ്ങൾക്ക് കടൽ ഉത്തരം നൽകില്ല. പകരം, അതിന്റെ ജീവിതനീലിമയിൽനിന്നു നമുക്കു ശരിയെന്നു തോന്നുന്നവ മുങ്ങിയെടുക്കാം. എത്ര ധീരനായ നാവികനെയും ഒരു നിമിഷം ആശങ്കപ്പെടുത്താൻ അനായാസം കടലിനു സാധിക്കും. വളരെ ചെറുപ്പത്തിൽത്തന്നെ എന്നെ കടലിൽ വീഴ്ത്തിയ ഈ അനുഭവങ്ങളോടെ എന്റെ പേടി പൂർണമായും വിട്ടൊഴി‍ഞ്ഞു. കരയെക്കാൾ സുരക്ഷിതം കടലാണെന്നൊരു തോന്നൽ മനസ്സിൽ വളർന്നുതുടങ്ങി. അതിനു നാവികസേനയിലെ പരിശീലനവും പ്രധാന കാരണമായിട്ടുണ്ട്.

കടലിൽ ഒറ്റപ്പെട്ടുപോയാൽ രക്ഷിക്കാൻ ആളെത്തുംവരെ സംയമനത്തോടെ കഴിയാൻ നാവികസേന പരിശീലനം നൽകാറുണ്ട്. കടലിൽ ഏകാന്തമായൊരിടത്ത് നമ്മളെ കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യുക. എല്ലാ സുരക്ഷയുമുള്ള വേഷങ്ങളൊക്കെയുണ്ടെങ്കിലും കടലിൽ ഒറ്റയ്ക്കു മണിക്കൂറുകൾ കിടക്കുന്നത് അത്ര സുഖമുള്ള കാര്യമായിരിക്കില്ലല്ലോ... തിരയിൽ ഉയർന്നും താഴ്ന്നും കരയേത്, ദിശയേത് എന്നറിയാതെ കിടക്കുമ്പോൾ തിരഞ്ഞു കണ്ടുപിടിക്കാൻ ഒരു ഹെലികോപ്റ്ററോ ഡോണിയർ വിമാനമോ വരും. അവരുടെ ശ്രദ്ധനേടാൻ ചില പണികളൊക്കെയുണ്ട്. അവർ നമ്മെ കണ്ടെത്തിക്കഴി‍‍ഞ്ഞാൽ കരയിലേക്കു ലൊക്കേഷൻ കൈമാറും. കരയിൽനിന്നു മറ്റൊരു ബോട്ട് വന്നു രക്ഷപ്പെടുത്തും.

നാവികസേനയുടെ നിരീക്ഷണവിമാനമായ ഡോണിയറിന്റെ പൈലറ്റായാണ് ഞാൻ കമ്മിഷൻ ചെയ്യപ്പെട്ടത്. വിമാനത്തിൽ പറന്ന് ആളെ കണ്ടെത്തുന്ന ദൗത്യത്തിനു ഞാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ, കടലിൽ രക്ഷാപ്രവർത്തകരെത്താൻ കാത്തുകിടന്നിട്ടുമുണ്ട്. ഇതിൽ രണ്ടാമത്തേതാണ് എനിക്കു കൂടുതൽ ഇഷ്ടം. കാരണം, അതാകുമ്പോൾ ടെൻഷൻ കുറവാണ്! സെർച്ചിനു വരുന്നവർക്കാണല്ലോ കണ്ണെത്താ കടൽപ്പരപ്പിൽനിന്ന് ആളെ കണ്ടെത്താൻ ടെൻഷൻ കൂടുതൽ!

ആ പരിശീലനകാലം നൽകിയ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ്, ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പായ്മരമൊടിഞ്ഞ വഞ്ചിയിൽ, അലയടിക്കുന്ന കൊടുങ്കാറ്റിൽ, ആഞ്ഞടിക്കുന്ന തിരകളിൽ, നടുവ് അനക്കാൻ വയ്യാതെ, 71 മണിക്കൂർ മനക്ഷോഭമില്ലാതെ കിടക്കാൻ എനിക്കു കഴിഞ്ഞത്...

(തുടരും)

Content Highlights: Life of Commander Abhilash Tomy

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com