ADVERTISEMENT

ഈ ഓട്ടോ ഓടുന്നത് പ്രണയത്താലാണ്;  ജീവിതത്തോടും സഹജീവികളോടുമുള്ള പ്രണയം... 

നടുക്കടലിൽ കാറ്റുപിടിച്ച പായ്ക്കപ്പൽ പോലെയാണ് പ്രണയിക്കുന്ന മനുഷ്യർ ചിലപ്പോൾ. അജ്ഞാതതീരങ്ങളിലേക്ക്, അറിയാത്ത ഭൂഖണ്ഡങ്ങളിലേക്ക് അവർ പോലുമറിയാതെ ചിലപ്പോൾ സഞ്ചരിക്കും. പാലക്കാട് കൊല്ലങ്കോട് പയ്യലൂർ എന്ന കൊച്ചുഗ്രാമത്തിലെ രാജിയെന്ന പെൺകുട്ടിക്കും സംഭവിച്ചത് അതാണ്.

പ്രണയത്തിന്റെ കാറ്റുലച്ചപ്പോൾ ഇഷ്ടപ്പെട്ടയാളുടെ കൈപിടിച്ച് 19-ാം വയസ്സിൽ അവൾ വീടും നാടും വിട്ടിറങ്ങി. മൂന്നു പതിറ്റാണ്ടിനിപ്പുറം ആ പെൺ‌കുട്ടി ചെന്നൈയുടെ പ്രിയപ്പെട്ട ‘ഓട്ടോ അക്ക’യാണ്. ഒരുപാടു ജീവിതങ്ങൾക്കുമേൽ കാരുണ്യത്തിന്റെ തണൽ വിരിക്കുന്ന മനുഷ്യസ്നേഹി - പി.വി.രാജി അശോക്. പയ്യലൂരിലെ ‘കൊച്ചു രാജി’ ചെന്നൈയുടെ ‘ഓട്ടോ അക്കയായി’ മാറിയ കഥയിൽ പ്രണയമുണ്ട്, സംഘർഷമുണ്ട്, നിലാവു പോലെ നന്മ പെയ്യുന്ന മനുഷ്യരുണ്ട്... എല്ലാറ്റിനും മുകളിൽ തോൽക്കാൻ മനസ്സില്ലാത്ത പെണ്ണിന്റെ നിശ്ചയദാർഢ്യവും.

അഗ്രഹാരത്തിലെ പ്രണയം 

പയ്യലൂരിലെ ബ്രാഹ്മണകുടുംബത്തിൽ ഏഴു മക്കളിൽ (ആറ് പെണ്ണും ഒരാണും) ആറാമത്തെയാളാണു രാജി. അച്ഛൻ കൃഷ്ണയ്യർ ക്ഷേത്രപൂജാരി. അമ്മ മംഗളം വീട്ടമ്മ. സാമ്പത്തികസ്ഥിതി മോശമാണെങ്കിലും പ്രതാപമുള്ള കുടുംബം. കൊല്ലങ്കോട് കൊട്ടാരത്തിലെ പഴയ പാചകക്കാരെന്ന പെരുമ. മറ്റു സഹോദരിമാർക്കൊന്നുമില്ലാത്ത ഭാഗ്യം രാജിക്കുണ്ടായി - സ്കൂൾ പഠനത്തിനു ശേഷം കോളജിൽ പോകാനുള്ള അവസരം.

autosunday
പി.വി.രാജി അശോക്

പനങ്ങാട്ടിരി സ്കൂളിൽ സഹപാഠിയായിരുന്നു അശോക് കുമാർ. അതേ ഗ്രാമത്തിൽത്തന്നെയുള്ള പോസ്റ്റ്മാൻ മണിയൻ നായരുടെ ആറാമത്തെ മകൻ. ഒരേ സ്കൂൾ, ഒരേ ഗ്രാമം. ചെറുപ്പം മുതൽ കൂട്ടുകാർ. ഇടയ്ക്കെപ്പോഴോ അതു പ്രണയമായി മാറി. അക്കാലത്ത്, പയ്യലൂർ ഗ്രാമീണ വായനശാലയിലെ ലൈബ്രേറിയനായും സേവനം ചെയ്യുന്നുണ്ട് രാജി. അശോക് കുമാർ ഓട്ടോ ഓടിക്കുന്നു. അദ്ദേഹം ലൈബ്രറിയിലെ നിത്യസന്ദർശകനായി. മടക്കി നൽകുന്ന പുസ്തകങ്ങൾക്കെല്ലാം  പ്രണയലേഖനങ്ങളുടെ അധികഭാരമുണ്ടായിരുന്നു.

അകലാനാകാത്ത വിധം അനുരാഗബദ്ധരായെന്ന് ഇരുവരും തിരിച്ചറിഞ്ഞു. ജാതിയുടെ വലിയ മതിൽക്കെട്ടുള്ളതിനാൽ, വീട്ടിൽ പറയുന്നതു പരസ്പരം പിരിയുന്നതിനു തുല്യമാണെന്നു രാജിക്കറിയാമായിരുന്നു. അങ്ങനെ, 1992ൽ അശോക് കുമാറിന്റെ കൈപിടിച്ച് ആരോടും പറയാതെ രാജി വീടുവിട്ടിറങ്ങി. പയ്യലൂരിൽനിന്നു കിലോമീറ്ററുകൾ മാത്രം അകലെയാണു സീതാർകുണ്ട്. വനവാസകാലത്ത് രാമനും സീതയും താമസിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം. സീതാർകുണ്ടും താണ്ടി തന്റെ പ്രണയത്തിനൊപ്പം രാജി പുറപ്പെട്ടു. 

കോയമ്പത്തൂരിലെ നന്മവഴികൾ 

അശോക് കുമാറിന്റെ സുഹൃത്ത് മണികണ്ഠൻ കോയമ്പത്തൂരിൽ ടെയ്‌ലറായിരുന്നു. അങ്ങോട്ടു ചെന്നു. കോയമ്പത്തൂരിലെ പീളമേട് ഹോപ് കോളജിനു സമീപമായിരുന്നു കട. അവിടെ ജീവാ സ്റ്റാൻഡ് എന്ന പേരിൽ ഓട്ടോ ഡ്രൈവർമാരുടെ താവളമുണ്ട്. എഴുത്തുകാരനായ ചന്ദ്രകുമാറുൾപ്പെടെ അവിടെ ഓട്ടോ ഓടിക്കുന്നുണ്ട്. ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന കഥ അടിസ്ഥാനമാക്കിയാണ് വെട്രിമാരൻ പിന്നീട് ‘വിചാരണ’യെന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയത്. 

മണികണ്ഠന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു ഓട്ടോക്കാർ. അവർ സ്വന്തം വീട്ടിലെ പ്രശ്നമെന്ന പോലെ കൂടെ നിന്നു. കലർപ്പില്ലാത്ത സ്നേഹത്തെക്കുറിച്ചു പഠിപ്പിച്ചതു കോയമ്പത്തൂർ ജീവിതമാണെന്നു രാജി പറയുന്നു. അങ്ങനെ, 1992 ഒക്ടോബർ 30ന് പീളമേട് മുരുകക്ഷേത്രത്തിൽ വിവാഹം. ബന്ധുക്കളായി ഓട്ടോ ഡ്രൈവർമാർ. വിവാഹച്ചെലവു പോലും അവരുടെ വക. 

വിവാഹം കഴിഞ്ഞതോടെ വീട്ടിലേക്കു കത്തെഴുതി. അച്ഛനും ബന്ധുക്കളും വന്നു. ഭീഷണിയുടെയും സ്നേഹത്തിന്റെയും മുന്നറിയിപ്പിന്റെയും ഭാഷയിൽ തിരിച്ചുവിളിച്ചു. ഞാൻ തിരഞ്ഞെടുത്ത ജീവിതം, ഇഷ്ടപ്പെട്ടയാളുടെ കൂടെ ജീവിച്ചു തീർക്കുമെന്ന് ഉറച്ചു നിന്നപ്പോൾ അവർ മടങ്ങി. അശോക് കുമാർ ഓട്ടോ ഓടിച്ചുതുടങ്ങി.

രാജിക്കു സ്വകാര്യ സ്ഥാപനത്തിൽ ജോലിയായി. മകൾ ആതിരയും മകൻ ആനന്ദും ജനിച്ചു. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ടു നീങ്ങുന്നതിനിടെയാണ് അതു സംഭവിച്ചത്. 1998 ഫെബ്രുവരി 14ന് രാജ്യത്തെ നടുക്കി കോയമ്പത്തൂരിൽ ബോംബ് സ്ഫോടനം. നഗരം കുറച്ചുകാലത്തേക്കു സ്തബ്ധമായി. രാജിയെപ്പോലെ, അശോകിനെപ്പോലെ ഒരുപാടു പേരുടെ ജീവിതമാർഗം മുട്ടി. അങ്ങനെയാണ്, മറ്റൊരു വാതിൽ മുട്ടിനോക്കാൻ തീരുമാനിച്ചത്. 

ചെന്നൈ വിളിക്കുന്നു; ഓട്ടോയിലേറാൻ 

പുതിയ തട്ടകത്തെക്കുറിച്ച് ആലോചിച്ചപ്പോൾ മനസ്സിൽ വന്നതു ചെന്നൈയാണ്. കുട്ടികൾ ജനിച്ചതോടെ വീട്ടുകാരുടെ അകലം ഇല്ലാതായി. സഹോദരൻ ശ്രീറാമിനു ചെന്നൈയിൽ റെയിൽവേയിലായിരുന്നു ജോലി. ആ ധൈര്യത്തിലാണു വണ്ടി കയറിയത് - 1999ൽ. പല വഴിയിൽ ശ്രമിച്ചെങ്കിലും ജോലി ശരിയായില്ല.

അലച്ചിലിന്റെ നിരാശയിൽ നിൽക്കുമ്പോഴാണ്, കോയമ്പത്തൂരിൽ നിന്നെടുത്ത ലൈസൻസിന്റെ കാര്യം ഓർമ വന്നത്. ഓട്ടോ വാങ്ങുന്നതിന് സ്ത്രീകളുടെ പേരിൽ വായ്പ ലഭിക്കാൻ എളുപ്പമായതിനാൽ എടുത്ത ലൈസൻസ്. ലേണിങ് ടെസ്റ്റിനു പോയതല്ലാതെ, ഓട്ടോ ഓടിച്ച പരിചയമില്ല. 

അതിനു തൊട്ടുമുൻപാണ്, അണ്ണാനഗറിൽ വനിതാ ഓട്ടോ ഡ്രൈവർമാർക്കായി മാത്രം സ്റ്റാൻഡ് തുടങ്ങിയത്. അവിടെപ്പോയി കാര്യങ്ങൾ അന്വേഷിച്ചു. ഇരുപത്തിയഞ്ചോളം ഡ്രൈവർമാരുണ്ട്. ജയിച്ചുകാണിക്കണമെന്ന വാശി വീണ്ടും മനസ്സിൽ സ്റ്റാർട്ട് ചെയ്തു. ഓട്ടോ വാങ്ങി. 1999 അവസാനം ചെന്നൈ നഗരത്തിലേക്കിറങ്ങി. ആദ്യം പോയത് അണ്ണാനഗറിലെ വനിതാ സ്റ്റാൻഡിലേക്കാണ്. എന്നാൽ, പുതിയയാളെന്ന ഒറ്റപ്പെടുത്തൽ അസഹ്യമായി. അനന്തമായി നീണ്ടുകിടക്കുന്ന ചെന്നൈ വീഥികളിലേക്കിങ്ങാൻ തീരുമാനിച്ചു. സെൻട്രൽ പാർക്കിൽനിന്നു സെൻട്രൽ സ്റ്റേഷനിലേക്കായിരുന്നു ആദ്യത്തെ ഓട്ടം- 20 രൂപ. പുതിയ നഗരം, അപരിചിതമായ വഴികൾ. ബസിനു പിന്നാലെ പാഞ്ഞും യാത്രക്കാരോടു ചോദിച്ചും ഓരോ ട്രിപ്പും പൂർത്തിയാക്കി. കാഴ്ചയിൽ ഒന്നുപോലെയുള്ള മേൽപാലങ്ങൾ, തിരിച്ചറിയാനാകാത്ത നഗര ഊടുവഴികൾ. വഴിതെറ്റിയും കണ്ടെത്തിയും വീണ്ടും തെറ്റിയും ഒടുവിൽ സ്വന്തം കൈവെള്ള പോലെ നഗരത്തിന്റെ സഞ്ചാരപഥങ്ങൾ രാജിക്കു മുന്നിൽ തെളിഞ്ഞുവന്നു. 

ചിന്തയുടെ ബ്രേക്ക്ഡൗൺ

അങ്ങനെ, ഫസ്റ്റ് ഗിയറിലോടുന്ന ഓട്ടോ പോലെ ജീവിതം മുന്നോട്ടുപോയി. ഭർത്താവും ഭാര്യയും ഓട്ടോ ഓടിക്കുന്നു. എത്ര ഓടിയിട്ടും തീരാത്ത പ്രാരബ്ധങ്ങൾ. സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്ത വഴിയിലായതിനാൽ കുടുംബത്തോടു പോലും സഹായം ചോദിക്കാൻ അഭിമാനം അനുവദിച്ചില്ല. വിവാഹത്തിന്റെ പേരിൽ ബന്ധുക്കളിൽ ചിലർ കാണിക്കുന്ന അകൽച്ച മനസ്സിനെ നീറ്റി. ആത്മനിന്ദ തോന്നി. അവിടെയും വഴി കാണിച്ചതു കോയമ്പത്തൂരിലെ ചങ്ങാതിക്കൂട്ടമാണ്. മനസ്സിന്റെ ഭാരം പങ്കുവച്ചപ്പോൾ ചന്ദ്രകുമാർ പറഞ്ഞു- ‘സ്വന്തമെന്ന ചിന്ത വിട്ട് സമൂഹത്തിനു വേണ്ടി ജീവിക്കുക. ഏത് ഇല്ലായ്മയിലും സന്തോഷം കണ്ടെത്താനാകും’. മനസ്സിൽ പുതിയ ചിന്തകളുടെ വിത്തിട്ടത് ആ വാക്കുകളാണ്. 

ആയിടയ്ക്കാണു ചെന്നൈയിൽ വിനോദസഞ്ചാരത്തിനു വന്ന ബ്രിട്ടിഷ് പൗരൻ ഓട്ടോയിൽ കയറിയത്. ബീച്ച് റോഡിൽ സഞ്ചരിക്കുന്നതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായി. 

ഉടൻ ആശുപത്രിയിലെത്തിച്ചു, രണ്ടു ദിവസം അദ്ദേഹത്തിനു കൂട്ടിരുന്നു. തിരിച്ചുപോയ സായ്പ് ഗൂഗിൾ റിവ്യൂവിൽ ‘ചെന്നൈയിലെ സ്നേഹനിധിയായ’ ഓട്ടോ ഡ്രൈവറെക്കുറിച്ചെഴുതി. കുറിപ്പിനൊപ്പം രാജിയുടെ നമ്പറും നൽകിയിരുന്നു. കണ്ട പലരും വിളിച്ച് അഭിനന്ദിച്ചു. നന്മ തിരിച്ചറിയപ്പെടുന്നതിന്റെ  സന്തോഷം അനുഭവിച്ചു.

നന്മയിലേക്കൊരു ട്രിപ്പ്

2003 മുതൽ രക്തദാനം വ്രതം പോലെ കൊണ്ടുനടക്കുന്നുണ്ട് രാജി. 13 വർഷം തുടർച്ചയായി 6 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്തു. ട്രിപ്പിനായി പോകുമ്പോഴും മടങ്ങിവരുമ്പോഴും സ്ത്രീകൾക്കു സൗജന്യ യാത്ര നൽകിത്തുടങ്ങി. രാത്രി ഒട്ടേറെ സ്ത്രീകൾക്ക് ഇതു തുണയായി. ഡ്രൈവർ രാജി മെല്ലെ ചെന്നൈയുടെ ‘ഓട്ടോ അക്കയായി’ മാറുകയായിരുന്നു. 

പെൺകുട്ടികൾക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം വിദ്യാഭ്യാസമാണെന്നു രാജിക്ക് ഉറച്ച ബോധ്യമുണ്ട്. താമസസ്ഥലമായ പെരമ്പൂരിൽ നിന്നു വെപ്പേരിയിലേക്കു ദിവസവും രാവിലെ രാജി നടത്തുന്ന സൗജന്യ ട്രിപ്പ് ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. സർക്കാർ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഈ സമയം സൗജന്യമായി യാത്ര ചെയ്യാം. കുട്ടികൾക്കു രാജിയുടെ വക ബിസ്കറ്റുമുണ്ട്. 

വനിതാ ഓട്ടോ ഡ്രൈവർമാർ പരസ്പരം താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഇണയും കൈകൾ’ എന്ന കൂട്ടായ്മയ്ക്കു രൂപം നൽകിയത്. പ്രവർത്തന ഫണ്ട് കണ്ടെത്താനും രാജിക്കു സ്വന്തം രീതിയുണ്ടായിരുന്നു. മാസത്തിൽ 2 ദിവസം 20 മണിക്കൂർ വീതം ഓട്ടോ ഓടുക. അന്നു ലഭിക്കുന്ന ഫണ്ട് മുഴുവൻ കൂട്ടായ്മയ്ക്കുള്ളതാണ്. മാസത്തിലെ രണ്ട്, നാല് ശനിയാഴ്ചകളിൽ ഓട്ടോയ്ക്കുള്ളിൽ സംഭാവനപ്പെട്ടിയുമായാണു രാജി ഓടുക. ഉദ്യമത്തെക്കുറിച്ചറിയുന്ന ചില യാത്രക്കാരും ഉദാരമനസ്കരാകും. നിലവിൽ ‘ഇണയും കൈകൾ’ വാട്സാപ് കൂട്ടായ്മയ്ക്കു കീഴിൽ ഇരുനൂറ്റിയൻപതോളം വനിതാ ഓട്ടോ ഡ്രൈവർമാരുണ്ട്. ലോക്ഡൗൺ കാലത്ത് പരസ്പരം താങ്ങാകാൻ കൂട്ടായ്മയ്ക്കായി. ആറു മാസത്തോളം അംഗങ്ങൾക്കു ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 

ഇണയും കരങ്ങളുടെ കാരുണ്യം

മാതാപിതാക്കൾ മരിച്ചുപോയ 2 പെൺകുട്ടികളെക്കുറിച്ചുള്ള ഒരു മുത്തശ്ശിയുടെ ആധിയാണ് രാജിയെ ഇണയും കൈകൾ എന്ന ട്രസ്റ്റിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ഒരുവർഷം പിന്നിടുമ്പോൾ, ട്രസ്റ്റ് 7 കുട്ടികൾക്കു താങ്ങാകുന്നു. അവരുടെ വിദ്യാഭ്യാസമുൾപ്പെടെ മുഴുവൻ ചെലവും ട്രസ്റ്റ് വഹിക്കും. പെൺകുട്ടികളെ മത്സരപ്പരീക്ഷയ്ക്കു സജ്ജമാക്കുന്ന പരിശീലന കേന്ദ്രം തുടങ്ങുകയെന്ന സ്വപ്നം മനസ്സിലുണ്ട്. സന്നദ്ധ സംഘടനയുമായി ചേർന്നു പെൺകുട്ടികൾക്കു സൗജന്യ ഓട്ടോ ഡ്രൈവിങ് പരിശീലനവും നൽകുന്നു. നഗരത്തിൽ 1000 പെൺ ഓട്ടോ ഡ്രൈവർമാർ എന്ന സ്വപ്നപദ്ധതിയുടെ ഭാഗമായാണു സേവനം. 

സമൂഹത്തിനു വേണ്ടി ജീവിച്ചു തുടങ്ങിയതോടെ അംഗീകാരങ്ങളും തേടിയെത്തി. റേഡിയോ സിറ്റി അവാർഡ്, നഗരത്തിലെ മികച്ച ഓട്ടോ ഡ്രൈവർക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വീട്ടിലും നാട്ടിലും ബന്ധുവീടുകളിലും ലഭിക്കുന്ന പരിഗണനയാണ് അതിലും വലിയ സന്തോഷം. 

22 വർഷമായി ചെന്നൈ നിരത്തുകളിൽ ഓട്ടോ ഓടിച്ചിട്ടും മോശപ്പെട്ട അനുഭവമുണ്ടായിട്ടില്ല. ഹാൻഡ് ലീവർ വലിച്ചു സ്റ്റാർട്ടാക്കുന്ന പഴയ ഓട്ടോ തന്നെയാണു രാജി ഇപ്പോഴും ഓടിക്കുന്നത്. വ്യായാമമാണ്. അതിനൊപ്പം, അതിൽ തൊടുമ്പോൾ കടന്നുവന്ന വഴികളുടെ ഊർജം ശരീരത്തിലേക്കു പ്രവഹിക്കും. 

19-ാം വയസ്സിൽ കൈപിടിച്ചയാൾ കരുത്തും പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. തലയുയർത്തി കഠിനവഴികളെല്ലാം  താണ്ടി, ചുറ്റുമുള്ളവരിലേക്കു സ്നേഹത്തിന്റെ പ്രകാശം പരത്താൻ രാജിയെ പ്രചോദിപ്പിക്കുന്നതെന്തായിരിക്കും? അതിനെ പ്രണയമെന്നല്ലാതെ മറ്റെന്തു വിളിക്കും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com