കുടിപ്പക തീതുപ്പിയ പ്രണയദിനം; ഷിക്കാഗോ നടുങ്ങുന്ന, ചോരമണമുള്ള ഒരു ദുഃസ്വപ്നം

HIGHLIGHTS
  • വാലന്റൈൻസ് ഡേ കൂട്ടക്കൊലയുടെ കഥ
chicago-valentine-s-day-massacre-4
ഷിക്കാഗോയിലെ വാലന്റൈൻസ് ഡേ കൂട്ടക്കൊല സംഭവം, അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് പുനരാവിഷ്കരിച്ചപ്പോൾ. ചിത്രം: ട്വിറ്റർ
SHARE

ഫെബ്രുവരി 14 പ്രണയത്തിന്റെ മാത്രമല്ല, പ്രതികാരത്തിന്റെ ദിനം കൂടിയാണ്; ഷിക്കാഗോയ്ക്കെങ്കിലും. ലോകം മുഴുവൻ സ്നേഹത്തിന്റെ ചുവന്ന പുഷ്പങ്ങൾ കൈമാറിയ ഒരു പ്രണയ ദിനത്തിൽ ഷിക്കാഗോ നഗരം ചോര കണ്ടു നടുങ്ങിനിൽക്കുകയായിരുന്നു. ആ സംഭവത്തെ വാലന്റൈൻസ് ഡേ കൂട്ടക്കൊല എന്നാണു ലോകം വിശേഷിപ്പിക്കുന്നത്. 92 വർഷം മുൻപ് ഒരു ഫെബ്രുവരി 14 ന്, ഷിക്കാഗോയെ ഇന്നും നടുക്കുന്ന ആ ദുഃസ്വപ്നത്തിലേക്കു വിളിച്ചുണർത്തിയത് അവിടുത്തെ അധോലോക രാജാക്കൻമാരുടെ കുടിപ്പകയായിരുന്നു.

1910–30 കാലഘട്ടം. ഷിക്കാഗോ നഗരം. അധോലോക രാജാക്കന്മാർ കിരീടം വയ്ക്കാതെ വാഴുന്ന കാലം. പരസ്പരം കൊന്നും കൊലവിളിച്ചും സാമാജ്ര്യം വലുതാക്കാൻ ശ്രമിക്കുന്ന മാഫിയ തലവന്മാർ. അതിനവർക്കു ശക്തരായ പോരാളികളും പണവും സ്വാധീനവുമുണ്ടായിരുന്നു. കൂടെനിൽക്കാൻ നിയമത്തിന്റെ അണിയറ സഹായവും. മദ്യ നിർമാണവും വിൽപനയും നിയമ വിധേയമാക്കിയതോടെ വ്യാജമദ്യ വ്യവസായം അധോലോകത്തിന്റെ പ്രധാന ബിസിനസായി. അനധികൃതമായി വിദേശമദ്യം ഷിക്കാഗോയിലേക്ക് ഒഴുകി. വ്യാജമദ്യ നിർമാണം ശക്തമായി. കരുത്തുകൂടിയവർ അതിജീവിച്ചു. ഷിക്കാഗോയിൽ അൽ കപോണെയുടെ നേതൃത്വത്തിലുള്ള സൗത്ത് സൈഡ് ഇറ്റാലിയൻ മാഫിയ എതിരാളികളില്ലാതെ വളർന്നു. എതിരു നിൽക്കുന്നവരെ ഇല്ലാതാക്കുക കപോണിനൊരു ലഹരിയായിരുന്നു.

chicago-valentine-s-day-massacre-3
ഷിക്കാഗോയിലെ വാലന്റൈൻസ് ഡേ കൂട്ടക്കൊല സംഭവം, അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് പുനരാവിഷ്കരിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

അക്കാലത്താണ് ഷിക്കാഗോയുടെ വടക്കൻ ഭാഗത്ത് ഐറിഷിലെ കൊടും കുറ്റവാളി ബഗ്സ് മോറന്റെ വളർച്ച. കപോണിന് ഒത്ത എതിരാളി. പരസ്പരം ഇല്ലാതാക്കാൻ ഇരുവരും ആയുധമെടുത്തു. അനുയായികൾ മരിച്ചു വീഴുമ്പോഴും പക്ഷേ, തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ടുകൊണ്ടിരുന്നു. വിദേശത്തുനിന്നു മദ്യം കുറഞ്ഞ നിരക്കിൽ കപ്പൽമാർഗം കടത്തിക്കൊണ്ടുവരികയും വ്യാജമദ്യം നിർമിക്കുകയുമാണ് കപോണിന്റെ പ്രധാന വരുമാനമാർഗം. അതു തട്ടിയെടുക്കുക മോറന്റെ പതിവാണ്. ഇക്കാര്യത്തിൽ മോറനെ സഹായിക്കാൻ പല ഭാഗത്തും ആളുകളുമുണ്ട്.

chicago-valentine-s-day-massacre-2
ഷിക്കാഗോയിലെ വാലന്റൈൻസ് ഡേ കൂട്ടക്കൊല. ചിത്രം: ട്വിറ്റർ

1929 ജനുവരിയുടെ അവസാനം. ഇല്ലിനോയ്‌യിലെ ഒരു ഹോട്ടലിൽ കപോണും സംഘവും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മോറന്റെ സംഘം ഹോട്ടൽ വളഞ്ഞ് ആക്രമിച്ചു. കപോണും സംഘവും തിരിച്ചു വെടിവച്ചു. കപോണിനെ വധിക്കാൻ മോറനായില്ല. അയാളിൽ പക വളർന്നു. മോറനെ ഇല്ലാതാക്കാൻ കപോൺ തക്കംപാർത്തിരുന്നു.

അങ്ങനെയിരിക്കെ ഫെബ്രുവരിയിൽ കപോൺ ഷിക്കാഗോയിലേക്കു കനേഡിയൻ വിസ്കി കടത്താൻ പദ്ധതിയിട്ടു. അതു തട്ടിയെടുത്തു മോറന് എത്തിച്ചു കൊടുക്കാമെന്ന് ഒരു സംഘം വാക്കു കൊടുത്തു. ഫെബ്രുവരി 14ന് രാവിലെ ഷിക്കാഗോ ലിങ്കൺ പാർക്കിലെ 2122 നോർത്ത് ക്ലാർക്ക് സ്ട്രീറ്റിൽ മോറന്റെ ഗാരിജിലെ വെയർഹൗസിൽ മദ്യവുമായി എത്താമെന്നും അവർ പറഞ്ഞു. മദ്യം ഏറ്റുവാങ്ങാൻ മോറന്റെ സംഘം ഗാരിജിൽ രാവിലെ തന്നെ എത്തി. മോറൻ അൽപം വൈകി. ദൂരെ നിന്നേ ഗാരിജിനു പുറത്ത് ഒരു പൊലീസ് വാഹനം പാർക്കു ചെയ്തിരിക്കുന്നതു മോറൻ കണ്ടു. ചതി മണത്ത മോറൻ കൂടെയുള്ള സഹായിക്കൊപ്പം അവിടെനിന്നു മുങ്ങി. തങ്ങളുടെ രഹസ്യ ഇടപാട് എങ്ങനെയോ പൊലീസ് അറിഞ്ഞിരിക്കുന്നു എന്നു മോറൻ കരുതി.

chicago-valentine-s-day-massacre-1

എന്നാൽ അതിലും ഭീകരമായിരുന്നു കാര്യങ്ങൾ. വെയർഹൗസിൽ കാത്തുനിന്നവർക്കിടയിലേക്ക് നാലു പൊലീസുകാരാണ് കടന്നു ചെന്നത്. രണ്ടുപേർ യൂണിഫോമിലും രണ്ടുപേർ സിവിൽ വേഷത്തിലും. നാലുപേരുടെയും കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു. മോറന്റെ സംഘം കരുതിയത് അതൊരു സാധാരണ പരിശോധന ആണെന്നാണ്. നിയമത്തെവരെ വിലയ്ക്കെടുത്തിരുന്ന സംഘം പണം നൽകി അവരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസുകാർ പണത്തിൽ വീഴുന്നവരായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന ഏഴു പേരോടും ഭിത്തിയോടു മുഖം തിരിച്ചു തിരിഞ്ഞുനിൽക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടു. അവരുടെ കൈവശം ഉണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തു. അവർ അതിനോടെല്ലാം സഹകരിച്ചു. കാരണം അവർക്കു മറയ്ക്കാൻ മദ്യക്കടത്തിന്റെ രഹസ്യമുണ്ടായിരുന്നു. ഒട്ടും നിനയ്ക്കാത്ത നേരം ആ നാലുപേർ ചേർന്ന്, അവിടെ കൂടിനിന്ന ഏഴുപേരുടെ നേരെ വെടിയുതിർത്തു. എല്ലാവരും പിടഞ്ഞു വീണു. ഗാരിജിൽനിന്ന് നിലവിളിപോലും പുറത്തേക്കു പോയില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ, യൂണിഫോം ധരിച്ച പൊലീസുകാർ സിവിൽ വേഷം ധരിച്ച മറ്റു രണ്ടുപേരുടെ പിന്നിൽ തോക്ക് ചൂണ്ടിക്കൊണ്ട് ഗാരിജിനു പുറത്തേക്കു വന്നു. അവരുമായി പൊലീസ് വാഹനം പുറത്തേക്കു പോയി. മോറന്റെ കൂട്ടാളികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ജനം കരുതിയത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ വളർത്തു നായ ഗാരിജിന്റെ പുറത്തെത്തി ഭായാനകമായ വിധം കുരച്ചു. അതിൽ പന്തികേടു തോന്നി നാട്ടുകാരിൽ ഒരാൾ അകത്തു കയറി നോക്കിയപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്. മോറന്റെ സംഘത്തിലെ അതിശക്തരായ ആറുപേരെ വെടിവച്ചു കൊന്നിട്ടാണ് ആ സംഘം അവിടെ നിന്നു പോയത്. യഥാർഥ പൊലീസ് എത്തുമ്പോൾ കൂട്ടത്തിലെ ഏഴാമൻ ഫ്രാങ്കിന് ജീവനുണ്ടായിരുന്നു. മരണ മൊഴിയെടുത്ത പൊലീസുകാരോട് ഫ്രാങ്ക് പറഞ്ഞത്, തന്നെയാരും വെടിവച്ചില്ല എന്നാണ്.

കനേഡിയൻ മദ്യത്തിന്റെ ചൂണ്ടയിട്ട് തന്റെ കൂട്ടാളികളെ വകവരുത്തിയത് കപോണാണെന്ന് മോറൻ തിരിച്ചറിഞ്ഞു. കൂട്ടക്കൊലയ്ക്കു പിന്നിൽ കപോണാണെന്നു മോറൻ കുറ്റപ്പെടുത്തി. എന്നാൽ ആ സമയം ഫ്ലോറിഡയിലെ വസതിയിലായിരുന്നു താൻ എന്നു തെളിയിക്കാൻ കപോണിനായി. അതോടെ അജ്ഞാതരായ കൊലയാളികൾ എന്ന് എഴുതേണ്ടതായി വന്നു, നിയമത്തിന്. ലോക ചരിത്രത്തിൽ തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾക്കൊപ്പമായി പ്രണയ ദിനത്തിലെ ഈ കൂട്ടക്കൊല. തിരിച്ചടിക്കാൻ കഴിയാത്തവിധം മോറൻ അതോടെ ദുർബലനുമായി.

ഏതായാലും മോറൻ, കപോൺ ഗ്യാങ്ങുകൾ തമ്മിലുള്ള അവസാനത്തെ ഏറ്റുമുട്ടലായിരുന്നു അത്. ഈ കൂട്ടക്കൊലയോടെ മോറന്റെ ഷിക്കാഗോയിലെ പ്രതാപ കാലം അവസാനിച്ചു. ഷിക്കാഗോയില ഗ്യാങ് വാറുകളുടെയും അവസാനമായി. ഇനിയൊരു കൂട്ടക്കൊല ഉണ്ടാകാൻ പാടില്ല എന്നു തീരുമാനമെടുത്ത സർക്കാർ  കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു തുടങ്ങി.അത് ഷിക്കാഗോയിലെ മാഫിയയുടെ ചിറകൊടിച്ചു.

രണ്ടു വർഷങ്ങൾക്കു ശേഷം നികുതി വെട്ടിപ്പുകേസിൽ കപോൺ ജയിലിലായി. കപോണിന്റെ സംഘത്തിലുണ്ടായിരുന്നു ജാക് മാക്ഗൺ 1936 ഫെബ്രുവരി 14ന് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. വാലന്റൈൻസ് ഡേ കൂട്ടക്കൊലക്കു നേതൃത്വം കൊടുത്തത് ജാക്ക് ആണെന്നായിരുന്നു വിശ്വാസം. വാലന്റൈന്സ് ഡേ കൂട്ടക്കൊലയുടെ ഏഴാം വാർഷിക ദിനമായിരുന്നു അന്ന്. ആരായിരുന്നു കൊലയ്ക്കു പിന്നിൽ എന്ന് കണ്ടെത്താൻ പൊലീസിനായില്ല. മോറനാണ് ജാക്കിനെ വധിച്ചതെന്നാണു ലോകം വിശ്വസിക്കുന്നത്. എന്നാൽ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മോറനെ അറസ്റ്റ് ചെയ്തില്ല. 

കള്ളക്കടത്ത് സാമ്രാജ്യം അവസാനിച്ചതോടെ ചില്ലറ മോഷണങ്ങളുമായാണ് മോറൻ പിൽക്കാലം ജീവിച്ചത്. ഒടുവിൽ മോഷണക്കുറ്റത്തിന് 1946 ൽ അറസ്റ്റിലായി. ലീവൻവെർത്ത് ഫെഡറൽ ജയിലിൽ വച്ച് ശ്വാസകോശ കാൻസർ ബാധിച്ച് 1957 ൽ മോറൻ മരിച്ചു.1931 ൽ ജയിലിലായ കപോണിനെ 1934 ൽ അൽകാട്രാസ് ദ്വീപിലെ ജയിലിലേക്കു മാറ്റി. ഏഴുവർഷം അവിടെ തടവിലായിരുന്നു. പിന്നീട് ജയിൽ മോചിതനായെങ്കിലും രോഗങ്ങൾ കപോണിനെയും കീഴടക്കി. 1947 ജനുവരി 21ന് കപോണിന് ഹൃദയാഘാതം ഉണ്ടായി. ജനുവരി 24ന് മരിച്ചു.

English Summary: Chicago Valentine's Day Massacre

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA