കടലിലെ ട്രാഫിക് ബ്ലോക്കിലൂടെ...; അഭിലാഷ് ടോമിയുടെ ആത്മകഥ–3

MEDEMBLIK
നെതർലൻഡ്സിലെ മെഡംബ്ലിക് തീരം. ആകാശദൃശ്യം.
SHARE

ഗോവയിൽ ‘തുരീയ’യുടെ നിർമാണം പൂർത്തിയായി. 2017 ഓഗസ്റ്റ് ഏഴിനു വഞ്ചി നീറ്റിലിറക്കി. കേരളത്തിൽനിന്നുള്ള തടിയാണു വഞ്ചിയുടെ ചട്ടക്കൂടിന് ഉപയോഗിച്ചത്. പുറംഭാഗം ഫൈബർ ഗ്ലാസ് കൊണ്ടു പൊതി‍ഞ്ഞു. വഞ്ചിയിൽ ഘടിപ്പിക്കാനുള്ള പായകളും കൊടിമരവും എത്തിച്ചതു യൂറോപ്പിൽനിന്നാണ്.

രണ്ടു പ്രധാന പായകൾ ഉൾപ്പെടെ ആകെ നാലു പായകൾ ഉപയോഗിച്ചാണു വഞ്ചി സഞ്ചരിക്കുക. അത്യാവശ്യ ഉപയോഗത്തിനു മാത്രം ചെറിയൊരു ഡീസൽ എൻജിനുമുണ്ട്. 

ഗോവയിൽനിന്നു മിക്ക ദിവസവും പരിശീലനയാത്രകൾ നടത്തി ‘തുരീയ’യയെ അടുത്തു പരിചയപ്പെട്ടു. ശാന്തമായ കടലിൽ മാത്രമല്ല, യുദ്ധഭൂമിയിലെ കുഴിബോംബുകൾ പോലെ കടൽജലത്തിൽ മുങ്ങിയൊളിച്ചു കിടക്കുന്ന കൂറ്റൻ മഞ്ഞുകട്ടകൾക്കു മുന്നിലും ആഞ്ഞടിക്കുന്ന തിരകളിലും കൊടുങ്കാറ്റിലുമെല്ലാം എന്നെ സംരക്ഷിക്കേണ്ടവളാണ് തുരീയ. 

ഗോവയിൽ നിർമിച്ച പായ്‌വഞ്ചി എങ്ങനെ ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്ത് എത്തിക്കും? അവിടെനിന്നാണല്ലോ പ്രയാണം ആരംഭിക്കേണ്ടത്. ഗോവയിൽനിന്നു കടലിലൂടെ വഞ്ചിയിൽ സഞ്ചരിച്ചു ഫ്രാൻസിലെത്തുക പ്രായോഗികമല്ല. അതിന് ഏറെ സമയമെടുക്കും. അങ്ങനെ എത്തിയാലും അറ്റകുറ്റപ്പണികൾ പൂ ർത്തിയാക്കി വീണ്ടുമൊരു ലോകസഞ്ചാരത്തിനു തയാറെടുക്കാൻ പിന്നെയും കാലതാമസമുണ്ടാകും. കൊച്ചിയിൽനിന്നു കപ്പൽമാർഗം വ‍ഞ്ചി യൂറോപ്പിലെത്തിക്കാൻ ധാരണയായി. അവിടെനിന്നു വഞ്ചിയോടിച്ചു തന്നെ ഫ്രാൻസിലെ തുറമുഖത്തുമെത്താം എന്നു തീരുമാനിച്ചു. ഗോവയിൽനിന്നു വലിയൊരു ട്രക്കിൽ വഞ്ചി കൊച്ചിയിലെത്തിച്ചു. യാത്ര പുറപ്പെടും മുൻപ് ‘തുരീയ’യെ നേരിൽക്കാണാൻ കൊച്ചി കണ്ടനാട്ടെ വീട്ടിൽനിന്ന് എന്റെ അമ്മ വത്സമ്മ ടോമിയും എത്തിയിരുന്നു. 

Abhilash Tomy with his mother
തുരീയ കൊച്ചിയിൽ എത്തിച്ചപ്പോൾ കാണാനെത്തിയ അമ്മ വത്സമ്മയ്ക്കൊപ്പം അഭിലാഷ് ടോമി. (ഫയൽ ചിത്രം)

കൊച്ചിയിൽനിന്നു ചരക്കുകപ്പലിൽ നെതർലൻഡ്സിലേക്കാണു വഞ്ചിയുടെ യാത്ര. ഞാൻ അവിടേക്കു വിമാനടിക്കറ്റ് ബുക്ക് ചെയ്തു. കുറച്ചുകാലത്തേക്കു വഞ്ചിയും നാവികനും വേർപിരിയുകയാണ്. ‘ഈ വിരഹം ക്ഷണികമല്ലേ’യെന്നു മനസ്സു പാടിക്കൊണ്ടിരുന്നു...  

മെഡംബ്ലിക് വിളിക്കുന്നു 

വഞ്ചി നെതർലൻഡ്സിൽ എത്തിയതിനു പിന്നാലെ ഞാനും അവിടെയെത്തി. ഒരുമാസത്തേക്കു നല്ല പണിയുണ്ട്. ട്രക്കിലും കപ്പലിലുമായി യാത്ര ചെയ്തെത്തിയ വഞ്ചി ഒന്നാകെ വൃത്തിയാക്കി പെയിന്റടിക്കണം. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ നീണ്ടു ജോലികൾ. വഞ്ചിയുടെ നീളൻ കൊടിമരം രണ്ടു ഭാഗമാക്കിയാണു കപ്പലിൽ അയച്ചത്.

അതു വീണ്ടും പഴയപടിയാക്കി. നെതർലൻഡ്സിലെ കടൽത്തീര പട്ടണമായ മെഡംബ്ലിക്കിൽ ഒരു വീടു വാടകയ്ക്കെടുത്തു. യൂറോപ്പിൽ പായ്‌വ‍ഞ്ചി പ്രായണങ്ങൾക്കു പേരുകേട്ട സ്ഥലമാണ് മെഡംബ്ലിക്. ഹാർബറിനോടു ചേർന്ന് പായ്‌വഞ്ചികൾക്കു നങ്കൂരമിടാൻ അനേകം മറീനകളുണ്ട്. ഒട്ടേറെ പായ്‌വഞ്ചിയാത്രികരുടെ ഇടത്താവളമാണ് അവിടം. വിവിധ രാജ്യക്കാരുടെ അനേകം പായ്‌വഞ്ചികൾ എപ്പോഴും അവിടെയുണ്ടാകും. 

നമ്മുടെ കുട്ടനാടു പോലെയാണ് നെതർലൻഡ്സ്. രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗവും സമുദ്രനിരപ്പിൽനിന്നു താഴെയാണ്. ഏകദേശം 22 അടി വരെ സമുദ്രനിരപ്പിൽനിന്നു താഴെയുള്ള പ്രദേശങ്ങൾ അവിടെയുണ്ട്. ഞാൻ താമസിക്കുന്ന വീട്ടിൽനിന്നു നോക്കിയാൽ പുറത്തെ മറീനയിൽ വഞ്ചി കിടക്കുന്നതു കാണാം. രാവും പകലും ഇരുളിലും വെളിച്ചത്തിലും നിലാവിലുമെല്ലാം ചെറുതായി ഇളകുന്ന ജലപ്പരപ്പിൽ തുരീയ എന്നെ നോക്കി തലകലുക്കുന്ന പോലെയായിരുന്നു അത്. ആ കാഴ്ച ചെറുപ്പകാലം മുതൽക്കേയുള്ള എന്റെയൊരു വലിയ സ്വപ്നത്തിന്റെ സാഫല്യം കൂടിയായി. വീട്ടിൽനിന്ന് എപ്പോൾ നോക്കിയാലും എനിക്കെന്റെ വഞ്ചി കാണാവുന്ന ഒരിടത്തു താമസിക്കണമെന്നായിരുന്നു ആഗ്രഹം. 

എന്റെ പിതാവിന്റെ വീട് കുട്ടനാട്ടിലെ ചേന്നങ്കരിയിലാണ്. സ്കൂൾ അവധിക്കാലത്ത് അവിടെയെത്തുമ്പോൾ വീടിനു മുന്നിൽ ഒരു ചെറിയ വഞ്ചി കെട്ടിയിട്ടതു പതിവായി കാണുമായിരുന്നു. അന്നുമുതലാണ്  എന്റെ മനസ്സിലും ഇങ്ങനെയൊരു സ്വപ്നമുണ്ടായത്. 

താമസം വഞ്ചിവീട്ടിൽ! 

ഒരു മാസത്തേക്കു വാടകയ്ക്കെടുത്ത വീട്ടിൽ വേറെ ബുക്കിങ് വന്നതോടെ അവിടെനിന്നു മാറിക്കൊടുക്കേണ്ടി വന്നു. അതോടെ അവർ ഒരുക്കിത്തന്ന ഒരു വഞ്ചിയിലേക്കു ഞാൻ താമസം മാറ്റി. ഇടുങ്ങിയ മുറിയുള്ള പായ്‌വഞ്ചിയിൽ താമസിക്കുക അത്രയെളുപ്പമാണോ എന്നു ചിന്തിക്കുന്നവരുണ്ടാകാം. സാഗർപരിക്രമ–2 യാത്രയ്ക്കു മുൻപ് നാവികസേനയുടെ പായ്‌വഞ്ചി ഐഎൻഎസ്‌വി മാദേയിയിലായിരുന്നു മാസങ്ങളോളം ഞാൻ താമസിച്ചത്. വഞ്ചിയും നാവികനുമായി മനസ്സുകൊണ്ടിണങ്ങാൻ ഇതിൽപരമൊരു അവസരം വേറെ കിട്ടില്ല. 

ഒരു ദിവസം പുറത്തുപോയി തിരിച്ചുവന്നപ്പോൾ വഞ്ചിയിൽ ഒരു കടലാസ് ഒട്ടിച്ചു വച്ചിരിക്കുന്നതു ശ്രദ്ധയിൽപെട്ടു. ‘മറീന മാനേജരെ ഉടൻ നേരിൽ കാണുക’ എന്നായിരുന്നു അതിലെ കുറിപ്പ്. കുറെ ദിവസമായി വഞ്ചി മറീനയിലുണ്ടെങ്കിലും വാടക കൊടുത്തിട്ടില്ല. അതെക്കുറിച്ച് ഓർമിപ്പിക്കാനാണ് ഈ ‘ക്ഷണപത്രം’. പക്ഷേ, എന്റെയൊരു സുഹൃത്ത് മറീന മാനേജരുമായി സംസാരിച്ചു. ഗോൾഡൻ ഗ്ലോബ് മത്സരത്തിനു ഫ്രാൻസിലേക്കു പോകാൻ ഒരുങ്ങുകയാണ് ഞാനെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആവേശമായി. വാടക വേണ്ടെന്നു മാനേജർ പറഞ്ഞു. വാടകപ്പണം സ്പോൺസർഷിപ് ആയി കരുതിയാൽ മതിയെന്നായി അവർ. 

മറീന മാനേജർ അടുത്ത ദിവസം നേരിൽക്കാണാൻ വന്നു. ഒപ്പം അവിടത്തെ ഒരു പത്രപ്രതിനിധിയുമുണ്ടായിരുന്നു. അദ്ദേഹം എന്നെ ഇന്റർവ്യൂ ചെയ്തു. ആ വാർത്ത പിറ്റേന്നു പ്രസിദ്ധീകരിച്ചതോടെ കാര്യങ്ങൾ മാറി. പിന്നീട് അവിടത്തെ ഏതു കടയിൽ ചെന്നാലും എനിക്കു ബില്ലിൽ 10% മുതൽ 30% വരെ ഡിസ്കൗണ്ട് കിട്ടിത്തുടങ്ങി. അതൊരു അദ്ഭുതമായിരുന്നു. അതിനെക്കാൾ വലിയ മറ്റൊരു അദ്ഭുതം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു. മെഡംബ്ലിക്കിൽനിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്ക് ഒരുക്കം തുടങ്ങിയപ്പോൾ ഇന്ത്യൻ ഭക്ഷണം കിട്ടുന്ന ഒരു കടയിൽ പോയി. ഇന്ത്യക്കാരനാണു കട നടത്തുന്നത്. അവിടെനിന്ന് ടിന്നിലടച്ച കുറെയേറെ ഭക്ഷണം ഓർഡർ ചെയ്തു. ബിൽ വന്നപ്പോളാണ് അദ്ഭുതം. ഇന്ത്യക്കാരന്റെ കടയിൽ ഈ ഇന്ത്യൻ നാവികനു ഡിസ്കൗണ്ടില്ല! 

കടലിലെ ഹൈവേയിൽ  

അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ ഭാഗമായ നോർത്ത് സീ മുറിച്ചു കടന്നാണ് എനിക്കു യുകെയിലേക്കു പോകേണ്ടത്.  ഇംഗ്ലിഷ് ചാനലിനു സമീപത്തുകൂടിയുള്ള ആ യാത്രയ്ക്കു ഞാനൊരുങ്ങുമ്പോൾ വഴികാട്ടാൻ കയ്യിൽ ചാർട്ടുകളൊന്നുമില്ല. അതോടെ, മറീനയിലുള്ളവർ എന്നെ പോകാൻ അനുവദിച്ചില്ല. കപ്പലുകളുടെ ഹൈവേയായ ഇംഗ്ലിഷ് ചാനലിലേക്ക് കയ്യിലൊരു ചാർട്ടുപോലുമില്ലാതെ പോകുന്നതു മണ്ടത്തരമാണെന്നായി അവിടുള്ളവർ. ലോകത്ത് ഏറ്റവുമധികം കപ്പൽഗതാഗതമുള്ളയിടമാണ് ഇംഗ്ലിഷ് ചാനൽ. ചാർട്ടില്ലാതെ പോകാനൊരുങ്ങിയ എന്റെ തന്റേടം അവർ അനുവദിച്ചുതന്നില്ല. ഒടുവിൽ അവർ തന്നെ ഒരു ചാർട്ട് പ്രിന്റെടുത്തു തന്നു. 

‌ഇംഗ്ലണ്ടിലെ ഫാൽമത്തിലേക്കാണ് എനിക്കു പോകേണ്ടത്. ലോകമെമ്പാടുമുള്ള സാഗരസഞ്ചാരികളുടെ പ്രിയതീരമാണു ഫാൽമത്. ബ്രിട്ടനിലെ ഏറ്റവും മികച്ച തീരദേശനഗരമായി അടുത്തകാലത്തു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അവിടം. 

മെഡംബ്ലിക്കിനോടു വിടപറഞ്ഞ് ഫാൽമത്തിലേക്കുള്ള യാത്ര തുടങ്ങി. പ്രതീക്ഷിച്ചതുപോലെ നല്ല തിരക്കുള്ള കടൽ. നാലുപാടും ബോട്ടുകളും കപ്പലുകളുമുണ്ട്. സദാസമയവും വഞ്ചിയുടെ മുന്നോട്ടുള്ള യാത്രയിൽ കടലിൽ കണ്ണുപാകിയിരിക്കണം. അകലെയൊരു കപ്പലോ ബോട്ടോ കണ്ടാൽ അപ്പോൾത്തന്നെ വഞ്ചിയുടെ ദിശ മാറ്റാൻ തുടങ്ങണം. കാരണം, ഇതൊരു പായ്‌വഞ്ചിയാണ്. കരയിലോടുന്ന ജീപ്പോ കാറോ പോലെ സ്റ്റീയറിങ് തിരിച്ചാൽ ഉടൻ വഴിമാറുന്നതല്ല ഇത്. പക്ഷേ, എനിക്കിതു ശീലമായിരുന്നു. ഇന്ത്യൻ തീരത്തു മീൻപിടിത്ത ബോട്ടുകൾക്കിടയിലൂടെ വഞ്ചിയോടിച്ചു ശീലിച്ചവർക്ക് ഇതെത്ര നിസ്സാരം! 

തലങ്ങും വിലങ്ങും പായുന്നവയാണ് ഇന്ത്യയിലെ മീൻപിടിത്ത വള്ളങ്ങൾ. തൊട്ടുമുന്നിൽ ഒരു കപ്പൽ കണ്ടാലും അതിവേഗം അതിനു മുന്നിൽക്കൂടി കടന്നുപോകാൻ തന്റേടമുള്ളവരാണ് ഇന്ത്യയിലെ മീൻപിടിത്തക്കാർ. അത്തരക്കാർക്കു നടുവിലൂടെ വഞ്ചിയോടിച്ച് ഒരിക്കൽ അബദ്ധത്തിൽ ചെന്നു ചാടിയിട്ടുമുണ്ട്. ഗോവയിൽനിന്നു സെയ്‌ലിങ്ങിനു പോയി തിരികെ വരുമ്പോഴായിരുന്നു അത്. വഞ്ചിയിൽ ചാർട്ടില്ല. ഏകദേശം ദിശ കണക്കാക്കിയാണു യാത്ര. നേരം ഇരുട്ടിയിരുന്നു. കടലിൽ മീൻപിടിത്ത ബോട്ടുകളുടെ ട്രാഫിക് ബ്ലോക്ക്. ഏതാനും ബോട്ടുകളുടെ നടുവിലൂടെ മുന്നോട്ടുപോകാൻ തീരുമാനിച്ചു. കുറച്ചു മുന്നോട്ടുപോയിക്കഴിഞ്ഞപ്പോഴാണു കാര്യം പിടികിട്ടിയത്; ദിശ തെറ്റിയിരിക്കുന്നു. കുറച്ചു സമയം കൂടി അങ്ങനെ മുന്നോട്ടുപോയിരുന്നെങ്കിൽ വഞ്ചി ഒരു ബീച്ചിലേക്ക് ഇടിച്ചുകയറിയേനെ. അതിവേഗം ദിശ തിരിച്ച് ഒരുവിധമാണ് അന്നു രക്ഷപ്പെട്ടത്. 

പക്ഷേ, ഇത്തവണ അത്തരമൊരു പ്രശ്നവുമുണ്ടായില്ല. ഇംഗ്ലിഷ് ചാനലിന്റെ ഓരംപറ്റി വഞ്ചി ഫാൽമത്തിലേക്ക് അടുത്തു. കടലിലൂടെ ലോകം ചുറ്റി തിരിച്ചെത്തിയ ഒട്ടേറെ പ്രശസ്തമായ പായ്‌വഞ്ചി പ്രയാണങ്ങൾക്കു തുടക്കം കുറിച്ചത് ഇവിടെയാണ്. ഫാൽമത്തിന്റെ ചരിത്രം തന്നെ സാഗരസഞ്ചാരികളുടെ ചരിത്രമാണ്. അവിടത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും എന്തിനു പബ്ബുകൾക്കു പോലും പറയാനുണ്ടാകും ലോകപ്രശസ്തനായ ഏതെങ്കിലുമൊരു നാവികന്റെ കഥ. 

അങ്ങനെയൊരു നാവികൻ ആ തീരത്ത് എന്നെ കാത്തിരിപ്പുണ്ടായിരുന്നു...

(തുടരും) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA