വരയുടെ കഥയും കാലവും

ka-gafoor
കെ.എ.ഗഫൂർ ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ
SHARE

അറുപതുകളിലും എഴുപതുകളിലും കുട്ടികളെ ഏറെ രസിപ്പിച്ച കാർട്ടൂണിസ്റ്റ്.രണ്ടു ദശകങ്ങളിലായി എണ്ണമറ്റ ചിത്രങ്ങൾ വരച്ചഅദ്ദേഹം, നാലരപ്പതിറ്റാണ്ടായി മൗനിയായി തുടരുന്നു

നീളമുള്ള നേരിയ കാലുകളും  മുക്കോൺ മുഖവും ചകിരികൊണ്ടു നിർമിച്ച ഉയർന്നുനിൽക്കുന്ന മുടിയും ട്രൗസറുമിട്ട് ചന്ദ്രനിൽനിന്ന് ഇറങ്ങിവന്നപോലെ മണ്ണുണ്ണി. എഴുപതുകളിലെ ബാല്യങ്ങളിൽ ഭാവനയുടെയും സ്വപ്നങ്ങളുടെയും കൗതുകങ്ങളുടെയും പുതിയ ലോകം തുറന്നിട്ടു ആ ഉണ്ണി.

മണ്ണുണ്ണിയുടെ സ്രഷ്ടാവ് കെ.എ.ഗഫൂർ പക്ഷേ, അപ്രതീക്ഷിതമായി ഒളിവുജീവിതത്തിലേക്കു പോയി. കഴിഞ്ഞ 44 വർഷങ്ങളിൽ അദ്ദേഹം ഒന്നും വരച്ചില്ല. 1977നു ശേഷം അദ്ദേഹത്തിന്റെ കാർട്ടൂണുകളും ചിത്രങ്ങളും കഥകളും കാണാതായി. അദ്ദേഹത്തിന്റെ ആരാധകർ പലരും പരസ്പരം ചോദിച്ചു: എവിടെപ്പോയി ആ ഗഫൂർ? എന്തുകൊണ്ട് അദ്ദേഹം നിശ്ശബ്ദനായി?

കാർട്ടൂൺ പുസ്തകങ്ങളോ അനിമേഷൻ വിഡിയോകളോ ഇല്ലാതിരുന്ന കാലത്ത് കറുപ്പും വെളുപ്പും മാത്രമുള്ള ചിത്രങ്ങളിലൂടെ കുട്ടികളുടെ ഭാവനകളെ ത്രസിപ്പിച്ച് കാസർകോട് ഉദുമ സ്വദേശി കെ.എ.ഗഫൂർ‍ ചിത്രകഥകൾ രചിച്ചുകൊണ്ടേയിരുന്നു. ‘ഹറാം മൂസ’ കാണിച്ച വിക്രിയകൾ കുട്ടികളെ ആവേശം കൊള്ളിച്ചു. ഷൂസ് ധരിച്ച് മൂസ പക്ഷിയായും സിംഹമായും കോഴിക്കുഞ്ഞായും രൂപഭാവങ്ങൾ കൈക്കൊണ്ടു. വിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ ഉൾക്കൊണ്ടായിരുന്നു ഹറാം മൂസയുടെ കഥാപാത്ര ചിത്രീകരണം. 1967ൽ അനന്തപൈ അമർചിത്രകഥകൾ തുടങ്ങുന്നതിനും 3 വർഷം മുൻപേ ഗഫൂറിന്റെ ചിത്രകഥകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു.

അക്കാലത്ത് നമ്പൂതിരി, അരവിന്ദൻ എ.എസ്. എന്നിവർക്കൊപ്പം വായനക്കാരുടെ മനസ്സിൽ പതിഞ്ഞ കയ്യൊപ്പായിരുന്നു ഗഫൂറി ന്റേതും. കാസർകോട് ഉദുമ നാലാംവാതുക്കലിലെ വീട്ടിലിരുന്ന് അദ്ദേഹം സംസാരിക്കുന്നു.

മണ്ണുണ്ണി എന്ന കഥാപാത്രത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

1970ൽ ആണ് മണ്ണുണ്ണി പ്രസിദ്ധീകരിക്കുന്നത്, 51 വർഷം മുൻപ്. ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ കൊളോഡിയുടെ പിനാക്യോ ആണ് മണ്ണുണ്ണിക്കു പ്രചോദനമായ കഥാതന്തു. അതു ഞാൻ കേരള പശ്ചാത്തലത്തിലേക്കു മാറ്റി. എംടിയാണ് ഇതിനു മണ്ണുണ്ണി എന്നു പേരിട്ടത്. പിനാക്യോയിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപരിസരമാണ് മണ്ണുണ്ണിയിൽ.

മണ്ണുണ്ണി കഴിഞ്ഞാണോ ഹറാം മൂസ വരച്ചത് ?

ആദ്യം വരച്ചത് ഹറാം മൂസയാണ്. 1967ൽ. ഹറാം മൂസയെ ആദ്യം വരച്ചതു ബഷീറിനെ മനസ്സിൽ കണ്ടായിരുന്നില്ല. പക്ഷേ, ഹറാം മൂസ മുതിർന്നപ്പോൾ എനിക്കതു ബഷീറാണെന്നു തോന്നിത്തുടങ്ങുകയായിരുന്നു.

ഒരു കഥാകൃത്തെന്ന നിലയിൽ കാക്കനാടൻ,സേതു, പുനത്തിൽ, എം.പി. നാരായണ പിള്ള,  ജയനാരായണൻ എന്നിവർക്കൊപ്പമാണ് ഗഫൂറിന്റെ അന്നത്തെ സ്ഥാനമെന്ന് എംടി എഴുതിയിട്ടുണ്ട്. എന്നിട്ടും കഥാരചന തുടർന്നില്ല?

മാതൃഭൂമി, ചന്ദ്രിക, മലയാളനാട്, മലയാളരാജ്യം, ജനയുഗം തുടങ്ങിയവയിലെല്ലാം അക്കാലത്ത് എന്റെ കഥകൾ അച്ചടിച്ചു വന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഞാനൊരു കഥപറച്ചിലുകാരനാണ്. അങ്ങനെയാകാനാണ് ആഗ്രഹിച്ചതും. വളക്കൂറുള്ള മണ്ണു കിട്ടാതിരുന്നതോടെയാവണം പിന്നീട് എഴുത്തു നിലച്ചുപോയത്.

ചിത്രകഥകളിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

‘ആയിഷുക്കുഞ്ഞിമ്മ’ എന്ന കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാനാണ് എംടിയെ ആദ്യം ചെന്നു കാണുന്നത്. സാഹിത്യസമിതി ക്യാംപുകളിൽ വച്ച് എംടിയെ പരിചയമുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചില മാറ്റങ്ങൾ വരുത്തുന്ന കാലത്ത് കഥാകൃത്തായ ഞാൻ ചിത്രകലാ അധ്യാപകൻ കൂടിയാണെന്നറിഞ്ഞ്, ചിത്രരചനയും കഥയും ചേർത്ത് കുട്ടികൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമോ എന്ന് എംടി ചോദിച്ചു. അദ്ദേഹം എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി, അറബിക്കഥകളുടെ സമാഹാരം തന്നു. അതിൽനിന്നു പ്രചോദനമുൾക്കൊണ്ട് 1964ൽ ‘മനുഷ്യൻ’ എന്ന പേരിൽ ആദ്യ ചിത്രകഥ വരച്ചു.

അവസാനമായി വരച്ചത്?

1977ൽ അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര അവസാനിച്ചപ്പോൾ ആ പേജിലേക്കാണ് ‘അജ്ഞാത സഹായി’ വരച്ചത്. അതു മുതിർന്നവർക്കു വേണ്ടിയുള്ള കഥയായിരുന്നു. മുതിർന്നവർക്കു വേണ്ടി വരച്ച ശേഷം കട്ടികൾക്കു വേണ്ടി വരയ്ക്കാനുള്ള ആവേശം കുറഞ്ഞു. പിന്നീടു വരച്ചില്ല.

ഇത്ര പെട്ടെന്നു വര നിർത്തിയതെന്താണ്?

51 വർഷം കഴിഞ്ഞു മണ്ണുണ്ണിയെ വരച്ചിട്ട്. പിന്നീട് ഒരിക്കൽപോലും വരയ്ക്കണമെന്നു തോന്നിയില്ല. മണ്ണുണ്ണിയെ മാത്രമല്ല, ഒന്നും വരയ്ക്കണമെന്നു തോന്നിയില്ല എന്നതാണു സത്യം. വിവാഹം കഴിഞ്ഞതോടെ ജീവിതത്തിലെ മുൻഗണനകൾ മാറിപ്പോയതും വര നിർത്താൻ കാരണമായി.

അനിമേഷന്റെ ഈ കാലത്ത് കഥകളൊക്കെ ആ രീതിയിൽ വരണമെന്ന്ആഗ്രഹം തോന്നാറില്ലേ?

ടിവിയിലും മറ്റും ചില അനിമേഷൻ കഥകളൊക്കെ കാണാറുണ്ട്. കാലത്തിനനുസരിച്ചു കലയിലുണ്ടായ മാറ്റമാണിത്. എനിക്ക് ഈ പ്രായത്തിൽ ഇനി അതൊക്കെ പഠിച്ചു ചെയ്യാൻ സാധിക്കില്ലല്ലോ. ഒരു ദിവസം തന്നെ ഒന്നിലേറെ സിനിമകൾ കാണുന്ന സ്വഭാവമുണ്ടായിരുന്നു പണ്ട്. സിനിമകളൊക്കെ കാണാൻ എംടിക്കൊപ്പമാണ് അധികവും പോയിരുന്നത്.

വീണ്ടും വരയ്ക്കുമോ?

പ്രായം 81 ആയി. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളുടെ ഓഫിസിലൊക്കെ ഇരുന്ന് എഡിറ്ററുടെ സമ്മർദം ഉണ്ടായിരുന്നെങ്കിൽ അന്നേ വരച്ചേനെ. ഇപ്പോൾ എല്ലാവരുടെയും സ്നേഹവും നിർബന്ധവും കാണുമ്പോൾ വരയ്ക്കണമെന്നൊക്കെ തോന്നാറുണ്ട്.

കോവിഡ്കാലം കടന്ന് വീണ്ടുമൊരു ചിത്രകാലം

കെ.എ.ഗഫൂറിന്റെ ചിത്രകഥകൾ വീണ്ടും പൊതുജനങ്ങൾക്കു മുന്നിലെത്തുമ്പോൾ അതിനു മേൽനോട്ടം വഹിക്കുന്നത് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയാണ്. മാർച്ച് 10ന് ആലപ്പുഴയിലും കൊച്ചിയിലുമായി നടക്കുന്ന ‘ലോകമേ തറവാട്’ പ്രദർശനത്തിൽ ഗഫൂറിന്റെ ചിത്രകഥകളുമുണ്ട്. ഗഫൂറിന്റെ ചിത്രകഥകൾ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ പ്രത്യേകം ഫ്രെയിം ചെയ്താണു പ്രദർശനത്തിന് ഒരുക്കുന്നത്. 

‘കെ.എ.ഗഫൂറിന് ഇങ്ങനെയൊരു പ്രദർശനത്തിന്റെ ആവശ്യമില്ലെന്ന് അറിയാമെങ്കിലും കലാസ്നേഹികൾക്കു വേണ്ടിയാണ് ഇതൊരുക്കുന്നത്’ – ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഗഫൂറടക്കം 268 ചിത്രകാരന്മാർ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴയിലെ 6 വേദികളിലും എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിലുമാണ് പരിപാടി. കോവിഡ്കാലത്തു മുറികളിലൊതുങ്ങിപ്പോയ കലാകാരന്മാർ ഒരിടവേളയ്ക്കു ശേഷം വീണ്ടും പ്രദർശനവുമായെത്തുന്നു എന്ന പ്രത്യേകതയുണ്ട്. 15 രാജ്യങ്ങളിലുള്ള മലയാളികൾ ഇതിൽ പങ്കാളികളാകുന്നു. മൊത്തം 82 ദിവസമാണ് പ്രദർശനം. 

‘കെ.എ. ഗഫൂർ: വരയും കഥയും’ പുസ്തകമാകുന്നു

കെ.എ.ഗഫൂറിന്റെ രചനകളും ജീവിതവും പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനായി സുഹൃത്തുക്കളും ശിഷ്യരും ചേർന്ന് തയാറാക്കുന്ന പുസ്തകം ‘കെ.എ.ഗഫൂർ: സ്ട്രോക്സ്, സ്റ്റോറീസ്’ അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞു.

ഗഫൂറിന്റെ ചിത്രകഥകളുടെ ഒറിജിനലുകൾ നഷ്ടപ്പെട്ടതിനാൽ പഴയ മാസികകളിൽ നിന്നു പകർത്തിയെടുത്തവയാണു പുസ്തകത്തിലുള്ളത്. ഒപ്പം, ഗഫൂറിനെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും ശിഷ്യരുടെയും എഴുത്തുകളും. ജി.ബി.വത്സൻ ആണ് 200 പേജുള്ള പുസ്തകം എഡിറ്റ് ചെയ്യുന്നത്. എം. ടി. വാസുദേവൻ നായർ, തോമസ് ജേക്കബ്, കെജിഎസ് തുടങ്ങിയ പ്രമുഖർ എഴുതുന്നു. കെ.എ. ഗഫൂറിനെക്കുറിച്ചു ജയൻ മാങ്ങാട് സംവിധാനം ചെയ്യുന്ന 11 മിനിറ്റ് ബയോപിക് ഡോക്യുമെന്ററിയും തയാറായിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA