ഉച്ചത്തിൽ മിടിക്കാതെ,സ്വച്ഛശാന്തമായ്

p-jayachandran
പി. ജയചന്ദ്രൻ ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ
SHARE

സിനിമയിലെ 55–ാം വർഷത്തിൽ, ജീവിതത്തിലെ 77–ാം വയസ്സിൽ ആസ്വാദകർക്ക് ജയചന്ദ്രന്റെ സമ്മാനമായി കർണാടകസംഗീത ആൽബം; ക്ലാസിക്കൽ സംഗീതം പഠിക്കാത്ത ഭാവഗായകന്റെ സംഗീതാദരം

കൊണ്ടുനടക്കുന്ന പതിവുബാഗിൽ പി.ജയചന്ദ്രൻ എപ്പോഴും സൂക്ഷിക്കുന്നതു ജി.ദേവരാജന്റെ ചിത്രമാണ്. ഇടയ്ക്കിടെ അതെടുത്തുനോക്കി ജയചന്ദ്രൻ ചോദിക്കും: ‘എന്തിനാ മാഷേ, ഞങ്ങളെയൊക്കെ വിട്ടുപോയത്?!’ അപ്പോഴൊക്കെ ആ കണ്ണിൽ തെളിയുന്നത് ഓർമകളുടെ ഹർഷബാഷ്പം മാത്രമല്ല, രാഗങ്ങളുടെ വർഷപഞ്ചമിയുമാണ്.

അത്രയ്ക്കു പ്രിയപ്പെട്ടൊരു അനുരാഗഗാനം പോലെ മലയാളികൾ ജയചന്ദ്രനെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് 55 വർഷമായി. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’യെടുത്ത ശബ്ദത്തെ, ഉച്ചത്തിൽ മിടിക്കാതെയും സ്വച്ഛശാന്തമായും ഒപ്പം ചേർക്കുന്നു, നമ്മൾ.  ഈ  55–ാം കൊല്ലവും ഓരോ ജയചന്ദ്രൻഗാനവും മനസ്സിലെ ചെമ്പകമൊട്ടിൽ ചുംബനക്കുങ്കുമം തൊടുന്നു; ഓരോ ഗാനാസ്വാദക മനസ്സിലും പിന്നെയും പിന്നെയും പൂവിടുന്ന ആരോമൽ തൈമുല്ലയാകുന്നു.

ആദ്യ ചിത്രമായ ‘കളിത്തോഴൻ’ 55–ാം വാർഷികം പിന്നിട്ടത് ഈ മാസം 11ന്. അന്നത്തെ 22 വയസ്സുകാരന് ഈ മാർച്ച് 3ന് 77 തികയും. കാലഭേദമില്ലാത്ത ‘ജയചന്ദ്രശബ്ദം’ 22–ാം വയസ്സിൽനിന്ന് ഒരടി മുന്നോട്ടുപോയിട്ടില്ലെന്നു തോന്നിപ്പിക്കുന്നു, ഇന്നലെ പാടിയ പാട്ടുപോലും.

കോവിഡ് തളച്ചിട്ട ജീവിതത്താളവട്ടത്തിൽ ജയചന്ദ്രാലാപനം പുതിയൊരു വഴിത്താരയിലേക്കു കടന്നു. പാലരുവിപോലുള്ള പതിവുശൈലി മാറ്റിവച്ച് കർണാടകസംഗീതസാഗരത്തിലൊരു മുങ്ങിക്കുളി. ജീവിതത്തിൽ ഒരിക്കലും കർണാടകസംഗീതം അഭ്യസിച്ചിട്ടേയില്ലാത്ത ജയചന്ദ്രൻ, 11 പ്രശസ്ത കൃതികളാണ് ഈയിടെ പാടി റിക്കോർഡ് ചെയ്തത്! അദ്ദേഹത്തിന്റെ 77–ാം പിറന്നാൾ ദിനം മുതൽ ‘മനോരമ മ്യൂസിക്കി’ന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഈ അപൂർവസുന്ദരാലാപനം ലോകം കേൾക്കും.

എന്താണ് ഇപ്പോൾ ഇങ്ങനെയൊരു കാര്യം തോന്നാൻ?

സ്വതേ ഞാനൊരു മടിയനാണെന്ന് അറിയാമല്ലോ? കുറെ കീർത്തനങ്ങൾ പാടി റിക്കോർഡ് ചെയ്യാമെന്ന ആശയം പറഞ്ഞത് അടുത്ത സുഹൃത്തുക്കളായ മനോഹരനും ബാലുവുമാണ്. ‘എനിക്കു വയ്യ’ എന്ന് ആദ്യമേ പറഞ്ഞു. ഒരുപാടു തവണ അവർ പിന്നാലെ നടന്നു. ആദ്യ ദിവസം രണ്ടു കീർത്തനം റിക്കോർഡ് ചെയ്തപ്പോഴേക്കു ഞാൻ ക്ഷീണിച്ചു, പിന്മാറാൻ ആലോചിച്ചു. പെരുമ്പാവൂർ സ്വദേശി മനു നാരായണനാണു പിന്നെ ‘ഗുരു’വായത്. മനു കൃതികൾ പാടിത്തന്നു. പിന്നെ ഞാൻ സമയംപോലെ ഓരോന്നായി റിക്കോർഡ് ചെയ്തു. ചെയ്തുകഴിഞ്ഞപ്പോൾ നല്ല സുഖമുണ്ട്.

സ്കൂളിൽ പഠിക്കുമ്പോഴേ കച്ചേരികൾക്കു പക്കമേളമൊരുക്കിയ മൃദംഗവാദകൻ പിന്നീട് എങ്ങനെയാണു കർണാടകസംഗീതത്തിന്റെ വഴിയിൽനിന്നു മാറിപ്പോയത്?

മാറിപ്പോയിട്ടൊന്നുമില്ല. അരിയക്കുടി രാമാനുജ അയ്യങ്കാർ, ജി.എൻ.ബാലസുബ്രഹ്മണ്യം, മധുരൈ മണി അയ്യർ, ആലത്തൂർ ബ്രദേഴ്സ്, ശെമ്മാങ്കുടി ശ്രീനാവാസയ്യർ തുടങ്ങി അക്കാലത്തെ പ്രതിഭാശാലികളുടെയെല്ലാം കച്ചേരികൾ സ്കൂളിൽ പഠിക്കുമ്പോഴേ കേട്ടിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽനിന്നു തൃശൂരിൽ രാഗബ്രഹ്മ സംഗീതസഭയിൽ കച്ചേരി കേൾക്കാനെത്തും. അച്ഛന് അൽപം വയ്യാതിരുന്ന കാലത്ത് മൂന്നാലു കൊല്ലം ആലുവയിൽ താമസിച്ചിരുന്നു. അന്ന് ആലുവ ‘ടാസ്’ ഹാളിലും ധാരാളം കച്ചേരികൾ കേൾക്കാൻ സാധിച്ചു. ഞാൻ മൃദംഗം പഠിക്കണമെന്ന നിർബന്ധം അമ്മയ്ക്കായിരുന്നു. ആലുവ ജീവിതകാലത്ത്, എറണാകുളത്തെ രാമസുബ്ബയ്യർ എന്ന ഗുരുവാണു വീട്ടിൽ വന്നു മൃദംഗം പഠിപ്പിച്ചത്. 12 വയസ്സൊക്കെ ആയപ്പോഴേക്കു കച്ചേരികൾക്കു വായിച്ചുതുടങ്ങി.

‘നീലക്കുയിലി’ന്റെ വസന്തകാലത്തേ പാട്ടു പാടാനിറങ്ങിയയാൾ പക്ഷേ, കർണാടകസംഗീതം പഠിക്കാതെപോയതെന്തേ?

ശരിയാണ്. ‘നീലക്കുയിൽ’ ഇറങ്ങി നമ്മളൊക്കെ ഇങ്ങനെ കെ.രാഘവൻ മാഷുടെ പാട്ടുകളിൽ കുളിച്ചുനിൽക്കുന്ന സമയത്താണ്, ആലുവയിലെ സെന്റ് സിസിലിയൻ മ്യൂസിക്കൽ ആർട്സ് ക്ലബ്ബിൽ വർഗീസ് എന്നൊരാൾ പാടിക്കാൻ കൊണ്ടുപോയത്. അന്ന് ആലുവ സെന്റ് മേരീസ് സ്കൂളിലാണു പഠിക്കുന്നത്. ആലുവയിൽനിന്ന് ഇരിങ്ങാലക്കുടയ്ക്കു മാറിയപ്പോൾ നാഷനൽ സ്കൂളിലെത്തി. അവിടത്തെ കെ.വി.രാമനാഥൻ മാഷാണ്, മൃദംഗമല്ല പാട്ടാണ് എനിക്കു ചേരുക എന്നു പറഞ്ഞത്. എന്നിട്ടും, മൃദംഗത്തിൽ സംസ്ഥാന കലോത്സവത്തിൽ വരെ പോയി. രണ്ടാം സ്ഥാനം ലഭിച്ചു. അന്നു ലളിതസംഗീതത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കെ.ജെ.യേശുദാസിനൊപ്പം സമാപനച്ചടങ്ങിൽ കച്ചേരിക്കു പക്കമേളം വായിച്ചു. എല്ലാം വല്ലാത്ത യാദൃച്ഛികതകൾ!

അച്ഛന്റെ സംഗീതതാൽപര്യം, അമ്മയുടെ മൃദംഗസ്നേഹം... ഒടുവിൽ അച്ഛന്റെ വഴി വിജയിച്ചു അല്ലേ?

അച്ഛൻ, രവിവർമ കൊച്ചനിയൻ തമ്പുരാൻ പാട്ടിന്റെ വലിയ ഇഷ്ടക്കാരനാണ്. അധികമൊന്നും പാടില്ല. പക്ഷേ, അപാര ആസ്വാദകനാണ്. കർണാടകസംഗീതമാണ് ഏറെ ഇഷ്ടമെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതകാരൻ ബാബുരാജായിരുന്നു. 

ബാബുരാജ് ജയേട്ടനെ എന്നപോലെ, രവീന്ദ്രനെ ആദ്യകാലത്തു ജയേട്ടൻ ഒപ്പം കൂട്ടിയിരുന്നല്ലോ. പക്ഷേ, സിനിമയിൽ ക്ലാസിക്കൽ സംഗീതശൈലി പ്രയോഗിച്ചപ്പോഴെല്ലാം അദ്ദേഹം പാടിച്ചത് യേശുദാസിനെക്കൊണ്ടാണ്. ജയേട്ടനെക്കൊണ്ട് ചില അതിമനോഹര മെലഡികൾ പാടിക്കുകയും ചെയ്തു...

രവീന്ദ്രനും ഞാനും മദ്രാസിൽ കുറെക്കാലം ഒപ്പമായിരുന്നു. അന്നേ ഞങ്ങൾ ഒന്നിച്ചിരുന്ന് ഒരുപാടു പാടും, പഠിക്കും. പിന്നീട് അയാൾ സിനിമയിൽ സജീവമായി. എന്റെ വഴിയിൽ ഞാനും പാടിക്കൊണ്ടിരുന്നു. എനിക്ക് എന്താണ് അതുപോലുള്ള പാട്ടുകൾ തരാത്തതെന്നു ഞാൻ ചിന്തിച്ചിട്ടില്ല, ചോദിച്ചിട്ടുമില്ല.

‘ചിരിയോ ചിരി’യിൽ ‘ഏഴു സ്വരങ്ങളും...’ എന്ന ക്ലാസിക്കൽ ഭാവമുള്ള ഗാനം യേശുദാസിനെക്കൊണ്ടു പാടിച്ച രവീന്ദ്രൻ, ജയേട്ടനു തന്നത് ‘സമയരഥങ്ങളിൽ നമ്മൾ...’ എന്ന മറ്റൊരു ശൈലിയിലെ പാട്ടാണ്. യേശുദാസിന്റെ പല ഗാനങ്ങളും പാടാൻ കൊതി തോന്നിയിട്ടുണ്ട് എന്നു ജയേട്ടൻ പറഞ്ഞിട്ടുണ്ട്...

ഏറ്റവും ഭാഗ്യവാനായ ഗായകൻ യേശുദാസാണ്. അദ്ദേഹത്തിനൊപ്പം വളർന്നതാണു മലയാള സിനിമാഗാനങ്ങൾ. മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങൾ പാടാൻ കഴിഞ്ഞെന്ന ഭാഗ്യം അദ്ദേഹത്തിനുതന്നെയാണ്. അദ്ദേഹവുമായി അങ്ങനെയൊരു താരതമ്യം എനിക്ക് ഒരിക്കലും തോന്നില്ല. പക്ഷേ, താമസമെന്തേ..., ഹിമവാഹിനി..., പ്രേമിച്ചു പ്രേമിച്ചു..., സ്നേഹഗായികേ... പോലുള്ള അദ്ദേഹത്തിന്റെ പാട്ടുകൾ എനിക്കു പാടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്.

യേശുദാസിന്റെ ഗുരു ചെമ്പൈയുടെ പ്രഗല്ഭ ശിഷ്യർ ജയവിജയന്മാരുമായുള്ള സഹവാസവും കർണാടകസംഗീതത്തിലേക്ക് എത്തിക്കാൻ നിമിത്തമായില്ല?

മദ്രാസ് ജീവിതത്തിന്റെ ആദ്യകാലത്ത് ബാലമുരളീകൃഷ്ണയുടെ വീട്ടിൽ മിക്കപ്പോഴും പോകും. അക്കാലത്തു ജയവിജയന്മാർ അവിടെയുണ്ട്. അവരുടെയടുത്തുനിന്നു ചിലതു പഠിച്ചു. അല്ലാതെ ശാസ്ത്രീയ പഠനമൊന്നും ഉണ്ടായില്ല. ‘നല്ല ശബ്ദമാണ്. നീയിപ്പോൾ കർണാടകസംഗീതം പഠിക്കണമെന്നില്ല’ എന്നായിരുന്നു ബാലമുരളിസാറിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ സാമീപ്യം ഒന്നു മാത്രം മതി, നമുക്കൊക്കെ പാട്ടിന്റെ കാറ്റു കിട്ടാൻ.

പ്രസിദ്ധ സംഗീതജ്ഞൻ എസ്.കല്യാണരാമനെയാണ് ജയേട്ടനെ കർണാടകസംഗീതം പഠിപ്പിക്കാൻ ജി.ദേവരാജൻ കണ്ടെത്തിയത്. ആ വഴിയും തുറന്നില്ല...

ദേവരാജൻ മാഷ് പറഞ്ഞുവിട്ടതു പ്രകാരം കല്യാണരാമൻ സാറിന്റെ അടുത്തു പോവുകയൊക്കെ ചെയ്തു. പക്ഷേ, കാര്യമായി പഠിക്കലൊന്നും ഉണ്ടായില്ല. അപ്പോഴേക്കു ഞാൻ സിനിമയിൽ സജീവമായിരുന്നു. ‘നീ ഇപ്പോൾ നന്നായി പാടുന്നുണ്ട്. നിനക്കിപ്പോൾ നല്ല ശബ്ദമുണ്ട്. ഞാൻ പറയുന്ന രീതിയിൽ സാധകം ചെയ്താൽ ഒരുപക്ഷേ, നിന്റെ ഇപ്പോഴത്തെ ശബ്ദവും ശൈലിയും മാറാം’ എന്നാണു കല്യാണരാമൻ സാർ പറഞ്ഞത്.

എങ്കിലും കർണാടകസംഗീതം പഠിക്കാത്തതിൽ ചെറുതല്ലാത്ത ദുഃഖം ഇപ്പോഴുമുണ്ട് അല്ലേ?

ഉണ്ട്. അങ്ങനെയൊരു ദുഃഖം ഇപ്പോഴും ഉള്ളിൽ കിടക്കുന്നുണ്ട്. ഇത്രയും മഹത്തായ സംഗീതം പഠിക്കാൻ പറ്റിയില്ലല്ലോ എന്നൊരു ദുഃഖം.

പക്ഷേ, രണ്ടേ രണ്ടു പാട്ടുകൊണ്ട് എം.ബി.ശ്രീനിവാസൻ ആ ദുഃഖം തീർത്തു–രാഗം ശ്രീരാഗം... (ചിത്രം: ബന്ധനം), കല്യാണി അമൃതതരംഗിണി... (ചിത്രം: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച) എന്നീ ഗാനങ്ങൾ. ദേവരാജൻ മാഷിനുപോലും തോന്നാത്ത വിശ്വാസം എങ്ങനെയാണ് എംബിഎസിനു ജയേട്ടനോടു തോന്നിയിട്ടുണ്ടാവുക?

അതറിയില്ല. ‘രാഗം ശ്രീരാഗം...’ പാടാൻ വിളിക്കുമ്പോൾ അദ്ദേഹം പറഞ്ഞു: ‘ഒരാഴ്ച വന്നു പഠിച്ചു പരിശീലിക്കണം. ഒരുപക്ഷേ, നിനക്കു സംസ്ഥാന അവാർഡ് കിട്ടാനിടയുണ്ട്’. അദ്ദേഹത്തിന്റെയടുത്തു ചെന്നിരുന്ന് ഒരാഴ്ച പഠിച്ചു പാടി, സംസ്ഥാന അവാർഡും കിട്ടി! ‘കല്യാണി’യും അദ്ദേഹം വിശ്വസിച്ച് ഏൽപിച്ചതാണ്. ദക്ഷിണാമൂർത്തി സ്വാമിയുടെ ‘സ്വാതിതിരുനാളിൻ കാമിനി...’, ‘പട്ടാഭിഷേകം...’ തുടങ്ങിയ ഗാനങ്ങളിലുമുണ്ടായിരുന്നു, ക്ലാസിക്കൽ ശൈലി.

കർണാടകസംഗീതം ആഴത്തിൽ പഠിക്കാതിരുന്നതു നന്നായെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ലാസിക്കൽ ശൈലിയായാലും രാഘവൻ മാഷുടെ ഫോക്ക് രീതിയായാലും, പഠിപ്പിച്ചു തരുന്നത് അതേപടി പാടുകയാണു ഞാൻ ചെയ്യാറുള്ളത്. ഒരുതരം അനുകരണം തന്നെ ഞാൻ പിന്തുടരാറുണ്ട്. മലയാളത്തിലാരും അങ്ങനെ ചെയ്യാറില്ല. അതായിരിക്കണം എന്റെ ഐഡന്റിറ്റി. അങ്ങനെ ചെയ്യാൻ എനിക്കു കഴിയുന്നതും, ക്ലാസിക്കൽ സംഗീതം ഒരുപാടു പഠിക്കാത്തതിനാലാകാം. 

തമിഴിൽ കുന്നക്കുടി വൈദ്യനാഥനും (മലരോ നിലവോ...) കെ.വി.മഹാദേവനും (തിരുനാളും വരുമോ സ്വാമീ...) ഇളയരാജയും (നൂറാണ്ടു വാഴും...) ക്ലാസിക്കൽ – സെമി ക്ലാസിക്കൽ ശൈലിയിലെ ഗാനങ്ങൾ തരാൻ എങ്ങനെ ധൈര്യപ്പെട്ടു?

എംഎസ്‌വി സാറാണു തമിഴിൽ എന്നെ ആദ്യം പാടിച്ചത്. ഇളയരാജയുടെ കൂടെ അന്നൊക്കെ ധാരാളം പരിപാടികൾക്കു പോകുമായിരുന്നു. പിന്നീടു രാജയുടെ എത്രയോ സിനിമാഗാനങ്ങൾ ഞാൻ പാടി. തിയറ്ററിൽ ഇരുത്തി കുന്നക്കുടി പഠിപ്പിച്ച സ്വരവിസ്താരമാണു ‘മലരോ നിലവോ’യിൽ കേൾക്കുന്നത്. ചില തമിഴ് ഗാനങ്ങൾ കേൾക്കുമ്പോൾ, ഇതൊക്കെ ഞാൻ തന്നെ പാടിയതാണോ എന്നിപ്പോൾ അദ്ഭുതം തോന്നാറുണ്ട്.

തമിഴിൽ ഇത്രയേറെ ജയേട്ടനെ ജനപ്രിയനാക്കിയ ഘടകം ശബ്ദം മാത്രമായിരിക്കുമോ?

ഇരിങ്ങാലക്കുട ‘പയനിയർ’ തിയറ്ററിൽ പണ്ടേ തമിഴ് പടമാണു വരിക. അന്നേ സ്ക്രീനിൽ തമിഴ് വായിച്ചുപഠിച്ചതാണ്. എന്റെ തമിഴ് പാട്ടുകളെല്ലാം ഞാൻ തമിഴിൽത്തന്നെ എഴുതി പാടിയതാണ്. മലയാളത്തിൽ എഴുതി തമിഴിൽ പാടാറില്ല. ഉച്ചാരണത്തിലും പ്രയോഗത്തിലുമൊക്കെ തമിഴ്നാട്ടുകാരെ നന്നായി പിന്തുടരാറുണ്ട്.

അങ്ങനെയൊക്കെ ശ്രദ്ധിച്ചതിന് ഒരിക്കൽ ദേവരാജൻ മാഷിന്റെ വലിയ അഭിനന്ദനവും കിട്ടി അല്ലേ?

അതെ. ‘രാസാത്തി ഒൻ‌റ്...’ പാടിക്കേട്ടപ്പോൾ മാഷ് എന്റെ ഭാര്യയെ വിളിച്ച് പാട്ടിലെ ഉച്ചാരണശുദ്ധിയെ മുക്തകണ്ഠം അഭിനന്ദിച്ചു. അത് എനിക്കു കിട്ടിയ ഓസ്കർ അവാർഡായിരുന്നു.

‘സംഗീതജ്ഞൻ’ എന്നു വിളിക്കരുതെന്നു വിനയത്തോടെ പറയുന്ന ജയേട്ടൻതന്നെ ‘ആസ്വാദകൻ’ എന്ന നിലയിൽ ഒരു അഹങ്കാരിയാണെന്നും പറയാറുണ്ട്...

സംഗീതജ്ഞനല്ല ഞാൻ. സംഗീതം അറിഞ്ഞാലല്ലേ സംഗീതജ്ഞനാവൂ? ഒരാൾക്കു ശരിക്ക് അറിയാൻ കഴിയുന്ന കാര്യമല്ല സംഗീതം. ദക്ഷിണാമൂർത്തി സ്വാമി പറയും: ‘നിങ്ങൾ പാടുമ്പോൾ ശരിയായ ശ്രുതിയിലാണെന്നാണു വിചാരിക്കുന്നത്. അങ്ങനെയല്ല, എപ്പോഴെങ്കിലും ശ്രുതിയിൽ വരും എന്നേയുള്ളൂ. ആ സമയത്തു ദൈവം കൂടെയുണ്ട്’. അതുതന്നെയാണു സത്യം.

ആസ്വാദകൻ എന്ന നിലയിൽ അങ്ങനെയല്ല. ഞാൻ എപ്പോഴും പാട്ടു കേട്ടുകൊണ്ടേയിരിക്കുന്നയാളാണ്. മുഹമ്മദ് റഫി, പി.സുശീല, എസ്.ജാനകി... ഇവരെയൊക്കെ കേട്ടുകൊണ്ടിരിക്കുന്നതിൽപരം എന്താണൊരാനന്ദം?

റഫിയോടും സുശീലാമ്മയോടും എന്താണ് ഇങ്ങനെ എന്തെന്നില്ലാത്തൊരു അഭിനിവേശം?

അതിനു മറുപടി എനിക്കു പാടിത്തരാനേ കഴിയൂ (രണ്ടു പേരുടെയും ഗാനങ്ങൾ അവരുടെ ശൈലിയിൽ ഏറെ നേരം പാടുന്നു). ‘ഭാവഗായകൻ’ എന്നു നിങ്ങൾ ഇപ്പോൾ എന്നെ വിളിക്കുന്നുണ്ടെങ്കിൽ, ആ ഭാവമൊക്കെ അവരിൽനിന്നു പഠിച്ചതാണ്.

കേൾവികളുടെ ഈ സാഗരത്തിൽ കർണാടകസംഗീതാസ്വാദനം എത്രത്തോളമുണ്ട്?

പണ്ടെത്തെയത്ര കച്ചേരികൾ ഇപ്പോൾ കേൾക്കാൻ കഴിയാറില്ല. എങ്കിലും, ടി.എം.കൃഷ്ണയും സഞ്ജയ് സുബ്രഹ്മണ്യവും നെയ്‌വേലി സന്താനഗോപാലനുമൊക്കെ പുതിയ കാലത്തെ വളരെ പ്രിയപ്പെട്ട സംഗീതജ്ഞർ തന്നെ.

പ്രായമേറുമ്പോൾ ‘ജയചന്ദ്രശബ്ദത്തിന്’ എങ്ങനെയാണിങ്ങനെ മധുരമേറി വരുന്നത്, പുതിയ കാലത്തും ജയേട്ടനുവേണ്ടി എങ്ങനെയാണിത്രയും നല്ല ഗാനങ്ങൾ പിറക്കുന്നത്?

ഗുരുവായൂരപ്പന്റെ അനുഗ്രഹം മാത്രം. ഒരുപാടു ചെറുപ്പക്കാർ നല്ല പാട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ‘ക്യാപ്റ്റൻ’ സിനിമയിൽ വിശ്വജിത്ത് ഈണമിട്ട ‘പാട്ടുപെട്ടീലന്നു നമ്മൾ...’ എന്റെ സിനിമാജീവിതത്തിലെ അപൂർവഗാനങ്ങളിലൊന്നാണ്.

മലയാളികളുടെ മനസ്സിന്റെ പാട്ടുപെട്ടിയിൽ പാലിയത്ത് ജയചന്ദ്രനും അങ്ങനെതന്നെയല്ലേ, അഴകിന്റെ അലപോലെ ഒരപൂർവ ഗാനം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA