ADVERTISEMENT

രജനി മേലൂർ നാടകവേദിയിൽ നിൽക്കുമ്പോൾ വേദിക്കും വലതുകാലിന്റെ മുട്ടിനുമിടയിൽ നിറയുന്ന ശൂന്യതയുണ്ട്, വേദനയുണ്ട്, കഥകളുണ്ട്... ഇതെല്ലാം ഒളിപ്പിച്ചുവയ്ക്കാനൊരു കൃത്രിമക്കാലും.

ഏഴാം ക്ലാസിൽ പുസ്തകത്തിനൊപ്പം ചേർത്തുപിടിച്ചൊരു നാടകത്തിരക്കഥയുണ്ട്. രജനിയുടെ ജീവിതത്തോടു ചേർത്തുവയ്ക്കാവുന്നൊരു പേരായിരുന്നു ആ നാടകത്തിനും – കണ്ണുനീർമുത്തുകൾ. അതായിരുന്നു ആദ്യനാടകം. 32 വയസ്സുള്ളപ്പോൾ നാടകയാത്രയ്ക്കിടെ എതിരെ വന്ന ലോറിക്കു നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ രജനിയുടെ ജീവിതത്തിനും ആദ്യ നാടകത്തിന്റെ അതേ പേരാകേണ്ടതായിരുന്നു. പക്ഷേ, വിധിയെയും വേദനകളെയും തോൽപിച്ച് വേദികളിൽ തന്റെ കൃത്രിമക്കാലൂന്നി നിന്ന വനിതയോട് കാലം ആദരമർപ്പിച്ചത് അംഗീകാരങ്ങളുടെ പേരിലാണ്. അതിലൊന്നാണ് പോയവർഷത്തെ സംഗീതനാടക അക്കാദമിയുടെ നാടക പുരസ്കാരം.

രജനി മേലൂരിന്റെ ജീവിതം മാറ്റിമറിച്ചത് 1994 ഡിസംബർ 23ന് ഉണ്ടായ വാഹനാപകടമാണ്. നാടകത്തിൽ ഉൾക്കൊള്ളിക്കാനാകാത്ത ആ തിരക്കഥ ഇങ്ങനെ.

ആ ദിവസത്തിനു മുൻപ്

ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് അഭിനയരംഗത്തേക്കുള്ള പ്രവേശനം. ജ്യേഷ്ഠൻ രമേശനാണു നാടകരംഗത്തേക്കു രജനിയെ കൈപിടിച്ചു കൊണ്ടുപോകുന്നത്. പാലയാടുള്ള കൈരളി തിയറ്റേഴ്സ് എന്ന പ്രാദേശിക കലാസമിതിയിലെ അംഗമാകുന്നത് അങ്ങനെ. ‘കണ്ണുനീർമുത്തുകളിലൂടെ’ രജനിയുടെ നാടകജീവിതത്തിന്റെ തുടക്കം! ‘മനുഷ്യബന്ധം’ എന്ന നാടകത്തിലൂടെ അമച്വർ നാടകരംഗത്തേക്കെത്തി.

നാടകവേദികളിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു രജനി. 1985ൽ അയൽവാസി മീനോത്ത് സുകുമാരന്റെ ഭാര്യയായി. അടുത്ത വർഷം ഹർഷയുടെ അമ്മയായി. ചെത്തുതൊഴിലാളിയായ സുകുമാരന്റെയും രജനിയുടെയും ചെറിയ വരുമാനത്തിൽ വലിയ സന്തോഷങ്ങളുമായി കഴിഞ്ഞ കാലം. നൂറോളം നാടകങ്ങൾ 1500ലേറെ വേദികളിലായി ചെയ്തു. ഇരുൾവീണ ആ പകലിനു മുൻപുള്ള ദിവസം വരെ ഇങ്ങനെയായിരുന്നു രജനിയുടെയും കുടുംബത്തിന്റെയും ജീവിതം.

1994 ഡിസംബർ 23: ഇരുൾ വീണ പകൽ

32 വയസ്സായിരുന്നു രജനിക്ക് അന്ന്. മകൾ ഹർഷ 4–ാം ക്ലാസ് വിദ്യാർഥിനി. വടകരയിലെ വരദ ട്രൂപ്പിന്റെ ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന നാടകാവതരണത്തിനായി പോകുന്നതിനിടെയാണു നിയന്ത്രണംവിട്ട ലോറിയെത്തിയത്. പയ്യന്നൂരിലെ നാടകം തീർത്ത് അടുത്ത ദിവസം പേരാമ്പ്രയിൽ എത്തണം. ഇതിനിടയിൽ കിട്ടിയ ദിവസം വീട്ടിൽ ചെലവഴിക്കാമെന്നു കരുതി നാടകവണ്ടിയിൽ നിന്നു ധർമടം മേലൂരിലെ വീട്ടിലിറങ്ങി. തൊട്ടടുത്ത ദിവസം ബസിൽ പേരാമ്പ്രയ്ക്കു തിരിച്ചു. മാഹിക്കു സമീപത്തെ കുഞ്ഞിപ്പള്ളിയിലായിരുന്നു അപകടം. ഡ്രൈവറുടെ തൊട്ടു പിന്നിൽ, സൈഡ് സീറ്റിലാണു രജനി ഇരുന്നത്. ഇടതു ഭാഗത്തിരുന്നയാൾ രജനിയുടെ തോളിലേക്കു ചാരിക്കിടന്നു മയക്കത്തിലും.

‘ബസിനു നേർക്കു ലോറി വരുന്നതു കാണാമായിരുന്നു. ഡ്രൈവർ ബസ് വെട്ടിക്കുമെന്നാണു കരുതിയത്. ഡ്രൈവറിരുന്ന ഭാഗം കടന്ന് ഞാനിരുന്ന സീറ്റിനരികിലേക്കു ലോറി വന്നിടിക്കുകയായിരുന്നു. ഞാൻ അതിനിടയിൽ കുടുങ്ങി. അപകടം നടന്നയുടൻ മറ്റു യാത്രക്കാരെല്ലാം പുറത്തേക്കിറങ്ങി. എന്നാൽ, എന്നെയാരും ശ്രദ്ധിക്കുന്നതേയില്ല. കാലുകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കാലു മുറിഞ്ഞു തൂങ്ങുന്നതായി അനുഭവപ്പെടുന്നുണ്ട്,’ ആ ദിവസം ഓർമിച്ചെടുക്കുമ്പോൾ രജനിയുടെ കണ്ണുകളിൽ ഭയം നിഴലിക്കുന്നുണ്ട്, ശബ്ദം മുറിയുന്നുണ്ട്.

അപകടം നടന്നയുടൻ ഡ്രൈവറുൾപ്പെടെ ഇറങ്ങിയോടുകയായിരുന്നു. രജനി ആ സമയത്ത് വേദനയാൽ അലറുന്നുണ്ടായിരുന്നു. എന്നാൽ, ആരും കേട്ടില്ല. രജനിക്കൊപ്പം അമച്വർ നാടകത്തിൽ അഭിനയിച്ച പെൺകുട്ടി പുറത്തുണ്ടായിരുന്നു. സംഭവം കണ്ട അവർ അകത്തു കയറി പിടിച്ചെഴുന്നേൽപിച്ച് ടാക്സിയിൽ ആശുപത്രിയിലാക്കി. വടകര താലൂക്ക് ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. നാടകട്രൂപ്പിലെ അംഗമാണെന്നും അവിടെ അറിയിക്കണമെന്നുമൊക്കെ രജനി ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു. നാടകത്തിൽ ഒപ്പമുണ്ടായിരുന്നവർ അപ്പോഴേക്കും ആശുപത്രിയിലെത്തി. അവിടെനിന്ന് നാടകത്തിനായി തലേദിവസം കൂടി കയറിയ വാനിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്.

ആ ദിവസത്തിനു ശേഷം

52 ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. കാൽ മുറിച്ചുമാറ്റുകയല്ലാതെ മറ്റു മാർഗമില്ല. വലതുകാലിന്റെ മുട്ടിനു താഴേക്കു മുറിച്ചു മാറ്റുമ്പോൾ ഇനിയെന്ത് എന്നതു രജനിക്കു മുൻപിൽ ചോദ്യചിഹ്നമായി ശേഷിച്ചു. ഭർത്താവ് സുകുമാരൻ ഒപ്പം നിന്നു. ഒരു വർഷത്തോളം ഒന്നരക്കാലിൽ ഊന്നിയൂന്നി നടന്നു. കൃത്രിമക്കാൽ എന്ന സാധ്യതയെക്കുറിച്ചു പറഞ്ഞത്, കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറാണ്. ആ ആഗ്രഹത്തിന് 1995 മേയിൽ പൂർണത നൽകി. കൃത്രിമക്കാലിൽ നടന്നുതുടങ്ങിയ രജനിയുടെ മനസ്സിൽ വീണ്ടും നാടകവേദിയെന്ന സ്വപ്നം വളർന്നുകൊണ്ടിരുന്നു. പല ട്രൂപ്പുകളിലും അവസരത്തിനായി ക്രച്ചസിന്റെ സഹായത്തോടെ കയറിയിറങ്ങി. ഒടുവിൽ ഒരു ട്രൂപ്പിൽ അവസരം ലഭിച്ചു.

ക്രച്ചസിന്റെ സഹായത്തോടെ റിഹേഴ്സൽ പൂർത്തിയാക്കി. ‘ഇതു നാടകമല്ലല്ലോ, എന്റെ ജീവിതമാണല്ലോ...’ എന്നറിയാവുന്നതിനാൽ രജനി വേദന കടിച്ചമർത്തി. നാടകം അരങ്ങിലെത്തുന്നതിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിധി വീണ്ടും ക്രൂരമുഖം കാട്ടിയത്. കൃത്രിമക്കാൽ ഘടിപ്പിച്ച ഭാഗത്ത് അൾസർ! അതു മുറിവായി. നിൽക്കാൻ പോലുമാകാത്ത രജനിയെങ്ങനെ അഭിനയിക്കും? ചികിത്സയുടെ ദിവസങ്ങൾക്കു ശേഷം ക്രച്ചസിലൂന്നി വീണ്ടും ട്രൂപ്പിലെത്തി. എന്നാൽ, അപ്പോഴേക്കും അവർ പകരക്കാരിയെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഭർത്താവിനൊപ്പം റിഹേഴ്സലിനെത്തിയ രജനിയെ ആരും ഗൗനിച്ചതേയില്ല. അവിടെനിന്നു പടിയിറങ്ങി, നാടകമെന്ന സ്വപ്നം അവസാനിച്ചുവെന്നു കരുതിയായിരുന്നു മടക്കം. എന്നാൽ, അതൊരു തുടക്കമാവുകയായിരുന്നു.

പുതിയ തുടക്കം

വീണ്ടും പല ട്രൂപ്പുകളിൽ അവസരം ചോദിച്ചു കയറിയിറങ്ങി. കോഴിക്കോട്ടു തന്നെയുള്ള സ്നേഹ തിയറ്റേഴ്സ് അവസരം നൽകി. രജനിയുടെ തിരിച്ചുവരവായിരുന്നു അത്. ക്രച്ചസിന്റെ സഹായത്തോടെ റിഹേഴ്സൽ നടത്തി. പലപ്പോഴും കാലു തളർന്നുപോകും. ഒട്ടും സഹിക്കാനാകാതെ വരുമ്പോൾ, വിശ്രമവേളകളിൽ അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തി, കൃത്രിമക്കാൽ അഴിച്ചുമാറ്റി വിശ്രമിക്കും. പലപ്പോഴും കൃത്രിമക്കാൽ ഘടിപ്പിച്ച ഭാഗത്തു മുറിവുണ്ടാകും. മുട്ടിനു താഴേക്കു ജീവനില്ലെന്ന് ആ കാൽ ഇടയ്ക്കിടെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകളേറെയുണ്ട്. രജനികൂടി ജോലിക്കു പോയാലേ, കുടുംബം അല്ലലില്ലാതെ മുന്നോട്ടു പോകൂ. വേദന കടിച്ചമർത്തി നാടകം തുടരാൻ രജനിക്കു കരുത്തായത് വീട്ടിലെ പ്രയാസങ്ങളായിരുന്നു.

ആദ്യം നടത്തിയ ശസ്ത്രക്രിയ അത്ര വിജയകരമല്ലായിരുന്നു. ഇത് തുടരെത്തുടരെ പ്രതിസന്ധികൾ തീർത്തു. ഡോക്ടർമാരെ പലരെയും മാറിമാറിക്കാണിച്ചു. പിന്നീടു പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായി ചികിത്സ. 1997ൽ വീണ്ടും ശസ്ത്രക്രിയ നടത്തി. അതോടെയാണു കൃത്രിമക്കാൽ കുത്തി ശരിക്കു നടക്കാൻ സാധിച്ചത്. പിന്നീടു കാലുകൾ ഇടയ്ക്കിടെ മാറ്റേണ്ടിവന്നിട്ടുണ്ട്. ‘വീട്ടുജോലികൾ ഉൾപ്പെടെയെല്ലാം ചെയ്യുന്നതിൽ കൃത്രിമക്കാൽ പെട്ടെന്നു മോശമാകും. സന്നദ്ധ സംഘടനകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയുമൊക്കെ സഹായത്തോടെയാണു കാലുകൾ മാറ്റിയത്’ – രജനി പറയുന്നു.

രണ്ടു വർഷം മുൻപു തൃശൂരിൽനിന്നു നാടകം കഴിഞ്ഞെത്തുമ്പോൾ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ചു കൃത്രിമക്കാൽ പൊട്ടി നിലത്തുവീണു. 2 ദിവസം കഴിഞ്ഞു വീണ്ടും നാടകമുണ്ട്. പാദത്തിന്റെ ഭാഗം പൊട്ടിയ കൃത്രിമക്കാൽ ധരിച്ചു നാടകം കളിച്ചു. പൊട്ടിയ ഭാഗത്തു തുണി വലിച്ചുകെട്ടിയാണു വേദിയിൽ കയറിയത്. ഒരു വർഷത്തോളം ഇതേ കാലുമായി നാടകങ്ങൾ ചെയ്തു. അപകടത്തിനു ശേഷം മൂവായിരത്തിലേറെ വേദികളിൽ നാടകം കളിച്ചിട്ടുണ്ട്. 2020ൽ ‘പറയിപെറ്റ പന്തിരുകുലം’ എന്ന നാടകം ചെയ്യുന്നതിനിടെയാണു കോവിഡ് പ്രതിസന്ധി. മാർച്ച് 10 വരെയും വേദികയറി. നിഷ്‌കളങ്കൻ, മൂകനർത്തകൻ, സ്വന്തം സ്‌നേഹിതൻ, തുമ്പോലാർച്ച, വേലുത്തമ്പി ദളവ, കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്, കരിങ്കുരങ്ങ്, കടത്തനാട്ടമ്മ, പാവം മനുഷ്യൻ... ഇങ്ങനെ നീളുന്നു രജനിയുടെ പേരുപതിഞ്ഞ നാടകങ്ങളുടെ പട്ടിക. 2007ൽ സംസ്ഥാന സംഗീതനാടക അക്കാദമിയുടെ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. കൂടാതെ ഒട്ടേറെ പ്രാദേശിക അവാർഡുകളും.

പ്രതിസന്ധികൾ ഒന്നൊന്നായി എത്തുമ്പോഴും അതിനെയൊക്കെ നേരിടുമെന്ന ദൃഢനിശ്ചയത്തിലാണു രജനി. ജീവിതം അവരെ പഠിപ്പിച്ചത് തോറ്റു പിൻവാങ്ങാനല്ല, കാലുറപ്പിച്ച് സധൈര്യം മുന്നേറാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com