പാട്ടിന്റെ പാളുവച്ചേല്

mrudula
മൃദുല ദേവി
SHARE

ഒരു കുടം പാറ്... ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലെ ഈ ടൈറ്റിൽ ഗാനം ആദ്യം കേട്ടപ്പോൾ പ്രേക്ഷകർ തെല്ലു സംശയത്തോടെ കാതു വട്ടം പിടിച്ചിരിക്കാം. കാരണം, പാളുവ ഭാഷയിലെഴുതിയ വേറിട്ട ചേലുള്ളൊരു ഗാനം മലയാളസിനിമ ആദ്യം കേൾക്കുകയാണ്. പറയ സമുദായക്കാരുടെ ‘നിഗൂഢ ഭാഷ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാളുവ ഭാഷയിൽ ഈ വരികൾ എഴുതിയത് കോട്ടയം സ്വദേശിയും ദലിത് ആക്ടിവിസ്റ്റുമായ മൃദുല ദേവിയാണ്.

തലമുറകളിൽനിന്നു തലമുറകളിലേക്കു വാമൊഴിയായി വിനിമയം ചെയ്യപ്പെട്ട ഈ ലിപിയില്ലാഭാഷയുടെ സൗന്ദര്യം അതിന്റെ നിഷ്കളങ്കതയോടെ ഈ ഗാനത്തിൽ കേട്ടറിയാം.

കാട്ടുമിശിറിൻ കലമ്പലും കരുമരത്തിന്റെ മൂളലും എല്ലാം മലയാളിക്കു പുതുകേൾവിയാണ്. ‘എന്തു കട്ടു ചേല് കട്ടു എന്തു ചേല് പാട്ടുചേല് എന്തു പാട്ട് നിന്റെ പാട്ട് എന്തു നീയ്.. എന്റെ നീയ്...’ നീ എന്റെയാണെന്ന എക്കാലത്തെയും പ്രിയപ്പെട്ട പ്രണയ സമവാക്യം ഇത്രയും ലളിതസുന്ദരമായി മുൻപെങ്ങും നാം കേട്ടിരിക്കില്ല. അടക്കത്തിലും ഒതുക്കത്തിലും വീട്ടകങ്ങളിലേക്ക് ഉൾവലിഞ്ഞുപോയ പേച്ചുകളിൽനിന്നു മൃദുല ദേവി പെറുക്കിയെടുക്കുകയായിരുന്നു പാട്ടുവരികൾ.

ചിത്രത്തിൽ ചെറിയ ഇടവേളകളിൽ വന്നുപോകുന്നൊരു  കഥാപാത്രത്തിന്റെചുണ്ടിലാണ് ഈ പാട്ട് തിരുകുന്നതെങ്കിലും അവൾ പാടുന്നത് കഥാനായികയുടെ കൂടി സങ്കടപ്പാട്ടാണ്. അതേസമയം, പെണ്ണു പടരണതും മണ്ണു കുതിരണതും പാട്ടവും ആട്ടവും മുറുകണതും കൂട്ടുകുഴൽവിളി പൊന്തിമുഴങ്ങണതും കേൾപ്പിച്ച് പെണ്ണിന്റെ സമരവും സഹനവും അതിജീവനവും സന്തോഷവുമെല്ലാം വരികളിൽ മഷിചാലിക്കുന്നുണ്ട്.

സിനിമയുടെ അവസാനം കേൾക്കുന്ന ‘അത്തമൻ ചായുന്നേ.. പെണ്ണ് പൊലിപൊലിക്കുന്നേ ’ എന്ന വരികളിലൂടെ പെണ്ണിന്റെ പുതിയ ജീവിതത്തുടക്കം കൂടിയാണു  വ്യക്തമാക്കുന്നത്. സ്ത്രീപക്ഷത്തിരുന്നു പേന പിടിച്ചതിന്റെ തഴക്കവും വഴക്കവും വായിച്ചെടുക്കാം, മൃദുലയുടെ വരികളിൽ. 

മൃദുല ദേവി ഫെയ്സ്ബുക്കിൽ കുറിച്ചിട്ട വരികൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സംവിധായകൻ ജിയോ ബേബി തന്റെ സിനിമയിലേക്ക് ആ ഗാനം ചേർക്കട്ടെ എന്ന് ആവശ്യപ്പെടുകയായിരുന്നു. ‘പാളുവ ഭാഷ എനിക്കെന്റെ മു ലപ്പാൽ ഭാഷയാണ്. ഞാൻ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം അതിലാണ്. സ്വാഭാവികമായും ഞാൻ കവിതയെഴുതുന്നതും ആ ഭാഷയിലായി.’ കവിതകൾ കാണാനിടയായ ബാലചന്ദ്രൻ ചുള്ളിക്കാടാണ് തുടർന്നും എഴുതാനുള്ള പ്രചോദനം തന്നതെന്നും പറയുന്നു മൃദുല. നാടൻ പാട്ടുകളിൽ മുതൽ റാപ് മ്യൂസിക്കിൽ വരെ പാളുവ ഭാഷ ഇതിനകം ഇടംപിടിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ, സിനിമയെന്ന മുഖ്യധാരാ മാധ്യമത്തിലൂടെ പാളുവ ഭാഷയ്ക്കു ലഭിച്ച സ്വീകാര്യത അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സംസ്കാരത്തിനും ജീവിതചര്യയ്ക്കും കൂടി ലഭിച്ച അംഗീകാരമാണെന്ന് കൂട്ടിച്ചേർക്കുന്നു മൃദുല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA