‘ഭർത്താവ് അടിവയറ്റിൽ ചവിട്ടി തൊഴുത്തിൽ തള്ളിയ ഗർഭിണി; ഇന്ന് അനേകരുടെ അമ്മ’

SIDHUTAI SAPKAL
സിന്ധുതായ് സപ്കൽ പുണെ മാഞ്ജരിയിലെ സൻമതി ബാലകേന്ദ്രത്തിൽ കുട്ടികള്‍ക്കെ‍ാപ്പം. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
SHARE

ഭർത്താവ് അടിവയറ്റിൽ ചവിട്ടി തൊഴുത്തിൽ തള്ളിയ ഗർഭിണി, കൈക്കുഞ്ഞുമായി ശ്മശാനത്തിൽ അന്തിയുറങ്ങിയവൾ, ഒരുപിടി അന്നത്തിനായി കാതങ്ങൾ കൈനീട്ടി നടന്നവൾ,  ഇപ്പോൾ ആയിരത്തിയഞ്ഞൂറോളം  തെരുവുമക്കളുടെ അമ്മ... രാജ്യം പത്മശ്രീ നൽകി ആദരിച്ച  സിന്ധുതായിയുടെ പോരാട്ടത്തിന്റെ  പെൺജീവിതം’ ......

ഒൻപതു മാസം ഗർഭിണിയായിരിക്കെ സിന്ധുവിനെ ഭർത്താവ് കാലിത്തൊഴുത്തിൽ തള്ളിയതാണ്. പശുക്കൾ ചവിട്ടിക്കൊന്നാൽ തന്റെ തലയിൽനിന്നു കൊലക്കുറ്റം ഒഴിയുമല്ലോ എന്ന് ശ്രീഹരി സപ്കൽ കരുതി. ഗ്രാമത്തിലെ പണക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചൂഷണത്തിനെതിരെ മറ്റു സ്ത്രീകളെക്കൂട്ടി പ്രതിഷേധിച്ചതായിരുന്നു കുറ്റം. ജന്മിമാരുടെ താക്കീതിനു മുന്നിൽ ശ്രീഹരി കീഴടങ്ങുകയായിരുന്നു. 3 ആൺമക്കളെ ഒന്നു തലോടാൻ പോലും അനുവദിക്കാതെ അവളെ ചവിട്ടിപ്പുറത്താക്കി; 20 വയസ്സു മാത്രമുള്ളപ്പോൾ.

അഞ്ചു പതിറ്റാണ്ടു മുൻപ്, ആർക്കും വേണ്ടാതെ വലിച്ചെറിയപ്പെട്ട സിന്ധു ഇന്ന് 1500 പേരുടെ അമ്മയാണ്; മഹാരാഷ്ട്രയുടെ സിന്ധുതായ് സപ്കൽ. തെരുവിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന കുഞ്ഞുങ്ങളെ എടുത്തുവളർത്തുക മാത്രമല്ല, അവർക്കെല്ലാം ഉന്നതവിദ്യാഭ്യാസവും നൽകി. ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ എന്നിങ്ങനെ പലരും നല്ല നിലയിൽ. 72-ാം വയസ്സിൽ, പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനടുത്ത് മാഞ്ജരിയിലെ സൻമതി ബാലകേന്ദ്രത്തിലിരുന്ന് തീവ്രമായ ജീവിതകഥ പറയുകയാണ് സിന്ധുതായ്. നാലാം ക്ലാസിൽ പഠനം നിർത്താനും 12-ാം വയസ്സിൽ വിവാഹം കഴിക്കാനും നിർബന്ധിതയായി, ഒടുവിൽ വലിച്ചെറിയപ്പെട്ട അവർ ഇന്നു ലോകത്തിനു മുഴുവൻ ജീവിതപാഠമാണ്. ആത്മവിശ്വാസംകൊണ്ട്, നിശ്ചയദാർഢ്യം കൊണ്ട് തെരുവോരത്തുനിന്നു വളർന്നുപടർന്നൊരു തണൽമരം.

കഥ പോലുള്ള ജീവിതം സിന്ധുതായ് തന്നെ പറയുന്നു:തൊഴുത്തിൽ ‘പിറന്നു’,അനേകരുടെ അമ്മ 

തൊഴുത്തിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ പ്രസവത്തിന് അധികം ദിവസമില്ലായിരുന്നു. കരഞ്ഞുകരഞ്ഞ്, വിശന്നുതളർന്ന് ദിവസങ്ങളോളം അവിടെക്കിടന്നു. എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടുംമുൻപേ മയക്കത്തിലേക്കു മറയും. വേദനകൊണ്ടു പുളഞ്ഞപ്പോൾ പശുക്കൾ കാവലൊരുക്കി. ആ തൊഴുത്തിലാണു നാലാമത്തെ കുട്ടിയെ പ്രസവിച്ചത് - പെൺകുഞ്ഞ്. വേദന അറിയാതിരിക്കാൻ കണ്ണുകളടച്ചു പ്രാ‍ർഥിച്ചുകൊണ്ട്, കയ്യകലത്തിലുണ്ടായിരുന്ന കല്ലുകൊണ്ട് 16 തവണ ഇടിച്ചാണ് പൊക്കിൾക്കൊടി വേർപ്പെടുത്തിയത്. ഹൃദയത്തിലൂടെ വാൾ കടന്നുപോകുന്ന പോലെയായിരുന്നു അത്.

എണീറ്റു നടക്കാറായപ്പോൾ പശുക്കളെ കെട്ടിപ്പിടിച്ചു; യാത്ര പറഞ്ഞു. വാർധ ജില്ലയിൽ ജന്മഗ്രാമമായ പിംപ്രി മോഘെയിലേക്കു കൈക്കുഞ്ഞുമായി നടന്നു. എന്നാൽ, ഗ്രാമീണർ വടിയെടുത്തു. പെറ്റമ്മ പോലും വാതിൽ കൊട്ടിയടച്ചപ്പോൾ എങ്ങോട്ടെന്നറിയാതെ തിരികെ നടന്നു. വിശപ്പടക്കാൻ ഒന്നുമില്ലായിരുന്നു. മനസ്സിന്റെ ബലവും ഉൗർന്നുവീഴുന്നതുപോലെ തോന്നി. എന്തു ചെയ്യും? കരഞ്ഞു നടന്ന് ഒരു ശ്മശാനത്തിനടുത്താണ് എത്തിയത്. ആളുകൾ അന്ത്യകർമങ്ങൾ കഴിഞ്ഞുമടങ്ങിയപ്പോൾ അകത്തുകടന്നു. രാത്രി മറ്റാരും കടന്നുവരാത്ത അവിടം ഏറ്റവും സുരക്ഷിതമായി തോന്നി.

SAPKAL with Husband sreehari
സിന്ധുതായ് ഭർത്താവ് ശ്രീഹരി സപ്കലിന്റെ ചിത്രത്തിനു സമീപം.

കർമങ്ങൾക്കുശേഷം ഉപേക്ഷിക്കപ്പെട്ടിരുന്ന ധാന്യങ്ങൾ പെറുക്കിയെടുത്ത് ഇടിച്ചുചതച്ചു റൊട്ടിയുണ്ടാക്കി; ചിതയുടെ കനലിൽ ചുട്ടുതിന്നു. മകളെ സാരിത്തുമ്പിൽ കെട്ടി പകൽ യാചിച്ച് ഭക്ഷണത്തിനു വകതേടും. രാത്രി ശ്മശാനത്തിൽ ഉറങ്ങാനെത്തും. ആത്മാക്കൾ മാത്രം കൂട്ട്. കരഞ്ഞുതളർന്നുറങ്ങുമ്പോൾ എന്തു ഭയം? കുട്ടിക്കാലത്ത് മാടുമേയ്ക്കാൻ പോയിരുന്നപ്പോൾ പഠിച്ച പാട്ടുകളുമായി ക്രമേണ അമ്പലങ്ങളുടെ മുന്നിൽ യാചിക്കാൻ തുടങ്ങി. ട്രെയിനുകളിൽ ടിക്കറ്റില്ലാതെ ഭിക്ഷ തേടി. പുതിയ പാട്ടുകൾ പഠിച്ചെടുത്ത് തീർഥാടനകേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കൈനീട്ടി വയറു നിറച്ചു.

കാലം പാട്ടുംപാടി കടന്നുപോയി. താരാട്ടു കേൾക്കാൻ ഭാഗ്യമുണ്ടായില്ലെങ്കിലും പാട്ടുകേട്ടുതന്നെ മകൾ മമത വളർന്നു. ഇതിനിടെ, 2 തവണ സിന്ധു ജീവനൊടുക്കാൻ ശ്രമിച്ചു. ആത്മഹത്യ ഉറപ്പിച്ച് മകളുമായി ഒരിക്കൽ പോയത് മൽകാപുർ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു. രാത്രി രണ്ടുമണി. സ്റ്റേഷനടുത്ത് ഒരാൾ മാത്രം. അയാൾ എന്നോട് അൽപം വെള്ളം ചോദിച്ചു. കയ്യിലുണ്ടായിരുന്ന റൊട്ടിയും വെള്ളവും നൽകിയപ്പോഴാണ് അയാളും ജീവനൊടുക്കാൻ വന്നതാണെന്നു പറഞ്ഞത്. ഭക്ഷണം കിട്ടി, ഇനി മരിക്കാനില്ലെന്നു പറഞ്ഞ്, അയാൾ നടന്നുനീങ്ങി. ഞാനും തിരികെ നടന്നു. വിശപ്പിന്റെ വേദന എത്ര വലുതാണ്...

മധ്യപ്രദേശ് അതിർത്തിയിലെ അമരാവതിയിൽ ചിക്കൽധാര എന്ന ആദിവാസിഗ്രാമത്തിൽ വച്ചായിരുന്നു മറ്റൊരു ആത്മഹത്യാശ്രമം. വലിയ കുന്നിനു മുകളിൽനിന്നു ചാടാൻ പോയതാണ്. അവിടെ വച്ച് ഞാൻ ചോദിക്കുകപോലും ചെയ്യാതെ ഒരു ആദിവാസിസ്ത്രീ ഭക്ഷണം തന്നു. കുറെ സംസാരിച്ചു. വിശപ്പു മാറിയതോടെ മനസ്സും മാറി; യാചകയായി അലയുന്നതിനിടെ തെരുവോരങ്ങളിൽ ഒട്ടേറെ ജീവിതങ്ങൾ കണ്ടു. എത്രയോ പിഞ്ചുകുഞ്ഞുങ്ങളാണു വലിച്ചെറിയപ്പെടുന്നത്. പാട്ടും ഭജനയുമായി എനിക്കു കിട്ടുന്നത് അവർക്കും പങ്കുവയ്ക്കുന്നതു പതിവായി.

പലരെയും അമ്മയെപ്പോലെ ചേർത്തുപിടിച്ചു. കുട്ടികൾ എന്നെ മായി (അമ്മ) എന്നു വിളിക്കാൻ തുടങ്ങി. മറ്റുള്ളവർ തായി (ചേച്ചി) എന്നും വിളിച്ചു. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾക്കായി കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ശക്തമായി. മകൾ മമതയ്ക്ക് അപ്പോഴേക്കും 5 വയസ്സായിരുന്നു. അവളെ പുണെയിലെ ശ്രീമന്ത് ദഗ്ഡുസേഠ് ട്രസ്റ്റിൽ വളർത്താൻ അനുവാദം ചോദിച്ചപ്പോൾ അവർ സമ്മതിച്ചു. അങ്ങനെ തെരുവിന്റെ മക്കളെ തേടിയിറങ്ങി; ആത്മബലം മാത്രം മൂലധനം.

ആയിടെ പുണെയിൽ അലയുന്ന വേളയിൽ റെയിൽവേ ട്രാക്കിൽനിന്ന് ഒരാൺകുട്ടിയെ കണ്ടെത്തി. ആറു വയസ്സു തോന്നിച്ച അവനു ദീപക് എന്നു പേരിട്ടു - പുതിയ ജീവിതത്തിലെ എന്റെ ആദ്യ മകൻ. അമരാവതിയിൽ പണ്ടു ജീവനൊടുക്കാൻ പോയ മലയിലേക്ക് അവനുമായി മടങ്ങി. 15 വർഷം അവിടെയായിരുന്നു. ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു. തെരുവിൽനിന്നു കണ്ടെടുത്ത കുഞ്ഞുങ്ങളുടെ എണ്ണം കൂടിവന്നു. കാലം കടന്നുപോയി.

അതിനിടെ, ദീപക്കിന്റെ കുടുംബാംഗങ്ങളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാണ് മറ്റൊരു വഴിത്തിരിവ്. അച്ഛനും അമ്മയും ഉപേക്ഷിച്ച അവന്റെ പേരിൽ മുത്തച്ഛൻ പുണെയിൽ കുറച്ചു ഭൂമി എഴുതിവച്ചിരുന്നു. വിവാഹിതനായ ദീപക്കിനോട് അവിടേക്കു മാറാൻ പറഞ്ഞപ്പോൾ അമ്മ ഒപ്പമില്ലാതെ എങ്ങോട്ടുമില്ലെന്നായിരുന്നു മറുപടി. അങ്ങനെ ദീപക്കിനും ഭാര്യയ്ക്കുമൊപ്പം ഞാനും 16 കുട്ടികളുമായി പുണെയിലെത്തി. അവിടെയാണ് ആദ്യത്തെ ബാലാശ്രമം തുടങ്ങിയത് - മമത ബാലസദൻ.

ഇപ്പോൾ 6 ബാലമന്ദിരങ്ങളായി. എടുത്തുവളർത്തിയ കുട്ടികളുടെ എണ്ണം 1500 വരും. ജീവനൊടുക്കാൻ പോയ ചിക്കൽധാര മലയുടെ താഴ്‌വരയിലാണ് ഒരു ബാലമന്ദിരം. എന്നെ തൊഴുത്തിൽ തള്ളിയ ഗ്രാമത്തിൽ വലിയൊരു ഗോശാല സ്ഥാപിച്ചു; സംരക്ഷണമൊരുക്കിയ പശുക്കളുടെ ഓർമയ്ക്കായി!

ഒന്നും അവസാനമല്ല 

ചെറുതും വലുതുമായി 750 പുരസ്കാരങ്ങളാണ് സിന്ധുതായ് സപ്കലിനെ തേടിയെത്തിയത്; ഇൗ വർഷത്തെ പത്മശ്രീയാണ് അതിൽ ഒടുവിലത്തേത്. നാരീശക്തി പുരസ്കാരം നൽകി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആദരിച്ചു. മുൻ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുൽ കലാം, പ്രതിഭ പാട്ടീൽ എന്നിവരും മന്ത്രിമാരും വിദേശരാജ്യങ്ങളും സിന്ധുതായിയെ ആദരിച്ചിട്ടുണ്ട്. പുരസ്കാരത്തുകകളും സംഭാവനകളും തന്റെ ജീവിതകഥ പറയുന്ന പ്രചോദനാത്മക പ്രഭാഷണങ്ങൾക്കു ലഭിക്കുന്ന പ്രതിഫലവും ‘മക്കൾ’ നൽകുന്ന തുകയുമാണ് ഇപ്പോൾ പ്രധാന വരുമാനമാർഗം. എടുത്തുവളർത്തിയതിൽ ഒരാൾ സിന്ധുതായിയുടെ ജീവിതത്തെക്കുറിച്ചാണ് പിഎച്ച്ഡി ചെയ്തത്. തൊഴുത്തിൽ ജനിച്ച മകൾ മമത എംഎസ്ഡബ്ല്യു പൂർത്തിയാക്കി പുണെ മാഞ്ജരിയിലെ ബാലസദന്റെ ചുമതല വഹിക്കുന്നു.

‘മക്കളിൽ’ 230 പെൺകുട്ടികളും 40 ആൺകുട്ടികളും വിവാഹം കഴിച്ചു പോയി. ‘ആദ്യത്തെ പുത്രൻ’ ദീപക് അടക്കം പലർക്കും കൊച്ചുമക്കളായി. സിന്ധുതായിയുടെ സംഭവബഹുലമായ ജീവിതം മറാഠിയിൽ സിനിമയായി. അവർ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചു. ചെറിയ ദുഃഖങ്ങളെക്കുറിച്ചു പറഞ്ഞു കരയുന്നവർക്ക് അമ്മമാർ പറഞ്ഞു നൽകുന്ന കഥയായി, സിന്ധുതായ് സപ്കൽ.

2013ൽ മഹാരാഷ്ട്ര സർക്കാർ അവരെ ആദരിക്കാൻ വലിയ ചടങ്ങു സംഘടിപ്പിച്ചു; ഭർത്താവ് സിന്ധുവിനെ ഉപേക്ഷിച്ച ഗ്രാമത്തിൽ. തോരണങ്ങളും മുദ്രാവാക്യങ്ങളുമായി ഗ്രാമം തടിച്ചുകൂടി. പരിപാടി കഴിഞ്ഞ ജനം പിരിഞ്ഞപ്പോൾ ഒരാൾ മാത്രം തലകുനിച്ചു നിലത്തിരിക്കുന്നു. അടിവയറ്റിൽ ചവിട്ടി സിന്ധുവിനെ തൊഴുത്തിൽ തള്ളിയ ഭർത്താവ്, ശ്രീഹരി സപ്കൽ. അവർ അടുത്തുചെന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ക്ഷമ ചോദിച്ചു കരഞ്ഞപ്പോൾ കൂടെ വരുന്നോയെന്നു സിന്ധു ചോദിച്ചു. അയാൾ തലയാട്ടി. ഭർത്താവായി വരേണ്ട, മൂത്ത മകനായി സ്വീകരിക്കാമെന്നു സിന്ധുതായ് പറഞ്ഞു. 5 വർഷമാണു മകനെപ്പോലെ നോക്കിയത്. 2018ൽ ശ്രീഹരി മരണമടഞ്ഞു. ആ വേർപാടിനു ശേഷം ആശ്രമത്തിലെ മക്കൾ അമ്മയോടു ചോദിച്ചു: അദ്ദേഹത്തോടു ദേഷ്യം തോന്നിയിട്ടില്ലേ?

സിന്ധുതായ് പറഞ്ഞു: ഇല്ല. അദ്ദേഹം എന്നെ ഉപേക്ഷിച്ചതുകൊണ്ടല്ലേ നിങ്ങൾക്ക് അമ്മയെ കിട്ടിയത്...? ഒരു ദുരന്തവും ജീവിതത്തിന്റെ അവസാനമല്ല.

ഇപ്പോൾ, എല്ലാ ആശ്രമങ്ങളുടെ കവാടത്തിലും സന്ദർശകരെ കാത്തിരിക്കുന്നത് ശ്രീഹരി സപ്കലിന്റെ ചിത്രമാണ്; ഓർമകൾകൊണ്ടാണ് അതിന്റെ നിറക്കൂട്ട്!

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA