ADVERTISEMENT

ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരനഗരമായ ലെ സാബ്‌ലെ ദെലോനിലേക്കാണ് ഇനിയുള്ള യാത്ര. വെറും 86 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചെറിയ നഗരം. ഇവിടെനിന്നാണ് ഗോൾഡൻ ഗ്ലോബ് റേസിന്റെ തുടക്കം. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ‘വേണ്ടേ ഗ്ലോബ്’ സാളോ റേസിന്റെ സ്ഥിരം വേദിയാണ് ഇവിടം. 

ഇംഗ്ലണ്ടിലെ ഫാൽമത്തിൽനിന്ന് ലെ സാബ്‌ലെ ദെലോനിലേക്ക് ഒരു ‘സൗഹൃദ റേസ്’ നടത്താൻ സംഘാടകർ തീരുമാനിച്ചു. ഗോൾഡൻ ഗ്ലോബിൽ പങ്കെടുക്കുന്ന എല്ലാ ബോട്ടുകൾക്കുമൊപ്പം സർ റോബിൻ നോക്സ് ജോൺസ്റ്റന്റെ സുഹൈലിയും റേസിനുണ്ട്. എല്ലാവരും ഒരു ടീമിനെ ഒപ്പം കൂട്ടിയാണ് റേസിൽ പങ്കെടുക്കുന്നത്. പക്ഷേ, ഒറ്റയ്ക്കു പോകാനായിരുന്നു എന്റെ തീരുമാനം. 

രസകരമായിരുന്നു തുടക്കം. ഓട്ടമത്സരങ്ങളിലേതു പോലെ സ്റ്റാർട്ടിങ് പോയിന്റിൽ വെടിപൊട്ടിക്കും. വെടിപൊട്ടും മുൻപ് ഏതെങ്കിലുമൊരു വഞ്ചി സ്റ്റാർട്ടിങ് പോയിന്റ് കടന്നാൽ ഫൗളാകും. വീണ്ടും ആദ്യം മുതൽ എല്ലാം തുടങ്ങണം. ഇവിടെ സംഘാടകരുടെ അനൗൺസ്മെന്റ് കേട്ടപ്പോൾ എല്ലാവരും ആദ്യമൊന്നു ഞെട്ടി. വെടിപൊട്ടും മുൻപ് ആരെങ്കിലും സ്റ്റാർട്ടിങ് പോയിന്റ് കടന്നാൽ അവർ റേസ് അവസാനിക്കുമ്പോൾ എല്ലാവർക്കുമായി പാർട്ടി നടത്തണം!

എന്തായാലും അങ്ങനെയൊന്നും സംഭവിച്ചില്ല. സൗഹൃദ മത്സരമായതുകൊണ്ടു തന്നെ ആരും ആവേശകരമായൊരു റേസിനു മുതിർന്നതുമില്ല. ഫാൽമത്തിൽനിന്ന് ലെ സാബ്‌െല ദെലോനിൽ എത്തിക്കഴിഞ്ഞ് യഥാർഥ അങ്കം തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ കൂടുതൽ ആവേശം കാണിച്ച് വഞ്ചിക്കു കേടുവരുത്താൻ ആരും തയാറായിരുന്നില്ല. എങ്കിലും ഒറ്റയ്ക്കു റേസ് ചെയ്യാനുള്ള എന്റെ തീരുമാനം പലർക്കും അത്രയ്ക്കങ്ങു ദഹിച്ചില്ല. ചിലർ എന്നോട് ഇക്കാര്യം നേരിട്ടു ചോദിക്കുകയും ചെയ്തു. 

എല്ലാവരോടും ഞാൻ പറഞ്ഞ മറുപടി ഇതായിരുന്നു: ‘ഹണിമൂണിന് പോകുമ്പോൾ ആരെങ്കിലും വീട്ടുകാരെ കൂടെക്കൂട്ടുമോ?’ പിന്നെ ആരുമൊന്നും ചോദിച്ചില്ല! 

ഗോൾഡൻ ഗ്ലോബ് റേസിനു മുൻപു വഞ്ചിയുടെ പരമാവധി വേഗം, ഉയർന്ന തിരകളിൽ വഞ്ചിയുടെ നിയന്ത്രണം തുടങ്ങിയവ മനസ്സിലാക്കാൻ പറ്റിയ അവസരമായിരുന്നു അത്. തുരീയ മിടുക്കിയായൊരു നൗകയാണെന്ന് എനിക്കു വേഗം മനസ്സിലായി. നാവികനെ വല്ലാതെ കഷ്ടപ്പെടുത്തുന്നതു തുരീയയ്ക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ടുതന്നെ, 4 ദിവസം കൊണ്ട് ഒരു പ്രശ്നവുമില്ലാതെ തുരീയ ഫ്രഞ്ച് തീരമണഞ്ഞു. 

ഫ്രാൻസിലും കസേരകളി   

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നത്. മിക്കവരും പരസ്പരം കാണുന്നതു തന്നെ ആദ്യമായാണ്. 4 ദിവസത്തെ സൗഹൃദ റേസ് കഴിഞ്ഞതോടെ എല്ലാവരും തമ്മിൽ വലിയ അടുപ്പമായി. ഇതുകൂടാതെ ‘ഐസ് ബ്രേക്കിങ്ങിനു’ സംഘാടകർ ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു. അതിലെ പ്രധാന ഇനമായിരുന്നു, നമ്മൾ കസേരകളിയെന്നു വിളിക്കുന്ന മ്യൂസിക്കൽ ചെയർ. ഗോൾഡൻ ഗ്ലോബ് റേസിനെക്കാൾ ആവേശകരമായ മത്സരമാണ് അവിടെ നടന്നത്. പായ്‌വഞ്ചിയോട്ടത്തിൽ മാത്രമല്ല, കസേരകളിയിലും മലയാളികളുടെ അഭിമാനം ഞാൻ കാത്തുസൂക്ഷിച്ചെന്നു പറയാതെ വയ്യ; ഒന്നാം സ്ഥാനം എനിക്കായിരുന്നു! 

ലെ സാബ്‌ലെ ദെലോൻ തീരത്തു ജനത്തിരക്കേറി വന്നു. റേസിനൊരുങ്ങുന്ന നാവികരെ കാണാനും യാത്രയാക്കാനും ഒട്ടേറെപ്പേരാണ് ദിവസവും വരുന്നത്. എനിക്കും കുറെ സന്ദർശകരുണ്ടായിരുന്നു. ഓരോരുത്തരും സമ്മാനങ്ങളുമായാണ് വരിക. കടൽ യാത്രയ്ക്കിടെ നമുക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലുമൊക്കെയാവും അവർ സമ്മാനിക്കുക. പക്ഷേ, ഗോൾഡൻ ഗ്ലോബ് റേസിനൊരു പ്രശ്നമുണ്ട്. 1968 കാലം കഴിഞ്ഞുള്ള സാങ്കേതികവിദ്യകൊണ്ട് നിർമിച്ചതൊന്നും വഞ്ചിയിൽ കൊണ്ടുപോകാൻ അനുവാദമില്ല. 

ഫാൽമത്തിൽനിന്നു ലെ സാബ്‌ലെ ദെലോനിലേക്കു യാത്ര തുടങ്ങും മുൻപ് എനിക്ക് ഒരു അപ്രതീക്ഷിത സമ്മാനം കിട്ടിയിരുന്നു.  ഒരു ബ്രിട്ടിഷ് വനിത നൽകിയ ഒരു പുസ്തകമായിരുന്നു അത്. യാത്ര തുടങ്ങിയിട്ടു വായിച്ചാൽ മതിയെന്നും അവർ പറഞ്ഞു. 

സൗഹൃദ റേസ് തുടങ്ങിക്കഴിഞ്ഞാണ് ഞാൻ ആ പുസ്തകം തുറന്നത്. ഹാരി തോംസന്റെ ഹിസ്റ്റോറിക്കൽ ഫിക്‌ഷൻ ‘ദ് തിങ് ഓഫ് ഡാർക്നെസ്’ ആയിരുന്നു അത്. ബ്രിട്ടിഷ് നാവികനായിരുന്ന റോബർട്ട് ഫിറ്റ്സ്റോയ് തന്റെ കപ്പലിൽ നരവംശ ശാസ്ത്രജ്ഞൻ ചാൾസ് ഡാർവിനുമായി നടത്തിയ യാത്രയുടെ കഥയാണ് ആ നോവൽ പറയുന്നത്. ആ യാത്രയിൽ ഡാർവിനു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രശസ്തമായ പരിണാമ സിദ്ധാന്തം അവതരിപ്പിച്ചത്. 

ഭൂഗോളത്തിന്റെ സ്പന്ദനം കരയിലല്ല, കടലിലാണെന്നതിനു മറ്റൊരു തെളിവുകൂടി.  

പാക്കിസ്ഥാൻ പതാക

ലെ സാബ്‌ലെ ദെലോനിൽ എത്തിയപ്പോൾ തന്നെ എന്റെ കണ്ണിൽപെട്ടത് ഒരു പാക്കിസ്ഥാൻ പതാകയാണ്. ഇന്ത്യൻ സൈനികനായതുകൊണ്ട് മറ്റെന്തും കാണും മുൻപേ ആദ്യം കണ്ടതും അതാണ്. റേസിൽ പങ്കെടുക്കുന്ന എല്ലാ രാജ്യക്കാരുടെയും പതാകകളുടെ ഇടയിൽ പാറിപ്പറന്ന് കുറെ പാക്കിസ്ഥാൻ പതാകകളും.

പക്ഷേ, പാക്കിസ്ഥാനിൽനിന്ന് ആരും ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതായി അറിവില്ല. ഫാൽമത്തിൽനിന്നു ഫ്രാൻസിലേക്കുള്ള സൗഹൃദ റേസിലും പാക്കിസ്ഥാനികളെ ആരെയും കണ്ടില്ല. പിന്നെയെങ്ങനെ ഈ പതാകകൾ മാത്രം ഇവിടെയെത്തി എന്ന സംശയം മനസ്സിൽ ബാക്കിയായി. 

രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും പാക്ക് പതാകകൾ കളംവിടുന്ന ലക്ഷണമില്ല. ഒടുവിൽ റേസ് സംഘാടകരിൽ ഒരാളോടു ചോദിച്ചു. പാക്കിസ്ഥാൻ പതാകയെന്നു കേട്ടപ്പോൾ അവർക്കും സംശയമായി. പുറത്തുനിന്ന് ആരും പാക്കിസ്ഥാൻ പതാകകൾ അവിടെ കൊണ്ടുവന്നു കെട്ടാനുള്ള സാധ്യതയുമില്ല. അതോടെ എല്ലാവരും തിരക്കുപിടിച്ച് ഓട്ടം തുടങ്ങി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സംഘാടകർ വലിയൊരു രഹസ്യം കണ്ടുപിടിച്ച പോലെ രംഗത്തെത്തി. 

അവർക്ക് അബദ്ധം പറ്റിയതാണ്. റേസിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാക നിർമിക്കാൻ കരാർ നൽകിയത് ഒരു ചൈനീസ് കമ്പനിക്കാണ്. പലസ്തീനിൽനിന്നുള്ള നബീൽ അമ്ര എന്ന നാവികൻ റേസിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ പലസ്തീൻ പതാക നിർമിക്കാൻ ഓർഡർ നൽകിയിരുന്നു. ചൈനീസ് കമ്പനിയാകട്ടെ, പലസ്തീൻ പതാകയ്ക്കു പകരം രൂപസാദൃശ്യമുള്ള പാക്കിസ്ഥാൻ പതാകയാണ്  ഫ്രാൻസിലേക്കു കയറ്റിവിട്ടത്. അധികം വൈകാതെ പാക്കിസ്ഥാൻ പതാകകൾ അവിടെനിന്ന് അപ്രത്യക്ഷമായി. 

വിദേശഭൂമിയിൽ നിൽക്കുമ്പോഴാണ് നമ്മുടെ ദേശസ്നേഹം വർധിക്കുകയെന്നു പലരും പറഞ്ഞിട്ടുണ്ട്. അതു സത്യമാണെന്ന് എനിക്കും പലവട്ടം തോന്നിയിട്ടുണ്ട്. 

ഒന്നിലേറെ ഇന്ത്യൻ പതാകകളുമായാണ് ‍‍ഞാൻ യാത്രയ്ക്കൊരുങ്ങുന്നത്. ഇനി ഏതാനും ദിവസങ്ങൾ മാത്രം. ദേശസ്നേഹത്തിന്റെ കടൽ ഉള്ളിൽ തിരയടിച്ചു തുടങ്ങി...

(തുടരും) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com