ADVERTISEMENT

2018 ജൂലൈ ഒന്ന്.

ലെ സാബ്‌ലെ ദെലോൻ തീരത്തുനിന്നു വഞ്ചികൾ പുറപ്പെടാൻ നേരമായി. യാത്ര തുടങ്ങുന്ന ഇവിടെത്തന്നെ ആദ്യം തിരികെയെത്തുന്നയാൾ ജേതാവാകും. 17 വഞ്ചികളാണു ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നത്. ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ ലോകം ചുറ്റിവരികയെന്ന ദൗത്യം മാത്രമല്ല, ഇതൊരു മത്സരം കൂടിയാണ്. ഒരു മൈതാനത്തു നടക്കുന്ന ഓട്ടമത്സരം പോലെയോ മാരത്തൺ പോലെയോ അല്ലിത്. കരയുടെ സ്ഥായീഭാവം കടലിനില്ല. അടുത്ത നിമിഷം എന്താണു സംഭവിക്കാൻ പോകുന്നതെന്നു പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥ. ഇതു നന്നായി അറിയാവുന്നവരാണ് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരും.

തീരത്ത് ഞങ്ങളെ യാത്രയാക്കാൻ ഒട്ടേറെപ്പേരുണ്ടായിരുന്നു. ഓരോ മത്സരാർഥിയുടെയും ദേശീയപതാക വീശിയാണ് അവർ പ്രിയപ്പെട്ടവരെ യാത്രയാക്കുന്നത്. തുരീയ തീരം വിടുമ്പോൾ ഞാനും കരയിലേക്കു നോക്കി. അവിടെ ഇന്ത്യക്കാരുണ്ടായിരുന്നെങ്കിലും ആരുടെയും കയ്യിൽ ദേശീയപതാകയുണ്ടായിരുന്നില്ല. അയർലൻഡുകാരൻ നാവികൻ ഗ്രിഗർ മക്ഗുഗിനെ യാത്രയാക്കാൻ എത്തിയവർ പക്ഷേ, രസകരമായൊരു കാര്യം ചെയ്തു. ഗ്രിഗർ കടന്നുപോയ ഉടൻ അവർ അയർലൻഡ് ദേശീയപതാക വിലങ്ങനെ പിടിച്ച് തുരീയയ്ക്ക് അഭിവാദ്യം അർപ്പിച്ചു തുടങ്ങി. അയർലൻഡിന്റെയും ഇന്ത്യയുടെയും ദേശീയപതാകകൾ ഒരേ നിറത്തിലുള്ളവയാണല്ലോ!

മഗല്ലന്റെ തീരം കടന്ന്...

നോർത്ത് അറ്റ്ലാന്റിക് മഹാസമുദ്രമാണ് യാത്രയിൽ ആദ്യം പിന്നിടേണ്ടത്. ലോകപ്രശസ്തരായ ഒട്ടേറെ നാവികർക്കു ജന്മം നൽകിയ തീരമാണ് നോർത്ത് അറ്റ്ലാന്റിക്കിന്റേത്. സമുദ്രസഞ്ചാര ചരിത്രം തുടങ്ങുന്നതുതന്നെ ഇവിടെനിന്നാണെന്നു പറയാം. ഫെർഡിനന്റ് മഗല്ലൻ, ക്രിസ്റ്റഫർ കൊളംബസ്, വാസ്കോ ഡ ഗാമ, പെദ്രോ അൽവാരസ് കാബ്രാൾ തുടങ്ങിയവരെല്ലാം ഈ മേഖലയിൽനിന്നുള്ളവരാണ്. കണ്ണെത്താപ്പരപ്പിൽ തിരകൾക്കപ്പുറം മറ്റൊരു കരയുണ്ടെന്ന് അറിവില്ലാതിരുന്ന കാലത്തു സമുദ്രപര്യവേക്ഷണങ്ങൾക്കു തന്റേടത്തോടെ ഇറങ്ങിപ്പുറപ്പെട്ട ധീരനാവികരാണ് അവർ. കേരളത്തിന്റെ വിവിധ തീരങ്ങളിൽ വിദേശനാവികരുടെ കപ്പലുകൾ നങ്കൂരമിട്ട ചരിത്രം നമ്മൾ സ്കൂൾകാലത്തു പഠിക്കുന്നുണ്ട്. അന്നവർ ഇന്ത്യയിലേക്കു വന്നു; ഇന്നിതാ, ഈ ഇന്ത്യൻ നാവികൻ അവരുടെ കടലിലൂടെ മറ്റൊരു പായ്‌വഞ്ചിയിൽ തീരങ്ങൾ പിന്നിടുന്നു.

ലോകത്തിലെ അപകടം പിടിച്ച മഹാസമുദ്രങ്ങളിൽ രണ്ടാം സ്ഥാനമാണ് നോർത്ത് അറ്റ്ലാന്റിക്കിന്. അറ്റ്ലാന്റിക് സമുദ്രം എന്ന ഒറ്റപ്പേരിലാണ് അറിയപ്പെടുന്നതെങ്കിലും മഹാസമുദ്രങ്ങളുടെ കണക്കിൽ അവ രണ്ടാണ്. ഭൂമധ്യരേഖയ്ക്ക് അപ്പുറവും ഇപ്പുറവും. യൂറോപ്യൻ തീരം നോർത്ത് അറ്റ്ലാന്റിക്കിലാണ്. മറുവശത്ത്, ആഫ്രിക്കയുടെയും വടക്കേ അമേരിക്കയുടെയും തീരം സൗത്ത് അറ്റ്ലാന്റിക്കിന്റെയും. കടൽജലത്തിന്റെ ചൂടും അതുമൂലമുള്ള ഒഴുക്കു വ്യത്യാസവുമൊക്കെയാണ് നോർത്ത് അറ്റ്ലാന്റിക്കിനെ അപകടകാരിയാക്കുന്നത്. നോർത്ത്, സൗത്ത് അറ്റ്ലാന്റിക് സമുദ്രങ്ങൾ ചേർന്ന് ഭൂഗോളത്തിന്റെ 20% ഭാഗം നിറഞ്ഞുകിടക്കുന്നു.

സമുദ്രസമാഗമം

ഭൂഗോളത്തിനു നടുവിലൂടെ മനുഷ്യൻ സാങ്കൽപികമായി വരച്ചതാണു ഭൂമധ്യരേഖയെങ്കിലും നാവികർക്ക് അതങ്ങനെയല്ല. ആദ്യമായി ഭൂമധ്യരേഖ മറികടക്കുമ്പോഴാണ് (ഇക്വേറ്റർ ക്രോസിങ്) ഒരു നാവികൻ മഹാസമുദ്രങ്ങളുടെ വ്യത്യസ്തതയിൽ സ്നാനം ചെയ്യപ്പെടുന്നത്. നാവികസേനയിൽ, ആദ്യമായി ഭൂമധ്യരേഖ മറികടക്കുന്ന നാവികർക്കായി വലിയ ചടങ്ങുതന്നെയുണ്ട്.

നോർത്ത് അറ്റ്ലാന്റിക്കിൽനിന്നു ഭൂമധ്യരേഖ പിന്നിടുമ്പോൾ സൗത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തിലെത്തും. അവിടെനിന്ന് ആഫ്രിക്കയുടെ ഭാഗത്തേക്കാണു യാത്ര ചെയ്യേണ്ടത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിനോടു ചേർന്നുള്ള കേപ് ഓഫ് ഗുഡ്ഹോപ്പിൽ അറ്റ്‌ലാന്റിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രവുമായി കൂടിച്ചേരുന്നു. വഞ്ചിയിൽനിന്നു നോക്കുമ്പോൾ ഈ രണ്ടു കടലുകളുടെയും നിറം ഒന്നാണെങ്കിലും ഭൂമിയിൽനിന്നുള്ള കാഴ്ച അങ്ങനെയല്ല. കേപ്ടൗണിനു സമീപത്ത് ഒരു മലമുകളിൽ കേപ് ഓഫ് ഗുഡ്ഹോപ്പിലെ മഹാസമുദ്രസമാഗമം നേരിൽ കാണാൻ കഴിയുന്ന ടൂറിസം കേന്ദ്രമുണ്ട്. അവിടെനിന്നു താഴെ കടലിലേക്കു നോക്കിയാൽ രണ്ടു മഹാസമുദ്രങ്ങളുടെയും നിറവ്യത്യാസം വ്യക്തമായി കാണാം. കടലുകൾ തമ്മിൽ കൂടിച്ചേരുന്നിടത്ത് ചിലപ്പോഴൊക്കെ അതിർരേഖ പോലെ നുര പതയുന്നുണ്ടാവും.

ഒരു നാവികന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് കടൽമുനമ്പുകൾ. കപ്പലുകളുടെ ശവക്കോട്ടയെന്നാണ് കേപ് ഓഫ് ഗുഡ് ഹോപ് അറിയപ്പെടുന്നതെങ്കിൽ അറ്റ്ലാന്റിക് – പസിഫിക് സമുദ്രങ്ങൾ മുഖാമുഖം കാണുന്ന ചിലെയിലെ കേപ് ഹോൺ സമുദ്രസഞ്ചാരികളുടെ എവറസ്റ്റ് കൊടുമുടിയെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. എതിരൊഴുക്കും അക്രമാസക്തരായ തിരകളും ഒളിച്ചിരുന്നോടിയെത്തുന്ന കൊടുങ്കാറ്റുകളും ഭീമൻ കപ്പലിനെപ്പോലും മറിച്ചിടാൻ പാകത്തിനു നിമിഷാർധത്തിൽ രൂപപ്പെടുന്ന കടൽക്ഷോഭങ്ങളുമെല്ലാം കൂടിക്കലരുന്നതാണ് കേപ് ഓഫ് ഗുഡ്ഹോപ്. കൊടുംതണുപ്പും എതിരൊഴുക്കുമാണ് കേപ് ഹോണിനെ കടലിലെ എവറസ്റ്റ് എന്നു വിളിക്കാൻ കാരണം. പാനമ കനാൽ തുറന്നതോടെ കേപ് ഹോൺ വഴിയുള്ള കപ്പൽസഞ്ചാരം കുറഞ്ഞെങ്കിലും ഇപ്പോഴും പായ്‌വഞ്ചി നാവികർ അവിടം വലംവയ്ക്കുന്നത് ഒരു ആചാരമായി തുടരുന്നു!

കേപ് ഹോണിലെ റിപ്പബ്ലിക് ദിനം

ഇത്തരം മുനമ്പുകൾ വലംവയ്ക്കുന്ന നിമിഷത്തെ ചരിത്രത്തിന്റെ ഭാഗമാക്കാൻ ഓരോ നാവികനും ആഗ്രഹിക്കും. ഇതിനു മുൻപ് സാഗർ പരിക്രമ–2ന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മാദേയി പായ്‌വഞ്ചിയിൽ കേപ് ഹോൺ വലംവച്ചത് ഇപ്പോഴും കോരിത്തരിപ്പിക്കുന്ന ഓർമയാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ കേപ് ഹോൺ ചുറ്റിക്കറങ്ങാൻ തീരുമാനിച്ചായിരുന്നു അന്നു യാത്രയ്ക്കിറങ്ങിയത്. മുൻതീരുമാനം അനുസരിച്ച് കരയിലും ആകാശത്തും സഞ്ചരിക്കുന്നതുപോലെ ഒരിക്കലും കടലിൽ യാത്ര സാധിക്കില്ലെന്ന് അറിയാമല്ലോ. പക്ഷേ, ഭാഗ്യം അത്രയേറെ അനുഗ്രഹിച്ച ആ യാത്രയിൽ കൃത്യം ജനുവരി 26നു തന്നെ കേപ് ഹോൺ മുനമ്പിലെത്തി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45ന് പസിഫിക്കിൽനിന്ന് ഞാൻ അറ്റ്ലാന്റിക്കിലേക്ക് കേപ് ഹോൺ മുനമ്പിലൂടെ കടന്നു. ചിലെയുടെ കടലതിർത്തി പിന്നിട്ട് അർജന്റീനയുടെ നീലക്കടലിലേക്ക്. ഇന്ത്യയുടെ 64–ാം റിപ്പബ്ലിക് ദിനം. ആ അനർഘനിമിഷത്തിന്റെ ഓർമയ്ക്കു മാദേയിയിൽ ഇന്ത്യൻ ദേശീയപതാകയുയർന്നു. ഭാരതമാതാവിന് ഒരു ഇന്ത്യൻ സൈനികന്റെ അഭിവാദ്യം. പശ്ചാത്തല സംഗീതമൊരുക്കാൻ നേവി ബാൻഡ് ഉണ്ടായിരുന്നില്ലെങ്കിലെന്താ, തിരമാലകൾ അതിനൊരുക്കമായിരുന്നു. കടൽത്തിരകളുടെ താളപ്രപഞ്ചം അന്നെന്റെ മനസ്സിലുണർത്തിയത് ദേശീയഗാനത്തിലെ ആ വരികളാണ് – ഉച്ഛല ജലധി തരംഗ...!

നാവികർക്കു മാത്രമായുള്ള ചില നിയമങ്ങളെക്കുറിച്ചു കൂടി പറയാനുണ്ട്. കേപ് ഹോൺ വലംവച്ച നാവികനു തന്റെ ചെവിയിൽ ഒരു സ്വർണക്കടുക്കനിടാം എന്നതാണ് ആദ്യത്തെ അലിഖിത നിയമം. കേപ്ഹോൺ കടന്നത് ഏതുഭാഗം ചേർന്നാണോ ആ വശത്തെ ചെവിയിലാണ് കടുക്കൻ ഇടേണ്ടത്. കേപ് ഹോൺ വലംവച്ചാൽ, ഡിന്നർമേശയിൽ ഒരു കാൽ കയറ്റിവയ്ക്കാം. കേപ് ഓഫ് ഗുഡ്ഹോപ് കൂടി മറികടന്ന നാവികർക്കു രണ്ടുകാലും മേശപ്പുറത്തു കയറ്റിവച്ച് ഡിന്നർ കഴിക്കാം.

സാഗർ പരിക്രമ –2 പ്രയാണം കഴിഞ്ഞ ശേഷം എനിക്കു രണ്ടു കാലും മേശയിൽ കയറ്റിവച്ച് ഡിന്നർ കഴിക്കാനും ഇടത്തേ ചെവിയിലൊരു സ്വർണക്കടുക്കനിടാനും അനുവാദമുണ്ട്! എത്ര വിചിത്രമായ ആചാരങ്ങൾ അല്ലേ?

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com