ADVERTISEMENT

മലബാർ ഗോൾഡുമായി ചേർന്ന് മലയാള മനോരമ നടത്തിയ ‘പെണ്ണൊരുമ’ സീസൺ 2 മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയ  തെന്നല ബ്ലൂംസ് കൂട്ടായ്മയെക്കുറിച്ച്...

ഭിന്നശേഷിക്കാരനായ മകനെ പ്രസവിച്ചതുകൊണ്ട് സഫിയ മാതോളി 24 വർഷമായി ജീവിതത്തിൽ ഒറ്റപ്പെട്ടിട്ട്. മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി മാത്രം നാട്ടിൽനിന്നു പുറത്തിറങ്ങുന്ന സഫിയ. മകൻ സഫ്‌വാന്റെ ലോകം ഉമ്മ മാത്രമാണ്. രാത്രിയിൽ ഉമ്മയില്ലാതെ അവന് ഉറങ്ങാൻ കഴിയില്ല. ഉറക്കത്തിൽപോലും ഉമ്മയുടെ കമ്മൽ പിടിച്ചുനോക്കും, അരികിലുണ്ടെന്ന് ഉറപ്പാക്കാൻ. 

നടക്കാൻ പ്രയാസം അനുഭവിക്കുന്ന സഫ്‌വാൻ തെന്നല ബ്ലൂംസ് സ്കൂളിൽ പോകുമ്പോൾ മാത്രമാണ് ഉമ്മയെ പിരിഞ്ഞിരിക്കുന്നത്. ഭിന്നശേഷിക്കാരനായ മകൻ ജനിച്ചപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് സഫിയയെ. മകളെ വിവാഹം കഴിപ്പിച്ചയച്ചു. സമീപത്തുള്ള വീടുകളിൽ ജോലി ചെയ്താണ് സഫിയ അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഇങ്ങനെയൊരു മകൻ ജനിച്ചതിന്റെ പേരിൽ ആ ഉമ്മ ഒരിക്കൽ പോലും സങ്കടപ്പെട്ടിട്ടില്ല. നിറഞ്ഞ കണ്ണുകളോടെ മകനെ നോക്കിയിട്ടുമില്ല. 

സഫിയയെപ്പോലെ അനേകം അമ്മമാരുണ്ട് ഈ നാട്ടിൽ. മലപ്പുറം കോട്ടയ്ക്കലിനടുത്ത് തെന്നലയെന്ന ഗ്രാമത്തിന്റെ അകത്തേക്കു പോകുംതോറും ഇതുപോലെ അദൃശ്യമായ മുള്ളുവേലികൊണ്ടു തീർത്ത മരുഭൂമികളിൽ കഴിയുന്ന അനേകം അമ്മമാരുണ്ട്. അവരിലൊരാളുടെ ജീവിതം മാത്രമാണ് സഫിയയുടേത്.

നാൽപതോളം അമ്മമാർ.. അവർക്ക് ഭിന്നശേഷിക്കാരായ അറുപതോളം മക്കൾ.. ഈ മക്കളെ വീട്ടിലാക്കി പോകാൻ കഴിയാതെ, വീട്ടിലേക്കു വരുമാനം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന അമ്മമാർ. അവർക്കിടയിലേക്കാണു കുടുംബശ്രീ പ്രവർത്തകയായ യാസ്മിൻ അരിമ്പ്ര എന്ന യുവതി കടന്നുവരുന്നത്. സിഡിഎസ് അധ്യക്ഷയായിരുന്ന യാസ്മിൻ, വീട്ടകങ്ങളിൽ കഴിയുകയായിരുന്ന നൂറുകണക്കിനു സ്ത്രീകളെ കാർഷികവൃത്തിയിലേക്കു നയിച്ച് നാടിനെ പച്ചപ്പണിയിച്ചുകൊണ്ടിരിക്കുകയായിരുന്നു.  

2011ൽ ആണ് യാസ്മിന്റെ കുടുംബശ്രീ ജീവിതം ആരംഭിക്കുന്നത്. അന്ന് നാട്ടിലെ വയലുകളെല്ലാം തരിശു കിടക്കുകയായിരുന്നു. പുരുഷൻമാർ ജോലിക്കു പോകുന്നതിനാൽ സ്വന്തം പറമ്പിലെ കൃഷിക്കു സമയമുണ്ടായിരുന്നില്ല. സ്ത്രീകളെ കൃഷിയെക്കുറിച്ചു ബോധവൽക്കരിച്ച് പാടത്തെത്തിച്ചു. പിന്നീടു നടന്നത് യഥാർഥ കാർഷിക വിപ്ലവമായിരുന്നു. ഒറ്റവർഷം കൊണ്ട് തെന്നല മലപ്പുറം ജില്ലയിലെ കുടുംബശ്രീ കൃഷിയിൽ ഒന്നാമതെത്തി. അതിനു പിന്നാലെ, ജൈവ അരി ഉൽപാദിപ്പിച്ച് തെന്നല ബ്രാൻഡിൽ വിൽപനയും തുടങ്ങി. 125 ഏക്കർ തരിശു ഭൂമിയാണ്  പെൺകൂട്ടായ്മ പൊന്നുവിളയിക്കുന്ന ഇടമാക്കിയത്.

കൃഷിക്കായി കൂടെയുണ്ടാകുന്ന ചില അമ്മമാരെ ഇടയ്ക്കു വയലിലേക്കു കാണാതായപ്പോൾ യാസ്മിൻ അന്വേഷിച്ചിറങ്ങി. അന്നേരമാണ് അവരുടെ വീടുകൾക്കുള്ളിലെ സങ്കടം മനസ്സിലാകുന്നത്. മിക്ക വീടുകളിലും ഭിന്നശേഷിക്കാരായ കുട്ടികൾ. അവരെ തനിച്ചാക്കി ജോലിക്കു പോകാൻ പറ്റാതെ വിഷമിക്കുന്ന അമ്മമാർ. ഇത്തരം കുട്ടികൾക്കായി മുൻപ് ഈ അമ്മമാരൊരു കൂട്ടായ്മയുണ്ടാക്കിയിരുന്നു. എന്നാൽ,  നല്ലൊരു നേതൃത്വമില്ലാത്തതിനാൽ അധികം മുന്നോട്ടുപോയില്ല. 

‘‘യാസ്മിൻ, ഞങ്ങളുടെ മക്കൾക്കു മാത്രമായി ഒരു സ്കൂൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ പകുതി പ്രശ്നം തീരുമായിരുന്നു’’. ഒരമ്മ നിറകണ്ണുകളോടെ പറഞ്ഞപ്പോഴാണ് യാസ്മിനും അങ്ങനെയൊരു കാര്യം ചിന്തിച്ചത്. 

കുടുംബശ്രീ സിഡിഎസ് അധ്യക്ഷയായതിന്റെ തിരക്കിലായിരുന്നു. തെന്നല ബ്രാൻഡ് അരി വിപണിയിലെത്തിച്ചു വിജയിപ്പിക്കേണ്ടതുമുണ്ട്. പക്ഷേ, അതിലും പ്രാധാന്യം നിറഞ്ഞതാണ് കൂടെയുള്ള അമ്മമാരുടെ സങ്കടമെന്നു മനസ്സിലാക്കി സ്കൂൾ തുടങ്ങാനുള്ള പരക്കംപാച്ചിലായി. 

ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നവരായിരുന്നു അതിൽ ഭൂരിഭാഗം പേരും. മക്കൾ ജനിച്ചതിനു ശേഷം വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പറ്റാതായവർ. മക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി മാത്രമായിരുന്നു അവർ പുറത്തേക്കു പോയിരുന്നത്. ഉപേക്ഷിച്ചു പോയ ഭർത്താക്കന്മാർ വേറെ സ്ഥലത്തു വിവാഹം കഴിച്ചുകൂടിയെന്ന വാർത്ത മറ്റൊരു സങ്കടമായി നെഞ്ചിലേറ്റും അവർ. 

സിഡിഎസ് അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയ ഉടൻ യാസ്മിൻ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  സ്കൂൾ ആരംഭിച്ചു. വാടകക്കെട്ടിടത്തിൽ പിറന്ന സ്കൂളിന്റെ പേര് ബ്ലൂംസ് എന്നായിരുന്നു. കുട്ടികളെ  ഓട്ടോറിക്ഷയിൽ കൊണ്ടുവരും. പരിശീലനം ലഭിച്ച അധ്യാപികയുടെയും ആയയുടെയും ശമ്പളവും ഓട്ടോ ചാർജുമൊക്കെയായി 35,000 രൂപയോളം മാസം ചെലവു വരും. പലരുടെയും സഹായത്തോടെയാണു പണം കണ്ടെത്തുന്നത്. ചില മാസങ്ങളിൽ കടം വാങ്ങിയാണു ചെലവു നിവർത്തിക്കുന്നത്. സ്കൂളിന്റെ കാര്യങ്ങൾക്കായി യാസ് എ എന്ന പേരിൽ ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമാണ് യാസ്മിൻ ഇപ്പോൾ.

സ്കൂളിൽ വരാൻ തുടങ്ങിയതോടെ കുട്ടികളിലും മാറ്റം വരാൻ തുടങ്ങി. സ്വന്തം കാര്യങ്ങളൊക്കെ മിക്കവരും ചെയ്യും. കോവിഡ് കാലത്ത് സ്കൂൾ  അടച്ചിടേണ്ടി വന്നതോടെ വീണ്ടും പ്രയാസത്തിലായിരുന്നു അമ്മമാരും കുട്ടികളും. സ്കൂൾ നടത്തിപ്പിനുള്ള ചെലവിനായി ഇപ്പോൾ അമ്മമാരെല്ലാം കൃഷി ചെയ്യുകയാണ്. പാടത്തെ നെല്ലിനെല്ലാം കതിരു വന്നു. കൊയ്തുകഴിഞ്ഞാൽ നെല്ല് സപ്ലൈകോയ്ക്കു വിൽക്കും. ആ പണം സ്കൂളിന്റെ ചെലവിനായി മാറ്റിവയ്ക്കും.

മലയാള മനോരമയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നു നടത്തിയ പെണ്ണൊരുമ സീസൺ രണ്ടിന്റെ സംസ്ഥാനതല പുരസ്കാരം ബ്ലൂംസ് സ്കൂളിനെ തേടിയെത്തി. മക്കൾക്കായി അമ്മമാർ ഒരുക്കിയ കരുതലിനുള്ള അംഗീകാരമായിരുന്നു അത്. 

പുരസ്കാരം വാങ്ങാൻ യാസ്മിന്റെ കൂടെ മനോരമ ന്യൂസ് ചാനൽ ഓഫിസിലേക്കു വന്നതു സഫിയ മാതോളിയായിരുന്നു. ജീവിതത്തിൽ ആദ്യമായി കൊച്ചി കാണുകയായിരുന്നു അവർ. കാറിന്റെ ചില്ലുജാലകത്തിലൂടെയുള്ള ഓരോ കാഴ്ചയും അവരെ അമ്പരപ്പിക്കുന്നതായിരുന്നു. 24 വർഷമായി പുറം ലോകത്തെ മാറ്റങ്ങൾ കാണാൻ പറ്റാത്തൊരു സ്ത്രീയുടെ ഭാവം..

സ്കൂളിനായി സ്വന്തം സ്ഥലം, കെട്ടിടം ഇത്രയൊക്കെയാണ് ബ്ലൂംസ് സാരഥികളുടെ ഇപ്പോഴത്തെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com