ADVERTISEMENT

വീഴ്ചകളെ ഊർജമാക്കി ‘ഇൻകർ റോബട്ടിക്സ്’ എന്ന വിസ്മയസംരംഭം പടുത്തുയർത്തി, രാഹുൽ പി.ബാലചന്ദ്രൻ.....

ഒരുകാലത്ത് യന്ത്രമനുഷ്യനെപ്പോലെ പണിയെടുത്തിട്ടുണ്ട് രാഹുൽ. പുലർച്ചെ ഉണർന്ന് പാതിരാവോളം വീടുകളെയും വാഹനങ്ങളെയും ഓഫിസുകളെയുമെല്ലാം കുളിപ്പിച്ചു വൃത്തിയാക്കി. സാമ്പത്തികമായി പൊളിഞ്ഞു പാളീസായിട്ടും സംരംഭകനാകുന്നതു സ്വപ്നം കണ്ട ഇരുപത്തിമൂന്നുകാരന്റെ അതിജീവനശ്രമമായിരുന്നു അത്.

ഇന്നു രാഹുലിനുവേണ്ടി യന്ത്രമനുഷ്യർ പണിയെടുക്കുന്നു. നാട്ടിൻപുറത്തെ സ്കൂളുകളിലും പോളിടെക്നിക്കിലും പഠിച്ച ഈ ചെറുപ്പക്കാരനൊപ്പം, ഐഐടികളിലും ഐഐഎമ്മുകളിലും നിന്നു മാത്രമല്ല, ലോകത്തിലെ എണ്ണംപറഞ്ഞ സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങിയവർ വരെ പണിയെടുക്കുന്നു. കൃഷിയിലും വൈദ്യരംഗത്തും അധ്യാപനത്തിലും എന്തിനു പാവകളിയിൽ വരെ റോബട്ടുകളെ ഉപയോഗിച്ച് അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്, റോബട്ടിക്സും പുതു സാങ്കേതികവിദ്യകളും സ്വയം പഠിച്ച രാഹുൽ.

നഷ്ടങ്ങളുടെ കഫേ

തൃശൂർ ജില്ലയിലെ മുള്ളൂർക്കരയ്ക്കടുത്ത് ഇരുന്നിലംകോടാണ് നാട്. കേരളവർമ കോളജിൽ അവസാന ബാച്ച് പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു. പിന്നീടു ചേലക്കര പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ് പഠിച്ചു. രാഹുലിന് 23 വയസ്സുള്ളപ്പോൾ അച്ഛൻ ബാലചന്ദ്രൻ കയ്യിലേക്ക് ഒരു തുക വച്ചുകൊടുത്തു. റബ്ബറും തെങ്ങും കൃഷി ചെയ്തുണ്ടാക്കിയ വിയർപ്പിൽ കുതിർന്ന നോട്ടുകൾ. ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യൂ എന്നും പറഞ്ഞു. ആ വർഷം അച്ഛൻ മരിച്ചു. സംരംഭകനാകണമെന്ന് ആഗ്രഹിച്ചിരുന്ന രാഹുൽ തൃശൂർ നഗരത്തിലെ ഒരു കഫേ ഏറ്റെടുത്തു.

കഫേ കസീനോ എന്നായിരുന്നു അതിന്റെ പേര്. അഞ്ചുവർഷത്തോളം അതു നടത്തി. പരിചയക്കുറവു മൂലം ചില പ്രശ്നങ്ങളുണ്ടായി. കടം പെരുകിവന്നു. നഷ്ടം ഒരു ഡ്രോണിനെപ്പോലെ തിരിച്ചുപിടിക്കാൻ പറ്റാത്ത നിലയിലേക്ക് ഉയർന്നു. മുടക്കിയതെല്ലാം മുങ്ങുന്ന അവസ്ഥയായപ്പോൾ കഫേയിൽ നിന്ന് ഇറങ്ങി. 28–ാം വയസ്സിൽ 30 ലക്ഷത്തോളം രൂപയുടെ കടം. കുടുംബത്തിലെ മൂത്തയാളായിരുന്നു രാഹുൽ‌. 25–ാം വയസ്സിൽ വിവാഹിതനായി. കുറച്ചുകാലം സാമൂഹിക സുരക്ഷാ മിഷനിൽ ജോലി ചെയ്തു. കേരളം മുഴുവൻ സഞ്ചരിച്ചു ക്യാംപുകൾ നടത്തി. അതു കഴിഞ്ഞതോടെ വീണ്ടും സംരംഭമെന്ന സ്വപ്നത്തിലേക്ക് ഇറങ്ങി.

കാറൊഴിയാത്ത ദിനങ്ങൾ

തിരുവനന്തപുരം നഗരത്തിലെ വീടുകളിൽ ചെന്ന് കാറുകൾ സർവീസ് ചെയ്തുകൊടുക്കാൻ തുടങ്ങി. നോട്ടിസുകളൊക്കെ വിതരണം ചെയ്തെങ്കിലും ആരും വിളിച്ചില്ല. അങ്ങനെയിരിക്കെ മെട്രോ മനോരമയിൽ ഒരു വാർത്ത വന്നു. 200 രൂപയ്ക്ക് വീട്ടിലെത്തി കാർ സർവീസ് ചെയ്യുന്ന ചെറുപ്പക്കാരെക്കുറിച്ചുള്ള സചിത്ര വാർത്തയായിരുന്നു അത്. അതോടെ ഇരിക്കാൻ നേരമില്ലാതായി. രാവിലെ ആറിന് ഉണർന്നാൽ രാത്രി 12 വരെ നീളുന്ന ‌‌കഴുകലും തുടയ്ക്കലും. സുഹൃത്ത് മില്ലി മാത്യുവും  രാഹുലും അനിയൻ യാദവും ചേർന്നായിരുന്നു തുടക്കത്തിൽ എല്ലാ പണിയും. ഒരുപാടു ജോലിക്കാരുണ്ടായി. പണി കണ്ട് ഇഷ്ടമായ, കവടിയാറിലെ ഡോ.മനോജിൽനിന്നു സഹായമെത്തിയതോടെ സ്ഥാപനവും താമസിക്കാൻ സ്ഥലവുമായി. കോൾ സെന്ററിൽ ഫോൺ മുഴങ്ങിക്കൊണ്ടിരുന്നു. പതുക്കെ വീടുകളും ഫ്ലാറ്റുകളും കൂടി കാറിനൊപ്പം ഇടംപിടിച്ചു. ഇരുപതോളം ജീവനക്കാര‍ുണ്ടായി. ഒരുപാടുപേർ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നു.

INKERDROWN
കൃഷിയിടത്തിൽ വിത്തു വിതയ്ക്കാനും മരുന്നടിക്കാനുമുള്ള ഡ്രോൺ. 15 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ഇതിനു ശേഷിയുണ്ട്.

അക്കാലത്തെ ഒരു സംഭവം രാഹുൽ ഓർക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുകയായിരുന്നു. സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്താൻ താൽപര്യമുണ്ടായിരുന്ന ഒരാൾ വിളിച്ചു. കൊച്ചിയിൽ ഒബ്റോൺ മാളിലെത്തിയാൽ കാണ‍ാമെന്നു പറഞ്ഞു. രാഹുൽ ട്രെയിനിറങ്ങി. കയ്യിൽ ആകെ 100 രൂപയേയുള്ളൂ. ബസിനു പോകാമെന്നു കരുതിനിൽക്കുമ്പോൾ അയാൾ വീണ്ടും വിളിച്ചു. തീരെ സമയമില്ല, വേഗം വരണം. ഓട്ടോ പിടിച്ച് അവിടെയെത്തിയതോടെ 100 രൂപ തീർന്നു. സംസാരമെല്ലാം കഴിഞ്ഞപ്പോൾ റെയിൽവേ സ്റ്റേഷനിൽ വിടാമോയെന്ന് രാഹുൽ ചോദിച്ചു. കുടുംബം കൂടെയുണ്ട്, ആ വഴിക്കല്ല തുടങ്ങിയ ന്യായീകരണങ്ങൾ പറഞ്ഞ് അയാൾ ഒഴിഞ്ഞു. സങ്കടത്താലും നിരാശയാലും ഉലഞ്ഞ രാഹുൽ, റെയിൽവേ സ്റ്റേഷനിലേക്കുള്ള പത്തു കിലോമീറ്റർ പൊള്ളുന്ന വെയിലത്തു നടന്നു. മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട് ആ ദിവസം. 

സംരംഭത്തെ എങ്ങനെ അടുത്ത തലത്തിലേക്കു വളർത്തിയെടുക്കണമെന്ന് അറിയില്ലായിരുന്നു. ജീവനക്കാർ ഓർക്കാപ്പുറത്തു വരാതിരിക്കുമ്പോൾ എല്ലാം തകിടം മറിയുമായിരുന്നു. അങ്ങനെ അതിനു താഴിട്ട് തൃശൂരിലേക്കു മടങ്ങി. ആദ്യ സംരംഭം തന്നെ വിജയിച്ചില്ലെങ്കിൽ തള്ളിപ്പറയുന്ന ശീലമുണ്ട് സമൂഹത്തിന്. കുത്തുവാക്കുകളും ഒളിമുനകളും പതിവാകും. അതിനെ മറികടക്കാൻ മനസ്സിനെ ശീലിപ്പിക്കണമെന്നു രാഹുൽ പറയും. ഹെഡ്സ്റ്റാർട്ട് നെറ്റ്‌വർക്ക് ഫൗണ്ടേഷന്റെ സ്റ്റാർട്ടപ് സാറ്റർഡേ കൊച്ചിയിൽ തുടങ്ങിയ കാലമായിരുന്നു അത്. അവിടെപ്പോയി സംരംഭം തുടങ്ങുന്നതിന്റെ ആദ്യാവസാനമുള്ള കാര്യങ്ങൾ പഠിച്ചു. 

സിം വിറ്റു നടന്ന കാലം

ഒരുപാടു യാത്രകൾ നടത്തി. അതിനിടെ മുംബൈയിലെ കോൾ സെന്ററിൽ ഒരു വർഷം ജോലി ചെയ്തു. തിരിച്ചെത്തി ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് തകൃതിയായി ആലോചിക്കുമ്പോഴാണ് അമ്മ പരിചയക്കാരോടു പറഞ്ഞ് ദുബായിയിൽ ഒരു ജോലി ശരിയാക്കിയത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും പോയി. 

ദുബായിൽ പല പണിയുമെടുത്തു. എത്തിസലാത്തിന്റെയും ഡുവിന്റെയും സിം കാർഡുകൾ വിറ്റുനടന്നിട്ടുണ്ട്. വ്യാപാരത്തിന്റെയും അതിജീവനത്തിന്റെയും പല രഹസ്യങ്ങളും ആ മഹാനഗരം പഠിപ്പിച്ചു. തൃശൂരിൽ നിന്നുള്ള സുഹൃത്ത് ജയറാം അന്നവിടെയുണ്ടായിരുന്നു. വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംരംഭം ചെയ്യാൻ ഇരുവരും ഉറപ്പിച്ചു. ആദ്യം നാട്ടിലേക്കു തിരിച്ചതു രാഹുലാണ്. ആറുമാസത്തോളം ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു. ആന്ധ്ര, തെലങ്കാന മേഖലയിൽ ദീർഘമായി യാത്ര ചെയ്തു. ഒരുപാടു സംരംഭകരെ കണ്ടുമുട്ടി. ജയറാമിനൊപ്പം ചേർന്ന് പുഴയ്ക്കലിൽ ഹൗസ്ബോട്ട് സർവീസ് തുടങ്ങി. ‘ബിരിയാണി വിത് ബോട്ട് റേസ്’ ഒരുപാടുപേരെ ആകർഷിച്ചു. അപ്പോഴും ‘ഇതല്ല, ഇതല്ല’ എന്നു മനസ്സു പറഞ്ഞുകൊണ്ടിരുന്നു. 

ഇൻകർ പിറക്കുന്നു

ജയറാമും രാഹുലും ചേർന്ന് ‘സ്റ്റെം റോബട്ടിക്സ്’ എന്ന പേരിൽ കേരളത്തിലെ ആദ്യ റോബട്ടിക് അക്കാദമിക്കു തുടക്കമിട്ടു. ലക്ഷ്യങ്ങൾ വ്യത്യസ്തമാകാൻ തുടങ്ങിയതോടെ ഇരുവരും സൗഹൃദത്തോടെ പിരിഞ്ഞു. രാഹുൽ സ്വന്തം സംരംഭകയാത്ര തുടങ്ങി. 2018 ജൂലൈയിൽ ഇൻകർ എന്ന സ്റ്റാർട്ടപ്പിനു തുടക്കമിട്ടു. ഏതാനും മാസങ്ങൾക്കു ശേഷം ഇന്നത്തെ വിശാലമായ ഇടത്തിലേക്കു മാറി. ഓഫിസും അക്കാദമിയും റിസർച് ലാബുമെല്ലാം ചേർന്ന 4500 ചതുരശ്ര അടി. ഇവിടെയിരുന്നാണ് രാഹുലും സംഘവും റോബട്ടിക് വിസ്മയങ്ങൾ പലതും ഒരുക്കുന്നത്. ഓൾ ഇന്ത്യ സ്റ്റെം സമ്മിറ്റിൽ ഏറ്റവും മികച്ച റോബട്ടിക് ലാബിനുള്ള പുരസ്കാരം ലഭിച്ചു. റോബട്ടുകൾ തളികയിൽ വച്ചുനീട്ടിയതല്ല ഈ വിജയം. അതിനു പിന്നിൽ നീണ്ടനാളത്തെ സഹനവും അർപ്പണവുമുണ്ട്.

ധനമന്ത്രി നിർമല സീതാരാമനോട് ബജറ്റ് സങ്കൽപങ്ങൾ പങ്കുവച്ച ആൾട്ടൻ എന്ന ഹ്യൂമനോയ്ഡ് റോബട്ടും പറഞ്ഞതുപോലെ അണുശുദ്ധീകരണം നടത്തുകയും മരുന്നുകൾ കൃത്യമായി എത്തിക്കുകയും ചെയ്യുന്ന ഓട്ടമേറ്റഡ് ഗൈഡഡ് വെഹിക്കിളുമെല്ലാം പിറന്നത് ഈ യന്ത്രശാലയിലാണ്. എന്തുകൊണ്ട് റോബട്ടിക്സ് എന്നു ചോദിച്ചാൽ രാഹുൽ അച്ഛൻ ബാലചന്ദ്രനെക്കുറിച്ചു പറയും. കൃഷിയായിരുന്നു ജീവിതമെങ്കിലും തടിയിൽ ജ്യാമിതീയരൂപങ്ങൾ കൊത്തിയെടുത്ത് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. അതിന് അതിശയിപ്പിക്കുന്ന സാങ്കേതിക മികവുണ്ടായിരുന്നു. റോബട്ടുകളുടെ മുതുമുത്തച്ഛൻമാരായിരുന്നു ആ രൂപങ്ങൾ.

‘എനിക്കു റോബട്ടിക്സിനെക്കുറിച്ച് ഒന്നുമറിയില്ല, പക്ഷേ നിന്നെ വിശ്വാസമാണ്’ എന്നുപറഞ്ഞ് അനുരാഗ് എന്ന സുഹൃത്താണ് ഇൻകറിനായി ആദ്യം മുതൽ മുടക്കിയത്. പത്തനംതിട്ട സ്വദേശിയായ ബെൻസൺ തോമസും ഷബാൻ ഖാദറും അമിത് രാമനുമെല്ലാം മുതൽമുടക്കിയത് പൊടുന്നനെ വലിയ ലാഭം കൊയ്യാമെന്നു കരുതിയിട്ടല്ല. ‘ബീ ഫ്യൂച്ചർ റെഡി’ എന്ന ഇൻകറിന്റെയും രാഹുലിന്റെയും സങ്കൽപത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ്. ഭാര്യ രഞ്ജിതയും സഹോദരന്മാരായ അഭിജിത്തും യാദവും വലിയ പ്രതിസന്ധികളിലും കട്ടയ്ക്കു കൂടെ നിന്നു. 

പാഠങ്ങളും പാടങ്ങളും

ഗ്രാമം 4.O എന്ന േപരിൽ റോബട്ടിക് എക്സ്പോകൾ സംസ്ഥാനത്തെ ഒട്ടേറെ സ്കൂളുകളിൽ നടത്തി. സ്വന്തം സ്കൂളായ മുള്ളൂർക്കര എൽപി സ്കൂൾ പോലുള്ള ഗ്രാമീണവിദ്യാലയങ്ങളിലെ കുട്ടികൾ റോബട്ടിനു നേരെ ആവേശച്ചോദ്യങ്ങളെറിഞ്ഞു. സ്കൂളുകളിൽ റോബട്ടിക് ക്ലബ്ബുകൾ തുടങ്ങാൻ പദ്ധതിയുണ്ട്. 

കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇൻകറിനായി. ചെറിയ സമയം കൊണ്ട് ആയിരക്കണക്കിന് ഏക്കർ സ്ഥലത്തു മരുന്നു തളിക്കാൻ കഴിയുന്ന പൃഥ്വിയെന്ന ഡ്രോൺ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജലസേചനത്തിലടക്കം പുതിയ ചാലുകൾ കീറി. പരമ്പരാഗതമായി പാവകളിയിലേർപ്പെട്ട കുടുംബങ്ങളുടെ ഉപജീവനം കൂടി മനസ്സിൽ കണ്ട് അതിലേക്കു റോബട്ടിക് സങ്കേതങ്ങൾ പ്രയോഗിച്ചപ്പോൾ അത് ഒരുപാടുപേരെ ആകർഷിച്ചു. പഴകിമുഷിഞ്ഞ പാഠങ്ങളാണ് പുസ്തകങ്ങളിൽ. പുതിയ കാലത്തിനായി തയാറെടുക്കാൻ അതു പോരാ. പുതിയൊരു വിപ്ലവമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ വിപ്ലവത്തിൽ നമ്മുടെ കുട്ടികളെയും അണിചേർക്കുകയാണ് ഇൻകർ; അതിന്റെ തനിനാടൻ സിഇഒ രാഹുൽ പി.ബാലചന്ദ്രൻ.

സ്വന്തം ശക്തികൾക്കൊപ്പം ദൗർബല്യങ്ങളും തിരിച്ചറിയുന്നതിലാണ് ഒരു സംരംഭകന്റെ മിടുക്കെന്ന് രാഹുൽ പറയും. നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞാൽ ആ കുറവു നികത്താൻ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാം. ഇന്ന് 45 പേർ ഇൻകറിന്റെ ഭാഗമാണ്. എണ്ണം പറഞ്ഞ സ്ഥാപനങ്ങൾ പോലും ക്യാംപസ് റിക്രൂട്മെന്റിനായി സമീപിക്കുന്നു. മലയാളികൾ ഇന്നുവരെ പരിചയിക്കാത്ത വലിയൊരു വിസ്മയസംരംഭത്തിനുള്ള ഒരുക്കത്തിലാണ് രാഹുൽ – ഇന്ത്യയിലെ ആദ്യ റോബോ പാർക്ക്. കൊച്ചിയിൽ പത്തേക്കറിലാണ് ഈ ഫ്യൂച്ചർ വേൾഡ് വരുന്നത്. ഇത് ഇന്ത്യയിലെ ആദ്യത്തെ ടെക് ടൂറിസം ഡെസ്റ്റിനേഷനായിരിക്കും. 

ഇരുന്നിലംകോട്ടെ ഇടവഴികളിലൂടെ നടന്ന് രാഹുലിന്റെ യാത്ര ഇതാ ഇവിടെവരെ എത്തിയിരിക്കുന്നു. ഇസ്തിരിയിടാത്ത ഇംഗ്ലിഷിൽ പ്രസംഗിച്ചുകൊണ്ട് വേദികൾ കീഴടക്കുന്നു. കാരണം, ആ വാക്കുകൾ അനുഭവങ്ങളുടെ ആലയിൽ വെന്തു പഴുത്തതാകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com