പറക്കും മീനുകളും ആൽബട്രോസ് പക്ഷികളും

abhilsh tomy
50 വർഷം മുൻപത്തെ രീതിയിൽ ചാർട്ട് ഉപയോഗിച്ചു തുരീയയുടെ യാത്രാവഴി അടയാളപ്പെടുത്തുന്ന അഭിലാഷ് ടോമി.
SHARE

നോർത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽനിന്നു ഭൂമധ്യരേഖ കടന്ന് സൗത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തിലൂടെ തുരീയ യാത്ര തുടരുകയാണ്. ഭൂമധ്യരേഖയോടു ചേർന്നുള്ള കടലാണ് നാവികരുടെ പറുദീസ. കടലും കാലാവസ്ഥയും ഇവിടെ മികച്ചതായിരിക്കും.

അതേസമയം, ധ്രുവങ്ങളിലേക്ക് അടുക്കുംതോറും കാലാവസ്ഥ കടുപ്പമാകും. കടൽജലത്തിനു തണുപ്പു കൂടും. ഒഴുക്കും കൊടുങ്കാറ്റുകളും തിരകളും പ്രവചനാതീതമാകും.

tomy
കടലിനു മീതെ പറക്കുന്ന വൈറ്റ് ആൽബട്രോസ് പക്ഷി. സാഗർ പരിക്രമ 2 പ്രയാണത്തിനിടെ അഭിലാഷ് ടോമി പകർത്തിയ ചിത്രം.

ഭൂമധ്യരേഖയ്ക്കു തൊട്ടുചേർന്ന ഭാഗത്തുകൂടി ലോകംചുറ്റി വരുന്ന നാവികരുണ്ട്. പാനമ – സൂയസ് കനാലുകൾ വഴിയുള്ള അവരുടെ യാത്രയ്ക്കു പക്ഷേ, നാവികരുടെ ഇടയിൽ മതിപ്പു കുറവാണ്. കടലിനെ പൂർണമായി അറിയണമെങ്കിൽ ഭൂമധ്യരേഖയിൽനിന്ന് 60 ഡ്രിഗിയോളം ദക്ഷിണഭാഗത്തേക്കു കൂടി യാത്ര ചെയ്യണം! കടലിലെ മൂന്നു മഹാമുനമ്പുകളും (ഗ്രേറ്റ് കേപ്സ്) ദക്ഷിണഭാഗത്താണ്. ഓസ്ട്രേലിയയിലെ കേപ് ല്യൂവിൻ, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്, ചിലെയിലെ കേപ് ഹോൺ എന്നിവ. ഈ മൂന്നു മുനമ്പുകളും വലംവച്ചെങ്കിൽ മാത്രമേ, ലോകംചുറ്റുന്ന പായ്‌വഞ്ചിയോട്ടം പൂർണമാകൂ.

കടലുകൾ തമ്മിൽ വ്യത്യാസമുണ്ടോ?

അറ്റ്ലാന്റിക്കും പസിഫിക്കും തമ്മിൽ എന്താണു വ്യത്യാസമെന്നു ചോദിക്കുന്നവരുണ്ട്. വ്യത്യാസമൊന്നുമില്ല എന്നാണ് ഞാൻ മറുപടി പറയാറ്. കാരണം, ഭൂമധ്യരേഖയോടു ചേർന്നുള്ള ഭാഗത്ത് കടലിൽ എല്ലായിടത്തും ഒരേ കാലാവസ്ഥയാണ്. അവിടെനിന്നു തെക്കോട്ടും വടക്കോട്ടും മാറുന്നതനുസരിച്ച് കടൽജലത്തിന്റെ താപനിലയിൽ വരുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രത്യേകത ഒരുപോലെയായിരിക്കും.

ഉദാഹരണത്തിന് 20 ഡിഗ്രി സൗത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏതാണ്ട് അതേ സ്വഭാവം തന്നെയായിരിക്കും 20 ഡിഗ്രി സൗത്ത് പസിഫിക്കിനും ഇന്ത്യൻ മഹാസമുദ്രത്തിനും!

കടലിന്റെ ഈ മാറ്റം തിരിച്ചറിയുന്നതു രസകരമാണ്. കടലിൽ ഒരു പ്രത്യേക ഭാഗത്തുമാത്രം കാണുന്ന പക്ഷികളും മീനുകളുമൊക്കെയുണ്ട്. ഈ അതിഥികളാണ് ഒറ്റയ്ക്കുള്ള യാത്രയിൽ പലപ്പോഴും നമ്മെ സന്തോഷിപ്പിക്കുക. തുരീയയുടെ യാത്രയിൽ ആദ്യം മുന്നിലെത്തിയതു പറക്കുംമത്സ്യമാണ്. കടൽജലത്തിൽനിന്ന് ഉയർന്നു പറന്ന് മറ്റൊരിടത്തു മുങ്ങുന്ന അപൂർവമീനുകൾ.

ഭൂമധ്യരേഖയോടു ചേർന്നാണ് പറക്കുംമീനുകൾ കാണപ്പെടുക. കടലിൽ ഏതെങ്കിലുമൊരു വലിയ മീൻ അവയെ തിന്നാനെത്തുമ്പോഴാണ് പറക്കുംമീ‍ൻ ഇങ്ങനെ ഉയർന്നു ചാടുക. ശത്രുവിൽനിന്നു രക്ഷപ്പെടാൻ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പറപറക്കുന്ന മീൻ!

കൂറ്റൻ ചിറകുള്ള  പക്ഷികൾ

ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കുമ്പോൾ ആൽബട്രോസ് പക്ഷികളുടെ വരവായി. വലിയ ചിറകുകളുള്ള ആൽബട്രോസ് പക്ഷികൾ രണ്ടു വിഭാഗമുണ്ട്; വെളുപ്പും തവിട്ടും. ആൽബട്രോസ് പക്ഷികൾ കടലിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ അടയാളങ്ങളാണ്.

ചൂടിൽനിന്നു തണുപ്പിലേക്കു മാറുന്നിടത്താണ് ഞാനാദ്യം തവിട്ടു നിറമുള്ള ആൽബട്രോസ് പക്ഷികളെ കണ്ടത്. സൗത്ത് അറ്റ്‌ലാന്റിക്കിലേക്ക് തൂരീയ പ്രവേശിച്ച് അധികം വൈകാതെ ബ്രൗൺ ആൽബട്രോസുകളുടെ വരവായി. ദക്ഷിണായന രേഖയുടെ തെക്കുഭാഗത്ത് ചിലെ മുതൽ ഓസ്ട്രേലിയ വരെയാണു ബ്രൗൺ ആൽബട്രോസുകളുടെ അധിവാസമേഖല. കടലിൽ ഒരു ചിറകടിയൊച്ച പോലും കേൾപ്പിക്കാതെ എപ്പോഴും പറന്നുകൊണ്ടിരിക്കുന്ന ഇവ കുഞ്ഞുങ്ങൾക്കു തീറ്റകൊടുക്കാനല്ലാതെ കരയിൽ കാലുകുത്തില്ലെന്ന് ഉഗ്രശപഥമെടുത്തവയാണ്. പറക്കാൻ തുടങ്ങിയാൽ ആദ്യത്തെ 6 വർഷത്തോളം ഇവ കരയിൽ ഇറങ്ങാറേയില്ലത്രേ!

ഇടയ്ക്കെപ്പോഴൊക്കെയോ ആൽബട്രോസ് പക്ഷികളും തുരീയയ്ക്ക് ഒപ്പം പറക്കാൻ തുടങ്ങി. ഏകാന്തയാത്രയിൽ ഈ പക്ഷികൾ വലിയൊരു അനുഗ്രഹമാണ്. ചില നേരത്ത് അവ മനുഷ്യനെക്കാൾ നന്നായി ആശയവിനിമയം ചെയ്യാൻ കഴിവുള്ളവയാണെന്നു പോലും നമുക്കു തോന്നും. പസിഫിക് സമുദ്രത്തിലാണ് വെളുത്ത ആൽബട്രോസ് പക്ഷികൾ നമ്മെ വരവേൽക്കുക. 10 അടിയോളം വ്യാപ്തിയുണ്ട് ഇവയുടെ ചിറകുകൾക്ക്. പറക്കാൻ കഴിവുള്ള പക്ഷികളിൽ ലോകത്തേറ്റവും വലുപ്പവും ഇവയ്ക്കാണ്.

തുരീയയ്ക്ക്  വഴിതെറ്റിയോ?

ഭൂമധ്യരേഖ മറികടന്ന് ആഫ്രിക്കയുടെ ഭാഗത്തേക്കു പോകാതെ അൽപം വളഞ്ഞ വഴിയിൽ ഞാൻ ദക്ഷിണ അമേരിക്കയുടെ ഭാഗത്തേക്കാണ് തുരീയയെ തിരിച്ചുവിട്ടത്. ഇതുകണ്ട് എനിക്കു ദിശ തെറ്റിയതായി കരയിലുള്ള പലരും സംശയിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം മുന്നിലേക്കു പോകുമ്പോൾ ഞാൻ മാത്രം പിന്നിലേക്കോ എന്നായി പലരുടെയും ചിന്ത. ആ സമയത്ത് 13–ാം സ്ഥാനത്തായിരുന്നു തുരീയ.

പക്ഷേ, എനിക്കു ദിശ തെറ്റിയതായിരുന്നില്ല അത്. കാലാവസ്ഥ പരിശോധിച്ചപ്പോൾ സൗത്ത് അറ്റ്ലാന്റിക്കിൽ ഉയർന്ന മർദം ശക്തിപ്രാപിക്കുന്നതായി മനസ്സിലായി. ഇതിൽ അകപ്പെട്ടാൽ യാത്രയുടെ വേഗം കുറയും. എതിർദിശയിൽ വീശുന്ന കാറ്റാണ് (ഹെഡ്‌വിൻഡ്) ഇവിടെ പ്രശ്നം സൃഷ്ടിക്കുക. ഇതൊഴിവാക്കാനാണ് ഞാൻ ദിശ തിരിച്ചുവിട്ടത്. തുരീയയ്ക്ക് 500 നോട്ടിക്കൽ മൈൽ വരെ മുന്നിലായിരുന്ന വഞ്ചികൾ ഈ മർദത്തിൽപെട്ടു. ഈ പ്രത്യേക അവസ്ഥയിൽനിന്നു രക്ഷപ്പെടാൻ ഏറെ സമയമെടുക്കും.

ആ സമയത്തു ഞാൻ സാധാരണയിലും വേഗത്തിലുള്ള കുതിപ്പിലായിരുന്നു. തുരീയയ്ക്ക് 500 നോട്ടിക്കൽ മൈൽ മുന്നിലായിരുന്ന പല വഞ്ചികളും കേപ് ഓഫ് ഗുഡ്ഹോപ് പിന്നിട്ടപ്പോഴേക്കും 1200 നോട്ടിക്കൽ മൈൽ വരെ പിന്നിലായി. 13–ാം സ്ഥാനത്തായിരുന്ന ഞാൻ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തു വരെയെത്തി.

കാറ്റിന്റെ കരുത്തും കടലിലെ ഒഴുക്കും മുതലാക്കി യാത്ര ചെയ്യുമ്പോൾ കാലാവസ്ഥയും കടലിന്റെ സ്വഭാവവും പരിഗണിച്ചു റൂട്ട് തീരുമാനിക്കുന്നതാണു വെല്ലുവിളി. കേപ് ഓഫ് ഗുഡ്ഹോപ്പിൽ അറ്റ്ലാന്റിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കു പ്രവേശിക്കുന്നിടത്തു വച്ച് തുരീയയ്ക്കു നല്ല കാറ്റും അനുകൂലമായ ഒഴുക്കുമാണു കിട്ടിയത്. ഇതുമൂലം മൂന്നു ദിവസം കൊണ്ട് ഏകദേശം 600 നോട്ടിക്കൽ മൈൽ പിന്നിടാൻ സാധിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തും മുൻപ് മറ്റൊരു അദ്ഭുതവുമുണ്ടായി. ചന്ദ്രനിൽ ചെന്നാൽപോലും അവിടെയൊരു മലയാളിയുടെ ചായക്കടയുണ്ടാകുമെന്നു തമാശയായി പറയുമല്ലോ. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏകാന്തമായ ഒരിടത്തു വച്ച് ഞാനൊരു മലയാളിയെ പരിചയപ്പെട്ടു!

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA