ADVERTISEMENT

ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടേണ്ടിയിരുന്ന സ്റ്റേഡിയമായിരുന്നു മൊട്ടേരയിലേത് എന്നത് അധികമാർക്കും അറിയാത്ത കഥയാണ്. ഇന്ദിര തന്നെ നേരിട്ടിടപെട്ടു തടഞ്ഞ ആ തീരുമാനത്തിനു പിന്നിലെ രാഷ്ട്രീയ കാരണം എന്തായിരുന്നു? ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി രൂപവും ഭാവവും 

മാറിയ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ വിശേഷങ്ങൾമൊട്ടേരയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പല പിച്ചുകളുണ്ട്; ചിലതു ക്രിക്കറ്റ് കളിക്കാനും മറ്റു ചിലതു രാഷ്ട്രീയം കളിക്കാനും! രണ്ടിലും വിവാദങ്ങളുടെ വിക്കറ്റ് വീഴ്ച എക്കാലവുമുണ്ടായിരുന്നു. സ്റ്റേഡിയത്തിന്റെ പേരിടലും ‘സ്പിൻ ചതിക്കുഴി’ ഒരുക്കിയെന്ന ആരോപണവുമെല്ലാം വിവാദങ്ങളായി ഇക്കഴിഞ്ഞ ദിവസങ്ങളിലും ഉയർന്നു. എന്നാൽ, ക്രിക്കറ്റിലും രാഷ്ട്രീയത്തിലും മൊട്ടേര ഇന്ത്യയ്ക്കു വിജയം സമ്മാനിച്ച സമയമാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചെങ്കിൽ, മൊട്ടേര നൽകുന്ന രാഷ്ട്രീയ വിജയം മറ്റൊന്നാണ് – ഇവിടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പിറന്നിരിക്കുന്നു. രാഷ്ട്രീയം പോലെ ഇന്ത്യയ്ക്കെന്നും പ്രിയപ്പെട്ട ക്രിക്കറ്റിലേക്കു മൊട്ടേര സ്റ്റേഡിയം സ്വന്തം പേരെഴുതിച്ചേർത്തതിന്റെ കഥയാണിത്.

അതിന്റെ ഉൾക്കഥകൾ അറിയാനായിരുന്നു അഹമ്മദാബാദിലേക്കുള്ള യാത്ര. ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റെ മൂന്നാം ദിനം. വൈകുന്നേരമാകുമ്പോഴേക്ക് ഇംഗ്ലണ്ട് കൂടാരം കയറിയതോടെ ഇന്ത്യയ്ക്കതു വിജയദിനമായി.

motera2
പഴയ മൊട്ടേര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് നിർവഹിച്ചപ്പോൾ. സ്റ്റേഡിയം നിർമാണത്തിനു ചുക്കാൻ പിടിച്ച മ്രുഗേഷ് ജയ്കൃഷ്ണ സമീപം.

മൊട്ടേരയിലേക്കുള്ള വഴിയിൽ പലയിടത്തായി കുഞ്ഞൻ ക്രിക്കറ്റ് ഗ്രൗണ്ടുകൾ കണ്ടു. അതിന്റെ പല കോണുകളിൽനിന്നു ഹെലികോപ്റ്റർ ഷോട്ടുകൾ പരീക്ഷിക്കുന്ന ലോക്കൽ ധോണിമാരും സജീവം. ചെറു സ്റ്റേഡിയങ്ങളിലെ പൊടിപാറുന്ന മണ്ണുകണ്ടപ്പോൾ, പഴയ സ്റ്റേഡിയത്തെക്കുറിച്ച് ഓർമിപ്പിച്ചത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ(ജിസിഎ) ഭാഗത്തു നിന്നു ക്ഷണിക്കാൻ വന്ന മീഡിയ കോഓർഡിനേറ്റർ നാരായൺ ഭട്ടാണ്. അങ്ങനെയാണ് പഴയ സ്റ്റേഡിയത്തിന്റെ കഥ തേടിപ്പോയത്.

സ്റ്റേഡിയം ജനിക്കുന്നു

രാഷ്ട്രീയ വിവാദങ്ങൾ എന്നും മൊട്ടേരയിലുണ്ടായിരുന്നു.1980കളിലാണ് അഹമ്മദാബാദ് നവരംഗപുരയിലെ മുനിസിപ്പൽ സ്റ്റേഡിയം നവീകരിച്ചു സർദാർ പട്ടേൽ സ്റ്റേഡിയമാക്കി മാറ്റാൻ സർക്കാർ തീരുമാനിക്കുന്നത്. എന്നാൽ, യഥാസമയം പണമെത്താതെ വന്നതോടെ കാത്തിരിപ്പു നീണ്ടു. അക്കാലത്തു ജിസിഎയുടെയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെയും വൈസ് പ്രസിഡന്റായിരുന്ന യുവ വ്യവസായി മ്രുഗേഷ് ജയ്കൃഷ്ണയാണ് മൊട്ടേരയുടെ തലവിധി മാറ്റിയത്.

ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ താപ്പാനകളിൽനിന്നേറ്റ അപമാനഭാരവുമായി ഗുജറാത്തിലെത്തിയ ജയ്കൃഷ്ണ ഉറ്റസുഹൃത്തും ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന കോ‍ൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കിയെ സമീപിച്ചു. പുതിയ സ്റ്റേഡിയത്തിനുള്ള ആവശ്യമറിയിച്ചു. അവർ തമ്മിലുള്ള അടുപ്പമാണ് 1982ൽ, നർമദാതീരത്തെ 50 ഏക്കർ സർക്കാർ ഭൂമി ജിസിഎയെയും ജയ്കൃഷ്ണയെയും ഏൽപിക്കാൻ കാരണം.

1983ൽ വെസ്റ്റിൻഡീസുമായി നടക്കാനിരിക്കുന്ന പരമ്പരയിലെ മത്സരങ്ങളിലൊന്നു നടത്തി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാമെന്ന ലക്ഷ്യത്തോടെ ജയ്കൃഷ്ണ പണി തുടങ്ങി. ചതുപ്പുനിലം മണ്ണിട്ടുറപ്പിക്കാൻ തന്നെ അക്കാലത്ത് 29 ലക്ഷം രൂപ ചെലവായി. മിന്നൽവേഗത്തിൽ സ്റ്റേഡിയം പൂർത്തിയായി; 8 മാസവും 13 ദിവസവും കൊണ്ട്. 1983ൽ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

ഇന്ദിര ഒഴിവാക്കിയ പേര്

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് അവർ ജീവിച്ചിരിക്കെ സ്റ്റേഡിയത്തിനു നൽകാനായിരുന്നു സോളങ്കിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെയും ജയ്കൃഷ്ണയുടെയും തീരുമാനം. എന്നാൽ, സംഭാവനയും പണപ്പിരിവുമെല്ലാം ചേർന്ന് സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കത്തിൽത്തന്നെ അഴിമതിയാരോപണങ്ങൾ ഉയർന്നിരുന്നു.

പ്രത്യേകിച്ച്, വ്യവസായിയായ ജയ്കൃഷ്ണയും സോളങ്കിയും തമ്മിലുള്ള കൂട്ടുകെട്ട് പാർട്ടിക്കാർക്കിടയിൽ പോലും സംശയം ജനിപ്പിച്ചു. പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ കോൺഗ്രസിനും ഇന്ദിരാ ഗാന്ധിക്കും സ്റ്റേഡിയം ചീത്തപ്പേരാകുമെന്ന് ഡൽഹിക്കു കത്തു പറന്നു. ഇതോടെ, ഇന്ദിര തീരുമാനം പ്രഖ്യാപിച്ചു – സ്റ്റേഡിയത്തിന് എന്റെ പേരു പാടില്ല. കുറെക്കാലം ഗുജറാത്ത് ക്രിക്കറ്റ് സ്റ്റേഡിയം എന്നുമാത്രം അറിയപ്പെട്ട മൊട്ടേര സ്റ്റേഡിയം പിന്നീ‌ടു സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

motera1
പുതിയ മൊട്ടേര സ്റ്റേഡിയത്തിലെ ബിസിസിഐ ലൗഞ്ച്. ചിത്രം: മനോരമ

മാറ്റം തുടങ്ങുന്നു

അതിനിടെ, ജയ്കൃഷ്ണ വിദേശപണം കടത്തുകേസിൽ കുടുങ്ങിയതും വിചാരണ നേരിട്ടതുമെല്ലാം മറ്റൊരു ചരിത്രം.സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു വർഷങ്ങളോളം ജിസിഎയുടെ തലപ്പത്തു തുടർന്ന ജയ്കൃഷ്ണയ്ക്കു പകരക്കാരനായി എത്തിയതു ഗുജറാത്ത് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന നരഹരി അമീനായിരുന്നു.

1993ൽ 8 കോടിയോളം രൂപ കടത്തിലായിരുന്ന അസോസിയേഷന്റെ സാമ്പത്തികനില മെച്ചപ്പെട്ടത് അക്കാലത്തായിരുന്നു. ഒപ്പം, സ്റ്റേഡിയത്തിന്റെ വിസ്തൃതി വർധിപ്പിച്ച് 63 ഏക്കറിലെത്തിച്ചു. 2009 ആകുമ്പോഴേക്കും 45 കോടി രൂപ ലാഭത്തിലായി. ആ വർഷമാണ് നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്കു വരുന്നത്. അപ്പോഴേക്കും മൊട്ടേര ഇന്ത്യയിലെ എണ്ണംപറഞ്ഞ ക്രിക്കറ്റ് സ്റ്റേഡിയമായി മാറിയിരുന്നു.

ഒരു പ്രതികാര കഥ

മൊട്ടേരയിൽ ഇന്ത്യ തോറ്റാണു തുടങ്ങിയത്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കളുടെ മനസ്സിൽ മായാതെ നിൽക്കുന്നൊരു ദയനീയ തോൽവിയുടെ കഥയാണത്. 1983ൽ, ലോഡ്സിൽ ക്രിക്കറ്റ് രാജാക്കന്മാരെ മലർത്തിയടിച്ച ചെകുത്താൻ സംഘമായിരുന്നു അന്ന് ഇന്ത്യ. ആദ്യമായി ലോകകപ്പ് ഫൈനൽ തോൽവി രുചിച്ചെത്തിയ കരീബിയൻ പട

ഇന്ത്യയെ നാട്ടിലെത്തി വിരട്ടാൻ ഒരുങ്ങിത്തന്നെയായിരുന്നു. 6 ടെസ്റ്റും 5 ഏകദിനങ്ങളും അടങ്ങിയ ആ പരമ്പരയ്ക്ക് പിന്നീട് പ്രതികാര പരമ്പരയെന്നു (റിവെഞ്ച് സീരീസ്) വിളിപ്പേരു വീണു. ക്ലൈവ് ലോയ്ഡ് നയിച്ച വെസ്റ്റിൻഡീസിനോട് ഇന്ത്യ ദയനീയമായി തകർന്നു. ടെസ്റ്റ് 3–0, ഏകദിനം 5–0 എന്നിങ്ങനെ വിൻഡീസ് തൂത്തുവാരി. പരമ്പരയിലെ മൂന്നാം ടെസ്റ്റിലായിരുന്നു ‘മൊട്ടേര സ്റ്റേഡിയത്തിന്റെ’ അരങ്ങേറ്റം. കളിയുടെ നാലാം ദിനമാകുമ്പോഴേക്കും ഇന്ത്യയ്ക്കു 138 റൺസ് തോൽവി.

ആ തോൽവിയിലും അഭിമാനിക്കാവുന്ന ചില മുഹൂർത്തങ്ങൾ രാജ്യത്തിനു സമ്മാനിച്ചതിന്റെ പേരിലാണ് മൊട്ടേരയിലെ ആദ്യ ടെസ്റ്റ് ഓർമിക്കപ്പെടുന്നത്. ആ മത്സരത്തിലാണ് നവജ്യോത് സിങ് സിദ്ദുവെന്ന ഓപ്പണർ ഇന്ത്യയ്ക്കായി അരങ്ങേറിയത്. കപിൽദേവ് കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയതും ഇതേ മത്സരത്തിലാണ്. രണ്ടാം ഇന്നിങ്സിൽ 83 റൺ വഴങ്ങി 9 വിക്കറ്റ്.

മൊട്ടേരയുടെ ‘സണ്ണി’

എക്കാലവും മൊട്ടേരയുടെ പ്രിയപ്പെട്ടവനായി മാറിയ ‘ലിറ്റിൽ മാസ്റ്റർ’ സുനിൽ ഗാവസ്കർ നേടിയ 90 റൺസായിരുന്നു സ്റ്റേഡിയത്തിൽ നടന്ന ആദ്യ കളിയിൽ ഇന്ത്യയുടെ ആശ്വാസങ്ങളിലൊന്ന്. മൊട്ടേരയുമായി ഗാവസ്കറിന്റെ ബാറ്റിൽ മൊട്ടിട്ട പ്രണയം പിന്നെയും തുടർന്നു. 1987ൽ ഇവിടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന റെക്കോർഡ് നേട്ടം ഗാവസ്കർ തന്റെ പേരിലാക്കിയത്.

കപിൽ പൊട്ടിച്ച ‘കുപ്പികൾ’

ഗാവസ്കറുടെ ഇഷ്ടം മാത്രമല്ല, കപിലിന്റെ ക്രിക്കറ്റ്് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നിനു സാക്ഷി നിന്നതും മൊട്ടേരയാണ്. ശ്രീലങ്കയ്ക്കെതിരെ 1994ൽ നടന്ന ടെസ്റ്റ് പരമ്പരയിലാണ് അതുവരെയുള്ള ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ റിച്ചഡ് ഹഡ്‍ലിയെ കപിൽ മറികടന്നത്. ബെംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഹഡ്‍ലിക്കൊപ്പമെത്തിയ കപിൽ, മൊട്ടേരയിലെ അവസാന ടെസ്റ്റിൽ റെക്കോർഡ് മറികടക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. ഹഷൻ തിലകരത്നയെ സഞ്ജയ് മഞ്ജരേക്കറിന്റെ കൈകളിലെത്തിച്ച നിമിഷം കപിൽ മുട്ടുകുത്തി ആകാശത്തേക്കു കൈകൾ വിരിച്ചു. ദൂരദർശനിൽ കപിലിനോടുള്ള ബഹുമാനസൂചകമായി പ്രത്യേക പാട്ടുവച്ചു. മൊട്ടേര ഇളകിയാർത്തു. ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയ കപിൽ മേശയ്ക്കു മുകളിൽ കയറി നൃത്തം ചെയ്തത് വലിയ വാർത്തയായി.

1949 മുതൽ മദ്യം നിരോധിച്ച സംസ്ഥാനമാണു ഗുജറാത്ത്. സന്ദർശക പെർമിറ്റിലോ ഹെൽത്ത് പെർമിറ്റിലോ കർശന ഉപാധികളോടെ നിയന്ത്രിത മദ്യം നൽകുന്നതൊഴിച്ചാൽ ഗുജറാത്തിൽ നേരായ വഴി മദ്യം കിട്ടില്ല. പക്ഷേ, എന്നിട്ടും മൊട്ടേരയിൽ ഇന്ത്യയുടെ ഡ്രസിങ് മുറികളിൽ ഷാംപയ്ൻ ബോട്ടിലുകൾ പലകുറി പൊട്ടിയിട്ടുണ്ടെന്നതു രഹസ്യമല്ല. 1987ൽ ഗാവസ്കറുടെ റെക്കോർഡ് റൺനേട്ടത്തിന് ഷാംപയ്ൻ പൊട്ടിക്കാൻ മുന്നിൽ നിന്ന സാക്ഷാൽ കപിൽദേവ് തന്നെ, തന്റെ 432 വിക്കറ്റ് നേട്ടത്തിലും കുപ്പി പൊട്ടിച്ചു!

മൊട്ടേരയുടെ ‘പുനർജനി’

ജിസിഎ അധ്യക്ഷനായിരിക്കെ മോദിയാണ് സ്റ്റേഡിയം പുതുക്കിപ്പണിയാം എന്ന ആശയം മുന്നോട്ടുവച്ചത്. നവീകരണം ഇനി വേണ്ടെന്നും പുതിയ സ്റ്റേഡിയമാകും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്് സ്റ്റേഡിയം ഏതാണെന്ന് അന്വേഷിച്ച മോദി, അതിനെക്കാൾ വലിയ സ്റ്റേഡിയം മൊട്ടേരയിൽ നിർമിക്കാൻ നിർദേശിച്ചു. അപ്പോഴേക്കും ഗുജറാത്തിൽനിന്നു മോദി ഡൽഹിയിലേക്കു പറന്നിരുന്നു, പ്രധാനമന്ത്രിയായി.

2015 ഒക്ടോബറിൽ മൊട്ടേര സ്റ്റേഡിയം പൊളിച്ചു. 2017 ജനുവരി 16ന് പുതിയ സ്റ്റേഡിയം നിർമാണം തുടങ്ങി. 3 വർഷം കൊണ്ട് 700 കോടിയിൽപരം രൂപ ചെലവിട്ടായിരുന്നു നിർമാണം. 2020 ഫെബ്രുവരി ആയപ്പോഴേക്കും സ്റ്റേഡിയം തയാറായി. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ ‘നമസ്തെ ട്രംപ്’ പരിപാടി ഇവിടെ അരങ്ങേറി.

മോദിയെന്ന പേര്

പുതിയ സ്റ്റേഡിയത്തിന്റെ പേരിനെച്ചൊല്ലിയാണ് മൊട്ടേരയിലെ ഇപ്പോഴത്തെ രാഷ്ട്രീയ വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകിയതിനെ ജിസിഎ ന്യായീകരിക്കുമ്പോൾ, ജീവിച്ചിരിക്കുന്നയാളുടെ പേരു നൽകിയത് പ്രതിപക്ഷവും സമൂഹമാധ്യമങ്ങളും ചർച്ചയാക്കി. 

‘മോദി ജിസിഎ പ്രസിഡന്റായിരിക്കുമ്പോഴാണ് ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ആശയം ജനിക്കുന്നത്. അദ്ദേഹത്തിന്റെ പേരാണ് സ്റ്റേഡിയത്തിനു നൽകേണ്ടതെന്നത് ജിസിഎ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്’– ജിസിഎ വൈസ് പ്രസിഡന്റ് ധൻരാജ് നഥ്‍വാനി പറഞ്ഞു.

ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നതു ലോഡ്സാണ്. മൊട്ടേരയെ ഇന്ത്യൻ ക്രിക്കറ്റിന്റെ കാശിയാക്കി മാറ്റുമെന്നാണ് ജിസിഎ മുൻ സീനിയർ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായിരുന്ന പരിമൽ നഥ്‍വാനി മനോരമയോടു പറഞ്ഞത്; രാഷ്ട്രീയമില്ലാത്ത ക്രിക്കറ്റിന്റെ പുണ്യഭൂമിയാകും മൊട്ടേര എന്നാശിക്കാം.

മൊട്ടേര സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 63 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിൽ ഒരുസമയം 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളാനാകും.

സ്റ്റേഡിയത്തിൽ യഥാർഥ മത്സരങ്ങൾക്കായി ആകെ 11 പിച്ചുകൾ. പരിശീലനത്തിനു രണ്ടു പ്രത്യേക ഗ്രൗണ്ടുകളും ചെറു പവിലിയനുകളും. പരിശീലനത്തിനായി ഇൻഡോർ പിച്ചുകൾ വേറെ. പുതുതാരങ്ങളെ പരിശീലിപ്പിക്കാൻ സ്റ്റേഡിയത്തിനുള്ളിൽ പ്രത്യേക ക്രിക്കറ്റ് അക്കാദമി.

മഴ പെയ്തു തോർന്നാൽ 30 മിനിറ്റിനുള്ളിൽ വെള്ളം ഒഴിവാക്കാൻ കഴിയുന്ന സജ്ജീകരണം. മഴയ്ക്കു ശേഷം അധികം വൈകാതെ മത്സരം പുനരാരംഭിക്കാൻ കഴിയും.

4 ഡ്രസിങ് റൂമുകളുള്ള സ്റ്റേഡിയം. തുടർച്ചയായി വ്യത്യസ്ത ടീമുകളുടെ മത്സരങ്ങൾ നടത്താൻ ഇതു സഹായിക്കും. ഡ്രസിങ് റൂമിന് അനുബന്ധമായി അത്യാധുനിക ജിംനേഷ്യങ്ങളും. കുറഞ്ഞ വൈദ്യുതിച്ചെലവിൽ മികച്ച പ്രകാശക്രമീകരണം. രാത്രിയും പകലും മത്സരങ്ങളുടെ നടത്തിപ്പിന് ഏറ്റവും യോജ്യം.

കളിക്കാർക്കും ഒഫീഷ്യൽസിനും താമസിക്കാൻ 50 ഡീലക്സ് മുറികളും 5 സ്വീറ്റ് മുറികളുമുള്ള ക്ലബ് ഹൗസ്. സ്റ്റേഡിയത്തിന്റെ കവാടം വരെ എത്തുംവിധം മെട്രോ സർവീസിനുള്ള ഒരുക്കവും നടക്കുന്നു. ഒരേസമയം 3000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സൗകര്യം.

ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, കബഡി, ബോക്സിങ്, ടെന്നിസ്, റണ്ണിങ് ട്രാക്ക് എന്നിവയ്ക്കുള്ള മൾട്ടി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിന് അനുബന്ധമായി ഒരുങ്ങുന്നു. സർദാർ വല്ലഭ് ഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവ് എന്നായിരിക്കും പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com