പെൺകനവുകളുടെ ആകാശം

knr pennoruma
കണ്ണൂർ തായംപൊയിൽ സഫ്ദർ ഹഷ്മി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാവേദി അംഗങ്ങൾ ഗ്രന്ഥശാലയിൽ ഒത്തുചേർന്നപ്പോൾ. ചിത്രം: മനോരമ
SHARE

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് മലയാള മനോരമ നടത്തിയ  പെണ്ണൊരുമ സീസൺ 2 മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മയ്യിൽ തായംപൊയിൽ സഫ്ദർ ഹഷ്മി ഗ്രന്ഥാലയം വനിതാവേദിയെക്കുറിച്ച്...

‘സിനിമാ തിയറ്റർ ഇത്രയധികം മാറിപ്പോയോ..!’ ലോക്ഡൗണിനു മുൻപ്, കഴിഞ്ഞ ഫെബ്രുവരിയിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ കണ്ടിറങ്ങിയ മയ്യിൽ തായംപൊയിൽ സ്വദേശിനിയായ വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 50 വർഷത്തിനു ശേഷം തിയറ്ററിൽ എത്തിയതായിരുന്നു അവർ! ആ സന്തോഷം കണ്ടപ്പോൾ സഫ്ദർ ഹഷ്മി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ജോയിന്റ് സെക്രട്ടറി കെ.കെ.റിഷ്നയുടെ മുഖത്തു പുഞ്ചിരി. ഇങ്ങനെ ഒട്ടേറെപ്പേരുടെ മുഖത്തു വിരിയുന്ന പുഞ്ചിരികളാണ് സഫ്ദർ ഹഷ്മി വനിതാവേദിയുടെ വിജയം.

സ്ത്രീകളുടെ സ്വപ്നങ്ങൾക്കു ചിറകു നൽകുന്ന, പുതിയ ആകാശത്തേക്ക് അവരെ പറത്തിവിടുന്ന കൂട്ടായ്മയുടെ പേരാണ് സഫ്ദർ ഹഷ്മി. കണ്ണൂർ ജില്ലയിലെ മയ്യിലിനു സമീപം തായംപൊയിൽ എന്ന ചെറുഗ്രാമത്തിൽ കുറച്ചു സ്ത്രീകൾ ചേർന്നു തുടക്കം കുറിച്ച കൂട്ടായ്മ ആ പ്രദേശത്തിന്റെയാകെ മുഖഛായ മാറ്റിയ കഥയാണിത്.

സ്ത്രീശാക്തീകരണവും സംരംഭകത്വ വികസനവും വായനാ പ്രോത്സാഹനവുമൊക്കെ ലക്ഷ്യമിട്ട് 2007ൽ ആണ് വനിതാവേദി പ്രവർത്തനമാരംഭിച്ചത്. ചെറുപഴശ്ശി മേഖലയിലുള്ളവരുടെ രക്തഗ്രൂപ്പ്  നിർണയിച്ച് ഡയറക്ടറി തയാറാക്കിയാണ് തുടക്കം. ആദ്യകാലത്തു കുടുംബശ്രീയുമായി ചേർന്ന് 10 പേരുടെ മേൽനോട്ടത്തിലായിരുന്നു  പ്രവർത്തനങ്ങൾ. പിന്നീടു കൂടുതൽപേർ രംഗത്തെത്തിയതോടെ പ്രവർത്തനം വിപുലമാക്കി.

ആദ്യമൊക്കെ ‘തുറിച്ചുനോട്ടങ്ങൾ’ നേരിടേണ്ടി വന്നിട്ടുണ്ട്. കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കും പ്രചാരണത്തിനുമൊക്കെ മുന്നിട്ടിറങ്ങുന്നതു വനിതകൾ തന്നെ. രാത്രി വൈകിയും വായനശാലാ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ, ‘നിങ്ങൾക്കു വേറെ പണിയില്ലേ’ എന്നും ‘ഇതൊക്കെ നിർത്തി വീട്ടിൽ പോകരുതോ’ എന്നുമൊക്കെ ചോദിച്ചവരുണ്ട്. കാലം മുന്നോട്ടുപോയപ്പോൾ ഇങ്ങനെ പരിഹസിച്ചവർക്കും നെറ്റിചുളിച്ചവർക്കുമൊക്കെ ഏറ്റവും മനോഹരമായ മറുപടി നൽകി, സഫ്ദർ ഹഷ്മി വനിതാവേദിയിലെ പെണ്ണുങ്ങൾ.

സ്വപ്നങ്ങൾ നിറച്ച് ‘പെൺ പകൽ രാവ് ’‌

പുരുഷന്മാരൊന്നും കൂട്ടിനില്ലാതെ, സ്ത്രീകൾക്കു മാത്രമായി ഒരു രാവും പകലും. വിവാഹം കഴിക്കുന്നതിനു മുൻപു മാത്രം ഉല്ലാസയാത്ര പോയവരും തിയറ്ററിൽ പോയി സിനിമ കണ്ടവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ബീച്ചിലേക്കൊരു യാത്രയും തിയറ്ററിൽ നിന്നൊരു സിനിമയും ഹോട്ടലിൽനിന്നു ബിരിയാണിയും മലമുകളിൽനിന്നു സൂര്യാസ്തമയം കാണലും... ഇതൊക്കെയായിരുന്നു അവരുടെ ആഗ്രഹങ്ങൾ. കോവി‍ഡ്കാലത്തിനു മുൻപ്, 2020 ഫെബ്രുവരി 8നാണ് ‘പെൺ പകൽ രാവ്’ എന്ന പരിപാടി സഫ്ദർ ഹഷ്മി സംഘടിപ്പിച്ചത്. മൂന്നു വയസ്സു മുതൽ 65 വയസ്സു വരെയുള്ള 30 പേർ ഇതിന്റെ ഭാഗമായി. ഒരായുസ്സു നിറയ്ക്കാൻ മാത്രം ഓർമകളുമായിട്ടായിരുന്നു മടക്കം.

വീട്ടിലേക്ക് എത്തുകയാണ്പുസ്തകചർച്ചയും പുസ്തകങ്ങളും

വീട്ടുമുറ്റത്തിരുന്ന് വനിതാവേദിയുടെ നേതൃത്വത്തിൽ ചർച്ചകൾ സംഘടിപ്പിച്ചപ്പോൾ ‘സീരിയൽ കാണുന്ന പെണ്ണുങ്ങളാണോ സാഹിത്യം കേൾക്കാനിരിക്കുന്നത്’ എന്നാണു പലരും ചോദിച്ചത്. പതിയെപ്പതിയെ സാഹിത്യരചനകളുടെ ‘വീട്ടുമുറ്റ പുസ്തക സംവാദങ്ങൾ’ തായംപൊയിലുകാർക്കു പുതിയ അനുഭവമായി. ഗൃഹപ്രവേശവും വിവാഹവും നടക്കുന്ന വീട്ടുമുറ്റങ്ങളിലേക്കും പുസ്തക സംവാദങ്ങൾ പടികടന്നെത്തി. എഴുത്തുകാരും വായനക്കാരും വീട്ടമ്മമാരും വിദ്യാർഥികളുമെല്ലാം വീട്ടുമുറ്റ സംവാദത്തിന്റെ ഭാഗമായി.

വനിതകൾക്കും വയോജനങ്ങൾക്കുമായുള്ള പുസ്തകവിതരണ പദ്ധതികളിലൊന്നായ ‘സഞ്ചരിക്കുന്ന ലൈബ്രറി’യാണ് വനിതാവേദിയുടെ മറ്റൊരു പ്രധാന പ്രവർത്തനം. 

‘പെൺമ’ എന്ന ബ്രാൻഡിലൂടെ ബദൽ ഉൽപാദന യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ടു വർഷങ്ങളായി. കോവി‍ഡ്കാലത്തു മാസ്ക്കും സാനിറ്റൈസറും ഹാൻഡ്‌വാഷുമൊക്കെ നിർമിച്ചു വിതരണം ചെയ്തു. 1000 വീടുകളിൽ 3 മാസ്ക്കുകൾ വീതം എത്തിച്ചതു സൗജന്യമായാണെന്നു പറയുന്നു, സഫ്ദർ ഹഷ്മി വനിതാവേദി സെക്രട്ടറി ടി.വി.ബിന്ദു. കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന വനിതാവേദി, ഊർജകിരൺ സ്ത്രീ സംരംഭകത്വ പരിശീലന പരിപാടിയുടെ ഭാഗമായി എൽഇഡി ബൾബ് നിർമാണത്തിലും റിപ്പയറിങ്ങിലും പരിശീലനവും നൽകുന്നുണ്ട്. എൽഇഡി ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ലക്ഷ്യം, ഭാവിയുടെ ഫിറ്റ്നസ്

ഭാവിപ്രവർത്തനങ്ങളെക്കുറിച്ചും സ്വപ്നങ്ങളേറെയുണ്ട് വനിതാവേദിക്ക്. സ്ത്രീകൾക്കു മാത്രമായി ഫിറ്റ്നസ് സെന്റർ, ടൂവീലർ ഡ്രൈവിങ് പരിശീലനം ഇങ്ങനെ നീളുന്നു സ്വപ്നങ്ങൾ. മുഴുവൻ സമയം പ്രവർത്തിക്കുന്ന വനിതാ ജിംനേഷ്യത്തിനായി പുതിയ കെട്ടിടം നിർമിക്കുന്നതുൾപ്പെടെ മനസ്സിലുണ്ട്. മുണ്ടേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.സി.വാസന്തി ചെയർപഴ്സനും ടി.വി.ബിന്ദു സെക്രട്ടറിയുമായ 11 അംഗ സമിതിയാണു പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്.

മലയാള മനോരമയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നു നടത്തിയ പെണ്ണൊരുമ സീസൺ 2ലെ രണ്ടാം സമ്മാനം ഉൾപ്പെടെ, ഇതിനോടകം നേടിയത് ഇരുപതിലേറെ പുരസ്കാരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA