ADVERTISEMENT

ലോകത്തിലെ ഏറ്റവും അപകടകരമായ ഓഫ് റോഡ് മോട്ടർ റേസിങ്  മത്സരമായ ഡാക്കർ റാലിയിൽ  മിന്നും പ്രകടനം നടത്തിയ  മലയാളിപ്പയ്യൻ...

170 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ബൈക്ക്. വഴിയില്ലാത്ത പ്രദേശത്തു കൂടി സ്വയം വഴി കണ്ടെത്തിയുള്ള പാച്ചിലാണത്. ഇക്കഴിഞ്ഞ ഡാക്കർ ബൈക്ക് റാലിയിൽ മലയാളിതാരം ഹാരിത് നോവയുടെ ബൈക്ക് പാറയിൽ തട്ടിത്തെറിച്ചത് ഈ മരണപ്പാച്ചിലിനിടെയാണ്. ബൈക്കും നോവയും രണ്ടു ഭാഗത്തേക്കു തെറിച്ചുവീണു. ബൈക്കിന്റെ 3 ഇന്ധനടാങ്കുകളിലൊന്ന് തകർന്നു. കുറെയേറെ മുന്നോട്ടു നീങ്ങിയപ്പോഴേക്കും പെട്രോൾ കഴിഞ്ഞു. പിന്നാലെ വന്ന മത്സരാർഥികളെ കൈകാണിച്ചു നിർത്തി പെട്രോൾ ചോദിച്ചു. മത്സരത്തിലുറച്ചു നീങ്ങിയിരുന്ന പലരും സഹായിച്ചില്ല. ഇന്ത്യൻ താരം സി.എസ്.സന്തോഷ് പിന്നിലുണ്ടെന്നറിയാം. അതായിരുന്നു പ്രതീക്ഷയും. ഏറെക്കഴിഞ്ഞിട്ടും സന്തോഷിനെ കാണാതായപ്പോൾ മറ്റു റൈഡർമാരോടു ചോദിച്ചു. മറുപടി കേട്ടു ഞെട്ടി. നോവ അപകടത്തിൽപെട്ട അതേ പാറയിലിടിച്ചു വീണ സന്തോഷിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തിരിക്കുന്നു! 

ചില മത്സരാർഥികൾ സന്മനസ്സു കാണിച്ചു. പെട്രോൾ നൽകാൻ തയാറായി. കുടിവെള്ളത്തിനായി പുറത്തു തൂക്കിയിരുന്ന ബാഗിൽ പെട്രോൾ നിറച്ചു, യാത്ര തുടർന്നു. ആ യാത്രയാണ് ഒരു ഇന്ത്യൻ താരം ഡാക്കർ ബൈക്ക് റാലിയിൽ നേടുന്ന ഏറ്റവും അഭിമാനകരമായ നേട്ടത്തിലെത്തിച്ചത്. എല്ലാ റൗണ്ടും പൂർത്തിയാകുമ്പോൾ നോവ  20-ാം സ്ഥാനത്തെത്തിയിരുന്നു. 34–ാം സ്ഥാനമായിരുന്നു അതുവരെ ഒരിന്ത്യൻ താരത്തിന്റെ ഡാക്കറിലെ മികച്ച നേട്ടം.

റേസ് എന്ന ക്രേസ്

അഞ്ചോ ആറോ വയസ്സിൽ തുടങ്ങിയതാണ് ഓഫ് റോഡ് ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം. വിദേശത്തായിരുന്ന പിതാവ് റാഫി ആയിടയ്ക്കു വന്നപ്പോൾ പാരിസ് ഡാക്കർ ചാംപ്യൻഷിപ്പിന്റെ സിഡി കൊണ്ടുവന്നു. റേസിങ്ങിലെ മകന്റെ താൽപര്യം കണ്ടാണ് അതു സമ്മാനിച്ചത്.

ഏഴാം ക്ലാസ് വരെ ഷൊർണൂരിലായിരുന്നു പഠനം. പിന്നീടു കൊടൈക്കനാലിലേക്കു മാറി. 2009ൽ 16–ാം വയസ്സിലാണ്, ഒരു ബൈക്ക് സമ്മാനമായിക്കിട്ടിയത്. ആ സമയത്തുതന്നെ അസീസ് മെമ്മോറിയൽ റേസ് എന്ന പ്രാദേശിക റാലിയുടെ പരിശീലനം നടന്നിരുന്നു, വീടിനടുത്തുള്ള വയലിൽ. എന്നും അതു കാണാൻ പോകുമായിരുന്നു. പിതാവിന് അതിന്റെ സംഘാടകരുമായി അടുപ്പമുണ്ടായിരുന്നതിനാൽ ഹാരിത്തിനെയും പങ്കെടുപ്പിക്കാൻ സമ്മതിച്ചു. ഏറ്റവും ഒടുവിലായാണു മത്സരം തീർത്തതെങ്കിലും ഓഫ് റോഡ് ബൈക്ക് റേസ് എന്ന സ്വപ്നം ശക്തമായി. 2010ലും കേരളത്തിൽ നടന്ന ചില റാലികളിൽ പങ്കെടുത്തിരുന്നു. 

2011ൽ കളം മാറി. ആദ്യ രാജ്യാന്തര മോട്ടർ റാലിയിൽ പങ്കെടുത്തു. സൂപ്പർ ക്രോസ് റേസ്. 600 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയുള്ള സർക്യൂട്ട്. അതിൽ പങ്കെടുക്കാനായി പിതാവ് 250 സിസി ബൈക്ക് വാങ്ങിക്കൊടുത്തു. എസ് എക്സ് 2 വിഭാഗത്തിലായിരുന്നു മത്സരം. ഫോറിൻ പ്രൈവറ്റ് ക്ലാസ്. അതിൽ ചാംപ്യൻഷിപ് നേടി. പ്രതീക്ഷിച്ചിരുന്നതല്ല. ആദ്യ  3  റൗണ്ട് കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ മുൻനിരയിൽ. അതോടെ കുറച്ചുകൂടി നന്നായി പരിശീലിച്ച് തുടർന്നുള്ള മത്സരങ്ങൾക്കിറങ്ങി. അതു ഫലം കണ്ടു. 

karthanoah
ഹാരിത് നോവ

ഈ വിജയം വഴിത്തിരിവായി. ടിവിഎസ് കമ്പനി അവരുടെ ടീമിൽ ചേരാൻ ഹാരിത് നോവയെ ക്ഷണിച്ചു. 2012 മുതൽ ടിവിഎസിനൊപ്പം. 2013ൽ ഗ്രൂപ്പ് ബിയിൽ ചാംപ്യൻ. 2014, 2017, 2018 വർഷങ്ങളിൽ എസ് എക്സ് വണ്ണിൽ വിജയിച്ചു. പിന്നീട് സൂപ്പർ ക്രോസ് റണ്ണിൽനിന്നു റാലിയിലേക്കു മാറി. അതും ലോകത്തിലെ ഏറ്റവും അപകടകരവും അതിസാഹസികവുമായ ‍ഡാക്കർ റാലിയിലേക്ക്. ഓട്ടമത്സരത്തിലെ സ്പ്രിന്റ് പോലെയാണു സൂപ്പർ ക്രോസെങ്കിൽ, അൾട്രാ റൺ പോലെയാണു ‍ഡാക്കർ റാലി. ഡാക്കറിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി ടിവിഎസ് ആണ്. 

2018ലാണ് ആദ്യമായി രാജ്യാന്തര റാലിയിൽ ഹാരിത് പങ്കെടുക്കുന്നത് – റാലി ദ് ഡു മറോക് വേൾഡ് റാലി ചാംപ്യൻഷിപ്. അവസാന റൗണ്ടിലെത്താനായി. 2019 പരുക്കിന്റെ വർഷമായിരുന്നു. കാൽമുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമം. എന്നാൽ, അതേ വർഷം ബഹാ സ്പെയിൻ ഇന്റർനാഷനൽ റാലിയിൽ ഏഴാമതെത്തിയതു വൻ നേട്ടമായി. എന്നാൽ, ഒക്ടോബറിൽ പരിശീലനത്തിനിടെ വീണു തോളെല്ല് ഒടിഞ്ഞു.

ഡാക്കർ വിളിച്ചു, വിളി കേട്ടു

2020ൽ ഹാരിത് ആദ്യ ഡാക്കർ റാലിയിൽ പങ്കെടുത്തു. 12 ദിവസമാണു റാലി ചാംപ്യൻഷിപ്. ആറു ദിവസം കഴിഞ്ഞ് ഒരു ദിവസം ഒഴിവ്. ഓരോ ഡ്രൈവർക്കും വഴി കാണിക്കുന്ന റോഡ് ബുക്ക് ഉണ്ടാകും. അതു നോക്കിയാണ് ഓടിക്കുക.

കഴിഞ്ഞ സീസണിൽ മൂന്നാമത്തെ സ്റ്റേജിൽ യന്ത്രത്തകരാർ സംഭവിച്ചു. ഫിനിഷ് ചെയ്യാനായില്ല. അതിനാൽ എക്സ്പീരിയൻസ് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയത്. 2021ൽ കൊറോണ കാര്യങ്ങളാകെ തകിടം മറിച്ചു. ശരിയായ പരിശീലനത്തിന് അവസരം ലഭിച്ചില്ല. എങ്കിലും ആറു മാസം ഫ്രാൻസിൽ ടിവിഎസ് പരിശീലനം നൽകി. റാലി ബൈക്കിൽ പരിശീലനത്തിനു കിട്ടിയതു മൂന്നു ദിവസം മാത്രം.

റോഡ് ബുക്ക്

ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന താരങ്ങൾക്കു നൽകുന്ന റൂട്ട് മാപ് എന്നു റോഡ് ബുക്കിനെ വിശേഷിപ്പിക്കാം. മീറ്ററുകളോളം നീളമുള്ള കടലാസ് റോൾ ആണ് റോഡ് ബുക്ക്. അതു ബൈക്കിൽ പിടിപ്പിച്ച് കൈകൊണ്ടു തന്നെ റോൾ ചെയ്തു വേണം ബൈക്ക് ഓടിക്കാൻ. സർക്യൂട്ടിലെ അപകടങ്ങളും സർക്യൂട്ടിന്റെ സ്വഭാവവും ഇതിൽ രേഖപ്പെടുത്തിയിരിക്കും. 170 കിലോമീറ്റർ വേഗത്തിൽ പായുന്ന ബൈക്കിലിരുന്ന് റോഡ് ബുക്ക് നോക്കി വഴി കണ്ടുപിടിക്കൽ തന്നെയാണ് ഓഫ് റോഡ് റാലിയുടെ യഥാർഥ ത്രിൽ. 

2021ലെ ഡാക്കർ റാലി മുൻവർഷത്തെക്കാൾ കഠിനമായിരുന്നു. കഴിഞ്ഞ സീസണിൽ ഒറ്റത്തവണയേ ഹാരിത്തിനു ട്രാക്ക് കൈവിട്ടുള്ളൂ. എന്നാൽ, ഈ സീസണിൽ പലവട്ടം റോ‍ഡ് ബുക്കിലെ നിർദേശങ്ങളിൽ നിന്നു വഴുതിപ്പോയി. റാലിയിൽ ഒന്നാമതു പോകുന്നയാൾക്കു ട്രാക്കിനെക്കുറിച്ചു ധാരണയുണ്ടാകില്ല. പിന്നാലെ വരുന്നവർക്കു മുൻഗാമിയുടെ ബൈക്കിന്റെ ചില അടയാളങ്ങൾ കാണാനാകും. പക്ഷേ, അതു പിന്തുടർന്നാൽ അയാൾ വരുത്തിയ പിഴവുകൾ ആവർത്തിക്കും. അങ്ങനെയാണ് ഈ സീസണിൽ പലവട്ടം വഴി തെറ്റിയത്. 

മത്സരതന്ത്രം

പരിശീലന സമയത്തും റാലിയുടെ സമയത്തും സൈക്കോളജിസ്റ്റ് ട്രെയിനർ ഒപ്പമുണ്ടാകും. അദ്ദേഹത്തിന്റെ നിർദേശങ്ങൾ പ്രധാനമാണ്. ഡാക്കർ പൂർത്തിയാക്കുക എന്നതാണു പ്രധാനം. ഇക്കഴിഞ്ഞ ഡാക്കർ റാലിയിൽ ബൈക്ക് വിഭാഗത്തിൽ പങ്കെടുത്തത് 108 പേരാണ്. മത്സരം പൂർത്തിയാക്കിയത് 63 പേർ മാത്രം. കഴിഞ്ഞ മത്സരങ്ങളെക്കുറിച്ചോ വരാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ചോ ചിന്തിക്കരുത്. മത്സരഫലത്തെക്കുറിച്ചു വേവലാതിപ്പെടരുത്. അങ്ങനെയാണു കഴിഞ്ഞ ഡാക്കറിൽ നാലാം സ്റ്റേജിലെ അപകടം അതിജീവിച്ചത്. 

പാലക്കാട് ജില്ലയിലെ ഷൊർണൂർ കുളപ്പുള്ളിക്കടുത്തു കണയത്താണു നോവയുടെ വീട്. പിതാവ് കുന്നത്തുകളം കെ.വി.റാഫി ബിസിനസുകാരനാണ്. മാതാവ് സൂസന്ന. 

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പോർട്സ് സയൻസിൽ ബിരുദം. അവിടത്തെ പ്രഫസർ നീൽ റോച്ചാണ് ഇപ്പോഴത്തെ മെന്റർ കോച്ച്. 

ഡാക്കർ റാലി

ലോകത്തിലെ ഏറ്റവും അപകടകരവും സാഹസികവുമായ ഓഫ് റോഡ് മോട്ടർ റേസിങ് മത്സരമാണു ഡാക്കർ റാലി. അമൗറി സ്പോർട്സ് ഓർഗനൈസേഷനാണ് റാലി സംഘടിപ്പിക്കുന്നത്. പാരിസ് – ഡാക്കർ റാലി എന്ന പേരിൽ 1978ൽ പാരിസിലായിരുന്നു തുടക്കം. 

ഇതുവരെ, 22 ബൈക്ക് റൈഡർമാർ ഉൾപ്പെടെ 27 താരങ്ങളുടെ ജീവൻ മത്സരത്തിനിടെ പൊലിഞ്ഞു. ഈ സീസണിൽ പിയറി ഹെർപിൻ എന്ന ഫ്രഞ്ച് താരം അപകടത്തിൽ മരിച്ചു. ഇന്ത്യൻ താരം സി.എസ്.സന്തോഷിനു ഗുരുതര പരുക്കേറ്റു. 

കാർ, ബൈക്ക്, ട്രക്ക് തുടങ്ങി 7 വിഭാഗം വാഹനങ്ങൾക്കു പ്രത്യേക മത്സരമുണ്ട്. 2008ൽ സുരക്ഷാ കാരണങ്ങളാൽ റാലി മുടങ്ങി. 2009 മുതൽ 2019 വരെ തെക്കേ അമേരിക്കയിലാണു റാലി നടന്നത്. 2020, 2021 സീസണുകൾ സൗദി അറേബ്യയിലും. 

അപകടമേറിയതിനാൽ ഡാക്കറിൽ സുരക്ഷയും കർശനമാണ്. ഓരോ ബൈക്കിലും ഒരു ബോക്സ് ഉണ്ടാകും; അതിൽ മൂന്നു സ്വിച്ചും. അപകടമുണ്ടായാലുടൻ ബോക്സിൽനിന്നുള്ള സിഗ്നൽ സാറ്റലൈറ്റ് വഴി പാരിസിലെത്തും. പ്രശ്നമൊന്നുമില്ലെങ്കിൽ മത്സരം തുടരാം. എന്നാൽ, വാഹനം തുടർന്ന് ഓടിക്കാൻ പറ്റാത്ത നിലയിലാണെങ്കിൽ പച്ച സ്വിച്ച് അമർത്തണം. ചികിത്സ വേണമെങ്കിൽ ചുവപ്പു സ്വിച്ച് അമർത്തണം. ചുവപ്പമർത്തിയാൽ ഉടൻ എയർ ലിഫ്റ്റ് ചെയ്യും. ബോധം മറഞ്ഞ് സ്വിച്ചൊന്നും പ്രവർത്തിപ്പിക്കാനാകാത്ത അവസ്ഥയാണെങ്കിൽ ഉടൻ വൈദ്യസഹായവുമായി സംഘമെത്തും. 

ഡാക്കറിൽ മത്സരിക്കാൻ ഏതെങ്കിലും രാജ്യാന്തര റാലിയിൽ പങ്കെടുത്ത് മത്സരം പൂർത്തിയാക്കിയാൽ മതി. മത്സരത്തിന്റെ പ്രവേശന ഫീസ് (ബൈക്ക്) 15,700 യൂറോയാണ് (ഏകദേശം 14 ലക്ഷം രൂപ). ഒരു റാലിയിൽ പങ്കെടുക്കാൻ ഏറ്റവും ചുരുങ്ങിയത് 80,000 യൂറോ ചെലവാകും (ഏകദേശം 70 ലക്ഷം രൂപ). 50,000 യൂറോയാണ് (ഏകദേശം 44 ലക്ഷം രൂപ) വിജയിക്കു ലഭിക്കുന്ന സമ്മാനത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com