ADVERTISEMENT

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് മലയാള മനോരമ നടത്തിയ പെണ്ണൊരുമ സീസൺ 2 മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഇടുക്കി തേക്കടിയിലെ വനിതാ കൂട്ടായ്മ ‘വസന്തസേന’യെക്കുറിച്ച്

‘ദേ, പോകുന്നു വാനരസേന’ കാടു കാക്കണമെന്നു മനസ്സിലുറപ്പിച്ചിറങ്ങിയ 101 വനിതകളെ നോക്കി ഒരിക്കൽ അവർ ഇങ്ങനെ കളിയാക്കിച്ചിരിച്ചിരുന്നു. 18 വർഷങ്ങൾക്കിപ്പുറത്ത് പെരിയാർ ടൈഗർ റിസർവിന്റെ പെരുമയ്ക്കൊപ്പം ഇഴപിരിക്കാനാവാത്ത പേരായി ‘വസന്തസേന’ മാറി. കളിയാക്കിച്ചിരിച്ചവരും കയ്യടികളുമായി എത്തി. കാടു കൊള്ളയടിക്കുന്നവർക്കും മലിനമാക്കുന്നവർക്കും മുൻപിൽ പണിതുയർത്തിയ വേലിപ്പടർപ്പായി വസന്തസേന 18 വർഷം പിന്നിടുന്നു. കാടിന്റെ നിത്യവസന്തത്തിനു കാവലാകുമെന്ന പ്രതീക്ഷയിലാണ് അന്ന് ആ പെൺകൂട്ടത്തിനു വസന്തസേനയെന്നു പേരിട്ടത്.

വസന്തത്തിന്റെ തുടക്കം

കാടിനെ സംരക്ഷിക്കാൻ കാടിനോടു ചേർന്നു താമസിക്കുന്നവരെ ബോധവൽക്കരിക്കണമെന്ന വനംവകുപ്പിന്റെ തീരുമാനത്തെത്തുടർന്നാണ് പെരിയാർ വന്യജീവിസങ്കേതത്തിൽ ഇക്കോ ഡവലപ്മെന്റ് പദ്ധതി നിലവിൽ വന്നത്. ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരോടൊപ്പം കാടു കാക്കാൻ പ്രദേശത്തെ പുരുഷന്മാർ ഊഴമിട്ടു കാടുകയറിത്തുടങ്ങി. ഇതിനിടെ സ്ത്രീകൾക്കിടയിലും ഈ ആശയത്തിനു സ്വീകാര്യത ലഭിച്ചു. പകൽ കാടിനുള്ളിലേക്കു സ്ത്രീകളും കാവലിനു പോകാനായിരുന്നു തീരുമാനം. പെരിയാർ കോളനിയിൽ നിന്നാണ് ഈ ആശയത്തിനു വിത്തു മുളച്ചത്. അങ്ങനെ 2002 ഒക്ടോബർ 22ന് വസന്തസേനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെരിയാർ കോളനി, കുരിശുമല, കൊല്ലംപട്ടട എന്നിവിടങ്ങളിൽ നിന്നുള്ള 101 വനിതകളാണ് ഈ കൂട്ടായ്മയിൽ ഉണ്ടായിരുന്നത്.

കാടിനുള്ളിലേക്ക് ചെറുസംഘങ്ങൾ

വനം സംരക്ഷിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത കാലമായിരുന്നു അത്. ചന്ദനവും മറ്റു മരങ്ങളും ലക്ഷ്യമാക്കി കൊള്ളക്കാർ നിരന്തരം കാടുകയറി. വിനോദസഞ്ചാരത്തിനെത്തുന്നവർ കാടിനുള്ളിൽ മാലിന്യം തള്ളി കടന്നുപോയി. വസന്തസേന രൂപീകരിച്ച ശേഷം അംഗങ്ങളെ 6 പേരുള്ള ചെറുസംഘങ്ങളായി തിരിച്ചു. ഓരോ ദിവസവും വാക്കത്തിയും വടിയുമായി ഓരോ സംഘം കാടിനുള്ളിലേക്കു പോയിത്തുടങ്ങി.

കാടിനുള്ളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തിരികെ ഫോറസ്റ്റ് ഓഫിസിലെത്തി ഇവർ വിവരമറിയിക്കും. വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശേഖരിക്കാൻ തേക്കടി ചെക്പോസ്റ്റ് മുതൽ ബോട്ട് ലാൻഡിങ് വരെ പട്രോളിങ്ങും ആരംഭിച്ചു. ജീവിതമാർഗമായി സ്വീകരിച്ചിരിക്കുന്ന തൊഴിലിന് അവധി കൊടുത്ത് മാസത്തിൽ രണ്ടോ മൂന്നോ ദിവസം ഇവർ വനസംരക്ഷണത്തിനിറങ്ങും. രാവിലെ 11 മുതൽ 3 വരെയാണു പട്രോളിങ്. മൂന്നോ നാലോ പേരുടെ സംഘം ഒരു ദിവസം 8 കിലോമീറ്ററോളം സഞ്ചരിക്കും. സംഘത്തിലെ 5 പേരെ വനിതാ വാച്ചർ തസ്തികയിൽ വനം വകുപ്പ് നിയമിച്ചിട്ടുണ്ട്.

അതുല്യം, ഈ സേവനം

2008ൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ചേർന്ന ഒരു യോഗത്തിൽ വസന്തസേനയുടെ സേവനങ്ങളുടെ ഏകദേശ മതിപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്കു ശമ്പളം നൽകുന്നതു കണക്കിലെടുത്താൽ അതുവരെ 12 ലക്ഷം രൂപയുടെ ലാഭം വസന്തസേന സർക്കാരിനു നൽകിയെന്നായിരുന്നു ആ കണക്ക്. ആ രീതിയിൽ നോക്കിയാൽ കോടിക്കണക്കിനു രൂപയുടെ സേവന പ്രവർത്തനങ്ങളാണ് വസന്തസേന ഇതിനകം പൂർത്തിയാക്കിയിരിക്കുന്നത്.

പ്രകൃതിയോടിണങ്ങി ജീവിക്കണമെന്ന സന്ദേശവും ഇവർ ജീവിതത്തിൽ പകർത്തി; പ്രചരിപ്പിച്ചു. ഓരോ വർഷവും ഇന്ത്യയിലെ മറ്റു നാഷനൽ പാർക്കുകളിലേക്ക് വസന്തസേനയിലെ അംഗങ്ങൾ പഠനയാത്ര പോയി. വസന്തസേനയെപ്പറ്റി മറ്റുള്ളവരും പഠിക്കാൻ തുടങ്ങി. ഓസ്ട്രേലിയയിൽനിന്നു വന്ന മാർഗരറ്റ് റൂത്ത് വസന്തസേനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി 40,000 രൂപ സംഭാവന ചെയ്തു. കവി സുഗതകുമാരിയും കേന്ദ്രമന്ത്രി ഹർഷ് വർധനും നേരിട്ടെത്തി അനുമോദിച്ചിരുന്നു.

കാക്കണം, ഈ വസന്തം

101 പേരിൽ ആരംഭിച്ച പ്രസ്ഥാനത്തിൽ ഇന്നുള്ളത് 48 പേർ. 5 പേർ മരണമടഞ്ഞു. ചിലർ വിവാഹം കഴിഞ്ഞു മറ്റു പ്രദേശങ്ങളിലേക്കു പോയി. മറ്റിടങ്ങളിൽ ജോലി ലഭിച്ചവരും വസന്തസേനയിൽ നിന്ന് ഒഴിവായി. 18 വർഷം മുൻപു ചുറുചുറുക്കോടെ കാടുകയറിയിരുന്നവർക്ക് പ്രായമായിത്തുടങ്ങി. വടി കുത്തി ന‍‍ടക്കാൻ പ്രാപ്തിയുള്ളതുവരെ ഈ വരവു മുടക്കില്ലെന്ന് അംഗങ്ങൾ പറയുന്നു. 46 വയസ്സു മുതൽ 80 വയസ്സുവരെയുള്ള സ്ത്രീകൾ ഇന്നു വസന്തസേനയിലുണ്ട്. കോവിഡ് പ്രതിസന്ധിയിൽ പട്രോളിങ്ങും അൽപകാലം മുടങ്ങിയിരുന്നു.

വസന്തസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഡപ്യൂട്ടി ഡയറക്ടർ സുനിൽ മാത്യുവും എഫ്ഡി മനു സത്യനുമാണ്. ഫീൽഡിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ ബാബുവും ബീറ്റ് ഫോറസ്റ്റ് ഓഫിസർ കീർത്തന എസ്. നായരും സഹായത്തിനെത്തും. 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നയിക്കുന്നത് ചെയർപഴ്സൻ ഇന്ദിര സുബ്രഹ്മണ്യനാണ്. മുൻ ഭാരവാഹികളായിരുന്ന നൂർജഹാൻ ഷംസുദ്ദീനും വി.വി.ഗ്രേസിക്കുട്ടിയും വസന്തസേനയുടെ പ്രവർത്തനങ്ങൾക്കു‍ വഴിതെളിക്കുന്നുണ്ട്. വസന്തസേനയ്ക്ക് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ, ഇടക്കാലത്തു മുടങ്ങിയ പഠനയാത്രകൾ വീണ്ടും തുടങ്ങണം. കാടു കണ്ടും കയറിയും മതിയായിട്ടില്ല ഇവർക്ക്.

English Summary: Sunday special - Vasanthasena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com