ADVERTISEMENT

എട്ടു വർഷം മുൻപത്തെ ഈസ്റ്റർ ദിവസമാണ് മാദേയി പായ്‌വഞ്ചിയിൽ ഞാൻ ‘സാഗർ പരിക്രമ 2’ ചരിത്രപ്രയാണം പൂർത്തിയാക്കി മുംബൈ തീരം തൊട്ടത്; 2013 മാർച്ച് 31ന്. മാദേയിയുടെ പര്യടനത്തിന്റെ അതേസമയത്തു തന്നെ ചൈനയിൽനിന്നു ഗുവോ ചുവാൻ എന്ന നാവികനും പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്നുണ്ടായിരുന്നു. ചില മാധ്യമങ്ങൾ ഞങ്ങൾ രണ്ടുപേരുടെയും യാത്രകളെ മത്സരമെന്ന രീതിയിൽ അവതരിപ്പിച്ചു. അതോടെ, അദൃശ്യമായൊരു ഇന്ത്യ – ചൈന പായ്‌വഞ്ചി മത്സരത്തിന്റെ ആവേശം ഓളം തല്ലിത്തുടങ്ങി.

മാർച്ച് 31നു തീരത്തെത്തിയെങ്കിലും എനിക്കുള്ള ഔദ്യോഗിക സ്വീകരണം തീരുമാനിച്ചിരുന്നത് ഏപ്രിൽ ആറിനായിരുന്നു. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി പങ്കെടുക്കുന്ന പരിപാടിയാണ്. അതിനാൽ, യാത്ര പൂർത്തിയാക്കിയതു രഹസ്യമായി സൂക്ഷിക്കാൻ വേണ്ടി അടുത്ത 5 ദിവസത്തേക്ക് ഒളിവിൽ പോകാൻ നാവികസേന എന്നോട് ആവശ്യപ്പെട്ടു. നേവി മെസിലായി പിന്നീട് എന്റെ താമസം.

ഇതിനിടെ ചൈനക്കാരൻ ഗുവോ ചുവാൻ തീരത്തെത്തിയതായി വാർത്ത വന്നു. എന്നെക്കുറിച്ചാണെങ്കി‍ൽ ആർക്കും ഒരു വിവരവുമില്ല. അഭിലാഷിനെയും മാദേയിയെയും കടൽ വിഴുങ്ങിയോ എന്നൊക്കെയായി സംശയങ്ങൾ. ഇതിനിടെ കടലിലെ ആദ്യ ഏകാന്ത സഞ്ചാരി സർ റോബിൻ നോക്സ് ജോൺസ്റ്റൻ ഫോണിൽ വിളിച്ചു. അഭിലാഷ് നേരത്തേ തീരത്തെത്തി എന്ന സൂചന നൽകുന്ന എന്തെങ്കിലും പുറത്തുവിടണമെന്നു നിർദേശിച്ചു. അങ്ങനെ ഞാനൊരു പണിയൊപ്പിച്ചു: മാർച്ച് 31ന് ഇന്ത്യയിലെത്തിയെന്നു സൂചന നൽകുന്ന പാസ്പോർട്ടിലെ എൻട്രി സീൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതോടെ എല്ലാവർക്കും ഉത്തരമായി.

ഗുവോ ചാൻ പിന്നീടൊരിക്കൽ മറ്റൊരു പായ്‌വഞ്ചിയിൽ മുംബൈയിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തെ നേരിൽക്കണ്ടു. ഞങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറി സുഹൃത്തുക്കളായി. കുറച്ചുനാൾ കഴിഞ്ഞു കേട്ടത് ഒരു ദുരന്തവാർത്തയാണ്. ഗുവോ ചാനിനെ ഒരു പായ്‌വഞ്ചി യാത്രയ്ക്കിടെ കടലിൽ കാണാതായെന്നായിരുന്നു അത്.

കടലിലെ ഏകാന്തയാത്രികർക്ക് ഏതുനിമിഷവും സംഭവിക്കാവുന്ന ഒന്നാണത് – മരണം. കടൽ തൊട്ടടുത്ത തിരയിൽ നമുക്കായി കരുതിവച്ചിരിക്കുന്നത് ഒരുപക്ഷേ, മരണമായിരിക്കാം. കടലിൽ കൂറ്റൻ തിരകൾ മുന്നിൽക്കാണുമ്പോൾ ഒരിക്കലും മരണഭയം വേട്ടയാടാറില്ല. പിന്നീടു കരയിൽ നിൽക്കുമ്പോൾ, ഇത്തരം വാർത്തകൾ കേൾക്കുമ്പോഴാണ് മനസ്സ് അൽപമെങ്കിലുമൊന്ന് പതറിപ്പോവുക. പക്ഷേ, അപ്പോഴും ഇത്തരമൊരു അപകടത്തെ ഞാനും അഭിമുഖീകരിക്കേണ്ടി വരുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.

അപകടത്തിലേക്കുള്ള വഴി

ഇന്ത്യൻ മഹാസമുദ്രത്തിൽ പായ്മരമൊടിഞ്ഞ് കാറ്റുപോയ ബലൂൺ പോലെ തുരീയ ഓട്ടംനിലച്ചു കിടക്കും മുൻപുണ്ടായ ഒരു സംഭവത്തെക്കുറിച്ചു കൂടി പറയാനുണ്ട്. ഫ്രാൻസിൽനിന്നു യാത്ര തുടങ്ങി 13–ാം ദിവസം. വഞ്ചിയിലെ അടിയന്തര ആശയവിനിമയോപാധിയായ സാറ്റലൈറ്റ് ഫോണിൽ സംഘാടകരുടെ സന്ദേശം: ഉടൻ ഭാര്യയെ വിളിക്കുക. എന്താണു കാര്യമെന്നറിയാതെ ഞാൻ വല്ലാതായി. സംഘാടകരുമായി മാത്രം സംസാരിക്കാൻ അനുമതിയുള്ള സാറ്റലൈറ്റ് ഫോണിൽ ഭാര്യയെ വിളിക്കാൻ സംഘാടകർ തന്നെ പറയുന്നു. ഞാൻ ഉടൻ ഗോവയിലുള്ള ഉർമിമാലയെ വിളിച്ചു. കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ഫോണിലെ സംഭാഷണം വ്യക്തമാകുന്നില്ല. ഉർമി എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ, ഒന്നും കേൾക്കാൻ സാധിക്കുന്നില്ല. ആ നേരമത്രയും ‍ഞാൻ ഉർമിയുടെ സംഭാഷണത്തിന്റെ ടോൺ ശ്രദ്ധിക്കുകയായിരുന്നു. പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് എനിക്കു മനസ്സിലായി.

ഒടുവിൽ ഞാൻ പറഞ്ഞു: ഇതുവരെ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്താണ് സംഭവം?

അപ്പുറത്ത് വലിയൊരു നിശ്ശബ്ദത.

പിന്നെ ഉർമി പറഞ്ഞു: അഭിലാഷ്, നിങ്ങൾ അച്ഛനാകാൻ പോകുന്നു...!

അതുകേട്ടയുടൻ ഞാൻ ഫോൺ കട്ടു ചെയ്തു. കാരണം എനിക്കങ്ങനെ ചെയ്യാനാണു തോന്നിയത്. അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത മറ്റൊരാളോടു പോലും പങ്കുവയ്ക്കാൻ അനുമതിയില്ലാത്ത ഒരു നാവികന്റെ മാനസികാവസ്ഥ ആർക്കും മനസ്സിലാകുമല്ലോ. കുറച്ചുനേരത്തേക്ക് ഞാൻ വെറുതേയിരുന്നു. യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിച്ചു.

അരമണിക്കൂർ കഴിഞ്ഞ് ഉർമിയെ വീണ്ടും വിളിച്ചു. എന്റെ വിളി പ്രതീക്ഷിച്ച് ഭാര്യ അപ്പുറത്തു കാത്തിരിപ്പുണ്ടായിരുന്നു.

മത്സരം ഇവിടെവച്ച് അവസാനിപ്പിക്കട്ടേ, തിരിച്ചുവരട്ടെ എന്നാണ് ‍ഞാനാദ്യം ചോദിച്ചത്.

ഉർമി അതു സമ്മതിച്ചില്ല.

ഗർഭിണിയായ ഭാര്യയെ കരയിൽ ഒറ്റയ്ക്കാക്കാൻ മനസ്സ് അനുവദിക്കില്ലെന്ന സത്യം പറഞ്ഞു. പക്ഷേ, ഉർമി പറഞ്ഞതു മറ്റൊന്നായിരുന്നു: ‘അഭിലാഷ് യാത്ര തുടരണം. അതാണ് എനിക്ക് ഏറെയിഷ്ടം’.

തുരീയയ്ക്കു സ്പീഡ് കൂടുന്നു

സാവകാശം വഞ്ചി നിയന്ത്രിച്ചിരുന്ന എനിക്കു പെട്ടെന്നു റേസ് പൂർത്തിയാക്കണമെന്ന് ആഗ്രഹമുദിച്ചു. തുരീയയ്ക്കു വേഗം കൂടാൻ തുടങ്ങി. കേപ് ഓഫ് ഗുഡ്ഹോപ് മുനമ്പു കടന്നതോടെ കടലിലെ നല്ലൊരു ഒഴുക്കിലേക്കു വഞ്ചിയെത്തിക്കാനായി. സാധാരണ ഗുഡ്ഹോപ് മുനമ്പ് കടക്കുന്നവർ ദക്ഷിണഭാഗത്ത് 30 മുതൽ 36 ഡിഗ്രി വരെയാണ് യാത്രയ്ക്കായി തിര‍ഞ്ഞെടുക്കുക. ഞാൻ അൽപം കൂടി കടന്നു 40 ഡിഗ്രിയിലേക്കു പോയി. ദക്ഷിണധ്രുവത്തോടു കൂടുതൽ അടുത്തതോടെ കടൽജലത്തിന്റെ താപനില മാറി. കടലിലെ ഒഴുക്കിനും ഈ താപനില തന്നെയായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിനാൽ, കടൽജലത്തിന്റെ താപനില പരിശോധിച്ച് ഞാൻ യാത്ര തുടർന്നു. പരമാവധി 160 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ – 1.852 കിലോമീറ്റർ) സഞ്ചരിക്കാൻ ശേഷിയുള്ള തുരീയ 240 നോട്ടിക്കൽ മൈൽ വരെ ഒരുദിവസം പിന്നിട്ടു. അടുത്ത 3 ദിവസങ്ങളിലായി വഞ്ചി 600 നോട്ടിക്കൽ മൈലാണു സഞ്ചരിച്ചത്. ഇതോടെ, മത്സരാർഥികളിൽ ഏറെപ്പേരും എന്റെ പിന്നിലായി.

അഭിലാഷ് ടോമി (ഫയൽ ചിത്രം)
അഭിലാഷ് ടോമി

ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയതോടെ തുരീയയ്ക്കു വേഗം കൂടിയതു പലരും ശ്രദ്ധിച്ചു. എനിക്കൊപ്പം അപകടത്തിൽപെട്ട അയർലൻഡുകാരൻ ഗ്രിഗർ മുക്ഗുഗിന്റെ വഞ്ചിയാണ് പിന്നീട് എനിക്ക് ഓവർടേക്ക് ചെയ്യേണ്ടിയിരുന്നത്. അതൊരിക്കലു‍ം നടക്കാൻ പോകുന്നില്ലെന്ന് അയർലൻഡുകാരിൽ ചിലർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഞാനിതൊന്നും അറിഞ്ഞിരുന്നില്ലെങ്കിലും ഫെയ്സ്ബുക്കിലെ പോസ്റ്റിന് ഉർമി ഉഗ്രനൊരു മറുപടി കൊടുത്തു: ഇത് ഇന്ത്യൻ മഹാസമുദ്രമാണ്, അഭിലാഷിന്റെ കടൽ. അതു മറക്കരുത്! പിന്നാലെ ഞാൻ ഗ്രിഗറിനെയും മറികടന്നു. മൂന്നാം സ്ഥാനം വരെയെത്തിയ ശേഷമാണ് കടലിലെ അപകടച്ചുഴിയിലേക്കു ഞാനും ഗ്രിഗറും ചെന്നുപെട്ടത്.

വഞ്ചിക്കുള്ളിലെ ഏകാന്തത

ഇതുവരെയുള്ള കടൽയാത്രകളിൽ, അപകടത്തിൽ പരുക്കേറ്റ് തുരീയയ്ക്കുള്ളിൽ കിടന്നപ്പോഴാണ് ഞാൻ ഏകാന്തത ഏറ്റവും കൂടുതൽ അനുഭവിച്ചത്. എത്ര ദിവസം കഴിഞ്ഞാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ഏകാന്തകോണിലേക്കു രക്ഷാപ്രവർത്തകർ എത്തുകയെന്ന് ഒരു ഊഹവുമുണ്ടായിരുന്നില്ല. നടുവിനു നല്ല പരുക്കുണ്ടെന്നു മനസ്സിലായി. ബോട്ടു തകർന്നു. കഷ്ടപ്പെട്ടു സ്വരൂപിച്ച പണം കൊണ്ടു വാങ്ങിയ അത് കടലിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഉറപ്പായി. ഇതിനെല്ലാമുപരി, മത്സരത്തിൽനിന്നു പുറത്താവുകയും ചെയ്തു. എനിക്കു നല്ല ദുഃഖമുണ്ടായിരുന്നു. ഉറക്കെ കരയാൻ എനിക്ക് അർഹതയുണ്ട്. ബോട്ടിൽ വച്ചാകുമ്പോൾ കേൾക്കാൻ കടൽ മാത്രമേയുള്ളൂ. ഞാൻ കരയാൻ ശ്രമിച്ചു. പക്ഷേ, സാധിക്കുന്നില്ല. കുറച്ചേറെ നേരം ശ്രമിച്ചതിനു ഫലമുണ്ടായി. ഞാൻ ഉറക്കെച്ചിരിക്കാൻ തുടങ്ങി. ആ കിടപ്പും അവസ്ഥയും ഓർത്തപ്പോൾ എനിക്കു പൊട്ടിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ!

പക്ഷേ, സമാധാനത്തോടെ കിടക്കാൻ വിധി അനുവദിച്ചില്ല. അപകടത്തിനു പിന്നാലെ എനിക്ക് എക്കിളെടുക്കാൻ തുടങ്ങിയതാണ്. അതു നിൽക്കുന്നില്ല. നെഞ്ചെരിച്ചിലുമുണ്ട്. എക്കിൾ കാരണം ഉറങ്ങാൻ സാധിക്കുന്നില്ല. എഴുന്നേറ്റു നിൽക്കാനും വയ്യ. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ ഛർദിച്ചു. അതോടെ എക്കിൾ നിന്നു. അൽപനേരം ഉറങ്ങി. പിന്നെയും എക്കിൾ തുടങ്ങി. ഉറക്കം പോയി. കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും ഛർദി. വയറു കാലിയാകും വരെ ഛർദി തുടർന്നെങ്കിലും എക്കിൾ പൂർണമായും വിട്ടുപോയില്ല. രക്ഷാപ്രവർത്തകർ ഡോക്ടറുടെ അടുക്കലെത്തിക്കും വരെ എക്കിൾ എന്നോടൊപ്പമുണ്ടായിരുന്നു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com