ദുരിതത്തിന്റെ പ്രളയത്തിൽ നിന്നു നീന്തിക്കയറി; ജോസിന്റെ ഉയിർപ്പുകഥ

MA Jose
എം.എ.ജോസ് (ഇടത്ത്). ജോസ്, ഭാര്യ ജിൻസി, മകൾ ആൻസലറ്റ്
SHARE

വേദനയുടെ, ദുരിതത്തിന്റെ, നഷ്ടങ്ങളുടെ പ്രളയത്തിൽനിന്നു നീന്തിക്കയറിയ ജോസിന്റെയും കുടുംബത്തിന്റെയും അതിജീവനകഥ.

ഭാഗം 1

പ്രളയത്തിനെതിരെ നീന്തിയ രണ്ടു ചെറുതോണിക്കാർ!

2018 ഓഗസ്റ്റ് 10

ചെറുതോണി എന്ന ചെറുപട്ടണത്തിലൂടെ ഒഴുകുന്ന ചെറുതോണിപ്പുഴ 26 വർഷത്തിനു ശേഷം നിറഞ്ഞൊഴുകുകയാണ്. കനത്ത മഴയിൽ ഇടുക്കി ഡാം നിറഞ്ഞതിനെത്തുടർന്ന് അഞ്ചാമത്തെ ഷട്ടറും തുറന്നുവിട്ടു. ചെറുതോണിപ്പാലം തകരുന്ന കാഴ്ച കാണാൻ ആയിരക്കണക്കിനാളുകൾ നേരിട്ടെത്തി. ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കാണുന്നു. പാലത്തിന്റെ തൂണുകളിൽ വലിയ മരങ്ങളും കല്ലുകളും പുഴക്കരയിലുണ്ടായിരുന്ന കെട്ടിടങ്ങളും എല്ലാം ഒഴുകിയെത്തി ഇടിച്ചുനിൽക്കുന്നു. ആയിരക്കണക്കിനു മൊബൈൽ ക്യാമറകൾ കാഴ്ചകൾ പകർത്തുന്നു.

ma-jose-family
എം.എ.ജോസ്, ഭാര്യ ജിൻസി, മക്കളായ ആൻസലറ്റ്, ആഷിക്, അലൻ.

പക്ഷേ, ഇത്ര വലിയ കുത്തൊഴുക്കിലും പൂർണമായും തകരാതെ ആ പാലം ‘ചിരിച്ചുകൊണ്ടു’ നിന്നു; ഇതിലും വലുതു ഞാൻ നേരിടും എന്ന ആത്മവിശ്വാസത്തോടെ. മാസങ്ങൾക്കു ശേഷം അറ്റകുറ്റപ്പണികൾ തീർത്തു ചെറുതോണിപ്പാലം വീണ്ടും പുഞ്ചിരിച്ചു നിന്നു. ആയിരക്കണക്കിനു വാഹനങ്ങളെയും ആളുകളെയും പുഴകടക്കാൻ സഹായിച്ച്, പാലമങ്ങനെ കിടക്കുന്നു....

2018 സെപ്റ്റംബർ 5

പാലത്തിൽനിന്ന് 6 കിലോമീറ്റർ അകലെ വാഴത്തോപ്പിലെ മുണ്ടാനിക്കൽ വീട്ടിൽനിന്നു കരിമ്പനിലേക്ക് ബൈക്കിൽ പുറപ്പെട്ടതാണ് ലാലു മാഷ്. 34 വർഷമായി കരാട്ടെ മാസ്റ്ററായ, ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റായ, പഞ്ചഗുസ്തി പരിശീലകനായ, ആറാം വയസ്സിൽ കളരിപ്പയറ്റു പഠിച്ച എം.എ.ജോസ് എന്ന ലാലു മാഷ്. ബൈക്കിൽ തടിയമ്പാട് അശോക് കവലയിലൂടെ വരുമ്പോഴാണ് ഒരു സ്വകാര്യ ബസ് പാഞ്ഞുവന്നത്.

പ്രളയത്തിൽ വളരെയധികം നാശമുണ്ടായ സ്ഥലമാണ് തടിയമ്പാട്. റോഡിലേക്ക് ഇടിഞ്ഞുകിടന്ന മണ്ണ് ദുരന്തകാരണമായതു പെട്ടെന്നാണ്. ബസിനു സൈഡ് കൊടുക്കുമ്പോൾ ബസ് തട്ടിയിടുകയായിരുന്നു. ബൈക്ക് റോഡിൽ കൂടിക്കിടന്ന മണ്ണിലേക്കും ലാലു ബസിനടിയിലേക്കും. നിമിഷങ്ങൾ കൊണ്ട് എല്ലാം കഴിഞ്ഞു. എത്രയോ കാലമായി കളരിപ്പയറ്റുകൊണ്ടും കരാട്ടെ കൊണ്ടും ബലിഷ്ഠമാക്കിയ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.

കയറിയിറങ്ങി നിന്ന ബസിനടിയിൽ ചോരയിൽ കുളിച്ച് ചതഞ്ഞരഞ്ഞ കാലുമായി കിടന്ന ലാലുവിന്റെ ചിത്രവും വിഡിയോയും മൊബൈൽ ക്യാമറയിൽ പകർത്താൻ ആളുകളേറെയുണ്ടായിരുന്നു.

പരിതപിച്ചു നിന്നവരുടെ ഇടയിൽനിന്നു ബസ് യാത്രക്കാരിയായ നിർമല എന്ന സ്ത്രീയാണ് മാലാഖയെപ്പോലെ ഓടിയെത്തിയത്. ലാലുവിനെ രക്ഷിക്കാൻ നിർമല എല്ലാവരെയും വിളിച്ചെങ്കിലും ആരും തയാറായില്ല. അവർ കൈകാണിച്ചു നിർബന്ധിച്ചു നിർത്തിയ ഓട്ടോയിലേക്കു ലാലുവിനെ എടുത്തുകയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അറ്റുപോകാറായ കാൽ നിർമല കയ്യിലെടുത്തുപിടിച്ചിരിക്കുകയായിരുന്നു, പാദത്തിൽ ഒരു കൈത്താങ്ങു നൽകി ലാലുവും!.

jose-students

‘‘എനിക്ക് ഒരു അപകടമുണ്ടായി, രണ്ടു കാലും പോകും. നിങ്ങൾ പെട്ടെന്ന് പൈനാവിലെ ആശുപത്രിയിലേക്കു വാ’’ എന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽനിന്നു ഭാര്യ ജിൻസിയെ വിളിച്ചുപറഞ്ഞതു ലാലുവാണ്. പോകുംവഴിയിലെ കടയിലുള്ള ബന്ധുവിനെ വിളിച്ച് ഓട്ടോയിൽ കയറ്റിയതും ലാലു തന്നെ.

ചെറുതോണി പൈനാവിലെ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം ‘‘ഉടനെ തൊടുപുഴയിലെ ആശുപത്രിയിലേക്കു കൊണ്ടുപൊയ്ക്കോളൂ, ജീവൻ കിട്ടാൻ പാടാണ്, തൊടുപുഴ എത്താൻ പ്രാർഥിക്കൂ’’ എന്നു പറഞ്ഞാണു ഡോക്ടർ യാത്രയാക്കിയത്.

മുറിവിൽ കുറച്ചു പഞ്ഞിയും വച്ച്, ഒലിച്ചിറങ്ങുന്ന ചോരയുമായി തൊടുപുഴ ആശുപത്രിയിൽ എത്തുമ്പോഴും ഡോക്ടറോടു കാര്യങ്ങൾ വിശദീകരിച്ചതെല്ലാം ലാലുവാണ്.

അപ്പോഴേക്ക് ജിൻസി എത്തി. ചതഞ്ഞ കാലുകളും രക്തത്തിൽ കുളിച്ച അവസ്ഥയും കണ്ടു ജിൻസി പതറിപ്പോയി. ‘‘രക്ഷപ്പെടില്ല, എങ്കിലും നോക്കാം, എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കു കൊണ്ടുപൊയ്ക്കോളൂ’’ എന്നു പറഞ്ഞ് ഒരു െഎസിയു ആംബുലൻസിൽ തൊടുപുഴ ആശുപത്രിക്കാർ ലാലുവിനെ അയച്ചു. മണിക്കൂറുകൾ രക്തംവാർന്നു കിടന്ന ലാലുവിന് സ്പെഷലിസ്റ്റ് ആശുപത്രിയിൽ എത്തിയപ്പോൾ ബോധം ഉണ്ടായിരുന്നുവെങ്കിലും പിന്നീടു നഷ്ടമായി. ബോധം വരുമ്പോഴേക്കും ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. 3 ദിവസം നോക്കിയിട്ടും രക്ഷയില്ല എന്നായപ്പോൾ വലതുകാലും.

jose
പഞ്ചഗുസ്തി പരിശീലനം നൽകുന്ന ജോസ്

അറിഞ്ഞെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചെറുതോണിപ്പുഴയിലെ പ്രളയജലം പോലെ കണ്ണീരൊഴുക്കിയപ്പോഴും തകരാതെ, തളരാതെ ലാലു കിടന്നു; കാലില്ലാത്ത കരാട്ടെ മാസ്റ്ററായി താൻ മടങ്ങിവരും എന്ന ഉറപ്പിൽ. 45 ദിവസത്തെ ആശുപത്രി ജീവിതത്തിനുശേഷം ലാലു തിരികെ വീട്ടിലെത്തുമ്പോൾ തകർന്ന ചെറുതോണിപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു; വീണ്ടും സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ, കരുത്തോടെ തലയുയർത്തി നിൽക്കാൻ...

ഭാഗം 2

ലാലുവിന്റെ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾതന്നെ നൂറോളം ട്രോഫികളും മെമന്റോകളും നിറഞ്ഞുനിൽക്കുന്ന ഷെൽഫാണ് കാഴ്ചയിൽ നിറയുന്നത്. അതിൽ നല്ല കൃഷിക്കാരനെന്ന നിലയിൽ ലാലുവിനു കിട്ടിയ നാലഞ്ചെണ്ണം മാറ്റിയാൽ ബാക്കി ഏറെയും ഭാര്യ ജിൻസിക്കും മകൾ ആൻസലറ്റ് ജോസിനും ലഭിച്ചതാണ്. മത്സരയിനം പഞ്ചഗുസ്തി! ഇടുക്കി ജില്ലയിൽനിന്നു കിട്ടിയവ മാത്രമല്ല, ക്വാലലംപുരിൽ നടന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ജിൻസി ഏഴാമതെത്തിയതിന്റെ സമ്മാനം വരെ ഇതിലുണ്ട്!

വർഷങ്ങൾക്കു മുൻപു വനിതാദിനത്തോടനുബന്ധിച്ചു ചെറുതോണിയിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കാൻ വാഴത്തോപ്പ് സെവൻ സ്റ്റാർ ടീമിനൊപ്പം ചെന്ന ജിൻസിയെ ലാലുവിന്റെ സുഹൃത്തായ പഞ്ചഗുസ്തി കോച്ച് ജേക്കബ് പിണക്കാട്ടാണ് പഞ്ചഗുസ്തിയിലേക്ക് എത്തിച്ചത്. പിന്നീട് ലാലു തന്നെ കോച്ചായി. അന്നുമുതൽ ഇന്നുവരെ തോൽവിയെ ഗുസ്തിപിടിച്ചു തോൽപിച്ചു ജിൻസിയുടെ മുന്നേറ്റമായിരുന്നു. 2014ൽ ജില്ലാ മത്സരത്തിൽ ജയിച്ചുകയറിയ ജിൻസി, ആഗ്രയിൽ ദേശീയ ചാംപ്യൻഷിപ്പിൽ 70 കിലോ വിഭാഗത്തിൽ ഒന്നാമതെത്തിയാണു നിന്നത്. ഓരോ വിജയത്തിലും കയ്യടിക്കാൻ, പ്രോത്സാഹിപ്പിക്കാൻ കോച്ചും ഒപ്പമുണ്ടായിരുന്നു; ലാലു മാഷ് എന്ന എം.എ.ജോസ്.

2015 മുതൽ ജിൻസിക്കൊപ്പം മകളും അച്ഛനു കീഴിൽ പരിശീലനം തുടങ്ങി. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ആൻസലറ്റിനു 2015ലെ ദേശീയ ചാംപ്യൻഷിപ്പിൽ ജൂനിയർ 60 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനം, അമ്മ വീണ്ടും 80 കിലോ വിഭാഗത്തിൽ ചാംപ്യൻ. 2016ൽ ജിൻസി ദേശീയ തലത്തിൽ ചാംപ്യൻ ഓഫ് ചാംപ്യൻസ് ആയി. എല്ലാ വിഭാഗത്തിലെയും ചാംപ്യന്മാരെ നിലംപരിശാക്കിയ ചാംപ്യന്മാരുടെ ചാംപ്യൻ! മകളും ആ വർഷം ദേശീയ ചാംപ്യനായി. പിന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് ക്വാലലംപുരിലേക്ക്. ലോക ഗുസ്തിക്കാരോടു മത്സരിച്ച് ജിൻസി ഏഴാമതെത്തി. 2017ലും രണ്ടുപേരും ചരിത്രം ആവർത്തിച്ചു. 2018ൽ അമ്മ ചാംപ്യൻ ഓഫ് ചാംപ്യൻസ് പട്ടം നിലനിർത്തി. അമ്മയെയും മകളെയും പഞ്ചഗുസ്തി പരിശീലിപ്പിച്ച് ലാലു യാഥാർഥ ചാംപ്യനായി എപ്പോഴും ഒപ്പമുണ്ടായിരുന്നു.

ലാലുവിനു സുഖമില്ലാത്തതിനാൽ 2019ൽ മത്സരത്തിനില്ല എന്നുറപ്പിച്ച ജിൻസിക്കും ആൻസലറ്റിനും കരുത്തേകിയതു ലാലുവാണ്. കാൽക്കരുത്തു പോയെങ്കിലും കൈക്കരുത്തിൽ നമ്മൾ വിജയിക്കും എന്നു പറഞ്ഞ് ലാലു അവരെ ഒരുക്കി. മുറ്റത്തിട്ടിരുന്ന പഞ്ചഗുസ്തി മേശയ്ക്കരികിലെ കസേരയിലേക്ക് ആൺമക്കളായ ആഷിക് ജോസും അലൻ ജോസും ലാലുവിനെ എടുത്തുകൊണ്ടുചെന്നിരുത്തി. വേദനയ്ക്കു മത്സരത്തിൽ ഇടമില്ല എന്നു പറഞ്ഞിരുന്ന ലാലുവിന്റെ വേദന പലപ്പോഴും അമ്മയുടെയും മകളുടെയും കണ്ണീരായാണു പുറത്തുവന്നത്.

jose-family
പഞ്ചഗുസ്തി പരിശീലിക്കുന്ന ഭാര്യ ജിൻസിക്കും മകൾ ആൻസലറ്റിനും സമീപം എം.എ.ജോസ്.

പക്ഷേ, പരാജയമെന്നത് അവരുടെ മനസ്സിൽ പോലും ഇല്ലായിരുന്നു. ആദ്യമായി ലാലുവില്ലാതെ മത്സരവേദിയിലെത്തിയപ്പോൾ ചാംപ്യൻ ഓഫ് ചാംപ്യൻസ് മത്സരത്തിൽ അവസാന റൗണ്ടിൽ ജിൻസിക്ക് അടിതെറ്റി. ജൂനിയർ വിഭാഗത്തിൽ അടിയറവു പറയാൻ ആൻസലറ്റ് ഒരുക്കമല്ലായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം വരെ അച്ഛന്റെ പ്രോത്സാഹനം മനസ്സിലോർത്ത് കൈകളിലേക്ക് ആ ആവേശം ഇരച്ചുകയറ്റി ഒറ്റപ്പിടി, ചാംപ്യൻ ഓഫ് ചാംപ്യൻസ് പട്ടം ഭൂമിയാകുളത്തെ മുണ്ടാനിക്കൽ വീട്ടിൽ കൊണ്ടുവന്നു വച്ചാണ് ആ പ്ലസ്ടുക്കാരി വിധിയോടു പകരം വീട്ടിയത്.

അപകടത്തിന് ഒരു വയസ്സാകും മുൻപാണ് 17 ദിവസം നീണ്ട പഞ്ചഗുസ്തി ജില്ലാ പരിശീലന ക്യാംപിൽ പരിശീലകന്റെ റോളിൽ ലാലു എത്തിയത്. കരിമ്പൻ സെന്റ് തോമസ് സ്കൂളിൽ കരാട്ടെ പഠിപ്പിക്കാനായി ഏൽപിച്ചിരുന്ന ആൾക്ക് എത്താൻ പ്രയാസമുണ്ടായപ്പോൾ രണ്ടു ദിവസത്തേക്ക് ക്ലാസ് നയിക്കാൻ പോയതും ലാലുവായിരുന്നു. നഷ്ടങ്ങളുടെ പട്ടിക എണ്ണിയിരിക്കാനല്ല ലാലു ആഗ്രഹിച്ചത്, ഉയിർത്തെഴുന്നേൽക്കാനായിരുന്നു. ഇപ്പോൾ 10 കുട്ടികൾക്കു ലാലു സ്ഥിരം പഞ്ചഗുസ്തി പരിശീലനം നൽകുന്നു, സൗജന്യമായി.

യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന വീൽചെയറിലാണ് അടുത്ത ജംക്‌ഷനിലൊക്കെ പോകുന്നത്. ഇപ്പോൾ ലാലു പ്രത്യേക പരിശീലനത്തിലാണ്. 8 ലക്ഷം രൂപ ചെലവുള്ള കൃത്രിമക്കാൽ വച്ചു നടക്കാൻ. വീട്ടുമുറ്റത്തു പ്രത്യേകം തയാറാക്കിയ സ്ഥലത്ത് റാംപിലൂടെ എന്ന പോലെ പിച്ചവച്ച് അദ്ദേഹം നടന്നു പരിശീലിക്കുകയാണ്.

കോവിഡ്മൂലം 2020ൽ മത്സരങ്ങളൊന്നും നടന്നില്ല. 2021 ഫെബ്രുവരിയിൽ മുംബൈയിൽ നടന്ന പ്രോ പഞ്ച ലീഗിൽ ആൻസലറ്റ് ചാംപ്യനായി; ജിൻസി രണ്ടാമതും. അടുത്ത മത്സരവേദിയിലേക്കു പോകുമ്പോൾ കൃത്രിമക്കാലുപയോഗിച്ചു നടന്നുവരുന്ന ലാലുവിനൊപ്പം പോകാം എന്ന പ്രതീക്ഷയിലാണവർ. ചിരി മാഞ്ഞുപോകുമായിരുന്ന ഒരു വീടിനെ തന്റെ മനക്കരുത്തിൽ ചിരിവീടാക്കി മാറ്റിയ ഗൃഹനാഥൻ ആ പ്രതീക്ഷ തെറ്റിക്കില്ല എന്നുറപ്പാണ്, കുരിശിന്റെ വേദന മറന്ന ഉയിർപ്പിന്റെ സന്തോഷം പോലെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA