ADVERTISEMENT

ഒാൾഡ് ഡൽഹിയുടെ തലയെടുപ്പാണ് ചെങ്കോട്ട. മുഗൾ സാമ്രാജ്യത്തിന്റെ അഭിമാനസ്തംഭം. ചെങ്കോട്ടയുടെ തിരുമുറ്റമാണ് ചാന്ദ്നി ചൗക്ക്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ലോകപ്രശസ്ത വ്യാപാരകേന്ദ്രമായ ചാന്ദ്നി ചൗക്ക് പുതുമോടിയുടെ പകിട്ടിലാണ്.

ടൈൽസ് വിരിച്ച, പച്ചപ്പു നിറഞ്ഞ, വിശാലമായ നടപ്പാതകളുള്ള ചാന്ദ്നി ചൗക്ക് ഇനി ഡൽഹിയുടെ മുഖശ്രീയാവും. ഡൽഹി സർക്കാർ 99 കോടി രൂപ ചെലവിട്ട് പുനർനിർമിച്ച ചാന്ദ്നി ചൗക്ക് 17ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സന്ദർശകർക്കു തുറന്നുകൊടുക്കും. 

ജഹനാരയുടെ ചാന്ദ്നി

പതിനേഴാം നൂറ്റാണ്ടിന്റെ സംഭാവനകളാണ് ചെങ്കോട്ടയും ചാന്ദ്നി ചൗക്കും. ആഗ്രയിൽനിന്നു ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയ മുഗൾ ചക്രവർത്തി ഷാജഹാൻ 1648ലാണു ചെങ്കോട്ട നിർമിക്കുന്നത്. ഷാജഹാന്റെ ഏറ്റവും പ്രിയപ്പെട്ട മകൾ ജഹനാര ബീഗത്തിന്റെ രൂപകൽപനയിലാണ് 1650ൽ ചാന്ദ്നി ചൗക്ക് യാഥാർഥ്യമായത്.

ചെങ്കോട്ടയിൽ നിന്നു നോക്കിയാൽ കാണാവുന്ന ഫത്തേപുരി മസ്ജിദ് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്ത് 1560 വ്യാപാരശാലകളാണു നിർമിച്ചത്. ജഹനാരയുടെ ഹവേലി (മാളിക) നിന്നിരുന്ന സ്ഥലത്തിനു സമീപമാണ് ചാന്ദ്നി ചൗക്കിന്റെ പ്രധാന കേന്ദ്രം സ്ഥാപിച്ചത്. കനാൽ നിർമിച്ച് യമുനാ നദിയിലെ ജലം ഇവിടേക്ക് എത്തിച്ചു. കനാലിന്റെ കൈവഴികളിലുടെ ചാന്ദ്നി ചൗക്കിന്റെ ഇരുവശങ്ങളിലുമുള്ള അനേകം ഗലികളിലേക്കും വെള്ളമെത്തി. പ്രധാന തെരുവിൽ നിന്നു വശങ്ങളിലേക്കു നീണ്ടുകിടക്കുന്ന ഗലികളിലാണ് വ്യാപാരശാലകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. 

chandinichowk
ചാന്ദ്നി ചൗക്ക്.

‘സിൽവർ സ്ട്രീറ്റ് ’

ചാന്ദ്നി എന്നാൽ ചന്ദ്രന്റെ വെളിച്ചമെന്നാണ് അർഥം. അർധചന്ദ്രന്റെ ആകൃതിയിലുള്ള ചത്വരമാണ് ജഹനാര, ചാന്ദ്നി ചൗക്കിൽ സ്ഥാപിച്ചത്. ചന്ദ്രബിംബം പ്രതിഫലിക്കാൻ ഇവിടെ മനോഹരമായ കുളവും സജ്ജീകരിച്ചു. പ്രധാന തെരുവിനെ വിഭജിച്ചു നിർമിച്ച കനാലിലൂടെ ഒഴുകിയ യമുനാ ജലത്തിലും ചന്ദ്രപ്രഭ നിറഞ്ഞു.

വെള്ളി ആഭരണശാലകളുടെ ലോകത്തിലെ തന്നെ പ്രമുഖ കേന്ദ്രമായ ചാന്ദ്നി ചൗക്ക് ‘സിൽവർ സ്ട്രീറ്റ്’ എന്നും അറിയപ്പെട്ടു. 

ചക്രവർത്തിമാരുടെ തെരുവ്

ചെങ്കോട്ടയിൽ സാമ്രാജ്യങ്ങൾ ഉദിച്ചതും അസ്തമിച്ചതും ചാന്ദ്നി ചൗക്കിന്റെ കൺമുന്നിലാണ്. ചക്രവർത്തിമാർ ചെങ്കോട്ടയിലിരുന്ന് ചാന്ദ്നി ചൗക്കിലെ ആരവങ്ങൾക്കു കാതോർത്തു; കാഴ്ചകളിൽ ഹരംകൊണ്ടു. രാജകീയ ഘോഷയാത്രകളുടെയും ചക്രവർത്തിമാരുടെ ആഘോഷങ്ങളുടെയും താളമേളങ്ങൾക്കും വർണവിസ്മയങ്ങൾക്കും ചാന്ദ്നി ചൗക്ക് എന്നും വേദിയായിരുന്നു. 

ചോരപ്പുഴയൊഴുകിയ ചരിത്രം

അധിനിവേശങ്ങളുടെയും അധികാര വടംവലികളുടെയും ചോരപ്പുഴകൾ ഏറെ കണ്ടതാണ് ചാന്ദ്നി ചൗക്ക്. ഡൽഹിയിൽ ആക്രമണം നടത്തിയ പേർഷ്യൻ ഭരണാധികാരി നാദിർ ഷാ, ചാന്ദ്നി ചൗക്കിൽ നടത്തിയ കൂട്ടക്കൊല ചരിത്രത്തിലെ ചോരപ്പാടാണ്. പട്ടാളക്കാരെ നാട്ടുകാർ ആക്രമിച്ചതിനു പ്രതികാരമായി കണ്ണിൽക്കണ്ടവരെയെല്ലാം കൂട്ടക്കൊല ചെയ്യാനാണ് നാദിർ ഷാ ഉത്തരവിട്ടത്. ഏകദേശം 30,000 പേരെ നാദിർഷായുടെ പട്ടാളം കൊലപ്പെടുത്തിയെന്നാണു കണക്ക്. 

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഭരണകാലത്ത് 1675ൽ ഒൻപതാമത്തെ സിഖ് ഗുരു തേജ് ബഹാദൂറിന്റെ തലവെട്ടിയത് ഈ തെരുവിലിട്ടാണ്. വെട്ടിയ തല വീണ സ്ഥലം ശീഷ്ഗഞ്ചെന്ന് അറിയപ്പെട്ടു. ഇവിടെയാണ് പിന്നീട് സിഖ് സമുദായം ഗുരുദ്വാര ശീഷ്ഗഞ്ച് സാഹിബ് നിർമിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ നാട്ടുകാർ പങ്കെടുത്തതിനുള്ള പ്രതികാരമായി ചാന്ദ്നി ചൗക്കിലെ കനാലുകളും കുളവും കല്ലിട്ടു മൂടിയ ബ്രിട്ടിഷുകാർ, വ്യാപാരശാലകൾ ഭൂരിഭാഗവും ഇടിച്ചുനിരത്തുകയും ചെയ്തു. 

നെഹ്റുവും മുഷറഫും ‘വീട്ടുകാർ’

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേശ് മുഷറഫിന്റെ കുടുംബത്തിന് ചാന്ദ്നി ചൗക്കിൽ വീടുണ്ടായിരുന്നു. നെഹർവാലി ഹവേലി എന്നായിരുന്നു പർവേശ് മുഷറഫിന്റെ വീട് അറിയപ്പെട്ടിരുന്നത്. നെഹർ എന്നാൽ കനാലാണ്; നെഹർവാലി ഹവേലിയുടെ അർഥം കനാലിനു സമീപമുള്ള മാളിക എന്നും. പ്രസിഡന്റായിരിക്കുമ്പോൾ പർവേശ് മുഷറഫ് ചാന്ദ്നി ചൗക്ക് സന്ദർശിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പൂർവികർക്കും ഇവിടെ മാളികയുണ്ടായിരുന്നു. നെഹ്റു എന്ന പേരുണ്ടായത് നെഹർ എന്ന വാക്കിൽ നിന്നാണെന്നു പറയപ്പെടുന്നു.  

രാജ്യത്തിന്റെ അഭിമാനം

സുഗന്ധവ്യഞ്ജനങ്ങൾ, വെള്ളി ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി മിക്കവാറും എല്ലാ സാധനങ്ങളും ലഭിക്കുന്ന പ്രമുഖ വ്യാപാരകേന്ദ്രമാണ് ചാന്ദ്നി ചൗക്ക്. മുഗൾ, ബ്രിട്ടിഷ് ഭരണകാലത്ത് മധ്യേഷൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും ഇവിടെ ലഭ്യമായിരുന്നു. പുനർനിർമാണം പൂർത്തിയായതോടെ വിനോദസഞ്ചാരികളെയും  ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു ഡൽഹി സർക്കാർ. 

ചാന്ദ്നി ചൗക്കിലെ റോഡിനെ നാലായി വിഭജിച്ചാണു പുനർനിർമാണം നടത്തിയത്. പ്രധാനമായി രണ്ടു റോഡുകളുണ്ട്. ഇതിനോടു ചേർന്ന് കാൽനടയാത്രക്കാർക്കു വിശാലമായ നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന റോഡുകളുടെ മധ്യത്തിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. ടൈൽസ് പാകിയ റോഡുകളുടെ വശങ്ങളിൽ മനോഹരമായ ചെറിയ തൂണുകൾ, അലങ്കാര വിളക്കുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ട മുതൽ ഫത്തേപുരി മസ്ജിദ് വരെ തണൽമരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. സൈക്കിൾ റിക്ഷകൾക്കു മാത്രമാണ് ഇവിടെ പ്രവേശിക്കാൻ അനുമതി. 

ഒാൾഡ് ഡൽഹി, ന്യൂഡൽഹി

മുഗൾ സാമ്രാജ്യത്തിന്റെ പേരിലാണ് ഒാൾഡ് ഡൽഹി അറിയപ്പെടുന്നതെങ്കിൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ സംഭാവനയാണ് ന്യൂഡൽഹി. 

ഒാൾഡ് ഡൽഹിയിൽ മുഗൾ രൂപകൽപന അടിസ്ഥാനമാക്കിയുള്ള നിർമിതികളാണു കൂടുതലെങ്കിൽ ന്യൂ‍ഡൽഹിയിൽ ബ്രിട്ടിഷ് വാസ്തുശൈലി പ്രകാരമുള്ള കെട്ടിടങ്ങളും വ്യാപാര കേന്ദ്രങ്ങളുമാണുള്ളത്. ഡൽഹിയിലെ പുരാതന വ്യാപാരകേന്ദ്രങ്ങൾക്കു പുതിയ മുഖം നൽകാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. പഴമയുടെ പ്രൗഢിയും പുതുമയുടെ നിറക്കൂട്ടുകളും അലിഞ്ഞുചേരുന്ന ആധുനിക ഡൽഹിയുടെ പ്രതീകമാവുകയാണ് മുഖംമിനുക്കിയ ചാന്ദ്നി ചൗക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com