ADVERTISEMENT

നാടകത്തിന്റെ വിവിധ മേഖലകളിൽ അരനൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന ജോൺ ടി.വേക്കനെക്കുറിച്ച്

1882ൽ കേരളവർമ വലിയകോയിത്തമ്പുരാൻ ‘മണിപ്രവാള ശാകുന്തളം’ രചിച്ചതോടെ തുടങ്ങുന്നു കേരളത്തിന്റെ നാടകചരിത്രം. പിന്നീട് ഒട്ടേറെ നാടകങ്ങൾ അരങ്ങിലെത്തിയെങ്കിലും കേരളത്തിൽ നാടകങ്ങൾക്കായി ഒരു സ്ഥിരം വേദി നിലവിൽ വരാൻ 2000വരെ കാത്തിരിക്കേണ്ടിവന്നു. 20 രൂപയുടെ ടിക്കറ്റെടുത്താൽ നാടകം കാണാം. ഒപ്പം, സംഗീതവും ചിത്രപ്രദർശനവും ആസ്വദിക്കാം. കൊച്ചിയിലെ വേദിയിൽ എല്ലാ ശനിയാഴ്ചയും 6.30നായിരുന്നു പ്രദർശനം. സിനിമ പോലെ, നാടകവും ടിക്കറ്റെടുത്തു കാണണമെന്ന സമീപനം ആളുകൾക്കിടയിൽ രൂപപ്പെട്ടു തുടങ്ങുകയായിരുന്നു. 

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാബീജം, എം.വി.ദേവന്റെ മഹാനായ കലാകാരൻ, സി.എൻ.ശ്രീകണ്ഠൻ നായരുടെ കാഞ്ചനസീത തുടങ്ങി ഒട്ടേറെ നാടകങ്ങൾ പ്രേക്ഷകർ വരിനിന്നു ടിക്കറ്റെടുത്തു കണ്ടു. സ്ഥിരം നാടകവേദിയുടെ രൂപീകരണത്തിലൂടെ ജോൺ ടി.വേക്കൻ എന്ന വൈക്കത്തുകാരനാണ് ഇത്തരമൊരു മാറ്റം സാധ്യമാക്കിയത്. നാടകകൃത്ത്, സംവിധായകൻ, നടൻ, മ്യൂസിക് - ലൈറ്റ് - സെറ്റ് - കോസ്റ്റ്യൂം - മേക്കപ്പ് ഡിസൈനർ, നാടകാധ്യാപകൻ, നാടക ഗവേഷകൻ, ഗ്രന്ഥകാരൻ, ലേഖകൻ, എഡിറ്റർ, പ്രസാധകൻ, പ്രഭാഷകൻ തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളിൽ കഴിഞ്ഞ 50 വർഷമായി നിറഞ്ഞ സാന്നിധ്യമാണ് ജോൺ ടി. വേക്കൻ.

തുടക്കം

അച്ഛൻ കോര തോമസ് കൊച്ചിയിൽ നാവികനായിരുന്നു. അച്ഛനു ബോംബെയിലേക്ക് സ്ഥലംമാറ്റമായതോടെ അമ്മ മേരിയമ്മ, ഞാനും സഹോദരങ്ങളുമായി (അമ്മിണി, ബേസിൽ) വൈക്കത്തെ കുടുംബവീട്ടിലേക്കു മാറി. വൈക്കം ടൗൺ എൽപി സ്കൂളിൽ രണ്ടാം ക്ലാസിൽ ചേർന്നതോടെ തുടങ്ങുന്നു ഭാഷയുമായുള്ള ബന്ധം. അതേ വർഷംതന്നെ സ്കൂളിലെ നാടകത്തിൽ ആദ്യമായി വേഷമിട്ടു. പിന്നീടു വൈക്കം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്കു മാറിയതോടെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ നാടകവേദികളിലും സജീവമായി.

നാടകക്കളരി, വൈക്കം തിരുനാൾ നാടകവേദി

1967ലാണ് കേരളത്തിൽ നിർണായക ചലനമുണ്ടാക്കിയ നാടകക്കളരി പ്രസ്ഥാനത്തിന് എം.ഗോവിന്ദൻ, സി.എൻ. ശ്രീകണ്ഠൻ നായർ, ജി.ശങ്കരപ്പിള്ള എന്നിവർ ചേർന്നു രൂപംനൽകുന്നത്. സംസ്ഥാനത്തിന്റെ രംഗകലാ പാരമ്പര്യം സ്ഫുരിക്കുന്ന നാടകങ്ങൾ നാടകക്കളരിയിലൂടെയും തനതു നാടകപ്രസ്ഥാനത്തിലൂടെയും അരങ്ങിലേക്കു മടങ്ങിയെത്തി. സ്കൂൾപഠന കാലത്തുതന്നെ നാടകക്കളരിയിൽ ആകൃഷ്ടനായി. 1978 മുതൽ നാടകക്കളരിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. അവിടെനിന്നു ശാസ്ത്രീയ പരിശീലനം നേടുന്ന കലാകാരന്മാർക്കു നാടകാവതരണത്തിനായി 1980ൽ വൈക്കം കേന്ദ്രമാക്കി ആരംഭിച്ച വൈക്കം തിരുനാൾ നാടകവേദി എന്ന റെപ്പർട്ടറി സ്ഥാപിച്ചു. ഇപ്പോഴും അതിന്റെ ഡയറക്ടറായി തുടരുന്നു.

നാടകോത്സവവും ഗിരീഷ് കർണാടും

കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാനായിരുന്ന സമയത്ത് ഗിരീഷ് കർണാട് വിവിധ സോണുകളുടെ അടിസ്ഥാനത്തിൽ ദേശീയ നാടകോത്സവങ്ങൾ നടത്തിയിരുന്നു. ഈ കാലയളവിൽ സ്വന്തം കയ്യിൽനിന്നു പണം മുടക്കി നാടകങ്ങൾ കാണാനും ചർച്ചയിൽ പങ്കെടുക്കാനും പോയി. 1992ൽ കേരളത്തെ പ്രതിനിധീകരിച്ച് കെ.എസ്. നാരായണപിള്ളയുടെ ‘മാനുഷ്യകം’ എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. പിന്നീടു ദേശീയ നാടകോത്സവങ്ങളിലെ ഏറ്റവും മികച്ച 12 സംവിധായകരെ പ്രത്യേക ശിൽപശാലയിലേക്കു തിരഞ്ഞെടുത്തു. ഗിരീഷ് കർണാടുമായുള്ള ബന്ധം ദൃഢമായത് അവിടെവച്ചാണ്. ശിൽപശാലയ്ക്കു ശേഷം ഹബീബ് തൻവീറിന്റെ തിയറ്ററിലേക്കു ക്ഷണം ലഭിച്ചു. പിന്നീടു പലപ്പോഴായി വിദേശ നാടകകലാകാരന്മാരായ ജിൽ നവരേ (യുഎസ്), മിഖായേൽ (സ്പെയിൻ), ഹെൻറി സ്റ്റേബിൾ, യാനാ ക്ലൗസ് (ജർമനി), ജെഫ് ബെക്കർ (അയർലൻഡ്), ലിസ ഷട്ടാക്ക് (ചൈന) എന്നിവരോടൊപ്പം പ്രവർത്തിക്കാനും അവസരം ലഭിച്ചു.

സ്ഥിരം നാടകവേദി

കേരളത്തിലെ നാടക കലാകാരന്മാർക്കു കൂടുതൽ ദിശാബോധം നൽകാനും കാണികളെ നാടകത്തിലേക്ക് അടുപ്പിക്കാനും ലക്ഷ്യമിട്ടാണ് ‘സ്ഥിരം നാടകവേദി’ എന്ന ആശയം മുന്നോട്ടുവച്ചത്. എറണാകുളത്തു വാടകയ്ക്കെടുത്ത കെട്ടിടത്തിൽ എല്ലാ ശനിയാഴ്ചയും നാടകം അവതരിപ്പിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇന്ത്യയിലെതന്നെ ആദ്യ സ്ഥിരം നാടകവേദിയായിരുന്നു ഇത്. എന്നാൽ, സ്ഥിരമായി നാടകം അവതരിപ്പിക്കാൻ ഓഡിറ്റോറിയം ലഭിക്കാതെ വന്നതോടെ 2003ൽ സംരംഭം ഉപേക്ഷിക്കേണ്ടിവന്നു. ഈ കാലയളവിനിടെ നൂറ്റിയെൺപതോളം നാടകങ്ങൾ കളിക്കാനായി.

എഴുത്ത്, ജീവിതം

വൈക്കം ഭാസിക്കൊപ്പം ‘പോളിയോ’, സിവിക് ചന്ദ്രനൊപ്പം ‘നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്തു നിർത്തിയിരിക്കുന്നത്’ എന്നീ നാടകങ്ങളുടെ രചന നിർവഹിച്ചു. ഇവ രണ്ടും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982ൽ സുധാകർ മംഗളോദയത്തിന്റെ ‘ശിശിരത്തിലെ ഒരു പ്രഭാതത്തിൽ’ എന്ന നാടകം സംവിധാനം ചെയ്തു. 

നാടകക്കളരി പ്രസ്ഥാനത്തിന്റെ ചരിത്രശേഖരണം, പ്രശസ്ത ചിത്രകാരൻ എം.വി.ദേവന്റെ കലാസൃഷ്ടികളുടെ ഡോക്യുമെന്റേഷൻ എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഇവ പൂർത്തിയാക്കിയ ശേഷം വീണ്ടും നാടകത്തിലേക്കു മടങ്ങിയെത്തും.

English Summary: Drama and John T. Vekkan - Sunday special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com