ADVERTISEMENT

ചെറുമുക്കു വല്ലഭൻ നമ്പൂതിരിപ്പാടിന്റെ സ്വർണവാച്ചിന് ‘നല്ല സമയം’ ആയിരുന്നു. 55 രൂപ മതിപ്പുള്ള ആ വാച്ച് ലേലം ചെയ്തപ്പോൾ കിട്ടിയത് 501 രൂപ. യോഗക്ഷേമ സഭയ്ക്കു വേണ്ടി ലേലം പിടിച്ച കുറൂർ നമ്പൂതിരിപ്പാട് അതേ വാച്ചും 3 പവൻ തൂക്കമുള്ള സ്വർണമാലയും ചേർത്തു തിലക് സ്വരാജ് ഫണ്ടിനു സമർപ്പിച്ചു. പലരും സ്വന്തം കമ്മലും കടുക്കനും വളകളുമെല്ലാം ഊരിനൽകി. സ്വരാജ്യമെന്ന സ്വപ്നസാക്ഷാത്കാരത്തിനു സ്വന്തം പ്രാണൻ നൽകണമെങ്കിൽ അതും കൊടുക്കാനുള്ള ചങ്കുറപ്പുമായാണ് ആണുങ്ങളും പെണ്ണുങ്ങളുമടങ്ങിയ വലിയ സഭ അവിടെ കൂടിയത്.

1921ൽ ഒറ്റപ്പാലത്ത് ഭാരതപ്പുഴയോരത്ത് ഇങ്ങനെയൊരു ‘സ്നേഹം വിളി’ നടക്കുമ്പോൾ കേരളമെന്ന സുവർണ സ്വപ്നത്തിന്റെ ചിത്രവും തെളിയുകയായിരുന്നു. മലബാറും തിരുവിതാംകൂറും കൊച്ചിയുമായി മുറിഞ്ഞുകിടന്ന കാലത്ത് രാജ്യസ്നേഹത്തിന്റെ ഖദർനൂലിനാൽ മലയാളത്തെ ഒരുമിപ്പിക്കുകയായിരുന്നു ‘കേരള പ്രദേശ് (പ്രോവിൻസ്) കോൺഗ്രസ്. ഐക്യകേരളം രൂപം കൊള്ളുന്നതിനു 35 വർഷം മുൻപ്, തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ എന്നു പാടിയതിനും മുൻപ് കേരളമെന്ന പേരിൽ അവർ സമ്മേളിച്ചു.

നാഗ്പുരിൽ 1920ൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന നിർദേശമാണ് ഇത്തരമൊരു സമ്മേളനത്തിലേക്കു വഴിതുറന്നത്. മലബാർ ഡിസ്ട്രിക്ട് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്നിരുന്ന സംഘടന പാലക്കാട്, കോഴിക്കോട്, തലശ്ശേരി, വടകര, മഞ്ചേരി എന്നീ സമ്മേളനങ്ങൾക്കു ശേഷം കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളെയും ഉൾക്കൊള്ളിച്ചാണ് 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്ത് കേരളമെന്ന സങ്കൽപത്തോടെ പ്രഥമ സമ്മേളനം നടത്തിയത്.

നിസ്സഹകരണത്തിന്റെ ചൂളംവിളി

നല്ല പട്ടുവസ്ത്രങ്ങളോടു കമ്പമുള്ള, ബെൽറ്റും ഷൂസും ഫൗണ്ടൻ പേനകളും സ്വന്തമാക്കി മേനിപറയാൻ പ്രാപ്തിയുള്ള തറവാട്ടുകാരുള്ള വള്ളുവനാട്ടിൽ ഗാന്ധിജിയുടെ നിസ്സഹകരണത്തിന് എന്തു വിലയെന്ന് ബ്രിട്ടിഷുകാർ തരംതാഴ്ത്തി. കോൺഗ്രസ് സമ്മേളനം പൊളിഞ്ഞു പാളീസാകുമെന്നു പറഞ്ഞു. എന്നാൽ, സമ്മേളനത്തിൽ നുഴഞ്ഞുകയറിയ സിഐഡി പൊലീസുകാർ കണ്ടതു മൂവായിരത്തിലധികം പേർ, ജന്മിമാരും കുടിയാന്മാരും പണ്ഡിതരും പാമരരുമെല്ലാം ഒരൊറ്റ മനസ്സായി കൂടിയിരിക്കുന്ന കാഴ്ച.

ഗാന്ധിജിയുടെ നിസ്സഹകരണമെന്ന മന്ത്രത്തിന്റെ ചൂളംവിളിയുമായാണ് സമ്മേളന അധ്യക്ഷൻ ആന്ധ്രാകേസരി ടി. പ്രകാശം ഏപ്രിൽ 23നു രാവിലെ തീവണ്ടിയിറങ്ങുന്നത്. അപ്പോഴേക്കും ഒറ്റപ്പാലം ഒരു ത്രിവർണക്കടലായിരുന്നുവെന്ന് ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശഭക്തിഗാനം പാടി സ്ത്രീകളും കുട്ടികളും അണിനിരന്നു. ഒരുഭാഗത്ത് ചർക്കയിൽ നൂൽനൂറ്റ് പ്രവർത്തകർ ആവേശത്തോടെയിരുന്നു.

ടി.പ്രകാശത്തിന്റെ പ്രസംഗം തർജമ ചെയ്ത കെ.പി.കേശവമേനോൻ, ഗാന്ധിജി ഉടൻ കേരളം സന്ദർശിക്കുമെന്നു പറഞ്ഞതോടെ ഉയർന്ന കരഘോഷം നിളയെ പുളകം കൊള്ളിച്ചു. സർക്കാർ ജോലി ഉപേക്ഷിക്കുക, അഭിഭാഷകർ കോടതി ബഹിഷ്കരിക്കുക, രക്ഷിതാക്കൾ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് അയയ്ക്കാതിരിക്കുക, ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ ഗാന്ധിജിയുടെ ആഹ്വാനങ്ങൾ തന്നെയായിരുന്നു സമ്മേളനത്തിന്റെ കാതൽ. പ്രതിനിധി സമ്മേളനം, ജന്മി-കുടിയാൻ സമ്മേളനം, ഉലമ - ഖിലാഫത്ത് സമ്മേളനം, വിദ്യാർഥി സമ്മേളനം, പൊതുസമ്മേളനം എന്നിങ്ങനെയുള്ള നടപടികളോടെയാണ് സമ്മേളനം അവസാനിച്ചത്.

പൊലീസിനു പരിഹാസം, പ്രവർത്തകർക്കു മർദനം

ഒറ്റപ്പാലം സമ്മേളനത്തിന്റെ ജനപിന്തുണ ബ്രിട്ടിഷുകാരെ വിറളി പിടിപ്പിച്ചു. നിസ്സഹകരണത്തിന്റെ സന്ദേശവുമായി തുടങ്ങിവച്ച സമ്മേളനത്തെ അവർ കായികമായി നേരിട്ടു. അതിനു മുൻപ് സമ്മേളന ഹാളിൽ പൊലീസുകാർ നുഴഞ്ഞുകയറി. കോൺഗ്രസുകാർ പൊലീസുകാരെ ഗൗനിച്ചില്ല. രാജ്യത്തെ ഒറ്റുകൊടുത്ത് ബ്രിട്ടിഷുകാരോടു കൂറുകാണിക്കുന്ന അവരെ കണക്കറ്റു പരിഹസിക്കുകയും ചെയ്തു.

സമ്മേളനത്തിന്റെ നാലാം ദിവസം വിദ്യാഭ്യാസ സമ്മേളനം നടക്കുന്നതിടെയാണ് വൊളന്റിയർമാരെ പൊലീസ് മർദിക്കുന്നതായി വിവരം ലഭിച്ചത്. പി.രാവുണ്ണി മേനോനും ഹമീദ് ഖാനും ചെങ്ങളത്ത് മാധവമേനോനും വിവരം അന്വേഷിക്കാൻ അങ്ങാടിയിൽ പോയപ്പോൾ അവരെ പൊതിരെ തല്ലി. ശരീരമാകെ ചതഞ്ഞരഞ്ഞ അവരെ ചുമലിലേറ്റിയാണ് വീണ്ടും സമ്മേളനസ്ഥലത്തെത്തിച്ചത്. തെരുവിൽ കോൺഗ്രസുകാർ വേട്ടയാടപ്പെട്ടു.

എന്നാൽ, സഹനം കൈവിടരുതെന്ന ആഹ്വാനത്തിനൊടുവിൽ വലിയൊരു ബഹുജന റാലിക്ക് ഒറ്റപ്പാലം സാക്ഷിയായി. കടകമ്പോളങ്ങളെല്ലാം അടച്ചിട്ട് പൊതുജനവും സഹകരിച്ചതോടെ ബന്ദ് എന്ന പ്രതിഷേധമുറയുടെ ആദ്യ രൂപം പിറന്നു. പൈജാമയും ജുബ്ബയും ഖിലാഫത്ത് തൊപ്പിയും ധരിച്ച ഒരു ചെറുപ്പക്കാരന്റെ സിംഹഗർജനം പ്രതിഷേധ പ്രകടനത്തെ ആവേശത്തിലാക്കി. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ രാഷ്ട്രീയപ്രവേശമായിരുന്നു അത്.

മനമെറിഞ്ഞുണ്ടായ കേരളം

ഒറ്റപ്പാലം സമ്മേളനം നൽകിയ ആവേശം കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്ക് ഊർജം പകർന്നു. ഗാന്ധിജിയുടെ തുടർസന്ദർശനങ്ങൾ ആവേശമായി. ഉപ്പു സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം പോലെയുള്ള സമരങ്ങളിൽ വള്ളുവനാടിന്റെ സമരഭടന്മാർ സജീവമായി.

എന്നാൽ, കാലമേറെ കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ചുമരെഴുത്തുകൾക്കു നിറം മങ്ങി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ ചുമരിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ അടുത്തകാലത്തു തെളിഞ്ഞപ്പോൾ ആ ഓർമകൾ വീണ്ടും ചൂളംവിളിച്ചെത്തി. കേരളമെന്നു പറഞ്ഞുതുടങ്ങും മുൻപേ കേരളത്തിന്റെ പേരിൽ ജനം ഒരു മനമായി ഒത്തുചേർന്നതിന്റെ നൂറാം വാർഷികമാണിപ്പോൾ.

English Summary: Ottapalam Congress conference 100th anniversary - sunday special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com