ഗോപി ഹീറോയാണ്, ഹീറോ

HIGHLIGHTS
  • ഗോപീകൃഷ്ണന്റെയും അമ്മയുടെയും സ്വപ്നങ്ങളിലേക്കുള്ള തിരിച്ചുവരവാണ് 'തിരികെ'
Gopikrishnan-and-family
(ചിത്രം 1) ഗോപീകൃഷ്ണൻ. (ചിത്രം 2) അമ്മ രഞ്ജിനി, അച്ഛൻ കിഷോർ, ചേച്ചി മാളവിക എന്നിവർക്കൊപ്പം ഗോപീകൃഷ്ണൻ
SHARE

സിനിമയായിരുന്നു ഗോപീകൃഷ്ണന്റെ പ്രിയപ്പെട്ട വിഷയം. സിനിമാ നടനാകണമെന്നതായിരുന്നു ആഗ്രഹം. കേട്ടവർ ചിരിച്ചിരിക്കാം, പരിഹസിച്ചിരിക്കാം. പക്ഷേ, അമ്മ രഞ്ജിനി അവന്റെ ഇഷ്ടങ്ങളെ ചേർത്തുനിർത്തി. അവനോടൊപ്പം സിനിമയെന്ന സ്വപ്നത്തെയും സ്നേഹിച്ചു. അവൻ എന്നെങ്കിലും തിരശീലയിൽ നിറയുമെന്ന് അവർ പ്രതീക്ഷിച്ചു. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് രണ്ടുമാസം മുൻപു റിലീസ് ചെയ്ത ‘തിരികെ’ എന്ന സിനിമ.

വീട്ടിലെ റിഹേഴ്സൽ 

ഓരോ സിനിമയും തിയറ്ററിൽനിന്നു കണ്ടിറങ്ങുന്ന ഗോപി വീട്ടിൽ പിന്നെ ഹീറോയാണ്. അമ്മയും ചേച്ചിയുമാണു സഹതാരങ്ങൾ. അവർക്കൊപ്പമാണു സംഭാഷണ പരിശീലനവും ആക്‌ഷൻ രംഗങ്ങളുടെ ആവർത്തനവും.

‘ഹൈപ്പറായിരുന്നു അവൻ. അതുകൊണ്ടു സിനിമയ്ക്കൊന്നും പോകാൻ സാധിച്ചിരുന്നില്ല. മീശമാധവനാണ് ആദ്യമായി തിയറ്ററിൽ പോയി കാണുന്ന സിനിമ. അവൻ മുഴുവൻ സമയവും തിയറ്ററിലിരിക്കുമെന്നു കരുതിയതല്ല. പക്ഷേ, സിനിമ എന്തോ അവന് ഇഷ്ടപ്പെട്ടു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ അവൻ സിനിമ കണ്ടു. അതാണ് ഞങ്ങളെയെല്ലാവരെയും സ്ട്രൈക് ചെയ്ത പോയിന്റ്. പിന്നീട് സിനിമയായി അവന്റെ ജീവിതം. ഓരോ നായകനും അഭിനേതാവും അവന്റെയുള്ളിൽ ആഴത്തിൽ പതിയുന്നുണ്ടായിരുന്നു. അവരുടെ രീതികൾ, സംസാരം, നടത്തം...’, അമ്മ രഞ്ജിനി പറയുന്നു.

സിനിമ ജീവിതമായിത്തുടങ്ങിയപ്പോൾ ഡൗൺ സിൻഡ്രോം പതിയെപ്പതിയെ അവനു മുന്നിൽ കീഴടങ്ങിത്തുടങ്ങി. എങ്കിലും സിനിമയിലെത്തിപ്പെടാനുള്ള വഴി അമ്മയ്ക്കും മകനും അഞ്ജാതമായിരുന്നു.

നാം തന്നെ നേടിയെടുക്കണം

ജനിച്ച് അധികം ദിവസം കഴിയുന്നതിനു മുൻപു തന്നെ കുഞ്ഞിനു ഡൗൺ സിൻഡ്രോമുണ്ടെന്ന് മാതാപിതാക്കളായ രഞ്ജിനിയും കിഷോറും അറിഞ്ഞിരുന്നു. എങ്കിലും ചെറിയൊരു പ്രതീക്ഷ. സമയത്തുതന്നെ കുഞ്ഞ് കമിഴ്ന്നു കിടക്കാനും നടക്കാനും തുടങ്ങിയതോടെ, ഡോക്ടർക്കു തെറ്റിയതാകും, കുഴപ്പമൊന്നുമുണ്ടാകില്ലെന്നു സ്വയം ആശ്വസിക്കാൻ ഒരു ശ്രമം. പക്ഷേ, ആ പ്രതീക്ഷകൾക്ക് അധികം ആയുസ്സില്ലായിരുന്നു.

‘ആദ്യ കാലങ്ങളിൽ ഒരുപാടു ബുദ്ധിമുട്ടു തോന്നി. ഞങ്ങളെല്ലാവരും അതിനോടു പൊരുത്തപ്പെട്ടു വന്നപ്പോഴേക്കും അവൻ സ്കൂളിൽ പോകേണ്ട സമയമായി. അവിടെ മാറ്റിനിർത്തപ്പെട്ടു. സ്പെഷൽ സ്കൂളിലിരിക്കേണ്ട ബുദ്ധിമുട്ടില്ലെന്നു സ്പെഷൽ സ്കൂൾ അധികൃതരും ‘സാധാരണ’ കുട്ടികൾക്കൊപ്പം ഇരുത്താൻ കഴിയില്ലെന്നു മറ്റു സ്കൂളുകാരും വാശിപിടിച്ചതോടെ കുഴങ്ങി. മൂത്തമകൾ മാളവികയാണ് അപ്പോഴൊക്കെ ധൈര്യം പകർന്നത്. അവൾ അവന്റെ കൂട്ടുകാരിയായി. മറ്റു കുട്ടികൾ മാറ്റിനിർത്തിയപ്പോൾ അവൾ അവന്റെ കൂട്ടുകാരിയാകാൻ ശ്രമിച്ചു. മുഴുവൻ സമയവും അവനൊപ്പം ചെലവഴിച്ചു. രണ്ടാൾക്കും ഒന്നേ പറഞ്ഞു കൊടുത്തിരുന്നുള്ളൂ, എല്ലാം ചെയ്യാനുള്ള കഴിവു നമുക്കുണ്ട്, ഇല്ലാത്തവ നമ്മൾ സ്വായത്തമാക്കണം’.

ക്ഷമ പഠിപ്പിച്ച ടിക്ടോക്

ആയിടയ്ക്കാണ് ടിക്ടോക് തരംഗമാകുന്നത്. അമ്മയും മകനും കൂടി വിഡിയോകൾ ചെയ്തുതുടങ്ങി. പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവമാണ് അവന്. പക്ഷേ, അതൊന്നും വകവയ്ക്കാതെ പലകുറി ഒരേ വിഡിയോ തന്നെ ചെയ്തു. നന്നായെന്നു തോന്നുന്നതു വരെ.

ചിലപ്പോഴൊക്കെ ദേഷ്യപ്പെട്ട് വിഡിയോ ചെയ്യാൻ ഗോപി വിസമ്മതിക്കും. സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുപാട് റീടേക്കുകൾ എടുക്കേണ്ടിവരും. സംവിധായകൻ അതു പറയുമ്പോൾ ദേഷ്യം പിടിച്ചാൽ അഭിനയിക്കേണ്ടെന്നു പറയും എന്നൊക്കെയുള്ള ‘ഭീഷണികളിൽ’ വഴങ്ങിയാണു ഗോപി വീണ്ടും വിഡിയോ ചെയ്യുന്നത്. ക്ഷമ പഠിപ്പിച്ച ടിക്ടോക് തന്നെ ഗോപിയെ സിനിമയിലും എത്തിച്ചു.

ഗോപിയില്ലെങ്കിൽ ‘തിരികെ’യില്ല

ഗോപിയെ കണ്ടെത്തിയില്ലെങ്കിൽ ‘തിരികെ’ എന്ന സിനിമ ഉണ്ടാകില്ലായിരുന്നു എന്നാണ് സിനിമയുടെ തിരക്കഥാകൃത്തും കോ–ഡയറക്ടറുമായ ജോർജ് കോര പറഞ്ഞത്. 4 വർഷം മുൻപു പൂർത്തിയാക്കിയ തിരക്കഥയാണു തിരികെയുടേത്. എന്നാൽ, നായകനെ കണ്ടെത്താനായില്ല. അവിചാരിതമായാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ.ഷാജി തോമസ് ജോണിന്റെ സഹായം തേടുന്നത്. ഗോപിയെ ചികിത്സിച്ചിരുന്ന അദ്ദേഹം ചില വിഡിയോകൾ ജോർജിന് അയച്ചുകൊടുത്തു. അങ്ങനെയാണ് ഗോപി തിരികെയുടെ ഭാഗമാകുന്നത്.

ശക്തി അമ്മ

ഗോപി വീട്ടിലെ എല്ലാ പണികളുമെടുക്കും. മൊബൈലും സമൂഹമാധ്യമങ്ങളും ഉപയോഗിക്കും. കംപ്യൂട്ടർ കോഴ്സുകൾ പൂർത്തിയാക്കി ചെറിയൊരു ജോലി വരെ നേടിയെടുത്തു. അതിനെല്ലാം പിന്നിലെ ചാലകശക്തി ര‍ഞ്ജിനിയായിരുന്നു. ഗോപി സ്പെഷൽ ചൈൽഡ് അല്ല എന്നു വിശ്വസിക്കാനാണ് അവരെപ്പോഴും ശ്രമിച്ചത്. അത് അവന്റെ മനസ്സിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

‘അവന്റെ സ്വപ്നങ്ങൾ എന്റേതാണെന്നാണു കരുതാറ്. അതിനർഥം, എന്റെ എല്ലാ സ്വപ്നങ്ങളും മാറ്റിവച്ചു എന്നല്ല. ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു വിവാഹം. ബിഎഡ് പഠനത്തിനിടയ്ക്കായിരുന്നു ഗോപിയുടെ ജനനം. അതോടെ പഠനം നിർത്തേണ്ടി വന്നു. പക്ഷേ, അധ്യാപികയാകണം എന്ന ആഗ്രഹം ഉപേക്ഷിച്ചില്ല. പിന്നീട് പഠനം പൂർത്തിയാക്കി. സെറ്റ് എഴുതിയെടുത്തു.

ഗോപിക്കു വേണ്ടി സംഗീതം പഠിച്ചു. ഡൗൺ സിൻഡ്രോം അവസ്ഥയെക്കുറിച്ചും അത്തരം ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കണമെന്നതിനെക്കുറിച്ചും പഠിച്ചു. ചെറുപ്പം മുതലേയുള്ള സംഗീതത്തിനു കൂട്ടായി ഗോപിയുടെ കീബോർഡ്, ഗിറ്റാർ താൽപര്യങ്ങളും വളർന്നതോടെ ഞാനും അതിന്റെ ഭാഗമായി. ഇപ്പോൾ ഭിന്നശേഷി കുട്ടികളെ സംഗീതം പഠിപ്പിക്കുകയാണ് ഞാൻ’ – രഞ്ജിനി പറഞ്ഞു.

കോഴിക്കോട്ടാണ് താമസം. എൽഐസി ഉദ്യോഗസ്ഥനാണ് ഭർത്താവ് കിഷോർ. മകൾ മാളവിക ഇപ്പോൾ യുഎസിൽ പഠിക്കുന്നു. 

മാസ് എൻട്രി

‘തിരികെ’ റിലീസിനു മുൻപ് പ്രിവ്യൂ ഷോ നടത്തിയിരുന്നു. കയ്യടിച്ചാണ് അവനെ എല്ലാവരും സ്വീകരിച്ചത്. വലിയ സ്ക്രീനിൽ അവന്റെ മുഖം കണ്ടപ്പോൾ അമ്മയുടെ കണ്ണുനിറഞ്ഞു. ഇതുവരെ കഷ്ടപ്പെട്ടതിനെല്ലാം പ്രതിഫലം ലഭിച്ചതുപോലെ. എന്തു നേടിയെടുക്കണമെന്ന് ആഗ്രഹിച്ചോ അതു നേടിയെടുത്തതുപോലെ...

English Summary: Sunday special story about Gopikrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA