സ്ഥിരം നാടകവേദി: ഒരു വിയോജനക്കുറിപ്പ്

drama-4
പ്രതീകാത്മക ചിത്രം.
SHARE

ഏപ്രിൽ 25ന് മലയാള മനോരമ ‘ഞായറാഴ്ച’യിൽ ജോൺ ടി.വേക്കനെക്കുറിച്ചുള്ള ഫീച്ചറിലെ ചരിത്രപരമായ ചില സന്ദേഹങ്ങൾ ചൂണ്ടിക്കാട്ടട്ടെ. 1882ൽ കേരളവർമ വലിയകോയിത്തമ്പുരാൻ മണിപ്രവാള ശാകുന്തളം രചിച്ചതോടെയാണ് മലയാള നാടകചരിത്രം തുടങ്ങുന്നത് എന്നെഴുതിക്കണ്ടു. നാടകവിവർത്തനമാണ് ഈ രചന.

ഇതിനു മുൻപ് 1866ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷെയ്ക്സ്പിയറുടെ ‘കോമഡി ഓഫ് എറേഴ്സ്’ ആൾമാറാട്ടം എന്ന പേരിൽ മാറ്റിയെഴുതിയിരുന്നു. അതിനെ പരിഗണിക്കാതെ ശാകുന്തള പരാവർത്തനത്തെ ഗണിച്ചവർ പറഞ്ഞ ന്യായം ‘ആൾമാറാട്ടം’ നല്ല നാടകമായില്ല എന്നതാണ്. എങ്കിൽ അതിന്റെ കുറച്ചിൽ ഷെയ്ക്സ്പിയറിനു വേണമല്ലോ ചാർത്താൻ. ശാകുന്തളത്തിനുള്ള പ്രശംസയ്ക്കു കോയിത്തമ്പുരാനല്ല, മൂലനാടകകൃത്തായ കാളിദാസനാണ് അർഹത. 

1857 കാലഘട്ടത്തിൽ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ എഴുതിയ ഇടയ നാടകങ്ങൾ ഏതാനും വർഷങ്ങൾക്കു മുൻപ്  കണ്ടെടുക്കപ്പെടുകയും കേരള സാഹിത്യ അക്കാദമി കാവാലം നാരായണപ്പണിക്കരുടെ അവതാരികയോടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ആ നാടകങ്ങൾ ആ വർഷാന്ത്യം മുതൽ സെമിനാരികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കല്ലൂർ ഉമ്മൻ ഫിലിപ്പോസിനും വലിയകോയിത്തമ്പുരാനും മുൻപേയായിരുന്നു ഈ നാടകശ്രമങ്ങൾ. 

കേരളത്തിൽ ആദ്യമായി ഒരു സ്ഥിരം നാടകവേദി, 2000 മുതൽ ജോൺ ടി.വേക്കന്റെ ശ്രമഫലമായാണ് ഉണ്ടായതെന്ന പരാമർശവും തെറ്റാണ്. ആർട്ടിസ്റ്റ് ഷെവലിയർ പി.ജെ.ചെറിയാൻ, വി.എസ്.ആൻഡ്രൂസിന്റെ സഹകരണത്തോടെ നടത്തിവന്ന ഞാറയ്ക്കൽ സന്മാർഗവിലാസം നടനസഭയാണ് 1940കളുടെ തുടക്കത്തിൽ മലയാളക്കരയിൽ ആദ്യമായി സ്ഥിരം നാടകവേദി ആരംഭിക്കുന്നത്. നാടകകലാകാരന്മാർക്കു നാടക കൊട്ടകയോടു ചേർന്ന് താമസസൗകര്യം, മാസശമ്പളം തുടങ്ങിയ വിധാനങ്ങളോടെയാണ് നാടകങ്ങൾ സ്ഥിരമായി അവതരിപ്പിച്ചുപോന്നത്. അതു വിജയകരമായിരുന്നു. 

അതു മാതൃകയാക്കി കണ്ടത്തിൽ വർഗീസ് മാപ്പിള സമാനമായ ഒരു സ്ഥിരം നാടകവേദി കോട്ടയത്ത് മനോരമയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കാൻ ആലോചിക്കുകയും അതിലേക്കായി വി.എസ്.ആൻഡ്രൂസിന്റെ സഹകരണം തേടുകയും ചെയ്തതായി കേട്ടിട്ടുണ്ട്. തമിഴ് നാടകങ്ങളിൽ ശ്രദ്ധയുണ്ടായിരുന്ന ആൻഡ്രൂസ് മാസ്റ്റർ, കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ഉപദേശം സ്വീകരിച്ചാണ് മലയാളത്തിലേക്കു തിരിഞ്ഞതെന്നും അദ്ദേഹത്തിന്റെ ജീവിതരേഖയിൽ വായിക്കുന്നു.

1963ൽ എന്റെ അച്ഛൻ കലാനിലയം കൃഷ്ണൻ നായർ തുടങ്ങിവച്ച കലാനിലയം സ്ഥിരം നാടകവേദി വളരെ വിജയകരമായി പതിറ്റാണ്ടുകളോളം നടന്നുപോന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം നടൻ ജഗതി ശ്രീകുമാറുമായി ചേർന്ന് ഞാൻ ഈ സ്ഥിരം നാടകവേദി പുനരാരംഭിച്ചിരുന്നു. വീണ്ടുമൊരു ഇടവേള കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കു സ്ഥിരം നാടകവേദി ആരംഭിച്ചു. കോവിഡ് മഹാമാരി വരുന്നതുവരെ കലാനിലയം സ്ഥിരം നാടകവേദി പ്രവർത്തനം തുടർന്നിരുന്നു.

എറണാകുളം പബ്ലിക് ലൈബ്രറിയോടു ചേർന്നുള്ള ഹാളിൽ 2000 തൊട്ട് എല്ലാ ശനിയാഴ്ചയും അവതരിപ്പിച്ചുപോന്ന നാടകങ്ങളെയാണ് ജോൺ ടി.വേക്കനുമായി ബന്ധപ്പെടുത്തി ലേഖനത്തിൽ പരാമർശിക്കുന്നത്. എല്ലാ ശനിയാഴ്ചയും നാടകം അവതരിപ്പിക്കുകയും ആളുകൾ ടിക്കറ്റെടുത്ത് കാണുകയും ചെയ്തിരുന്നു. ശ്രേഷ്ഠമായിരുന്നു ആ നാടകശ്രമം എന്ന് ആദരപൂർവം സമ്മതിക്കുമ്പോഴും, ഇന്ത്യയിലെ തന്നെ ആദ്യ സ്ഥിരം നാടകവേദിയായിരുന്നു ഇതെന്ന പരാമർശം വാസ്തവവിരുദ്ധമാണ്. 

കേരളത്തിൽ ഞാറയ്ക്കൽ സന്മാർഗവിലാസം നാടകസഭ തുടക്കം കുറിക്കുന്നതിനു മുൻപ് തമിഴിലും അതിനു മുൻപ് ഉത്തരേന്ത്യയിലും സ്ഥിരം നാടകവേദികൾ ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബോംബെയിൽ കച്ചവടാവശ്യങ്ങൾക്കു പോയ തെന്നിന്ത്യക്കാർ അവിടെ കണ്ട പാർസി നാടകങ്ങളിൽ ആകൃഷ്ടരായാണ് തെക്കേ ഇന്ത്യയിൽ നാടകമെന്ന രംഗകലയ്ക്ക് ആദ്യ കൊട്ടകകൾ ഉണ്ടായതെന്നും ചരിത്രത്തിലുണ്ട്.

സിനിമപോലെ നാടകവും ടിക്കറ്റെടുത്തു കാണണമെന്ന സമീപനം ആളുകൾക്കിടയിൽ രൂപപ്പെട്ടുതുടങ്ങിയത് വേക്കന്റെ സ്ഥിരം നാടകവേദിയുടെ സാന്നിധ്യഫലമായിട്ടാണെന്ന പരാമർശത്തോടും യോജിക്കാൻ പ്രയാസമുണ്ട്. പണ്ടിവിടെ പതിവായി വന്നു നാടകം നടത്തിയിരുന്ന തമിഴ് നാടകസംഘങ്ങളുടെ നാടകങ്ങളും ചെറിയാൻ മാസ്റ്ററുടെയും കലാനിലയത്തിന്റെയും നാടകങ്ങളുമെല്ലാം ടിക്കറ്റ് വച്ചു തന്നെയാണ് ആളുകൾക്കു പ്രവേശനം നൽകിയിരുന്നത്.

അനന്തപത്മനാഭൻ, കലാനിലയം തിയറ്റേഴ്സ് &  കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA