ADVERTISEMENT

ശ്വാസംമുട്ടുന്ന ലോകത്തിന് ആശ്വാസമായെത്തുന്നു ഡോ.കേനത്ത് പ്രിയങ്ക പ്രസാദിന്റെ ശ്വസനസഹായി. ലോകം മുഴുവൻ, വിശേഷിച്ച് ഇന്ത്യ ഓക്സിജൻ ക്ഷാമത്തിൽ വലയുമ്പോൾ ശ്വാസകോശ രോഗികൾക്കു വീട്ടിൽത്തന്നെ ചികിത്സയ്ക്കു സഹായിക്കുന്ന ‘വിൻഡ്’ എന്ന ഉപകരണമാണു ‍ഡോ. പ്രിയങ്കയെ ശ്രദ്ധേയയാക്കുന്നത്.

30 വയസ്സിനു താഴെയുള്ള 30 നവസംരംഭകരുടെ ഫോബ്സ് പട്ടികയിൽ ഇടംനേടിയ ഈ മലയാളി ഗവേഷക, സിംഗപ്പൂരിലാണു താമസം. ഭർത്താവ് ശ്രീകാന്ത് കൃഷ്ണൻ ഫെയ്സ്ബുക്കിൽ പ്രവർത്തിക്കുന്നു

ചെന്നൈ കോവിലംപാക്കം രാജം നഗറിൽ താമസിക്കുന്ന വടകര സ്വദേശി റിട്ട.വിങ് കമാൻഡർ ടി.പി.ഹരിപ്രസാദിന്റെയും പാലക്കാട് പത്തിരിപ്പാല പേരൂർ കേനത്ത് പ്രശാന്തിനി പ്രസാദിന്റെയും മകളാണു പ്രിയങ്ക. 

ബയോ എൻജിനീയറിങ്ങിൽ പിഎച്ച്ഡി പൂർത്തിയാക്കിയ പ്രിയങ്ക, ആരോഗ്യരംഗത്തു സാങ്കേതികവിദ്യ എങ്ങനെ ലളിതവും കാര്യക്ഷമവുമായി ഉപയോഗപ്പെടുത്താം എന്ന വഴിയിലേക്കു തന്റെ ഗവേഷണം തിരിച്ചുവിടുകയായിരുന്നു. സാധാരണക്കാരായ രോഗികളെ നടുവൊടിക്കുന്ന ചികിത്സച്ചെലവിൽനിന്നു സംരക്ഷിക്കാനുള്ള ആശയങ്ങളായിരുന്നു മനസ്സിൽ. ഇതിനായി സിംഗപ്പൂർ – സ്റ്റാൻഫഡ് ബയോ ഡിസൈൻ (എസ്എസ്ബി) ഫെലോഷിപ്പിനു ചേർന്നു. ഇതിലൂടെ രോഗികളെ കേന്ദ്രീകരിച്ചുള്ള, ആരോഗ്യ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കണ്ടുപിടിത്തങ്ങൾക്കു തുടക്കമിട്ടു. 

‘ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ശ്വാസതടസ്സത്തിനും പരിഹാരം’ എന്ന വിഷയത്തിൽ ഗവേഷണം ആരംഭിച്ചത് കലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ പൾമണോളജിയിലും റെസ്പിറേറ്ററി മെഡിസിനിലും. കൊറിയ, ഇന്തൊനീഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ തുടർ ഗവേഷണം. 

ശ്വാസകോശരോഗികളുടെ കഫക്കെട്ട് സ്വയം ഒഴിവാക്കാനുള്ള സംവിധാനം എന്നതായിരുന്നു ലക്ഷ്യം. ഇതിനായി പല രാജ്യങ്ങളിലും വ്യത്യസ്ത ചികിത്സാരീതികൾ നിലവിലുണ്ട്. ഫിസിയോതെറപ്പി, ഒപിഇപി (ഓസിലേറ്റിങ് പോസിറ്റീവ് എക്സ്പിറേറ്ററി പ്രഷറർ) തെറപ്പി എന്നിവയാണു ചില രീതികൾ. എന്നാൽ, ജീവിതകാലം മുഴുവൻ ചികിത്സ തുടരേണ്ടതിന്റെ നിരാശ രോഗികളിൽ പ്രകടമായിരുന്നു. ദിവസം പലതവണ ആശുപത്രിയിലെത്തി ഇതു ചെയ്യേണ്ടിവരുന്നതിന്റെ അസ്വസ്ഥത വേറെയും. ഇതിനെല്ലാം പരിഹാരമായാണു രോഗികൾക്കു വീട്ടിൽത്തന്നെ ഉപയോഗിക്കാവുന്ന, എളുപ്പം കഫം പുറന്തള്ളാവുന്ന വിൻഡ് എന്ന ശ്വസനസഹായി പ്രിയങ്കയുടെ നേതൃത്വത്തിൽ കണ്ടെത്തുന്നത്. 

2017ൽ സിംഗപ്പൂർ സർക്കാരിന്റെയും സ്റ്റാൻഫഡ് സർവകലാശാലയുടെയും സഹായത്തോടെ സിംഗപ്പൂരിൽ പ്രൈം റെസ്പി എന്ന സ്റ്റാർട്ടപ് തുടങ്ങിയ പ്രിയങ്കയും ഗവേഷകസംഘവും ഇതിന്റെ ആഗോള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ വിപണിയിൽ വിൽപനയ്ക്ക് ഒരുങ്ങുകയാണ് ‘വിൻഡ്’. ഇ ലിം ടാൻ, ഇയാൻ മാത്യൂസ്, മാർക്ക് ചോങ് എന്നിവരാണു പ്രിയങ്കയുടെ സംഘത്തിലുള്ള മറ്റു ഗവേഷകർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com