സത്യജിത് റായ് @ 100; സംവിധായകനും ഛായാഗ്രാഹകനുമായ വേണു അനുസ്മരിക്കുന്നു

satyajith ray
വര: അജിൻ കെ.കെ.
SHARE

ഐ ആം ദ് ഹിറ്റ്ലർ ഓഫ് മൈ സിനിമ എന്ന് ജോൺ ഏബ്രഹാം പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും, അതു പറയാൻ  ഏറ്റവും യോഗ്യതയുള്ള ഇന്ത്യൻ സംവിധായകൻ സത്യജിത് റായിയാണ് ’ – സംവിധായകനും  ഛായാഗ്രാഹകനുമായ വേണു അനുസ്മരിക്കുന്നു

കോട്ടയത്ത് മീനച്ചിലാറിന്റെ വടക്കേക്കരയിൽ നാഗമ്പടം പാലത്തിനോടു ചേർന്ന്, 1960കളുടെ അവസാനം ഒരു റോയൽ തിയറ്റർ ഉണ്ടായിരുന്നു. അന്നു കോട്ടയത്ത് ഒരു ഫിലിം സൊസൈറ്റിയും ഉണ്ടായിരുന്നു. നവരംഗം എന്നായിരുന്നു പേര് എന്നാണോർമ. സി.എൻ. ശ്രീകണ്ഠൻ നായരാണ് അന്നതു തുടങ്ങിയത്. എന്റെ അച്ഛനും അമ്മയും അതിൽ അംഗങ്ങളായിരുന്നു.

ഒരു ദിവസം, എന്തോ സാങ്കേതിക പ്രശ്നം മൂലമാകണം, അച്ഛന്റെയും അമ്മയുടെയും കൂടെ എനിക്കും റോയൽ തിയറ്ററിൽ പോയി ഒരു സിനിമ കാണേണ്ടിവന്നു. എനിക്കന്നു പത്തു പന്ത്രണ്ടു വയസ്സുണ്ട്. സിനിമയിൽ വിചിത്രമായ വിളക്കുകൾ തെളിയുന്നതും വലിയൊരു വീട്ടിൽ പ്രായമായൊരാൾ ഒറ്റയ്ക്കിരിക്കുന്നതും കണ്ടു. ചിലർ പാട്ടു പാടുന്നതും സ്ത്രീകൾ നൃത്തം ചെയ്യുന്നതും കണ്ടു. പ്രായമായ ആൾ ഇടയ്ക്ക് വലിയ മട്ടുപ്പാവിൽ തനിച്ച് സന്ധ്യ നോക്കിയിരിക്കുന്നതും കുതിരയോടിക്കുന്നതും കണ്ടു. സിനിമ ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ ചെയ്യാതെ, ഞാൻ വെറുതേ പടം കണ്ടിരുന്നു. സിനിമ തീർന്നപ്പോൾ എല്ലാവരും കയ്യടിച്ചു. ഞാനാ സിനിമ അപ്പോൾത്തന്നെ മറന്നു. അന്നു ഞാൻ കണ്ടത് ലോകപ്രശസ്തമായ ‘ജൽസാ ഘർ’ എന്ന ബംഗാളി സിനിമയാണെന്നും അതിന്റെ സംവിധായകൻ സത്യജിത് റായ് ആണെന്നും പിന്നീടു വളരെ വർഷങ്ങൾക്കു ശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്നതിനു ശേഷമാണ് ഞാനറിയുന്നത്.

ഒരു ദിവസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കന്റീനിൽ ഇരിക്കുമ്പോൾ ഇന്നത്തെ പ്രശസ്ത സംവിധായകൻ (അന്നത്തെ അപ്രശസ്ത സഹസംവിധായകൻ) കമൽ സ്വരൂപ് കയ്യിലിരുന്ന സിഗരറ്റ് പാക്കറ്റ് അൽപം നാടകീയമായി ഉയർത്തിപ്പിടിച്ചിട്ട് ഈ പാക്കറ്റിന്റെ ഡിസൈൻ എങ്ങനെയുണ്ട് എന്നു ചോദിച്ചു.

വളരെക്കാലമായി പ്രചാരത്തിലുള്ള, എല്ലാവർക്കും സുപരിചിതമായ ഒരു ബ്രാൻഡായിരുന്നു അത്. കൊള്ളാമെന്നു ഞാൻ പറഞ്ഞു.

ആരാ ഇതു ഡിസൈൻ ചെയ്തത് എന്നറിയാമോ?ഇല്ലെന്നു ഞാൻ പറഞ്ഞു. സത്യജിത് റായ് എന്നു കമൽ സ്വരൂപ് കള്ളം പറഞ്ഞു.

ഞാനതു വിശ്വസിച്ചു. മാത്രമല്ല, മറ്റു പലരെയും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. വിൽസ് നേവി കട്ടിന്റെ വെളുപ്പും ചുവപ്പുമുള്ള പാക്കറ്റിന്റെ ഡിസൈനർ സത്യജിത് റായ് ആണെന്ന വ്യാജവാർത്ത കുറച്ചുപേരെങ്കിലും വിശ്വസിച്ചിട്ടുണ്ട്. അവരത് അവിശ്വസിക്കാതിരിക്കാനുള്ള കാരണം, ആ കഥയിലെ നായകൻ സത്യജിത് റായ് ആയിരുന്നു എന്നതാണ്. അസാധ്യമായി ഒന്നുമില്ലാത്ത കലാകാരൻ. അദ്ദേഹമെഴുതിയ പ്രേതകഥകളും കുട്ടിക്കഥകളും ലോകമറിയുന്ന ക്ലാസിക്കുകളാണ്. അദ്ദേഹം രചിച്ച ഗീതങ്ങളും വരച്ച ചിത്രങ്ങളും കൈക്കലാക്കാൻ മ്യൂസിയങ്ങളും വ്യക്തികളും ഇപ്പോഴും മത്സരിക്കുന്നു.

ബംഗാളി സിനിമയിൽ സത്യജിത് റായിയുടെ സ്ഥാനം കിഷോർ കുമാറിനും ഉത്തംകുമാറിനും മേലെയാണ്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് ഇനി പുതുതായി പറയാനൊന്നും ബാക്കിയില്ല. എല്ലാം പറഞ്ഞുകഴിഞ്ഞു. ഇന്ത്യയിൽ റായിയുടെ സിനിമകൾപോലെ ചർച്ച ചെയ്യപ്പെട്ട മറ്റു സിനിമകളില്ല. ഇത്രയധികം പുസ്തകങ്ങൾ മറ്റൊരു ഇന്ത്യൻ സംവിധായകനെക്കുറിച്ചും എഴുതപ്പെട്ടിട്ടില്ല. ലോകസിനിമയിലെ സർവകാല പ്രതിഭകളുടെ ഏതു പട്ടിക പരിശോധിച്ചാലും അതിലെല്ലാം സത്യജിത് റായിയുടെ പേര് എപ്പോഴും വളരെ വലുതായി കാണാൻ സാധിക്കും.

ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ഇന്നും സത്യജിത് റായ് തന്നെയാണ്. ബംഗാളി സിനിമയെ ലോകത്തിനു മുന്നിൽ ആദ്യമെത്തിച്ചതും അവിടെ നിലനിർത്തിയതും ‘മാണിക് ദാ’ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഒരു സിനിമയും കണ്ടിട്ടില്ലാത്തവരടക്കം എല്ലാ ബംഗാളികളും വിശ്വസിക്കുന്നു. ബംഗാളികളുടെ പ്രിയപ്പെട്ട മാണിക് ദാ ഇന്നു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനിപ്പോൾ നൂറു വയസ്സായിരുന്നേനെ.

അൻപതുകളിൽ യൂറോപ്പിൽ നടന്ന സിനിമാ വിപ്ലവത്തിന്റെ നടുവിലേക്ക് സ്വന്തം മേൽവിലാസത്തിൽ ഇറങ്ങിച്ചെന്ന ആദ്യത്തെ ഇന്ത്യൻ സിനിമ ‘പാഥേർ പാഞ്ജലി’ ആയിരുന്നു. ലോകം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത പുതിയൊരു സിനിമാ അനുഭവമായിരുന്നു അന്നത്. ആ പുതിയ അനുഭവസൃഷ്ടിയുടെ പിന്നിൽ സംവിധായകനോടൊപ്പം നിന്നവരിൽ പ്രധാനി ക്യാമറമാൻ സുബ്രതോ മിത്ര ആയിരുന്നു. റായിയെപ്പോലെ തന്നെ സുബ്രതോ മിത്രയുടെയും ആദ്യ ചിത്രമായിരുന്നു പാഥേർ പാഞ്ജലി. ആ സിനിമയുടെ ഛായാഗ്രഹണ ശൈലിയിൽ, പ്രത്യേകിച്ച് ലൈറ്റിങ്, ലെൻസിങ് തുടങ്ങിയ സങ്കേതങ്ങളിൽ, സുബ്രതോ മിത്രയ്ക്കു കൈവരിക്കാൻ കഴിഞ്ഞ അതിശയിപ്പിക്കുന്ന സ്വാഭാവിക സൗന്ദര്യം അതിനു മുൻപ് ഇന്ത്യൻ സിനിമയിൽ ആരും കണ്ടിട്ടില്ല.

സംവിധായകനും ക്യാമറമാനും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിന് ഏകദേശം സിനിമയുടെ തന്നെ പ്രായം വരും. പലരും പല തരത്തിൽ അതു വിവരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ കൃത്യമായി ലക്ഷ്യം കണ്ടിട്ടില്ല. ഇതിന്റെ പ്രധാന കാരണം, നായകനും നായികയുമായുള്ള ബന്ധം, സംവിധായകനും നായികയും തമ്മിലുള്ള ബന്ധം, അപൂർവമായി നായികയ്ക്കു ക്യാമറമാനുമായുള്ള ബന്ധം തുടങ്ങിയ കൂടുതൽ രസകരങ്ങളായ ബന്ധങ്ങളിലേക്ക് നിരീക്ഷകശ്രദ്ധ നിയന്ത്രണമില്ലാതെ വഴിമാറിപ്പോകുന്നു എന്നതാണ്. സംവിധായകനും ഛായാഗ്രാഹകനും തമ്മിലുള്ള ബന്ധം വിവരിക്കുമ്പോൾ അവരിൽ ദമ്പതീഭാവം കാണുന്നവരാണു കൂടുതൽ. ഇങ്ങനെയൊരു ബന്ധത്തിൽ ഭർത്താവിന്റെ റോൾ സംവിധായകർ സ്വാഭാവികമായും അവകാശപ്പെടും. ശല്യക്കാരിയായ, എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തതും കഠിനാധ്വാനിയുമായ ഭാര്യയുടെ റോളാണ് ക്യാമറമാൻ അഭിനയിക്കേണ്ടത്.

പാഥേർ പാഞ്ജലിയുടെ ക്യാമറമാനായി ചലച്ചിത്ര ഛായാഗ്രഹണത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത സുബ്രതോ മിത്ര വരാനുള്ള ഒന്നാമത്തെ കാരണം, സിനിമാ സംവിധാനത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത സത്യജിത് റായിക്ക് ഒരു നിശ്ചല ഛായാഗ്രാഹകൻ എന്ന നിലയിൽ സുബ്രതോ മിത്രയുടെ മേൽ ഉണ്ടായിരുന്ന അന്ധമായ വിശ്വാസമാണ്. രണ്ടാമത്തേതും കൂടുതൽ പ്രധാനപ്പെട്ടതുമായ കാരണം ദാരിദ്ര്യമാണ്.

പ്രതിഫലം വേണ്ടാത്ത ക്യാമറമാൻ എന്നത് ഏതു പാവപ്പെട്ട സംവിധായകന്റെയും എക്കാലത്തെയും സ്വപ്നമാണ്. പാഥേർ പാഞ്ജലിക്കു ശേഷം സത്യജിത് റായിയുടെ ഒട്ടേറെ ചിത്രങ്ങൾ സുബ്രതോ മിത്ര ഷൂട്ട് ചെയ്തു. റായിയുടേതല്ലാത്ത വലിയ ബോംബെ ചിത്രങ്ങളും അതിനിടയിൽ സുബ്രതോ മിത്രയുടെ പേരിൽ പുറത്തുവന്നു. സുബ്രതോ മിത്ര സ്വന്തം നിലയിൽത്തന്നെ ലോകപ്രശസ്തനായി. ഭർത്താവ് ഭാര്യയെ ചെറുതായി സംശയിക്കാൻ തുടങ്ങി.

റായ് ബഹുമുഖ പ്രതിഭയായിരുന്നു എന്നിരുന്നാലും അദ്ദേഹത്തിന്റെ യഥാർഥ ശക്തി സിനിമ തന്നെയായിരുന്നുവെന്നു നിസ്സംശയം പറയാം. സ്വന്തം സിനിമകളിൽ സംഗീതം മുതൽ പോസ്റ്റർ വരെയുള്ള മിക്ക വിഷയങ്ങളും റായ് നേരിട്ടുതന്നെ ചെയ്തു. താമസിയാതെ അദ്ദേഹത്തിന്റെ ശ്രദ്ധ ന്യായമായും ക്യാമറയുടെ നേരെയും തിരിഞ്ഞു.

ഡിജിറ്റൽ ക്യാമറകളും എച്ച്ഡി മോണിറ്ററുകളും ഇല്ലാത്ത ആ കാലത്ത് സിനിമാ സെറ്റിൽ ക്യാമറമാനു മാത്രം അവകാശപ്പെട്ട ചില പ്രധാന കർത്തവ്യങ്ങൾ ഉണ്ടായിരുന്നു. അതിലേറ്റവും പ്രധാനം ക്യാമറയുടെ നിയന്ത്രണമാണ്. അക്കാലത്ത്, ഓടുന്ന ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ ക്യാമറമാനു ദൃശ്യമാകുന്ന ചിത്രത്തിന്റെ യഥാർഥ രൂപം മറ്റാർക്കും ദൃശ്യമല്ല. അന്നൊക്കെ ക്യാമറമാൻ ക്യാമറയിൽ കണ്ടത് അതേ രൂപത്തിൽ നേരിട്ടു കാണാൻ, സംവിധായകൻ സത്യജിത് റായ് ആണെങ്കിൽ പോലും, ദിവസങ്ങൾ കാത്തിരിക്കണം. അല്ലെങ്കിൽ മനസ്സിൽ കാണണം. തൽക്കാലം ആ രഹസ്യം അറിയാവുന്നത് ക്യാമറമാനും അയാളുടെ ക്യാമറയ്ക്കും മാത്രമാണ്.

അതിനാൽത്തന്നെ ക്യാമറ എന്ന ഉപകരണം ക്യാമറമാൻമാർ സ്വന്തം മനസ്സിനോടു മാത്രമല്ല, ശരീരത്തോടും ചേർത്തുപിടിച്ചു. കാമുകിയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന നവകാമുകന്റെ അഭിമാനത്തോടെ, ക്യാമറ ചേർത്തുപിടിച്ചു നിൽക്കുന്ന അനേകം ക്യാമറമാൻമാരുടെ ഫോട്ടോകൾ അതിനുള്ള തെളിവാണ്.

‘ചാരുലത’യിൽ സത്യജിത് റായിയും സുബ്രതോ മിത്രയും തമ്മിലുണ്ടായ അവകാശ പ്രശ്നങ്ങളാണ് ‘നായക്’ എന്ന അടുത്ത സിനിമയോടെ അവർ തമ്മിലുള്ള ബന്ധം അവസാനിക്കാൻ കാരണമായത്. തന്റെ ഷോട്ടുകൾ, പ്രത്യേകിച്ച് നായികയുടെ ക്ലോസപ് ഷോട്ടുകൾ, ഫിലിമിൽ പതിയുന്ന അതേ രൂപത്തിൽ, അതേസമയത്ത് തനിക്കു കാണാൻ കഴിയാത്തതിൽ റായ് അസ്വസ്ഥനായിരുന്നു. അങ്ങനെ കാണണമെങ്കിൽ ക്യാമറാ സീറ്റിൽ നിന്നു സുബ്രതോ മിത്ര മാറിക്കൊടുത്തിട്ട് പകരം റായ് അവിടെ ഇരിക്കണം. എന്നാൽ, തന്റെ കാമുകിയെ മറ്റൊരാളെ ഏൽപിക്കാൻ സുബ്രതോ മിത്രയും തയാറല്ലായിരുന്നു. 11 വിഖ്യാത ചലച്ചിത്രങ്ങൾക്കു ശേഷം സത്യജിത് റായിയും സുബ്രതോ മിത്രയും പിരിഞ്ഞു.

‘ഐ ആം ദ് ഹിറ്റ്ലർ ഓഫ് മൈ സിനിമ’ എന്നു ജോൺ ഏബ്രഹാം പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും, അതു പറയാൻ ഏറ്റവും യോഗ്യതയുള്ള ഇന്ത്യൻ സംവിധായകൻ സത്യജിത് റായിയാണ്. ഞാൻ അദ്ദേഹത്തെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തോടൊപ്പം അടുത്തു പ്രവർത്തിച്ചവരെ കാണാനും അറിയാനും സാധിച്ചിട്ടുണ്ട്. അവർക്കെല്ലാം മാണിക് ദാ ഒരു ലോകമഹാദ്ഭുതമാണ്. റായിയോടൊപ്പം ചാരുലതയടക്കം പല പടങ്ങളിലും ഔദ്യോഗികമായും അല്ലാതെയും നിർമാതാവായി ഓടിനടന്നിട്ടുള്ള ആളാണ് വിജയ് ചാറ്റർജി. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.

എല്ലാവർക്കും വലിയ ഭയമായിരുന്നോ എന്ന് ഞാൻ ചോദിച്ചു.

ഏയ്, അങ്ങനെയല്ല - മാണിക് ദാ എന്തു പറയുന്നോ അതു ചെയ്യുക. ദാദയ്ക്ക് ഒകെ ആയാൽ ഒകെ. പിന്നെ ചോദ്യമില്ല.

നടീനടന്മാർക്കോ? എല്ലാവർക്കും.

ചാരുലതയുടെ പാട്ട് റിക്കോർഡിങ്ങിനു മാണിക് ദായോടൊപ്പം വിജയ് ചാറ്റർജിയും ബോംബെയ്ക്കു പോയിരുന്നു. പാട്ട് റിക്കോർഡ് ചെയ്തതിനു ശേഷം വേണം ഷൂട്ടിങ് തുടങ്ങാൻ. രബീന്ദ്ര സംഗീത് എന്ന പേരിൽ ബംഗാളിൽ അറിയപ്പെടുന്ന ശുദ്ധസംഗീത രീതിയിൽ ചിട്ടപ്പെടുത്തിയ ഒന്നായിരുന്നു പാട്ട്. രബീന്ദ്രസംഗീതിനു കൃത്യമായ ആലാപനരീതികളും ഭാവനിബന്ധനകളുമുണ്ട്. അതൊക്കെ തെറ്റാതെ പിന്നണിഗായകനു പറഞ്ഞുകൊടുക്കാൻ ഒരു രബീന്ദ്രസംഗീതാചാര്യനും ഉച്ചാരണം ശ്രദ്ധിക്കാൻ മറ്റൊരു പണ്ഡിതനും കൂടെയുണ്ടായിരുന്നു. മാത്രമല്ല, മുഴുവൻ വരികളും റായിയുടെ ഭാര്യ ബീജോയയുടെ ശബ്ദത്തിൽ പാടിയ കരട് ടേപ്പും റായ് കൂടെ കൊണ്ടുവന്നിട്ടുണ്ട്. ഇത്രയൊക്കെ സന്നാഹങ്ങൾ ആവശ്യമായി വന്നത്, രബീന്ദ്രസംഗീതത്തിന്റെ പരിപാവനതയും വിശുദ്ധിയും ഏതെങ്കിലും സിനിമാ പിന്നണിഗായകർ കളങ്കപ്പെടുത്തുന്നുണ്ടോ എന്നു ശ്രദ്ധിച്ച് അങ്ങു ദൂരെ കൽക്കട്ടയിൽ ഒരുപാടു രബീന്ദ്രസംഗീത ഉപാസകർ ഉറ്റുനോക്കി ഇരിക്കുന്നുണ്ടായിരുന്നു എന്നതുകൊണ്ടാണ്. റായിയും അതെക്കുറിച്ചു ബോധവാനായിരുന്നു. ബംഗാളിൽ ഇത്രയധികം ഉയർന്ന നിലവാരമുള്ള രബീന്ദ്രസംഗീത ഗായകരുണ്ടായിരിക്കെ എന്തിനാണ് ഒരു ബോംബെ സിനിമപ്പാട്ടുകാരൻ സത്യജിത് റായിയുടെ സിനിമയിൽ രബീന്ദ്രസംഗീത് പാടുന്നതെന്ന ചോദ്യം ചിലരെങ്കിലും ചോദിച്ചിട്ടുമുണ്ട്.

എന്നാൽ, ഗായകൻ സാധാരണക്കാരനായിരുന്നില്ല. അന്നു ഹിന്ദിസിനിമയിൽ ഏറ്റവുമധികം തിരക്കുള്ള, ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന, ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ ഗായകൻ കിഷോർ കുമാറിനെയാണ് റായ് ഈ പാട്ടു പാടാൻ തിരഞ്ഞെടുത്തിരുന്നത്. അതാണ് കിഷോർ കുമാറിന്റെ സൗകര്യാർഥം ബോംബെയിലെ സ്റ്റുഡിയോയിൽ റിക്കോർഡിങ് നടത്തേണ്ടിവന്നത്. കിഷോർ കുമാർ നേരിട്ടിറങ്ങി വന്ന് മാണിക് ദായെ സ്വീകരിച്ചിരുത്തി. പറഞ്ഞുകൊടുത്തതെല്ലാം ഗൗരവത്തിൽ ശ്രദ്ധിച്ചു കേട്ടു. കുറച്ചു വരികൾ മൂളിനോക്കി. ചിലതൊക്കെ പണ്ഡിതർ വിലക്കി. തിരുത്തലുകളെല്ലാം പഠിച്ച് ഗായകൻ തയാറായി മൈക്കിനടുത്തേക്കു പോയി. കിഷോർ കുമാർ പാടാൻ തുടങ്ങിയപ്പോൾ റായിയുടെ മുഖത്തെ മുറുക്കം അയഞ്ഞുവരാൻ തുടങ്ങിയെന്ന് വിജയ് ചാറ്റർജി ഓർക്കുന്നു. കിഷോർ കുമാർ രണ്ടുതവണ പാടി. രണ്ടാമത്തേത് റായിക്കു വളരെ പിടിച്ചു.

ഖൂബ് ഭാലോ കിഷോർ ബാബൂ എന്നഭിനന്ദിച്ച് ഒകെ പറഞ്ഞ് റായ് കൺസോൾ റൂമിൽ നിന്നിറങ്ങി. രബീന്ദ്രസംഗീതത്തിന്റെ സത്ത ഒട്ടും നഷ്ടപ്പെട്ടിട്ടില്ല എന്നു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടു. റായ് പോകാൻ തയാറെടുത്ത് കിഷോർ കുമാറിനെ കാത്തുനിന്നു. എന്നാൽ, കിഷോർദാ ആ പാട്ട് വീണ്ടുമൊന്നു കൂടി പാടുകയാണെന്ന് സ്റ്റുഡിയോ മാനേജർ ഓടിവന്നു പറഞ്ഞു.

അതെന്തിനാണ്, ഞാൻ ഒകെ പറഞ്ഞതല്ലേ എന്നു ചോദിച്ച് റായ് റിക്കോർഡിങ് മുറിക്കു നേരെ നടന്നു. എന്നാൽ, റിക്കോർഡിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ആ വാതിൽ തുറക്കാൻ പറ്റില്ലെന്ന് അവിടെ കത്തിനിന്ന ചുവന്ന ബൾബ് പറഞ്ഞു.

കിഷോർകുമാർ മൈക്കിനു മുന്നിൽനിന്നു പാടുന്നത് വശത്തുണ്ടായിരുന്ന ഇരട്ടച്ചില്ലിന്റെ കിളിവാതിലിലൂടെ സത്യജിത് റായിക്കു കാണാം. എന്നാൽ, ശബ്ദം പുറത്തു കേൾക്കാൻ പറ്റില്ല. പാടുന്ന കാഴ്ച മാത്രം കാണാം. ആ കാഴ്ച കണ്ടുനിന്ന മാണിക് ദായുടെ മുഖം താനൊരിക്കലും മറക്കില്ലെന്ന് വിജയ് ചാറ്റർജി പറയുന്നു.

ആറടിയിലധികം പൊക്കമുണ്ടായിരുന്ന റായിക്കു നന്നായി കുനിഞ്ഞുനിന്നാൽ മാത്രമേ കിളിവാതിലിലൂടെ നോക്കാൻ കഴിയുമായിരുന്നുള്ളൂ. എന്താണദ്ദേഹം ഇത്ര ശ്രദ്ധിച്ച് കണ്ടുനിൽക്കുന്നതെന്നത് വിജയ് ചാറ്റർജി പോയി നോക്കി. കിഷോർ കുമാർ അതേ പാട്ട് വീണ്ടും പാടുകയാണെന്നു മനസ്സിലായി. എന്നാൽ, ആദ്യം പാടിയതിൽനിന്നു ഭിന്നമായി ഇത്തവണ പാടുന്നത് രബീന്ദ്രസംഗീതത്തിന്റെ മേൽനോട്ടക്കാരുടെ ഗുരുത്വാകർഷണത്തിൽനിന്നു മോചിതനായപ്പോൾ ലഭിച്ച ഭാരമില്ലാത്ത അവസ്ഥയിൽ നിന്നാണെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വ്യക്തമായിരുന്നു. മൈക്കിനു ചുറ്റും താളത്തിൽ ചുവടുവച്ചും കൈകൾ കൊണ്ടു വായുവിൽ ചിത്രങ്ങളെഴുതിയും ആലാപനത്തിന്റെ ആനന്ദത്തിൽ അലിഞ്ഞില്ലാതായും കിഷോർകുമാർ പാടുന്ന കാഴ്ച കണ്ട് പാട്ടു തീരുന്നതുവരെ റായ് അവിടെത്തന്നെ നിന്നു. ഒരു അത്യപൂർവ സന്ദർഭത്തിന് ആദ്യമായി സാക്ഷ്യം വഹിക്കുന്ന ഒരാളുടെ മുഖത്തു കാണുന്ന അതിശയമായിരുന്നു സത്യജിത് റായിയുടെ മുഖത്ത് അപ്പോൾ താൻ കണ്ടതെന്ന് വിജയ് ചാറ്റർജി ഓർത്തു.

ബോംബെയിൽനിന്നു തിരിച്ചുവന്ന ഉടൻ തന്നെ, തനിക്ക് ആവശ്യമില്ലെന്നു പറഞ്ഞ് ഉപേക്ഷിച്ച മൂന്നാമത്തെ ടേക്ക് റായ് കേട്ടുനോക്കി. രബീന്ദ്രസംഗീതത്തിന്റെ പല പ്രധാന നിയമങ്ങളും തെറ്റിച്ചിട്ടുണ്ടെന്നു വ്യക്തമായിട്ടും പണ്ഡിതന്മാർ പുരികമുയർത്തിയിട്ടും റായ് സിനിമയിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തത് മൂന്നാമത്തേതും ആവശ്യമില്ലെന്നു പറഞ്ഞ് താൻ തന്നെ നിരസിച്ചതുമായ ഈ ടേക്കായിരുന്നു.

മാത്രമല്ല, അന്നു കിളിവാതിലിലൂടെ കണ്ട, തനിക്ക് ആവശ്യമില്ലാത്ത പാട്ടു പാടാൻ വേണ്ടി വെറുതേ സമയം കളയുന്ന പാട്ടുകാരന്റെ ശരീരഭാഷയും സത്യജിത് റായ് കൃത്യമായി ഓർത്തുവച്ചു. സിനിമയിലത് സമർഥമായി ഉപയോഗിക്കുകയും ചെയ്തു. ചാരുലതയിൽ സൗമിത്രോ ചാറ്റർജി, മാധവി മുഖർജിക്കു പാടിക്കൊടുക്കുന്ന ‘അമീ ചിന്നി ഗോ ചിന്നി തൊമാരേ’ എന്നു തുടങ്ങുന്ന പാട്ടിൽ സൗമിത്രോയുടെ ചലനങ്ങളും ഭാവങ്ങളും, സത്യജിത് റായ് കിളിവാതിലിലൂടെ കണ്ട കിഷോർ കുമാറിന്റെ ചലനങ്ങളുടെയും ഭാവങ്ങളുടെയും അനുകരണങ്ങളാണെന്ന് വിജയ് ചാറ്റർജി സാക്ഷ്യപ്പെടുത്തുന്നു.

പ്രതിഫലം വാങ്ങുന്ന വിഷയത്തിൽ കിഷോർ കുമാർ വലിയ കണിശക്കാരനായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ഒരിക്കലും സൗജന്യമായി ഒരു പാട്ടു പോലും പാടിയിട്ടില്ലാത്ത കിഷോർകുമാർ ആദ്യമായും അവസാനമായും പ്രതിഫലം വാങ്ങാതെ പാടിയ ഒരേയൊരു പാട്ട് ‘ആമീ  ചിന്നി ഗോ ചിന്നി തൊമാരേ’ ആയിരിക്കണമെന്ന് വിജയ് ചാറ്റർജി പറഞ്ഞു. പാട്ടു പുറത്തിറങ്ങിയപ്പോൾ രബീന്ദ്രസംഗീതവാദികൾ പരാതിയൊന്നും പറഞ്ഞില്ല. മാത്രമല്ല, ബംഗാളി ഭാഷയിൽ ഉണ്ടായിട്ടുള്ള ഗാനങ്ങളിൽ ഏറ്റവും മനോഹരവും പ്രശസ്തവുമായ ഒന്നായി അതിന്നും തുടരുകയും ചെയ്യുന്നു.

സർവസന്നാഹങ്ങളുമായി ബോംബെയിലേക്കു പോയ റായ് തിരിച്ചുവന്നത് നിരായുധനായിട്ടു മാത്രമല്ല, കൂടുതൽ നിർഭയനായിട്ടു കൂടിയായിരുന്നു. രബീന്ദ്രസംഗീതത്തിന്റെ ദൃഢപാരമ്പര്യ മൂല്യങ്ങളെ നോവിക്കാതെതന്നെ മെരുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസവും ആത്മവിശ്വാസവും ചാരുലതയിൽ ഉടനീളം സത്യജിത് റായ് കാണിച്ചിട്ടുണ്ടെന്ന് റായിയിൽ വിശ്വസിക്കുന്നവർ പറയുന്നു.

സിനിമ സംവിധായകന്റെ കലയാണോ എന്നു ചോദിച്ചാൽ എനിക്കതിന്റെ കൃത്യം ഉത്തരം അറിയില്ല. എന്നാൽ, സിനിമ സത്യജിത് റായിയുടെ കലയാണെന്ന് കൊച്ചുകുട്ടികൾക്കു വരെ അറിയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA