മകൾക്കായി അമ്മയെന്ന സ്വർഗം

anushka-and-sali
സാമുവലിനും സാലിക്കുമൊപ്പം അനുഷ്ക. ചിത്രം: മനോരമ
SHARE

‘എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ പത്തു മാസം വയറ്റിൽ ചുമന്നാണു പ്രസവിക്കുന്നത്. പക്ഷേ, ഞാൻ എന്റെ മോളെ പതിനൊന്നു വർഷം മനസ്സിലാണു ചുമന്നത്’- അനുഷ്കയെ ചേർത്തുപിടിച്ച് സാലി പറഞ്ഞു.

വിവാഹം കഴിഞ്ഞു 11 വർഷം പിന്നിട്ടപ്പോഴാണ് സാലിയുടെ ജീവിതത്തിലേക്ക് അനുഷ്ക കടന്നുവന്നത്. പ്രസവിക്കാൻ വിധിയില്ലെന്നറിഞ്ഞ് സങ്കടക്കൂട്ടിലേക്കു ചേക്കേറിയതാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ സ്വർണാമല വീട്ടിൽ സാലി.  

കുഞ്ഞിക്കാൽത്തളക്കിലുക്കങ്ങളും കൊഞ്ചൽമൊഴികളുമില്ലാതെ സാലിയുടെയും ഭർത്താവ് സാമുവലിന്റെയും (അനിയൻ) ജീവിതത്തിൽ വിഷാദം തളംകെട്ടിത്തുടങ്ങിയ കാലത്താണ് അകന്ന ബന്ധുവായ സ്ത്രീ അഞ്ചാമതും ഗർഭിണിയായ വിവരം അറിയുന്നത്. ദാരിദ്ര്യത്താൽ വലയുന്ന അവർക്ക് ആ കുഞ്ഞിനെ വേണ്ട. ഗർഭച്ഛിദ്രം നടത്താൻ ആരോ പറഞ്ഞുകേട്ട മരുന്നുകളൊക്കെ വാങ്ങിക്കഴിച്ചു. പക്ഷേ, ഗർഭം അലസുന്നില്ല. മരുന്നുകൾ പിന്നെയും പ്രയോഗിച്ചുകൊണ്ടിരുന്നു. അങ്ങനെ എട്ടാം മാസത്തിന്റെ തുടക്കത്തിൽ അവർ പ്രസവിച്ചു. ഒന്നരക്കിലോ പോലും തൂക്കമില്ലാത്ത ഒരു പെൺകുഞ്ഞ്. കുഞ്ഞിനെ ആശുപത്രിയിൽത്തന്നെ ഉപേക്ഷിക്കാൻ അവർ ആലോചിക്കുന്നതറിഞ്ഞ് സാലി അവരെ പോയിക്കണ്ടു. 

‘കുഞ്ഞിനെ കളയരുത്, ഞാൻ വളർത്തിക്കോളാം, ഞങ്ങളുടെ മകളായിത്തന്നെ’ - സാലി അപേക്ഷിച്ചു. പെറ്റമ്മയും കുടുംബവും അതു സമ്മതിച്ചു. രണ്ടാഴ്ച മുലയൂട്ടണമെന്ന സാലിയുടെ അഭ്യർഥനയും അവർ സ്വീകരിച്ചു.

അങ്ങനെ ജനിച്ച് പതിനേഴാം ദിവസം ആ കുഞ്ഞ് സാലിയുടെ കൈകളിലെത്തി. പക്ഷിക്കുഞ്ഞിനോളം പോന്ന അവളെ സാലി തന്റെ നെഞ്ചിന്റെ ചൂടിലേക്ക് ഏറ്റുവാങ്ങി. കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ കാണാൻ വന്ന പലരും കുറ്റപ്പെടുത്തലായി. ‘നീയിതിനെ എങ്ങനെ വളർത്തും? കൊണ്ടുപോയി തിരികെക്കൊടുക്കൂ’ എന്നു ശാസിക്കലായി. പക്ഷേ, സാലി കൂട്ടാക്കിയില്ല. ആ സമയത്ത് അടുത്ത വീടുകളിൽ പ്രസവം കഴിഞ്ഞ രണ്ടു സ്ത്രീകളുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ കുഞ്ഞിന്റെ കരച്ചിലടക്കാൻ അവർ ഊഴമിട്ടു പാലൂട്ടി. അങ്ങനെ മൂന്ന് അമ്മമാരുടെ സ്നേഹത്തിൽ അവൾ മെല്ലെ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ഒരു മാസംകൊണ്ടുതന്നെ കുഞ്ഞ് തൂക്കംവച്ചു. കാഴ്ചയിൽ ആരോഗ്യവതിയായ സുന്ദരിക്കുട്ടി.

പക്ഷേ, മൂന്നുമാസം കഴിഞ്ഞിട്ടും കുഞ്ഞ് കമിഴ്ന്നുവീഴാതെ വന്നപ്പോൾ സാലി ശ്രദ്ധിച്ചുതുടങ്ങി. ആറുമാസമെത്തിയിട്ടും കഴുത്ത് ഉറയ്ക്കുന്നില്ല. മറ്റു വളർച്ചാഘട്ടങ്ങളൊന്നും കാണിക്കുന്നില്ല. സാലി ഭർത്താവിനെ കൂട്ടി കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗത്തിലെത്തിച്ചു. ഗർഭം അലസിപ്പിക്കാൻ കുഞ്ഞിന്റെ പെറ്റമ്മ കഴിച്ച മരുന്നുകൾ അവളുടെ ശരീരം തളർത്തിക്കഴിഞ്ഞിരുന്നു. കാര്യമായ ചികിത്സകളൊന്നും ചെയ്യാനില്ല. അതോടെ, കാണുന്നവരെല്ലാം സാലിയെ കുറ്റപ്പെടുത്തലായി. കുഞ്ഞിനെ ഉപേക്ഷിച്ചുകളയാൻ ഉപദേശമായി. അവരോടെല്ലാം സാലി ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ, ‘നിങ്ങളുടെ മക്കൾക്കു വയ്യായ്ക വന്നാൽ ഉപേക്ഷിച്ചു കളയുമോ?’

പിന്നീടങ്ങോട്ട് സാലി കുഞ്ഞുമായി ആശുപത്രികൾ കയറിയിറങ്ങിത്തുടങ്ങി. ഓരോ യാത്രയിലും ബസിലും മറ്റും കാഴ്ചക്കാരുടെ കുത്തുവാക്കുകൾ സാലിയെ കീറിമുറിക്കും. കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കാതെ ആടുന്നതു കാണുമ്പോൾ സാലിക്കു കുഞ്ഞിനെ ശരിയായി എടുക്കാൻ അറിയാഞ്ഞിട്ടാണെന്നു കാഴ്ചക്കാർ വിധിയെഴുതും. മുതിർന്ന സ്ത്രീകളും മറ്റും ഉച്ചത്തിൽ ശാസിക്കും. 

ഇതു പതിവായപ്പോൾ ഇല്ലാത്ത കാശുണ്ടാക്കി യാത്രകൾ ഓട്ടോറിക്ഷയിലാക്കി. ഒടുവിൽ പ്രശസ്ത ന്യൂറോസർജനും സുവിശേഷകനുമായ തിരുവല്ല കാവുംഭാഗത്തെ ഡോ. ജോർജ് കോവൂരിന്റെ മുന്നിലെത്തി. അദ്ദേഹമാണ് അനുഷ്കയുടെ ശാരീരികാവസ്ഥയെക്കുറിച്ചും അവൾക്കു നൽകേണ്ട പരിചരണത്തെക്കുറിച്ചും കൃത്യമായ വിവരം നൽകിയത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുഞ്ഞിനെ സ്പെഷൽ സ്കൂളിലും ചേർത്തു. ഡോ. കോവൂർ അർബുദബാധിതനായി മരിക്കും വരെ അദ്ദേഹമാണ് അനുഷ്കയുടെ ചികിത്സ നടത്തിയത്.

തളരാത്ത ബുദ്ധി

ശരീരത്തിന്റെ ബലക്ഷയം അനുഷ്കയുടെ ബുദ്ധിക്കു തെല്ലും മങ്ങലേൽപിച്ചിട്ടില്ല. വാക്കുകൾ പറയാൻ കഴിയില്ലെങ്കിലും അവൾ ശബ്ദങ്ങളിലൂടെ സ്വന്തമായ ഭാഷ ഉണ്ടാക്കിയെടുത്തു. മൂന്നു വയസ്സായപ്പോൾ മുതൽ അച്ഛൻ അവളെ എടുത്ത് കസേരയിൽ ഇരുത്തിത്തുടങ്ങി. ദേഹം തളർന്ന കുഞ്ഞ് വീണുപോകാതിരിക്കാൻ അച്ഛൻ തന്നെ അവൾക്കുവേണ്ടി പ്രത്യേക ഡിസൈനിൽ കസേര പണിതു. ഡോക്ടറുടെ നിർദേശപ്രകാരം കഴുത്തിൽ കോളർ ധരിപ്പിച്ചു. അമ്മ ജോലി ചെയ്യുമ്പോൾ അടുക്കളയിൽ കൊണ്ടിരുത്തും. പാചകം ചെയ്യാനെടുക്കുന്ന പച്ചക്കറികളും മറ്റു സാധനങ്ങളുമെല്ലാം കുഞ്ഞിനെക്കാണിച്ച് ഓരോന്നിന്റെയും പേരു പറഞ്ഞുകൊടുക്കും. പലവട്ടം ഇത് ആവർത്തിച്ച ശേഷം ഒരുതവണ സാലി തെറ്റിച്ചു പറയും. അപ്പോൾ കുഞ്ഞ് തന്റേതായ ഭാഷയിൽ തിരുത്തും. അവൾ എല്ലാം മനസ്സിലാക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ സാലി അവളോടു നിരന്തരം സംസാരിക്കാൻ തുടങ്ങി.

ഏഴു വയസ്സിൽ സ്പെഷൽ സ്കൂളിൽ ചേർത്തെങ്കിലും അത് അനുഷ്കയ്ക്കു കാര്യമായി ഗുണം ചെയ്തില്ല. മൂന്നു വർഷത്തെ അവിടത്തെ പഠനം കൊണ്ട് ആകെയുണ്ടായ നേട്ടം ഫിസിയോതെറപ്പിയുടെ ചില ബാലപാഠങ്ങൾ സാലിക്കു പഠിച്ചെടുക്കാൻ കഴിഞ്ഞതാണ്. അതു നിരന്തരം ചെയ്ത് കുട്ടിയുടെ കഴുത്ത് ഒട്ടൊക്കെ നേരെ നിൽക്കുമെന്നായി. ചുരുണ്ടിരുന്ന മുഷ്ടി നിവർന്നുവന്നു. 

ആയിടയ്ക്കാണ് സമീപത്തുള്ള ഇരവിപേരൂർ ഗവ.യുപി സ്കൂളിൽ അവളെ ചേർത്താലോ എന്ന് ആലോചിച്ചത്. ഈ അവസ്ഥയിലുള്ള കുഞ്ഞിനു സ്കൂളിൽ പ്രവേശനം കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ഹെഡ്മിസ്ട്രസ് ജോളിമോൾ ജോർജിനെ കണ്ട് കാര്യം അവതരിപ്പിച്ചു. സാലി കരുതിയതിൽനിന്നു വ്യത്യസ്തമായി ആ അധ്യാപിക അനുഷ്കയെ ഇരു കയ്യുംനീട്ടി സ്വീകരിച്ചു. അങ്ങനെ പത്തു വയസ്സിൽ അവൾ ഒന്നാം ക്ലാസിലെത്തി.

അദ്ഭുതകരമായ മാറ്റമാണു പിന്നീടുണ്ടായത്. ക്ലാസ് ടീച്ചർ റോഷിന്റെയും കൂട്ടുകാരായ ജിയ, നിരഞ്ജന, സൗമ്യ തുടങ്ങിയവരുടെയും പിന്തുണ അവളെ സ്കൂളിനോട് അടുപ്പിച്ചു. രാവിലെ സ്കൂളിലെത്തിച്ചാൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം കൂട്ടുകാരായ ആറു വയസ്സുകാരാണു നോക്കുന്നത്. കൊറോണ മൂലം രണ്ടാം ക്ലാസിലെ അധ്യയനം ടിവിയിലൂടെ ആയെങ്കിലും അവൾ പഠനം മുടക്കിയില്ല. ക്ലാസ് ടീച്ചർ ദിവ്യ മിക്കവാറും വിളിച്ച് അവളുടെ പഠനപുരോഗതിയും വിശേഷങ്ങളും തിരക്കും. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ അനുഷ്ക ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. പിന്നെ അമ്മ സാലിയുടെ സഹായത്തോടെ ഗൃഹപാഠങ്ങളും ചെയ്യും. വിരലുകളിൽ നേർത്ത തുണികൊണ്ടു കെട്ടി അമ്മ പെൻസിൽ പിടിപ്പിച്ചുകൊടുത്ത് അവളെക്കൊണ്ട് എഴുതിപ്പിക്കും. അമ്മ കൈപിടിക്കാത്ത നേരങ്ങളിൽ ബുക്ക് വച്ചു കൊടുത്താൽ മെല്ലെ വരച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തവണ അവൾ മൂന്നാം ക്ലാസിലേക്കു ജയിച്ചു. അച്ഛ, അമ്മ, അമ്മച്ചി, അച്ചാച്ചൻ, താങ്ക് യു, ഹായ് തുടങ്ങിയ വാക്കുകൾ പറയാൻ പഠിച്ചുകഴിഞ്ഞു.

ധർമജന്റെ ആരാധിക

സീരിയൽ - സിനിമാ പ്രേമിയാണ് അനുഷ്ക. ടിവിയിൽ വരുന്ന സിനിമകളൊക്കെ കാണും. കോമഡി സിനിമകളാണു പ്രിയം. ധർമജൻ ബോൾഗാട്ടിയുടെയും ജഗതി ശ്രീകുമാറിന്റെയും തമാശ സീനുകളാണ് അവൾക്കേറെയിഷ്ടം. ധർമജന്റെ പേരു കേട്ടാൽ അവൾ ചിരിച്ചുമറിയും. ധർമജൻ തന്നെ കാണാൻ വരുമെന്നു പറഞ്ഞാൽ ഏറെ സന്തോഷവതിയാകും.

സംഗീതം ഒരുപാട് ഇഷ്ടമാണ് അനുഷ്കയ്ക്ക്. ടിവി ചാനലുകളിലെ സംഗീതപരിപാടികൾ കാണും. അവളുടേതായ ഭാഷയിൽ ഉറക്കെ പാടും. ടിവിയിൽ പാട്ടുവച്ച് സാലി മകൾക്കുവേണ്ടി അവളുടെ മുന്നിൽ നൃത്തം ചെയ്യും. അതു കാണുമ്പോൾ അവൾ സന്തോഷത്തോടെ തല ചലിപ്പിക്കും. കൈകൾ ഉയർത്താൻ ശ്രമിക്കും. എന്നെങ്കിലും മകൾ തനിക്കൊപ്പം നൃത്തം ചെയ്യുമെന്ന സ്വപ്നത്തിലാണ് സാലി ഇപ്പോൾ.

വൃത്തി കടുകട്ടി

വൃത്തിയുടെ കാര്യത്തിൽ അനുഷ്ക ഇത്തിരി കടുംപിടിത്തക്കാരിയാണ്. അൽപം അറിവായതോടെ പുറത്തുനിന്നു കൊണ്ടുവരുന്ന ഒന്നും കഴിക്കാതെയായി. വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തോടു മാത്രമായി ഇഷ്ടം. പുറത്തുനിന്നു വാങ്ങുന്ന പാൽ കഴിക്കാൻ മടിയായി. അതിനാൽ സാമുവൽ പണം കടംവാങ്ങി ഒരു പശുവിനെ വാങ്ങി. പശുവിനെ അച്ഛ തന്നെ കറക്കണമെന്നും അനുഷ്കയ്ക്കു നിർബന്ധമുണ്ട്. തൊഴുത്തിനോടു ചേർന്ന ജനാലയ്ക്കടുത്തു കസേരയിട്ടിരുന്ന് അനുഷ്ക അതു കണ്ട് ഉറപ്പുവരുത്തും. എന്നിട്ടേ പാൽ കുടിക്കൂ. എന്തായാലും അനുഷ്കയ്ക്കു വേണ്ടി വാങ്ങിയ പശു വരുമാനമാർഗമായതോടെ രണ്ടു പശുക്കളെക്കൂടി വാങ്ങി. ഇന്നു പാൽക്കച്ചവടമാണ് കുടുംബത്തിന്റെ മുഖ്യ വരുമാനസ്രോതസ്സ്.

മണിമലയാറിനോടു ചേർന്നുള്ള ഇവരുടെ വീട് 2019ലെ വെള്ളപ്പൊക്കത്തിൽ തകർന്നുപോയിരുന്നു. അനുഷ്കയുടെ ചികിത്സാരേഖകളടക്കം വീട്ടിലുള്ളതെല്ലാം നഷ്ടപ്പെട്ടു. അതോടെ കുട്ടിക്ക് ആകെ വിഷമമായി. അൽപം പണം കയ്യിൽ വന്നപ്പോൾ അതുകൊണ്ട് എന്തു വേണമെന്ന് സാമുവൽ മകളോടു ചോദിച്ചു. വീടായിരുന്നു മകളുടെ സ്വപ്നം. സർക്കാർ നൽകിയ സഹായത്തിനൊപ്പം, കിട്ടുന്നിടത്തു നിന്നെല്ലാം പണം കടം വാങ്ങി വീടു വച്ചു. മോഹിച്ചു കിട്ടിയ വീട് വൃത്തിയായി സൂക്ഷിക്കാൻ അമ്മയ്ക്ക് അനുഷ്ക ആവുന്ന സഹായങ്ങൾ ചെയ്യും. സാലിക്കു നിലം തുടയ്ക്കാൻ സമയം കിട്ടാത്ത ദിവസങ്ങളിൽ അവൾ തന്നെ തറയിൽ കിടത്താൻ അമ്മയോട് ആവശ്യപ്പെടും. പിന്നെ ഒരു തുണി കയ്യിൽ പിടിച്ച് തറയിൽ നിരങ്ങിക്കറങ്ങി തുടച്ചു വൃത്തിയാക്കും. മടക്കാനുള്ള തുണികൾ അവളുടെ കസേരക്കയ്യിൽ ഇട്ടുകൊടുത്താൽ തനിക്കാവുന്നതു പോലെ മടക്കിവയ്ക്കും.

പ്രകാശകിരണം

അനുഷ്കയ്ക്ക് ആ പേരു നൽകിയത് പിതൃസഹോദരപുത്രി അൻസുവാണ്. പ്രകാശകിരണം എന്നാണ് സംസ്കൃതത്തിലുള്ള ആ വാക്കിന്റെ അർഥം. ഇപ്പോൾ ഈ വീടിന്റെ പ്രകാശകിരണമാണ് അനുഷ്ക. അവളുടെ കാര്യങ്ങൾ നോക്കാൻ എല്ലാ സഹായവും നൽകുന്നത് തൊട്ടടുത്തു താമസിക്കുന്ന സാമുവലിന്റെ സഹോദരൻ തോമസും ഭാര്യ റോസമ്മയുമാണ്. വീട്ടുകാർക്കു മാത്രമല്ല, നാട്ടുകാർക്കും ഓമനയാണവൾ. വീടിനു മുന്നിലെ വഴിയിലൂടെ പോകുന്നവരെല്ലാം അനുഷ്കയെ വിളിച്ചു സംസാരിക്കാതെ പോകില്ല. വിഷുദിനത്തിൽ സമീപവാസികളെല്ലാം അനുഷ്കയുടെ വീട്ടിലെത്തും. അവൾ ഉറക്കമാണെങ്കിൽ പോലും കയ്യിൽ കൈനീട്ടം വച്ചുകൊടുക്കും. കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും അവളുണ്ടാകും മുൻപന്തിയിൽ.

അനുഷ്കയ്ക്കു പന്ത്രണ്ട് വയസ്സു കഴിഞ്ഞു. ഇന്നുവരെ പെറ്റമ്മ അവളെത്തേടി വന്നിട്ടില്ല. രേഖകളിലെല്ലാം സാമുവൽ മകളെ പിന്തുടർച്ചാവകാശിയാക്കിക്കഴിഞ്ഞു. ഇപ്പോൾ സാമുവലിന്റെയും സാലിയുടെയും ഭ്രമണപഥം അവൾക്കു ചുറ്റുമാണ്. 

അനുഷ്കയെപ്പോലൊരു കുഞ്ഞിന്റെ അമ്മയായതിൽ സാലിക്കു തെല്ലുമില്ല വിഷമം; തന്റെ കുഞ്ഞിന്റെ അവസ്ഥയോർത്തുള്ള സങ്കടം മാത്രം. അനുഷ്കയുടെ ചികിത്സ വീണ്ടും തുടങ്ങണമെന്നുണ്ട്. കടത്തിനുമേൽ കടമാകുമെന്നറിയാം. പക്ഷേ, അവളൊന്നു പിച്ചവച്ചു കാണാൻ, സാധാരണപോലെ സംസാരിക്കുന്നതു കേൾക്കാൻ, അവളുടെ പാട്ടുകൾക്ക് ഈണമുണ്ടാകാൻ സ്വപ്നം കാണുകയാണ് ഈ അമ്മ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA