ADVERTISEMENT

ഫെബ്രുവരി 28. അന്നാണ് റീനയുടെ പിറന്നാൾ. ജോലി കിട്ടിയതിൽ പിന്നെ, ആ ദിവസം റീനയ്ക്കൊരു പതിവുണ്ട്. അമ്മയ്ക്കൊരു സമ്മാനം. അധ്യാപികയായി ജോലി കിട്ടിയ നാൾ‍ മുതൽ തുടങ്ങിയ പതിവ്.

ചിലപ്പോൾ നല്ലൊരു ബാഗ്, സാരി, കണ്ണട അങ്ങനെ അമ്മ ഫിലോമിനയുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു മകൾ നൽകിയ സമ്മാനങ്ങൾ വാങ്ങാൻ 2017 വരെയും ആ അമ്മ പുഞ്ചിരിയോടെ കാത്തിരുന്നു. അമ്മ മരിച്ച ശേഷമുള്ള ആദ്യ പിറന്നാൾ ദിനത്തിൽ ആ മകൾ അമ്മയ്ക്കു നൽകിയ സമ്മാനത്തിന്റെ കഥയാണിത്. അമ്മസ്നേഹത്തിനു മുന്നിൽ, ഒരു മകൾക്കു നൽകാൻ കഴിയുന്നതിൽ ഏറ്റവും നല്ല സമ്മാനം. അതാണ് ഡൽഹി – യുപി അതിർത്തിയിലെ എസ്എൽഎഫ് വേദ്‍വിഹാറിലെ ‘ഫിലോമിനാസ് പാരഡൈസ്’.

ആ ‘പാരഡൈസിലേക്കു’ ചെന്നുകയറിയാൽ നമ്മുടെ ചുറ്റും പൂമ്പാറ്റകളെപ്പോലെ കുറച്ച് അമ്മമാർ വന്നുനിറയും. ചിരിതൂകി, തൊഴുത് സന്തോഷത്തോടെ എതിരേൽക്കും അവർ. വീട്ടുകാരണവന്മാരെപ്പോലെ ഗൗരവത്തിൽ അകത്തെ പല മുറികളിലായി കുറച്ചു വല്യച്ഛന്മാരും. 

ഇന്നലെകളിൽ അവരുടെ മുഖത്ത് ഈ ചിരിയില്ലായിരുന്നു. പലതരം സങ്കടങ്ങളിലേക്കു വീണുപോയവർ. അതിൽ ചിലരെങ്കിലും ഡൽഹിയുടെ തെരുവുകളിലായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ ഒഴിവാക്കും പോലെ, പല ദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട്, പല രാത്രികളിൽ ഡൽഹിയെന്ന മഹാനഗരത്തിലേക്കു വന്നുപെട്ടവർ. യുപിക്കാരും ബംഗാളിയും തമിഴ്നാട്ടുകാരിയുമുണ്ട്. നാടോർമയില്ലാത്തവരുണ്ട്. രണ്ടു മലയാളികളുണ്ട്. ശരിക്കും ഒരിന്ത്യ! 

reena-charles-1
റീന ചാൾ‌സ്

തിരസ്കാരങ്ങളും അവഗണനയും വിശപ്പും വേദനയുമെല്ലാം അറിഞ്ഞ് അവരെത്തിപ്പെട്ട സ്വർഗമാണ് ‘ഫിലോമിനാസ് പാരഡൈസ്’.

ആ സ്വർഗത്തിന്റെ കഥ തുടങ്ങുന്നതിനു മുൻപ് ഈ വലിയ വീട്ടിൽ താമസിച്ചിരുന്നതു റീനയും കുടുംബവുമായിരുന്നു. കൊല്ലം കല്ലട സ്വദേശി, മിലിറ്ററിയിൽ നഴ്സായ അൽഫോൻസ് ഇസദോറിന്റെയും ഡൽഹിയിൽ നഴ്സായിരുന്ന ഫിലോമിനയുടെയും മകൾ റീന ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽത്തന്നെ.

എഹ്സാസ് അഥവാ തിരിച്ചറിവ്

1994ൽ ഡൽഹിയിലെ റോസറി സ്കൂളിൽ അധ്യാപികയായി തുടങ്ങിയ റീന, സ്കൂൾ അധികൃതരുടെ പിന്തുണയോടെ 2001ൽ കുട്ടികൾക്കായി ഒരു പദ്ധതിക്കു തുടക്കമിട്ടു. അതാണ് ‘ഏക് എഹ്സാസ്’ പ്രോജക്ട്. എഹ്സാസ് എന്നാൽ തിരിച്ചറിവ്. കുട്ടികൾ കഴിയുന്നത്ര ദിവസം ഒരു രൂപയുമായി വരണം. അതു ക്ലാസ് ലീഡർ ശേഖരിക്കും. മാസാവസാനമാകുമ്പോൾ നല്ലൊരു തുകയായി മാറും. പലരുടെ കാരുണ്യക്കൈ പിടിച്ചു പഠിക്കാനെത്തുന്ന പാവപ്പെട്ട കുട്ടികൾ ആ വലിയ സ്കൂളിലുമുണ്ടായിരുന്നു. അവർക്കുള്ള ഫീസായി മാറി ഈ തുക. പല ക്ലാസുകളിലേക്കു മാറിയ റീനയുടെ പദ്ധതി, കുട്ടികൾക്കെല്ലാം ഒരു തിരിച്ചറിവായിരുന്നു.

വാടകവീട് കിട്ടുമോ?

റീനയും കുടുംബവും താമസിക്കുന്ന വീട് 5 കിടപ്പുമുറികളും 2 ഹാളുമെല്ലാമുള്ള വലിയ വീടാണ്. എന്നിട്ടും റീന ഒരു വാടകവീടു നോക്കി. നിനക്കെന്തിനാണ് ഇനിയൊരു വാടകവീട്? അടുത്ത സുഹൃത്തുക്കൾക്കു പോലും സംശയം. ആയിടയ്ക്കാണു യുഎസിൽ സ്ഥിരതാമസമാക്കിയൊരു സുഹൃത്ത് ഡൽഹിയിലെ വീടിനു പറ്റിയ വാടകക്കാരെ തേടി റീനയെ സമീപിച്ചത്. വാടക കുറച്ചേ തരൂ, ആ വീട് എനിക്കു തരാമോ എന്നായി റീന. ആരോരുമില്ലാത്തവർക്കൊരു വീട് അതായിരുന്നു റീനയുടെ സങ്കൽപം. ഡൽഹിയിലെ ഒരു ഗുരുദ്വാരയുടെ ഓരത്തു കഴിഞ്ഞ മൂന്നുപേർ അങ്ങനെ റീനയുടെ ജീവിതത്തിലേക്കു വന്നു. വാടകവീട്ടിൽ അവരെ താമസിപ്പിച്ചു, ശുശ്രൂഷിച്ചു. പേരുപോലുമില്ലാതിരുന്ന അവർ റീനയ്ക്കു പ്യാരി ആന്റിയും ബാബാജിയുമൊക്കെയായി. സ്വകാര്യമായൊരു സന്തോഷം. തെരുവിൽനിന്നുള്ള മൂന്നുപേർക്കായി വാടകവീടു തുറന്നിട്ടു കൊടുക്കുമ്പോഴും പണ്ടു കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ച എഹ്സാസ് പ്രോജക്ട് തന്നെയായിരുന്നു മനസ്സിൽ.

പ്രിൻസിപ്പൽ മാഡം

സെന്റ് സ്റ്റീഫൻസ് കോളജിലെ പഠനവും 20 വർഷത്തെ അധ്യാപന അനുഭവവും ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും റീനയെ അറിയപ്പെടുന്ന മോട്ടിവേഷനൽ ട്രെയിനറാക്കിയിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും പല സ്കൂളുകളിലും അവർ അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും മുന്നിൽ നിവർന്നുനിന്ന് ധൈര്യം പകർന്നു, മുന്നോട്ടു പോകാനുള്ള വഴിതെളിച്ചു. ആ മികവിനുള്ള അംഗീകാരം കൂടിയായാണ് 2014ൽ ഡൽഹിയിലെ പ്രശസ്തമായ പ്രസീഡിയം സ്കൂളിൽ ഹെഡ്മിസ്ട്രസും പിന്നീട് പ്രിൻസിപ്പലുമാകാൻ വിളിയെത്തിയത്. സ്കൂളിന്റെ നടത്തിപ്പ്, മോട്ടിവേഷനൽ ക്ലാസുകൾ, കൗൺസലിങ് ക്യാംപുകൾ... തിരക്കുകൾക്കിടയിൽ നേരം വൈകിയാലും തന്നെ കാത്തിരിക്കുന്ന മൂന്നു ജീവനുകളുടെ കാര്യം റീന മറന്നില്ല. ദിവസവും അവരുടെ അടുത്തേക്കു പോകും. സഹായികളെ വച്ചു ഭക്ഷണവും മറ്റു കാര്യങ്ങളും ഉറപ്പാക്കും.

എന്റെ വീട്, അവരുടെയും

അപ്പോഴേക്കു റീനയുടെ വാടകവീട്ടിലേക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. സ്കൂൾ പ്രിൻസിപ്പലായിരുന്ന കാലത്തെ സമ്പാദ്യവും കേരളത്തിലെ സ്കൂൾ പ്രോജക്ടിൽനിന്നു കിട്ടിയ വരുമാനവുമെല്ലാം നൽകിയ ആത്മവിശ്വാസത്തിൽ വായ്പയെടുത്ത് ഒരു വീടുകൂടി വാങ്ങി, ഡൽഹി മോഡൽ ടൗണിൽ. ആ വീട്ടിലേക്ക് കുടുംബവുമൊത്തു മാറിയ ശേഷം, വാടകവീട്ടിൽ താമസിച്ചിരുന്ന ‘അച്ഛനമ്മമാരെ’ തന്റെ 5 മുറി വീട്ടിലേക്കു മാറ്റിത്താമസിപ്പിച്ചു. അവർക്കു വേണ്ട സൗകര്യങ്ങളൊരുക്കി. സഹായത്തിനായി രണ്ടുമൂന്നു ജീവനക്കാരെയും വച്ചു.

പിന്നാലെയാണ് അമ്മയുടെ വേർപാട്. 2017 ജൂലൈയിൽ. സുഹൃത്തുക്കളുടെ കൂടി നിർദേശപ്രകാരം 2017ൽ ‘ഏക് എഹ്സാസ്’ ഫൗണ്ടേഷൻ ഔദ്യോഗികമായി റജിസ്റ്റർ ചെയ്യപ്പെട്ടു. 2018 ഫെബ്രുവരിയിൽ റീനയുടെ പിറന്നാൾ ദിനത്തിൽ ഫൗണ്ടേഷന്റെ ഭാഗമായി ‘ഫിലോമിനാസ് പാരഡൈസ്’ പ്രഖ്യാപിക്കപ്പെട്ടു. മീററ്റ് ബിഷപ് ഫ്രാൻസിസ് കാലിസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പലതരം മനുഷ്യർ

ഓരോരുത്തരും ഈ വീട്ടിലെത്തിയതിന് ഓരോ കഥയുണ്ട്. ചിലരെ ഗുരുദ്വാര കമ്മിറ്റികൾ കൊണ്ടുവന്നാക്കിയതാണ്. ഭക്ഷണം തേടിയും മറ്റും ഗുരുദ്വാരകളിൽ എത്തിപ്പെടുന്നവർ. അതിൽ ഒരമ്മയുണ്ടായിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന ഇരട്ടക്കുട്ടികളെയും കൊണ്ട് എങ്ങോട്ടെന്നറിയാതെ ഡൽഹിയിലെ തെരുവിൽനിന്ന ഒരമ്മ. മറ്റൊരാൾ കേരളത്തിൽനിന്നാണ്. കുടുംബത്തിനു ബാധ്യതയാണെന്നു മനസ്സിലാക്കിയ അവർ, റീനയുടെ സ്നേഹത്തെക്കുറിച്ചു കേട്ടറിഞ്ഞ് എത്തിയതാണ്. ആരുടെയോ കയ്യിൽനിന്നു നമ്പർ വാങ്ങി, ട്രെയിൻ കയറി തേടിപ്പിടിച്ചു വന്നിട്ട് വർഷം രണ്ടു കഴിയുന്നു. ഐഐടിയിൽ പഠിക്കവേ മാനസികവിഭ്രാന്തി വന്നൊരാളുടെ കഥയും തിരസ്കാരം തന്നെ. അവിവാഹിതനാണ്. സഹോദരനും കുടുംബത്തിനും ബാധ്യതയായപ്പോൾ ഉപേക്ഷിച്ചു. ഈ 58–ാം വയസ്സിലും അയാൾ പുലർച്ചെ നാലിന് എഴുന്നേൽക്കും. പുസ്തകങ്ങളിൽ എന്തൊക്കെയോ കുറിക്കും. ചോദിച്ചാൽ പരീക്ഷയ്ക്കു പഠിക്കുകയാണെന്നു പറയും. എന്നോ മരിച്ചുപോയ അമ്മയ്ക്കു കത്തെഴുതും. മറ്റാരെയും കാണിക്കാതെ ആ കത്ത് റീനയ്ക്കു കൊടുക്കും.

ജോലി ഉപേക്ഷിക്കുന്നു

ഫിലോമിനാസ് പാരഡൈസിൽ കൂടുതൽ ശ്രദ്ധിക്കാൻ 2018ൽ സ്കൂൾ പ്രിൻസിപ്പൽ പദവി രാജിവച്ചു. ഒന്നര ലക്ഷത്തോളം രൂപ ശമ്പളം കിട്ടിയിരുന്ന ജോലിയായിരുന്നു. എന്നിട്ടും വീട്ടുകാർ മുഖം കറുപ്പിച്ചില്ല. നിനക്ക് ഇഷ്ടമുള്ളതു ചെയ്തോളൂ എന്നായിരുന്നു ഭർത്താവ്, ഹിന്ദുസ്ഥാൻ ടൈംസിലെ സീനിയർ ന്യൂസ് എഡിറ്റർ ചാൾസ് ഐസക്കിന്റെ വാക്കുകൾ. അതിനിടെ, കേരളത്തിൽ വലിയൊരു സ്കൂൾ പ്രോജക്ട് റീനയെ തേടിയെത്തി. ചീഫ് എജ്യുക്കേഷൻ ഓഫിസറായി ഒരു പുതിയ ഇംഗ്ലിഷ് മീഡിയം സ്കൂളിനു തുടക്കമിടണം. പുതുതായി വാങ്ങിയ വീടിന്റെ വായ്പാ ബാധ്യത കൂടി പരിഗണിച്ച് ആ ഉദ്യമം ഏറ്റെടുത്തു. ആറേഴു മാസം കേരളത്തിൽ താമസിച്ച് സ്കൂളിന്റെ ആരംഭപ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ചു. ഇടയ്ക്കെല്ലാം ഓടിയെത്തി, തന്നെ കാത്തിരിക്കുന്ന പാരഡൈസിലേക്ക്. കേരളത്തിലൊരു സ്കൂളിന്റെ ചുമതലയേൽക്കാൻ ക്ഷണം കിട്ടിയെങ്കിലും സ്നേഹത്തോടെ നിരസിച്ച് സ്വപ്നങ്ങളിലേക്കു തിരിച്ചുനടന്നു.

കോവിഡ് പ്രതിസന്ധി

ആരുടെയും സഹായത്തിനു കാത്തുനിൽക്കാതെയാണ് റീന ഫിലോമിനാസ് പാരഡൈസ് നടത്തിത്തുടങ്ങിയത്. ഒരുഘട്ടത്തിൽ ഭർത്താവ് സഹായിച്ചു. കിട്ടുന്ന ശമ്പളത്തിൽ ഒരോഹരി റീനയ്ക്കും പാരഡൈസിനുമായി നീക്കിവച്ചു. പെൻഷൻ തുകയിൽനിന്ന് റീനയുടെ അച്ഛനും നൽകിവന്നു, സ്നേഹത്തിന്റെ ഒരു വിഹിതം. എന്നാൽ, പിന്നീട് അപ്രതീക്ഷിതമായി എത്തിയ കോവിഡ്കാലമാണ് കാര്യങ്ങൾ തകിടം മറിച്ചത്. 2020 മാർച്ചിൽ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീട്ടിൽനിന്നു ബാഗുമെടുത്ത് റീന ഫിലോമിനാസ് പാരഡൈസിലെ അന്തേവാസികൾക്കൊപ്പം പോയി താമസിച്ചു, സെപ്റ്റംബർ വരെ. സ്കൂളുകളും കോളജുകളും അടച്ചതോടെ മോട്ടിവേഷനൽ ക്ലാസുകൾ നിലച്ചു. അതായിരുന്നു പാരഡൈസിന്റെ പ്രധാന മൂലധനം. പ്രതിസന്ധികൾക്കിടെ ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നു. ഇപ്പോൾ റീനയും സഹായി നവീനുമാണു പാരഡൈസിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നത്. പഠനത്തിന്റെ ഇടവേളകളിൽ മകൻ അലനും മകൾ അങ്കിതയും സഹായിക്കാനെത്തും.

അടുത്ത ചില സുഹൃത്തുക്കൾ സഹായമറിയിക്കുമ്പോൾ റീന പറയും, അരിയോ മാവോ എണ്ണയോ പച്ചക്കറിയോ ഒക്കെ തന്നാൽ ഞാനവർക്കതു വച്ചുവിളമ്പാം; നിങ്ങളുടെ പേരിൽ. ആ വാക്കുകളെ വിശ്വസിക്കാമെന്നതു കൊണ്ട് ഈ കോവിഡ്കാലത്ത് പലരും സഹായവുമായി റീനയെ വിളിക്കുന്നു. ഡൽഹി നഗരഹൃദയത്തിൽ നിന്നുള്ള അകലമാണ് ചിലർക്കു പ്രശ്നം. അവിടേക്ക് എത്തിപ്പെടാനുള്ള പ്രയാസം. അതു കേൾക്കുമ്പോൾ ഈ അമ്മമാർക്ക് ഊഞ്ഞാലും പൂന്തോട്ടവുമെല്ലാമുള്ളൊരു വീട് ഡൽഹിക്കുള്ളിൽ എവിടെയെങ്കിലും വാങ്ങണമെന്ന സ്വപ്നത്തെക്കുറിച്ചു റീന ഓർക്കും.

സ്നേഹപൂർവം റീന

ഈ സ്വർഗവീടു മാത്രമല്ല, മോട്ടിവേഷനൽ അക്കാദമി, സംതൃപ്തി എന്ന പേരിൽ വിശപ്പുരഹിത ക്യാംപെയ്ൻ, വിദ്യ എന്നു വിളിക്കുന്ന സാക്ഷരതാ പദ്ധതി, പോശാഖ് എന്ന പേരിൽ പാവപ്പെട്ടവർക്കു വസ്ത്രങ്ങൾ എത്തിച്ചു നൽകുന്നതിനുള്ള ശ്രമം, മർഹാം എന്ന സൗജന്യ കൗൺസലിങ് തുടങ്ങി യാഥാർഥ്യത്തിലേക്കു നടന്നുതുടങ്ങിയ ഒറ്റയാൻ പോരാട്ടങ്ങൾ പലതുണ്ട് റീനയ്ക്ക്. ഏതു ബുദ്ധിമുട്ടിലും സമാശ്വാസത്തിന്റെ ഒരു വാക്കു മതി ജീവിതം തിരിച്ചുപിടിക്കാൻ എന്നതാണ് സർട്ടിഫൈഡ് കൗൺസലർ കൂടിയായ റീനയുടെ വിജയമന്ത്രം. ആ വാക്കിന്റെ ധൈര്യം ആവശ്യമുണ്ടെന്നു തോന്നിയാൽ, 9818104084 എന്ന നമ്പറിൽ വിളിക്കാം.

അമ്മ നിറയുന്ന ഇടം

ഫിലോമിനാസ് പാരഡൈസിന്റെ വാതിൽ തുറന്നു ചെന്നാൽ ആദ്യം കാണുക, ഫിലോമിനയുടെ ഓർമകളിൽ സ്ഥാപിച്ചത് എന്നോർമപ്പെടുത്തുന്ന ചിത്രമാണ്. അതിനു താഴെ അവർക്കേറ്റവും ഇഷ്ടപ്പെട്ടൊരു ബൈബിൾ വചനം കൂടി എഴുതിച്ചേർത്തിരിക്കുന്നു – ‘അവർ സമാധാനത്തിൽ സംസ്കരിക്കപ്പെട്ടു. അവരുടെ പേര് തലമുറകൾ തോറും നിലനിൽക്കും’. തൊട്ടുചാരെ ഒരു അലമാര നിറയെ അമ്മയുടെ ഓർമകളാണ്. അമ്മയുടെ നിറം മങ്ങാത്ത സാരികൾ, ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, പ്രിയപ്പെട്ട കന്യകാമറിയത്തിന്റെ രൂപം, അവരുപയോഗിച്ചിരുന്ന സോപ്പും ചീപ്പും കണ്ണാടിയും വരെ. ഈ മകൾ എത്ര വിശുദ്ധമായൊരു ഇടത്താണ് അമ്മയെ സൂക്ഷിച്ചിരിക്കുന്നതെന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ. 

അടുക്കും ചിട്ടയും വൃത്തിയുമെല്ലാം നിറയുന്ന വീടിനുള്ള കാരണം പ്രത്യേകം ചോദിക്കേണ്ടി വന്നില്ല. അക്കാര്യത്തിൽ റീന പഴയ സ്കൂൾ പ്രിൻസിപ്പലാകും. സിഖുകാരുടേതുൾപ്പെടെ ഏതു മതഗ്രന്ഥവും ഇവിടെയുണ്ട്. ആർക്കും ബോറടിക്കില്ല. ടിവിയുണ്ട്, കാരംസുണ്ട്, ചെസുണ്ട്. വായിക്കാൻ പുസ്തകങ്ങളുടെ അലമാരയുണ്ട്. എല്ലാറ്റിനും ഉപരിയായി സ്നേഹമുണ്ട്.

ചുമരിൽ, ഒരു ചാർട്ട് പേപ്പർ പതിച്ചിരിക്കുന്നു. ഇവിടെ താമസിക്കുന്ന അച്ഛനമ്മമാരുടെ പിറന്നാൾ ദിനങ്ങളാണ് അതിൽ കുറിച്ചിരിക്കുന്നത്. അവരിൽ പലരും ഇന്നോളം ഓർക്കാത്ത പിറന്നാളുകൾ. ചിലത് ആധാർ കാർഡിൽനിന്നും മറ്റും കിട്ടിയത്. ചിലർക്കു റീന ‘സമ്മാനിച്ചതാണ്’ പിറന്നാൾദിനം! വരുന്ന ജൂൺ 5ന്, ഇവിടെ ഒരമ്മ കൂടി പിറന്നാൾ ആഘോഷിക്കും. മധുരമുള്ള കേക്ക് മുറിക്കും. പാട്ടുപാടും. നല്ല ഭക്ഷണം കഴിക്കും. റീനയുടെ അമ്മ സ്വർഗത്തിലിരുന്നു സന്തോഷിക്കും, അഭിമാനിക്കും, മകളെയോർത്ത്.

English Summary: Reena Charles life with Philomina's paradise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com