ADVERTISEMENT

മൂന്നു പതിറ്റാണ്ടു മുൻപ് ശ്രീപെരുംപുത്തൂരിൽ പൊട്ടിത്തെറിച്ചൊരു മനുഷ്യ ബോംബിന്റെ പേടിപ്പിക്കുന്ന  മുഴക്കം ഇന്ത്യൻ ജനതയുടെ കാതുകളിൽ ഇപ്പോഴും ബാക്കിയുണ്ട്. കീറിയെറിഞ്ഞ കടലാസു കഷണം പോലെ, ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശരീരം ആ സ്ഫോടനത്തിൽ ഛിന്നഭിന്നമായി. പൊലീസുകാരും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ മറ്റു 14 പേർ കൂടി ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാനുള്ള ഉഗ്രപ്രഹര ശേഷി, തനു എന്ന ശ്രീലങ്കൻ യുവതി ശരീരത്തിൽ കെട്ടിയ ആ ബൽറ്റ് ബോംബിനുണ്ടായിരുന്നു.

1991 മേയ് 21: ഇന്ത്യൻ ജനതയ്ക്കു പ്രിയപ്പെട്ട പ്രധാനമന്ത്രിയെ നഷ്ടപ്പെട്ട അഭിശപ്ത ദിനം. കൊല്ലം പത്തനാപുരത്തു കുടുംബ വേരുകളുള്ള, ബെംഗളുരുവിൽ ജനിച്ചു വളർന്ന, തമിഴ്നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ പ്രതീപ് വി. ഫിലിപ്പിന് അതു പുനർജന്മത്തിന്റെ ഓർമദിനം കൂടിയാണ്. കാഞ്ചീപുരം എഎസ്പിയായിരുന്ന പ്രതീപ് ദുരന്ത നിമിഷത്തിൽ രാജീവ് ഗാന്ധിയുടെ മൂന്നടി അകലത്തിലുണ്ടായിരുന്നു. ശരീരരമാസകലം പൊള്ളലേറ്റ പ്രതീപ്  ഒരു വർഷത്തോളം നീണ്ട ചികിത്സയക്കു ശേഷമാണു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നത്.

Pratheep-Philip
ഡോ. പ്രതീപ് വി. ഫിലിപ്

ചരിത്രത്തിലെ ആ കറുത്ത ദിനത്തിന്റെ ഓർമ മനസ്സിൽ മാത്രമല്ല, തുളച്ചു കയറിയ നൂറോളം സ്റ്റീൽ ചീളുകളായി ശരീരത്തിൽ ഇപ്പോഴുമുണ്ട്. നിലവിൽ സിബിസിഐഡി ഡിജിപിയായ പ്രതീപ്, മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനുമാണ്. 3333 ആപ്ത വാക്യങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫിലിപ്പിസം എന്ന പുസ്തകം ആമസോണിന്റെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. 

വൈകിയ വിമാനം, വിധിയുടെ കൃത്യത

ചെന്നൈയിൽ കടുത്ത ചൂടുകാലം. പകലിനെ പൊള്ളിക്കുന്ന ചൂടിന്റെ വിങ്ങലും വിയർപ്പും രാത്രിയിലും തങ്ങിനിൽക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലാകട്ടെ, അതു പൊതുതിരഞ്ഞെടുപ്പിന്റെ വേനൽക്കാലം. ജനവിധിയുടെ കാറ്റ് കോൺഗ്രസിനും രാജീവിനും അനുകൂലമെന്നായിരുന്നു വിലയിരുത്തൽ. നാൽപത്തിയാറിന്റെ ചുറുചുറുക്കിൽ രാജ്യമാകെ ഓടി നടന്നു പ്രസംഗിക്കുകയാണു രാജീവ്. വിധിദിവസം വിശാഖപട്ടണത്തെ പ്രചാരണത്തിനുശേഷം വൈകിട്ട് 6 മണിയോടെ ചെന്നൈയിലെത്താനായിരുന്നു പദ്ധതി. എന്നാൽ, വിമാനത്തിനു സാങ്കേതിക തകരാർ. യാത്ര റദ്ദാക്കാമെന്നു തീരുമാനിച്ചു രാജീവ് ഗാന്ധി ഗെസ്റ്റ് ഹൗസിലേക്കു മടങ്ങുന്നതിനിടെ തകരാർ പരിഹരിച്ചുവെന്ന സന്ദേശമെത്തി. മണിക്കൂറുകൾ വൈകി രാത്രി എട്ടരയോടെ ചെന്നൈയിൽ. അവിടെനിന്നു 40 കിലോമീറ്റർ അകലെ ശ്രീപെരുംപുത്തൂരിലാണു പ്രചാരണ യോഗം നിശ്ചയിച്ചിരിക്കുന്നത്. വിധിക്കു പക്ഷേ, ചോര മണക്കുന്ന മറ്റു പദ്ധതികളുണ്ടായിരുന്നു. 

എസ്പി പറഞ്ഞു: ‘എന്തെങ്കിലും സംഭവിച്ചാൽ...’

ശ്രീപെരുംപുത്തൂർ ഉൾപ്പെടുന്ന കാഞ്ചീപുരം ജില്ലാ എഎസ്പിയാണ് അന്നു പ്രതീപ് ഫിലിപ്. പരിശീലനത്തിനുശേഷം ലഭിക്കുന്ന ആദ്യത്തെ പ്രധാന പോസ്റ്റിങ്. സംഭവത്തിനു തലേ ദിവസം കാഞ്ചീപുരം എസ്പി മുഹമ്മദ് ഇഖ്ബാൽ വിളിച്ചു. ശ്രീപെരുംപുത്തൂർ സ്കൂൾ ഗ്രൗണ്ടിലാണു യോഗം നിശ്ചയിച്ചിരുന്നത്. ഇതു പിന്നീട് സമീപത്തെ ക്ഷേത്ര മൈതാനത്തേക്കു മാറ്റി. പുതിയ വേദി വിശാലായ സ്ഥലമായതിനാൽ സുരക്ഷയൊരുക്കുക വെല്ലുവിളിയാണ്. അതിനാൽ, നേരത്തേ നിശ്ചയിച്ച വേദിയിലേക്കു തന്നെ മാറാൻ സംഘാടകരോടു പറയണമെന്നായിരുന്നു നിർദേശം. 

എന്നാൽ, പതിനായിരക്കണക്കിനാളുകൾ വരുമെന്നും അവരെ ഉൾക്കൊള്ളാൻ മറ്റു വേദികൾക്കു കഴിയില്ലെന്നും അവർ ഉറച്ച നിലപാടെടുത്തു. ഒരുഘട്ടത്തിൽ, യോഗം മാറ്റിവയ്ക്കണമെന്നാണോ താങ്കൾ പറയുന്നതെന്നു നേതാക്കൾ ക്ഷോഭിച്ചു. യോഗവേദിക്കു മുൻപിൽ ഇന്ദിരാ ഗാന്ധിയുടെ പ്രതിമയുണ്ട്. അതിൽ മാല ചാർത്തിയശേഷം യോഗ വേദിയിലെത്താനായിരുന്നു പ്ലാൻ. പൊലീസ് സ്റ്റേഷനിലെത്തി എസ്പിയെ ലൈറ്റ്നിങ് കോളിലൂടെ ബന്ധപ്പെട്ടു. സാഹചര്യങ്ങൾ വിശദീകരിച്ചപ്പോൾ എസ്പി പറഞ്ഞു: ‘ഇനിയെന്തെങ്കിലും സംഭവിച്ചാൽ അവർ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ’. സ്ഫോടനത്തിന്റെ ഇരകളിലൊരാൾ എസ്പി മുഹമ്മദ് ഇഖ്ബാലായിരുന്നു.

വേദിയെ ജനങ്ങളിൽനിന്നു വേർതിരിച്ച് മുന്നിൽ ചുരുങ്ങിയത് 50 മീറ്റർ അകലം വേണമെന്ന നിർദേശവും പൂർണമായി പാലിക്കപ്പെട്ടില്ല. വേദി കരാറെടുത്തവരുടെ കയ്യിൽ ആവശ്യത്തിനു സാമഗ്രികളില്ലാത്തതായിരുന്നു പ്രശ്നം. വേദിയിലെത്തുന്നതിനു മുൻപേ, രാജീവിനെത്തേടി മരണം പതിയിരിക്കുന്നുണ്ടായിരുന്നു.

Thanu
മനുഷ്യബോംബായി എത്തിയ തനു (ഇടത്തുനിന്നു രണ്ടാമത്) മാലയുമായി രാജീവ് ഗാന്ധിയെ കാത്തുനിൽക്കുന്നു. (ഫയൽ ചിത്രം)

പോക്കറ്റിലെ 100 രൂപ, വിരലുകൾ കാത്ത ലാത്തി

രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിലെത്തുന്ന ദിവസം കാഞ്ചീപുരത്ത് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ തിരഞ്ഞെടുപ്പു യോഗവും  നിശ്ചയിച്ചിരുന്നു. പ്രതീപിന് അവിടെയായിരുന്നു ഡ്യൂട്ടി. എന്നാൽ, അവസാന നിമിഷം യോഗം റദ്ദാക്കി. ശ്രീപെരുംപുത്തൂരിലെത്താൻ അഡീഷനൽ എസ്പി ആവശ്യപ്പെട്ടു. പതിവുപോലെ ദൈവത്തോടു പ്രാർഥിച്ച്, യൂണിഫോം പോക്കറ്റിൽ ഉച്ചയൂണു കഴിക്കാനായി 100 രൂപയും കരുതി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ദുരന്തത്തിനു സാക്ഷിയാകാൻ പുറപ്പെട്ടു. വിവിഐപി ഡ്യട്ടിയിലായതിനാൽ നേരത്തേ പഞ്ചാബിൽനിന്നു വാങ്ങിയ പ്രത്യേക ലാത്തിയാണു കയ്യിൽ കരുതിയിരുന്നത്. 

സ്ഫോടനത്തിൽ എടുത്തെറിയപ്പെട്ടപ്പോഴും വലതു കയ്യിൽ ലാത്തിയുണ്ടായിരുന്നു. ലാത്തിയിൽ മുറുകെപ്പിടിച്ചിരുന്നതിനാൽ വിരലുകൾക്കേറ്റ ആഘാതം കുറയ്ക്കാനായതായി പിന്നീട് ഡോക്ടർമാർ പറഞ്ഞു. 

ദുരന്തമെത്തും മുൻപേ...

ഉച്ചയോടെയാണു യോഗവേദിയിലെത്തിയത്. പ്രധാനമന്ത്രിക്കു സമാനമായ സുരക്ഷയാണൊരുക്കിയിരുന്നത്. ഇരുനൂറ്റിയൻപതോളം പൊലീസുകാരെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നു. വൈകിയെത്തിയ രാജേന്ദ്രൻ എന്ന എസ്ഐയെ യോഗ വേദിയിലെത്തുന്നവരെ പരിശോധിക്കാനായി ചുമതലപ്പെടുത്തി. വേദിക്കു പിന്നിൽ വിശാലമായ സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട്. അവിടെ മഹിളാ കോൺഗ്രസ് നേതാക്കളിൽ ചിലർ കൂടി നിന്നിരുന്നു. അവരെ ഒഴിപ്പിച്ചു. യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുൻപ് വേദിക്കു തൊട്ടടുത്ത് ബോംബ് സ്ക്വാഡിൽപെട്ട തനു, ശിവരശൻ, നളിനി, ഫൊട്ടോഗ്രഫർ ഹരി ബാബു എന്നിവർ നിൽക്കുന്നത് അനസൂയയെന്ന എസ്ഐ കണ്ടിരുന്നു. അവിടെ നിൽക്കാൻ പാടില്ലെന്നു പറഞ്ഞതോടെ അവർ പല ഭാഗത്തേക്കായി പിരിയുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ചിത്രങ്ങൾ കണ്ടപ്പോഴാണ് പിന്നീട് ഇവരെ തിരിച്ചറിഞ്ഞത്. 

വേദിയുടെ 100 മീറ്റർ അകലെയാണു കാർ നിർത്താൻ ഏർപ്പാട് ചെയ്തിരുന്നത്. അവിടെനിന്നു രാജീവ് ഗാന്ധി നടന്നുവരും. വേദിക്ക് 20 മീറ്റർ അകലെ കോൺഗ്രസ് പ്രവർത്തക ലത കണ്ണൻ, മകൾ കോകില വാണി എന്നിവർ കാത്തു നിന്നിരുന്നു. രാജീവിനെ മാലയണിയിക്കാനുള്ളവരുടെ പട്ടികയിൽ ഇവരുടെ പേരുമുണ്ടായിരുന്നു. കോകില വാണി രാജീവിനായി ഹിന്ദി ഗാനം പാടുമെന്നും അറിയിച്ചിരുന്നു

നിർത്തി, നിർത്തി മരണത്തിലേക്ക്

എട്ടരയോടെയാണു രാജീവ് വിശാഖപട്ടണത്തു നിന്നു ചെന്നൈയിലെത്തിയത്. വിമാനത്താവളത്തിൽ വിശദമായ വാർത്താ സമ്മേളനം. ശേഷം വാഹനവ്യൂഹം ശ്രീപെരുംപുത്തൂരിലേക്ക്. പോരൂരിലും പൂനമല്ലിയിലും ചെറിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തശേഷം 10.10നു ശ്രീപെരുംപുത്തൂരിൽ. യോഗ വേദിക്കു എതിർവശത്തെ ഇന്ദിരാ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം യോഗ വേദിയിലേക്ക്. എസ്പി മുഹമ്മദ് ഇഖ്ബാൽ തൊട്ടുപിന്നിലുണ്ടായിരുന്നു.

എസ്പിയുടെ നിർദേശപ്രകാരം ജനക്കൂട്ടത്തിനിടയിലൂടെ വേദിയിലേക്കു വഴിയൊരുക്കി പ്രതീപ് നടന്നു. തൊട്ടടുത്തു നിൽക്കുന്നത് ഇഷ്ടമാകില്ലെന്നു എസ്പിയുടെ നിർദേശമുണ്ടായിരുന്നതിനാൽ മൂന്നടി അകലമിട്ടായിരുന്നു നടത്തം. ജനക്കുട്ടത്തെ അഭിവാദ്യം ചെയ്തു രാജീവ് മുന്നിലേക്കു നടന്നു. വേദിയിൽ നേതാക്കൾ കാത്തിരിക്കുന്നു. അവിടെയെത്താൻ 20 മീറ്ററിൽ താഴെ മാത്രം ദൂരം.

കോകില വാണിയുടെ പാട്ടു കേട്ടു കുറച്ചു നേരം അവിടെ നിന്നു. അവരെ അഭിനന്ദിച്ചു. ഇതിനിടെ, പിന്നിൽനിന്നു കയ്യിൽ ചന്ദനമാലയുമായി തനു മുന്നിലേക്കെത്തി. എസ്ഐ അനസൂയ തടയാൻ ശ്രമിച്ചെങ്കിലും രാജീവ് വിലക്കി. ചന്ദനമാല അണിയിക്കുന്നതിനു മുൻപ്, കാലിൽ തൊട്ടു വണങ്ങാനെന്ന വ്യാജേന തനു കുനിഞ്ഞു. അവരെ പിടിച്ചെഴുന്നേൽപ്പിക്കാനായി രാജീവ് ഗാന്ധിയും ശരീരം ചെറുതായൊന്നു മുന്നോട്ടു വളച്ചു. അതായിരുന്നു ആ നിമിഷം. ഉഗ്ര ശബ്ദത്തോടെ രൂപപ്പെട്ട ഒരു അഗ്നിഗോളത്തിൽ എല്ലാം അവസാനിച്ചു.

Rajiv-Gandhi-2
സ്ഫോടന സ്ഥലത്ത് രാജീവ് ഗാന്ധിയുടെ മൃതശരീരം പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. മുൻ കോൺഗ്രസ് നേതാവ് ജയന്തി നടരാജൻ സമീപം. (ഫയൽ ചിത്രം)

ചോരയിൽ കുളിച്ച പ്രേത ഭൂമി

ആയിരക്കണക്കിനു പടക്കങ്ങൾ ഒരുമിച്ചു പൊട്ടുന്നതുപോലെ ഘോര ശബ്ദം കേട്ടതു ഓർമയുണ്ട്. പിന്നാലെ, എടുത്തെറി‍ഞ്ഞ കല്ലുപോലെ ദൂരേയ്ക്കു തെറിച്ചു വീണു. കണ്ണു തുറന്നപ്പോൾ, കല്ലെറിഞ്ഞ ജലത്തിലെ പ്രതിബിംബമെന്ന പോലെ അവ്യക്തമായ കാഴ്ചകൾ. കൈനിറയെ ചോര. എരിഞ്ഞ മാംസത്തിന്റെ ഗന്ധം. പൊലീസുകാർ ഉൾപ്പെടെ പലരും ഓടിപ്പോയിരുന്നു. സംഭവിക്കാനുള്ളതു നടക്കട്ടെയെന്ന വിചാരത്തോടെ അവിടെ കിടന്നു. അപ്പോഴാണ്, മലയാളി കൂടിയായ ഇൻസ്പെക്ടർ ചാക്കോ എന്നെ ശ്രദ്ധിച്ചത്.

പൊലീസുകാരിൽ ചിലർ പുകവലിക്കുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്നുച്ചയ്ക്ക് അദ്ദേഹത്തെ ചെറുതായൊന്നു ശാസിച്ചിരുന്നു. അതിന്റെ പരിചയം ചാക്കോയ്ക്കുണ്ട്. അദ്ദേഹം ഓടിയെത്തി. ഞാൻ നടന്നോളാമെന്നു പറഞ്ഞു. അതിനു പറ്റിയ അവസ്ഥയിലല്ലെന്നു പറഞ്ഞു ചാക്കോ എന്നെ വാരിയെടുത്തു നടന്നു. രാജീവ് ഗാന്ധി എന്നു ഞാൻ ചോദിച്ചു തുടങ്ങിയപ്പോഴേക്കും അദ്ദേഹം പോയി എന്നു ചാക്കോ പൂർത്തിയാക്കി. 

Rajiv-Gandhi-8

ഔദ്യോഗിക വാഹനവുമായി ഡ്രൈവർ സ്ഥലം വിട്ടിരുന്നു. അവിടെ കണ്ട മറ്റൊരു ജീപ്പിനു പിന്നിൽ എന്നെ കിടത്തി ചാക്കോ അടുത്തയാളെ രക്ഷിക്കാൻ പോയി. അജ്ഞാതനായ ഒരാൾ എനിക്കൊപ്പം കയറി. എന്റെ തലയെടുത്തു മടിയിൽവച്ചു. ദാഹം കൊണ്ടു വരണ്ട തൊണ്ടയിലേക്കു വെള്ളമുറ്റിച്ചു തന്നു. പേര് ചോദിച്ചത് ഓർമയുണ്ട്. പുരുഷോത്തമൻ എന്നയാൾ മറുപടി പറഞ്ഞു. പല അഭിമുഖങ്ങളിലും ഈ സംഭവം പറഞ്ഞെങ്കിലും അങ്ങനെയൊരാളെ പിന്നീടു കണ്ടെത്താനായില്ല. അതു ദൈവത്തിന്റെ ഇടപെടലായിരുന്നുവെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആറു മാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷമാണ് എഴുന്നേറ്റു നടക്കാവുന്ന സ്ഥിതിയിലായത്. ദുരന്തത്തിന്റെ മുദ്രകൾ നൂറിലേറെ സ്റ്റീൽ ചീളുകളായി ഇപ്പോഴും ശരീരത്തിലുണ്ട്. 

സ്ഫോടനത്തിൽ തുളച്ചുകയറിയ ആ സ്റ്റീൽ ചീളുകൾ ശരീരത്തെ കൂടുതൽ ബലപ്പെടുത്തിയെന്നു പ്രതീപ് പറയും. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷനുകളിലെല്ലാം പ്രധാന സാക്ഷികളിലൊരാളായി മൊഴി നൽകി. 

Rajiv-Gandhi-10

മൂന്നാം ജന്മം, വേറിട്ട വഴികൾ

ആദ്യമായല്ല പ്രതീപ് മരണ മുനമ്പിൽനിന്നു ജീവിതത്തിലേക്കു തിരിച്ചു നടക്കുന്നത്. ഐപിഎസ് പരിശീലന കാലത്ത് തൂത്തുക്കുടിയിലെ കോറൽ ഐലൻഡിലായിരുന്നു ആദ്യ അനുഭവം. അന്നു സഹപ്രവർത്തർക്കൊപ്പം സാഹസിക നീന്തലിനിടെ തിരയിൽപ്പെട്ടു. ഒപ്പമുള്ളവർ രക്ഷിച്ചു കരയ്ക്കെത്തിക്കുമ്പോൾ ബോധം മ‍റഞ്ഞിരുന്നു. രണ്ടാം തവണയും രക്ഷപ്പെട്ടതോടെ ജീവിതത്തിൽ വ്യത്യസ്തമായതെന്തെങ്കിലും ചെയ്യാൻ ദൈവം തന്ന അവസരമാണെന്ന തോന്നലുണ്ടായി.

ശ്രീപെരുംപുത്തൂരിലെ സ്ഫോടന സ്ഥലത്തുനിന്നു ജീപ്പിൽ ആശുപത്രിയിലേക്കു പോകുമ്പോൾ കരുതലോടെ ഒപ്പമുണ്ടായിരുന്ന ആളിൽ നിന്നു തന്നെ ഒരു ചിന്ത മനസ്സിലുദിച്ചിരുന്നു. അങ്ങനെയാണ്, 1993ൽ രാമനാഥപുരം എസ്പിയായിരിക്കെ ജനങ്ങളെയും പൊലീസിനെയും കൂടുതൽ അടുപ്പിക്കുന്നതിനായി ഫ്രണ്ട്സ് ഓഫ് പൊലീസ് പദ്ധതിക്കു തുടക്കമിട്ടത്. പൊലീസ് പരിശീലനത്തിലെ ക്രിയാത്മക ആശയത്തിനുള്ള ബ്രിട്ടീഷ് ക്യൂൻസ് പുരസ്കാരം പദ്ധതിക്കു ലഭിച്ചു. സാമൂഹിക ക്ഷേമ വകുപ്പിൽ ഐജിയായിരിക്കെ ജാതി വിവേചനത്തിനെതിരെ നടത്തിയ 10 ലക്ഷം ചായ സൽക്കാരങ്ങൾ പദ്ധതിയും ചർച്ചയായി. ഗുരുകുൽ ചീവ്നിങ് സ്കോളർഷിപ്പോടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉപരിപഠനം നടത്തി. ഇന്റീരിയർ ഡിസൈനറായ സഖിയാണു ഭാര്യ. നിമിഷ സാറ ഫിലിപ്, നിഷാല ഇസബെൽ ഫിലിപ് എന്നിവർ മക്കളാണ്. 

ബെംളുരുവിൽ വ്യവസായിയായിരുന്ന പത്തനാപുരം കൂരിയോട്ട് കെ.ജെ. ഫിലിപ്- തങ്കമ്മ ദമ്പതികളുടെ മകൻ പ്രതീപ്, കർണാടക പ്ലസ്ടു പരീക്ഷയിലെ ഒന്നാം റാങ്കുകാരനായിരുന്നു. അന്ന് അഭിനന്ദിച്ച കർണാടക ഡിജിപി ഏബ്രഹാം വർഗീസാണു സിവിൽ സർവീസെന്ന മോഹം മനസ്സിലിട്ടു തന്നത്. പഠനശേഷം എസ്ബിഐയിൽ പ്രൊബേഷനറി ഓഫിസറായി ജോലി ലഭിച്ചിട്ടും ആ മോഹം കൈവിട്ടില്ല. 1987ൽ സ്വപ്നം പൂവണിഞ്ഞു. 

ശ്രീപെരുംപുത്തൂർ വഴി പോകുമ്പോഴെല്ലാം റോഡരികിൽ പഴയ യോഗ വേദിയിലെ രാജീവ് സ്മാരകത്തിലേക്കു പ്രതീപ് നോക്കും. അദ്ദേഹത്തിന് അതൊരു ദുരന്തസ്ഥലം മാത്രമല്ല, ജീവിതത്തിലെ നിർണായ വഴിത്തിരിവു സമ്മാനിച്ച കർമ ഭൂമി കൂടിയാണ്.

Rajiv-Gandhi-5

English Summary: Pratheep Philip remembering the last moments of Rajiv Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com